ഐഹിക ലോകത്തെ അന്തസ്സാർന്ന ഉപജീവനവും പാരത്രികലോകത്തെ അനശ്വര സൗഭാഗ്യവുമാണ് ഇസ്‌ലാം വിഭാവന ചെയ്യുന്നത്. ഇഹത്തിലും പരത്തിലും ഐശ്വര്യ പൂർണമായ ജീവിതം കൈവരിക്കാൻ മനുഷ്യസമൂഹത്തെ പ്രാപ്തരാക്കലാണ് ഇസ്‌ലാമിന്റെ ലക്ഷ്യം. ഈ യാഥാർഥ്യത്തോട് ചേർന്നുനിന്നുകൊണ്ട് വേണം കാർഷിക വൃത്തിയെക്കുറിച്ചുള്ള ഇസ്‌ലാമിക കാഴ്ചപ്പാടുകൾ വിലയിരുത്തുന്നത്.
ഭക്ഷണം, വസ്ത്രം, പാർപ്പിടം, ഔഷധം എന്നിവയെല്ലാം മനുഷ്യന്റെ പ്രാഥമികാവശ്യങ്ങളാണ്. കൃഷി, മൃഗസംരക്ഷണം എന്നിവയിൽ നിന്നാണ് പ്രധാനമായും മനുഷ്യന് ഇവയിൽ അധികവും ലഭിക്കുന്നത്. ഭക്ഷണത്തിനാവശ്യമായ ധാന്യങ്ങൾ, പഴവർഗങ്ങൾ, പാല്, മാംസം, വസ്ത്ര നിർമാണത്തിനാവശ്യമായ പരുത്തി, കമ്പിളി, പാദരക്ഷ നിർമിക്കാനാവശ്യമായ തുകൽ, വീട് നിർമാണത്തിനാവശ്യമായ മര ഉരുപ്പടികൾ, മറ്റ് അസംസ്‌കൃത വസ്തുക്കൾ എന്നിവയെല്ലാം കൃഷിയിലൂടെയും മൃഗ പരിപാലനത്തിലൂടെയും ലഭിക്കുന്നതാണ്. അതിനാൽ കൃഷി ഇസ്‌ലാമിക സമൂഹത്തിന്റെ അനിവാര്യ ഉത്തരവാദിത്വമാണ്.
കായികാധ്വാനത്തിന് ഇസ്‌ലാം വളരെ പ്രാധാന്യം കൽപിക്കുന്നുണ്ട്. ‘അനുവദനീയമായ ഉപജീവന മാർഗമായി സ്വീകരിക്കുകയും തിരുചര്യയനുസരിച്ച് ജീവിതം നയിക്കുകയും ജനങ്ങളെ ദ്രോഹിക്കാതിരിക്കുകയും ചെയ്താൽ സ്വർഗ പ്രവേശം ലഭിക്കുന്നതാണ് (തുർമുദി). തൊഴിൽ ചെയ്ത് ജീവിക്കുന്ന സത്യവിശ്വാസിയെ അല്ലാഹു ഇഷ്ടപ്പെടുന്നു (ബൈഹഖി, ത്വബ്‌റാനി). സ്വന്തം കരംകൊണ്ട് അധ്വാനിച്ചുണ്ടായതിനെക്കാൾ ഉത്തമമായ ഭക്ഷണം ഒരാളും കഴിച്ചിട്ടില്ല’ (ബുഖാരി). അനുവദിക്കപ്പെട്ടിട്ടുളള ഉപജീവനമാർഗം തേടൽ ഓരോ വിശ്വാസിയുടെയും നിർബന്ധ ബാധ്യതയാകുന്നു (ത്വബ്‌റാനി). ഉപജീവനത്തിനായി ന്യായമായ മാർഗം തേടുന്നത് അല്ലാഹുവിന്റെ മാർഗത്തിൽ പൊരുതുന്നതിന് തുല്യമാണ്. ഉപജീവനവൃത്തിയിൽ ഏർപ്പെട്ടുകൊണ്ട് ക്ഷീണിതനായി അന്തിയുറങ്ങുന്നത് അല്ലാഹുവിന്റെ പ്രീതിയോടെയുള്ള ഉറക്കമാകുന്നു (ബൈഹഖി). ഇത്തരം ധാരാളം വചനങ്ങളിൽ അധ്വാനത്തിന്റെ മഹത്ത്വം വിവരിച്ചിട്ടുണ്ട്.
ഐഹികമോ പാരത്രികമോ ആയ യാതൊരു ജോലിയിലും ഏർപ്പെടാതെ അലസമായിരിക്കാൻ ഇസ്‌ലാം ഒരിക്കലും അനുവദിക്കുന്നില്ല. ‘പരലോകത്തേക്കു വേണ്ടിയുള്ള പ്രവൃത്തിയിലോ അനുവദനീയമായ ധനസമ്പാദന മാർഗങ്ങളിലോ ഏർപ്പെടാതെ അലസമായിരുന്നാൽ ഹൃദയം കടുക്കും.’ ആരോഗ്യവാനായ ഒരാൾ ഐഹികമോ പാരത്രികമോ ആയ യാതൊരു ജോലിയിലും ഏർപ്പെടാതെ വെറുതെയിരിക്കുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നില്ല. ‘ജോലിയൊന്നും ചെയ്യാതെ വെറുതെയിരിക്കാൻ ഇഷ്ടപ്പെടുന്നവനായിരിക്കും പുനരുദ്ധാന നാളിൽ കടുത്ത വിചാരണ നേരിടേണ്ടി വരിക’ (അൽബറക). ജോലിയെടുക്കാതെ മടിച്ചിരിക്കുന്നവരെ താക്കീത് ചെയ്യുന്ന ഇത്തരം മഹദ്‌വചനങ്ങൾ നിരവധി.
പാരത്രിക കാര്യങ്ങൾക്ക് കോട്ടം തട്ടാത്ത വിധം ലൗകിക കാര്യങ്ങളിൽ വ്യാപൃതമാവുക എന്നതാണ് ഇസ്‌ലാമിന്റെ നയം. ഐഹിക ലോകത്തെ ജീവിതം ശാശ്വതമാണെന്ന മട്ടിൽ ലൗകിക കാര്യങ്ങളിലും, അടുത്ത നിമിഷം മരണപ്പെട്ടേക്കുമെന്ന മട്ടിൽ പരലോക കാര്യങ്ങളിലും വ്യാപൃതനാകാൻ (മുസ്‌നദ് അൽഹാരിസ്) നബിതിരുമേനി നിർദേശിച്ചിട്ടുണ്ട്.

കൃഷിപ്രമാണം

കാർഷിക വൃത്തിയെ കുറിച്ചും കാർഷികോൽപന്നങ്ങളെ പറ്റിയും വിശുദ്ധ ഖുർആനിൽ ഒട്ടേറെ പരാമർശങ്ങളുണ്ട്. കായ്ഫലങ്ങളാൽ സമൃദ്ധമായ തോട്ടങ്ങളെക്കുറിച്ചും തലയെടുപ്പോടെ ഉയർന്ന് നിൽക്കുന്ന വൻമരങ്ങളെക്കുറിച്ചും പുൽചെടികൾ, വള്ളിപ്പടർപ്പുകൾ, ഭക്ഷ്യയോഗ്യവും അല്ലാത്തതുമായ സസ്യലതാദികൾ എന്നിവയെക്കുറിച്ചുമുള്ള പരാമർശങ്ങൾകൊണ്ട് സമ്പന്നമാണ് ഖുർആൻ. ഭൂമിയുടെ അലങ്കാരം എന്നാണ് സൂറത്തു യൂനുസ് 24ാം വചനത്തിൽ ചെടികളെ പറ്റി പരാമർശിക്കുന്നത്. സൂറത്തു യൂസുഫ് 46, 47 വചനങ്ങളിൽ സമൃദ്ധിയുടെ അടയാളമായി പരിചയപ്പെടുത്തുന്നത് പച്ച ധാന്യ കുലകളെയാണ്. അല്ലാഹുവിന്റെ അനുഗ്രഹം, അവന്റെ ആസ്തിക്യത്തിന്റെ മേൽ അറിയിക്കുന്ന അനുഭവവേദ്യമായ ദൃഷ്ടാന്തം, പുനരുജ്ജീവനത്തിന്റെ മേൽ അറിയിക്കുന്ന സുവ്യക്തമായ അടയാളം, ഐഹികജീവിതത്തിന്റെ ഉപമ തുടങ്ങി കൃഷിയും കാർഷികോൽപന്നങ്ങളും അടയാളപ്പെടുത്തുന്ന വ്യത്യസ്ത തലങ്ങളെ സംബന്ധിച്ച് ഖുർആൻ നിരന്തരം പരാമർശിക്കുന്നുണ്ട്. അൽഅൻആം 6, 99 അന്നഹ്ൽ 10, 11, അർറഅ്ദ് 4 തുടങ്ങിയ വചനങ്ങളിൽ കാർഷികോൽപന്നങ്ങളിലൂടെ നാഥൻ ചെയ്ത അനുഗ്രഹത്തെ പറ്റിയും അവ നൽകുന്ന ദൃഷ്ടാന്തത്തെക്കുറിച്ചുമാണ് പ്രതിപാദിക്കുന്നത്.
‘അൽഹദീദ് 20, യൂനുസ് 24, അൽകഹ്ഫ് 45 തുടങ്ങിയ വചനങ്ങളിൽ ഐഹിക ജീവിതത്തിന്റെ ഉപമയായി കൃഷി വിഷയീഭവിക്കുന്നു. അൽഹജ്ജ് 6, അർറൂം 19 വചനങ്ങൾ പുനർജന്മത്തെ കുറിച്ച് ഓർമിപ്പിക്കുന്ന ദൃഷ്ടാന്തമായിട്ടാണ് കൃഷിയെ ഉപമിക്കുത്തുന്നത്.
നബിവചനങ്ങളിലും കാർഷിക വ്യത്തിയെക്കുറിച്ച് ധാരാളം പരാമർശങ്ങളുണ്ട്. ‘കൃഷിയിടത്തിൽ നിന്ന് മനുഷ്യർ ആഹരിക്കുന്നതിനും പക്ഷിമൃഗാദികൾ തിന്നുന്നതിനും മോഷ്ടിക്കപ്പെടുന്നതിന് പോലും കൃഷിയിറക്കിയവന് പ്രതിഫലമുണ്ട് (ബുഖാരി, മുസ്‌ലിം).
‘ലോകാവസാനം സംഭവിക്കുമ്പോഴാണ് നിങ്ങളുടെ കൈയിൽ ഒരു തൈ ഉള്ളതെങ്കിൽ പോലും കഴിയുമെങ്കിൽ അത് നടുക’ (അഹ്‌മദ്). നീയൊരു താഴ്‌വരയിൽ കൃഷി ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ ദജ്ജാൽ പുറപ്പെട്ടിരിക്കുന്നുവെന്ന് കേട്ടാൽ പോലും തിരക്കു കൂട്ടരുത്. നന്നായി കൃഷി ചെയ്യുക, തീർച്ചയായും അതിന് ശേഷവും ജനങ്ങൾക്ക് ജീവിതമുണ്ട്’ (ബുഖാരി, അദബുൽ മുഫ്‌റദ്). ഇത്തരം തിരുവചനങ്ങൾ കാർഷികവൃത്തിയുടെ പ്രാധാന്യവും അതു മൂലം പാരത്രിക ലോകത്ത് ലഭിക്കുന്ന പ്രയോജനവും വിവരിക്കുന്നു.

ഉൽകൃഷ്ട തൊഴിൽ

നിയമം അനുവദിക്കുന്നതും ന്യായമായതുമായ ഏതു തൊഴിലിലും ഏർപ്പെടാവുന്നതാണ്. എന്നാൽ എറ്റവും ഉത്തമമായ തൊഴിലുകളാണ് വിശ്വാസികൾ തിരഞ്ഞെടുക്കേണ്ടത്. മനുഷ്യർക്കും പക്ഷിമൃഗാദികൾക്കുമെല്ലാം പ്രയോജനപ്പെടുന്നതാണ് കൃഷി. അതുകൊണ്ട് കൃഷിയാണ് ഏറ്റവും ഉത്തമ തൊഴിലെന്നാണ് ഇമാം നവവി(റ)ന്റെ വീക്ഷണം (ശർഹുൽ മുഅദ്ദബ് 9/59, ശർഹു മുസ്‌ലിം 10/213). തവക്കുലുമായി ഏറ്റവും അടുത്തത് കൃഷിയാണ്. അല്ലാഹുവിൽ ഭരമേൽപിച്ചുകൊണ്ടാണ് കർഷകൻ കൃഷിയിറക്കുന്നത്. വിളവ് ലഭിക്കുമെന്ന യാതൊരുറപ്പും അവനില്ല. വെള്ളം ലഭിക്കാതെ കരിഞ്ഞുണങ്ങാനും കാറ്റെടുത്ത് നശിക്കാനും കീടങ്ങളുടെ അക്രമമുണ്ടാകാനുമെല്ലാം സാധ്യതയുണ്ട്. ഉദ്ദേശിച്ച വിള ലഭിക്കണമെന്നുമില്ല. ഇത്തരം കാര്യങ്ങളെല്ലാം മുന്നിൽ കണ്ട് അല്ലാഹുവിൽ വിശ്വാസമർപ്പിച്ചുകൊണ്ടാണ് അവൻ കൃഷിയിറക്കുന്നത്. റബ്ബിന്റെ കാരുണ്യം മാത്രമാണ് അവന്റെ പ്രതീക്ഷ. അതിനാൽ കൃഷിയാണ് ഏറ്റവും ഉൽകൃഷ്ട തൊഴിലെന്ന് പ്രമുഖ കർമശാസ്ത്ര പണ്ഡിതനായ ഇമാം മാവർദി(റ)യുടെയും പക്ഷം. വഞ്ചനയിൽ നിന്ന് വിമുക്തമായ തൊഴിൽ, പ്രവാചകരും പൂർവസൂരികളായ ഒട്ടേറെ മഹത്തുക്കളും തിരഞ്ഞെടുത്ത തൊഴിൽ തുടങ്ങിയ അനേകം സവിശേഷതകൾ കാർഷികവൃത്തിക്കുണ്ട്. (തുഹ്ഫ 9/389, വസ്വാബിയുടെ അൽബറക 9).

ആടു വളർത്തൽ

അധിക സാമ്പത്തിക ബാധ്യതയില്ലാതെ ചെയ്യാവുന്ന ആദായകരമായ ജോലിയാണ് ആട് വളർത്തൽ. നബിമാരെല്ലാം ഏർപ്പെട്ട അനുഗ്രഹീത തൊഴിൽ എന്ന പ്രത്യേകതയും ഇതിനുണ്ട്. എല്ലാ നബിമാരും ആടു വളർത്തിയിരുന്നതായി റസൂൽ(സ്വ) അരുളിയിട്ടുണ്ട് (ബുഖാരി).
കേവലമായ ഇടയ ജോലിയായിരുന്നില്ല അവർ ചെയ്തിരുന്നത്. അതിനാൽ അജപാലകരെന്ന് അവരെ വിശേഷിപ്പിച്ചു കൂടെന്ന് ജ്ഞാനികൾ വിവരിച്ചിട്ടുണ്ട്. നബിമാരുടേത് സമൂഹത്തെ നയിക്കുന്നതിനുള്ള പരിശീലനത്തിന്റെ ആദ്യ പാഠമായിരുന്നു. പൂർവസൂരികളുടെ വഴിയേ സഞ്ചരിക്കാനുള്ള ഉൽക്കടമായ അഭിലാഷം, പൈതൃകത്തോടുള്ള പ്രതിബദ്ധത, വിനയം, എളിമ, ആഢ്യ ഭാവത്തോടുള്ള വിപ്രതിപത്തി അങ്ങനെ പലതും അതിൽ കാണാനാകും. ‘താങ്കളുടെ കൈയിലെന്താണെന്ന സ്രഷ്ടാവിന്റെ ചോദ്യത്തിന് ‘ഊന്നി നടക്കാനും ആടുകൾക്ക് ഇല പൊഴിച്ചു കൊടുക്കാനുമുപയോഗിക്കുന്ന വടിയാണിതെന്ന്’ വിനയാന്വിതനായി മൂസാ(അ) മറുപടി പറയുന്ന രംഗം വിശുദ്ധ ഖുർആൻ 20/18ൽ വിവരിച്ചിട്ടുണ്ട്.
‘മറ്റു ജീവികളെ അപേക്ഷിച്ച് ഏറെ ദുർബലമാണ് ആടുകൾ. കൂടംതെറ്റി ചിതറിയോടുക അതിന്റെ പ്രത്യേകതയാണ്. പെട്ടെന്ന് കീഴൊതുങ്ങുകയും ചെയ്യും. തുടരെയുള്ള പരിചരണവും പരിരക്ഷയും അതിന് ആവശ്യമാണ്. മേച്ചിൽ പുറങ്ങളിൽ അവിടവിടെയായി ചിതറിക്കിടക്കുന്ന ആടുകളെ ചേർത്ത് നിർത്തിയും ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോയും വന്യമൃഗങ്ങളിൽ നിന്നും മോഷ്ടാക്കളിൽ നിന്നും സംരക്ഷിച്ചും ക്ഷമയോടെയും അനുകമ്പയോടെയും ആടുകളെ മേച്ചുമുള്ള പരിശീലനത്തിലൂടെ സമൂഹത്തിന്റെ ബൗദ്ധിക ക്ഷമതയും പ്രകൃതിയും മനസ്സിലാക്കി ക്ഷമയോടെയും ദയാവായ്‌പോടെയും സമൂഹത്തെ നയിക്കാൻ സാധിക്കും. സമുദായത്തിന്റെ വീഴ്ചകൾ പരിഹരിച്ചും ദൗർബല്യങ്ങൾ കണ്ടറിഞ്ഞും സൗമ്യമായ പെരുമാറ്റത്തിലൂടെ നല്ല നിലയിൽ അവരെ സംരക്ഷിക്കാനാകും. സാമൂഹ്യ വിഷയങ്ങളിൽ വേണ്ടവിധം ഇടപെടാനും സഹനവും അനുകമ്പയും ദയാവായ്പും ആർദ്രതയും കൈമുതലാക്കി അവരെ സംസ്‌കരിക്കാനും ഔന്നത്യങ്ങളിലെത്തിക്കാനുമാകും. ആടുകളെ മേച്ചുകൊണ്ടുള്ള പരിശീലനത്തിന് ശേഷം സമൂഹ മധ്യത്തിലേക്ക് പറഞ്ഞുവിടുന്നതാണ്, ആദ്യമേ സമൂഹത്തിലേക്ക് വിടുന്നതിലേറെ അവർക്ക് ആയാസരഹിതം. പ്രവാചകത്വത്തിന് മുമ്പ് നബിമാരോട് ആടുകളെ മേക്കാൻ അല്ലാഹു ബോധനം നൽകിയതിന് പിന്നിലെ പൊരുൾ ഇതാണെന്ന് ജ്ഞാനികൾ രേഖപ്പെടുത്തിയിട്ടുണ്ട്. അല്ലാഹുവിനോടുള്ള പരമമായ വിനയ പ്രകടനവും അവന്റെ അനുഗ്രഹത്തെ സംബന്ധിച്ചുള്ള പങ്കുവെപ്പും തിരുനബി(സ്വ)യുടെ ഈ തുറന്നു പറച്ചിലിലുണ്ട് (ഫത്ഹുൽബാരി 4/441).
‘ആട് ഐശ്വര്യമാണ്’ (ബുഖാരി, അദബുൽ മുഫ്‌റദ്). ആടുകളുമായി ബന്ധപ്പെട്ടു ജീവിക്കുന്നവർ ശാന്തപ്രകൃതരും സഹനമുള്ളവരുമാകുന്നു (ബുഖാരി). ആടു വളർത്തുന്നത് നിങ്ങൾ ജോലിയായെടുക്കുക, തീർച്ചയായും അത് ഐശ്വര്യമുള്ള ജീവിയാണ് (അഹ്‌മദ്). ഏറ്റവും മെച്ചപ്പെട്ട സമ്പത്ത് ആടുകളാകുന്ന ഒരു കാലം മനുഷ്യർക്ക് വരാനിരിക്കുന്നു (അബൂദാവൂദ്, ത്വബ്‌റാനി). തുടങ്ങിയ അനേകം വചനങ്ങളിൽ ഇതിന്റെ പ്രാധാന്യം അവിടന്ന് പരാമർശിക്കുകയുണ്ടായി. ഓരോ പ്രദേശത്തിനും ഇണങ്ങുന്ന ആടുകളെയാണ് വളർത്താനായി തിരഞ്ഞെടുക്കേണ്ടത്. ആടിന് പാൽ ലഭിക്കാത്തതിനെക്കുറിച്ചും വർധനവില്ലാത്തതിനെ പറ്റിയും പരാതിപ്പെട്ട സ്ത്രീയോട് കറുത്ത ആടുകളെ മാറ്റി വെള്ള നിറമുള്ളവയെ വളർത്താൻ നിർദേശിച്ചതായി ഇമാം വസ്വാബി(റ) അൽബറകയിൽ വിവരിച്ചതു കാണാം.
മറ്റു ജീവികളെ അപേക്ഷിച്ച് പ്രതിരോധ ശേഷി കുറഞ്ഞതും ബലഹീനവുമായ മൃഗമാണ് ആട്. അതിനാൽ ആടു വളർത്തുന്നവർ അതിനെ വേണ്ടവിധം പരിചരിക്കേണ്ടതുണ്ട്. ഹുമൈദുബ്‌നു മാലിക്(റ)വിനോട് അബൂഹുറൈറ(റ) പറഞ്ഞു: ആടുകളോട് നീ നന്മ ചെയ്യുക, അതിന്റെ മൂക്ക് ഒലിക്കുന്നുണ്ടെങ്കിൽ തുടച്ചു വൃത്തിയാക്കിക്കൊടുക്കുക, കൂട് വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക. അത് സ്വർഗീയ ജീവികളിൽ പെട്ടതാണ് (മുവത്വ, അദബുൽ മുഫ്‌റദ്).

കാലി വളർത്തൽ

ക്ഷീരോൽപാദനത്തിന് വേണ്ടിയാണ് പ്രധാനമായും പശു, എരുമ തുടങ്ങിയ കാലികളെ വളർത്തുന്നത്. ഒട്ടേറെ ഔഷധ ഗുണങ്ങളുള്ളതും ആരോഗ്യദായകവുമായ പാനീയമാണ് പാൽ. പശുവിൻ പാലിന്റെ ഔഷധ ഗുണത്തെ പറ്റിയും പ്രതിരോധ ശേഷിയെ കുറിച്ചും ഹദീസിൽ വിവരിച്ചിട്ടുണ്ട്. മുലൈക ബിൻത് അംറ് നിവേദനം തിരുനബി(സ്വ) പറഞ്ഞു: ‘പശുവിൻ പാൽ രോഗപ്രതിരോധത്തിന് ഉത്തമ ഔഷധമാണ്. അതിന്റെ വെണ്ണയിൽ ശമനൗഷധമുണ്ട്. (ത്വബ്‌റാനി, ബൈഹഖി). അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) നിവേദനം: തിരുനബി(സ്വ) പറഞ്ഞു: വാർധക്യംകൊണ്ടുള്ള ക്ഷീണമല്ലാത്ത മറ്റെല്ലാ രോഗത്തിനും അല്ലാഹു ഔഷമിറക്കിയിട്ടുണ്ട്. അതിനാൽ നിങ്ങൾ പശുവിൻ പാൽ കുടിക്കുക. എല്ലാത്തരം ചെടികളും മേഞ്ഞ് കഴിക്കുന്ന ജീവിയാണത് (അബൂദാവൂദ്). പശുപ്പാൽ എല്ലാ രോഗത്തിനുമുള്ള പ്രതിരോധ മരുന്നാണ് (ഹാകിം).

കോഴി വളർത്തൽ

സാമ്പത്തിക ശേഷിയില്ലാത്തവർക്ക് തിരഞ്ഞെടുക്കാവുന്ന ഉപജീവന മാർഗമാണ് കോഴി വളർത്തൽ. സാമ്പത്തിക ശേഷിയുള്ളവരോട് ആട് വളർത്താനും ദരിദ്രരോട് കോഴി വളർത്താനും തിരുനബി(സ്വ) നിർദേശിച്ചിരുന്നു. സാമ്പത്തിക ശേഷിയുള്ളവർ കോഴി വളർത്തുന്നത് അനർഥങ്ങളുണ്ടാക്കുമെന്ന് ഉണർത്തുകയും ചെയ്തു (ഇബ്‌നുമാജ). സാമ്പത്തിക ശേഷിയുള്ളവർ കോഴി വളർത്തൽ തൊഴിലായി സ്വീകരിക്കുകയും വൻതോതിൽ കോഴികളെ വളർത്താൻ ആരംഭിക്കുകയും ചെയ്താൽ ദരിദ്രരുടെ ഉപജീവന മാർഗം നഷ്ടമാകും. അവർ വളർത്തുന്ന കോഴികൾക്ക് ആവശ്യക്കാരില്ലാതെ വരും. തൊഴിൽ നഷ്ടപ്പെട്ട് ദുരിതത്തിലാകുകയും ചെയ്യും. സാമ്പത്തിക ശേഷിയുള്ളവർ കൊഴി വളർത്തുന്നതിനെ നിരുത്സാഹപ്പെടുത്തുന്നതിന് പിന്നിലെ തത്ത്വമിതാണ്. ഹദീസിന്റെ നിവേദക പരമ്പര കുറ്റമറ്റതല്ലെങ്കിൽ കൂടി ഏറെ സാമൂഹ്യ പ്രാധാന്യമുള്ളതാണ് ഹദീസ് ഉൾകൊള്ളുന്ന ആശയം.
നബി(സ്വ) ഒരു വെളുത്ത കോഴിയെ വളർത്തിയിരുന്നതായി ശൈഖ് മുഹിബ്ബുദ്ദീനിത്ത്വബരി ഉദ്ധരിച്ചിട്ടുള്ളതായി ഇമാം ദമീരി(റ) ഹയാത്തുൽ ഹയവാനിൽ വിവരിച്ചിട്ടുണ്ട്. കോഴി വീടിന് സംരക്ഷണ മാണെന്ന് കാണിക്കുന്ന ചില ഹദീസുകളും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

ഇസ്ഹാഖ് അഹ്‌സനി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മലക്കുകളുടെ നേതാക്കൾ

ധാർമിക ഉത്തരവാദിത്വമുള്ള സൃഷ്ടികൾ മൂന്നു വിഭാഗങ്ങളാണ്. മലക്കുകൾ, മനുഷ്യർ, ജിന്നുകൾ. അവരിൽ മലക്കുകളെ കുറിച്ച് പറയാം.…

● സുലൈമാൻ മദനി ചുണ്ടേൽ

വ്യക്തിഹത്യ ആയുധമാക്കിയ ഹദീസ് വിമർശകർ

ഇസ്‌ലാമിക പ്രമാണങ്ങളിൽ ദ്വിതീയമായ ഹദീസിനെ കുറിച്ചുള്ള പഠനശാഖ ഉലൂമുൽ ഹദീസ് എന്നറിയപ്പെടുന്നു. ഖിലാഫത്തു റാശിദയുടെ അവസാന…

● ഉനൈസ് മുസ്തഫ

കൃഷി, തൊഴിൽ: മാനവ സംസ്‌കൃതിയുടെ സമ്പത്ത്

കൃഷി മനുഷ്യ ജീവിതത്തിന്റെ അവിഭാജ്യഘടകവും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാന ശിലയുമാണ്. മാനവ സംസ്‌കൃതിയുടെ ഭാഗം കൂടിയാണത്.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ