Fathwa- Ablution

ഇരുമ്പ് കൊണ്ട് നിര്‍മിച്ച ഖുഫ്ഫയുടെ മേല്‍ഭാഗം തടവി വുളൂഅ് ചെയ്താല്‍ സ്വീകരിക്കപ്പെടുമോ?

നിബന്ധനകള്‍ പാലിച്ചുകൊണ്ട് നിര്‍മിച്ച ഖുഫ്ഫയാണെങ്കില്‍ അതിന്‍റെ നിര്‍മാണം ഇരുമ്പ് കൊണ്ടാണ് നടന്നതെങ്കിലും സ്വീകാര്യതക്ക് തടസ്സമാവുകയില്ല. അങ്ങനെയാണ് ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ നിന്നും മനസ്സിലാകുന്നത് (ഉംദതുല്‍ മുഫ്തി വല്‍ മുസ്തഫ്തി: 1/27).

ഖുഫ്ഫയുടെ നിബന്ധനകള്‍ ഇമാം നവവി(റ) വിവരിക്കുന്നത് കാണുക: 1. കാലില്‍ ഖുഫ്ഫ ധരിക്കേണ്ടത് പൂര്‍ണമായ ശുദ്ധിയോടുകൂടിയാവണം. അതായത്, ചെറിയ അശുദ്ധിക്കാരനാണെങ്കില്‍ വുളൂഅ് ചെയ്യുകയും വലിയ അശുദ്ധിക്കാരനാണെങ്കില്‍ കുളിക്കുകയും വേണമെന്നര്‍ത്ഥം. 2. യാത്രയില്‍ ധരിച്ച് നടക്കാന്‍ സാധിക്കുന്ന രൂപത്തിലുള്ള ഖുഫ്ഫയായിരിക്കണം. 3. വെള്ളത്തെ തടയാത്ത നൂല്‍ ഉപയോഗിച്ച് നെയ്തുണ്ടാക്കിയ ഷോക്സ് പോലുള്ളവ മതിയാവില്ല. ഇതെല്ലാം ഖുഫ്ഫയില്‍ പാലിക്കേണ്ട ഇമാം നവവി(റ) എണ്ണിപ്പറഞ്ഞ നിബന്ധനകളാണ്.

 

വസ്വാസ് ഉപേക്ഷിക്കണോ?

വുളൂഅ് ചെയ്യുമ്പോള്‍ ആവര്‍ത്തിച്ച് ബിസ്മി ചൊല്ലുന്ന ഒരാളോട്, നിങ്ങള്‍ ഈ വസ്വാസ് ഒഴിവാക്കണമെന്ന് ഉപദേശിച്ചു. എന്നാല്‍, നീ ഇല്‍മ് പഠിച്ചതിനു ശേഷം മറ്റുള്ളവരെ പഠിപ്പിക്കുക എന്നായിരുന്നു അയാളുടെ മറുപടി! ഈ വിഷയത്തില്‍ ഉസ്താദ് എന്ത് പറയുന്നു?

ഉപേക്ഷിക്കല്‍ അനിവാര്യമായ കാര്യമാണ് വസ്വാസ്. ഏതൊരാളോടും നന്മ ഉപദേശിക്കലും പുണ്യകരം തന്നെ. പക്ഷേ ഏറ്റവും നല്ല രീതിയിലായിരിക്കണം ഉപദേശം. അല്ലാത്തപക്ഷം വിപരീത ഫലമായിരിക്കും അനുഭവപ്പെടുക. നിങ്ങള്‍ പറഞ്ഞ സംഭവത്തില്‍ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനം വസ്വാസാകാന്‍ സാധ്യതയുണ്ട്. അദ്ദേഹം മൂന്ന് തവണ ബിസ്മി ചൊല്ലുക എന്ന സുന്നത്ത് എടുത്തതാകാനും സാധ്യതയുണ്ട്. വുളൂഇന്‍റെ അവയവങ്ങള്‍ തേച്ച് കഴുകലും ബിസ്മിയും മറ്റു ദിക്റുകളുമെല്ലാം മൂന്ന് തവണയാക്കലും സുന്നത്താണ് (തുഹ്ഫ: 1/297).

 

സംസം കൊണ്ടു വൃത്തിയാക്കാമോ?

സംസം വെള്ളം ഉപയോഗിച്ച് ശുദ്ധീകരണം(ത്വഹാറത്) അനുവദനീയമാണോ?

സംസം വെള്ളം കൊണ്ട് കുളിക്കുന്നതിനോ വുളൂഅ് ചെയ്യുന്നതിനോ കുഴപ്പമില്ല. അങ്ങനെ ചെയ്യുന്നത് കൊണ്ട് കറാഹത്തും വരുന്നില്ല. അതേസമയം ശരീരഭാഗങ്ങളില്‍ നജസുണ്ടെങ്കില്‍ അത് നീക്കം ചെയ്യുന്ന രൂപത്തില്‍ സംസം വെള്ളം ഉപയോഗിക്കാതിരിക്കലാണ് അഭികാമ്യം (തുഹ്ഫതുല്‍ മുഹ്താജ്: 1/84).

 

മുസ്തഅ്മലായ വെള്ളം

വുളൂഅ് ചെയ്യുമ്പോള്‍ ഫര്‍ളിന്‍റെ മേല്‍ ചുരുക്കാന്‍ ഉദ്ദേശിച്ച ഒരാള്‍ (നിര്‍ബന്ധമായ ഭാഗങ്ങള്‍ ഒരു തവണ മാത്രം കഴുകല്‍) മുഖം കഴുകിയ ശേഷം കൈ കഴുകാന്‍ വെള്ളമെടുത്തപ്പോള്‍ അതിലേക്ക് മുഖത്തുനിന്നും വെള്ളം ഇറ്റിവീണാല്‍ കൈ കഴുകാനെടുത്ത വെള്ളം മുസ്തഅ്മല്‍(ഫര്‍ളില്‍ ഉപയോഗിക്കപ്പെട്ട വെള്ളം) ആകുമോ? മുസ്തഅ്മലാകുമെങ്കില്‍ അതിന് വിട്ടുവീഴ്ചയുണ്ടോ?

നിര്‍ബന്ധമായ ശുദ്ധീകരണത്തില്‍(ഫര്‍ള്) ഉപയോഗിക്കപ്പെട്ടത് എന്നാണ് മുസ്തഅ്മലായ വെള്ളം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇവിടെ ഉന്നയിക്കപ്പെട്ട ചോദ്യത്തില്‍ കൈ കഴുകാന്‍ എടുത്ത വെള്ളം മുസ്തഅ്മല്‍ അല്ല. പ്രസ്തുത വെള്ളം മുസ്തഅ്മലായ ഏതാനും തുള്ളികള്‍ ഇറ്റിവീണ വെള്ളം മാത്രമാണ്.

വെള്ളത്തെ മധ്യനിലവാരത്തില്‍ പകര്‍ച്ചയാക്കുന്ന ഒരു വസ്തുവാണ് ആ ഇറ്റിവീണ തുള്ളിയെന്ന് സങ്കല്‍പ്പിച്ചാല്‍, ആ വെള്ളം ധാരാളം പകര്‍ച്ചയാകും എന്ന രൂപത്തിലാണെങ്കില്‍ അതുപയോഗിച്ച് ശുദ്ധീകരണം നടത്തിയാല്‍ സ്വഹീഹാവുകയില്ല. അതേസമയം കൈ കഴുകാന്‍ വേണ്ടി എടുത്ത വെള്ളത്തില്‍ ഒരു തുള്ളി ഉറ്റിവീഴുമ്പോള്‍ മേല്‍പറഞ്ഞതു പ്രകാരം സങ്കല്‍പ്പിച്ചാല്‍ തന്നെയും വെള്ളം പകര്‍ച്ചയാകുന്നതിന് സാധ്യതയില്ലാത്തത് കാരണം ചോദ്യത്തില്‍ ഉന്നയിക്കപ്പെട്ട കൈയ്യിലുള്ള വെള്ളം മുസ്തഅ്മലാവുകയില്ല (തുഹ്ഫതുല്‍ മുഹ്താജ് മഅശ്ശര്‍വാനി: 1/76, 77).

 

അശുദ്ധിക്കാരന് ഖുര്‍ആന്‍ തൊടല്‍     

നിത്യഅശുദ്ധിക്കാരന് മുസ്വ്ഹഫ് തൊടലും ത്വവാഫും സുജൂദും അനുവദനീയമാണോ? 

മറ്റൊരു സംശയം കൂടി: വശങ്ങളില്‍ പരിഭാഷയോ തഫ്സീറോ ഉള്ള ഖുര്‍ആന്‍ അശുദ്ധിക്കാരന് തൊടല്‍ അനുവദനീയമാണോ?

പാര്‍ശ്വ ഭാഗങ്ങളില്‍ പരിഭാഷയോ തഫ്സീറോ ഉണ്ടായാലും അതിന് ഖുര്‍ആന്‍ എന്ന് തന്നെയാണ് വിശേഷിപ്പിക്കുക. പാര്‍ശ്വ ഭാഗങ്ങളില്‍ തഫ്സീറും ശറഹും എഴുതിയ ഖുര്‍ആന്‍ നമ്മുടെ നാടുകളില്‍ മുന്‍കാലം മുതലേ ഉള്ളതാണ്. വശങ്ങളില്‍ എത്രതന്നെ തഫ്സീര്‍ എഴുതിയാലും അതിന് ഖുര്‍ആന്‍ എന്നുതന്നെയാണ് പറയുക. അതിനാല്‍ അത് തൊടല്‍ അശുദ്ധിക്കാരന് നിഷിദ്ധമാണ് (ഹാശിയതു ശര്‍വാനി: 1/161).

 

വേര്‍പിരിഞ്ഞ അവയവം തൊട്ടാല്‍

ശരീരത്തില്‍ നിന്ന് വേര്‍പിരിഞ്ഞ അവയവം തൊട്ടാല്‍ വുളൂഅ് മുറിയുമോ?

അന്യ സ്ത്രീ-പുരുഷന്മാര്‍ തൊലിതമ്മില്‍ ചേര്‍ന്നാല്‍ വുളൂഅ് മുറിയുന്നതാണ്. എന്നാല്‍ മയ്യിത്തിനെ സ്പര്‍ശിച്ചാല്‍ മയ്യിത്തിന്‍റെ വുളൂഅ് മുറിയുകയില്ല.

ആരുടെ അവയവമാണെന്നോ ഏത് അവയവമാണെന്നോ ചോദ്യത്തില്‍ വ്യക്തമല്ല. അതിനാല്‍ ഇവിടെ അല്‍പം വിശദീകരണം ആവശ്യമാണ്. വേര്‍പ്പെട്ട അവയവം സ്ത്രീയുടേയോ പുരുഷന്‍റേയോ ലിംഗ(ദകര്‍, ഫര്‍ജ്)മാണെങ്കില്‍, പുരുഷ ലിംഗം, സ്ത്രീ ലിംഗം എന്ന് വിശേഷിപ്പിക്കപ്പെടുന്ന രൂപത്തിലാണ് അതുള്ളതെങ്കില്‍ തൊട്ടാല്‍ വുളൂഅ് മുറിയും. അന്യസ്ത്രീയുടെയോ പുരുഷന്‍റെയോ വേര്‍പ്പെട്ട ശരീരഭാഗം തൊട്ടാല്‍ വുളൂഅ് മുറിയണമെങ്കില്‍ പ്രസ്തുത അവയവം ശരീരത്തിന്‍റെ പകുതിയേക്കാള്‍ കൂടുതല്‍ ഉണ്ടായിരിക്കണം (തുഹ്ഫതുല്‍ മുഹ്താജ്: 1/150,153).

 

നോമ്പും മിസ്വാക്കും

ഉറക്കം പോലുള്ള കാരണങ്ങളാല്‍ വായ പകര്‍ച്ചയായാല്‍ നോമ്പുകാരന്‍ ഉച്ചയ്ക്ക് ശേഷം മിസ്വാക്ക് ചെയ്യുന്നതിന്‍റെ വിധിയെന്താണ്?

ഉറക്കം പോലുള്ള കാരണത്താല്‍ വായ പകര്‍ച്ചയായാലും നോമ്പുകാരന് ളുഹ്റിന്‍റെ സമയത്തിന് ശേഷം മിസ്വാക്ക് ചെയ്യല്‍ കറാഹത്താണെന്നാണ് മദ്ഹബിലെ പ്രബലമായ അഭിപ്രായം.

നോമ്പുകാരന്‍റെ വായ പകര്‍ച്ചയായ അവസ്ഥയില്‍ നിലനിര്‍ത്തുക എന്നത് ദീനില്‍ തേടപ്പെട്ട കാര്യമാണ്. അപ്രകാരം തന്നെ വായ പകര്‍ച്ചയായാല്‍ മിസ്വാക്ക് ചെയ്യലും സുന്നത്താണ്. ഇവിടെ രണ്ടും എതിരായ അവസ്ഥയാണുള്ളത്. അതിനാല്‍ ഈ സന്ദര്‍ഭത്തില്‍ മിസ്വാക്ക് ചെയ്യാതെ വായയുടെ പകര്‍ച്ച നിലനിര്‍ത്തുകയാണു വേണ്ടത്. ഇക്കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ വ്യത്യസ്ത വീക്ഷണങ്ങളുണ്ടെങ്കിലും പ്രബലമായ അഭിപ്രായം ഇതാണ് (തുഹ്ഫതുല്‍ മുഹ്താജ്: 1/227). നോമ്പുകാരന്‍റെ വായയുടെ പകര്‍ച്ച അല്ലാഹുവിന്‍റെയടുക്കല്‍ കസ്തൂരിയേക്കാള്‍ പരിമളമുള്ളതാണ് എന്ന് ഹദീസില്‍ വന്നിട്ടുണ്ട്.

 

ഭാര്യയെ തൊടലും വുളൂഉം

നബി(സ്വ) നിസ്കാരത്തിനിടെ ആഇശ(റ)യുടെ കാല്‍ സ്പര്‍ശിച്ചുവെന്ന ഹദീസ് തെളിവാക്കി ഭാര്യയെ തൊട്ടാല്‍ വുളൂഅ് മുറിയുകയില്ലെന്ന് ചിലര്‍ വാദിക്കുന്നു. ഇതിന്‍റെ വസ്തുത എന്താണ്? വിശദീകരിച്ചാലും.

പ്രസ്തുത ഹദീസ് തെളിവാക്കി ഭാര്യയെ സ്പര്‍ശിച്ചാല്‍ വുളൂഅ് മുറിയുകയില്ലെന്ന് പറയാന്‍ പറ്റില്ല. കാരണം ഈ സംഭവത്തിന് വ്യത്യസ്ത സാധ്യതകളുണ്ട്. സാധാരണയില്‍ ഉറങ്ങുന്ന അവസരത്തില്‍ വിശേഷിച്ചും സ്ത്രീകള്‍ ശരീരത്തില്‍ വസ്ത്രം ധരിച്ചുകൊണ്ട് ഉറങ്ങലാണ് രീതി. അതിനാല്‍ നബി(സ്വ) സ്പര്‍ശിച്ചത് ആഇശ ബീവി(റ)യുടെ വസ്ത്രത്തിനു മീതെയാവാനും സാധ്യതയുണ്ട്. വ്യത്യസ്ത സാധ്യതകളുള്ള വിഷയത്തിന്‍റെ ഒരു ഭാഗം മാത്രമെടുത്ത് തെളിവാക്കുന്നത് ശരിയല്ലല്ലോ. വ്യത്യസ്ത സാധ്യതകള്‍ ഇല്ലാത്ത കാര്യങ്ങളാണ് തെളിവായി ഉദ്ധരിക്കേണ്ടത് (അത്തംഹീദു ലിമാ ഫില്‍ മുവത്വ മിനല്‍ മആനി വല്‍ അസാതീദ്: 21/171).

 

ശാഫിഈ മദ്ഹബില്‍ ഭാര്യയെ തൊട്ടാല്‍ വുളൂഅ് മുറിയുമെന്നും ഹനഫീ മദ്ഹബില്‍ വുളൂഅ് മുറിയില്ല എന്നുമാണല്ലോ നിയമം. ഇത് രണ്ടും എങ്ങനെയാണ് ശരിയാവുക. ഈ പറഞ്ഞതിന്‍റെ താല്‍പര്യമെന്താണ്?

ഖുര്‍ആനിന്‍റെയും ഹദീസിന്‍റെയും വെളിച്ചത്തില്‍ വിഷയങ്ങള്‍ കണ്ടെത്താന്‍ കഴിവുള്ള മുജ്തഹിദുകളുടെ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണിത്. മാത്രമല്ല കര്‍മശാസ്ത്രത്തിലെ(ഫിഖ്ഹ്) ശാഖാപരമായ വിധികളിലെ വിശാലതയെയാണിത് അറിയിക്കുന്നത്. ഖുര്‍ആനും ഹദീസും അടിസ്ഥാനമാക്കി ഗവേഷണത്തിലൂടെ വിഷയങ്ങള്‍ കണ്ടെത്താന്‍ കഴിവുള്ള പണ്ഡിതന്മാര്‍ക്കിടയിലുള്ള കര്‍മശാസ്ത്രത്തിലെ ശാഖാപരമായ വ്യത്യസ്ത അഭിപ്രായങ്ങള്‍ ദീനില്‍ വിലക്കപ്പെട്ടതോ വിരോധിക്കപ്പെട്ടതോ അല്ല. കല്‍പ്പിക്കപ്പെട്ട കാര്യമാണത്. പണ്ഡിതന്മാരുടെ ഇത്തരം വീക്ഷണ വ്യത്യാസങ്ങള്‍ ഉമ്മത്തിന് അനുഗ്രഹവുമാണ്. എല്ലാ ജനതയെയും അവരുടെ ഇമാമിലേക്ക് ചേര്‍ത്താണ് വിളിക്കുക എന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ഓരോ മദ്ഹബുകാരനെയും അവന്‍റെ മദ്ഹബനുസരിച്ചാണ് ചോദ്യം ചെയ്യുക. ഉദാഹരണമായി ശാഫിഈ മദ്ഹബുകാരനെ അതനുസരിച്ചാണ് ചോദ്യം ചെയ്യലിന് വിധേയനാക്കുക.

കര്‍മശാസ്ത്ര വിഷയങ്ങളില്‍ പണ്ഡിതന്മാരില്‍ നിന്നും ശാഖാപരമായ വ്യത്യസ്ത വീക്ഷണങ്ങളുണ്ടായാല്‍ ആക്ഷേപിക്കേണ്ടതില്ലെന്ന് പ്രവാചകര്‍(സ്വ)യുടെ ചില ഹദീസുകളില്‍ കാണാം. അതായത് തെറ്റുകള്‍ സംഭവിക്കുമ്പോള്‍ അതിനെ തിരുത്തേണ്ട നബി(സ്വ) മൗനം പാലിച്ചെങ്കില്‍ രണ്ടു വീക്ഷണങ്ങളും ശരിയാണെന്ന് മനസ്സിലാക്കുകയാണ് വേണ്ടത്.

ഉദാഹരണമായി അഹ്സാബ് യുദ്ധം കഴിഞ്ഞ് മടങ്ങുന്ന വേളയില്‍ സ്വഹാബത്തിനോട് നബി(സ്വ) പറഞ്ഞു: ‘നിങ്ങള്‍ ബനൂഖുറൈളയിലെത്തിയിട്ടല്ലാതെ അസ്വര്‍ നിസ്കരിക്കരുത്.’ ഈ പ്രവാചക നിര്‍ദേശത്തിന്‍റെ വിവക്ഷ, സമയം കഴിഞ്ഞാലും ബനൂഖുറൈളയിലെത്തിയിട്ടേ നിസ്കാരം പാടുള്ളൂ എന്ന് ചില സ്വഹാബിമാര്‍ മനസ്സിലാക്കി. എന്നാല്‍ മറ്റു ചില സ്വഹാബിമാര്‍ അനാവശ്യ പ്രവര്‍ത്തനങ്ങളിലൊന്നും ഏര്‍പ്പെടാതെ പെട്ടെന്ന് പോകേണ്ടതാണ് എന്നും മനസ്സിലാക്കി. ഒന്നാമത്തെ വിഭാഗം അസ്വര്‍ നിസ്കാര സമയം കഴിഞ്ഞതിന് ശേഷം, അഥവാ ബനൂഖുറൈളയില്‍ എത്തിയതിന് ശേഷമാണ് നിസ്കരിച്ചത്. രണ്ടാമത്തെ വിഭാഗത്തില്‍ പെട്ടവര്‍ ബനൂഖുറൈളയിലേക്ക് പോകുന്ന വഴിമധ്യേ നിസ്കരിച്ചു. ഇതെല്ലാം അറിഞ്ഞ നബി(സ്വ) രണ്ടു വിഭാഗത്തെയും എതിര്‍ക്കുകയോ ആക്ഷേപിക്കുകയോ ചെയ്തില്ല. പകരം മൗനം പാലിച്ചുകൊണ്ട് ഇരുവിഭാഗത്തെയും ശരിവെക്കുകയായിരുന്നു. പ്രസ്തുത ഹദീസ് വിശദീകരിച്ചു കൊണ്ട് ഇമാം നവവി(റ) പറഞ്ഞു: ആരെയും ആക്ഷേപിക്കാത്തതിനു കാരണം ഇരുവിഭാഗങ്ങളും മുജ്തഹിദുകളായിരുന്നു എന്നതാണ് (ശറഹു മുസ്ലിം: 12/98).

ഇവിടെ ഉന്നയിച്ചിട്ടുള്ള ചോദ്യത്തില്‍ പരാമര്‍ശിക്കപ്പെട്ട വ്യത്യസ്ത വീക്ഷണങ്ങളും മുജ്തഹിദുകള്‍ തമ്മിലുള്ളതാണ്. അതിനാല്‍ ഭാര്യയെ സ്പര്‍ശിച്ചാല്‍ വുളൂഅ് മുറിയുമെന്ന് പറയുന്ന ശാഫിഈ മദ്ഹബിനെയും മുറിയില്ലെന്ന് പറയുന്ന ഹനഫീ മദ്ഹബിനെയും ആക്ഷേപിക്കേണ്ടതില്ല. രണ്ടില്‍ ഏതഭിപ്രായവും സ്വീകരിക്കാവുന്നതാണ്.

മൊഴിമാറ്റം: ഇഖ്ബാല്‍ സഖാഫി മുണ്ടക്കുളം, യൂനുസ് സഖാഫി

You May Also Like
Al Fathawa

അല്‍ഫതാവാ-4 : അസ്വറിന്‍റെ സമയത്ത് ആര്‍ത്തവം നിന്നാല്‍ ളുഹ്ര്‍ നിര്‍ബന്ധമോ?

അസ്വറിന്‍റെ സമയം പ്രവേശിച്ച ഉടനെ ഹൈളുണ്ടായതിനാല്‍ ഒരു സ്ത്രീക്ക് നിസ്കരിക്കാനുള്ള സമയം കിട്ടിയില്ലെങ്കില്‍ പിന്നീട് പ്രസ്തുത…

● കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍
Khalifa Abubacker R

സാന്ത്വനം- 2: അബൂബക്കര്‍ (റ); ഉദാരതയുടെ സാക്ഷി

വലിയ ധര്‍മിഷ്ഠനായിരുന്നു ഒന്നാം ഖലീഫ അബൂബക്കര്‍(റ). സ്വന്തമായി നീക്കിയിരിപ്പ് വെക്കാത്ത ഭരണാധികാരി. കയ്യിലുള്ളതുകൊണ്ട് അശരണര്‍, അടിമകള്‍,…

● പികെ മൊയ്തു ബാഖവി മാടവന
Indian Grand Mufti - Fathawa

അല്ഫ്താവാ-3: സിസേറിയനും കുളിയും

നിത്യഅശുദ്ധിക്കാരന് മുസ്വ്ഹഫ് തൊടലും ത്വവാഫും സുജൂദും അനുവദനീയമാണോ? നിത്യഅശുദ്ധിക്കാരന് അവന്‍ നിത്യഅശുദ്ധിക്ക് കാരണമായതല്ലാത്ത രൂപത്തില്‍ അശുദ്ധി…

● കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍