സ്വന്തത്തിലോ ബന്ധത്തിലോ ഒക്കെയുള്ള ഒരാള്‍ക്ക് ഗള്‍ഫിലേക്ക് വിസ കിട്ടിയാല്‍ പിന്നെ അദ്ദേഹത്തെ നാം വീക്ഷിക്കുന്നത് വമ്പനൊരു മുതലാളിയായാണ്. അതുകൊണ്ടുതന്നെ ആരോഗ്യം ക്ഷയിച്ച് തിരിച്ചുവരും മുമ്പ് കുടുംബത്തിലെയും അകന്ന ബന്ധുക്കളുടെതും നാട്ടുകാരുടെയും അടക്കം എല്ലാവരുടെയും പ്രശ്നങ്ങള്‍ പരിഹരിക്കണം. വീടുവെച്ചു കൊടുക്കുകയും ബന്ധത്തിലെ സര്‍വ പെണ്‍കുട്ടികളെയും കെട്ടിച്ചയക്കുകയും തൊഴിലില്ലാത്തവര്‍ക്ക് വിസ നല്കുകയുമൊക്കെ വേണം. ഗള്‍ഫിലേക്ക് തിരിക്കുന്നതു മുതല്‍ തന്നെ പ്രവാസിയെ നല്ലൊരു അത്താണിയായി സമൂഹം കണക്കാക്കുകയും അതനുസരിച്ചുള്ള ‘ഊരലും പിഴിയലും’ തുടങ്ങുകയും ചെയ്യുന്നു.
സഹോദരന് നാട്ടില്‍ വന്നപ്പോള്‍ കൊണ്ടുവന്ന പ്ലാസ്റ്റിക് പായ മുറിച്ച് പകുതി തനിക്കു വേണമെന്ന് വാശി പിടിച്ച പെങ്ങളെ അറിയാം. മുറിക്കുന്നതിനിടയില്‍ പിഴച്ച് ആര്‍ക്കും ഉപയോഗിക്കാന്‍ പറ്റാത്തവിധം സാധനം പാഴായപ്പോള്‍, ‘…ന്നാ നീതന്നെ എടുത്തോ’ എന്നുപറഞ്ഞ് അവള് നീക്കിവെച്ചു കൊടുത്തു-വല്ലാത്ത ഔദാര്യം!
പല പ്രവാസികള്‍ക്കും നല്ല ജോലിയില്ല. ഒപ്പിച്ചങ്ങനെ കഴിയുകയാണ്. അവരില്‍ നിന്ന് ആവശ്യങ്ങളുടെ നീണ്ട ശ്രേണി വാശിപിടിച്ചും പിണങ്ങിയും വഴക്കുപറഞ്ഞുമൊക്കെ നേടിയെടുക്കുമ്പോള്‍ ആ സാധുക്കളെ നശിപ്പിക്കുകയാണെന്ന ബോധം നാട്ടിലുള്ളവര്ക്കുണ്ടാവണം. ആവശ്യത്തിലധികം സൂക്ഷിപ്പുള്ളവര്‍ക്ക് എത്രയും നല്‍കാം. അങ്ങനെയില്ലാത്തവര്‍ക്ക് നിലവാരമൊത്തതല്ലേ പറ്റൂ. ഇതൊന്നും ശ്രദ്ധിക്കാതെ കടം വാങ്ങിയും ലോണെടുത്തും പയറ്റ് നടത്തിയുമൊക്കെ നാട്ടിലെ ഓരോ പരിപാടിയും ഘനഗംഭീരമാക്കി കളയാമെന്ന് വിചാരിച്ച് സ്വന്തക്കാര് ഉരുകി തീരുന്നത് പ്രോത്സാഹിപ്പിക്കാനാവുമോ?
ഗള്‍ഫുകാരുടെ ആരോഗ്യം ഏറെ പരിതാപകരമാണ്. പൊക്കാനാവാത്ത മാനസിക സമ്മര്‍ദ്ദമാണ് അവരെ തളര്‍ത്തിക്കളയുന്നത്. നൂറുകൂട്ടം ബേജാറുകളുടെ നെരിപ്പോടായി ജീവിതം തള്ളി നീക്കുന്നത് മനസ്സിനെ തകര്‍ക്കും. മസ്തിഷ്കം ഊര്ജസ്വലമല്ലെങ്കില് ശരീരമാസകലം പണിമുടക്കു തുടങ്ങും. അങ്ങനെ നിരവധി രോഗങ്ങള്‍ അവരുടെ കൂട്ടുകാരായിത്തീരുന്നു.
ഇതില്‍ നിന്നു മോചനം നേടുന്നതിന് ആദ്യമായി വേണ്ടത് അതിസമ്മര്ദ്ദങ്ങളില് നിന്ന് രക്ഷപ്പെടുകയാണ്. ജോലിക്കും സേവനത്തിനുമൊക്കെ പ്രത്യേക സമയവും മുന്‍ഗണനാ ക്രമവും നിശ്ചയിക്കണം. ഏറ്റവും പ്രാധാന്യമുള്ളവ ക്രമപ്രകാരം നിര്‍വഹിക്കുക. പിന്നെ ജോലിയും സാമ്പത്തിക സാഹചര്യങ്ങളും പരിഗണിച്ചുമാത്രം ബാധ്യതകള്‍ ഏറ്റെടുക്കുക. ഇതിനു പക്ഷേ നാം അവരെ അനുവദിക്കണം. ഗള്‍ഫുകാരുടെ സാമ്പത്തിക നിലവാരം മനസ്സിലാക്കാന്‍ എല്ലാവര്‍ക്കുമാവണം.
‘സഹോദരന്മാരില് ഒരാള്‍ ഇത്ര നല്കി, അയല്‍വാസിപോലും വന്‍സംഖ്യ കൊടുത്തു-നീമാത്രം…’ എന്നവിധം അവരെ പിഴിഞ്ഞ് കളയരുത്. അവസാനം ആരോഗ്യം ക്ഷയിച്ച് ഒരു ബാധ്യതയായി അവഗണിക്കേണ്ടവരല്ല നമ്മുടെ സഹോദരന്മാര്. കാര്യലാഭത്തിനു വേണ്ടിയല്ലാതെ അവരെ സ്നേഹിക്കാനും ആശ്വാസ വചനങ്ങള്‍ കൊണ്ട് സമാധാനിപ്പിക്കാനും നമുക്കാവണം. അതാണ് ദീന്.