ഇബ്നുസീനയെന്ന പ്രതിഭാശാലിയുടെ ജീവിതം കൃത്യമായി നിരീക്ഷിക്കുമ്പോൾ ചില വിയോജിപ്പുകൾ ആദർശപരമായി അനിവാര്യമായി വരും. എങ്കിൽ പോലും അദ്ദേഹത്തിന്റെ പ്രതിഭാത്വം ഇസ്‌ലാമിക നാഗരിക പശ്ചാത്തലത്തിൽ വളർന്നു വികസിച്ചതാണെന്നത് സർവാംഗീകൃത സത്യമാണ്. പ്രശംസകർ പലതരം അപരനാമങ്ങൾ നൽകി അദ്ദേഹത്തെ വാഴ്ത്തിയിട്ടുണ്ട്. റഈസുൽ ഉഖലാഅ് (ബുദ്ധിമാൻമാരുടെ തലവൻ), അമീറുൽ അത്വിബ്ബാഅ് (ഭിഷഗ്വരന്മാരുടെ നേതാവ്) എന്നെല്ലാം ചിലതാണ്. അരിസ്റ്റോട്ടിലിനെയും ഫാറാബിയെയും ഒന്നും രണ്ടും വിശ്വഗുരുക്കളായി വിശേഷിപ്പിക്കുന്നവർ മൂന്നാം ഗുരുവെന്നു വിളിക്കുന്നത് ഇബ്‌നുസീനയെയാണ്. ധൈഷണിക ലോകം അദ്ദേഹത്തിന് അത്രമാത്രം പ്രാധാന്യം കൽപിച്ചുവരുന്നു.
ജനനവും ദേശവും
പഴയ പേർഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായ അഫ്ഗാനിസ്ഥാന്റെ പ്രവിശ്യയായ ‘ബൽഖ്’ എന്ന പ്രസിദ്ധ പട്ടണത്തിൽ കഴിഞ്ഞിരുന്ന അബ്ദുല്ലാഹിബ്‌നു ഹസൻ പിന്നീട് ബുഖാറയിൽ വന്നു താമസമാക്കി. ഖർമതൈൻ എന്ന പ്രദേശത്ത് സർക്കാർ ജോലിയിൽ നിയമിതനായ അദ്ദേഹം ബുഖാറക്കടുത്ത അഫ്ഷാനെ എന്ന ഗ്രാമത്തിലെ നജ്മയെ വിവാഹം ചെയ്തു. ഈ ദാമ്പത്യവല്ലരിയിൽ ഹിജ്‌റ 370 (എഡി 980)ൽ ബുഖാറയിലാണ് ഇബ്‌നുസീന ജനിക്കുന്നത്. പിതാവും സഹോദരനും ശിയാക്കളിലെ ഇസ്മാഈലി കാഴ്ചപ്പാട് തുടർന്നവരും അതിന്റെ പ്രചാരകരുമായിരുന്നു. ഇബ്‌നുസീന പക്ഷേ അതിൽ താൽപര്യം കാണിച്ചില്ലെന്നു പണ്ഡിതർ. തന്റെ ബുദ്ധിസാമർത്ഥ്യം മൂലം വ്യത്യസ്ത വിജ്ഞാന ശാഖകൾ സ്വായത്തമാക്കുന്നതിലായിരുന്നു അദ്ദേഹം ശ്രദ്ധയൂന്നിയത്. അതിനെക്കുറിച്ച് അദ്ദേഹം പറയുന്നത് ജീവചരിത്ര കുറിപ്പുകളിൽ കാണാം: എന്റെ പിതാവും സഹോദരനും ഇസ്മാഈലികളായിരുന്നു. അവർ അത് സംബന്ധമായി പലതും ചർച്ച ചെയ്യും. ഞാനത് കേൾക്കുകയും മനസ്സിലാക്കുകയും ചെയ്‌തെങ്കിലും എന്റെ ഹൃദയത്തിൽ അതിടം നേടിയില്ല. അവരെന്നെ അതിലേക്കു ക്ഷണിച്ചുകൊണ്ടിരുന്നു. അവരുടെ സംസാരത്തിൽ ഗണിതം, ഫിലോസഫി, എഞ്ചിനീയറിംഗ് പോലുള്ളവ കടന്നുവരാറുണ്ടായിരുന്നു (അത്ത്വബഖാത്തുസ്സനിയ്യ ഫീ തറാജിമിൽ ഹനഫിയ്യ).
പഠനകാലം
ഈ വിവരണത്തിൽ നിന്നു തന്നെ അദ്ദേഹത്തിന്റെ പഠനരീതിയും വഴിയും വ്യക്തമാണ്. തന്റെ ശിഷ്യനും സഹപ്രവർത്തകനുമായ അബൂഅബ്ദില്ലാഹിൽ ജൗസജാനിക്ക് ഇബ്‌നുസീന നൽകിയ വിവരണം അദ്ദേഹത്തിന്റെ ചരിത്രം പരാമർശിക്കുന്ന ഗ്രന്ഥങ്ങൾ ഉദ്ധരിച്ചിട്ടുണ്ട്. ദഹബി താരീഖുൽ ഇസ്‌ലാമിൽ ഇതിന്റെ മുഖ്യഭാഗങ്ങൾ ചേർത്തിയതു കാണാം. ആദ്യമായി മതപഠനം തുടങ്ങിയത് ഇസ്മാഈലുസ്സാഹിദിൽ നിന്നാണെന്നും ഫിഖ്ഹും തഫ്‌സീറും അദ്ദേഹത്തിൽ നിന്നാണു പഠിച്ചതെന്നും ദഹബി. സുപ്രസിദ്ധ കർമശാസ്ത്ര പണ്ഡിതനായ ഇസ്മാഈലുബ്‌നുൽ ഹുസൈനിൽ ബുഖാരിയാണ് ഇസ്മാഈലുസ്സാഹിദ് എന്നു ഇബ്‌നുസീന പരിചയപ്പെടുത്തുന്ന ഗുരുവര്യർ. മുഹമ്മദ്ബ്‌നു അഹ്മദൽ ബുഖാരി, ബക്‌റുബ്‌നു മുഹമ്മദുൽ മർവസി, മുഹമ്മദ്ബ്‌നു അബ്ദില്ലാഹിർറാസി തുടങ്ങിയവരിൽ നിന്ന് അദ്ദേഹം ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. ഖാളി മുഹമ്മദ് അബൂജഅ്ഫർ അസ്സിംനാനി തന്റെ ശിഷ്യരിൽ പ്രമുഖനാണ്. അദ്ദേഹത്തിൽ നിന്നാണ് സംവാദരീതി ഇബ്‌നുസീന പഠിച്ചത്.
പത്തു വയസ്സാകും മുമ്പ് ഖുർആൻ പഠനത്തിനും സംസ്‌കാരം പഠിക്കാനും ഗുരുവര്യന്മാരുടെ സവിധത്തിൽ ഇബ്‌നുസീനയെ അയക്കുകയുണ്ടായി. ചെറുപ്രായത്തിൽ തന്നെ ഖുർആൻ പഠനം പൂർത്തിയാക്കുകയും മറ്റ് ആചാര മര്യാദകൾ സ്വായത്തമാക്കുകയും ചെയ്തു. കുടുംബത്തെയും ഉസ്താദുമാരെയും അത്ഭുതപ്പെടുത്തുംവിധം വേഗത്തിലായിരുന്നു എല്ലാം പഠിച്ചെടുത്തത്. അദ്ദേഹത്തിന്റെ തീക്ഷ്ണമായ ബുദ്ധി വൈഭവം ബോധ്യപ്പെട്ട സന്ദർഭമായിരുന്നു അത്. പഠന തൽപരനായ വിദ്യാർത്ഥിക്കുവേണ്ട എല്ലാ ഗുണങ്ങളും വിദ്യാർത്ഥി ജീവിതത്തിൽ അദ്ദേഹത്തിൽ ദൃശ്യമായി.
വൈകാതെ ഇൽമുൽ ഹിസാബും സാഹിത്യവും ഗണിതവും ആർജിച്ചു. ആ വിജ്ഞാനദാഹി പിന്നെയും അറിവിനായി വിളക്കുമാടങ്ങൾ തേടുകയായിരുന്നു. മറ്റു വിജ്ഞാനീയങ്ങൾക്കായി പ്രാപ്തരായ ഗുരുക്കന്മാരെ പരതുന്ന സന്ദർഭത്തിലാണ് പ്രസിദ്ധ ദാർശനികനും ത്വബരിസ്ഥാനിനടുത്ത നാത്തൽ സ്വദേശിയുമായ അബൂഅബ്ദില്ലാഹിന്നാത്തലി ബുഖാറയിലെത്തുന്നത്. മകന്റെ ആവശ്യമനുസരിച്ച് അദ്ദേഹത്തെ സ്വന്തം വീട്ടിൽ പാർപ്പിക്കാൻ ഇബ്‌നുസീനയുടെ പിതാവ് തീരുമാനിച്ചു. അദ്ദേഹത്തിൽ നിന്നും തർക്കശാസ്ത്രം പഠിക്കണമെന്നായിരുന്നു ഇബ്‌നുസീനയുടെ ആഗ്രഹം. തർക്കശാസ്ത്ര ശാഖയിലെ ഒരു അടിസ്ഥാന ഗ്രന്ഥമായ ‘ഈസാഗുജി’ ഓതിത്തുടങ്ങി. തുടക്കം മുതൽ തന്നെ ഗുരുനാഥനെ അത്ഭുതപ്പെടുത്തുന്ന തരത്തിലായിരുന്നു ശിഷ്യന്റെ ഇടപെടൽ. ആ ഗ്രന്ഥത്തിലെ പ്രയോഗങ്ങളും നിർവചനങ്ങളും ലളിതമായും സരളമായും ഗുരുവിന് മുമ്പിൽ അവതരിപ്പിച്ചുകൊണ്ടിരുന്നു ഇബ്‌നുസീന. ഗുരുവിന് പോലും പ്രയാസകരമായി തോന്നിയ തത്ത്വങ്ങൾ അയത്‌ന ലളിതമായി അദ്ദേഹം വിശദീകരിച്ചു. തർക്കശാസ്ത്രത്തിലെ പ്രത്യക്ഷമായ തത്ത്വങ്ങൾ അദ്ദേഹത്തിൽ നിന്നു പഠിച്ചെങ്കിലും അതിന്റെ ആന്തരികമായ അർത്ഥതലങ്ങൾ നേടാൻ ഇനിയും അന്വേഷണം അനിവാര്യമാണെന്ന് ഇബ്‌നുസീന തിരിച്ചറിഞ്ഞു.
സ്വയം പഠനം
തുടർന്ന് കിതാബുകൾ കണ്ടെത്തി സ്വയം പഠിക്കുന്ന രീതി തുടർന്നു. സമയമെടുത്ത് അവകളിലെ സങ്കീർണതകളുടെ കുരുക്കഴിച്ച് തർക്കശാസ്ത്രത്തിൽ ആഴമേറിയ ജ്ഞാനം സ്വായത്തമാക്കി. ശേഷം നാതലിയിൽ നിന്നു തന്നെ ഇൽമുൽ ഹൻദസ (ക്ഷേത്രഗണിതം/ ഴലീാലൃ്യേ)യുടെ അടിസ്ഥാന തത്ത്വങ്ങളടങ്ങിയ ഉഖ്‌ലൈദിസി(ലൗരഹശറ)ന്റെ ഗ്രന്ഥങ്ങളിൽ നിന്ന് അൽപ ഭാഗം ഓതിക്കേട്ടു. ബാക്കി ഭാഗം സ്വന്തമായി വായിച്ചു ഗ്രഹിച്ചു. ഇൽമുൽ ഹൈഅത്ത് (ഗോളശാസ്ത്രം/മേെൃീിീാ്യ) ടോളമിയുടെ കിതാബുൽ മജസ്ത്വീയുടെ ആമുഖഭാഗവും നാതലിയിൽ നിന്നു പഠിച്ചു. പിന്നീട് ഗുരുതന്നെ ശിഷ്യനോട് സ്വയം വായിച്ചു കുരുക്കഴിച്ചു ഗ്രഹിക്കാൻ നിർദേശിച്ചു. ബുദ്ധിസാമർത്ഥ്യമുള്ള ശിഷ്യൻ അതിനു യോഗ്യനാണെന്ന് ഗുരുവിന് ബോധ്യമുണ്ടായിരുന്നതിനാലാണങ്ങനെ നിർദേശിച്ചത്. അതിലെ ശക്‌ലുകൾ (ഴലീാലൃേശര വെമുല)െ യഥാർത്ഥത്തിൽ ഇബ്‌നുസീന ആദ്യമായി കാണുകയായിരുന്നെങ്കിലും അപാര ബുദ്ധികൊണ്ട് അതെല്ലാം ഗ്രഹിച്ചെടുക്കുന്നതിൽ അദ്ദേഹം വിജയിച്ചു. ഗ്രീക്ക് തത്ത്വചിന്തയുടെ അടിസ്ഥാന പാഠങ്ങളും ഗുരു നാതലി തന്നെയാണ് പകർന്നു തുടങ്ങിയത്. ഇബ്‌നുസീനക്ക് പതിനാല് വയസ്സു മാത്രം പ്രായമുള്ളപ്പോഴാണ് ഈ വിഷയങ്ങളിലെല്ലാം അദ്ദേഹം അവഗാഹം നേടിയതെന്നോർക്കണം. അബൂഅബ്ദില്ലാഹിന്നാതലിയിൽ നിന്ന് ലഭിക്കാവുന്ന വിജ്ഞാനീയങ്ങളെല്ലാം ഈ ചെറുപ്രായത്തിനിടക്ക് അദ്ദേഹം കരസ്ഥമാക്കുകയുണ്ടായി.
തുടർന്ന് ഭൗതികശാസ്ത്രവും (ുവ്യശെര/െ ഇൽമുത്ത്വബ്ഇയ്യത്ത്), അഭൗതികശാസ്ത്രവും (ാലേേമ ുവ്യശെര/െ ഇൽമുൽ ഇലാഹിയ്യാത്ത്) പഠിക്കാനിറങ്ങി. അപ്പോഴുണ്ടായ അനുഭവം അദ്ദേഹം വിവരിക്കുന്നതിങ്ങനെ: അറിവിന്റെ കവാടങ്ങൾ എനിക്ക് മുമ്പിൽ തുറന്നുകൊണ്ടിരുന്നു (അത്വബഖാതുസ്സനിയ്യ).
വൈദ്യപഠനം
വൈദ്യപഠനത്തിലേക്കാണ് പിന്നെ ഇബ്‌നുസീന തിരിഞ്ഞത്. തന്നെ യോഗ്യരായ വൈദ്യപണ്ഡിതന്മാരുടെ അടുത്തേക്ക് എത്തിക്കാൻ അദ്ദേഹം പിതാവിനോടഭ്യർത്ഥിച്ചു. അന്നത്തെ സാമാനീ രാജാവ് നൂഹ്ബ്‌നു മൻസ്വൂർ അസ്സാമാനിയുടെ കൊട്ടാര വൈദ്യന്മാരായിരുന്നു ഹുസൈനുബ്‌നു നൂഹിൽ ഖമരിയും അബൂസഹ്‌ലുൽ മുസയ്യബും. ഇബ്‌നുസീനയെ പിതാവ് രണ്ടുപേരുടെയും അടുത്തേക്കയച്ചു. മൂന്നു വർഷത്തോളം അവരുടെ കീഴിൽ വൈദ്യം അഭ്യസിച്ച അദ്ദേഹം ചികിത്സാശാസ്ത്രത്തിലെ അത്ത്വിബ്ബുന്നള്‌രി (വേലീൃലശേരമഹ ലെരശേീി/സൈദ്ധാന്തിക വിഭാഗം)യിലും അത്ത്വിബ്ബുൽ അമലിയ്യി(ുൃമരശേരമഹ ലെരശേീി)ലും അവഗാഹം നേടി. അതോടൊപ്പം സ്വന്തം നിരീക്ഷണവും സ്വതന്ത്രപഠനവും വഴി ലഭ്യമായ അറിവുകൾ ഉപയോഗിച്ച് പുതിയ ചികിത്സാമുറകളും വികസിപ്പിച്ചെടുത്തു.
പഠിച്ച വൈദ്യശാസ്ത്രം സേവനമാർഗമായി സ്വീകരിക്കാനായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ദരിദ്രരായ ജനങ്ങളിൽ നിന്ന് ചികിത്സക്ക് വലിയ ഫീസ് ഈടാക്കിയിരുന്ന സമകാല ക്രമത്തോട് അദ്ദേഹത്തിന് യോജിക്കാനായില്ല. ബുഖാറയിൽ രോഗികളും രോഗവും കൂടുതലാവുകയും ഡോക്ടർമാർ കുറയുകയും ചെയ്ത കാലത്തായിരുന്നു അത്. അവസരം മുതലെടുത്ത സ്വാർത്ഥരായ ചികിത്സകർ വലിയ ഫീസാണ് വസൂലാക്കിയിരുന്നത്. എന്നാൽ ഇബ്‌നുസീന സൗജന്യമായി ജനങ്ങളെ ചികിത്സിച്ചു. ചെറിയ പ്രായമാണെങ്കിലും നിപുണനായിരുന്നതിനാൽ പുതിയ ഡോക്ടർ വേഗം സ്വീകാര്യനായി. ജനം അദ്ദേഹത്തിന്റെ നിസ്വാർത്ഥ സേവനത്തെ വാഴ്ത്തി.
കൊട്ടാരവൈദ്യ പദവിയിലേക്ക്
ബുഖാറയിൽ സൗജന്യസേവനം ചെയ്തുവരുന്നതിനിടക്ക് രാജാവിനൊരു രോഗബാധയുണ്ടായി. കൊട്ടാര വൈദ്യന്മാരായ ഹുസൈനുബ്‌നു നൂഹും അബൂസഹ്‌ലും ചികിത്സ നടത്തിയെങ്കിലും ഫലം കണ്ടില്ല. അവർ രാജാവിനോട് ഇബ്‌നുസീനയുടെ കാര്യം പറഞ്ഞു. രാജാവ് അദ്ദേഹത്തെ വിളിപ്പിച്ചു. നന്നായി പരിശോധിച്ച് അനുയോജ്യമായ മരുന്ന് നൽകി. രോഗം മാറി. സന്തുഷ്ടനായ രാജാവ് കൊട്ടാര വൈദ്യന്മാരുടെ സംഘത്തിലൊരാളായി അദ്ദേഹത്തെയും ഉൾപ്പെടുത്തി.
ആസ്ഥാന വൈദ്യനായെങ്കിലും ശിഷ്ടജീവിതം വിശ്രമത്തിനും സുഖജീവിതത്തിനും വേണ്ടി മാറ്റിവെക്കാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല. ഇബ്‌നുസീനക്ക് വേണ്ടി എന്തും ചെയ്യാമെന്ന മാനസികാവസ്ഥയിലായിരുന്നു രാജാവ്. ജ്ഞാനാന്വേഷണം തുടരണമെന്ന മോഹം ഇബ്‌നുസീനയിൽ കത്തിനിന്ന സന്ദർഭമായിരുന്നു അത്. എന്താണ് ആഗ്രഹമെന്ന് രാജാവ് തിരക്കിയപ്പോൾ ഇബ്‌നുസീന പറഞ്ഞു: അങ്ങയുടെ ഉടമസ്ഥതയിൽ വിപുലമായ ഗ്രന്ഥശേഖരമുണ്ടെന്നെനിക്കറിയാം. അത് പാരായണം ചെയ്യാനെനിക്കവസരം തന്നാലും! തുറന്ന മനസ്സോടെ അദ്ദേഹം സമ്മതിച്ചു. അങ്ങനെ രാജലൈബ്രറിയിലുള്ള അമൂല്യവും വ്യത്യസ്തവുമായ വിജ്ഞാനശാഖകളിലൂടെ അദ്ദേഹം ഊളിയിട്ടു. ഹൃദിസ്ഥമാകുന്നത് വരെ പലതും ആവർത്തിച്ചു വായിച്ചു.
പഠനാവർത്തനം
പഠനത്തിന്റെ അവസാന കാലത്തെ കുറിച്ച് ഇബ്‌നുസീന ഓർമിക്കുന്നതിങ്ങനെ: ‘പിന്നീട് ഞാൻ തർക്കശാസ്ത്രവും (ഹീഴശര) ഫിലോസഫിയുടെ എല്ലാ ഭാഗങ്ങളും ഘടകങ്ങളും ആവർത്തിച്ചു വായിക്കാൻ തീരുമാനിച്ചു. ഒന്നര വർഷക്കാലം ഈ പഠനത്തിൽ മുഴുകി. ഒരു രാത്രി പോലും അക്കാലത്ത് ഞാൻ ദീർഘമായി ഉറങ്ങിയിരുന്നില്ല. പകൽ സമയങ്ങളിൽ മറ്റൊരു കാര്യത്തിലും ഏർപ്പെട്ടതുമില്ല. അതിലെ ഓരോ തത്ത്വവും വാദവും പ്രമാണവും ശേഖരിച്ച് കൃത്യതയും ദൃഢതയും വരുത്തി. ഏതെങ്കിലും ഒരു തത്ത്വം മനസ്സിലാകാതെയോ അതിനൊരു നിർവചനം ബോധ്യപ്പെടാതെയോ വന്നാൽ ഞാൻ പള്ളിയിൽ ചെന്ന് നിസ്‌കരിച്ച് പ്രപഞ്ച നാഥനോട് പ്രാർത്ഥിക്കും. അപ്പോഴെന്റെ മനസ്സിൽ ഉത്തരം തെളിഞ്ഞുവരും. അടഞ്ഞ വാതിലുകൾ തുറന്നുകിട്ടും. ആയാസമേറിയവ ലഘുവായിത്തീരും. രാത്രി വളരെ വൈകിയാണ് വീട്ടിലേക്ക് പോയിരുന്നത്. അവിടെ ചെന്നാലും എഴുത്തിലും വായനയിലും മുഴുകും. ക്ഷീണം അനിയന്ത്രിതമായി ഉറങ്ങിപ്പോകുന്ന പക്ഷം അന്നു നോക്കിയിരുന്ന തത്ത്വങ്ങൾ സ്വപ്നത്തിൽ കാണുമായിരുന്നു. കുറേ തത്ത്വങ്ങളുടെ വ്യക്തത എനിക്കു സ്വപ്നത്തിലൂടെയും ലഭ്യമായിട്ടുണ്ട്. അവ വസ്തുതാപരമാണെന്ന് തുടർ പഠനങ്ങളിലൂടെ ഉറപ്പുവരുത്തുകയും ചെയ്തു. മനുഷ്യന്റെ കഴിവിന്റെ പരിധിയിൽ വരുന്ന ശ്രമങ്ങളെല്ലാം ഞാനതിൽ നടത്തി. അങ്ങനെ ഞാൻ ഗ്രഹിച്ചതു തന്നെയാണ് യാഥാർത്ഥ്യമെന്ന് സ്ഥിരീകരിച്ചു. അതിൽ പിന്നെ ഞാനൊന്നും അധികമായി ചേർത്തിയിട്ടില്ല. തർക്കശാസ്ത്രവും (ഹീഴശര) ഭൗതികശാസ്ത്രവും (ുവ്യശെര)െ ഗണിതശാസ്ത്രവും ഇങ്ങനെ ഉറപ്പുവരുത്തി.
ശേഷം ഞാൻ ഇലാഹിയ്യാത്ത് (ാലേേമ ുവ്യശെര)െലേക്ക് തിരിഞ്ഞു. ധാരാളം ഗ്രന്ഥങ്ങൾ അതു സംബന്ധമായി പാരായണം ചെയ്തു. അതിനിടയിലാണ് അരിസ്റ്റോട്ടിലിന്റെ മാ ബഅ്ദത്ത്വബീഅ (യല്യീിറ ിമൗേൃല) ലഭിക്കുന്നത്. പക്ഷേ ആ ഗ്രന്ഥം പെട്ടെന്നെനിക്കു ഗ്രാഹ്യമായില്ല. നാൽപത് തവണ ഞാനത് വായിക്കുകയുണ്ടായി. ഗ്രന്ഥം മനഃപാഠമായിട്ടും അതിന്റെ ഉദ്ദേശ്യവും ആശയവും ഗ്രഹിക്കാനായില്ല. അപ്പോൾ ഞാനിങ്ങനെ തീരുമാനിച്ചു: ഇതെനിക്ക് മനസ്സിലാക്കാൻ നിർവാഹമില്ലാത്ത കിതാബ് തന്നെ. അങ്ങനെ ഒരു ദിവസം വൈകുന്നേര സമയത്ത് ഞാൻ ചന്തയിലെ പുസ്തക വിൽപനക്കാരുടെ അടുത്തുകൂടി നടക്കുകയായിരുന്നു. അപ്പോൾ ഒരാൾ ഒരു കിതാബ് കയ്യിൽ പിടിച്ച് അത് വിൽക്കാനുണ്ടെന്ന് വിളിച്ചു പറയുന്നത് കണ്ടു. അയാൾ എന്നെ സമീപിച്ച് അത് വാങ്ങാനാവശ്യപ്പെട്ടെങ്കിലും ഞാൻ നിരസിച്ചു. അപ്പോഴദ്ദേഹം പറഞ്ഞു: മൂന്നു ദിർഹം തന്നാൽ മതി. കൊണ്ടു പൊയ്‌ക്കൊള്ളൂ. അങ്ങനെ ഞാനത് വാങ്ങി. തുറന്നു നോക്കിയപ്പോഴാണ് അത് അബൂനസ്വ്‌റിൽഫാറാബി, അരിസ്റ്റോട്ടിലിന്റെ മാബഅ്ദത്ത്വബീഅത്തിനെഴുതിയ വ്യാഖ്യാനമാണെന്നു മനസ്സിലാവുന്നത്. ഞാൻ വേഗം വീട്ടിൽ വന്ന് അത് വായിക്കാനാരംഭിച്ചു. അപ്പോഴാണ് ആ മാബഅ്ദയുടെ ലക്ഷ്യങ്ങൾ നന്നായി ഗ്രാഹ്യമാകുന്നത്. സന്തുഷ്ടനായ ഞാൻ അല്ലാഹുവിന് നന്ദിയായി അൽപം ദാനം ചെയ്തു’ (അത്ത്വബഖാത്തുസ്സനിയ്യ).
കർമ വീക്ഷണം
വൈദ്യസേവനത്തിനിടയിലും തത്ത്വശാസ്ത്രവും അനുബന്ധവും തേടിപ്പിടിക്കുന്ന തിരക്കിലും ഫിഖ്ഹ് പഠനത്തിനും അദ്ദേഹം സമയം കണ്ടെത്തി. ഹനഫീ മദ്ഹബനുസരിച്ചുള്ള ഫിഖ്ഹാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. അതുകൊണ്ടായിരിക്കാം ഹനഫി പണ്ഡിതരുടെ ചരിത്രം വിവരിക്കുന്ന ഗ്രന്ഥങ്ങളിൽ പ്രമുഖസ്ഥാനമുള്ള അത്ത്വബഖാത്തുസ്സനിയ്യ ഫീ തറാജിമിൽ ഹനഫിയ്യ എന്ന ഗ്രന്ഥത്തിൽ ഇബ്‌നുസീനയുടെ ചരിത്രം രേഖപ്പെടുത്തിയത്. പൊതുചരിത്ര ഗ്രന്ഥമല്ലാതിരുന്നിട്ടും അദ്ദേഹത്തെ അതിൽ പരാമർശിക്കാനും ഇതായിരിക്കണം കാരണം. ഹിജ്‌റ 1010-ൽ വഫാത്തായ പ്രശസ്ത ഹനഫി പണ്ഡിതനും ശരീഅത്ത്-ചരിത്ര-ഭാഷാ വിജ്ഞാനീയങ്ങളിൽ നിപുണനുമായ തഖിയ്യുദ്ദീനുബ്‌നു അബ്ദിൽ ഖാദിരിൽ ഗസ്സി(റ)യാണ് ത്വബഖാതുൽ ഹനഫിയ്യയുടെ കർത്താവ്. അല്ലാമാ ഖഫാജി (ബൈളാവിയുടെ വിശദീകരണ ഗ്രന്ഥത്തിന്റെ കർത്താവ്) ഇദ്ദേഹത്തിന്റെ ശിഷ്യന്മാരിൽ പെടുന്നു. ഇബ്‌നുസീനയെക്കുറിച്ച് മുസ്‌ലിം ലോകത്തിനുള്ള ആദർശപരമായ വിയോജപ്പുകളെ സംബന്ധിച്ച് അറിയാതെയല്ല അദ്ദേഹം അതെഴുതിയിട്ടുള്ളതെന്ന് ആ വിവരണത്തിൽ നിന്നു ഗ്രാഹ്യം.
വിസ്മയ പാണ്ഡിത്യം
പതിനെട്ടു വയസ്സായപ്പോഴേക്ക് വിവിധ വിജ്ഞാനശാഖകളിൽ അദ്ദേഹം അവഗാഹം നേടിയെന്നത് വിസ്മയാവഹമായ കാര്യമാണ്. അതു തന്നെ കൂടുതൽ ഗുരുനാഥന്മാരില്ലാതെ. ശൈഖ് ഇസ്മാഈലുസ്സാഹിദ് മതപരമായ കാര്യത്തിലും അബൂഅബ്ദില്ലാഹിന്നാതലി തത്ത്വശാസ്ത്രത്തിലും ഹുസൈനുബ്‌നു നൂഹും അബൂസഹ്‌ലുൽ മുസയ്യബും വൈദ്യശാസ്ത്രത്തിലും അദ്ദേഹത്തിന്റെ ഗുരുക്കൻമാരായി. ഇവർ വിന്യസിച്ച അടിത്തറയിൽ നിന്നു കൊണ്ട് കഠിനാധ്വാനം നടത്തിയാണ് ശിഷ്ട ജ്ഞാനങ്ങൾ വായനയിലൂടെ തേടിപ്പിടിച്ചത്.
കേവലമായ വായനയായിരുന്നില്ല. വരികൾക്കിടയിൽ നിന്ന് ആശയപ്രപഞ്ചം നുകർന്നാണ് അദ്ദേഹം സഞ്ചരിച്ചത്. ആശയവും ലക്ഷ്യവും ഗ്രാഹ്യമാകാതെ അടുത്ത പടി ചവിട്ടാനദ്ദേഹം തയ്യാറായില്ല. പിതാവും സഹോദരൻ ഹാരിസും എല്ലാവിധ പിന്തുണയും നൽകുകയും ചെല്ലുന്നയിടങ്ങൾ അനുകൂലമാവുകയും ചെയ്തപ്പോൾ ജ്ഞാനാന്വേഷണം ഫലപ്രദമാക്കാനദ്ദേഹത്തിനായി. ഗുരുനാഥൻമാർ ശിഷ്യന്റെ കാര്യത്തിൽ താൽപര്യം കാണിക്കുകയും മാർഗദർശനം ചെയ്യുകയും കഴിവ് അംഗീകരിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തപ്പോൾ ലോകമറിയുന്ന ഇബ്‌നുസീന ഉദയംകൊണ്ടു. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഈ ഘടകങ്ങളാണ് അദ്ദേഹത്തിന് തുണയായത്.
ഭാഷാശാസ്ത്രം
ഭാഷാശാസ്ത്രത്തിലും വ്യാകരണത്തിലും പ്രത്യേകം പഠനം നടത്തിയിരുന്നില്ലെങ്കിലും തന്റെ ജ്ഞാനാന്വേഷണ വഴിയിൽ അതും സ്വായത്തമാക്കിയിരുന്നു അദ്ദേഹം. അറബിയിൽ ഗ്രന്ഥരചന നടത്തിയ ഒരാളെ സംബന്ധിച്ചിടത്തോളം ഭാഷാ പരിജ്ഞാനം അദ്ദേഹത്തിന്റെ അടിസ്ഥാന ഗുണമായിരിക്കണം. പക്ഷേ വൈയാകരണൻ എന്നോ ഭാഷാപണ്ഡിതനെന്നോ അദ്ദേഹം അറിയപ്പെട്ടിരുന്നില്ല. ദാർശനികൻ, വൈദ്യൻ, തത്ത്വജ്ഞാനി എന്നീ നിലകളിലായിരുന്നു പ്രശസ്തി.
ഇബ്‌നുസീന ഹമദാനിൽ അമീർ അലാഉദ്ദീന്റെ സദസ്സിലിക്കെ ഭാഷാപരമായൊരു ചർച്ച വന്നു. ഇബ്‌നുസീന അതിലിടപെട്ടു സംസാരിച്ചപ്പോൾ സദസ്സിലുണ്ടായിരുന്ന പ്രസിദ്ധ ഭാഷാപണ്ഡിതനും സാഹിത്യകാരനും ഗ്രന്ഥകാരനുമായ അബൂമൻസ്വൂർ അൽജുബാൻ തടസ്സം പിടിച്ചു: ‘നിങ്ങൾ തത്ത്വജ്ഞാനിയായിരിക്കാം. പക്ഷേ ഭാഷാ കാര്യങ്ങളിലിടപെടാൻ എന്തു യോഗ്യതയാണ് നിങ്ങൾക്കുള്ളത്?’ ഇത് അക്ഷരാർത്ഥത്തിൽ ഇബ്‌നുസീനയെ നിശ്ശബ്ദനാക്കി. അന്നദ്ദേഹം ഒരു തീരുമാനമെടുത്തു. ഭാഷാ വിജ്ഞാത്തിലും അവഗാഹം നേടുക തന്നെ!
ആ വാശിയോടെ മൂന്ന് വർഷക്കാലം ഭാഷ-വ്യാകരണശാസ്ത്ര ഗ്രന്ഥങ്ങൾ പാരായണം ചെയ്തു. അബൂമൻസ്വൂർ അൽഅസ്ഹരിയുടെ പ്രസിദ്ധമായ തഹ്ദീബുല്ലുഗാത് എന്ന ഗ്രന്ഥം അതിൽ പ്രധാനപ്പെട്ടതാണ്. പതിനഞ്ച് വാല്യങ്ങളും ആയിരക്കണക്കിന് പേജുകളുമുള്ള ബൃഹത്തായ ഗ്രന്ഥം. മൂന്ന് വർഷക്കാലം കൊണ്ട് ഭാഷാ വിജ്ഞാനത്തിലും നിസ്തുലമെന്നു പറയാവുന്ന നിലവാരത്തിൽ അദ്ദേഹമെത്തി. ഈ തപസ്യയുടെ ഫലമായി മൂന്ന് പദ്യ കൃതികളും മൂന്ന് ലഘുകൃതികളും രചിച്ചു. അവ അമീറിനെ ഏൽപിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ‘അബൂമൻസ്വൂറിനെ വിളിച്ച് ഈ കൃതികൾ കാണിച്ചാലും. മരുപ്രദേശത്ത് വേട്ടക്കായി സഞ്ചരിക്കുമ്പോൾ കണ്ടുകിട്ടിയതാണെന്ന് പറഞ്ഞാൽ മതി.’ അങ്ങനെ അമീർ അബൂമൻസ്വൂറിനെ വരുത്തി. കൃതികൾ കൈമാറി. അത് പാരായണം ചെയ്ത അദ്ദേഹത്തിന് പക്ഷേ മുഴുവനായി മനസ്സിലായില്ല. തനിക്കു ഗ്രഹിക്കാനാവാത്ത ധാരാളം പദങ്ങളും തത്ത്വങ്ങളും അതിലുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. വിശദീകരിക്കാൻ പ്രയാസപ്പെടുകയും ചെയ്തു. ഈ സന്ദർഭത്തിൽ ഇബ്‌നുസീന ഇടപെട്ടു. ഓരോ പദവും ഇന്നയാളുടെ ഇന്ന കിതാബിൽ ഇന്ന സ്ഥലത്ത് പറഞ്ഞിട്ടുണ്ടെന്നു വിശദീകരിച്ചു. അദ്ദേഹം പറഞ്ഞവസാനിപ്പിച്ചപ്പോൾ ഇത് ഇബ്‌നുസീനയുടെ രചനകളാണെന്ന് അബൂമൻസ്വൂറിനു മനസ്സിലായി. അദ്ദേഹം തന്റെ പഴയ നിലപാടിൽ ഖേദം പ്രകടിപ്പിച്ചു. ശേഷം ഇബ്‌നുസീന ലിസാനുൽ അറബ് എന്ന പേരിൽ ബൃഹത്തായൊരു ഭാഷാഗ്രന്ഥം രചിച്ചെങ്കിലും അത് ഇന്നു ലഭ്യമല്ല (തതിമ്മതു സ്വവാനിൽ ഹിക്മ).
ഇബ്‌നുസീനയുടെ പഠന കാലത്തെ പോലെ അനുകൂലമായിരുന്നില്ല തുടർന്നുള്ള കാലം. പരീക്ഷണങ്ങളുടെയും സങ്കീർണതകളുടെയും ഘട്ടമായിരുന്നു അത്. പിതാവിന്റെ മരണവും സ്വന്തം നാട്ടിൽ നിന്നുള്ള പലായനവും അസൂയാലുക്കളുടെ കുബുദ്ധികളും അദ്ദേഹത്തെ തളർത്തിയില്ലെങ്കിലും ഏറെ വിഷമിപ്പിച്ചു. അധ്യാപനവും ചർച്ചകളും ഗ്രന്ഥരചനയും ചികിത്സാ സേവനവുമായി ശേഷിച്ച കാലം അദ്ദേഹം വിനിയോഗിച്ചു. വ്യത്യസ്ത വിജ്ഞാനശാഖകളിൽ ധാരാളം ഗ്രന്ഥങ്ങൾ ആ തൂലികയിൽ വിരിഞ്ഞു. അൽഖാനൂൻ വൈദ്യശാസ്ത്രത്തിലെ അവലംബകൃതിയായി ഇന്നും ഗണിക്കപ്പെടുന്നു. മതപരമായ വീക്ഷണത്തിൽ അദ്ദേഹത്തോട് ഇസ്‌ലാമിക പ്രമാണങ്ങൾക്ക് നൂറു ശതമാനം യോജിക്കാനാവില്ല. പ്രമുഖ ഇമാമുകൾ വിവരിച്ചതാണിത്. ഇബ്‌നുസ്സ്വലാഹ്(റ)യും ഇബ്‌നുഹജരിനിൽ അസ്ഖലാനി(റ)യും മറ്റും ഇതു വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ നിസ്തുലനായ ശാസ്ത്രപ്രതിഭ എന്ന നിലയിൽ അദ്ദേഹത്തെ ലോകം എന്നും പരിഗണിച്ചുപോരുന്നു.