‘ഒറ്റ ഗ്രന്ഥകാരന്‍റെ രചനകള്‍ മാത്രമുള്ള ഒരു സ്റ്റാളോ? വ്യത്യസ്ത വിഷയങ്ങളില്‍ ഇത്ര മനോഹരമായി എഴുതുന്ന ഒരു മലബാരിയോ? ഇത്രയധികം വാള്യങ്ങളുള്ള തയ്സീറുല്‍ ജലാലൈനി രചിക്കുന്ന ഇന്ത്യന്‍ പണ്ഡിതനോ? പഴമയുടെ തനിമ കൈവിടാത്ത ആ എഴുത്തുകാരന്‍ ഇന്നും ജീവിച്ചിരിപ്പുണ്ടെന്നോ?’ ഷാര്‍ജ ഇന്‍റര്‍നാഷണല്‍ ബുക്ക് ഫെയറിലെ ദാറുല്‍ മആരിഫ് സ്റ്റാള്‍ സന്ദര്‍ശിക്കാനെത്തിയവരുടെ അതിശയം നിറഞ്ഞ ചോദ്യങ്ങള്‍. കോടമ്പുഴ ബാവ ഉസ്താദിന്‍റെ ഗ്രന്ഥങ്ങള്‍ മാത്രമുള്ളതാണ് ഷാര്‍ജ ബുക്ഫെയറിലെ ദാറുല്‍ മആരിഫ് പവ്ലിയന്‍. അവിടം സന്ദര്‍ശിച്ച രാജ്യാന്തര എഴുത്തുകാര്‍ക്കും അറബ് പണ്ഡിതര്‍ക്കും ഈ കേരളീയ രചയിതാവിനെ കുറിച്ച് അറിയാന്‍ വലിയ ജിജ്ഞാസയായിരുന്നു.
രചനാ ലോകത്ത് വിസ്മയം തീര്‍ത്ത, ശൈഖ് അബ്ദുറഹ്മാന്‍ ബാവ അല്‍മലൈബാരി എന്ന് വിദേശികള്‍ക്കിടയില്‍ പ്രസിദ്ധനായ കോടമ്പുഴ ബാവ ഉസ്താദ് 1946 ജൂലൈ 8-ന് കോഴിക്കോട് ജില്ലയിലെ ബേപ്പൂരിലാണ് ജനിക്കുന്നത്. പത്താം വയസ്സില്‍ പിതാവിന്‍റെ നാടായ കോടമ്പുഴയിലേക്ക് താമസം മാറ്റി. പിതാവടക്കമുള്ള ഗുരുവര്യരില്‍ നിന്ന് കിതാബ് പഠിച്ച ശേഷം റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് അഹ്മദ് മുസ്ലിയാരുടെ ശിക്ഷണത്തില്‍ മുത്വവ്വല്‍ പഠനം പൂര്‍ത്തീകരിച്ചു. വാഴക്കാട് ദാറുല്‍ ഉലൂം കോളേജില്‍ പഠിക്കുമ്പോള്‍ തന്നെ കേരള യൂണിവേഴ്സിറ്റിയില്‍ നിന്ന് അഫ്ളലുല്‍ ഉലമയും കരഗതമാക്കിയ അദ്ദേഹം കേരളാ ഗവണ്‍മെന്‍റ് അറബിക് ടെക്സ്റ്റ് ബുക്ക് എക്സ്പോര്‍ട്ട് കമ്മിറ്റി, സ്ക്രൂട്ടിന്‍ കമ്മിറ്റി എന്നിവയില്‍ അംഗമായിട്ടുണ്ട്. നിലവില്‍ കോടമ്പുഴ ദാറുല്‍ മആരിഫിന്‍റെ ജനറല്‍ സെക്രട്ടറിയും പ്രധാന മുദരിസുമാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചുവരുന്നു.
അറബിയിലും മലയാളത്തിലുമായി കനപ്പെട്ട 99 കൃതികള്‍ ഇതിനകം ബാവ മുസ്ലിയാര്‍ സമൂഹത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. പല അറബി ഗ്രന്ഥങ്ങളും വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രസിദ്ധീകരിക്കുന്നുമുണ്ട്. ഉസ്താദിന്‍റെ അബുല്‍ ബശര്‍ എന്ന ഗ്രന്ഥം ആദ്യമായി പ്രസിദ്ധീകരിച്ചത് ദുബൈ ഔഖാഫാണ്. പ്രധാനപ്പെട്ട അഞ്ച് കൃതികള്‍ നിലവില്‍ ഈജിപ്തിലെ ദാറുല്‍ ബസ്വാഇര്‍ പ്രസിദ്ധീകരിച്ചുവരുന്നു.
ബാവ ഉസ്താദിന്‍റെ ഗ്രന്ഥങ്ങള്‍ കേരളത്തില്‍ പുറത്തിറക്കുന്നത് ദാറുല്‍ മആരിഫ് പബ്ലിക്കേഷനാണ്. ബാവ മുസ്ലിയാരുടെ നൂറാം ഗ്രന്ഥ പ്രകാശനം ഈ മാസം നടക്കുന്ന അല്‍ഖലം കോണ്‍ഫറന്‍സില്‍ വച്ച് സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എപി ഉസ്താദ് നിര്‍വഹിക്കുകയാണ്. ഇതോടെ സമകാലത്ത് നൂറ് ഗ്രന്ഥരചന പൂര്‍ത്തീകരിച്ച ഏക കേരളീയ മതപണ്ഡിതനെന്ന ബഹുമതിക്കു കൂടിയാണ് ഒരുപക്ഷേ ഉസ്താദ് അര്‍ഹനാകുന്നത്.
ജ്ഞാനധന്യതയുടെ ഈ സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന്‍റെ ചില പ്രധാന ഗ്രന്ഥങ്ങള്‍ പരിചയപ്പെടാം:
തഫ്സീര്‍
ഇസ്ലാമിന്‍റെ അടിസ്ഥാന പ്രമാണമായ വിശുദ്ധ ഖുര്‍ആനിന് പ്രഗത്ഭരായ പണ്ഡിതര്‍ എഴുതിയ അസംഖ്യം വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ വിശ്രുതവും ഏറെ സംക്ഷിപ്തവുമാണ് തഫ്സീറുല്‍ ജലാലൈനി. ഈ ഗ്രന്ഥത്തിന് ഉസ്താദ് തയ്യാറാക്കിക്കൊണ്ടിരിക്കുന്ന ‘തൈസീറുല്‍ ജലാലൈനി’ എന്ന ഗ്രന്ഥാവലി അദ്ദേഹത്തിന്‍റെ കൃതികളില്‍ ഏറെ ശ്രദ്ധേയമാണ്. പതിമൂന്ന് വാള്യങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. മുപ്പതോളം തഫ്സീര്‍ ഗ്രന്ഥങ്ങള്‍ അവലംബിച്ച് രചിച്ച ഇത് മുദരിസുമാര്‍, മുതഅല്ലിമുകള്‍, പ്രഭാഷകര്‍, പ്രബോധകര്‍ തുടങ്ങി മത രംഗത്തെ എല്ലാവര്‍ക്കും ഉപകാരപ്രദമാണ്.
പള്ളി ദര്‍സുകളിലെയും മറ്റു മതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ അധ്യയനം നടത്തുന്ന തഫ്സീറുല്‍ ബൈളാവിക്ക് ലഭ്യമായ പ്രാമാണിക വ്യാഖ്യാനങ്ങള്‍ അവലംബിച്ചുകൊണ്ട് സംക്ഷിപ്തവും ലളിതവുമായി അദ്ദേഹം രചിച്ചിട്ടുള്ള ‘തസ്ഹീലുല്‍ ബൈളാവി’ തഫ്സീര്‍ ശാഖയിലെ മറ്റൊരു ഗ്രന്ഥമാണ്. ഫാതിഹയുടെയും അല്‍ബഖറയിലെ ആദ്യ ആയത്തുകളുടെയും വ്യാഖ്യാനമാണ് തസ്ഹീലിന്‍റെ ഒന്നാം ഭാഗത്തിലുള്ളത്.
ഹദീസ്
‘മൊഴിയും പൊരുളും’, ‘ഹദീസ് വിവര്‍ത്തനം, വിശകലനം’, ‘ഹജ്ജ് മബ്റൂര്‍’ എന്നിവയാണ് ഹദീസിലെ കൃതികള്‍. ഖുര്‍ആന്‍, ഹദീസ്, ചരിത്രം എന്നിവയുടെ പിന്‍ബലത്തില്‍ പ്രവാചക വചനങ്ങളുടെ അന്തസ്സാരങ്ങളിലേക്കുള്ള പഠന യാത്രകളാണിവ. വിശ്വാസം, അനീതി, കൃഷി, സൗമനസ്യം, ഫലിതം, മൃഗാവകാശം, ശകുനം, കടം, വ്യായാമം, പ്രാര്‍ത്ഥന, യാത്ര, മാസപ്പിറവി, തൊഴില്‍ തുടങ്ങി നൂറിലധികം ശീര്‍ഷകങ്ങള്‍ ഒന്നാമത്തെ പുസ്തകത്തിലും റിയല്‍ എസ്റ്റേറ്റ്, പ്രവാസം, ഭിക്ഷാടനം തുടങ്ങിയ ശ്രദ്ധേയ വിഷയങ്ങള്‍ രണ്ടാമത്തേതിലും ഉള്‍പ്പെടുത്തിയിരിക്കുന്നു. പുണ്യഭൂമിയിലേക്ക് പുറപ്പെടുന്ന ഹാജിമാരുടെ ദൗത്യവും തീര്‍ത്ഥാടന പവിത്രതയും ഹാജിമാരുടെ ഹൃദയ വികാരങ്ങളുമെല്ലാം ഹദീസുകളുടെ പിന്‍ബലത്തില്‍ വിശദീകരിക്കുന്ന കൃതിയാണ് ഹജ്ജ് മബ്റൂര്‍.
ഫിഖ്ഹ്
മിക്ക വിജ്ഞാന ശാഖകളിലും ഉസ്താദിന് ഗ്രന്ഥങ്ങളുണ്ടെങ്കിലും കര്‍മശാസ്ത്രത്തിലും ചരിത്രത്തിലുമുള്ളവയാണ് മാസ്റ്റര്‍പീസുകളെന്നു പറയാം. ഇവ രണ്ടിലുമാണ് ഉസ്താദിന് കൂടുതല്‍ ഗ്രന്ഥങ്ങളുള്ളതും. പാരാവാരം പോലെ പരന്നുകിടക്കുന്ന ഇസ്ലാമിക കര്‍മശാസ്ത്രത്തില്‍ നിന്ന് പ്രധാനമായവ സംക്ഷേപിച്ചു തയ്യാറാക്കിയ ‘ഖുലാസ്വതുല്‍ ഫിഖ്ഹില്‍ ഇസ്ലാമി’ പള്ളി ദര്‍സുകളിലെയും കോളേജുകളിലെയും പാഠ്യഗ്രന്ഥമാണ്. പ്രാമാണിക കിതാബുകള്‍ അവലംബമാക്കി ശാഫിഈ കര്‍മശാസ്ത്രത്തിലെ പ്രബല വിധികള്‍ മാത്രം ലളിതമായി അവതരിപ്പിക്കുന്നുവെന്നതാണ് പ്രസ്തുത കൃതിയുടെ പ്രത്യേകത.
ക്ലോണിംഗ്, സയാമീസ്, ടെസ്റ്റ്റ്റ്യൂബ് ശിശു, രക്തദാനം, അവയവ ദാനം, ലിംഗ മാറ്റം, പ്ലാസ്റ്റിക് സര്‍ജറി തുടങ്ങിയ ആധുനിക സമസ്യകള്‍ക്ക് കര്‍മശാസ്ത്രം നിര്‍ദേശിക്കുന്ന പരിഹാരങ്ങള്‍ പ്രതിപാദിക്കുന്ന ‘ജനിതക ശാസ്ത്രത്തിന്‍റെ ഇന്ദ്രജാലം’, നിസ്കാരം രോഗശയ്യയില്‍, ഓപ്പറേഷന്‍ തിയേറ്ററില്‍, തടവറയില്‍, കാറില്‍, ബസ്സില്‍, ട്രൈനില്‍, പ്ലൈനില്‍, ധ്രുവ പ്രദേശത്ത്, ബഹിരാകാശത്ത് തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കര്‍മശാസ്ത്ര ഗ്രന്ഥങ്ങളുടെ ഉദ്ധരണങ്ങളോടെ തയ്യാര്‍ ചെയ്ത ‘നിസ്കാരം വിഷമ ഘട്ടങ്ങളില്‍’, ഇന്‍ഷൂറന്‍സും അതിന്‍റെ വകഭേദങ്ങളും അതുമായി ബന്ധപ്പെട്ട നിഷിദ്ധ സാമ്പത്തിക ഇടപാടുകളും ചര്‍ച്ച ചെയ്യുന്ന ‘അത്തഅ്മീനു ഫീ മിന്‍ളാരി ഫിഖ്ഹില്‍ ഇസ്ലാമി’, ഇജ്തിഹാദ്, തഖ്ലീദ് സംബന്ധമായ വിഷയങ്ങളില്‍ സാധാരണക്കാര്‍ക്കും പണ്ഡിതര്‍ക്കും ഉപകാരപ്രദമായ ‘തഖ്ലീദ്: സംശയങ്ങള്‍ക്ക് മറുപടി’, ജനനം മുതല്‍ ശൈശവം, ബാല്യം, കൗമാരം, ശിക്ഷണം, ആരാധനകള്‍, ഇടപാടുകള്‍ തുടങ്ങി സന്താന മന:ശാസ്ത്രം പ്രാമാണികമായി വിശകലനം ചെയ്യുന്ന ‘ആലമുല്‍ ഔലാദ്’, ഇരുന്നൂറ്റിയൊന്ന് ചോദ്യങ്ങള്‍ക്ക് ആധികാരിക ഗ്രന്ഥോദ്ധരണങ്ങള്‍ നിരത്തി മറുപടി പറയുന്ന ‘പ്രശ്നങ്ങള്‍, പ്രതിവിധികള്‍’, ഖുര്‍ആനിന്‍റെ വന്ദന വിധികളും നിന്ദന വിലക്കുകളും മറ്റു കര്‍മശാസ്ത്ര മസ്അലകളും പ്രതിപാദിക്കുന്ന ‘വിശുദ്ധ ഖുര്‍ആന്‍: സഹന സ്പര്‍ശന നിയമങ്ങള്‍’ എന്നിവക്കു പുറമെ ‘ജമാഅത്ത് നിസ്കാരം സംശയ നിവാരണം’, ‘ഉളുഹിയ്യത്ത് നിയമങ്ങള്‍; ചോദ്യോത്തരം’, ‘ത്വലാഖ് ഫത്വകള്‍’, ‘ശ്രദ്ധേയ ഫത്വകള്‍’, ‘അത്യുത്തമ കര്‍മങ്ങള്‍’, ‘ഹജ്ജ്-ഉംറ-സിയാറത്ത്’ എന്നീ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളും ഉസ്താദ് രചിച്ചിട്ടുണ്ട്. വിട്ടുവീഴ്ചയുള്ള നജസുകളെക്കുറിച്ച് ഇമാം ഇബ്നുല്‍ ഇമാദ്(റ) രചിച്ച മന്‍ളൂമക്ക് ശിഹാബുദ്ദീന്‍ അഹ്മദ് റംലി(റ)യടക്കമുള്ള മഹാന്മാര്‍ രചിച്ച വ്യാഖ്യാനങ്ങള്‍ അവലംബിച്ച് തയ്യാറാക്കിയ ‘ശര്‍ഹു മന്‍ളൂമതി ഇബ്നില്‍ ഇമാദ്’ ഏറെ ഉപകാരപ്രദമായ മറ്റൊരു രചനയാണ്.
തസ്വവ്വുഫ്
‘രിസ്ഖുല്‍ അസ്വ്ഫിയാ’ ആണ് ബാവ ഉസ്താദിന്‍റെ തസ്വവ്വുഫിലെ ശ്രദ്ധേയ ഗ്രന്ഥം. ശൈഖ് ഇബ്റാഹീമുല്ലഖാനി(റ)യുടെ ജൗഹറതുത്തൗഹീദ്, സൈനുദ്ദീന്‍ മഖ്ദൂം(റ)വിന്‍റെ ഹിദായതുല്‍ അദ്കിയാഅ്, ഉമര്‍ ഖാളി(റ)യുടെ നഫാഇസുദുറര്‍ എന്നീ പദ്യ കൃതികളുടെ വിശദീകരണ ഗ്രന്ഥമാണിത്. ഈ കവിതാ ത്രയങ്ങളെ ഖുതുബുസ്സമാന്‍ മമ്പുറം തങ്ങള്‍ ‘രിസ്ഖുല്‍ അസ്വ്ഫിയാഅ്’ (ആത്മജ്ഞാനികളുടെ ആഹാരം) എന്നാണ് വിശേഷിപ്പിച്ചത്. വിശദീകരണ ഗ്രന്ഥത്തിന് ഈ നാമമാണ് ഗ്രന്ഥകാരന്‍ നല്‍കിയിരിക്കുന്നത്. വിഷയങ്ങള്‍ തിരിച്ച് ശീര്‍ഷകങ്ങള്‍ നല്‍കിയും ഓരോ ശീര്‍ഷകത്തിനും ആമുഖം നല്‍കിയും ഓരോ പദ്യത്തിനും പദത്തിനും ആവശ്യമായ ശര്‍ഹുകള്‍ നല്‍കിയും ഓരോ പദ്യത്തിന്‍റെയും ആശയ വിശകലനം നടത്തുന്ന രീതിയാണ് പ്രസ്തുത ഗ്രന്ഥത്തില്‍ സ്വീകരിച്ചിട്ടുള്ളത്. ‘ആത്മജ്ഞാനികളുടെ പറുദീസ’, ‘ആത്മീയോല്‍ക്കര്‍ഷത്തിന്‍റെ വിഹായസ്സിലേക്ക്’ തുടങ്ങിയ കൃതികളും തസ്വവ്വുഫില്‍ ഉസ്താദിനുണ്ട്.
വിശ്വാസശാസ്ത്രം
വിശ്വാസ ശാസ്ത്രത്തിലും വലിയ സംഭാവനകള്‍ ഉസ്താദ് സമൂഹത്തിന് നല്‍കി. ‘യനാബീഉല്‍ ഗിനാ ശര്‍ഹു അസ്മാഇല്ലാഹില്‍ ഹുസ്നാ’ എന്ന അറബി ഗ്രന്ഥം ഇത്തരത്തിലുള്ള ഒന്നാണ്. അല്ലാഹുവിന്‍റെ തിരുനാമങ്ങളുടെ അര്‍ത്ഥതലങ്ങളും പ്രാധാന്യവും വിവരിക്കുന്ന അത്യപൂര്‍വ ഗ്രന്ഥമാണിത്. ഏതൊക്കെ പ്രശ്നങ്ങള്‍ക്ക്, ഏതെല്ലാം ഇസ്മുകള്‍, എത്ര തവണ വീതം ചൊല്ലണമെന്ന പ്രത്യേക കുറിപ്പുകളും ഇതിലുണ്ട്. അല്ലാഹുവിന്‍റെ നാമങ്ങളെ ഇതിവൃത്തമാക്കി ഖുത്വുബുല്‍ അഖ്ത്വാബ് അബ്ദുല്‍ ഖാദിര്‍(റ)വും അല്ലാമാ മുഹമ്മദ് ദിംയാത്വി(റ)വും തയ്യാറാക്കിയ രണ്ടു ഖസ്വീദകള്‍ വിശകലനം ചെയ്യുന്ന അമൂല്യ ഗ്രന്ഥമാണ് ‘അത്തവസ്സുലുല്‍ അസ്നാ ബില്‍ അസ്മാഇല്‍ ഹുസ്നാ’.
കൂടാതെ അറബിയില്‍ ‘അതീദതുല്‍ മഹാം ശര്‍ഹു അഖ്വീദതില്‍ അവാം’, ‘അല്‍അംസിലതുല്‍ റായിഅ മിനല്‍ മുഅ്ജിസാതിസ്സാത്വിഅ’, സഹാബുസ്സുലാല്‍ ശര്‍ഹു കിതാബിസ്സുആല്‍’ എന്നിവയും മലയാളത്തില്‍ ‘മതപരിത്യാഗം: ഭവിഷ്യത്തും കാരണങ്ങളും’ എന്ന കൃതിയും ഉസ്താദിനുണ്ട്. നേരത്തെ സൂചിപ്പിച്ച രിസ്ഖുല്‍ അസ്വ്ഫിയയുടെ പ്രധാന ഭാഗവും അഖീദയുമായി ബന്ധപ്പെട്ടതാണ്.
ചരിത്രം
ചരിത്രത്തിലാണ് ഉസ്താദിന്‍റെ ശ്രദ്ധേയമായ പല കൃതികളും. അവിശ്രമ പരിശ്രമത്തിലൂടെ അദ്ദേഹം വിജയഗാഥ രചിച്ചുവെന്നതിനുള്ള തെളിവാണ് ഒരു ഡസനിലേറെയുള്ള ചരിത്ര ഗ്രന്ഥങ്ങള്‍. മനുഷ്യ പിതാവായ ആദം നബി(അ)യെ കുറിച്ചുള്ള ‘അബുല്‍ ബശര്‍’ ആണ് ഈ മേഖലയിലെ ആദ്യഗ്രന്ഥം. മനുഷ്യോല്‍പത്തി, ഭാഷോല്‍പത്തി, ഭാഷാ വൈവിധ്യം, വര്‍ണ വൈവിധ്യം, പരിണാമ സിദ്ധാന്തം, ഭൗതിക പുനര്‍ജന്മം എന്നിവയെ കുറിച്ചുള്ള പഠനവും ആദം, സ്വര്‍ഗ നിവാസവും പ്രവാസവും, ഒരു ലക്ഷം ആദം, ആദം ഖുര്‍ആനിലും ബൈബിളിലും, ആദമും ആധുനിക ശാസ്ത്രവും തുടങ്ങിയ ശീര്‍ഷകങ്ങളില്‍ ആദിമ മനുഷ്യനുമായി ബന്ധപ്പെട്ട വ്യത്യസ്ത പഠനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗ്രന്ഥമാണിത്.
‘സയ്യിദുല്‍ ബശറാ’ണ് അദ്ദേഹത്തിന്‍റെ മാസ്റ്റര്‍ പീസ്. മനുഷ്യ വര്‍ഗത്തിന്‍റെ അനിഷേധ്യ നേതാവായ മുഹമ്മദ് നബി(സ്വ)യുടെ സമഗ്രവും സംക്ഷിപ്തവുമായ ജീവചരിത്രമാണിത്. അറുപതിലധികം ആധികാരിക ഗ്രന്ഥങ്ങള്‍ അവലംബിച്ചുകൊണ്ട് സ്ഥലകാല നിര്‍ണയ കാര്‍ക്കശ്യത്തോടെ 450-ല്‍ പരം പേജുകളില്‍ സംക്ഷിപ്തമായി എഴുതപ്പെട്ട മഹത് ഗ്രന്ഥം. ആവശ്യമായ അടിക്കുറിപ്പുകള്‍, ഭൂപടങ്ങള്‍, പട്ടികകള്‍ എന്നിവകള്‍ ചേര്‍ത്തിട്ടുണ്ട്. ഈ കൃതി പല മതസ്ഥാപനങ്ങളുടെയും പാഠ്യപദ്ധതിയിലുണ്ട്.
തിരുനബി(സ്വ)ക്കു ശേഷം ലോകം കണ്ട ഏറ്റവും നീതിനിഷ്ഠവും മാതൃകാപരവുമായ നാലു ഖലീഫമാരുടെ മുപ്പതു സംവത്സരം നീണ്ടുനിന്ന സുവര്‍ണ ഭരണത്തിന്‍റെ ലളിത ചരിത്രം അവതരിപ്പിക്കുന്ന ‘ഖിലാഫതുര്‍റാശിദ’, പിന്നീട് നിലവില്‍ വന്ന ഉമവി ഭരണകൂടത്തിന്‍റെ ഒരു നൂറ്റാണ്ട് കാലത്തെ ചരിത്രവും രാഷ്ട്രീയ സാമൂഹിക വൈജ്ഞാനിക സാഹിത്യ നിലപാടുകളും അവലോകനം ചെയ്യുന്ന ‘ഖിലാഫതുല്‍ ഉമവിയ്യ’, ഇസ്ലാമിക ഭരണാരംഭം മുതല്‍ അബ്ബാസിയ്യാ ഖിലാഫത്ത് വരെയുള്ള ചരിത്രത്തിന്‍റെ സംക്ഷിപ്ത അവലോകനവും സ്പെയിനിലെയും ഇന്ത്യയിലെയും മുസ്ലിം ഭരണ ചരിത്രം, ഉസ്മാനിയ ഖിലാഫത്ത് ചരിത്രം, മംഗോളിയന്‍ മുന്നേറ്റം, തര്‍ത്താരികളുടെ കടന്നാക്രമണം, മുസ്ലിം കേരളത്തിന്‍റെ ചരിത്രം എന്നിവയെല്ലാം വിശദമായി വിശകലനം ചെയ്യുന്ന ‘താരീഖുല്‍ ആലമില്‍ ഇസ്ലാമി’ എന്നിവയും ശ്രമകരമായ രചനകളാണ്. പലയിടങ്ങളിലും പാഠപുസ്തകങ്ങളുമാണ്.
‘ഖലീലുല്ലാഹി ഇബ്റാഹീം (അ)’, ‘അല്‍ഇമാമുശ്ശാഫിഈ മനാഖിബുഹു വ മവാഹിബുഹു, ‘ഇമാമുല്‍ മുഹദ്ദിസീന്‍ മുഹമ്മദുബ്നു ഇസ്മാഈലുല്‍ ബുഖാരി’, ‘ഖുത്വുബുല്‍ അഖ്ത്വാബ് അശ്ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ)’ ‘സീറതു ഉമറിബ്നി അബ്ദില്‍ അസീസ്’ ‘റഈസുസ്സാഹിദീന്‍ ഇബ്റാഹീമുബ്നു അദ്ഹം(റ)’ തുടങ്ങിയവ ഉസ്താദ് രചിച്ച വ്യക്തി ജീവിത ചരിത്ര ഗ്രന്ഥങ്ങളാണ്.
സാഹിത്യം
അറബി സാഹിത്യത്തില്‍ ഉസ്താദിന്‍റെ വേറിട്ട രചനയാണ് ‘ജിനാനുല്‍ അദബ്’. അറബി സാഹിത്യ ലോകത്ത് വിശ്രുതരായ ഗദ്യപദ്യ സാഹിത്യകാരന്മാരുടെ ഏറ്റവും മികച്ച സാഹിത്യ സൃഷ്ടികളുടെ മാതൃകകളും അവയുടെ അനിവാര്യ വ്യാഖ്യാനങ്ങളും ഉള്‍ക്കൊള്ളുന്ന കൃതിയാണിത്. ഇംറുല്‍ ഖൈസ്, ലബീദ്, ഡോ. ത്വാഹാ ഹുസൈന്‍, കാമില്‍ കൈലാനി, അഹ്മദ് ശൗഖി, അല്‍മന്‍ഫലൂത്വി തുടങ്ങിയവരുടെ സാഹിത്യ വിശകലനങ്ങള്‍ നിറഞ്ഞതാണ് ഈ കൃതി.
സംഭവ കഥകള്‍
അത്ഭുത ശരീരങ്ങള്‍, അപൂര്‍വ ജഡങ്ങള്‍, വിഷമുഖം സൃഷ്ടിച്ച മയ്യിത്തുകള്‍, മരണാനന്തരം സംസാരിച്ചവര്‍, അന്തരീക്ഷത്തിലൂടെ പറന്നവര്‍, ഖബ്റിലെ അത്ഭുത പ്രകടനങ്ങള്‍ തുടങ്ങി നൂറ്റി എഴുപതോളം ശീര്‍ഷകങ്ങളില്‍ എഴുപതിലധികം അവലംബ കൃതികളുടെ അകമ്പടിയോടെ രചിച്ച ‘അല്‍അജ്വാദുല്‍ അജീബ വല്‍ അബ്ദാനുല്‍ ഗരീബ’, വ്യത്യസ്ത സംഭവങ്ങള്‍ നല്‍കുന്ന ഗുണപാഠങ്ങള്‍ക്കനുസൃതമായി തലക്കെട്ടുകള്‍ നല്‍കി തയ്യാറാക്കിയ ബൃഹത് ഗ്രന്ഥമായ ‘അല്‍ഫു ഖിസ്സതിന്‍ വഖിസ്സ (1001 കഥകള്‍), ദാനധര്‍മങ്ങള്‍ വിശദീകരിക്കുകയും ഔദാര്യത്തിന്‍റെ നിറകുടങ്ങളായ പൂര്‍വസൂരികളെ പരിചയപ്പെടുത്തുകയും ചെയ്യുന്ന ‘കിതാബുല്‍ ജൂദി വസ്സഖാഅ്’ തുടങ്ങിയ ഗ്രന്ഥങ്ങള്‍ അനുവാചകരെ പുതിയ അനുഭവങ്ങളിലേക്ക് നയിക്കുന്നവയാണ്.
പഠനങ്ങള്‍
ഏഴിനെക്കുറിച്ചുള്ള വിശദമായ പഠനമാണ് ‘ബുസ്താനുസ്സബ്അ്’. ഏഴുമായി ബന്ധപ്പെട്ട ഇരുന്നൂറിലധികം വിഷയങ്ങള്‍ ഇതിലുണ്ട്. ഖുര്‍ആനിലും സുന്നത്തിലും കര്‍മശാസ്ത്രത്തിലും വിശ്വാസ കാര്യങ്ങളിലും വ്യക്തികളിലും സമൂഹത്തിലും ആകാശത്തും ഭൂമിയിലും ഭാഷയിലും വിവിധ വിജ്ഞാന ശാഖകളിലും ഏഴ് എന്ന സംഖ്യ ചെലുത്തിയ അത്ഭുത സ്വാധീനം വരച്ചുകാണിക്കുന്ന സവിശേഷ ഗ്രന്ഥമാണിത്.
ചിന്തിക്കാന്‍ വിശുദ്ധ ഖുര്‍ആന്‍ ആഹ്വാനം ചെയ്ത ഒട്ടകത്തെക്കുറിച്ചും അതിന്‍റെ മാംസം, മൂത്രം, രക്തം എന്നിവയുടെ സവിശേഷതകള്‍, ഒട്ടകപ്പാലിന്‍റെ പോഷക മൂല്യം, ഔഷധ വീര്യം എന്നിവയെല്ലാം വിശദീകരിക്കുന്ന ‘സഫീനതുസ്സ്വഹ്റാഅ്’ (മരുക്കപ്പല്‍), വിനോദത്തിന്‍റെ ഇസ്ലാമിക വീക്ഷണം വിശകലനം ചെയ്യുന്ന ‘കളിയും വിനോദവും’ പൂച്ചയുടെ സ്നേഹം, ബുദ്ധി സാമര്‍ത്ഥ്യം, ഓര്‍മശക്തി, മാതൃക, കുറ്റാന്വേഷണം എന്നിവയുള്‍ക്കൊള്ളുന്ന ‘മാര്‍ജ്ജാര ശാസ്ത്രം’ തുടങ്ങിയ രസകരമായ കൃതികളും ഉസ്താദിന്‍റെ പഠന ഗ്രന്ഥശാഖകളിലുണ്ട്. ‘യോഗ-ധ്യാനം-ഇസ്ലാം’, ‘അന്ത്യപ്രവാചകരുടെ പ്രവചനങ്ങള്‍’, ‘കാത്തിരുന്ന പ്രവാചകര്‍’, ‘ഇന്‍ഷൂറന്‍സും ഷെയര്‍ ബിസിനസ്സും’, ‘പള്ളികള്‍ ഭൗമികപ്പറുദീസകള്‍’ തുടങ്ങിയവയാണ് ഈ ഇനത്തിലുള്ള മറ്റു കൃതികള്‍.
‘ലി മാദാ’, ലി ഹാദാ’, ‘കൈഫ ദാലിക’ എന്നീ കൃതികള്‍ 1001 പ്രശ്നങ്ങള്‍ക്കുള്ള മറുപടിയാണ്. വായിക്കുമ്പോഴും കേള്‍ക്കുമ്പോഴും പലപ്പോഴും നമ്മുടെ മനസ്സില്‍ വരുന്ന ‘അതെന്തു കൊണ്ട് അങ്ങനെ’ എന്ന ചോദ്യത്തിനുള്ള മറുപടി നല്‍കുന്ന കൃതികളാണവ.
‘ചിന്താ കിരണങ്ങള്‍’, ‘വിചാര വീചികള്‍’, ‘നീതിയുടെ നിസ്തുല നിദര്‍ശനങ്ങള്‍’, ‘തൂലികാ തരംഗങ്ങള്‍’, ‘ദീപ്ത ലിഖിതങ്ങള്‍’, ‘പഠനസരണി’ തുടങ്ങി വൈവിധ്യമാര്‍ന്ന വിഷയങ്ങളും വിചിത്രപഠനങ്ങളും ചിന്തോദ്ദീപകമായ ചര്‍ച്ചകളും പഠനാര്‍ഹങ്ങളായ നിരൂപണങ്ങളുമടങ്ങിയ ലേഖന സമാഹാരങ്ങള്‍ വായനക്കാര്‍ക്ക് അനിവാര്യമായ വിഭവങ്ങള്‍ നല്‍കുന്നവയത്രെ.
ഇവയ്ക്കെല്ലാം പുറമെ ‘തന്‍വീറുല്‍ ഈമാന്‍ ബി തഫ്സീറില്‍ ഖുര്‍ആന്‍’ (3 ഭാഗം), ‘അഖാഇദുല്‍ ഇസ്ലാം’ (രണ്ട് ഭാഗം), ‘തല്‍ഖീസു താരീഖില്‍ ഇസ്ലാമി’ (5 ഭാഗങ്ങള്‍), ‘അല്‍മര്‍അതു ഫീ ളിലാലില്‍ ഇസ്ലാം’, ‘ബിദായതുന്നഹ്വി വസ്വര്‍ഫ്’ (2 ഭാഗം), ‘തസ്കിയതുല്‍ വില്‍ദാന്‍’, ‘മആലിമുത്തുല്ലാബ്’ തുടങ്ങി നിരവധി വനിത കോളേജുകളില്‍ ടെക്സ്റ്റ് ബുക്കുകളായി ഉപയോഗിക്കുന്ന കൃതികളും ഉസ്താദിന്‍റേതായിട്ടുണ്ട്.
നൂറാം ഗ്രന്ഥ പ്രകാശനം
ബാവ മുസ്ലിയാരുടെ നൂറാമത്തെ ഗ്രന്ഥം പ്രകാശിതമാവുകയാണ്. ഡിസംബറില്‍ നടക്കുന്ന അല്‍ഖലം കോണ്‍ഫറന്‍സില്‍ വച്ച് സുല്‍ത്വാനുല്‍ ഉലമ കാന്തപുരം ഉസ്താദാണത് നിര്‍വഹിക്കുന്നത്. കനപ്പെട്ട ഗ്രന്ഥങ്ങള്‍ സമൂഹത്തിന് സമര്‍പ്പിച്ച് പണ്ഡിത ലോകത്തിന്‍റെ ശ്രദ്ധ പിടിച്ചുപറ്റിയ ദാറുല്‍ മആരിഫ് പബ്ലിക്കേഷന്‍ ഏറെ ചാരിതാര്‍ത്ഥ്യത്തോടെയാണ് കോടമ്പുഴ ഉസ്താദിന്‍റെ നൂറാമത്തെ കൃതിയുടെ പ്രകാശനത്തിനൊരുങ്ങുന്നത്.