‘നാഥാ, നിന്റെ പ്രവാചകർ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നപ്പോൾ തിരുനബിയെ ഇടയാളനാക്കി ഞങ്ങൾ മഴക്കു വേണ്ടി പ്രാർത്ഥിക്കാറുണ്ടായിരുന്നു. ഇന്നിതാ ഞങ്ങൾ നിന്റെ റസൂലിന്റെ പിതൃവ്യനെ ഇടനിർത്തി പ്രാർത്ഥിക്കുന്നു. അതിനാൽ ഞങ്ങൾക്ക് നീ മഴ നൽകേണമേ…’

ഖലീഫ ഉമർ(റ) അബ്ബാസ്(റ)ന്റെ വലതു കൈ വാനിലേക്കുയർത്തിപ്പിടിച്ച് പ്രാർത്ഥന നടത്തി. അനന്തരം അബ്ബാസ്(റ) ദുആക്ക് നേതൃത്വം നൽകി. ജനങ്ങൾ പിരിഞ്ഞുപോകുന്നതിന് മുമ്പ് തന്നെ ആകാശം മേഘാവൃതമാവുകയും മഴ വർഷിക്കുകയും ചെയ്തു. ഉമർ(റ)ന്റെ ഭരണകാലത്ത് ഒരിക്കൽ വരൾച്ച രൂക്ഷമായി. ക്ഷാമം കാരണം ജനങ്ങൾ പൊറുതി മുട്ടി. പക്ഷിമൃഗാദികൾ ചത്തൊടുങ്ങാനാരംഭിച്ചു. ആമു റമാദ് എന്നാണാ വർഷം അറിയപ്പെട്ടത്. ഖലീഫയുടെ നേതൃത്വത്തിൽ അന്ന് ജനം മൈതാനിയിലേക്ക് പുറപ്പെട്ടു. ‘ഇസ്തിസ്ഖാഅ്’ (മഴക്കു വേണ്ടിയുള്ള നിസ്‌കാരം) നടത്തി പ്രാർത്ഥിച്ചു.

തിരുദൂതരും പിതൃവ്യനായ അബ്ബാസും സമപ്രായക്കാരായിരുന്നു. ബാല്യം മുതൽ ഉറ്റസുഹൃത്തുക്കൾ. ചെറുപ്രായത്തിൽ ഒരിക്കൽ അബ്ബാസ് നാടുവിട്ടു പോയി. മകന്റെ തിരോധാനത്തിൽ ഖിന്നയായ മാതാവ് പ്രാർത്ഥനയും വഴിപാടുമായി കഴിഞ്ഞു. മകനെ തിരിച്ചു കിട്ടാൻ കഅ്ബയിൽ പട്ടട ചാർത്താൻ നേർന്നു. ആദ്യമായി കഅ്ബാലയത്തിൽ ‘ഖില്ല’ പുതപ്പിച്ചത് അവരാണ്. പ്രാർത്ഥനകളുടെ ഫലമെന്നോണം മകനെ തിരിച്ചുകിട്ടി.

ബാല്യത്തിലേ സമർത്ഥനും ബുദ്ധിമാനുമായിരുന്നു അബ്ബാസ്. മുതിർന്നപ്പോൾ ഖുറൈശികളിൽ ആദരണീയനായി. ബന്ധുമിത്രാദികളുടെ കഷ്ടപ്പാടിൽ വല്ലാതെ മനസ്സലിയുന്ന അദ്ദേഹം ശാരീരിമായും സാമ്പത്തികമായും അവരെ സഹായിക്കുന്നതിൽ മുൻപന്തിയിലായിരുന്നു. ദാരിദ്ര്യം ഭയക്കാത്ത ദാനശീലം അദ്ദേഹത്തെ വ്യത്യസ്തനും ജനപ്രിയനുമാക്കി. സഹോദരൻ ഹംസ(റ) ഇസ്‌ലാമിനു മുമ്പും ശേഷവും ധീരതയാൽ വിശ്രുതനായപ്പോൾ ആർദ്രതയും സഹാനുഭൂതിയുമാണ് അബ്ബാസ്(റ)നെ ശ്രദ്ധേയനാക്കിയത്. ഇസ്‌ലാമിന്റെ പ്രാരംഭഘട്ടത്തിലേ സത്യമതം ഉൾക്കൊണ്ടിരുന്നുവെങ്കിലും പരസ്യപ്പെടുത്തിയത് മക്ക വിജയ സമയത്താണ്. തിരുനബിയുടെ സേവകനായ അബൂറാഫിഅ്(റ) പറയുന്നു: ഞാൻ അബ്ബാസ്(റ)ന്റെ അടിമയായിരുന്നു. ഞങ്ങളുടെ ഭവനത്തിൽ ഇസ്‌ലാമിക സന്ദേശം നേരത്തെതന്നെ വന്നെത്തി. അബ്ബാസ്(റ)വും പത്‌നി ഉമ്മുൽ ഫള്‌ലും(റ) ഞാനും ഉടനെ ദീൻ പുൽകിയെങ്കിലും അബ്ബാസ്(റ) വിശ്വാസം രഹസ്യമാക്കിവച്ചു. അബ്ബാസിന്റെ നിലപാടിനെ കുറിച്ചു ഖുറൈശികൾക്ക് സന്ദേഹമുണ്ടായിരുന്നുവെങ്കിലും ജനോപകാരിയും സ്വാധീനമുള്ളയാളുമായ അദ്ദേഹത്തിനെതിരെ ദുർബല മുസ്‌ലിംകളോട് ചെയ്തതു പോലെ അക്രമ പ്രവർത്തനത്തിന് അവർ തുനിഞ്ഞിരുന്നില്ല.

പ്രവാചക ജീവിതത്തിന്റെ പല നിർണായക സമയത്തും അബ്ബാസ്(റ) നബിക്കൊപ്പം ഉണ്ടായി. രണ്ടാം അഖബാ ഉടമ്പടി വേള അത്തരത്തിലൊന്നാണ്. മദീനക്കാരായ എഴുപത്തഞ്ച് പേരാണ് ഹജ്ജ് വേളയിൽ മക്കയിൽ അഖബയിൽ വച്ച് തിരുനബിയോട് സന്ധി ചെയ്യുന്നത്. തിരുദൂതരെ അവർ മദീനയിലേക്ക് സ്വാഗതം ചെയ്തു. സംരക്ഷണവും സഹായവും ഉറപ്പുകൊടുത്തു. രാത്രി സമയത്ത് വളരെ രഹസ്യമായി നടന്ന ആ കരാറിന് പ്രവാചകർക്ക് സഹായിയായി കൂടെ ചെന്നത് അദ്ദേഹമാണ്. യസ്‌രിബ്കാരോട് റസൂലിന്റെ പക്ഷത്തു നിന്ന് സംസാരിച്ചതും അദ്ദേഹംതന്നെ. മദീനയുടെ കവാടങ്ങൾ മക്കയിലെ മുസ്‌ലിംകൾക്ക് തുറക്കപ്പെട്ട അഖബാ ഉടമ്പടിയിൽ അദ്ദേഹത്തിന്റെ കൂടി ഭാഗധേയത്വം ചരിത്രത്തിന്റെ നിയോഗമായി. കഅ്ബ്ബ്‌നു മാലികി(റ)ന്റെ ദൃക്‌സാക്ഷി വിവരണം: നിശ്ചിത സ്ഥലത്ത് ഞങ്ങൾ തിരുദൂതരെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. സമയമായപ്പോൾ റസൂൽ എത്തിച്ചേർന്നു. കൂടെ പിതൃവ്യൻ അബ്ബാസുമുണ്ട്. അദ്ദേഹമാണ് സംസാരമാരംഭിച്ചത്. ‘ഖസ്‌റജുകാരേ, മുഹമ്മദിനെ നിങ്ങൾക്കറിയാമല്ലോ. നബിക്ക് ധാരാളം ശത്രുക്കളുണ്ട്. അവരിൽ നിന്ന് ഞങ്ങൾ അദ്ദേഹത്തെ ഇപ്പോൾ സംരക്ഷിക്കുന്നുണ്ട്. സ്വന്തം നാട്ടിലും ജനതയിലും അഭിമാനിയാണ് അദ്ദേഹം. ഇന്ന് നബി നിങ്ങളുടെ നാട്ടിലേക്ക് പലായനം ചെയ്യണമെന്നാഗ്രഹിക്കുന്നു. നിങ്ങൾ അദ്ദേഹത്തെ സ്വീകരിക്കുകയും ശത്രുക്കളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നുവെങ്കിൽ നല്ലതുതന്നെ. എന്നാൽ ശത്രുക്കൾക്ക് വിട്ടുകൊടുക്കുകയും നിന്ദിക്കുകയും ചെയ്യുന്നുവെങ്കിൽ ഇപ്പോൾതന്നെ അദ്ദേഹത്തിന്റെ ഇഷ്ടത്തിനു വിടുന്നതായിരിക്കും നല്ലത്.’

തിരുനബി(സ്വ)യുടെ സുരക്ഷയിൽ ആശങ്കയുള്ളത് കൊണ്ട് മദീനക്കാരുടെ അയോധന ക്ഷമതയെക്കുറിച്ച് വിശദീകരിക്കാൻ അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. ഖുറൈശികൾ മദീനയിലും മുസ്‌ലിംകൾക്ക് സ്വസ്ഥത നൽകില്ലെന്നും അവരോട് പോരാട്ടം അനിവാര്യമായിവരുമെന്നും ദീർഘദർശനം ചെയ്ത അദ്ദേഹം അത്തരമൊരു സന്ദർഭം അഭിമുഖീകരിക്കാൻ മദീനക്കാർ പ്രാപ്തരാണോ എന്ന് അന്വേഷിക്കുകയായിരുന്നു. അവർ യുദ്ധ പാരമ്പര്യം വിശദീകരിക്കുകയും ഉറ്റ ബന്ധുക്കളെ പോലെ റസൂൽ(സ്വ)യെ സംരക്ഷിച്ചുകൊള്ളാമെന്ന് ഉറപ്പുനൽകുകയും ചെയ്തപ്പോഴാണ് മഹാന് സമാധാനമായത്. ‘ഞങ്ങൾ യുദ്ധജ്ഞാനികളാണ്. ഞങ്ങളുടെ വ്യായാമവും അന്നവുമെല്ലാം പോരാട്ടമത്രെ. പൂർവ പിതാക്കളിൽ നിന്ന് പൈതൃകമായി ഞങ്ങൾക്ക് ലഭിച്ചതാണീ രണോത്സുകത. ആവനാഴിയിലെ അവസാനാസ്ത്രവും ഞങ്ങൾ ശത്രുക്കൾക്കെതിരെ തൊടുത്തുവിടും. പിന്നെ വാളെടുക്കും. രണ്ടിലൊരാളുടെ പതനംവരെ പൊരുതും.’ ഖസ്‌റജ് പ്രതിനിധി അബ്ദുല്ലാഹിബ്‌നു അംറ്(റ) അബ്ബാസ്(റ)ന് ഉറപ്പുനൽകി.

അബ്ബാസ്(റ): ‘നിങ്ങൾ യോദ്ധാക്കൾതന്നെ. നിങ്ങൾ കവചം ഉപയോഗിക്കാറുണ്ടോ?’

‘തീർച്ചയായും.  ഞങ്ങൾക്ക് ശരീരം പൂർണമായി മറക്കുന്ന കവചമുണ്ട്’ -അബ്ദുല്ല(റ). അബ്ബാസ്(റ) സന്തുഷ്ടനായി. പ്രവാചകരുടെ മാത്രമല്ല, സംരക്ഷകരുടെ സുരക്ഷിതത്വം കൂടി ഉറപ്പുവരുത്താനാണ് അദ്ദേഹം എല്ലാം വിശദമായി തിരക്കിയത്.

ഹിജ്‌റ രണ്ടാം വർഷം നടന്ന ബദ്ർ യുദ്ധം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വലിയ പരീക്ഷണ ഘട്ടമായിരുന്നു. ഖുറൈശികളുടെ നിർബന്ധത്തിനു വഴങ്ങി അദ്ദേഹം അവരോടൊപ്പം ബദ്‌റിലേക്കു തിരിച്ചു. യുദ്ധത്തിന്റെ നിർണായക സന്ദർഭത്തിൽ നബി(സ്വ) സ്വഹാബത്തിനോടുണർത്തി: ‘ബനൂഹാശിമികളും അല്ലാത്തവരുമായ ചിലർ നിർബന്ധിതരായാണ് യുദ്ധത്തിൽ സംബന്ധിച്ചിട്ടുള്ളത്. നമ്മെ എതിർക്കണമെന്ന വിചാരം അവർക്കൊട്ടുമേയില്ല. അതിനാൽ അത്തരക്കാരെ നിങ്ങൾ വധിക്കരുത്. അബുൽ ബുഖ്തരിയ്യുബ്‌നു ഹിശാമിനെയും അബ്ബാസിനെയും നിങ്ങൾ ഉപദ്രവിക്കാതിരിക്കുക. അവർ നിർബന്ധിക്കപ്പെട്ടവരാകുന്നു.’

സത്യവും അസത്യവും തമ്മിലുള്ള ആദ്യ പോരാട്ടം കഴിഞ്ഞ രാത്രി. ഇസ്‌ലാം വിജയം വരിച്ച സന്തോഷത്തിൽ മുസ്‌ലിംകൾ കഴിയുകയാണ്. റമളാൻ നോമ്പ് നോറ്റായിരുന്നു പകലിലെ പോരാട്ടമെന്നതിനാൽ സ്വഹാബത്ത് മിക്കപേരും വിശ്രമത്തിലാണ്. എന്നാൽ റസൂൽ(സ്വ)യെ ഒരു ദു:ഖം അലട്ടി. ബദ്‌റിൽ തടവിലാക്കപ്പെട്ട ശത്രുക്കളിൽ അബ്ബാസുമുണ്ട്. രാത്രിയിൽ തടവുകാരുടെ ഭാഗത്ത് നിന്ന് തേങ്ങലുയർന്നപ്പോൾ അത് പിതൃവ്യന്റെ ശബ്ദമാണെന്ന് അവിടുന്ന് തിരിച്ചറിഞ്ഞു. ചങ്ങലയിൽ കഴിയുകയായിരുന്നു അദ്ദേഹം. അളവറ്റ സ്‌നേഹം തനിക്കു ചൊരിഞ്ഞുതന്ന അബ്ബാസിന്റെ ദുരവസ്ഥയോർത്തപ്പോൾ പ്രവാചകർക്കു വിഷമമായി. തിരുവദനം വാടിയതു കണ്ട് സ്വഹാബത്തിന്റെ അന്വേഷണം: എന്തു പറ്റി റസൂലേ?

‘ഞാൻ അബ്ബാസിന്റെ ഗദ്ഗദം കേൾക്കുന്നു.’

അപ്പോൾ ഒരു സ്വഹാബി ചെന്ന് അദ്ദേഹത്തിന്റെ ബന്ധനമഴിച്ചു തിരിച്ചുവന്നു. ‘ഞാൻ അദ്ദേഹത്തിന്റെ കെട്ടഴിച്ചിരിക്കുന്നു നബിയേ’ അദ്ദേഹം പറഞ്ഞു.

‘അത് മാത്രം പോരാ, എല്ലാവരുടെയും കെട്ടുകൾ അഴിച്ചേക്കുക.’ അങ്ങനെ എല്ലാവരെയും ബന്ധന മുക്തരാക്കി.

ബന്ധനസ്ഥരെ മോചന ദ്രവ്യം സ്വീകരിച്ച് പറഞ്ഞുവിടാൻ തീരുമാനിച്ച സന്ദർഭം. അബ്ബാസ് ഹാജരാക്കപ്പെട്ടപ്പോൾ നബി(സ്വ) പറഞ്ഞു: ‘അബ്ബാസ്, താങ്കൾക്കും സഹോദര പുത്രൻ ഉഖൈലിനും ഉത്ബതുബ്‌നു അംറിനും മോചനദ്രവ്യം നൽകി വിമുക്തരാവാം. താങ്കൾ ധനാഢ്യനാണല്ലോ.’

നിരുപാധികം വിട്ടയക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ഹിതം. അതിനാൽ അദ്ദേഹം പറയുകയുണ്ടായി: യാ റസൂലല്ലാഹ്, ഞാൻ മുസ്‌ലിമായിരുന്നു. എന്നാൽ ജനങ്ങളെന്നെ നിർബന്ധിച്ചിറക്കിയതാണ്.’

പക്ഷേ, അവിടുന്ന് അതംഗീകരിച്ചില്ല. ഒടുവിൽ മോചന ദ്രവ്യം നൽകി തന്നെയാണ് അദ്ദേഹം വിമുക്തനായത്.

ഹിജ്‌റ എട്ടാം വർഷം മക്കാനഗരി മുസ്‌ലിംകൾക്ക് കീഴ്‌പ്പെട്ടു. ഇസ്‌ലാമിന്റെ ത്വരിതഗതിയിലുള്ള വളർച്ചക്ക് അത് നിദാനമായി. എന്നാൽ അതംഗീകരിക്കാൻ കൂട്ടാക്കാതെ അർധ ദ്വീപിലെ ഹമാസിൻ, സഖീഫ്, നസർ, ജൂശം എന്നീ ഗോത്രക്കാർ വിശുദ്ധ മതത്തിനെതിരെ പോരിനൊരുങ്ങി. അവരെ പ്രതിരോധിക്കാൻ തിരുനബി(സ്വ)യും സ്വഹാബത്തും പുറപ്പെട്ടു. ഈ സമരം ഹുനൈൻ എന്നറിയപ്പെടുന്നു. ഹിജ്‌റ എട്ടാം വർഷമാണിതു നടന്നത്. മക്കക്കും ത്വാഇഫിനുമിടയാലാണ് ഹുനൈൻ. മുസ്‌ലിം പക്ഷത്ത് പന്തീരായിരം പേരുണ്ടായിരുന്നു. ശത്രുപക്ഷം ഇതിലും കുറവ്. എന്നിട്ടും ആദ്യഘട്ടത്തിൽ മുസ്‌ലിംകൾക്ക് പരാജയമായിരുന്നു. സൈന്യം ശിഥിലമായി. ചിലർ പിന്തിരിഞ്ഞോടി. പ്രവാചകരും ധീരരായ സ്വഹാബികളും മാത്രം ഉറച്ചുനിന്നു. വേഗത്തിൽ പോർനിരയെ  ക്രമീകരിക്കാൻ സാധിച്ചതുകൊണ്ടു മാത്രമാണ് മുസ്‌ലിംകൾക്ക് അന്തിമമായി വിജയമുണ്ടായത്. അല്ലായിരുന്നുവെങ്കിൽ മക്ക വിജയത്തോടെ നേടിയ മുൻതൂക്കം ഹുനൈനോടെ നഷ്ടപ്പെടുമായിരുന്നു. ശത്രുക്കൾക്ക് അത് കൂടുതൽ ഊർജ്ജം പകരുകയും ചെയ്‌തേനെ.

മുസ്‌ലിംകൾ ശത്രുക്കളെ പ്രതീക്ഷിച്ച് പർവത പ്രാന്തത്തിൽ നിലയുറപ്പിക്കുന്നതിനിടെ അപ്രതീക്ഷിതമായുണ്ടായ ഒളിപ്പോരാക്രമണത്തിലാണ് അണി തകർന്നത്. അനേകം പേർ അതോടെ ചിതറിയോടി. തിരുദൂതർക്ക് സംരക്ഷണ കവചമൊരുക്കി അബൂബക്കർ, ഉമർ, അലി, അബ്ബാസ്, ജഅ്ഫറുബ്‌നു ഹാരിസ്, റബീഅത്ത്, ഉസാമ(റ) പോലുള്ളവർ നിലകൊണ്ടു. ധീരയായ മഹിളാരത്‌നം ഉമ്മുസുലൈം(റ)യുടെ വീരചരിതം അടയാളപ്പെടുത്തപ്പെട്ട ചരിത്രമുഹൂർത്തവും ഇതായിരുന്നു. പൂർണഗർഭിണിയായിരുന്ന അവർ പോരാളികൾക്ക് സേവനം ചെയ്യാനായി ഹുനൈനിൽ വന്നിരുന്നു. റസൂൽ അപകടത്തിലാണെന്ന് മനസ്സിലാക്കി അവർ ഭർത്താവ് അബൂത്വൽഹ(റ)യുടെ ഒട്ടകപ്പുറത്തേറി ഊരിപ്പിടിച്ച കഠാരയുമായി പ്രവാചക സമക്ഷം കുതിച്ചെത്തി. ഗർഭസ്ഥ ശിശു ഇളകിക്കൊണ്ടിരുന്നതിനാൽ ഒരു പുതപ്പ് കൊണ്ട് നിറവയർ മുറുക്കിക്കെട്ടിയാണ് അവർ സാഹസത്തിനൊരുങ്ങിയത്. റസൂൽ(സ്വ) ബീവിയെ കണ്ട് പുഞ്ചിരിയോടെ തിരക്കി: ആരിത്, ഉമ്മുസുലൈമോ?

‘അതേ ദൂതരേ, പിന്തിരിഞ്ഞോടുന്ന നമ്മുടെ ആൾക്കാരോട് പൊരുതാനാണ് ഞാൻ വന്നത്. അവരത് അർഹിക്കുന്നുണ്ട്.’

‘നമുക്ക് അല്ലാഹുവിന്റെ തുണയുണ്ട്. അവൻ ഉത്തമനും സംരക്ഷണത്തിന് മതിയായവനുമത്രെ’- റസൂൽ(സ്വ) അവരെ അനുനയിപ്പിച്ചു പറഞ്ഞു.

തിരുനബിക്കൊപ്പം പതറാതെ നിലകൊണ്ട അബ്ബാസ്(റ)വിനോട് ഉച്ചത്തിൽ ആഹ്വാനം ചെയ്യാൻ അവിടുന്ന് നിർദേശിച്ചു. അതികായനും ശബ്ദഗാംഭീര്യമുള്ളയാളുമായ അദ്ദേഹം ഇങ്ങനെ വിളിച്ചുപറയുകയുണ്ടായി: ‘അൻസ്വാരികളേ, അഖബാ ഉടമ്പടിക്കാരേ…’

ആ ആഹ്വാനം കേട്ടതും അവർ പ്രത്യുത്തരം നൽകി: ‘ലബ്ബൈക്… ലബ്ബൈക്.’ ഉടൻ ശബ്ദം കേട്ട ഭാഗത്തേക്ക് അവർ ഓടിയെത്തി. അതോടെ യുദ്ധമുന്നണി സജ്ജമായി. തക്ബീർ ധ്വനികളോടെ ശത്രുപാളയത്തിലേക്ക് അവർ ഇരമ്പിക്കയറി. ജീവന്മരണ പോരാട്ടത്തിലൂടെ യുദ്ധാന്തരീക്ഷം അനുകൂലമാക്കാൻ ആ മുന്നേറ്റത്തിനായി. ശത്രുക്കൾ വിരണ്ടോടാനാരംഭിച്ചു. യുദ്ധം അവസാനിച്ചു. രക്ഷപ്പെട്ട ശത്രുക്കളിൽ പലരും പിന്നീട് ഇസ്‌ലാമാശ്ലേഷിക്കുകയുണ്ടായി.

ഹുനൈനിനെ ഖുർആൻ ഇങ്ങനെ പരാമർശിച്ചു: ‘ഇതിനു മുമ്പ് നിരവധി സന്ദർഭങ്ങളിൽ അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുള്ളതാകുന്നു. ഇപ്പോൾ ഹുനൈൻ നാളിലും (അവന്റെ സഹായത്തിന്റെ മഹത്ത്വം നിങ്ങൾ കണ്ടുകഴിഞ്ഞു). അന്നാളിൽ സ്വന്തം സംഖ്യാബലം നിങ്ങളെ പുളകംകൊള്ളിച്ചതായിരുന്നുവല്ലോ. പക്ഷേ, അത് നിങ്ങൾക്കൊരു ഗുണവും ചെയ്തില്ല. ഭൂമി അതിന്റെ വിസ്താരത്തോടെയിരിക്കെ തന്നെ നിങ്ങൾക്കത് കുടുസ്സായിത്തീർന്നു. നിങ്ങൾക്ക് പിന്തിരിഞ്ഞോടേണ്ടിവരികയും ചെയ്തു. പിന്നീട് അല്ലാഹു അവന്റെ ദൂതനും സത്യവിശ്വാസികൾക്കും തന്റെ സമാധാനമിറക്കുകയും നിങ്ങൾക്ക് അദൃശ്യരായ സൈന്യത്തെ ഇറക്കുകയും സത്യനിഷേധികളെ ശിക്ഷിക്കുകയും ചെയ്തു. അതുതന്നെയാകുന്നു സത്യനിഷേധികൾക്കുള്ള പ്രതിഫലം. അനന്തരം (ഇതും നിങ്ങൾ കണ്ടുകഴിഞ്ഞിരിക്കുന്നു.) ഇവ്വിധം ശിക്ഷിച്ച ശേഷം അല്ലാഹു അവനിച്ഛിക്കുന്നവർക്ക് പശ്ചാത്തപിക്കാൻ ഉതവി നൽകുകയും ചെയ്യുന്നു. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമല്ലോ (അത്തൗബ: 25-27).

റസൂലിന്റെ സമീപത്ത് വന്ന് ഒരിക്കൽ മഹാൻ ചോദിച്ചു: ‘പ്രവാചകരേ, അങ്ങയെ പ്രകീർത്തിച്ചുകൊണ്ട് ചില വരികൾ ഞാൻ ആലപിക്കട്ടെയോ?’ സസന്തോഷം അനുമതി നൽകികൊണ്ട് അവിടുന്ന് പറഞ്ഞു: ‘ആലപിക്കൂ, താങ്കളുടെ പല്ല് ഒരിക്കലും നഷ്ടപ്പെടാതിരിക്കട്ടെ.’ മുത്ത് നബിയെ വർണിച്ച് അദ്ദേഹം പല കവിതകൾ ആലപിച്ചു. അതെല്ലാം അവിടുന്ന് ശ്രദ്ധാപൂർവം കേട്ടിരുന്നു (ത്വബ്‌റാനി).

ഹിജ്‌റ 32 റജബ് 14-ന് വെള്ളിയാഴ്ച മദീനയിൽ വച്ച് അബ്ബാസ്(റ) വഫാത്തായി. മൂന്നാം ഖലീഫ ഉസ്മാൻ(റ)ന്റെ നേതൃത്വത്തിൽ ജന്നത്തുൽ ബഖീഇൽ മറവ് ചെയ്തു.

(നുജൂമു ഹൗലർറസൂൽ(സ്വ- 251-255).

You May Also Like

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

ആഇശ(റ) : നിരുപമ പാണ്ഡിത്യം

വനിതകളുടെ ഇസ്‌ലാമിലെ ഇടത്തെക്കുറിച്ചും വിദ്യാഭ്യാസത്തിനുള്ള അവകാശത്തെക്കുറിച്ചും വാദപ്രതിവാദങ്ങളുയരുമ്പോള്‍ ഉമ്മുല്‍ മുഅ്മിനീന്‍ ബീവി ആഇശ(റ)യുടെ ജീവിതവും വിജ്ഞാനവും…

ഖുര്ആന്‍: അവതരണം, ക്രോഡീകരണം

ഒന്നാം ആകാശത്തിലേക്ക് വിശുദ്ധ ഖുര്‍ആന്‍ ഒറ്റത്തവണയായി അവതരിപ്പിക്കപ്പെട്ടു. പിന്നീട് അല്ലാഹു അവയെ ഭാഗങ്ങളാക്കി ക്രമേണ നബി(സ്വ)ക്ക്…