Uhd War- Malayalam

ശക്തനും ധൈര്യശാലിയും ആയുധമുറകളില്‍ നിപുണനുമായിരുന്നു നീഗ്രോ വംശജനായ വഹ്ശി ഇബ്നു ഹര്‍ബ്. ബനൂനൗഫല്‍ ഗോത്രക്കാരനും ഖുറൈശി നേതാവുമായ ജുബൈറുബ്നു മുത്ഇമിന്‍റെ അടിമയായാണ് മക്കയില്‍ വഹ്ശി കഴിഞ്ഞത്. വഹ്ശിയുടെ നാമം കേള്‍ക്കുമ്പോള്‍ നമ്മുടെ അകതാരില്‍ കരള്‍ പിളര്‍ത്തുന്ന ഒരോര്‍മയാണ് ഓടിയെത്തുക. തിരുദൂതരുടെ പിതൃവ്യന്‍ ഹംസ(റ)ന്‍റെ രക്തസാക്ഷിത്വം.

ബദ്റില്‍ കനത്ത പരാജയമേറ്റ ഖുറൈശികള്‍ ഹിജ്റ മൂന്നാം വര്‍ഷം ശവ്വാല്‍ പതിനഞ്ചിന് പ്രതികാരമൂര്‍ത്തികളായി ഉഹുദിലെത്തി. ഇക്രിമത്തുബ്നു അബീജഹല്‍, സ്വഫ്വാനുബ്നു ഉമയ്യ, അബ്ദുല്ലാ ഹിബ്നു അബീറബീഅ തുടങ്ങിയ വമ്പന്മാര്‍ മുന്‍പന്തിയില്‍ തന്നെയുണ്ട്.

‘വഹ്ശീ, സൈന്യത്തോടൊപ്പം നീയും പുറപ്പെടണം. എന്‍റെ പ്രിയ പിതൃവ്യന്‍ തുഹൈമത്തുബ്നു അദിയ്യിനെ ബദ്റിലില്‍വച്ചു വധിച്ചതിനു പ്രതികാരമായി മുഹമ്മദിന്‍റെ പിതൃവ്യന്‍ ഹംസയെ നീ വധിക്കണം. എങ്കില്‍ പ്രതിഫലമായി അടിമത്വത്തില്‍ നിന്നു നിന്നെ ഞാന്‍ മോചിപ്പിക്കും, തീര്‍ച്ച.’ ഖുറൈശിപ്പട ഉഹുദിലേക്ക് പുറപ്പെടാറായപ്പോള്‍ ജുബൈര്‍ തന്‍റെ അടിമ വഹ്ശിയെ അറിയിച്ചു. പിതൃവ്യന്‍റെ വധത്തില്‍ അമര്‍ഷത്തോടെ കഴിയുന്ന ജുബൈര്‍ബ്നു മുത്ഇം അതിന് പ്രതികാരം വീട്ടുമെന്ന് ലാത്ത ഉസ്സമാരെ സത്യം ചെയ്തു പ്രതിജ്ഞയെടുത്തിരുന്നു. തന്‍റെ മോഹം പൂവണിയിക്കാന്‍ വഹ്ശിക്ക് കഴിയുമെന്ന് ജുബൈര്‍ ഉറച്ചുവിശ്വസിച്ചു. കാരണം ശരപ്രയോഗത്തില്‍ അതിസമര്‍ത്ഥനാണ് വഹ്ശി. അയാളുടെ ശരങ്ങള്‍ പിഴക്കുന്നത് വളരെ അപൂര്‍വമാണ്.

അടിമത്വത്തില്‍ നിന്നുള്ള മോചനം ഏതൊരടിമയുടെയും ജീവിതാഭിലാഷമാണ്. കാലങ്ങളായി താന്‍ മനസ്സില്‍ കൊണ്ടുനടന്ന സ്വപ്നം പൂവണിയാന്‍ പോകുന്നു. യജമാനന്‍റെ വാഗ്ദാനം വഹ്ശിയെ ആനന്ദതുന്ദിലനാക്കി. അടിമച്ചങ്ങല പൊട്ടിച്ചെറിഞ്ഞ് മോചിതനാകണം. സ്വാതന്ത്ര്യത്തിന്‍റെ ശുദ്ധവായു ശ്വസിക്കണം. അതിന് യജമാനന്‍റെ ആവശ്യം നിറവേറ്റിക്കൊടുക്കണം. അദ്ദേഹം പ്രതിജ്ഞയെടുത്തു.

മൂവായിരത്തോളം ഖുറൈശികള്‍ സര്‍വ സന്നാഹത്തോടെ ഉഹുദിലേക്ക് പുറപ്പെട്ടു. കിനാന ഗോത്രക്കാരും തിഹാമക്കാരും അവരെ സഹായിക്കാനായി കൂടെ നീങ്ങി. തിരിഞ്ഞോടാതിരിക്കാനുള്ള മുന്‍കരുതലെന്നോണം തങ്ങളുടെ സഹധര്‍മിണികളെയും കൂടെ കൂട്ടി. നായകന്‍ അബൂസുഫ്യാന്‍, പത്നി ഹിന്ദ്, അബൂജഹലിന്‍റെ പുത്രന്‍ ഇക്രിമ, ഭാര്യ ഉമ്മു ഹക്കീമ, ഹാരിസുബ്നു ഹിശാം, ഭാര്യ ഫാത്തിമ, സ്വഫ്വാനുബ്നു ഉമയ്യ, പത്നി ബര്‍സത്ത് തുടങ്ങി പലരും ആവേശത്തില്‍ മുന്നില്‍ നിന്നു നയിക്കുന്നു.

പ്രതികാരത്തിന്‍റെ തീജ്വാലയില്‍ തിളിച്ചുമറിയുന്ന മനസ്സുമായാണ് അബൂസുഫ്യാന്‍റെ പങ്കാളി ഹിന്ദ് ഉഹുദിലേക്ക് നീങ്ങിയത്. തന്‍റെ പിതാവും പിതൃവ്യനും സഹോദരനും പുത്രനുമെല്ലാം ജീവന്‍ വെടിഞ്ഞത് ബദ്റിലാണ്. തന്‍റെ ഉറ്റവരുടെ ജീവഹാനി വരുത്തിയതിലും അവരെ ഇല്ലായ്മ ചെയ്തതിലും വലിയ പങ്ക് വഹിച്ചത് ഹംസത്തുബ്നു അബ്ദുല്‍ മുത്തലിബാണ്. അതിന് പ്രതികാരം ഉഹുദില്‍ വച്ചുതന്നെ തീര്‍ക്കണം. അതിനാരെയാണ് ചുമതലപ്പെടുത്തുക? മനസ്സില്‍ ഓടിയെത്തിയത് വഹ്ശിബ്നു ഹര്‍ബ് തന്നെ. ഹിന്ദ് വഹ്ശിയുടെ അടുത്ത് ചെന്ന് തന്‍റെ മനസ്സറിയിച്ചു: ‘വഹ്ശീ, എന്‍റെ പ്രിയപ്പെട്ട പിതാവ്, പിതൃവ്യന്‍, സഹോദരന്‍ തുടങ്ങി ഉറ്റവരെയും ഉടയവരെയും ബദ്റില്‍വച്ച് വധിച്ചതില്‍ പ്രധാന പങ്ക് വഹിച്ചത് ഹംസയാണ്. അതിന് പ്രതികാരമായി നീ ഹംസയെ വധിച്ചാല്‍ വിലപിടിപ്പുള്ള എന്‍റെ ആഭരണങ്ങള്‍ നിനക്ക് ഞാന്‍ സമ്മാനമായി നല്‍കും.’

യജമാനന്‍ നല്‍കുന്ന അടിമത്വമോചനത്തിന് പുറമെ ഇപ്പോഴിതാ ഹിന്ദിന്‍റെ ആഭരണങ്ങളും ലഭിക്കാന്‍ പോകുന്നു. ശിഷ്ടകാലം സുഖമായി ജീവിക്കാന്‍ സമ്പാദ്യവുമായി. അതോടെ ഏകലക്ഷ്യം ഹംസ(റ)ന്‍റെ വധം മാത്രമായിത്തീര്‍ന്നു.

യുദ്ധ കാഹളം മുഴങ്ങി. പൊരിഞ്ഞ പോരാട്ടം. ശത്രുക്കളുടെ പേടിസ്വപ്നമായ ഹംസ(റ) വാളും ചുഴറ്റി യുദ്ധക്കളത്തില്‍ നിറഞ്ഞുനിന്നു. ഹംസ അടര്‍ക്കളത്തിലുണ്ടായിരുന്നാല്‍ തങ്ങള്‍ക്ക് വിജയം പ്രതീക്ഷിക്കേണ്ടതില്ലെന്ന് ഖുറൈശികള്‍ മനസ്സിലാക്കിയിരുന്നു. അര്‍തഅതുബ്നു അബ്ദിശുറഹ്ബീലിനെയും ഖുറൈശി പതാക വാഹകന്‍ ഉസ്മാനുബ്നു അബീത്വല്‍ഹയെയും ഹംസ(റ) ആദ്യമേ വാളിനിരയാക്കി. ആ വാള്‍മൂര്‍ച്ചയില്‍ ഖുറൈശി തലവന്മാര്‍ ഓരോന്നായി നിലംപതിച്ചുകൊണ്ടിരുന്നു. അദ്ദേഹം ഏത് ഭാഗത്തേക്ക് നീങ്ങുന്നുവോ അവിടെ ശത്രുക്കളാരും ശേഷിച്ചില്ല. വഹ്ശി രംഗം വിവരിക്കുന്നതിങ്ങനെ: പൊടിപുരണ്ട ഒട്ടകത്തെ പോലെ ഉഹ്ദ് രണാങ്കണത്തില്‍ ഹംസ പൊരുതുകയായിരുന്നു. അതിനിടയില്‍ നിബാഉബ്നുല്‍ അബ്ദില്‍ ഉസ്സ അദ്ദേഹത്തിന്‍റെ ചാരത്തെത്തി. ‘ദ്വന്ദ്വയുദ്ധത്തിന് ആരുണ്ട്?’ സബ്ബാഅ് ചോദിച്ചു.

‘ഞാനുണ്ട്, ഇങ്ങോട്ട് വാ’ എന്ന് ഹംസ(റ) അലറി.

‘നീ അല്ലാഹുവിനോടും പ്രവാചകരോടും എതിര്‍ പ്രവര്‍ത്തിക്കുന്നുവോ?’ എന്ന ചോദ്യത്തോടൊപ്പം അയാളുടെ ശിരസ്സ് തെറിക്കുന്നതാണ് കണ്ടത്.

ഞാന്‍ അപ്പോള്‍ ഒരു പാറക്ക് താഴെ മറഞ്ഞിരുന്നു. രംഗം നിരീക്ഷിച്ചപ്പോള്‍ ഇതു തന്നെയാണവസരമെന്നു തോന്നി. ചാട്ടുളിയെടുത്ത് ഉന്നം നോക്കി ശക്തിയായൊരേറു കൊടുത്തു. ലക്ഷ്യം തെറ്റിയില്ല. അത് ഹംസയുടെ നാഭിയില്‍ ആഴ്ന്നിറങ്ങി കാലുകള്‍ക്കിടയിലൂടെ പുറത്ത് കടന്നു. അദ്ദേഹം എന്നെ തിരിച്ചറിഞ്ഞു. ഉടന്‍ എന്‍റെ നേരെ കുതിച്ചു. ഞാന്‍ പിന്നോട്ടാഞ്ഞു. പക്ഷേ, എന്‍റെയടുത്തെത്തുന്നതിനു മുമ്പ് രക്തം വാര്‍ന്ന് അവശനായ അദ്ദേഹം നിലംപതിച്ചു. മരണം ഉറപ്പാകും വരെ ഞാനവിടെ കാത്തുനിന്നു. അല്‍പം കഴിഞ്ഞ് അദ്ദേഹം അന്ത്യശ്വാസം വലിച്ചു. ഞാന്‍ മെല്ലെ അടുത്ത് ചെന്നു ചാട്ടൂളി ഊരിയെടുത്ത് സൈനിക താവളത്തിലേക്ക് ഉള്‍വലിഞ്ഞു. അവിടെ ഒരിടത്ത് സ്വസ്ഥമായി ഇരുന്നു. എനിക്ക് മറ്റ് ലക്ഷ്യങ്ങളുണ്ടായിരുന്നില്ലല്ലോ. സ്വതന്ത്രനാവാനാണ് കൊല നടത്തിയത്. അടിമത്വത്തിന്‍റെ അവസാന നിമിഷങ്ങളിലാണ് ഞാനെന്നോര്‍ത്തപ്പോള്‍ സന്തോഷം തോന്നി.

ശുഹദാക്കളുടെയടുത്തേക്ക് ഉത്ബയുടെ പുത്രി ഹിന്ദും കൂട്ടുകാരികളുമെത്തി. അവര്‍ മൃതശരീരങ്ങള്‍ ചിത്രവധം നടത്തിക്കൊണ്ടിരുന്നു. വയറുകള്‍ കുത്തിക്കീറി, നയനങ്ങള്‍ പിഴുതെടുത്തു, ചെവിയും മൂക്കും മുറിച്ചെടുത്ത് മാല കോര്‍ത്തു. ഹിന്ദ് ഹംസ(റ)ന്‍റെ നെഞ്ച് കുത്തിക്കീറി ഹൃദയം പറിച്ചെടുത്ത് ചവച്ച് തുപ്പി. പിന്നെ ഉയര്‍ന്നൊരു പാറപ്പുറത്ത് കയറി ഉച്ചത്തില്‍ പാടി. സാരമിങ്ങനെ: ‘ബദ്റിനു പകരം ഇന്ന് ഞങ്ങള്‍ വീട്ടിയിരിക്കുന്നു. യുദ്ധം ഒന്നിനു ശേഷം മറ്റൊന്നായി വിലയുള്ളതാണ്. ഉത്ബയുടെയും എന്‍റെ സഹോദരന്‍റെയും പിതൃവ്യന്‍റെയും മരണത്തില്‍ എനിക്ക് തീരെ ക്ഷമയുണ്ടായിരുന്നില്ല. ഇന്ന് ഞാന്‍ ഹൃദയശാന്തി കൈവരിച്ചിരിക്കുന്നു. എന്‍റെ വാഗ്ദാനം ഞാന്‍ നിറവേറ്റി. വഹ്ശി എന്‍റെ മനോനൊമ്പരം സുഖപ്പെടുത്തിത്തന്നു. എന്‍റെ എല്ലുകള്‍ ശ്മശാനത്തില്‍ക്കിടന്നു നുരമ്പുന്നതു വരെ ഞാന്‍ വഹ്ശിയോട് കടപ്പെട്ടവളാണ്.’

‘ആസ്വദിക്കൂ’ എന്ന് പറഞ്ഞ് അബൂസുഫ്യാന്‍ ആ മൃതദേഹത്തില്‍ കുത്താനാരംഭിച്ചു. അപ്പോള്‍ കിനാന ഗോത്രക്കാരനായ ഹലീസിബ്നു സബാന്‍ പറഞ്ഞു: ‘ഈ ഖുറൈശി നേതാവ് തന്‍റെ പിതൃവ്യ പുത്രനെ കൊണ്ട് ചെയ്യുന്നതൊന്ന് കാണൂ’. അതു കേട്ടപ്പോള്‍ അബൂസുഫ്യാന് വേദന തോന്നി. ‘ആ ശരീരം എന്നെ തൊട്ട് മറക്കൂ, അത് എന്നില്‍ നിന്നുണ്ടായ വീഴ്ചതന്നെയാണ്.’ അദ്ദേഹം പറഞ്ഞു.

ഹംസ(റ)ന്‍റെ മൃതശരീരം സ്വഹാബാക്കള്‍ തിരുദൂതരുടെ അടുത്തെത്തിച്ചു. ഹൃത്തടം ചവച്ചുതുപ്പിയ കാഴ്ച കണ്ട് എല്ലാവരും നടുങ്ങി. ‘അവള്‍ അതില്‍ നിന്ന് വല്ലതും ഭക്ഷിച്ചോ?’ മുത്ത്റസൂല്‍(സ്വ) ആരാഞ്ഞു. ഇല്ലെന്ന് സ്വഹാബത്ത് മറുപടി നല്‍കി. അംഗച്ഛേദം ചെയ്യപ്പെട്ട ഹംസ(റ)നെ കണ്ട് തിരുദൂതര്‍ അത്യധികം ദുഃഖിച്ചു. അവിടുന്നരുളി: ‘സ്വഫിയ ദുഃഖിക്കുകയും എന്‍റെ പിന്‍മുറക്കാര്‍ക്കൊരു ചര്യയാവുകയും ചെയ്യുമായിരുന്നില്ലെങ്കില്‍ ഞാന്‍ ആ ശരീരത്തെ മറമാടാതെ/ഖബറടക്കാതെ വെക്കുമായിരുന്നു. അതു മൃഗങ്ങളുടെയും പക്ഷികളുടെയും ആമാശയങ്ങളിലാകുന്നതുവരെയും. ഏതെങ്കിലും സ്ഥലത്ത്വച്ച് ഖുറൈശികള്‍ക്കെതിരില്‍ എന്നെ അല്ലാഹു വിജയിപ്പിക്കുകയാണെങ്കില്‍ ഈ ഒന്നിന് മുപ്പതായി പകരം വീട്ടുമായിരുന്നു. ജിബ്രീല്‍ എന്നോടിപ്പോള്‍ പറഞ്ഞു: ഹംസത്തുബ്നു അബ്ദുല്‍ മുത്വലിബ് ഏഴ് ആകാശത്തിന്‍റെയും ആളുകളില്‍ എഴുതപ്പെട്ടിരിക്കുന്നുവെന്ന്. ഹംസതുബ്നു അബ്ദുല്‍ മുത്വലിബ് അല്ലാഹുവിന്‍റെയും പ്രവാചകന്‍റെയും സിംഹമാണ് (അസദുല്ലാഹ്). ഇതിനേക്കാള്‍ എന്നില്‍ കോപം ഉളവാക്കിയ ഒരു സ്ഥാനത്തും ഞാന്‍ നിന്നിട്ടില്ല.’

ഹംസ(റ)വിന്‍റെ സഹോദരി സ്വഫിയ്യ(റ) സഹോദരന്‍റെ മൃതശരീരം കാണാനെത്തുന്ന വിവരം തിരുനബി(സ്വ) അറിഞ്ഞു. അപ്പോള്‍ സ്വഫിയ ബീവിയുടെ പുത്രന്‍ സുബൈര്‍(റ)നെ വിളിച്ചു നബിതങ്ങള്‍ പറഞ്ഞു: ‘സഹോദരനെന്ത് പറ്റിയെന്ന് അവര്‍ അറിയേണ്ട. തിരിച്ചുപോകാന്‍ പറയുക.’ സുബൈര്‍(റ) പ്രിയ മാതാവിനോട് വിവരം പറഞ്ഞു. പക്ഷേ അവരിങ്ങനെ പ്രതികരിച്ചു: ‘എന്‍റെ സഹോദരനെ അംഗഭംഗം ചെയ്തത് ഞാനറിഞ്ഞിരിക്കുന്നു. അത് അല്ലാഹുവിന്‍റെ മാര്‍ഗത്തിലാണല്ലോ. ഞാന്‍ ക്ഷമ കൈകൊള്ളുകയും പ്രതിഫലം കാംക്ഷിക്കുകയും ചെയ്യുന്നു. ഇന്‍ശാ അല്ലാഹ്.’ അവരും കരള്‍ പിളര്‍ത്തുന്ന ആ കാഴ്ച കണ്ടു. തുടര്‍ന്ന് ശേഷക്രിയകള്‍ നടത്തി. തന്‍റെ സഹോദരിയുടെ പുത്രന്‍ അബ്ദുല്ല(റ)യോടൊപ്പം അദ്ദേഹത്തെ ഖബറടക്കി.

ജുബൈറും ഹിന്ദും വാക്കു പാലിച്ചു. ജുബൈര്‍ വഹ്ശിയെ സ്വതന്ത്രനാക്കി. ഹിന്ദ് വിലപിടിപ്പുള്ള പതക്കവും താലിയും പാദസരവുമെല്ലാം വഹ്ശിക്ക് സമ്മാനിച്ചു. യുദ്ധാനന്തരം വഹ്ശി മക്കയില്‍ മടങ്ങിയെത്തി. ഇനി താന്‍ ആരുടെയും അടിമയല്ല, സ്വതന്ത്രനാണ്. പക്ഷേ, ഒറ്റപ്പെട്ട ജീവിതം മൂലം മക്കയിലെ മേലാളന്മാര്‍ക്കിടയില്‍ ഒരിടമയെപ്പോലെ തന്നെ അപ്രശസ്തനായാണ് കഴിഞ്ഞത്.

ഹിജ്റ എട്ടാം വര്‍ഷം റമളാന്‍ ഇരുപതിന് മക്ക മുസ്ലിംകള്‍ക്ക് അധീനമായി. ഇസ്ലാമിന്‍റെ വിശാലമായ ചക്രവാളം വഹ്ശിക്ക് ഒരു കാരാഗൃഹം പോലെ കുടുസ്സായി. അതിനാല്‍ ത്വാഇഫിലേക്ക് നാട് വിടാന്‍ വഹ്ശി തീരുമാനിച്ചു. അവിടെ ചെന്ന് താമസമാക്കി. ഇസ്ലാം വളരുകയായിരുന്നു. അധികനാള്‍ വേണ്ടിവന്നില്ല. ത്വാഇഫിലും ഇസ്ലാമിന്‍റെ പ്രഭയും സ്വാധീനവുമെത്തി. അദ്ദേഹത്തിന് പരിഭ്രാന്തി വര്‍ധിച്ചു. വിശാലമായ ഭൂമി കുടുസ്സായി അനുഭവപ്പെട്ടു. ഇനി എങ്ങോട്ടോടാന്‍? സിറിയയിലേക്കോ യമനിലേക്കോ രക്ഷപ്പെടാമെന്ന് തീരുമാനിച്ചു. അപ്പോഴാണ് ഒരു ഗുണകാംക്ഷി ഇങ്ങനെ ഉപദേശിച്ചത്: പ്രവാചകര്‍(സ്വ) മഹാമനസ്കനാണ്. ഏത് കുറ്റവാളിക്കും മാപ്പ് നല്‍കും. ഓരാളെയും നിരാശനാക്കുകയില്ല.’

ഉപദേശം പ്രചോദനമായി. നിരാശക്ക് പകരം പ്രതീക്ഷയുടെ കിരണങ്ങള്‍ മനസ്സില്‍ നാമ്പെടുത്തു. അങ്ങനെ അദ്ദേഹം മദീനാമലര്‍വാടിയെ ലക്ഷ്യമാക്കി നീങ്ങി. മദീനയിലെത്തിയ അദ്ദേഹത്തെ ഇസ്ലാം സ്വാധീനിച്ചു. വിശ്വാസം പ്രഖ്യാപിച്ചു: അശ്ഹദു…

‘നീയാണോ ഹംസയുടെ ഘാതകന്‍?’ തിരുനബി(സ്വ) ചോദിച്ചു.

‘അതേ’. വഹ്ശി പറഞ്ഞു.

‘ഇരിക്കൂ, ആ സംഭവമൊന്ന് വിവരിക്കൂ.’ തിരുദൂതര്‍ ആവശ്യപ്പെട്ടു.

വഹ്ശി അനുസരിച്ചു. എല്ലാം ശ്രദ്ധാപൂര്‍വം കേട്ട റസൂല്‍(സ്വ) മുഖം തിരിച്ചു. ശേഷം പറഞ്ഞു: വഹ്ശീ, നീ എന്നെ തൊട്ട് മറയുക. ഇനി എനിക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടരുത്. എനിക്ക് നിന്നെ നോക്കാന്‍ കഴിയുന്നില്ല.’

തന്‍റെ പ്രിയപ്പെട്ട പിതൃവ്യന്‍റെ ഘാതകനെ ദര്‍ശിക്കുക വഴി അദ്ദേഹത്തെ കുറിച്ചുള്ള ദുഃഖസ്മരണ അകതാരില്‍ ആവര്‍ത്തിക്കാതിരിക്കാനായിരിക്കും തിരുദൂതര്‍ ഇങ്ങനെ പറഞ്ഞത്.

പിന്നീടൊരിക്കലും ഞാന്‍ റസൂലിനടുത്ത് തിരുദൃഷ്ടി പതിയുംവിധം ഇരുന്നിട്ടില്ലെന്ന് വഹ്ശി. ‘റസൂലിന് മുമ്പില്‍ സ്വഹാബാക്കള്‍ ഇരുന്നാല്‍ ഞാനവരുടെ പിന്നില്‍ ചെന്നിരിക്കും. തിരുവഫാത്ത് വരെ ഇങ്ങനെ ഞാന്‍ ഒഴിഞ്ഞു മാറിയാണ് കഴിഞ്ഞത്.’

ഇസ്ലാമിക പ്രസ്ഥാനത്തിനും തിരുനബി(സ്വ)ക്കും താന്‍ ഏല്‍പിച്ച മാരകമായ മുറിവിനെക്കുറിച്ച് അദ്ദേഹം സദാ അസ്വസ്ഥനായിരുന്നു. പ്രവാചകര്‍ക്കു ശേഷം അബൂബക്കര്‍(റ) ഖലീഫയായി ചുമതലയേറ്റു. അന്ന് അറേബ്യന്‍ ഉപദ്വീപില്‍ തലപൊക്കിയ ഏറ്റവും വിനാശകാരിയായിരുന്നു മുസൈലിമയെന്ന വ്യാജ പ്രവാചകന്‍. സിദ്ദീഖ്(റ)ന്‍റെ ഭരണകാലത്ത് യമാമയില്‍ മുസൈലിമയുമായി മുസ്ലിം സൈന്യം ഏറ്റുമുട്ടി. വഹ്ശി(റ)യുടെ വിവരണം ഇങ്ങനെ: അതിശക്തമായ പരീക്ഷണത്തിന് ഞങ്ങള്‍ വിധേയരായി. മൂന്ന് പ്രാവശ്യം പരാജയപ്പെട്ടു. മുസ്ലിംകളില്‍ ചിലര്‍ പിന്തിരിഞ്ഞോടി. പിന്നീട് ഞങ്ങള്‍ പാദമുറപ്പിച്ചു. ക്ഷമയവലംബിച്ചു. ബനൂ ഉമയ്യയുടെയും ഞങ്ങളുടെയും വാളുകള്‍ കൂട്ടിമുട്ടി തീപ്പൊരി പാറി. അല്ലാഹുവിന്‍റെ സഹായം ഞങ്ങള്‍ക്ക് ലഭിച്ചു. അവര്‍ പരാജിതരായി. ശത്രുക്കളുടെ രക്തം എന്‍റെ കയ്യില്‍ കട്ടപിടിച്ചുകൊണ്ടിരുന്നു. യുദ്ധം പര്യവസാനിക്കാറായപ്പോഴാണ് ഞാന്‍ മുസൈലിമയെ കണ്ടത്. എന്‍റെ തൊട്ടടുത്ത് ഒരു അന്‍സാരി യോദ്ധാവ് നില്‍പ്പുണ്ടായിരുന്നു. മുസൈലിമയെ ലക്ഷ്യംവച്ചായിരുന്നു അദ്ദേഹവും നിന്നിരുന്നത്. ഞാനെന്‍റെ ചാട്ടുളിയെടുത്ത് ആഞ്ഞെറിഞ്ഞു. ഉന്നം പിഴച്ചില്ല. കൂടെ അന്‍സാരിയുടെ വെട്ടും. ഞങ്ങളില്‍ ആരാണ് മുസൈലിമയെ വകവരുത്തിയത്? ഞാനോ അന്‍സ്വാരിയോ? അല്ലാഹുവിനറിയാം. എങ്കിലും ആ രംഗം വീക്ഷിച്ച ഒരു സ്ത്രീ കൂടാരത്തില്‍ നിന്ന് വിളിച്ചുപറയുന്നതു കേട്ടു; ആ നീഗ്രോ അടിമ മുസൈലിമയെ വധിച്ചിരിക്കുന്നു.’

ഒരിക്കല്‍, ഹസ്സാനുബ്നു സാബിത്ത്(റ) ഹംസ(റ)നെ കുറിച്ച് പാടിയ വിലാപഗാനം ബസ്വറയില്‍വച്ച് ഒരു സുഹൃത്ത് വഹ്ശി(റ)യെ കേള്‍പ്പിക്കുകയുണ്ടായി. പൊട്ടിക്കരഞ്ഞുകൊണ്ട് വഹ്ശി പറഞ്ഞു: ‘എന്‍റെ ജാഹിലിയ്യാ കാലത്ത് ഉത്തമനായ ഹംസത്തുബ്നു അബ്ദുല്‍ മുത്വലിബിനെ ഞാന്‍ വധിച്ചു. ഇസ്ലാമില്‍ വന്ന ശേഷം അധമനായ മുസൈലിമയെയും. എന്‍റെ മഹാപാപത്തിന് പ്രായശ്ചിത്തമായി അല്ലാഹു ഇത് സ്വീകരിച്ചെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.’

ശിഷ്ടകാലം അദ്ദേഹം ഹിമ്മസില്‍ താമസമാക്കി. ഉസ്മാന്‍(റ)ന്‍റെ ഭരണകാലത്ത് അവിടെ മരണമടയുകയും ചെയ്തു.

(അല്‍ഇസ്വാബ 3/631, ഉസ്ദുല്‍ഗാബ 5/438, താരീഖുല്‍ ഇസ്ലാം ലിദ്ദഹബി 1/252, സിയറു അഅ്ലാമിന്നുബല 1/129, സുവറുന്‍ മിന്‍ഹയാത്തിസ്സ്വഹാബ 340-347).

You May Also Like

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

ആഇശ(റ) : നിരുപമ പാണ്ഡിത്യം

വനിതകളുടെ ഇസ്‌ലാമിലെ ഇടത്തെക്കുറിച്ചും വിദ്യാഭ്യാസത്തിനുള്ള അവകാശത്തെക്കുറിച്ചും വാദപ്രതിവാദങ്ങളുയരുമ്പോള്‍ ഉമ്മുല്‍ മുഅ്മിനീന്‍ ബീവി ആഇശ(റ)യുടെ ജീവിതവും വിജ്ഞാനവും…

ഖുര്ആന്‍: അവതരണം, ക്രോഡീകരണം

ഒന്നാം ആകാശത്തിലേക്ക് വിശുദ്ധ ഖുര്‍ആന്‍ ഒറ്റത്തവണയായി അവതരിപ്പിക്കപ്പെട്ടു. പിന്നീട് അല്ലാഹു അവയെ ഭാഗങ്ങളാക്കി ക്രമേണ നബി(സ്വ)ക്ക്…