ള്ളുണർത്തുന്ന ഒരു കഥയുണ്ട്.
സുന്ദരിയായൊരു വേശ്യയുടെ ജീവിതകഥ. അശ്ലീലവൃത്തിയിൽ കുപ്രസിദ്ധയായിരുന്ന അവളുടെ ഫീസ് നൂറു സ്വർണനാണയമായിരുന്നു.
ഒരിക്കൽ ആബിദായ ഒരു മനുഷ്യൻ അവളെ കാണാനിടയായി. അണിഞ്ഞൊരുങ്ങിയ യുവതിയിൽ അദ്ദേഹം അനുരക്തനായി. ദരിദ്രനായിരുന്നതിനാൽ സഹശയനത്തിനുള്ള നൂറു ദീനാർ സമാഹരിക്കാൻ രാപകൽ തൊഴിലെടുത്തു. പണവുമായി അവളെ സമീപിച്ചു.
മനോഹരമായ കട്ടിലിൽ അവൾ കയറിയിരുന്നു. വൃത്തികേടിന്റെ അടുത്തെത്തിയപ്പോൾ അദ്ദേഹം റബ്ബിനെ ഓർത്തു. മഹ്ശറിനെ ഭയന്നു. പേടിച്ച് വിറച്ച് കരഞ്ഞു. എന്നെ വീടൂ, പണം നീയെടുത്തോ എന്നാർത്തു.
അവൾ അമ്പരന്നു. ഈ നിമിഷത്തിന് വേണ്ടി കഠിനാധ്വാനം ചെയ്ത് പണമുണ്ടാക്കി എല്ലാം ഒത്തുവന്നപ്പോൾ ഭയന്നു പിന്മാറുന്നോ?!
ഞാൻ അല്ലാഹുവിനെ ഭയക്കുന്നു. നീ എനിക്ക് ഏറെ പ്രിയപ്പെട്ടവളായിരുന്നെങ്കിലും ഇപ്പോൾ നീയാണ് ഏറ്റവും വെറുക്കപ്പെട്ടവൾ. എന്നെ പോകാനനുവദിക്കണം.
അതുകേട്ട് അവൾക്കും മാനസാന്തരമുണ്ടായി. എന്നെ വിവാഹം കഴിക്കുമെങ്കിൽ നിങ്ങൾക്ക് പോകാം. അദ്ദേഹം അവിടെ നിന്നും എങ്ങനെയോ രക്ഷപ്പെട്ടു.
എന്നാൽ അദ്ദേഹത്തെ തേടി അവൾ യാത്രകൾ തുടർന്നു. അവസാനം ഒരു കൊച്ചു കുടിലിലെത്തി. അവളെ കണ്ടതും അല്ലാഹുവിനെ ഓർത്ത് ആ മഹാൻ ഭയന്നുവിറച്ച് വീണു മരിച്ചു. അദ്ദേഹത്തോടുള്ള ആദരവുകൊണ്ട് അവൾ ഇദ്ദേഹത്തിന്റെ സഹോദരനെ വിവാഹം കഴിച്ചു. ആ പവിത്രമായ ദാമ്പത്യത്തിൽ ഏഴ് ഔലിയാക്കൾ പിറന്നു.
ഖൽബിൽ ഇഹ്‌സാനിന്റെ മധുരം കിട്ടിയപ്പോഴുണ്ടായ പരിവർത്തനത്തിന്റെ കഥയാണിത്. സൂഫികളുടെ ജീവിതമെഴുതിയ ഇമാം യാഫിഈ(റ) പറഞ്ഞ മനോഹരമായ കഥ.
തസ്വവ്വുഫിനെ സൂചിപ്പിക്കുന്ന ഏറ്റവും ലളിതമായ പദമാണ് ഇഹ്‌സാൻ. വിശുദ്ധ ഖുർആനിലും തിരുഹദീസുകളിലും പലയിടങ്ങളിൽ അതുപയോഗിച്ചിട്ടുണ്ട്. പുണ്യമതത്തിന്റെ പൂർണത ഇഹ്‌സാനിലാണ്. ജീവിതം മുഴുവൻ അല്ലാഹുവിനെ കുറിച്ചുള്ള ബോധം നിറയലാണ് ഇഹ്‌സാൻ.
ഇഹ്‌സാനെന്നാൽ എല്ലാം മനോഹരമാക്കലുമാണ്. അല്ലാഹുവോടടുക്കുമ്പോഴാണ് എല്ലാം മനോഹരമാകുന്നത്. വാക്കും മൗനവും ചലനവും നിശ്ചലനവും സ്‌നേഹവും വെറുപ്പും പ്രവൃത്തിയും ചിന്തയുമെല്ലാം അല്ലാഹുവിന് വേണ്ടി മാത്രമാകുമ്പോൾ ജീവിതം സുന്ദരമാവും. സൂഫി കവി പാടി:
സൃഷ്ടിലോകം ഞാനുപേക്ഷിച്ചു,
നിനക്ക് വേണ്ടി.
കൂട്ടും കുടുംബവും വെടിഞ്ഞു,
നിന്നെയനുഭവിക്കാൻ.
ഇഹ്‌സാനിന്റെ ആനന്ദലോകത്തു നിന്നും വരികളിലേക്കൊഴുകിയ വാക്കുകൾ!
കാണുന്നതും കേൾക്കുന്നതും അനുഭവിക്കുന്നതുമെല്ലാം അല്ലാഹുവിനെക്കുറിച്ച് മാത്രമാകുന്ന അതുല്യമായ അവസ്ഥയാണ് തസ്വവ്വുഫിന്റെ കാതൽ. അമ്പിയാക്കളുടെ ലോകമാണിത്. തൊട്ടുതാഴെ ഉന്നതരായ ഔലിയാക്കളും.
ആത്മജ്ഞാനികളുടെ കിരീടമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജുനൈദുൽ ബഗ്ദാദി(റ)യോട് ആത്മീയതയെന്താണെന്ന് ചോദിക്കപ്പെട്ടു. മഹാൻ പറഞ്ഞു: പത്ത് കാര്യങ്ങൾ ഒത്തുചേരലാണത്. ദുൻയാവിലെ സകല വസ്തുക്കളും ചുരുക്കുക, ഹൃദയം അല്ലാഹുവിലേക്ക് മാത്രം തിരിക്കുക, സുന്നത്തായ സൽകർമങ്ങളിൽ താൽപര്യം വർധിക്കുക, ദുൻയാവ് നഷ്ടപ്പെട്ടതിൽ ഖേദിക്കാതെ ക്ഷമിക്കുക, കാര്യബോധമുണ്ടാവുക, മുഴുസമയവും അല്ലാഹുവിന്റെ സ്മരണയിലാവുക, ഹൃദയത്തിൽ രഹസ്യമായ ദിക്‌റ് നിറഞ്ഞ് നിൽക്കുക, ഇഖ്‌ലാസ് ഉറപ്പ് വരുത്തുക, യഖീനുണ്ടാവുക, പൂർണമായും അല്ലാഹുവിലേക്ക് മടങ്ങുക എന്നിവയാണവ. ഈ പത്തും ചേർന്നവനാണ് സൂഫി. അല്ലാത്തവൻ വ്യാജനാണ്.
ഇഹ്‌സാൻ ഈമാനിന്റെ വിശദീകരണവും ഫിഖ്ഹ് ഇസ്‌ലാമിന്റെ വ്യാഖ്യാനവുമാണ്. തസ്വവ്വുഫെന്നത് അറിവല്ല, അദബും അനുഭവവുമാണ്. അക്ഷര പഠനം നടത്തി സൂഫിസം പറയുന്നത്, അന്ധൻ പൂന്തോട്ടം വർണിക്കുന്നതു പോലെയാണ്.
അനുഭവിച്ചവരുടെ ഖൽബിൽ നിന്നും മഹാഭാഗ്യവാന്മാരുടെ ഹൃദയത്തിലേക്കൊഴുകുന്ന അമൂല്യനിധിയാണത്. അറിയുംതോറും ആഴം കൂടും, അനുഭവിക്കുംതോറും ആനന്ദം വർധിക്കും. സമുദ്രാന്വേഷകരെപ്പോലെയാണ് സൂഫികൾ. ചെറുമീനുകൾ കൊണ്ട് സംതൃപ്തരാവുന്നവർ, വലിയ മീനുകൾ തേടിപ്പോവുന്നവർ, വമ്പൻ സ്രാവുകളെ തന്നെ വേട്ടയാടുന്നവർ, ഭീമാകാരങ്ങളായ തിമിംഗലങ്ങൾ തന്നെ വേണമെന്ന് മോഹിക്കുന്നവർ, ഇതൊന്നും മതിയാകാതെ കടലാഴിയിലെ അമൂല്യനിധികൾ തേടിയലയുന്നവരും അവരിലുണ്ട്. ആത്മജ്ഞാനം തേടിയുള്ള യാത്രയിൽ ദാഹം തീരുവോളം മഅ്‌രിഫത് അന്വേഷിച്ച് പോവുന്നവരത്രെ ഉന്നതരായ സൂഫിഗുരുക്കൾ.
അല്ലാഹുവിന്റെ ഇഷ്ടം മാത്രം തിരഞ്ഞെടുക്കുകയും ആദരിച്ചവയെ ആദരിക്കുകയും നിന്ദിച്ചവരെ നിന്ദിക്കുകയും ചെയ്യൽ ഇഹ്‌സാനിന്റെ അടയാളമാണെന്ന് സൂഫി ഗുരു ദുന്നൂനുൽ മിസ്‌രി(റ) പറഞ്ഞിട്ടുണ്ട്. അല്ലാഹുവിനെ കുറിച്ച ചിന്തകൾ നമ്മെ നിയന്ത്രിക്കുന്നതാണ് ഏറ്റവും ഉത്തമ കർമമെന്ന് ഇബ്‌നു അതാഇൽ ആദമി(റ) പറഞ്ഞതായി കാണാം.
എല്ലാ നന്മയുടേയും അടിത്തറ ഇഹ്‌സാനാണ്. ആദ്യം ആത്മവിചാരണ നടത്തി ഹൃദയം ശുദ്ധീകരിക്കണം. സമയത്തിന്റെ വിലയറിഞ്ഞ്, സത്യത്തിന്റെ വഴിയിൽ ഉറച്ചുനിന്ന്, സ്രഷ്ടാവിനോടും സൃഷ്ടികളോടുമുള്ള ബാധ്യതകൾ ഭംഗിയായി നിറവേറ്റണം. ശ്വാസോച്ഛ്വാസങ്ങളോടൊപ്പം അല്ലാഹുവിനെ കുറിച്ചുള്ള ചിന്തകൾ ഖൽബിൽ നിറഞ്ഞുനിൽക്കണം. റബ്ബ് തന്നെ നിരീക്ഷിക്കുന്നുണ്ടെന്ന ബോധം എപ്പോഴും നിലനിൽക്കണം. അശ്രദ്ധനായാൽ ആത്മീയ യാത്ര പരാജയപ്പെടും.
കതകടച്ച് പാപം ചെയ്യുമ്പോൾ പുറത്ത് കാൽപെരുമാറ്റം കേൾക്കുമ്പോഴേക്കും ഞെട്ടിവിറക്കുന്ന നമ്മൾ, സർവം അറിയുന്ന റബ്ബിനെ ഭയക്കാത്തതെന്തു കൊണ്ടാണ്? രഹസ്യ കാമറകളെ പേടിച്ച് വൃത്തികേടുകളിൽ നിന്നും അകന്നുനിൽക്കുന്ന നാം സൂക്ഷ്മ നിരീക്ഷകനായ രക്ഷിതാവിനെ പേടിക്കാത്തതെന്തുകൊണ്ടാണ്?
ഉത്തരം ലളിതം. ഇഹ്‌സാനിന്റെ അഭാവം, ഈമാനിന്റെ അപൂർണത. യഥാർത്ഥ സൂഫിയുടെ വിജയം ഇവിടെയാണ്. വ്യഭിചാരം ഭയന്ന് ശരീരം മുഴുവൻ ദുർഗന്ധമുള്ള വിസർജ്യം പുരട്ടി രാജകുമാരിയിൽ നിന്നും ഓടിരക്ഷപ്പെട്ട യുവാവിന്റ കഥ ഇമാം ഗസ്സാലി(റ)യുടെ ഇഹ്‌യയിലുണ്ട്.
ഇബ്‌നു ഉമർ(റ) യാത്രാമധ്യേ കണ്ട ആട്ടിടയനോട് പരീക്ഷണാർഥം ചോദിച്ചു: കൂട്ടത്തിൽ ഒരാടിനെ എനിക്ക് വിൽക്കുന്നോ? ഇടയന്റെ പ്രതികരണം: ഇവ എന്റേതല്ല, യജമാനൻ മറ്റൊരാളാണ്.
ആടിനെ ചെന്നായ പിടിച്ചെന്ന് പറഞ്ഞാൽ മതി, ആരും അറിയില്ലല്ലോ എന്ന് ഇബ്‌നു ഉമർ(റ) പറഞ്ഞപ്പോൾ ഇടയൻ ചോദിച്ചു: അപ്പോൾ അല്ലാഹു അറിയില്ലേ? ഇടയ ബാലന്റെ ആത്മീയബോധം കണ്ട് ഇബ്‌നു ഉമർ(റ) സന്തുഷ്ടനായി. ഉയർന്ന വില നൽകി ആ അടിമക്കുട്ടിയെ യജമാനനിൽ നിന്നു വാങ്ങി മോചിപ്പിച്ചു. റബ്ബിനെ ഖൽബിൽ കൊണ്ടുനടക്കുന്ന മഹാന്മാരുടെ ജീവിതം ഇങ്ങനെയായിരിക്കും. അല്ലാഹു കാണുന്നുണ്ടെന്ന ഭയം എപ്പോഴും നിലനിൽക്കും.
ആരും കാണാത്ത സ്ഥലത്തുവെച്ച് പക്ഷിയെ അറുത്ത് മാംസം കൊണ്ടുവരാൻ പറഞ്ഞ് ശിഷ്യരെ പരീക്ഷിച്ച ചരിത്രം ഇമാം ഖുശൈരി(റ) ഉദ്ധരിക്കുന്നുണ്ട്. അല്ലാഹു കാണാത്ത ഒരു സ്ഥലവുമില്ലെന്ന ബോധമുള്ള ശിഷ്യൻ പക്ഷിയെ അറുക്കാതെ തിരിച്ചുകൊണ്ടുവന്നു. പരീക്ഷണത്തിൽ അവൻ വിജയിച്ചു, ജീവിതത്തിലും.
ഇഹ്‌സാനിന്റെ അതിമനോഹരമായ ആവിഷ്‌കാരങ്ങളാണ് ഇത്തരം ജീവിതാനുഭവങ്ങൾ. നമ്മുടെ ഉള്ളിലും ഉണർവായി, ഊർജമായി ഈ കഥകൾ നിറഞ്ഞുനിൽക്കട്ടെ.

അബ്ദുൽ ബാരി സ്വിദ്ദീഖി കടുങ്ങപുരം