Al fathawa

ഒന്നാം ജമാഅത്തിന് ശേഷം മറ്റൊരു ജമാഅത്ത് നിര്‍വഹിക്കുമ്പോള്‍ കൊടുക്കുന്ന വാങ്കില്‍ ശബ്ദം ഉയര്‍ത്തല്‍ സുന്നത്തുണ്ടോ?

ഒന്നാം ജമാഅത്ത് നിസ്കാരം കഴിഞ്ഞുള്ള ജമാഅത്ത് നിസ്കാരത്തിന് വന്നവരെ കേള്‍പ്പിക്കുന്ന വിധത്തില്‍ വാങ്കിന്‍റെ ശബ്ദമുയര്‍ത്തിയാല്‍ മതി. നിസ്കരിക്കാന്‍ വേണ്ടി അവിടെ ഒരുമിച്ചുകൂടിയ ആളുകള്‍ കേള്‍ക്കാനാവശ്യമായതിനേക്കാള്‍ രണ്ടാം ജമാഅത്തിനു വേണ്ടി കൊടുക്കുന്ന വാങ്കില്‍ ശബ്ദമുയര്‍ത്തരുതെന്ന് ഖല്‍യൂബിയില്‍ കാണാം (ഹാശിയതുല്‍ ഖല്‍യൂബി: 1/126).

രണ്ടാം ജമാഅത്തിനു വേണ്ടി കൊടുക്കുന്ന വാങ്കില്‍ ശബ്ദം ഉയര്‍ത്തലിന്‍റെ അളവ് ആ ജമാഅത്തിനു വേണ്ടി ഹാജറാകുന്ന ആളുകളുടെ എണ്ണമനുസരിച്ച് വ്യത്യാസപ്പെടുമെന്ന് ഇതില്‍ നിന്നു വ്യക്തം.

 

ചിലയാളുകള്‍ ‘ഖദ്ഖാമതിസ്സ്വലാ’ എന്ന് ഇഖാമത്തില്‍ കേട്ടാല്‍ നിസ്കാരത്തിന് വേണ്ടി എഴുന്നേല്‍ക്കുന്നു. എന്നാല്‍ മറ്റു ചിലര്‍ ഇഖാമത്ത് പൂര്‍ണമായും കഴിഞ്ഞതിന് ശേഷമാണ് എഴുന്നേറ്റ് നില്‍ക്കുന്നത്. യഥാര്‍ത്ഥത്തില്‍ എപ്പോഴാണ് നിസ്കാരത്തിനു വേണ്ടി എഴുന്നേല്‍ക്കേണ്ടത്?

ഇഖാമത്ത് പൂര്‍ണമായും കഴിഞ്ഞതിന് ശേഷം എഴുന്നേറ്റ് നില്‍ക്കലാണ് സുന്നത്ത്, മറിച്ച് ‘ഖദ്ഖാമതിസ്സ്വലാ’ എന്ന് കേള്‍ക്കുമ്പോഴല്ല. കാരണം നിസ്കാരത്തില്‍ പ്രവേശിക്കേണ്ടത് ഇഖാമത്ത് കഴിഞ്ഞ ശേഷമാണ്. അതിന്‍റെ മുമ്പ് അവന്‍ ഇഖാമത്തിന് ജവാബ് (പ്രത്യുത്തരം) നല്‍കുകയാണ് വേണ്ടത്. എന്നാല്‍ ഇഖാമത്ത് കഴിയുന്നത് വരെ ഇരുന്നാല്‍ ഇമാമിന്‍റെ കൂടെ തക്ബീറതുല്‍ ഇഹ്റാം ചെയ്യുന്നതിന്‍റെ ശ്രേഷ്ഠത (ഇമാം തക്ബീറതുല്‍ ഇഹ്റാം കെട്ടിയ ഉടനെ തക്ബീറതുല്‍ ഇഹ്റാം നിര്‍വഹിക്കുക) നഷ്ടപ്പെടുമെന്ന് ഒരാള്‍ ഭയന്നാല്‍, എപ്പോള്‍ എഴുന്നേറ്റാലാണ് അവന് തക്ബീറതുല്‍ ഇഹ്റാം ഇമാമിന്‍റെ കൂടെ ലഭിക്കുക ആ സമയത്ത് എഴുന്നേല്‍ക്കലാണ് ഇങ്ങനെ അവര്‍ക്ക് ശ്രേഷ്ഠമായത്.

ഇബ്നു ഹജറുല്‍ ഹൈതമി(റ) പറയുന്നു: ഇമാമിനോട് തുടര്‍ന്ന് നിസ്കരിക്കാനുദ്ദേശിക്കുന്നയാള്‍ക്ക് മുഅദ്ദിന്‍ ഇഖാമത്തില്‍ നിന്ന് പൂര്‍ണമായി വിരമിക്കുന്നത് വരെ എഴുന്നേല്‍ക്കല്‍ സുന്നത്തില്ല. അതായത്, ഇഖാമത്ത് കൊടുക്കുമ്പോള്‍ ഇരിക്കുകയാണെങ്കില്‍ അയാള്‍ക്ക് ഇഖാമത്ത് പൂര്‍ണമായി കഴിയുന്നത് വരെ നില്‍ക്കല്‍ സുന്നത്തില്ല. എന്നാല്‍ ഇരുന്ന് നിസ്കരിക്കാന്‍ ഉദ്ദേശിച്ച ഒരാള്‍, അദ്ദേഹം കിടക്കുന്ന അവസ്ഥയിലാണ് ഇഖാമത്ത് കൊടുത്തതെങ്കില്‍ ഇഖാമത്ത് കഴിയുന്നത് വരെ ഇരിക്കലും സുന്നത്തില്ല.

ഇഖാമത്ത് പൂര്‍ണമായും കഴിയുന്നതിന് മുമ്പ് എഴുന്നേറ്റ് നില്‍ക്കല്‍ സുന്നത്തില്ല എന്ന് പറയാന്‍ കാരണം ഇഖാമത്ത് കഴിഞ്ഞാണ് നിസ്കാരത്തില്‍ പ്രവേശിക്കേണ്ട സമയമെന്നതു കൊണ്ടാണ്. ഇഖാമത്ത് കൊടുക്കുന്ന സമയത്ത് അതിന് ജവാബ് നല്‍കുകയാണ് വേണ്ടത്. സാവധാനം മാത്രം എഴുന്നേല്‍ക്കാന്‍ കഴിയുന്ന ഒരാള്‍ ഇഖാമത്ത് കഴിയുന്നത് വരെ കാത്തുനിന്നാല്‍ ഇമാമിനോടൊപ്പമുള്ള തക്ബീറതുല്‍ ഇഹ്റാമിന്‍റെ ശ്രേഷ്ഠത നഷ്ടപ്പെടുമെന്നു കണ്ടാല്‍ എപ്പോള്‍ എഴുന്നേറ്റാലാണോ തക്ബീറതുല്‍ ഇഹ്റാം ഇമാമിനോടൊപ്പം ലഭിക്കുക ആ സമയത്താണ് നില്‍ക്കേണ്ടത്.

ഇഖാമത്തിന്‍റെ സുന്നത്തുകളില്‍ കഴിവുള്ളവര്‍ നില്‍ക്കുക എന്ന് കാണാം. അത്കൊണ്ട് തന്നെ ഇഖാമത്ത് കൊടുക്കുന്നയാള്‍ അതിന്‍റെ മുമ്പ് തന്നെ എഴുന്നേല്‍ക്കല്‍ സുന്നത്താണ്. ഇഖാമത്ത് കൊടുക്കുന്ന സമയത്തോ ഇഖാമത്ത് കൊടുക്കാനടുത്ത സമയത്തോ പ്രവേശിച്ചയാള്‍ക്ക് നിര്‍ത്തത്തില്‍ തുടരല്‍ തന്നെയാണ് നല്ലത്. കാരണം നിസ്കാരം നിര്‍വഹിക്കാതെ ഇരിക്കലും ആ സമയത്ത് സുന്നത്ത് നിസ്കരിക്കലും കറാഹത്താണല്ലോ. ഒരാള്‍ ഇഖാമത്ത് കൊടുക്കുന്ന വേളയില്‍ നില്‍ക്കുകയാണെങ്കില്‍ അയാള്‍ക്ക് ഇരുന്ന് എഴുന്നേല്‍ക്കല്‍ സുന്നത്തില്ല. അവന്‍ പൂര്‍ണമായും ഇഖാമത്തിന് ജവാബ് നല്‍കുകയാണു വേണ്ടത്. അപ്പോള്‍ അവന്‍ ഇരുത്തത്തിലുള്ളയാള്‍ എഴുന്നേല്‍ക്കുന്നത് പോലെതന്നെയാണ് (തുഹ്ഫതുല്‍ മുഹ്താജ്: 2/350).

ഇമാം ശര്‍വാനി(റ) പറയുന്നു: മഅ്മൂം ദൂരത്താവുകയും അവന്‍ ഒന്നാമത്തെ സ്വഫ് ഉദ്ദേശിക്കുകയും ചെയ്യുക. അവന്‍ ഇഖാമത്ത് കഴിയുന്നത് വരെ പ്രതീക്ഷിച്ചു നിന്നാല്‍ ഇഖാമത്തിന് ശേഷം നിസ്കരിക്കുന്ന സ്ഥലത്തേക്ക് പോയാല്‍ അവന് തക്ബീറതുല്‍ ഇഹ്റാം ഇമാമിനോടൊപ്പമാകുന്നതിന്‍റെ ശ്രേഷ്ഠത നഷ്ടപ്പെടും. ഇങ്ങനെയുള്ള ഒരാള്‍ക്കും സാവധാനം മാത്രം എഴുന്നേല്‍ക്കാന്‍ പറ്റുന്നവരുടെ വിധിതന്നെയാണ് (ഹാശിയതുശ്ശര്‍വാനി: 2/350).

 

വാങ്ക് കൊടുക്കാന്‍ രണ്ടു പേരുണ്ട്. ഒരാളുടേത് നല്ല ശബ്ദമാണ്. പക്ഷേ അയാള്‍ വാങ്ക് കൊടുക്കുന്നതിന് പണം ആവശ്യപ്പെടുന്നു. രണ്ടാമത്തെ വ്യക്തിയുടെ ശബ്ദം നല്ലതല്ലെങ്കിലും പണം വേണ്ട. ഇവരില്‍ ആരെയാണ് മുഅദ്ദിനാക്കേണ്ടത്?

നല്ല ശബ്ദമുണ്ടാവുക എന്നത് അനിവാര്യവും ശറഇല്‍ തേടപ്പെടുന്നതുമായ കാര്യമാണ്. അതുകൊണ്ട് തന്നെ നല്ല ശബ്ദമുള്ള വ്യക്തി പ്രതിഫലം ആവശ്യപ്പെട്ടാലും അതു നല്‍കി ശബ്ദമാധുര്യമുള്ളയാളെ തന്നെയാണ് മുഅദ്ദിനായി നിയമിക്കേണ്ടത്. ഇക്കാര്യം ഇമാം നവവി(റ) ഇബ്നു ശുറൈഹ്(റ)വിനെ തൊട്ട് ഉദ്ധരിച്ചിട്ടുണ്ട് (ശറഹുന്നവവി അലാ സ്വഹീഹി മുസ്ലിം: 2/298).

 

ഇഖാമത്തില്‍ പൊതുവെ കലിമതുകള്‍ ഒരു തവണ മാത്രവും അതേസമയം വാങ്കില്‍ കലിമതുകള്‍ രണ്ട് തവണ ആവര്‍ത്തിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇഖാമത്തില്‍ ‘ഖദ് ഖാമതിസ്സ്വലാ’ എന്നത് രണ്ട് തവണ കൊണ്ടുവരുന്നതിന്‍റെ യുക്തിയെന്താണ്?      

ഇമാം നവവി(റ) പറയുന്നു: നിസ്കാരത്തിനു വേണ്ടി സന്നിഹിതരായവര്‍ക്ക് വേണ്ടിയാണ് ഇഖാമത്ത് കൊടുക്കുന്നത്. അതുകൊണ്ട് തന്നെ ആവര്‍ത്തനത്തിന്‍റെ ആവശ്യമില്ല. സ്ഥലത്തില്ലാത്തവരെക്കൂടി അറിയിക്കാന്‍ വേണ്ടിയാണ് വാങ്ക് വിളിക്കുന്നതെന്നതിനാല്‍ അതില്‍ ആവര്‍ത്തനം ആവശ്യമാണ്. ഇതാണ് ഇഖാമത്തിന്‍റെ കലിമതുകള്‍ (വാചകങ്ങള്‍) ഒരു തവണ മാത്രവും വാങ്കിന്‍റെ കലിമതുകള്‍ രണ്ട് തവണ ആവര്‍ത്തിക്കാനുമുള്ള കാരണം. പണ്ഡിതന്മാര്‍ പറഞ്ഞു: വാങ്കിന്‍റെ ശബ്ദത്തേക്കാള്‍ താഴ്ത്തിയാണ് ഇഖാമത്ത് നിര്‍വഹിക്കേണ്ടത്. നിസ്കാരത്തിലേക്ക് എഴുന്നേറ്റ് നില്‍ക്കലാണ് ഇഖാമത്തിന്‍റെ മുഖ്യലക്ഷ്യമെന്നത് കൊണ്ടാണ് ‘ഖദ് ഖാമതിസ്സ്വലാ’ എന്ന വാചകം പ്രത്യേകമായി ഇഖാമത്തില്‍ ആവര്‍ത്തിക്കുന്നത് (ശറഹുന്നവവി അലാ സ്വഹീഹില്‍ മുസ്ലിം: 2/300).

വിവ: ഇഖ്ബാല്‍ സഖാഫി മുണ്ടക്കുളം, യൂനുസ് സഖാഫി 

 

You May Also Like

‘തര്‍ജുമാനുല്‍ ഖുര്‍ആന്‍’

റസൂലിന്‍റെ വഫാതിനു ശേഷം ഞാനൊരിക്കല്‍ ഒരു അന്‍സ്വാരി യുവാവിനോട് പറഞ്ഞു: സുഹൃത്തേ, ഇന്ന് ധാരാളം സ്വഹാബിമാര്‍…

● ടിടിഎ ഫൈസി പൊഴുതന
Karamath

കറാമത്ത്, ഇസ്തിദ്റാജ്

പ്രവാചകത്വവാദമില്ലാതെ വലിയ്യിന്‍റെ ഭാഗത്തു നിന്ന് പ്രകടമാകുന്ന അസാധാരണ സംഭവങ്ങളാണ് കറാമത്ത് (ശര്‍ഹുല്‍ അഖാഇദ്). ബഹുമാനം, ആദരവ്…

● അബ്ദുല്‍ അസീസ് സഖാഫി വാളക്കുളം
Al Fathawa

അല്‍ഫതാവാ-4 : അസ്വറിന്‍റെ സമയത്ത് ആര്‍ത്തവം നിന്നാല്‍ ളുഹ്ര്‍ നിര്‍ബന്ധമോ?

അസ്വറിന്‍റെ സമയം പ്രവേശിച്ച ഉടനെ ഹൈളുണ്ടായതിനാല്‍ ഒരു സ്ത്രീക്ക് നിസ്കരിക്കാനുള്ള സമയം കിട്ടിയില്ലെങ്കില്‍ പിന്നീട് പ്രസ്തുത…

● കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍