തൃശൂര്‍ കയ്പമംഗലത്ത് പെട്രോള്‍ പമ്പ് ഉടമ മനോഹരനെ കൊലപ്പെടുത്തിയ മൂന്നു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയ വാര്‍ത്ത ഈയിടെ മാധ്യമങ്ങളില്‍ നാം വായിച്ചു. നാട്ടുകാരായ അനസ്, അന്‍സാര്‍, സിയോണ്‍ എന്നിവരാണ് പ്രതികള്‍. പമ്പിലെ കളക്ഷന്‍ തുക തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യം. മനോഹരന്‍റെ കാറിന് പിന്നില്‍ ബൈക്ക് ഇടിച്ച് അപകടനാടകം സൃഷ്ടിച്ചു. പമ്പുടമ കാറില്‍നിന്നിറങ്ങിയപ്പോള്‍ തോക്ക് ചൂണ്ടി ബന്ദിയാക്കി. പണം കിട്ടാത്ത ദേഷ്യത്തിന് ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് ഡിഐജി എസ്. സുരേന്ദ്രന്‍ പറഞ്ഞത്. 20 വയസ്സാണ് പ്രതികള്‍ക്കുള്ളത്.
ഐശ്വര്യത്തോടെ ജീവിക്കേണ്ട പുതുതലമുറ എങ്ങനെയാണ് ഇത്തരം കെണിവലകളിലകപ്പെടുന്നത്? കൗമാര കൊലയാളികളുടെ വാര്‍ത്തകള്‍ മുമ്പും വന്നിട്ടുണ്ട്. കുട്ടികളെ സാംസ്കാരികവും സാമൂഹികവും മാനസികവും ശാരീരികവുമായി തകര്‍ക്കുന്നതിന് ഉത്തരവാദികളായ നിരവധി ഘടകങ്ങളുണ്ട്. ഡിജിറ്റല്‍ ലൈഫ് കുട്ടികളെ ക്രൂരതകള്‍ക്ക് പ്രേരിപ്പിക്കുന്നുവെന്നത് എടുത്തു പറയേണ്ടതാണ്. വീട്ടില്‍ ഒരുക്കിക്കൊടുക്കുന്ന ആധുനിക സാങ്കേതിക വിദ്യയുടെ അനന്തര ഫലത്തെക്കുറിച്ച് രക്ഷിതാക്കള്‍ അറിയുന്നില്ല. ഗര്‍ഭസ്ഥ ശിശുവിനു പോലും പുറമേയുള്ള വിവരങ്ങള്‍ അറിയാന്‍ കഴിയുന്നുവെന്ന് മന: ശാസ്ത്രം പറയുമ്പോള്‍ ജനിച്ച ശേഷം കുട്ടി കാണുന്നതും കേള്‍ക്കുന്നതും ഓര്‍മയില്‍ സൂക്ഷിച്ചുവെക്കുമെന്ന കാര്യം പലരും അറിയുന്നില്ല. ടിവി, കമ്പ്യൂട്ടര്‍ എന്നതില്‍ നിന്നും മാറി സ്മാര്‍ട്ട് ഫോണുകളുടെ ലോകത്ത് മുഴുകുന്ന പുതുതലമുറ അനുഭവിക്കുന്നതും സ്വീകരിക്കുന്നതുമായ കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ അവരുടെ വളര്‍ച്ചക്ക് ഗുണകരമാണോ എന്ന് പോലും രക്ഷിതാക്കള്‍ക്കറിയില്ല. വിവിധ മാധ്യമങ്ങളിലൂടെ ലഭിക്കുന്ന തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുട്ടി വഴിതെറ്റി പോകുന്നു.
ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളുടെ യഥാര്‍ത്ഥ ചിത്രം നോക്കൂ. കേരളത്തില്‍ വലിയ വാര്‍ത്തയായ ബാങ്ക് കവര്‍ച്ച കേസിലെ പ്രതിയായ വിദ്യാര്‍ത്ഥി ബാങ്ക് റോബറി ചിത്രീകരിച്ച ഒരു സിനിമ പലതവണ കാണുകയും കൂട്ടുകാരെ കാണിക്കുകയും ചെയ്തിരുന്നു. സിനിമയിലെ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന നായകന്മാരെ അനുകരിക്കുക മാത്രമല്ല, തെളിവുകള്‍ നശിപ്പിക്കാനുള്ള വിദ്യകള്‍ സിനിമയില്‍ നിന്നും സീരിയലില്‍ നിന്നും പഠിക്കുകയും ചെയ്യുന്നു. സന്താനങ്ങള്‍ വഴിവിട്ട ജീവിതം നയിക്കുന്നുണ്ടെങ്കില്‍ അതിനു പ്രേരകമാകുന്ന കാരണങ്ങള്‍ കണ്ടുപിടിക്കണം. നിത്യേന മണിക്കൂറുകളോളം ടിവി കാണുന്ന കുട്ടി, സ്മാര്‍ട്ട് ഫോണില്‍ സമയം ചെലവഴിക്കുന്ന കുട്ടി തങ്ങള്‍ കാണുന്നതൊക്കെ രേഖപ്പെടുത്തിവെക്കുന്നു. അധ്യാപികയെ കുത്തിക്കൊന്ന വിദ്യാര്‍ത്ഥിയും സിനിമയെ അനുകരിച്ചതാണെന്നോര്‍ക്കണം.
ഇത്തരം മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന പരിപാടികളുടെ അവസ്ഥയൊന്ന് നോക്കൂ. അക്രമങ്ങളും ചതികളും കൊലയും കൊള്ളയും ഗുഢാലോചനയും ബലാത്സംഗങ്ങളും പ്രേമവും അര്‍ധനഗ്നകളുടെ കൂട്ട നൃത്തങ്ങളുമൊക്കെയാണ് സിനിമ-സീരിയല്‍-ഷോകളിലൂടെ നമ്മുടെ കുട്ടികളിലെത്തുന്നത്. അമേരിക്കന്‍ അക്കാദമി ഓഫ് ചൈല്‍ഡ് ആന്‍റ് അഡോളസെന്‍റ് സെക്യാട്രി നടത്തിയ പഠനത്തില്‍, ഇന്നത്തെ മിക്ക ടെലിവിഷന്‍ പ്രോഗ്രാമുകളും ഭീകരത നിറഞ്ഞതാണെന്നും കുട്ടികളിലും കൗമാരക്കാരിലും ടിവി വയലന്‍സ് സ്വാധീനമുളവാക്കുന്നുവെന്നും കണ്ടെത്തുകയുണ്ടായി. മാത്രമല്ല, കുട്ടികള്‍ പ്രതികരണ ശേഷിയില്ലാത്തവരായി മാറുകയും ചെയ്യുന്നു. മൃതദേഹമോ അതിക്രമമോ കൊലപാതകമോ കാണാന്‍ ഇന്നത്തെ കുട്ടികള്‍ക്ക് ഭയമില്ല. ഇത്തരം കുട്ടികളില്‍ സ്നേഹവും കാരുണ്യവും പരസ്പര ബഹുമാനവും മാതാപിതാക്കളോടും ഗുരുക്കന്മാരോടുമുള്ള ആദരവും മറ്റു മൂല്യങ്ങളും ഇല്ലാതാകുന്നു.
അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്‍റെ 1989-ലെ പഠന റിപ്പോര്‍ട്ട് പ്രകാരം അവിടങ്ങളില്‍ ആറാം തരത്തിലെത്തുന്നതിനു മുമ്പുതന്നെ കുട്ടികള്‍ 8000 കൊലപാതകങ്ങള്‍ ടെലിവിഷനിലൂടെ കണ്ടിട്ടുണ്ട്. 100,000ത്തിലധികം മറ്റു വയലന്‍സുകളും അവര്‍ കാണുന്നു. ഇത് അമേരിക്കയിലെ കഥയെന്നു പറഞ്ഞു തള്ളേണ്ട. തുടക്കത്തില്‍ പരാമര്‍ശിച്ച റിപ്പോര്‍ട്ട് നോക്കൂ. അത് നമ്മുടെ നാട്ടിലാണല്ലോ നടന്നത്. അതിനാല്‍ മക്കളുടെ കാര്യത്തില്‍ ഇക്കാലത്ത് മാതാപിതാക്കള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതനിവാര്യമാണ്.