‘എങ്കിലും ഇവിടെ ശ്രദ്ധിക്കേണ്ടുന്ന മറ്റൊരു കാര്യമുണ്ട്. സഹാബികൾ, താബിഉകൾ, താബിഉത്താബിഉകൾ എന്നീ സദ്വൃത്തരായ മുൻഗാമികൾ അനറബി നാടുകളിൽ മതപരമായ പ്രസംഗങ്ങൾ നിർവ്വഹിക്കുമ്പോൾ റുക്നുകൾ അറബിയിൽ പറഞ്ഞു തുടർന്നുള്ള ഭാഗങ്ങൾ നാട്ടുകാരുടെ ഭാഷയിൽ പറയുകയും ചെയ്തിരുന്നുവെന്ന് ഏതെങ്കിലും ഒരു ഗ്രന്ഥത്തിൽ നാം കണ്ടിട്ടില്ല. എന്നല്ല നബി(സ)യും പൂർവികരായ സദ്വൃത്തരും മതപരമായ പ്രസംഗങ്ങൾ റുക്നുകളും തുടർന്നുള്ള ഭാഗങ്ങളും മുഴുവൻ അറബി യിലായിരുന്നു ചെയ്തിരുന്നത് എന്നും നമുക്കറിയാം’ (ജുമുഅ ഖുത്ത്ബ/കെഎം മൗലവി പേ. 23).
അനറബി ഭാഷയിൽ ഖുത്വ്ബ നിർവഹിക്കുക എന്ന പുത്തനാശയത്തിന് മുൻഗാമികളുടെ മാതൃകയോ പ്രാമാണിക പിന്തുണയോ ഇല്ല എന്ന് ബിദഇകൾക്ക് തന്നെ തുറന്നെഴുതേണ്ടി വന്നിരിക്കുകയാണ്. ലോകത്ത് ആദ്യമായി അനറബി ഭാഷയിൽ ജുമുഅ ഖുത്വ്ബ നടത്തിയത് 1920കളിൽ കൊച്ചിയിലെ മട്ടാഞ്ചേരിയിൽ ഹാജി അബ്ദുല്ല സേട്ട് നിർമിച്ച പുതിയ പള്ളിയിലാണ്. കെ ഉമർ മൗലവി ‘ഓർമ്മകളുടെ തീരത്ത്’ എന്ന പുസ്തകത്തിൽ (പേ. 236, 237) ആ സംഭവം പറയുന്നുണ്ട്. പിന്നീട് 1929ൽ തുർക്കിയിൽ മതവിരുദ്ധനായ മുസ്ഥഫ കമാൽ പാഷ ഖുത്വ്ബ തുർക്കി ഭാഷയിൽ ഓതാൻ കൽപിച്ചു. മലബാറിൽ ആദ്യമായി അനറബി ഖുത്വുബ നടക്കുന്നത് 1940ലാണ്. കോഴിക്കോട് പട്ടാളപ്പള്ളിയിലായിരുന്നു അത്.
ഇസ്ലാമിലെ ആരാധനകളിൽ അതിപ്രധാനമായ ഒന്നാണ് ജുമുഅ ഖുത്വ്ബ. അതിന് പ്രത്യേക ഫർളുകളും ശർത്വുകളും സുന്നത്തുകളുമുണ്ട്. ഖുത്വ്ബ ഏത് ഭാഷയിലായിരിക്കണമെന്നതിൽ ദീനീ പ്രമാണങ്ങളിൽ വ്യക്തതയുണ്ട്. മാതൃഭാഷയിലല്ല, മതഭാഷയായ അറബിയിലാണ് ഖുത്വ്ബ നിർവഹിക്കേണ്ടത്. ഇക്കാര്യം ഇമാമുകളെല്ലാം ഏകസ്വരത്തിൽ പറയുന്നുണ്ട്: ‘ഖുത്വ്ബ അറബിയിലായിരിക്കൽ ശർത്വാണ്’ (മിൻഹാജ് 1/287, ശർഹുൽ മുഹദ്ദബ് 4/521, ശർഹുൽ മഹല്ലി 1/287, ഫത്ഹുൽ മുഈൻ 128).
പതിനാല് നൂറ്റാണ്ടിലേറെ പഴക്കമുള്ള ആരാധനയാണ് ജുമുഅ ഖുത്വ്ബ. ജുമുഅയും ഖുത്വ്ബയും മക്കയിൽ വെച്ചാണ് നിർബന്ധമാക്കപ്പെട്ടത്. എന്നാൽ പരസ്യമായി നിർവഹിക്കേണ്ടുന്ന ജുമുഅയും ഖുത്വ്ബയും മക്കയിൽ വെച്ച് നിർവഹിക്കാനുള്ള സാഹചര്യമില്ലാത്തതിനാൽ അവിടെ വെച്ച് അത് നടപ്പായില്ല. ഹിജ്റയുടെ മുമ്പ് മദീനയിലെ ‘നഖീഉൽ ഖള്മാത്ത്’ എന്ന സ്ഥലത്തുവെച്ച് അസ്അദുബ്നു സുറാറ(റ)യുടെ നേതൃത്വത്തിൽ ജുമുഅയും ഖുത്വ്ബയും നടന്നതായി പണ്ഡിതന്മാർ വിവരിക്കുന്നുണ്ട് (തുഹ്ഫത്തുൽ മുഹ്താജ് 2/405).
പ്രസ്തുത കാലയളവിൽ പല അനറബി നാടുകളിലും ജുമുഅയും ഖുത്വ്ബയും അരങ്ങേറിയിട്ടുണ്ട്. അവിടെ യെല്ലാം ഖുത്വ്ബ അറബിയിൽ മാത്രമാണ് നിർവഹിച്ചിരുന്നത്. നബി(സ്വ)യുടെ അരുമ ശിഷ്യന്മാരായ സ്വഹാബത്തി(റ)ന്റെ കാലത്തുതന്നെ അനറബി നാടുകളിൽ വ്യാപകമായി ഇസ്ലാം പ്രചരിച്ചിട്ടുണ്ടെന്നത് ചരിത്ര സത്യമാണ്. ഖിബ്ത്വി ഭാഷയും പ്രത്യേക സംസ്കാരവും വെച്ചുപുലർത്തിയിരുന്ന ഈജിപ്തും പേർഷ്യൻ ഭാഷയും പ്രത്യേക സംസ്കാരവുമുണ്ടായിരുന്ന ഇറാനുമൊക്കെ അക്കൂട്ടത്തിൽ പെട്ടതാണ്. ഈ രണ്ട് രാഷ്ട്രങ്ങളിലും ഇസ്ലാമികാദർശ പ്രചാ രണാർത്ഥം ജുമുഅ ഖുത്വ്ബ പ്രാദേശിക ഭാഷയിൽ നിർവഹിച്ചിട്ടില്ല. പിന്നീട് തുർക്കിയിലും സ്പെയിനിലും ഗ്രീസിലുമെല്ലാം ഇസ്ലാം വ്യാപിക്കുകയുണ്ടായി. ഒരു ഘട്ടത്തിൽ വിയന്ന വരെ പരന്നുകിടന്ന ഇസ്ലാമിക സാമ്രാജ്യത്തിലോ സിന്ധ് തുടങ്ങിയ മറ്റു രാഷ്ട്രങ്ങളിലോ ഖുത്വ്ബ പ്രാദേശിക ഭാഷയിൽ നിർവഹിക്കപ്പെട്ടിട്ടില്ലെന്നതാണ് വസ്തുത. ഇസ്ലാമിക പ്രചാരണാർത്ഥം ഇന്നത്തെക്കാളുപരി പരിഭാഷയിലേക്കാവശ്യം അക്കാലത്തായിരുന്നു. എന്നിട്ടുപോലും അവരിൽ ഒരാളെങ്കിലും ഖുത്വ്ബ പരിഭാ ഷപ്പെടുത്തുകയുണ്ടായില്ല. ഇക്കാര്യം കർമശാസ്ത്ര പണ്ഡിതന്മാർ വ്യക്തമാക്കു ന്നതു കാണുക.
‘മുൻഗാമികളോടും പിൻഗാമികളോടും തുടരാൻ ഖുത്വ്ബ അറബിയിലായിരിക്കൽ നിബന്ധനയാണ്’ (ഫത്ഹുൽ മുഈൻ 128). ‘ശ്രോതാക്കളെല്ലാം അനറബികളാണെങ്കിൽ പോലും ഖുത്വ്ബ അറബി ഭാഷയിൽ തന്നെയാണ് നിർവഹിക്കേണ്ടത്. അപ്രകാരമാണ് മുൻഗാമികളുടെ മാതൃക’ (ബുശ്റൽ കരീം, ശർഖാവി, ഫതാവൽ കുർദി, ശർഹ് ബാഫള്ൽ 2/71, ശർഹുൽ കബീർ 4/579, ശർഹുൽ മഹല്ലി).
ലോകമുസ്ലിംകൾക്ക് അനറബി ഖുത്വ്ബ പരിചയമില്ല എന്ന വസ്തുത അനറബി ഖുത്വ്ബയുടെ വക്താക്കളായ പുത്തൻവാദികൾ അവരുടെ നേതാവായി പരിചയപ്പെടുത്തുന്ന റശീദ് രിള തന്നെ പറയുന്നുണ്ട്: ‘ലോകമുസ്ലിംകൾ മുൻകാലങ്ങളിൽ ഖുർആനും നിസ്കാരങ്ങളിലും അല്ലാത്തവയിലുമുള്ള ദിക്റുകളും ജുമുഅയുടെയും പെരുന്നാളിന്റെയും ഖുതുബകളും അറബിയിലായിരുന്നു ഓതിയിരുന്നത്. കമാൽ പാഷയുടെ തുർക്കി ഭരണകൂടം ഒഴികെ. കമാൽ പാഷ ഇസ്ലാമിനെ മാറ്റിനിറുത്താൻ വേണ്ടി അവിടത്തെ ഖത്വീബുമാരോട് ഖുത്വ്ബ തുർക്കി ഭാഷയിൽ നിർവഹിക്കാൻ കൽപിച്ചു. ക്രമേണ നിസ്കാരം കൂടി തുർക്കി ഭാഷയിലാക്കുന്നതിന്റെ മുന്നോടിയായായിരുന്നു അത്. എന്നാൽ നിസ്കാരത്തിന് ഹാജറായ ഒരു കൂട്ടം തുർക്കികൾ തന്നെ തുർക്കി ഭാഷയിലുള്ള ഖുത്വ്ബ കേട്ടപ്പോൾ വിമർശിക്കുകയും അതിനോട് വെറുപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. തുർക്കി ഭാഷയിൽ ഖുതുബ നിർവഹിച്ച ഖത്വീബുമാരെയും അവർ പരിഹസിച്ചു. കാരണം അറബിഭാഷ അത്രക്കും അവരിൽ സ്വാധീനം നേടിയിരുന്നു. അറബിയിൽ പറയുന്നത് പൂർണമായും അവർക്ക് മനസ്സിലായില്ലെങ്കിലും ശ്രദ്ധാപൂർവം അവരത് ശ്രവിക്കാറുണ്ടായിരുന്നു. തന്നെയുമല്ല, പ്രത്യേക ഈണത്തിലായിരുന്നു അറബിയിൽ ഖുതുബ നിർവഹിച്ചിരുന്നത്. അങ്ങനെ നിർവഹിക്കാൻ തുർക്കി ഭാഷ പറ്റുമായിരുന്നില്ല (തഫ്സീറുൽ മനാർ 9/313).
മുസ്ലിംലോകത്ത് തീർത്തും അപരിചിതമായ, പ്രമാണങ്ങളുടെ ചെറിയ പിന്തുണ പോലുമില്ലാത്ത ഈ നവീനവാദം എഴുന്നള്ളിക്കാൻ പുത്തൻവാദികൾ കൂട്ടുപിടിക്കുന്നത് അവരുടെ യുക്തി മാത്രമാണ്. ‘ഖുത്വുബ പ്രസംഗമാണ്. പ്രസംഗം ജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിലായിരിക്കണം. അതിനാൽ ഖുത്വ്ബ ജനങ്ങൾക്ക് അറിയുന്ന ഭാഷയിലായിരിക്കണം.’ നബി(സ്വ), സ്വഹാബത്ത്, താബിഉകൾ, മറ്റു ഇമാമുകൾ തുടങ്ങി മുസ്ലിം സമൂഹം ഒന്നടങ്കം അംഗീകരിച്ച ‘അനറബി ഖുത്വുബ പാടില്ല’ എന്ന നിലപാടിനെ നിരാകരിക്കാൻ പുത്തൻവാദികൾ ഉയർത്തിക്കാണിക്കുന്ന യുക്തി എത്രമാത്രം ദുർബലമാണ്! ഖുത്വ്ബ കേവലം പ്രസംഗമാണെന്ന വാദം ശരിയല്ല എന്ന് ഇസ്ലാമിക പ്രമാണങ്ങളെല്ലാം സാക്ഷ്യപ്പെടുത്തുന്നുണ്ട്. തീർത്തും വ്യാജമായ അടിത്തറയിൽ നിന്നാണ് വഹാബികൾ അവരുടെ വിതണ്ഡവാദം നിർമിച്ചിട്ടുള്ളത്.
മീഞ്ചന്ത പ്രമേയം
ആരാധനാ വിഷയത്തിൽ ഐക്യത്തോടെ മുന്നോട്ടുപോയിരുന്ന വിശ്വാസികൾക്കിടയിൽ ഖുത്വ്ബ പരിഭാഷാ പ്രശ്നം ഉന്നയിച്ച് അനൈക്യമുണ്ടാക്കിയത് പുത്തൻവാദികളാണ്. ലോകത്ത് സദ്വൃത്തരായ മുൻഗാമികളാരും അത് നിർവഹിച്ചിട്ടില്ലെന്ന് കെഎം മൗലവി തന്നെ പ്രസ്താവിച്ചത് മുകളിൽ ഉദ്ധരിച്ചു. പിന്നീട് മുജാഹിദുകൾ പുണർപ്പയിൽ യോഗം ചേർന്ന് ഖുത്വ്ബ പരിഭാഷപ്പെടുത്തണമെന്ന് ഒരു പ്രമേയത്തിലൂടെ പള്ളി മുതവല്ലിമാരോടും ഖത്വീബുമാരോടും അഭ്യർത്ഥിക്കുകയാണുണ്ടായതെന്ന് 1936ൽ മുജാഹിദുകൾ വ്യക്തമാക്കിയിട്ടുണ്ട് (അൽമുർശിദ് 2/3).
അവരുടെ പ്രമേയത്തിന്റെ പ്രധാന ഭാഗം: ‘ഇന്ന് നടന്നുവരുന്ന ജുമുഅ ഖുതുബ മനസ്സിലാക്കാൻ പ്രയാസമുള്ള അറബി ഭാഷയിലായതിനാൽ പൊതുജനങ്ങൾക്ക് മനസ്സിലാവുന്നില്ല. ഖുതുബ ജനങ്ങൾക്ക് മനസ്സിലാകുന്നതാവണമെന്നതാണ് സത്യം. അതിനാൽ ഈ സംഘടന പള്ളി മുതവല്ലിമാരോടും ഖത്വീബുമാരോടും ശ്രോതാക്കൾക്ക് മനസ്സിലാവുന്ന ഭാഷയിൽ ഖുതുബ പരിഭാഷപ്പെടുത്താൻ ആഹ്വാനം ചെയ്യുന്നു.’
ഈ പ്രമേയം അവതരിപ്പിക്കപ്പെട്ടതോടെ കേരള മുസ്ലിംകളിൽ ഭിന്നതയുടെ വിത്ത് വിതക്കപ്പെട്ടു. തുടർന്ന് കേരളത്തിന്റെ വിവിധ കോണുകളിൽ നിന്ന് ഈ വ്യതിയാനത്തിനെതിരെ പ്രതിഷേധമുയരുകയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സജീവശ്രദ്ധ ഈ വിഷയത്തിൽ പതിയുകയുമുണ്ടായി. തുടർന്ന് 1947 മാർച്ച് 15,16,17 തിയ്യതികളിൽ മീഞ്ചന്തയിൽ ചേർന്ന സമസ്ത സമ്മേളനത്തിൽ ഖുത്വ്ബ അറബിയിൽ തന്നെ നിർവഹിക്കണമെന്ന് ഒരു പ്രമേയത്തിലൂടെ അഭ്യർത്ഥിച്ചു. ഈ പ്രമേയത്തിന്റെ അവതാരകൻ ഖുതുബി മുഹമ്മദ് മുസ്ലിയാരും അനുവാദകൻ റശീദുദ്ദീൻ മൂസ മുസ്ലിയാരും യോഗാധ്യക്ഷൻ തെന്നിന്ത്യൻ മുഫ്തിയായിരുന്ന ശൈഖ് ആദം ഹസ്രത്തുമായിരുന്നു. സമസ്തയുടെ മീഞ്ചന്ത പ്രമേയമാണ് ഖുത്വ്ബ പ്രശ്നം സൃഷ്ടിച്ചതെന്ന് പുത്തൻവാദികൾ പ്രചരിപ്പിക്കാറുണ്ട്. ആ വാദം അടിസ്ഥാന രഹിതമാണെന്ന് ചരിത്രം പഠിച്ചാൽ ആർക്കും വ്യക്തമാകുന്നതാണ്.
‘ഖുത്വ്ബ’ എന്ന അറബി പദത്തിന്റെ അർത്ഥം പ്രസംഗം എന്നാണല്ലോ. ശ്രോതാക്കൾക്ക് മനസ്സിലാവാത്ത ഭാഷയിൽ അവരോട് പ്രസംഗിച്ചിട്ട് എന്തു കാര്യമാണുള്ളത്? സാധാരണക്കാർക്കു മുമ്പിൽ വഹാബികൾ പതിവായി ഉന്നയിക്കുന്ന ചോദ്യമാണിത്. എന്നാൽ ഈ വാദം പലതുകൊണ്ടും ബാലിശമാണ്.
ഒന്ന്: ‘ഖത്വബ’ എന്നതിന് ഉപദേശിച്ചു എന്നും സദസ്യർക്ക് ഖുത്വ്ബ ഓതിക്കൊടുത്തു എന്നും ഭാഷയിൽ അർത്ഥമുണ്ട് (മുൻജിദ് പേ. 182).
രണ്ട്: മതപരമായ ഖുത്വ്ബ നിശ്ചിത ഫർളുകളും ശർത്വുകളും സുന്നത്തുകളും അടങ്ങിയ പ്രത്യേക ആരാധനയാണ്.
മൂന്ന്: ഒരു ആരാധനാകർമത്തിന് ഉപയോഗിച്ച പദപ്രയോഗത്തിന്റെ ഭാഷാർത്ഥം നോക്കിയല്ല ആ ആരാധനയുടെ സ്വഭാവവും രീതിയും മനസ്സിലാക്കേണ്ടത്. പ്രത്യുത, ആ ആരാധനാകർമം നബി(സ്വ)യും സ്വഹാബത്തും സദ്വൃത്തരായ മുൻഗാമികളും എപ്രകാരം നിർവഹിച്ചുവോ ആ വിധം നിർവഹിക്കുകയാണ് വേണ്ടത്. അല്ലാത്തപക്ഷം സ്വലാത്ത് (നിസ്കാരം) എന്നാൽ പ്രാർത്ഥനയാണന്നും സ്വൗമ് (നോമ്പ്) എന്നാൽ അടക്കം എന്നാണെന്നും സകാത്ത് എന്നാൽ ശുദ്ധീകരണമെന്നാണെന്നും വാദിച്ച് ഒരാൾ നിസ്കാരത്തിനു പകരം നന്നായി പ്രാർത്ഥിക്കുകയും നോമ്പിനു പകരം അടങ്ങിയിരിക്കുകയും സകാത്തിനു പകരം നല്ലപോലെ കുളിച്ച് വൃത്തിയാവുകയും ചെയ്താൽ മതിയാകുമോ? ഒരിക്കലുമില്ല. അതുപോലെ ഖുത്വ്ബ പ്രസംഗമല്ലേ എന്നു പറഞ്ഞ് നല്ലൊരു പ്രസംഗം നടത്തിയാൽ മതപരമായ ഖുത്വ്ബയായി അതിനെ പരിഗണിക്കുന്നതല്ല.
നാല്: ഖുത്വ്ബയും വഅളും തമ്മിൽ കർമശാസ്ത്ര പണ്ഡിതന്മാർ വ്യത്യാസപ്പെടുത്തിയിട്ടുണ്ട്. ഇമാം മഹല്ലി(റ) പറയുന്നു: സ്ത്രീകളുടെ ഇമാം ഖുത്വുബ നിർവഹിക്കരുത്. അവൾ എഴുന്നേറ്റുനിന്ന് അവരെ ഉപദേശിക്കുന്നതിൽ വിരോധമില്ല. (ശർഹുൽ മഹല്ലി 1/312). ഇസ്ലാമിക വീക്ഷണത്തിൽ ഖുത്വ്ബയും വഅളും രണ്ടാണെന്ന് മഹല്ലി(റ)ന്റെ ഈ ഉദ്ധരണത്തിൽ നിന്ന് വ്യക്തം.
അഞ്ച്: ഖുത്വ്ബ കേവലപ്രസംഗമാണെങ്കിൽ ഭയഭക്തികൊണ്ടുള്ള ഉപദേശമടക്കമുള്ള അതിന്റെ അർകാനുകൾ (മുഖ്യഘടകങ്ങൾ) അറബിയിലാവണമെന്ന് പറയുന്നതിൽ എന്തർത്ഥമാണുള്ളത്? അർകാനുകൾ അറബിയിൽ തന്നെയാകണമെന്ന് പുത്തൻവാദികളുടെ നേതാവ് കെഎം മൗലവി തന്നെ സമ്മതിച്ചതാണ്. അദ്ദേഹം പറയുന്നു: ‘ഖുത്തുബയുടെ റുക്നുകളിൽ ആരാധനയുടെ വശം മികച്ചുനിൽക്കുന്നതാ യി കാണാം. എന്തെന്നാൽ അഞ്ചു റുക്നുകളും ഉൾക്കൊള്ളിക്കാതെ റസൂൽ(സ) ഒരു ഖുതുബയും ചെയ്തിട്ടില്ല. അപ്പോൾ ആരാധനക്കാണ് അതിൽ മുൻതൂക്കമെന്ന് മനസ്സിലാക്കാം. അതിനാൽ നമസ്കാരത്തിലെ മറ്റു ദിക്റുകളിലെന്ന പോലെ രൂപത്തിലും അർത്ഥത്തിലും ഇവിടെ ഇത്തിബാഅ് (നബിയെ പിന്തുടരൽ) നിർബന്ധമാണ്’ (ജുമുഅ ഖുത്വുബ പേ. 33).
അനറബി ഖുത്വുബക്ക്
ഫിഖ്ഹിൽ അംഗീകാരമോ?
പ്രമാണങ്ങൾക്കു മുമ്പിൽ നിരായുധരാവുമ്പോൾ ദുർവ്യാഖ്യാനമാണ് പുത്തൻവാദികളുടെ അടവുനയം. ഖുത്വ്ബയുടെ റുക്നുകൾ, അല്ലാത്തവ എന്നിവ വേർതിരിച്ച് ഇമാമുകൾ ചർച്ച ചെയ്യുന്നുണ്ട്. ഈ ചർച്ചകൾ വഹാബികൾ തങ്ങൾക്കനുകൂലമാക്കാൻ ശ്രമിക്കാറുണ്ട്.
ഇമാം ഇബ്നു ഹജറുൽ ഹൈതമി(റ)വിനെ വായിക്കാം. ‘മുൻഗാമികൾ നിർവഹിച്ചതുപ്രകാരം ഖുത്വ്ബ അറബിയിലാവൽ നിബന്ധനയാണ്. അതായത് ഖുത്വുബയുടെ അർകാനുകൾ. അർകാനല്ലാത്തതല്ല (തുഹ്ഫ 2/450).
ഇവിടെ ഒരു വിശദീകരണം ആവശ്യമാണ്. ഖുത്വ്ബയുണ്ടാവാനാവശ്യമായ ഘടകങ്ങളാണ് അർകാൻ. ചുരുങ്ങിയ രൂപത്തിൽ അർകാൻ മാത്രം കൊണ്ടുവന്നാലും അതിനെ ഖുത്വ്ബയായി പരിഗണിക്കുന്നതും ജുമുഅയുടെ മുമ്പ് രണ്ട് ഖുത്വ്ബകൾ വേണമെന്ന നിബന്ധന അതുകൊണ്ട് പൂർത്തീകരിക്കപ്പെടുന്നതുമാണ്. അപ്പോൾ ജുമുഅയുടെ സാധുതക്ക് ആവശ്യമായ ഖുത്വ്ബ അർകാൻ (മുഖ്യഘടകങ്ങൾ) മാത്രമാണ്. അർകാനല്ലാത്തവയല്ല എന്നാണ് പ്രസ്തുത പരാമർശത്തിന്റെ താൽപര്യം. അപ്പോൾ അർകാനല്ലാത്തവ ജുമുഅയുടെ സാധുതക്ക് ആവശ്യമില്ല. ജുമുഅയുടെ സാധുതക്കാവശ്യമായ അർകാൻ അറബിയി ലായിരിക്കൽ നിബന്ധനയുമാണ്. അതേസമയം അർകാനല്ലാത്തവ കൊണ്ടുവരൽ ഖുത്വ്ബയുടെ സാധുതക്ക് നിർബന്ധമില്ലെങ്കിലും ഒരാൾ അവ കൊണ്ടുവരുന്നപക്ഷം ഖുത്വ്ബയുടെ ഭാഗമായി അതിനെ പരിഗണിക്കണമെങ്കിൽ അതും അറബിയിലാവൽ നിർബന്ധമത്രെ. ഇമാമുമാർ ഇത് വ്യക്തമാക്കിയിട്ടുണ്ട്.
ഇമാം റംലി(റ) എഴുതി: അനുബന്ധങ്ങൾ അനറബിയിലായാൽ മുവാലാത്തിന് (അർകാനുകൾ തുടരെ കൊണ്ടുവരൽ) തടസ്സം സൃഷ്ടിക്കുകയില്ലെന്ന് പറയുന്നത് അനറബിഭാഷ നീണ്ടുപോവാതിരിക്കുമ്പോൾ മാത്രമാണ്. നീണ്ടുപോവുന്നപക്ഷം അത് മുവാലാത്തിനെ തകരാറാക്കുന്നതിനാൽ പ്രശ്നം സൃഷ്ടിക്കുകതന്നെ ചെയ്യും. അർകാനുകൾക്കിടയിൽ മൗനം ദീക്ഷിക്കുന്നത് നീണ്ടുപോയാൽ അത് പ്രശ്നം സൃഷ്ടിക്കുമല്ലോ. അതുപോലെ വേണം ഇതിനെയും കാണാൻ. കാരണം അനറബി ഭാഷ ‘ലഗ്വ്’ (നിഷ്ഫലം) ആണ്. അത് പരിഗണനീയമല്ല. അറബിയിൽ പറയാൻ കഴിയുന്നതോടൊപ്പം അറബേതര ഭാഷകളിൽ പറഞ്ഞാൽ അത് മതിയാവുകയില്ല. അതിനാൽ അത് നിഷ്ഫലമാണ് (ബുജൈരിമി 1/389).
ചുരുക്കത്തിൽ, അർകാനിന്റെ അനുബന്ധങ്ങൾ ഖുത്വ്ബയുടെ ഭാഗമായി പരിഗണിക്കാനും പ്രതിഫലാർഹമാകാനും അത് അറബിയിൽ തന്നെ കൊണ്ടുവരൽ നിർബന്ധമാണ്. അല്ലാത്തപക്ഷം ഖുത്വ്ബയുടെ അർകാനുകൾക്കിടയിൽ അന്യകാര്യങ്ങൾ സംസാരിക്കുന്നതായി മാത്രമേ അതിനെ പരിഗണിക്കുകയുള്ളൂ. അത്തരം സംസാരം ചുരുങ്ങിയ നിലയിൽ രണ്ട് റക്അത്ത് നിർവഹിക്കാനാവശ്യമായ സമയം ഉണ്ടായാൽ അർകാനുകളുടെ തുടർച്ച നഷ്ടപ്പെടുത്തുന്നതും അതിനാൽ ഖുത്വ്ബതന്നെ ബാത്വിലാകുന്നതുമാണ്.
മഹത്തുക്കളായ ഇമാമുകളുടെ പ്രമാണബദ്ധമായ ഈ വിവരണം മറികടന്ന് തങ്ങളുടെ വിതണ്ഡവാദം വെളുപ്പിച്ചെടുക്കാൻ വഹാബികൾ ഇമാം അലിയ്യുശ്ശബ്റാ മല്ലിസി(റ)യുടെ വാക്ക് മറയാക്കാൻ ശ്രമിക്കാറുണ്ട്. മഹാൻ പറഞ്ഞതെന്തെന്ന് നമുക്ക് നോക്കാം: ‘അനുബന്ധങ്ങൾ അനറബിൽ കൊണ്ടുവരുന്നത് നിരുപാധികം വിരോധമില്ലെന്നാണ് വരേണ്ടത്. അങ്ങനെ കൊണ്ടുവരുന്നതും മൗനം ദീക്ഷിക്കുന്നതും തമ്മിൽ നമുക്ക് വ്യത്യാസപ്പെടുത്താം. മൗനം ദീക്ഷിക്കുന്നതിൽ ഖുത്വ്ബയിൽ നിന്നും പൂർണമായും പിന്തിരിയൽ വരുന്നുണ്ട്. അനുബന്ധങ്ങൾ അനറബിയിൽ കൊണ്ടുവരുന്നത് അങ്ങനെയല്ല. കാരണം അതിൽ മൊത്തിൽ ഉപദേശമുണ്ടല്ലോ (ശർവാനി 2/450).
അപ്പോൾ അർകാനുകൾ മാത്രം അറബിയിൽ ഓതി അനുബന്ധങ്ങൾ അനറബി ഭാഷയിൽ പറയാമെന്നല്ലേ ഇത് വ്യക്തമാക്കുന്നത്? അനുബന്ധം എത്ര നീണ്ടാലും അർക്കാനുകൾക്കിടയിലെ മുവാലാത്ത് മുറിയുന്ന പ്രശ്നമില്ലേ എന്നാണ് വഹാബികൾ ചോദിക്കുന്നത്.
മറുപടി: പ്രസ്തുത പരാമർശം നാം സമർത്ഥിച്ച ആശയത്തോട് എതിരല്ല. (1) അലിയ്യുശ്ശബ്റാമല്ലിസി(റ) പറഞ്ഞതിന്റെ താൽപര്യം, നിയമം ഇബ്നുഖാസിം(റ) പറഞ്ഞതു പോലെയാണെങ്കിലും ഇങ്ങനെയും ഒരു ന്യായം പറയാമെന്ന് വ്യക്തമാക്കുക മാത്രമാണ്. അല്ലാതെ ഇമാം നവവി(റ), ഇമാം റാഫിഈ(റ), ഇമാം റംലി(റ), ഇബ്നു ഖാസിം(റ) തുടങ്ങിയ പണ്ഡിത മഹത്തുക്കൾ പറഞ്ഞ നിയമത്തെ വിമർശിക്കലല്ല. അപ്പോൾ ‘വൽഖിയാസു’ എന്ന അദ്ദേഹത്തിന്റെ വാചകത്തിലെ ‘വാവ്’ ഹാലിയ്യത്താണ്. ഇബ്നു ഖാസിം(റ)വിന്റെ വാചകം ഉദ്ധരിച്ച ശേഷം അദ്ദേഹം പറഞ്ഞതിന്റെ സാരം ഇങ്ങനെയാണ്. ‘ഏതു സ്ഥിതിയിൽ ന്യായം മതിയാകുമെന്ന് പറയുന്നതും അനുബന്ധങ്ങൾ അറബേതര ഭാഷകളിൽ കൊണ്ടുവരുന്നതും അർകാനുകൾക്കിടയിൽ മൗനം ദീക്ഷിക്കുന്നതും തമ്മിൽ വ്യത്യാസം പറയുന്നതുമാണ് (എന്നാൽ ഈ ന്യായം കർമശാസ്ത്ര പണ്ഡിതന്മാർ പരിഗണിക്കുന്നില്ല).
ന്യായപരമായി ഒരു കാര്യം അനുവദനീയമാണെന്ന് വരുന്നത് അത് പാടില്ലെന്നതാണ് പ്രബലമെന്ന് പറയുന്നതിനോട് എതിരല്ല. ഇമാം റാഫിഈ(റ) പറയുന്നു: ‘ഒരു കാര്യം അനുവദനീയമാണെന്ന് പറയുന്നതാണ് കൂടുതൽ ന്യായമെന്ന് തോന്നുന്നത് അക്കാര്യം പാടില്ലെന്നാണ് പ്രബല വീക്ഷണമെന്ന പ്രസ്താവനയോട് എതിരല്ല. കാരണം രണ്ടു വ്യത്യസ്ത വീക്ഷണങ്ങളിൽ ഒന്ന് ന്യായവുമായി കൂടുതൽ അടുത്തതാണെങ്കിലും മറ്റേത് പ്രബലമായി വരാവുന്നതാണ് (ശർഹുൽ കബീർ 4/610).
(2) അനുബന്ധങ്ങൾ അനറബിയിൽ കൊണ്ടുവരുന്നത് നീണ്ടുപോയാൽ ഖുത്വ്ബയുടെ സാധുതയെ അത് ബാധി ക്കുമെന്ന് പറഞ്ഞവരെ വിമർശിക്കലാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്ന് വന്നാൽ തന്നെയും അദ്ദേഹത്തെക്കാൾ മദ്ഹബിൽ പ്രാമുഖ്യം കൽപിക്കപ്പെടുന്നവർ ഇമാം റംലി(റ), ഇബ്നുഖാസിം(റ) തുടങ്ങിയവരാണ്. അതിനാൽ അവരുടെ പ്രസ്താവനക്കെതിരായ അദ്ദേഹത്തിന്റെ പ്രസ്താവന പരിഗണിക്കുന്നതല്ല.
(3) അലിയ്യുശ്ശബ്മല്ലിസി(റ) അവതരിപ്പിച്ച ന്യായം മറ്റു പണ്ഡിതന്മാർ അംഗീകരിക്കുന്നില്ല. കാരണം ഖുത്വ്ബ അറബിയിലായിരിക്കണമെന്ന് നിബന്ധന വെക്കുന്ന പണ്ഡിതന്മാർ അനറബി ഭാഷയിൽ പറഞ്ഞാലും മൊത്തത്തിൽ ഉപദേശമുണ്ടല്ലോ എന്ന ആശയം അംഗീകരിക്കുന്നില്ല. കാരണം അത് മുൻഗാമികളോടുള്ള അനുധാവനത്തിന് എതിരാണ്. അതുകൊണ്ടാണ് അത് നിഷ്ഫലമാണെന്ന് അവർ പ്രസ്താവിച്ചത്. അപ്പോൾ അവർ പ്രാമുഖ്യം കൽപിക്കുന്നത് ഇത്തിബാഇനും അറബിഭാഷക്കുമാണ്. അങ്ങനെ വരുമ്പോൾ അവർ പറയുന്നതിന്റെ സാരമിതാണ്: ‘ശ്രോതാക്കൾ അനറബികളാണെങ്കിലും ഖുത്വ്ബ അറബിഭാഷയിൽ തന്നെ വേണം. അങ്ങനെ ഓതുമ്പോൾ അവർക്ക് ഖുത്വ്ബ മനസ്സിലാവുന്നില്ലെങ്കിലും അത് മൊത്തത്തിൽ ഒരു ഉപദേശമാണെന്ന് മനസ്സിലാക്കാമല്ലോ. അത്ര മതി. ഇക്കാര്യം ഇമാമുകൾ വ്യക്തമാക്കിയതാണുതാനും. ഖുത്വ്ബയുടെ അടിസ്ഥാന ഭാഷ അറബിയാണ്. അതിനാൽ മൊത്തത്തിലുള്ള ഉപദേശം മറ്റു ഭാഷകൾ കൊണ്ടും ഉണ്ടാകുമല്ലോ എന്നതിനു പരിഗണനയില്ല (ഖൽയൂബി 1/279).
ഇമാം ഹലബി(റ)യെ ഉദ്ധരിച്ച് ബുജൈരിമി(റ) പറയുന്നു: അറബേതര ഭാഷകളിൽ ഓതിയാലും മൊത്തത്തിൽ ഉപദേശമാവുമല്ലോ എന്ന് ചോദിച്ചേക്കാം. പക്ഷേ അത് സലഫിന്റെയും ഖലഫിന്റെയും പ്രവർത്തനത്തിന് വിരുദ്ധമാണ് (ബുജൈരിമി 1/ 389).
അപ്പോൾ അറബിയിൽ നടത്തുന്ന ഖുതുബകൊണ്ട് മൊത്തത്തിൽ അതൊരു ഉപദേശമാണെന്ന ആശയം മാത്രമാണ് ശ്രോതാക്കൾക്ക് ലഭിക്കുന്നതെങ്കിലും മുൻഗാമികളോടുള്ള അനുധാവനം അതിലുള്ളതിനാൽ ഖുത്വ്ബ അറബിയിലായിരിക്കൽ നിബന്ധനയാണെന്നാണ് കർമശാസ്ത്ര പണ്ഡിതരുടെ പക്ഷം.
(4) അർകാൻ (മുഖ്യഘടകങ്ങൾ അറബിയിലാവണമെന്ന് പറയുന്ന പ്രമാണങ്ങൾ ഖുത്വ്ബയുടെ അനുബന്ധങ്ങളും അറബിയിലാവണമെന്ന് കാണിക്കുന്നു. എന്നിരിക്കെ അർകാനുകൾ ഒരു ഭാഷയിലും അനുബന്ധങ്ങൾ മറ്റൊരു ഭാഷയിലും കൊണ്ടുവരാമെന്നതിന് എന്തു തെളിവാണുള്ളത്?
(5) ഇനി അലിയ്യുശ്ശിബ്റാമല്ലിസി(റ) പറഞ്ഞതിനെ ഒരഭിപ്രായമായി പരിഗണിച്ചാൽ തന്നെയും അതനുസരിച്ച് പ്രവർത്തിക്കുന്നതിൽ മുൻഗാമികളോട് എതിരാവലുള്ളതിനാൽ അത് സ്വീകാര്യമല്ല.
ഇമാം അബൂഹനീഫ(റ) പറഞ്ഞത്
അനറബി ഭാഷയിൽ ഖുത്വ്ബ ഓതൽ അനുവദനീയമാണെന്ന ഇമാം അബൂഹനീഫ(റ)യുടെ വാക്കുകളുടെ സാരം ശരിയായി ഗ്രഹിക്കാതെ വഹാബികൾ അതിൽ കടിച്ചുതൂങ്ങാൻ ശ്രമിക്കാറുണ്ട്. അബൂഹനീഫ(റ) പറഞ്ഞ ‘ജവാസി’ന്റെ വിവക്ഷ വിവരിച്ച് പ്രഗത്ഭ ഹനഫീ കർമശാസ്ത്ര പണ്ഡിതൻ അബ്ദുൽഹയ്യ് ലഖ്നവി(റ) എഴുതി: ഇവിടെ ജവാസിന്റെ വിവക്ഷ, നിസ്കാരത്തിന്റെ കാര്യത്തിൽ മാത്രമുള്ള ജവാസാണ്. അതായത് ജുമുഅയുടെ നിബന്ധന വീടാനും നിസ്കാരത്തിന്റെ സാധുതക്കും അത് മതിയാകുമെന്നർത്ഥം. നിരുപാധികം ഹലാലാണെന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന ജവാസല്ല. കാരണം അനറബി ഭാഷയിൽ ഖുത്വുബ നിർവഹിക്കുന്നത് നബി(സ്വ)യിൽ നിന്നും സ്വഹാബത്തിൽ(റ)നിന്നും കൈമാറിക്കിട്ടിയ ചര്യക്കെതിരാണെന്നതിൽ സംശയമില്ല. അതിനാൽ അത് ഹറാമിന്റെ കുറ്റമുള്ള കറാഹത്താകുന്നു (ഉംദത്തുൽ രിആയ (1/200).
‘ആകാമുന്നഫാഇസ് എന്ന ഗ്രന്ഥ ത്തിൽ അദ്ദേഹം പറയുന്നു: ‘ഇവിടെ (തഹ്രീമിന്റെ) കറാഹത്ത് സുന്നത്തിനോട് എതിരായതിന്റെ പേരിലാണ്. കാരണം നബി(സ്വ)യും അവിടത്തെ അനുചരന്മാരും അറബിയിൽ മാത്രമാണ് സ്ഥിരമായി ഖുത്വ്ബ നിർവഹിച്ചിട്ടുള്ളത്. അവരിൽ ആരെങ്കിലുമൊരാൾ ഏതെങ്കിലുമൊരു ഖുത്വുബ അനറബി ഭാഷയിൽ നിർവഹിച്ചതായി ഒരാളും ഉദ്ധരിക്കുന്നില്ല (പേ. 66).
ഖുത്വ്ബ പേർഷ്യൻ ഭാഷയിൽ നിർവഹിക്കാമെന്ന് ഇമാം അബൂഹനീഫ(റ) പറഞ്ഞത് അതിൽ കുറ്റമില്ലെന്ന അർത്ഥത്തിലല്ല. പ്രത്യുത, ഖുത്വ്ബയുടെ സാധുതക്ക് അത് മതിയാകുമെന്ന അർത്ഥത്തിൽ മാത്രമാണ്. അതിനാൽ ഹനഫീ മദ്ഹബ് പ്രകാരവും അനറബി ഭാഷയിൽ ഖുത്വ്ബ നിർവഹിക്കുന്നത് കുറ്റകരമാണ്.
അസീസ് സഖാഫി വാളക്കുളം