Imam Boosweeri R - Malayalam article

പ്രവാചകസ്‌നേഹ പ്രകീർത്തന കാവ്യശാഖയിൽ നിത്യവസന്തം സമ്മാനിച്ച് വിശ്വാസിമാനസങ്ങളിൽ ഇടംനേടിയ വിശ്വപ്രശസ്ത പണ്ഡിതനും പ്രവാചകാനുരാഗിയുമാണ് ഇമാം ബൂസ്വീരി(റ). ശറഫുദ്ദീൻ മുഹമ്മദ്ബ്‌നു സഈദിബ്‌നി ഹമ്മാദിസ്സ്വിൻഹാജീ അൽബൂസ്വീരി അദ്ദിലാസ്വീ എന്നാണ് മുഴുവൻ പേര്. മൊറോക്കോയിലെ പ്രശസ്തമായ ഗോത്രമാണ് സ്വിൻഹാജ. അതിലേക്ക് ചേർത്തിയാണ് സ്വിൻഹാജി എന്നറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ പൂർവികർ മൊറോക്കോയിൽ നിന്ന് മിസ്വ്‌റിൽ വന്നു താമസമാക്കുകയായിരുന്നു. ഈജിപ്തിലെ ബൂസ്വീറ എന്ന സ്ഥലത്താണ് പിതാവ് താമസിച്ചത്. അതിലേക്ക് ചേർത്തി ബൂസ്വീരി എന്നു വിളിക്കപ്പെട്ടു. ദിലാസ്വിലായിരുന്നു അദ്ദേഹത്തിന്റെ മാതാവിന്റെ വീട്. അതിലേക്ക് ചേർത്ത് ദിലാസ്വ എന്നും വിളിച്ചു. എന്നാൽ ഇമാം ബൂസ്വീരി(റ) എന്ന പേരിലാണ് പ്രസിദ്ധനായത്. ഹിജ്‌റ 608 ശവ്വാൽ മാസം ആദ്യത്തിൽ മാതാവിന്റെ നാടായ ദിലാസ്വിലായിരുന്നു ജനനം. തൊട്ടടുത്ത പ്രദേശമായ ബഹ്ശമിലായിരുന്നുവെന്നഭിപ്രായപ്പെട്ടവരുമുണ്ട്.

 

വിദ്യാഭ്യാസം

പ്രാഥമിക പഠനം നാട്ടിൽവച്ച് മാതാപിതാക്കളുടെ മേൽനോട്ടത്തിലായി നടന്നു. ചെറുപ്പത്തിലേ ഖുർആൻ മനഃപാഠമാക്കി. പരിസരത്തെ ഒരു പള്ളിയിൽവച്ചായിരുന്നു അന്നു മതപഠനം. ശേഷം വ്യാകരണവും ഭാഷയും കാവ്യശാസ്ത്രവും പഠിക്കാനാരംഭിച്ചു. പിന്നീട് കൈറോയിൽ ശൈഖ് അബ്ദുള്ളാഹിർ എന്ന ഗുരുനാഥനരികിൽ ചെന്നു. ‘ലൈത ശിഅ്‌രി’ എന്നു തുടങ്ങുന്ന കവിത തന്റേതായൊരു പരിഭവം പറയാനായി രചിച്ചതാണെന്ന് ബൂസ്വീരി കവിതകളെ കുറിച്ചു പഠനം നടത്തിയവർ രേഖപ്പെടുത്തിയിട്ടുണ്ട്. ദീവാനുൽ ബൂസ്വീരിയുടെ സംശോധകൻ പ്രസിദ്ധ സാഹിത്യകാരൻ മുഹമ്മദ് സയ്യിദ് കീലാനി അതിന്റെ ആമുഖത്തിൽ ഈ പള്ളിയിലെ പഠനാനുഭവം രേഖപ്പെടുത്തിയതു കാണാം.

അൽമലികുസ്വാലിഹ് നജ്മുദ്ദീനിൽ അയ്യൂബി, ബഹാഉദ്ദീൻ അൽമുസ്‌റദീ എന്നയാളെ മൂവായിരം ദീനാർ ഏൽപിച്ച് മതവിദ്യാർത്ഥികൾക്കിടയിൽ വിതരണം ചെയ്യാൻ കൽപിച്ചു. പക്ഷേ ഒരു വിഹിതം പോലും ശൈഖ് അബ്ദുള്ളാഹിറിന്റെ വിദ്യാർത്ഥികൾക്ക് ലഭിച്ചില്ല. ഇക്കാര്യം രാജാവിനെ അറിയിക്കാനായി എഴുതിയതായിരുന്നു പ്രസ്തുത കവിത. ആ രചനയിൽ നിന്നു മനസ്സിലാകുന്നതനുസരിച്ച് ആയിരത്തി ഇരുന്നൂറ് വിദ്യാർത്ഥികളാണ് മസ്ജിദ് അബ്ദിള്ളാഹിറിലല്ലാതെ അന്ന് കൈറോയിൽ പഠിക്കുന്നത്. ഓരോ വിദ്യാർത്ഥിക്കും ഒന്നേക്കാൽ ദീനാർ വീതം 1500 ദീനാർ വിതരണം ചെയ്യപ്പെട്ടു. ബാക്കി 1500 വിതരണക്കാരൻ സ്വന്തമാക്കിയിരിക്കണം. താനടക്കം ശൈഖ് അബ്ദുള്ളാഹിറിന്റെ മസ്ജിദിലുള്ളവർക്ക് അത് നിഷേധിക്കപ്പെട്ടത് ദാരിദ്ര്യത്തിന്റെ മൂർധന്യതയിൽ അദ്ദേഹത്തെ വിഷമത്തിലാക്കി. അതിനെ കുറിച്ച് പരിഭവം പറഞ്ഞ് നാടുവാഴിക്കെഴുതിയ കവിത തുടങ്ങുന്നതിങ്ങനെ: റഹ്മാനുമായി ബന്ധമുള്ള ഞാനല്ലാത്തവർക്കെല്ലാം നൽകി തനിക്കു മാത്രം നിഷേധിച്ചതെന്താണെന്നറിഞ്ഞെങ്കിൽ. ഖുർആൻ പഠിതാക്കളായ ഒരുകൂട്ടം എന്റെ അടുത്തുണ്ടായിരിക്കെ ഞാനതിന് അവകാശിയല്ലെന്ന് അങ്ങേക്ക് തോന്നുന്നുവോ? അതോ ഓരോ നിസ്‌കാരാനന്തരവും ഞാൻ സുൽത്വാന്റെ രാഷ്ട്രത്തിനായി പ്രാർത്ഥിക്കുന്നതു കൊണ്ടാണോ? എന്തു കാരണത്താലാണ് സുൽത്വാന്റെ ദാനം മറ്റൊരിടത്ത് തടഞ്ഞത്? (ഖസീദതുലൈതശിഅ്‌രി, ജമീഉ ദവാവീനുശ്ശിഅ്‌രിൽ അറബി അലാ മർറിൽ ഉസ്വൂർ 9).

ചിലർ നടത്തിയ അഴിമതിക്കെതിരെയുള്ള പ്രതിഷേധം കൂടിയായിരുന്നു ഈ രചനയിൽ മഹാൻ പ്രകടിപ്പിച്ചത്. വിദ്യാർത്ഥി ജീവിതത്തിലായിരുന്നു ഇത്. ശേഷം ഔദ്യോഗിക ജീവിതത്തിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങളും സമകാല ദുഷ്പ്രവണതകളും മറ്റു കവിതകളിൽ അദ്ദേഹം രേഖപ്പെടുത്തിയത് കാണാം.

കൈറോയിലെ പ്രാഥമിക പഠനത്തിന്റെ രണ്ടാം ഘട്ടത്തിൽ തന്നെ കാവ്യ രചന ഇമാം ബൂസ്വീരി(റ) ആരംഭിച്ചു. കൈറോയിൽ മറ്റു പലരിൽ നിന്നായി വിവിധ വിജ്ഞാന ശാഖകൾ അഭ്യസിക്കാനും അവസരമുണ്ടായി. സീറയും ചരിത്രവും പഠിക്കുന്നതിലും പരതുന്നതിലും മഹാൻ വലിയ താൽപര്യം പ്രകടിപ്പിച്ചു. സയ്യിദ് കീലാനി എഴുതി: ‘മതജ്ഞാനം, ഭാഷ, വ്യാകരണം, കാവ്യശാസ്ത്രം, സാഹിത്യം, ഇസ്‌ലാമിക ചരിത്രം, വിശേഷിച്ച് തിരുനബി ചരിത്രം എന്നിവ അദ്ദേഹം മസ്ജിദ് അബ്ദുല്ലാഹിരിൽ നിന്നാണഭ്യസിച്ചത്.’

എഴുത്ത് കലയിൽ നിപുണനായിരുന്ന അദ്ദേഹം അത് പഠിച്ചത് ഇബ്‌റാഹീമുബ്‌നു അബീ അബ്ദില്ലാഹിൽ മിസ്വ്‌രിയിൽ നിന്നാണ്. ആയിരക്കണക്കിനാളുകൾ അദ്ദേഹത്തിൽ നിന്ന് എഴുത്തഭ്യസിച്ചിട്ടുണ്ട്. ആദ്യമായി ചെയ്ത ജോലിയും എഴുത്തു തന്നെ. തസ്വവ്വുഫിലും എഴുത്ത് കലയിലും പ്രാഥമിക പാഠങ്ങളിലെയും ഗുരുനാഥർ പ്രസിദ്ധരാണ്. എന്നാൽ മറ്റു വിഷയങ്ങളിൽ ഗുരുക്കന്മാരാരായിരുന്നുവെന്നത് അത്ര വ്യക്തമല്ല.

പ്രസിദ്ധ അറബി സാഹിത്യ ചരിത്ര ഗ്രന്ഥകാരനായ ലബ്‌നാനീ പണ്ഡിതൻ രേഖപ്പെടുത്തി: ബൂസ്വീരി കർമശാസ്ത്ര പണ്ഡിതനും എഴുത്തുകാരനും കലാകാരനും ഗണിതജ്ഞനും കവിയുമെല്ലാമാണ്. പ്രസിദ്ധനായത് കവിതയിലാണെന്നു മാത്രം. പ്രത്യേകിച്ചും നബി(സ്വ)യെ കുറിച്ചുള്ള പ്രകീർത്തന കാവ്യങ്ങൾ. പുതിയ-പഴയ നിയമ ബൈബിളുകളും മറ്റു ജൂത-ക്രൈസ്തവ ഗ്രന്ഥങ്ങളും ധാരാളമായി വായിക്കാറുണ്ടായിരുന്ന അദ്ദേഹം അവരുടെ ഇസ്‌ലാം വിരുദ്ധ വാദങ്ങളെ ഖണ്ഡിക്കുമായിരുന്നു. അദ്ദേഹത്തിന്റെ കവിതകളിലും അതിനു താൻ തന്നെ തയ്യാറാക്കിയ ടിപ്പണികളിലും ഇതു കാണാം (താരീഖുൽ അദബിൽ അറബി).

 

യാത്രകൾ

ഇമാം ബൂസ്വീരി(റ)യുടെ ആദ്യകാല കവിതകളിൽ യാത്രകൾ പരാമർശിച്ചതു കാണാം. പ്രത്യേകിച്ച് ഹജ്ജ് യാത്രാമോഹവും മദീനാ സന്ദർശനാഗ്രഹവും. ‘ജനാബകി മിൻഹു തുസ്തഫാദു’ എന്ന് തുടങ്ങുന്ന അൽഖസ്വീദതുദ്ദാലിയ്യയിൽ മിസ്വ്‌റിൽ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദത്തുന്നഫീസതുൽ മിസ്വ്‌രിയ്യ(റ)യോട് പ്രത്യേകമായും അഹ്‌ലുബൈത്തിനോട് പൊതുവെയും ഇക്കാര്യത്തിൽ സഹായം തേടുന്നുണ്ട്. ഒന്നാം ഖണ്ഡത്തിൽ ഇട തേട്ടമാണ്. തുടർന്ന് ഇലാഹീ അലാകുല്ലിൽ ഉമൂരി ലകൽ ഹംദ് എന്നു തുടങ്ങുന്ന ഖണ്ഡത്തിൽ അല്ലാഹുവിനോടുള്ള പ്രാർത്ഥനയാണ്. എന്നിട്ട് നബി(സ്വ)യെ മദ്ഹ് ചെയ്യുന്നു. റസൂൽ(സ്വ)യെ കൊണ്ട് വിശുദ്ധ മണ്ണിനുണ്ടായ സൗഭാഗ്യവും സംരക്ഷണവും അനുസ്മരിക്കുന്നു. ശേഷം അവിടുന്ന് അന്തിയുറങ്ങുന്ന മണ്ണിനോടുള്ള ഇശ്ഖും അതിന്റെ മാസ്മരിക പ്രഭാവവും സഹചാരികളുടെ മഹത്ത്വവും വർണിക്കുന്നു. പിന്നെ മനസ്സിലെ അദമ്യമായ മോഹം പുറത്തെടുക്കുകയാണ്.

ഈ ഘട്ടമെത്തുമ്പോൾ കവി നബി(സ്വ)യെ അഭിസംബോധന ചെയ്യുന്ന തലത്തിലേക്ക് നയിക്കപ്പെടുന്നതു കാണാം. ഇശ്ഖ് നിറഞ്ഞുകവിഞ്ഞവർ ഖൽബിൽ പുണ്യറസൂലിന്റെ സാന്നിധ്യം/സാമീപ്യം അനുഭവിക്കുന്നതായാണ് പ്രയോഗം. ‘ഓ റസൂലരേ, എന്റെ സ്‌നേഹാധിക്യത്താൽ ഞാൻ പറഞ്ഞുപോകുന്നതിന് അങ്ങു മാപ്പു തരണേ. അങ്ങയോടുള്ള സ്‌നേഹമാണെൻ വാക്കുകൾക്ക് ശക്തി-മാർദവങ്ങൾ നൽകുന്നത്.’ നബിപൗത്രന്മാരെയും കുടുംബത്തെയും മുൻനിർത്തി തുടരുന്നു: ‘അല്ലാഹുവിന്റെ റസൂലേ, കൺകുളിർമയും മനം നിറവും നൽകുന്ന സ്‌നേഹ സാമീപ്യം അങ്ങെനിക്ക് ഉദാരമായി തരണേ. വാഹന യാത്രയും കാൽനട യാത്രയും എന്നെ അങ്ങയുടെ ദർബാറിലെത്തിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.’

മദീനയോടുള്ള അനുരാഗം പൂത്തുനിൽക്കുന്ന ഹൃദയവുമായി കഴിയുന്ന ബൂസ്വീരി(റ)ക്ക് മറ്റൊരു കവിതാരചനയുടെ സമയത്താണ് ഹിജാസ് യാത്രാ സാഹചര്യമൊരുങ്ങിയതെന്ന് കവിതയിലെ വരികൾ സൂചിപ്പിക്കുന്നു. അദ്ദേഹം കുറിച്ചു: ‘തിരുസവിധത്തിലേക്കണയാനെനിക്ക് പ്രതിബന്ധമായിരുന്ന ചങ്ങലകൾ ഞാനിതാ പൊട്ടിച്ചെറിഞ്ഞിരിക്കുന്നു. അതിനായി ഞാനെന്റെ കണ്ണുകളെ നിദ്രാവിഹീനമാക്കും.  ഉറക്കമിളക്കാൻ തയ്യാറുള്ളവരെ സഹയാത്രികരാക്കുകയും ചെയ്യും.’ മുൻവേദക്കാരെ ഖണ്ഡിക്കുന്ന കവിതാ വിഭാഗത്തിന്റെ അവസാന ഖണ്ഡത്തിലാണിതുള്ളത്.

ദീർഘ നാളത്തെ സ്വപ്നം സഫലമായ രംഗം ‘സാറതിൽ ഈസ’ എന്ന കവിതയിൽ വിവരിക്കുന്നു. കാറ്റിന്റെ വേഗതയിലെന്ന പോലെ നഗ്നപാദരായി അനുരാഗപൂർവം സഞ്ചരിക്കുകയാണ് വാഹനങ്ങളായ ഒട്ടകങ്ങളെന്നാണു കവി വർണന.

‘വഫാക ബിദൂൻ ബിൽ അളീമുൽ മുദിനിബ്’ എന്ന കവിതയിൽ തിരുസവിധത്തിലെത്തിയ നിർവൃതിയുടെ അംശമുണ്ട്. മഹാപാപങ്ങളുമായി കൊടുംപാപി മനഃസാക്ഷിക്കുത്തോടെ മാപ്പുസാക്ഷിയായും ലജ്ജാലുവായും ഇതാ വന്നിരിക്കുന്നു എന്നാണതിന്റെ തുടക്കം. കുറ്റസമ്മതത്തിന്റെ ഇടനിലക്കാരനായി തിരുനബിയെ നിറുത്തിയാണ് കവിതാപ്രവാഹം. തിരുദൂതരെ ഇടനിലക്കാരനാക്കിയാൽ നിരാശപ്പെടേണ്ടിവരില്ല എന്ന സത്യം ആത്മഗതം ചെയ്ത് പൂർവകാല ചാപല്യങ്ങൾക്ക് പ്രായശ്ചിത്തം കാണുകയാണ് കവി. നബി(സ്വ)യെ സംബോധന ചെയ്ത് കവി പറയുന്നു: ‘മൃതമാനസങ്ങളെ സജീവസമൃദ്ധമാക്കുന്ന അങ്ങയുടെ ഉദാരഗുണങ്ങളെ പാനം ചെയ്യാൻ ഞാനിതാ വന്നിരിക്കുന്നു. മാതാപിതാക്കളെ പ്രതീക്ഷിക്കാനില്ലാത്ത അന്ത്യനാളിലും പ്രതീക്ഷയായുള്ളവരേ, മഹാദുഃഖങ്ങളകറ്റുന്ന, വർധിതാനുഗ്രഹങ്ങൾ ചൊരിയുന്നവരേ, അങ്ങയിലേക്കാണെൻ അഭയം.’

 

പ്രവാസം

കാർൽ ബ്രോക്കൽമാൻ തന്റെ അറബ് സാഹിത്യ ചരിത്രം എന്ന പുസ്തകത്തിൽ ഇമാം ബൂസ്വീരി(റ)യുടെ പ്രവാസകാലം രേഖപ്പെടുത്തിയിട്ടുണ്ട്. ‘ഖുദ്‌സിലും മദീനയിലുമായി അദ്ദേഹം പത്തു വർഷം താമസിച്ചു. മക്കയിൽ പതിമൂന്ന് വർഷക്കാലം ഖുർആൻ അധ്യാപകനായി സേവനം ചെയ്തു (താരീഖുൽ അദബിൽ അറബി).

മൊത്തം 23 വർഷക്കാലം നാട്ടിൽ നിന്നകന്ന് ഖുർആൻ പഠിപ്പിച്ചും വിജ്ഞാനം നുകർന്നും കഴിഞ്ഞു. കുരിശുയുദ്ധങ്ങൾ വരുത്തിവച്ച നാശനഷ്ടങ്ങളും ഉദ്യോഗസ്ഥൻമാരുടെ സാമ്പത്തിക ക്രമക്കേടുകളും ഈജിപ്തിന്റെ ദുഃഖമായിരുന്ന കാലത്താണ് ഇമാം ബൂസ്വീരി(റ) ജീവിക്കുന്നത്. ഹിജ്‌റാബ്ദം ഏഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജനിച്ച് ഒടുക്കത്തിലായിരുന്നു അദ്ദേഹത്തിന്റെ മരണം. ഈ സാഹചര്യങ്ങളെല്ലാം ബൂസ്വീരി(റ)യെ ഗുണപരമായി സ്വാധീനിച്ചതായി കാണാം. കുരിശു യുദ്ധത്തിന്റെ പശ്ചാത്തലം ക്രൈസ്തവതയെയും ജൂതമതത്തെയും പറ്റി പഠിക്കാൻ പ്രചോദനമായി. സാമ്പത്തിക അഴിമതികൾക്കെതിരെ തന്റെ കാവ്യാസ്ത്രങ്ങൾ തൊടുത്തുവിടാനും അത്‌വഴി സാഹചര്യത്തിന്റെ സന്തതിയാകാതെ സമരജീവിതം അടയാളപ്പെടുത്താനും കഴിഞ്ഞു. അതോടൊപ്പം ഭൗതിക തൃഷ്ണകളെ തൃണവൽഗണിച്ച് ആത്മീയ സരണിയിൽ പ്രവേശിക്കാനും കളമൊരുങ്ങി.

 

ആത്മീയ സരണി

ശാദുലി ത്വരീഖത്തിന്റെ ഭാഗമായാണ് ഇമാം തന്റെ ആത്മിക ജീവിതം ചിട്ടപ്പെടുത്തിയത്. ഏഴാം നൂറ്റാണ്ട് ഈജിപ്തിനെ സംബന്ധിച്ചിടത്തോളം സ്വൂഫീ സാരഥികളുടെ സാന്നിധ്യം കൂടുതലുണ്ടായ ഘട്ടമാണ്. ഇബ്‌റാഹീമുദ്ദസൂഖി (653-696), അബുൽഹസനിശ്ശാദുലി (571-656), അഹ്മദുൽ ബദവി (596-675) തുടങ്ങിയവർ അന്നത്തെ പ്രധാനികളായ ആത്മീയ ഗുരുക്കന്മാരായിരുന്നു. മുൻകാലങ്ങളെ അപേക്ഷിച്ച് തസ്വവ്വുഫിന് കൂടുതൽ പ്രചാരണം സിദ്ധിച്ചതും ഏഴാം നൂറ്റാണ്ടിലാണ്. ആത്മീയതയിലും വിജ്ഞാനത്തിലും അധിഷ്ഠിതമായ ഗുരുക്കൻമാരുടെ സേവനപരിചരണങ്ങൾ ഈജിപ്തിന് മതപരമായ നവോന്മേഷം സമ്മാനിച്ചു. ജനങ്ങളിൽ സ്വാധീനം നേടാനും അവരെ സംസ്‌കരിക്കാനും ആത്മീയ സാരഥികൾക്കെന്നുമായതാണ് ചരിത്രം.

ഇമാം ബൂസ്വീരി(റ) ആദ്യകാലത്ത് ഭരണകൂടത്തിന്റെ ചില്ലറ ജോലികൾ സ്വീകരിച്ചിരുന്നു. അതിനാൽ അന്നൊന്നും ആത്മീയ സരണിയുമായി കൂടുതൽ അടുത്ത ബന്ധം സ്ഥാപിക്കാനായിരുന്നില്ല. എന്നാൽ താനാർജിച്ച വിജ്ഞാനവും ആത്മാവിൽ അലിഞ്ഞുചേർന്ന നബിസ്‌നേഹവും അദ്ദേഹത്തെ ഔദ്യോഗിക ജീവിതത്തിന്റെ ദുഃസ്വാധീനങ്ങളിൽ നിന്ന് സംരക്ഷിച്ചു.

ഹജ്ജും സിയാറത്തും ഹിജാസ്-ഖുദ്‌സ് വാസവും കഴിഞ്ഞ് തിരിച്ചുവന്ന അദ്ദേഹത്തിൽ കൂടുതൽ മാറ്റങ്ങൾ ദൃശ്യമായി. ദാരിദ്ര്യം കാരണമാണ് അൽപകാലം സർക്കാർ ജോലിയിലേർപ്പെട്ടിരുന്നതെങ്കിലും അതിൽ തുടരാൻ മനഃസാക്ഷിയനുവദിച്ചില്ല. ആത്മീയ സരണിയിലേക്ക് കൂടുതൽ അടുക്കാൻ ഹൃദയം തിടുക്കപ്പെട്ടു. അബൂഅലി അൽഹസനുൽഫാസി അൽമഗ്‌രിബി രേഖപ്പെടുത്തുന്നു: തസ്വവ്വുഫിലേക്ക് ആകൃഷ്ടനായ അദ്ദേഹം അതിലേക്ക് പൂർണമായി തിരിഞ്ഞു. അബുൽ അബ്ബാസിൽ മുർസി(ഖു.സി)വിന്റെ കരം പിടിച്ചാണ് തസ്വവ്വുഫിൽ പ്രവേശിച്ചത്. ആത്മജ്ഞാനത്തിന്റെ രഹസ്യങ്ങളും യാഥാർത്ഥ്യങ്ങളും അദ്ദേഹത്തിൽ നിന്നു കരഗതമാക്കി. അതിന്റെ അടയാളങ്ങൾ ജീവിതത്തിൽ കാണപ്പെട്ടു. വിലായത്തിന്റെ സൂചനകളും ഹിദായത്തിന്റെ ലക്ഷണങ്ങളും പ്രകടമായിക്കൊണ്ടിരുന്നു. ജനങ്ങൾ മഹാനെ ആദരവോടെ വീക്ഷിച്ചുതുടങ്ങി. ആത്മീയ ദാഹികൾ അദ്ദേഹത്തെ തേടിയെത്താനാരംഭിച്ചു. ഈമാനിന്റെ മഹത്ത്വവും ഗാംഭീര്യവും പ്രത്യക്ഷമായി തന്നെ ഇമാമിൽ അനുഭവവേദ്യമായി (ത്വബഖാതുശ്ശാദുലിയ്യ).

ഇമാം ബൂസ്വീരി(റ) തന്നെ തന്റെ ത്വരീഖത്ത് പ്രവേശനത്തെ കുറിച്ച് അമ്മൽ മഹബ്ബത്തു ഫഹിയ ബദ്‌ലുന്നുഫൂസി എന്നു തുടങ്ങുന്ന കവിതയിൽ പറഞ്ഞിട്ടുണ്ട്. ആത്മീയ മാറ്റത്തിന്റെ ചിത്രമാണ് ആ കാവ്യം വരച്ചിടുന്നത്. ശാദുലി ത്വരീഖത്തിനും മർസി വഴിക്കും അത്യാദരണീയമായ നേതൃപദവിയുടെ മഹത്ത്വമുണ്ട്. ആ ഇരുസരണികളുടെയും രണ്ട് ശൈഖുമാരിലേക്കെന്നെ ചേർത്തി പറഞ്ഞത് ഞാനവരെ കുറിച്ച് നവവരനെ വ്യക്തമായി കാണുംപ്രകാരം കണ്ടിട്ടു മാത്രമാണ് (ദീവാനുൽ ബൂസ്വീരി).

 

സമരം ജീവിതം

സാഹചര്യങ്ങളോട് രാജിയാവാൻ എളുപ്പമാണ്. അതിനോട് സമരം ചെയ്യാൻ ആദർശധീരന്മാർക്കേ സാധിക്കൂ. ഇമാം ബൂസ്വീരി(റ)യുടെ കാലത്തെ സാമ്പത്തിക ക്രമക്കേടുകൾ സൂചിപ്പിച്ചല്ലോ. ഔദ്യോഗിക വൃത്തികളിലുള്ളവർ പൊതുവെ സാമൂഹിക നീതിയും കർത്തവ്യ ബോധവും പാലിക്കാത്തവരായിരുന്നു. ഇമാം ബൂസ്വീരി(റ) ഇതിനെതിരെ പ്രതികരിക്കുക മാത്രമല്ല വ്യവസ്ഥകളോടൊത്തു പോകാനാവാതെ സർക്കാർ ജോലി രാജിവെക്കുകയും ചെയ്തു. അതിലേക്ക് വിരൽ ചൂണ്ടുന്ന കവിതകളാണ് ‘നഖദ്ത്തുത്വവാഇഫൽ മുസ്തഖ്ദമീന’. ഇതിൽ അദ്ദേഹം ഉദ്യോഗസ്ഥന്മാരുടെ വഴിവിട്ട സഞ്ചാരങ്ങളും അതിന് പണം കണ്ടെത്താൻ സ്വീകരിക്കുന്ന അഴിമതികളെയും എണ്ണിപ്പറയുന്നുണ്ട്. കേവലം ഭാവനാവിലാസമാകാനോ അതിശയോക്തിപരമാകാനോ സാധ്യതയില്ല എന്നാണതിനെ കുറിച്ച് നിരൂപകർ രേഖപ്പെടുത്തിയത്. ഡോ. സകീമുബാറക് എഴുതി: ഏഴാം നൂറ്റാണ്ടിലെ ബുദ്ധിമാനായ ഈജിപ്ഷ്യൻ കവിയാണ് ഇമാം ബൂസ്വീരി(റ). കൗതുകകരമായ വസ്തുതകൾ അദ്ദേഹത്തിന്റെ കവിതകളിൽ കാണാം. തന്റെ ആവലാതികളറിയിക്കുന്നതും അഴിമതിക്കാരായ ഉദ്യോഗസ്ഥന്മാരെ ആക്ഷേപിക്കുന്നതുമായ കവിതകൾ അദ്ദേഹത്തിനുണ്ട്. അക്കാലത്തെ സാമൂഹിക സ്ഥിതിയെ കുറിച്ച് വിവരിക്കുന്നതാണ് ആ കവിതകൾ. ആ പരാമർശങ്ങളെല്ലാം പരമാർത്ഥങ്ങളാണെന്നു തന്നെയാണ് എന്റെ പക്ഷം. ഉദ്യോഗസ്ഥന്മാർ പൊതുവെ ഖജനാവിലേക്കുള്ള വരവുകൾ തട്ടിയെടുക്കുന്നുവെന്നും അതുകൊണ്ടാണവർ പട്ടിൽ തീർത്ത ആഡംബര വസ്ത്രങ്ങളണിയുന്നതെന്നും കവിത പറയുന്നു. ചില ഉദ്യോഗസ്ഥർ ആത്മീയതയുടെ വേഷം സ്വീകരിച്ച് തന്നെ അവിഹിതമായി സമ്പത്ത് കൈവശപ്പെടുത്തുന്നു. അനാഥകളുടെ സ്വത്ത് പോലും ഭക്ഷിക്കുന്നു. ജഡ്ജിമാർവരെ വിശ്വാസവഞ്ചന കാണിക്കുന്നു. ഞങ്ങൾ ഞങ്ങളുടെ അവകാശമാണ് പറ്റുന്നതെന്നാണ് ഒരു കൂട്ടരുടെ ധാർഷ്ട്യം. ഞങ്ങളുടെ അവകാശവും അധികാരവും മറ്റുള്ളവർ തട്ടിയെടുക്കുകയാണെന്ന് മറ്റൊരു വിഭാഗം. എല്ലാവരുടേതും വിവേചനമില്ലാതെ അടിച്ചുമാറ്റുന്നവർ വേറെയും. ഇതിലേക്കെല്ലാം ‘നഖ്ദതു ത്വവാഇഫൽ മുസ്തഖ്ദമീന’ എന്ന കവിത വിരൽ ചൂണ്ടുന്നു (അൽമദാഇഹുന്നബവിയ്യ). ഇത്തരം കാര്യങ്ങളുണർത്തി രാജാവിന് താനെഴുതിയ കവിതയാണ് ‘സനാഉക മിൻ റൗളിൽ ഹമാഇലി അഅ്ത്വറു’ എന്നു തുടങ്ങുന്ന ‘അൽഖസ്വീദതുർറാഇയ്യ’. അഴിമതിക്കെതിരെ ഭരണകൂടത്തെ ധരിപ്പിക്കുന്ന ഇമാം വർത്തമാന കാലത്തെ സാമൂഹിക പ്രവർത്തകർക്ക് മാതൃക പകരുന്നു.

 

ആത്മവിലാപം

തന്റെ ജീവിതദുരിതങ്ങളും മേലുദ്യോഗസ്ഥരുടെ സമീപനങ്ങളും ശ്രദ്ധയിൽപെടുത്തുന്ന കവിതകളുമുണ്ട്. ‘ഇലൈക നശ്കൂ ഹാലനാ ഇന്നനാ’ എന്നാരംഭിക്കുന്ന കാവ്യം ഇത്തരത്തിലൊന്നാണ്. ഇതിൽ സ്വന്തം പ്രാരാബ്ദങ്ങളും അതുകാരണം കുടുംബം അനുഭവിക്കുന്ന പ്രയാസങ്ങളും വിവരിക്കുന്നതു കാണാം. താനൊരു ദരിദ്രനാണെന്ന് തുറന്നു പറയുന്നു അദ്ദേഹം. ഈ പ്രശ്‌നച്ചുഴിയിൽ കുടുംബജീവിതം അത്ര സുഖകരമായിരുന്നില്ലെന്ന് ‘അർറിജ്ബിറാമത ഇന്നഹാല മറാമീ’ എന്ന കവിതയിൽ വ്യക്തമാക്കുന്നു.

ഹിജാസിലേക്കുള്ള യാത്രക്ക് മുമ്പ് അൽപകാലം എഴുത്തുദ്യോഗമായിരുന്നു. ഹിജാസിൽ പോയി തിരികെയെത്തിയ ശേഷമാണ് ബുൽബൈസിൽ സർക്കാർ ജോലിയിൽ പ്രവേശിച്ചത്. നാല് വർഷം സേവനം തുടർന്നു. അതവസാനിപ്പിച്ച ശേഷം അധ്യാപനത്തിലേക്ക് തിരിഞ്ഞു. ഖുർആൻ പഠിപ്പിക്കുന്നതിനോടൊപ്പം കവിതയെഴുത്തും തുടർന്നു. തസ്വവ്വുഫിന്റെ വഴിയിലേക്ക് പൂർണമായി തിരിയുന്നത് ഈ ഘട്ടത്തിലാണ്. ഉദ്യോഗത്തിൽ തുടരുന്നതിന് സഹപ്രവർത്തകരുടെയും മേലുദ്യോഗസ്ഥരുടെയും നിലപാടുകളായിരുന്നു തടസ്സം. കരുണ വറ്റിയ മനസ്സുമായി പദവികൾ ചൂഷണോപാധിയാക്കുന്നവരോടൊപ്പം പ്രവർത്തിക്കാൻ അദ്ദേഹത്തിനാവുമായിരുന്നില്ല.

പിന്നീട് ഇമാം ബൂസ്വീരി(റ)യെ ഉയർന്ന തസ്തികയായ മതകാര്യവകുപ്പിൽ നിയമിക്കാൻ ശ്രമം നടന്നെങ്കിലും തസ്വവ്വുഫിൽ ലയിച്ച സന്ദർഭമായതിനാൽ മഹാൻ തയ്യാറായില്ല. നിർബന്ധം തുടർന്നപ്പോൾ അദ്ദേഹം പറഞ്ഞു: നിങ്ങളെന്നോടതിക്രമം കാണിക്കാതിരിക്കൂ. മതകാര്യ സേവനത്തോടും നിങ്ങൾ അതിക്രമം കാണിക്കാതിരിക്കുക. കാരണം ഞാനും ഉദ്യോഗവും തമ്മിൽ ഇനിയൊരു ബന്ധവുമില്ല. കൊള്ളക്കൊടുക്കലിൽ പരിചയമുള്ള എത്രയോ പേർ പുറത്തുണ്ട്. എനിക്കാണെങ്കിൽ അതൊട്ടു പരിചയവുമില്ല. എന്റെ സംസ്‌കാരത്തിനു യോജിക്കാത്തതാണ് ഈ പദവി. ഞാൻ എഴുത്തുമായി കഴിഞ്ഞോളാം. അതിനനുവദിക്കുക.’

 

ഗുരു-ശിഷ്യർ

മക്കയിലും കൈറോയിലുമായിരുന്നു ഖുർആൻ അധ്യാപനം. മതാധ്യാപനത്തിൽ കാര്യമായ പദവികളോ സേവനങ്ങളോ ചെയ്തതായി ചരിത്രത്തിൽ കാണുന്നില്ല. സാഹിത്യത്തിലും എഴുത്തിലുമായിരുന്നു താൽപര്യം. അതുകൊണ്ടുതന്നെ അറിയപ്പെട്ട വലിയ ശിഷ്യവൃന്ദമൊന്നുമില്ല. എങ്കിലും ചില പ്രമുഖർക്ക് ജ്ഞാനം പകരാൻ ഇമാമിനായി. പ്രമുഖ ഖുർആൻ വ്യാഖ്യാതാവ് അബൂഹയ്യിന്നശ്‌വി(റ), പ്രസിദ്ധ പണ്ഡിതനും ഉയൂനുൽ അസർ എന്ന നബിചരിത്ര ഗ്രന്ഥത്തിന്റെ കർത്താവുമായ ഇബ്‌നുസയ്യിദിന്നാസ്, ഇസ്സുബ്‌നു ഇമാഅ(റ) എന്നിവർ മഹാന്റെ ശിഷ്യരാണ്.

സുപ്രസിദ്ധ ഖുർആൻ പാരായണശാസ്ത്ര പണ്ഡിതനായ അബ്ദുള്ളാഹിറുബ്‌നു നിശ്‌വാൻ, എഴുത്തുകലാ വിദഗ്ധൻ ഇബ്‌റാഹീമുബ്‌നു അബീഅബ്ദില്ലാഹിൽ മിസ്വ്‌രി എന്നിവർ ഇമാമിന്റെ ഗുരുനാഥരാണ്. കവിതകളിലോ മറ്റോ ഗുരുക്കന്മാരെ കുറിച്ചു സൂചന കാണുന്നില്ല. അബൂഅലിയ്യുൽ ഫാസി എഴുതി: പിതാവിന്റെ സംരക്ഷണത്തിലാണ് അദ്ദേഹം വളർന്നത്. വിജ്ഞാനത്തിലേക്കാകൃഷ്ടനായി ഖുർആനും ചില വിഷയങ്ങളിലെ മൂലഗ്രന്ഥങ്ങളും മനഃപാഠമാക്കി. ജാമിഉൽ അസ്ഹറിൽ ചേർന്ന് അവിടത്തെ ഗുരുനാഥന്മാരിൽ നിന്ന് ജ്ഞാനം നുകർന്നു. അവരദ്ദേഹത്തിന് ഇജാസത്ത് നൽകുകയും ഇമാം പിന്നീട് മതാധ്യാപനം നടത്തുകയുമുണ്ടായി (ത്വബഖാത്തുശ്ശാദുലിയ്യ).

 

കാവ്യലോകം

കവനകലയുടെ വിസ്മയകരമായ പ്രയോഗംകൊണ്ട് ചരിത്രത്തിൽ ഇടം നേടിയ ഇമാം ചെറുപ്പത്തിൽ തന്നെ കവിതകളെഴുതി. സുൽത്വാൻ നജ്മുദ്ദീൻ അയ്യൂബിന്റെ കാലത്ത് അബ്ദുള്ളാഹിർ എന്ന ഗുരുവിന്റെയടുത്ത് പഠിക്കുമ്പോൾ എഴുതിയ പ്രതിഷേധ കവിതയെ കുറിച്ച് തുടക്കത്തിൽ സൂചിപ്പിച്ചല്ലോ. ലക്ഷണമൊത്ത കാവ്യശിൽപങ്ങളായിരുന്നു രചിച്ചതെല്ലാം. സമകാലത്തെ കവികളേക്കാൾ മികച്ച  പ്രയോഗങ്ങളും ശൈലിയും ഗാംഭീര്യവും പദവിന്യാസവും അലങ്കാരവർണനകളുമായിരുന്നു അവയുടെ ആകർഷണം. ബുർദ, ഹംസിയ്യ അടക്കം ചെറുതും വലുതുമായ 80 കവിതകൾ മക്തബതുശ്ശാമിലയിലെ കാവ്യസമാഹാരത്തിൽ കാണാം. ആത്മകഥാംശവും പ്രകീർത്തനവും ഇടതേട്ടവും പ്രാർത്ഥനയും സമർപ്പണവും ആദർശവും ആത്മീയതയും കാർക്കശ്യവും ദൈന്യതയുമെല്ലാം ഈ കവിതകളിൽ ദീപ്തമാണ്.

മുഹമ്മദ് സയ്യിദ് കീലാനി ഇമാമിന്റെ കവിതകളെ രണ്ടായി തിരിച്ചിട്ടുണ്ട്. ഹിജാസിലേക്കും ഹജ്ജിനുമായുള്ള യാത്രയുടെ മുമ്പുള്ളതാണ് ഒന്നാം ഇനം. രണ്ടാമത്തേത് അതിനു ശേഷം മരണം വരെ രചിച്ചതും. ആദ്യഘട്ടത്തിലെ പ്രധാനകൃതികളിലൊന്ന് കഅ്ബ്ബുനു സുഹൈർ(റ)ന്റെ ബാനത്ത് സുആദ എന്ന കവിതയുടെ രീതിയും ശൈലിയും സ്വീകരിച്ചതാണ്. ദുഖ്‌റുൽ മആദ് എന്നാണിതിന്റെ പേര്. ആത്മീയ ബോധനവും നബിസ്‌നേഹവും പ്രവാചകകുടുംബത്തോടുള്ള ആദരവുമെല്ലാം ഇഴപിരിഞ്ഞതാണിത്. ‘അമദാഇഹുൻ ഫീക’ എന്ന കവിതയും ഒന്നാം ഘട്ടത്തിലേതാണ്. പ്രമേയം നബികീർത്തനവും തിരുപ്രണയവും തന്നെ.

 

അൽഖസ്വീദതുല്ലാഇയ്യ

ജൂത-ക്രൈസ്തവ സങ്കൽപങ്ങളെ ഖണ്ഡിക്കുന്ന കവിതയാണിത്. മൂന്ന് ഭാഗങ്ങളായി തിരിച്ച് നിരൂപകർ ഇതിനെ വിശകലനം ചെയ്തിട്ടുണ്ട്. 95 വരികളിൽ ജൂത-ക്രൈസ്തവ വാദങ്ങളെ പൊളിച്ചടക്കുന്നു. 96 മുതൽ 187 വരെ നബി(സ്വ)യെ കുറിച്ച സന്തോഷവൃത്താന്തങ്ങളാണ്. 188 മുതൽ അവസാനം വരെ പ്രവാചക പ്രകീർത്തനങ്ങളും. ഇതും ഹജ്ജ് യാത്രക്ക് മുമ്പാണ് രചിച്ചത്. ഇതിന് അദ്ദേഹം തന്നെ ടിപ്പണിയും ചേർത്തിട്ടുണ്ട്.

ഒരു കുറിപ്പ് ഇങ്ങനെ വായിക്കാം: ഇപ്പറഞ്ഞതിന് ഞാൻ പറയാൻ പോകുന്നതും തെളിവാണ്. അഥവാ അവരുടെ കയ്യിലുള്ള ബൈബിളുകളിൽ അന്ത്യനാളിനെ കുറിച്ചോ പുനരുത്ഥാനത്തെ കുറിച്ചോ പരലോകത്തെ സംബന്ധിച്ചോ സ്വർഗനരകങ്ങളെ പറ്റിയോ യാതൊരു പരാമർശങ്ങളുമില്ല. അതിൽ പറഞ്ഞിട്ടുള്ള ഗുണകരമായ കാര്യങ്ങളെല്ലാം അവയ്ക്ക് ഭൗതികലോകത്ത് ലഭിക്കുന്ന ഫലങ്ങളുമാണ്. ഉദാഹരണത്തിന്, അല്ലാഹുവിന് വഴിപ്പെട്ടാൽ ശത്രുക്കൾക്കെതിരെ സഹായം, ദീർഘായുസ്സ്, നല്ലജീവിതം, ഭക്ഷണ വിശാലത, വിശുദ്ധ ഭൂമിയിലെ ദീർഘവാസം തുടങ്ങിയവ പ്രതിഫലം ലഭിക്കും. സത്യനിഷേധത്തിനും പാപങ്ങൾക്കും മരണം, മഴ ലഭിക്കാതിരിക്കൽ, ഫലം കിട്ടാതിരിക്കൽ, ശത്രുക്കൾ വിജയിക്കൽ തുടങ്ങിയ ദുരന്തങ്ങളും ലഭിക്കും. അവരുടെ കൈയിലുള്ള ഗ്രന്ഥത്തിൽ ഐഹിക പ്രേമത്തെ ആക്ഷേപിക്കുന്നതോ പരിത്യാഗിയാക്കുന്നതോ ആയ ഒന്നുമില്ല. വ്യക്തമായ നിസ്‌കാര രൂപംപോലുമില്ലതന്നെ. അതിൽ അലക്ഷ്യമായ ജീവിതവും തീറ്റയും കുടിയും വിനോദവും സംഗീതവും കളിയുമൊക്കെയാണുള്ളത് (താരീഖുൽ അദബിൽ അറബി).

ഉദ്യോഗത്തിലായപ്പോഴുള്ള കൂട്ടുജീവിതത്തിൽ നിന്നു ക്രൈസ്തവരും ജൂതരുമായ സഹജീവികളുടെ പിഴച്ചധാരണകളെ കുറിച്ച് കിട്ടിയ അറിവും കുരിശുപടയാളികളുടെ ക്രൂരതയും അഴിഞ്ഞാട്ടവുമൊക്കെയായപ്പോൾ അവരുടെ ഗ്രന്ഥങ്ങളും കീർത്തനങ്ങളും സംഘടിപ്പിച്ച് പഠിക്കാനദ്ദേഹം മുന്നോട്ടുവന്നു. ഈ പരിശ്രമത്തിലൂടെ ലഭിച്ച അറിവുകൾ, യാഥാർത്ഥ്യങ്ങൾ തലമുറകളെ ബോധ്യപ്പെടുത്താൻ കവിതകൾ മാധ്യമമാക്കി.

 

ഹംസിയ്യയും ബുർദയും

ഹജ്ജ് കഴിഞ്ഞുവന്നതിനു ശേഷം തയ്യാറാക്കിയതാണ് ബുർദയും ഹംസിയ്യയും. ഹംസിയ്യാണ് ആദ്യം രചിച്ചതെന്നാണ് നിരൂപകന്മാരുടെ പക്ഷം. ഹജ്ജ് കഴിഞ്ഞു മടങ്ങിയ പശ്ചാത്തലത്തിൽ രചിക്കപ്പെട്ടതിനാലായിരിക്കാം ‘ഉമ്മുൽ ഖുറാ’ എന്നാണതിന് പേരു നൽകിയത്. പിന്നീട് തീർത്ഥാടകർ ഹജ്ജിനായി പോകുന്നത് കാണാനായപ്പോൾ യാത്രയിൽ താൻ കണ്ട സ്ഥലങ്ങൾ അദ്ദേഹത്തിന്റെ മനസ്സിൽ ഓടിയെത്തിയിരിക്കണം. അതിലൊന്നായിരുന്നു ദീസലമ. അതിനെ പുരസ്‌കരിച്ചാണ് ബുർദയാരംഭിച്ചതും. ബുർദയെ പോലെ തന്നെ പ്രവാചകാനുരാഗത്തിന്റെ നിർഗളമായ പ്രവാഹമാണ് ഹംസിയ്യയും. ബൂസ്വീരി(റ)യുടെ ജീവിതവും കാവ്യങ്ങളും സാഹിത്യലോകത്തും വിശ്വാസി സമൂഹത്തിലും ഏറെ പ്രചാരം നേടിയതും ചർച്ചയായതും റസൂലിനോടുള്ള അർപ്പണത്തിന്റെ പേരിലാണ്. അദ്ദേഹത്തിന്റെ ചില രചനകൾക്കു മാത്രമാണ് കൃത്യമായ നാമങ്ങൾ നൽകിയിട്ടുള്ളത്. മറ്റുള്ളവ അന്ത്യാക്ഷരപ്രാസം പരിഗണിച്ച് ആ പേരിലോ ആദ്യവാക്യങ്ങൾ ഉപയോഗിച്ച് അങ്ങനെയോ വിളിക്കപ്പെട്ടു.

 

ജീവിതാന്ത്യം

പ്രാരാബ്ദങ്ങളുണ്ടായിരുന്നെങ്കിലും അതിനെയെല്ലാം അതിജീവിച്ച് വിശ്വാസിമാനസങ്ങളിൽ ഇടം നേടിയ വ്യക്തിപ്രഭാവം അദ്ദേഹം ആർജിച്ചു. ശാദുലി സരണിയുടെ വെളിച്ചത്തിൽ ജീവിതം നയിച്ചു. ജനങ്ങളദ്ദേഹത്തെ ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്തു. കടന്നുപോകുന്ന വഴികളിൽ പോലും വിശ്വാസികൾ ഭവ്യതയോടെ സ്വീകരിച്ചു. അദ്ദേഹത്തിന്റെ കൈ മുത്തുന്നവർക്ക് അകൃത്രിമമായ സുഗന്ധം അനുഭവപ്പെട്ടിരുന്നുവെന്നു ചരിത്രം. നബി(സ്വ)യുമായി സ്വപ്‌നേനയും അല്ലാതെയും സന്ധിച്ചു. നല്ല വസ്ത്രം ധരിച്ചിരുന്ന അദ്ദേഹം തിളങ്ങുന്ന നരയും പ്രകാശിക്കുന്ന പല്ലുകളും പ്രസന്നമായ മുഖകമലവും ഹൃദ്യമായ സമീപനവും വിനയവും പരിത്യാഗവും പരിശുദ്ധ ജീവിതവും ഗാംഭീര്യവും ചേർന്ന വ്യക്തിത്വമായിരുന്നു.

ഹിജ്‌റ 695-ൽ 87-ാം വയസ്സിൽ അലക്‌സാണ്ട്രിയയിൽ വച്ചാണ് ഇമാം വഫാത്തായത്. അവിടെ തന്നെ ഖബറടക്കി. ഖബറിന് മുകളിൽ ആദരസൂചകമായി ജനങ്ങൾ മഖ്ബറ പണിയുകയും പരിപാലിക്കുകയും ചെയ്തു. ധാരാളം സന്ദർശകർ അവിടെയെത്തുന്നു. അദ്ദേഹത്തിന്റെ പേരിൽ ഒരു പള്ളിയും നിർമിച്ചിട്ടുണ്ട്. മസ്ജിദ് അബിൽ അബ്ബാസിൽ മർസിയുടെ പള്ളിക്കു സമീപത്താണിത് സ്ഥിതി ചെയ്യുന്നത്. ഈജിപ്തിന്റെ ഭാഗ്യവും പ്രവാചകാനുരാഗികളുടെ എന്നത്തെയും വസന്തവുമാണ് ഇമാം ബൂസ്വീരി(റ)യും നബിസ്‌നേഹ കവിതകളും.

 

അവലംബം:

താരീഖുൽ അദബിൽ അറബി/ബ്രോക്കൽ മാൻ,

ത്വബഖാത്തുശ്ശാദുലിയ്യ അൽകുബ്‌റ/ഉമർ ഫർറൂഖ് അബൂഅലി അൽഫാസി,

അൽമദാഇഹുന്നബവിയ്യ/ഡോ. സകീമുബാറക്,

ഹുസ്‌നുൽ മുളാഹറ/ഇമാം സുയൂത്വി,

അൽവാഫി ബിൽ വഫയാത്ത്/സ്വലാഹുദ്ദീനിസ്സ്വഫദീ,

ഫവാതുൽ വഫയാത്ത്/മുഹമ്മദ് ശാകിർ അൽകുതുബി,

അൽഖുത്വത്വുൽ ജദീദ/അലിമുബാറക്,

അൽമദാഇഹുന്നബവിയ്യ/മുഹമ്മദ് അലി അൽമക്കി,

അൽബൂസ്വീരി മാദിഹുർറസൂലിൽ അഅ്‌ളം/അബ്ദുൽ ആലിൽ ഹമാമീസ്വി,

ദീവാനുൽ ബൂസ്വീരി,

ജമീഉ ദവാവീനി ശിഅ്‌രിൽ അറബി (മക്തബതുശ്ശാമില).

You May Also Like
Umar Qali R - Malayalam Article

ഉമർ ഖാളി(റ): അനുരാഗത്തിന്റെ ജീവവസന്തം

ചാലിയം കേന്ദ്രീകരിച്ച് ഇസ്‌ലാമിക പ്രബോധന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഹസനുത്താബിഇയുടെ പൗത്രൻ ഉമർ എന്നവരുടെ പൗത്രനാണ്…

● അഹ്മദ് മലബാരി

ആഇശ(റ) : നിരുപമ പാണ്ഡിത്യം

വനിതകളുടെ ഇസ്‌ലാമിലെ ഇടത്തെക്കുറിച്ചും വിദ്യാഭ്യാസത്തിനുള്ള അവകാശത്തെക്കുറിച്ചും വാദപ്രതിവാദങ്ങളുയരുമ്പോള്‍ ഉമ്മുല്‍ മുഅ്മിനീന്‍ ബീവി ആഇശ(റ)യുടെ ജീവിതവും വിജ്ഞാനവും…

Shaikh Ahmed er-Rifai-maqam

ശൈഖ് രിഫാഈ(റ) ജീവിതം, ദര്‍ശനം

ലോക പ്രശസ്തരായ നാല് ഖുതുബുകളിലൊരാളായിരുന്നു ശൈഖ് അഹ്മദില്‍ കബീറുര്‍രിഫാഈ(റ). മുസ്‌ലിം ലോകം ശൈഖ് രിഫാഈയുടെ സ്മരണകള്‍…