‘മുൻകഴിഞ്ഞ പ്രവാചകന്മാരുടെ പ്രവചനമനുസരിച്ചുള്ള സത്യദൂതന്റെ ആഗമനം സമാഗതമായിരിക്കുന്നു. അത് നിങ്ങളുടെ പവിത്ര ഭൂമിയിലായിരിക്കും സംഭവിക്കുക. പ്രസ്തുത അനുഗ്രഹത്തിന്റെയും വിമോചനത്തിന്റെയും സുവർണാവസരം താങ്കൾക്ക് നഷ്ടപ്പെടാതിരിക്കട്ടെ.’
മക്കയിലെ ഖുറൈശി വർത്തക പ്രമുഖരിൽ ഒരാളായ ത്വൽഹത്തുബ്‌നു ഉബൈദില്ലാഹ് ബുസ്‌റയിൽ കച്ചവടത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കെ അദ്ദേഹത്തെ സമീപിച്ചു ഒരു പുരോഹിതൻ ഓർമപ്പെടുത്തി.
മാസങ്ങൾ ദീർഘിച്ച കച്ചവടയാത്ര കഴിഞ്ഞു ത്വൽഹത്ത് സ്വദേശത്ത് തിരിച്ചെത്തി. മക്കയിൽ ഒരേയൊരു വാർത്തയാണ് അന്നദ്ദേഹത്തിന് കേൾക്കാൻ കഴിഞ്ഞത്. നാലുപേർ കൂടുന്നിടത്തെല്ലാം അൽഅമീനിനെ കുറിച്ച് മാത്രമായിരുന്നു സംസാരം. ദിവ്യബോധത്തിന്റെയും പുതിയ മതത്തിന്റെയും വർത്തമാനമാണെങ്ങും. ത്വൽഹത്ത് ആദ്യം അന്വേഷിച്ചത് സുഹൃത്തായ അബൂബക്കറി(റ)നെയായിരുന്നു. കച്ചവടയാത്ര കഴിഞ്ഞ് ഏതാനും ദിവസം മുമ്പ് അബൂബക്കർ(റ) നാട്ടിൽ മടങ്ങിയെത്തിയിട്ടുണ്ടെന്നും അദ്ദേഹം മുഹമ്മദിന്റെ കൂടെയാണെപ്പോഴുമെന്നും വിവരം ലഭിച്ചു.
ത്വൽഹ ഓർത്തു. മുഹമ്മദും(സ്വ) അബൂബക്കറും(റ) യോജിച്ച ഒരു കാര്യം പിഴച്ചതാവാൻ വഴിയില്ല. ഉന്നത വ്യക്തിത്വത്തിന്റെ ഉടമകളാണിരുവരും. നല്ലമതിപ്പായിരുന്നു ത്വൽഹത്തിനവരോട്. മുഹമ്മദ്! ഒരാൾക്കും അദ്ദേഹത്തെപ്പറ്റി ഒരു കുറ്റവും പറയാനില്ല. പത്ത് നാൽപ്പത് വർഷക്കാലം തങ്ങളോടൊപ്പം ജീവിച്ചു. ഒരിക്കലും ആരെയെങ്കിലും വഞ്ചിക്കുസയോ കളവ് പറയുകയോ ചെയ്തിട്ടില്ല. അനീതിക്കൊട്ടും കൂട്ടുനിന്നിട്ടുമില്ല. ആരെയും ദ്രോഹിച്ചിട്ടുമില്ല. അത്രയും പരിശുദ്ധനും സുസമ്മതനുമായ ഒരു വ്യക്തി ദൈവത്തിന്റെ പേരിൽ കളവ് പറയുമെന്നോ? അതൊരിക്കലും വിശ്വസിക്കാൻ കഴിയില്ല.
ത്വൽഹത്ത് നേരെ അബൂബക്കർ(റ)ന്റെ വീട്ടിൽ ചെന്നു. കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ വിവരണം നന്നായി ബോധിച്ചു. രണ്ടാളും തിരുസന്നിധിയിലെത്തി. ത്വൽഹത്ത് ഉടൻ പുണ്യദീൻ സ്വീകരിച്ചു. ശത്രുപാളയത്തിൽ ഇത് കോളിളക്കം സൃഷ്ടിച്ചക്കുകയുണ്ടായി. അവർ അക്രമത്തിനും പീഡനത്തിനും മുതിർന്നു. അബൂബക്കർ(റ)നെയും ത്വൽഹത്ത്(റ)നെയും അനുനയിപ്പിക്കാനും ഇസ്‌ലാമിൽനിന്ന് തിരിച്ചുകൊണ്ടുവരാനും ആളെ നിയോഗിച്ചു. നൗഫലുബ്‌നു ഖുവൈലിദിനെയായിരുന്നു അവർ ദൗത്യം ഏൽപിച്ചത്. മക്കക്കാർ നൗഫലിനെ വിളിച്ചിരുന്നത് ‘ഖുറൈശികളുടെ സിംഹം’ എന്നായിരുന്നു.
ജനങ്ങൾക്കിടയിൽ പണവും പ്രതാപവും സ്വീകാര്യതയും ഒത്തിണങ്ങിയ മാന്യന്മാരായിരുന്നു അബൂബക്കർ(റ) ത്വൽഹത്ത്(റ)വും. അതിനാലവർക്കെതിരെ അതിക്രമങ്ങൾക്ക് താരതമ്യേന ശക്തികുറഞ്ഞത് സ്വാഭാവികം.
വിശ്വാസികൾക്ക് ശത്രുപീഡനം അസഹ്യമായപ്പോൾ തിരുനബി(സ്വ) ഹിജ്‌റക്ക് ആഹ്വാനം നൽകി. ത്വൽഹത്തും മുഹാജിറായി മദീനയിലെത്തി. എല്ലാ ധർമ സമരങ്ങളിലും പുണ്യറസൂലിനൊപ്പം പങ്കുചേർന്നു. ബദ്ർ യുദ്ധത്തിൽ സംബന്ധിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. അബൂസുഫ്‌യാന്റെ നേതൃത്വത്തിലുള്ള ഖുറൈശി കച്ചവടസംഘത്തിന്റെ വിവരമറിഞ്ഞുവരാൻ അദ്ദേഹത്തെയും സഅദുബ്‌നു സൈദിനെയും നബി(സ്വ) ദൗത്യമേൽപിച്ചതായിരുന്നു കാരണം. അവർ മടങ്ങിയെത്തിയപ്പോഴേക്കും യുദ്ധം അവസാനിച്ച് റസൂൽ(സ്വ)യും അനുചരന്മാരും സ്വദേശത്തേക്ക് മടങ്ങാൻ തുടങ്ങിയിരുന്നു. ബദ്‌റിൽ സംബന്ധിക്കാനുള്ള സുവർണാവസരം നഷ്ടമായതിൽ അതീവ ദുഃഖിതനായിരുന്നു അദ്ദേഹം. കാര്യം ബോധിച്ച തിരുദൂതർ(സ്വ) അദ്ദേഹത്തെ സാന്ത്വനിപ്പിക്കുകയും ബദ്‌രീങ്ങൾക്ക് ലഭിക്കാനുള്ള പ്രതിഫലം വാഗ്ദാനം ചെയ്യുകയും യുദ്ധാർജിത സമ്പത്തിന്റെ വിഹിതം നൽകുകയും ചെയ്തു.
ഉഹ്ദ് യുദ്ധം ഇസ്‌ലാമിക ചരിത്രത്തിലെ ആപൽകരമായ ഒരധ്യായമായിരുന്നു. യുദ്ധവേള മുസ്‌ലിം സൈന്യം അണിചിതറുകയും ശത്രുക്കൾ രണാങ്കണത്തിൽ ആധിപത്യം പുലർത്തുകയുമുണ്ടായി. തിരുജീവൻ പോലും അപായപ്പെടുംവിധം ശത്രുക്കളാൽ വലയം ചെയ്യപ്പെട്ടു. ഈ വിപൽസന്ധിയിൽ ത്വൽഹത്തുബ്‌നു ഉബൈദില്ലാഹ്(റ)ന്റെ സ്ഥൈര്യവും ധൈര്യവും എടുത്തുപറയേണ്ടത് തന്നെയായിരുന്നു.
റസൂൽ(സ്വ)യുടെ കവിൾതടത്തിലൂടെ നിണമൊഴുകുന്നത് ദൂരെനിന്ന് ത്വൽഹത്ത്(റ) കാണുന്നു. ഞൊടിയിടയിൽ ശത്രുനിര ഭേദിച്ച് അദ്ദേഹം തിരുസവിധത്തിലെത്തി. ആഞ്ഞടിക്കുന്ന ശത്രുക്കളെ പ്രതിരോധിച്ചു ഇടത് കൈകൊണ്ട് പ്രിയനേതാവിനെ മാറോടണച്ചുപിടിച്ച് വലത് കൈകൊണ്ട് ശത്രുക്കൾക്ക് നേരെ വാൾ പ്രയോഗിച്ച് പിറകോട്ടുമാറി റസൂലുല്ലാഹി(സ്വ)യെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിനിർത്തി.
പ്രവാചകപത്‌നി ബീവി ആഇശ(റ) അനുസ്മരിക്കുന്നു: എന്റുപ്പ സിദ്ദീഖുൽ അക്ബർ(റ) ഉഹ്ദ് യുദ്ധത്തെ പറ്റി സംസാരിക്കുമ്പോൾ ഇങ്ങനെ പറയുമായിരുന്നു; ‘അത് പരിപൂർണമായും ത്വൽഹത്തിന്റെ ദിനമായിരുന്നു.’ ഉഹ്ദ് യുദ്ധം കഴിഞ്ഞ് ഞാൻ റസൂലിന്റെ അടുത്ത് ചെന്നപ്പോൾ എന്നോടും അബൂഉബൈദയോടും ത്വൽഹത്തിനെ ചൂണ്ടി അവിടുന്ന് പറഞ്ഞു: ‘അതാ, നിങ്ങളുടെ സഹോദരനെ നോക്കൂ.’
ഞങ്ങൾ സൂക്ഷിച്ചുനോക്കിയപ്പോൾ വെട്ടുകളും കുത്തുകളുമേറ്റ് അദ്ദേഹത്തിന്റെ ശരീരത്തിൽ എഴുപതിലധികം മുറിവുകളുണ്ടായിരുന്നു. ഒരു വിരൽ മുറിഞ്ഞുപോവുകയും ചെയ്തിരുന്നു. ഞങ്ങളദ്ദേഹത്തിന് വേണ്ട ശുശ്രൂഷ നൽകി.
‘സത്യവിശ്വാസികളിൽ ഒരു വിഭാഗമുണ്ട്. അവർ അല്ലാഹുവിനോട് ചെയ്ത വാഗ്ദാനം ശരിക്കും പാലിച്ചുകഴിഞ്ഞു. അവരിൽ ചിലർ മരണമടഞ്ഞു (അവരുടെ പ്രതിഫലം നേടിക്കഴിഞ്ഞു). മറ്റു ചിലർ (പ്രതിഫലത്തിനുവേണ്ടി) മരണത്തെ പ്രതീക്ഷിച്ചുകഴിയുന്നു. (പ്രസ്തുത വാഗ്ദാനത്തിൽ) ഒരു മാറ്റവും വരുത്തിയിട്ടില്ല.’
സത്യവിശ്വാസികളെ പുകഴ്ത്തിയുള്ള മേൽ സൂക്തം(33/23) ഒരിക്കൽ പാരായണം ചെയ്തശേഷം ത്വൽഹത്തുബ്‌നു ഉബൈദില്ലാഹ്(റ)നെ നോക്കിസൂൽ(സ്വ) പറയുകയാണ്: ‘ഭൂമിക്ക് മുകളിൽ വച്ചുതന്നെ മരണാനന്തര പ്രതിഫലം നേടിക്കഴിഞ്ഞ ഒരാളെ കാണാൻ നിങ്ങൾക്ക് കൗതുകം തോന്നുന്നുവെങ്കിൽ ത്വൽഹത്തിനെ നോക്കൂ.’
പരിശുദ്ധ ദീനിന്റെ സംസ്ഥാപനത്തിനും നിലനിൽപ്പിനും അല്ലാഹു ചെയ്ത അപാരമായ അനുഗ്രഹമായി കണക്കാക്കേണ്ടതാണ് ത്വൽഹത്തുബ്‌നു ഉബൈദില്ലാഹ്(റ)നെ പോലെയുള്ളവരുടെ സുകൃത ജന്മം. ആദ്യകാല അനുചരന്മാരിൽ മുൻപന്തിയിലായിരുന്നു ഇദ്ദേഹം. സ്വർഗം വാഗ്ദത്തം ചെയ്യപ്പെട്ട പത്ത് സ്വഹാബാക്കളിൽ ഒരാളും.
എല്ലാ രണാങ്കണങ്ങളിലും ത്വൽഹത്ത് മുൻനിരയിൽ തന്നെ നിലയുറപ്പിച്ചു. ഭക്തനും ധൈര്യശാലിയും പടയാളിയും അതുല്യധർമിഷ്ഠനുമായിരുന്നു അദ്ദേഹം. രക്ഷിതാവിനോടും സമൂഹത്തോടുമുള്ള തന്റെ ബാധ്യത നിർവഹിച്ച് ജീവിത വിഭവങ്ങൾ തേടി ഭൂമിയിൽ സഞ്ചരിക്കുകയും കച്ചവടം നടത്തുകയും ചെയ്യുമായിരുന്നു. അതിനാൽ അതിസമ്പന്നനായിരുന്നു ത്വൽഹ(റ). താൻ നെഞ്ചോട് ചേർത്ത വിശുദ്ധ പതാകയുടെ വിജയത്തിനുവേണ്ടി സ്വന്തം സമ്പത്ത് നിർലോഭം ചെലവഴിച്ചു. വരുമാനം നോക്കാതെ ധർമം ചെയ്യുന്ന അദ്ദേഹത്തെ പറ്റി സഹധർമിണി സുആദ(റ) പറയുന്നതിങ്ങനെ: വളരെ ദുഃഖിതനായി ഞാനൊരിക്കലദ്ദേഹത്തെ കാണാനിടയായി. ‘നിങ്ങൾക്കെന്തുപറ്റി? എന്താണിങ്ങനെ ചിന്തിച്ചുകൊണ്ടിരിക്കുന്നത്?’ ഞാൻ ചോദിച്ചു.
‘എന്റെ സമ്പത്ത് എന്നെ അസ്വസ്ഥനാക്കുന്നു. അത് എത്രത്തോളം വർധിച്ചിരിക്കുന്നു.’
ഞാൻ: ‘എന്നാലത് പാവങ്ങൾക്ക് വിതരണം ചെയ്തുകൂടേ?’ അങ്ങനെ ഒരൊറ്റ ദിർഹംപോലും ബാക്കിവെക്കാതെ എല്ലാം പട്ടിണിപ്പാവങ്ങൾക്ക് കൊടുത്തു തീർത്തു.
മറ്റൊരിക്കൽ അദ്ദേഹം ആത്മഗതം പോലെ പറഞ്ഞു: ‘ഇത്രയധികം ധനം വീട്ടിൽവച്ച് ഞാനെങ്ങനെ അന്തിയുറങ്ങും? ഈ രാത്രിയിലെങ്ങാനും എനിക്ക് വല്ലതും സംഭവിച്ചാൽ അല്ലാഹുവിനോട് ഞാനെന്ത് പറയും?’ തന്റെ അധീനതയിലുണ്ടായിരുന്ന ഭൂമി വിറ്റ് ലഭ്യമായ നാണയത്തിന്റെ കൂമ്പാരത്തിലേക്ക് നോക്കിയാണ് ത്വൽഹ(റ) ഇതു പറഞ്ഞത്. അന്ന് തന്നെ അത് മുഴുവനും ധർമം ചെയ്ത ശേഷമേ അദ്ദേഹം ഉറങ്ങിയുള്ളൂ.
ത്വൽഹത്തുബ്‌നു ഉബൈദില്ലാഹ്(റ)ന്റെ ദാനധർമത്തെക്കുറിച്ച് ജാബിറുബ്‌നു അബ്ദില്ല(റ) പറയുന്നതിങ്ങനെ: ‘ചോദിച്ചുവരുന്നവർക്ക് മിക്ക പേരും ധർമം നൽകാറുണ്ട്. എന്നാൽ ഒന്നും ആവശ്യപ്പെടാത്തവർക്കുപോലും ഇത്ര വലിയതുക ദാനമായി നൽകുന്ന മറ്റൊരാളെയും ഞാനിതുവരെ കണ്ടിട്ടില്ല.’ തന്റെ സ്വന്തക്കാരുടെയും ബന്ധുക്കളുടെയും കഷ്ടപ്പാടുകളും വിഷമാവസ്ഥകളും കണ്ടറിഞ്ഞു പരിഹാരം കാണുന്നതിൽ അദ്ദേഹം അതീവ തൽപ്പരനായിരുന്നു. ബനൂതൈം വിഭാഗത്തിൽപ്പെട്ട ഒരാളെപ്പോലും പട്ടിണിക്കാരാക്കാനോ ദാരിദ്ര്യമനുഭവിക്കാനോ ത്വൽഹ(റ) അനുവദിച്ചിരുന്നില്ല. അശരണരായ അംഗനമാരെ വിവാഹം ചെയ്തുകൊടുക്കുക, സാമ്പത്തിക ബാധ്യതകൾ കൊണ്ട് കഷ്ടപ്പെടുന്നവരെ സഹായിക്കുക തുടങ്ങി പാവങ്ങളുടെ കണ്ണീരൊപ്പാനും അവർക്ക് താങ്ങാവാനും സാന്ത്വനമേകാനും അദ്ദേഹം അഹോരാത്രം പരിശ്രമിച്ചു.
മൂന്നാം ഖലീഫ ഉസ്മാൻ(റ)ന്റെ ഭരണകാലത്തുണ്ടായ ആഭ്യന്തര കലാപത്തിൽ കാലുഷ്യം മൂർധന്യത്തിലെത്തുകയും അത് ഖലീഫയുടെ വധത്തിൽ കലാശിക്കുകയും ചെയ്തു. പുതിയ ഖലീഫയായി അലി(റ) തിരഞ്ഞെടുക്കപ്പെട്ടു. അന്ന് മദീനക്കാരിൽ നിന്ന് പുതിയ ഖലീഫ ബൈഅത്ത് സ്വീകരിച്ചിട്ടുണ്ടായിരുന്നില്ല. കൂട്ടത്തിൽ ത്വൽഹത്തും സുബൈറും(റ) ഉണ്ടായിരുന്നു. അവർ പുതിയ ഖലീഫയുടെ സമ്മതപ്രകാരം ഉംറക്ക് പുറപ്പെട്ടു. ഉംറ നിർവഹിച്ചശേഷം ഇരുവരും ബസ്വറയിലേക്ക് പോയി. ഉസ്മാൻ(റ)ന്റെ വധത്തിന് പ്രതികാരം ചെയ്യാനുള്ള സൈനിക സന്നാഹം നടക്കുകയായിരുന്നു അന്നവിടെ. അവരും അതിൽ പങ്കാളികളായി. ആ സൈന്യവും അലി(റ)ന്റെ പക്ഷക്കാരും തമ്മിൽ ഒരു സംഘട്ടനത്തിനു മുതിർന്നു.
ഇസ്‌ലാമിക രാഷ്ട്രത്തിനെതിരെയുള്ള അതിക്രമം വകവച്ചുകൊടുക്കണമോ അതല്ല റസൂലിനൊപ്പം ശത്രുക്കൾക്കെതിരെ തോളുരുമ്മി പടവെട്ടിയ തന്റെ സഹോദരന്മാരോട് വാളെടുത്ത് പൊരുതണമോ എന്ന വേദനാജനകമായ സങ്കീർണതയായിരുന്നു അന്ന് അലി(റ)വിന്.
അലി(റ) തന്റെ എതിർപക്ഷത്തേക്ക് കണ്ണോടിച്ചു. സുബൈറുബ്‌നുൽ അവ്വാം(റ), ത്വൽഹത്തുബ്‌നു ഉബൈദില്ലാഹ്(റ) തുടങ്ങിയവർ അതിലുണ്ട്. തന്റെ കരള് പിളർക്കുന്ന അനുഭവം. അലി(റ) സങ്കടം അടക്കാൻ കഴിയാതെ പൊട്ടിപ്പൊട്ടിക്കരഞ്ഞു. ശേഷം ത്വൽഹ(റ)നെയും സുബൈർ(റ)നെയും അടുത്ത് വിളിച്ചു. ത്വൽഹത്തിനോട് അദ്ദേഹം ചോദിച്ചു: ‘ത്വൽഹാ, നിങ്ങൾ നിങ്ങളുടെ പത്‌നിമാരെ അരമനയിലിരുത്തി ആറ്റലായ റസൂലിന്റെ പത്‌നിയെ യുദ്ധക്കളത്തിലേക്ക് ആനയിച്ചിരിക്കുന്നുവല്ലേ?’ ശേഷം സുബൈർ(റ)നോട് പറഞ്ഞു: ‘സുബൈർ, താങ്കൾക്ക്അല്ലാഹു വിവേകം നൽകട്ടെ. ഒരുനാൾ താങ്കളോട് തിരുദൂതർ(സ്വ) ചോദിച്ചതോർമയുണ്ടോ? സുബൈറിന് അലിയെ ഇഷ്ടമല്ലേ എന്ന്.’
‘എങ്ങനെ എനിക്ക് അലിയെ ഇഷ്ടമില്ലാതിരിക്കും? സത്യവിശ്വാസിയും എന്റെ മച്ചുനനും പിതൃവ്യപുത്രനുമായ അലിയെ ഞാനിഷ്ടപ്പെടാതിരിക്കുമോ റസൂലേ!’ എന്ന് താങ്കൾ മറുപടി പറഞ്ഞപ്പോൾ, ‘നീ ഒരുകാലത്ത് അലിക്കെതിരെ പുറപ്പെടുകയാണെങ്കിൽ അന്ന് നീ അക്രമിയായിരിക്കു’മെന്നും അന്ന് ആറ്റലോർ താങ്കളോട് പറഞ്ഞില്ലേ?
സുബൈർ(റ): അതേ, ശരിയാണ്. ഞാനിപ്പോൾ ഓർക്കുന്നു. അലീ, ഓർമപ്പെടുത്തിയതിന് നന്ദിയുണ്ട്. ഇല്ല. ഞാൻ താങ്കൾക്ക് എതിരു നിൽക്കില്ല. ഞാനിതാ ഈ യുദ്ധത്തിൽനിന്ന് പിൻമാറുന്നു. അല്ലാഹു എനിക്ക് മാപ്പ് നൽകട്ടെ.’
സുബൈർ(റ) രംഗത്ത് നിന്ന് പിൻമാറി. കൂടെ കൂട്ടുകാരൻ ത്വൽഹ(റ)യും. അവർ മറ്റൊരു കാഴ്ചക്ക് കൂടി സാക്ഷികളായി അലി(റ)ന്റെ പക്ഷത്ത് വാളേന്തിനിൽക്കുന്നു വന്ദ്യവയോധികനായ അമ്മാർ(റ). അദ്ദേഹത്തെ കണ്ടതോടെ അവരുടെ മനസ്സിലേക്ക് തിരുദൂതരുടെ മറ്റൊരു പ്രവചനം ഓടിയെത്തി: ‘അമ്മാറിനെ വധിക്കുന്നവർ അക്രമികളായിരിക്കും.’
അലി(റ)യുടെയും സുബൈർ(റ)ന്റെയും സംഭാഷണത്തിൽനിന്ന് കാര്യം ബോധിച്ച ത്വൽഹ(റ)വും സുബൈർ(റ)വും യുദ്ധത്തിൽനിന്നു പിന്തിരിഞ്ഞെങ്കിലും റബ്ബിന്റെ അലംഘനീയമായ വിധി മറ്റൊന്നായിരുന്നു. ത്വൽഹത്തുബ്‌നു ഉബൈദില്ലാഹ്(റ)നെ മർവാനുബ്‌നു ഹകം അമ്പെയ്ത് വധിച്ചുകളഞ്ഞു. നിസ്‌കരിച്ചു കൊണ്ടിരിക്കുകയായിരുന്ന സുബൈർ(റ)നെ അംറുബ്‌നു ജർമൂസ് എന്നയാളും കൊലപ്പെടുത്തി.
ഉസ്മാൻ(റ)ന്റെ എതിരാളികളെ പ്രാരംഭഘട്ടത്തിൽ ത്വൽഹ(റ) എതിർത്തിരുന്നില്ലെങ്കിലും കലാപം ഖലീഫയുടെ വധത്തിൽ കലാശിക്കുമെന്ന് ഒരിക്കലും അദ്ദേഹം കരുതിയിരുന്നില്ല. അത് സംഭവിച്ചതോടെ ത്വൽഹ(റ) ഏറെ ദുഃഖിതനായി. ഖലീഫയുടെ വധത്തിന് പ്രതികാരമായി പൊരുതാനുറച്ചാണ് മഹാൻ ജമൽ രണാങ്കണത്തിലെത്തുന്നത്. അദ്ദേഹം പ്രാർത്ഥിച്ചു: ‘സർവലോക പരിപാലകനായ രക്ഷിതാവേ, ഉസ്മാന് വേണ്ടി ഇന്നെന്നോട് പ്രതികാരമെടുക്കേണമേ.’
യുദ്ധാനന്തരം ത്വൽഹത്തുബ്‌നു ഉബൈദില്ലാഹ്(റ)നെയും സുബൈർ(റ)നെയും മറവുചെയ്ത ശേഷം അലി(റ) തിരുദൂതരുടെ പ്രവചനം അനുസ്മരിച്ചു: ‘ത്വൽഹത്തും സുബൈറും സ്വർഗത്തിൽ എന്റെ അയൽവാസികളാകുന്നു.’
(അൽ ഇസ്വാബ 2/229, അൽ ഇസ്തീആബ് 2/219, ത്വബഖാത്തുൽ കുബ്‌റ 3/214, സുവറുൻ മിൻ ഹയാത്തി സ്വഹാബ 486-493)