കെഎം ബശീറിന്റെ മരണത്തിൽ ഒന്നാം പ്രതിയായി വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ കലക്ടറാക്കിയ സർക്കാർ നടപടിക്കെതിരെ അസാധാരണമായ പ്രതിഷേധവും ചെറുത്തുനിൽപ്പുമാണ് കേരളത്തിന്റെ പൊതുമണ്ഡലത്തിൽ നിന്നും ഉയർന്നുവന്നത്. ഐഎഎസ് അധികാരങ്ങളോട് ദാസ്യം കാട്ടുന്ന രാഷ്ട്രീയ ദാരിദ്ര്യം ഇടതുപക്ഷത്തെ കൂടുതൽ പ്രതിരോധത്തിലാക്കി. ഹൃദയപക്ഷമെന്ന സ്വന്തം പ്രമേയത്തെ റദ്ദ് ചെയ്യുന്നതാണ് സർക്കാർ നടപടിയെന്ന വിമർശനം ഉയർന്നു. കേരളത്തിലെ ജനപക്ഷ രാഷ്ട്രീയം ഉയർത്തിയ സമര സംവാദത്തിന്റെ നൈരന്തര്യത്തിൽ ഇടതുപ്രൊഫൈലുകൾ നിസ്സഹായതയിലാവുന്ന സ്ഥിതിയുണ്ടായി. കേരളത്തിന്റെ സംവാദ മണ്ഡലത്തിൽ ഇടതുപക്ഷം ഇത്രമേൽ നിശ്ശബ്ദമായിപ്പോയ സന്ദർഭങ്ങളുണ്ടായിട്ടില്ലെന്നു പറയാം. ഒടുവിൽ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ല കലക്ടർ സ്ഥാനത്തുനിന്ന് നീക്കാൻ സർക്കാർ തീരുമാനിച്ചു. രാഷ്ട്രീയ സാമൂഹിക പരിസരങ്ങൾ ഒട്ടും ഗൗനിക്കാതെ എടുത്ത ഒരു തീരുമാനത്തിന്റെ തിരുത്ത് എന്നേ ഈ നടപടിയെ ലളിതമായി പറയാനാകൂ.

ഇപ്പുറത്ത് ശ്രീറാം വെങ്കിട്ടരാമനെ നീക്കം ചെയ്യുക എന്ന ആവശ്യം ഉയർത്തി മുന്നിൽനിന്നു പ്രക്ഷോഭം നയിച്ചത് കേരള മുസ്‌ലിം ജമാഅത്താണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്, കേരള പത്രപ്രവർത്തക യൂണിയൻ തുടങ്ങിയ പ്രസ്ഥാനങ്ങളും സമരം ചെയ്തു. ആലപ്പുഴയിൽ കലക്ടറെ ബഹിഷ്‌കരിക്കാൻ കോൺഗ്രസ് സന്നദ്ധമായി. മുതിർന്ന മാധ്യമ പ്രവർത്തകരും സാംസ്‌കാരിക, സാമൂഹിക വ്യക്തിത്വങ്ങളും നിയമനം ചോദ്യം ചെയ്തു. അച്ചടി-ദൃശ്യ മാധ്യമങ്ങൾ സർക്കാർ തീരുമാനത്തിന്റെ എതിർപക്ഷത്ത് ശക്തമായി നിന്നു. വിഷയത്തിൽ പാർട്ടി നിലപാട് ചോദ്യം ചെയ്യപ്പെട്ടപ്പോഴും സൈബർ സ്‌പേസിൽപോലും പ്രതിരോധം തീർക്കാൻ സന്നദ്ധമാകാതെ സിപിഎം പ്രവർത്തകർ സർക്കാർ തീരുമാനത്തിലെ ശരികേടിനോട് നിശ്ശബ്ദ വിയോജനം പുലർത്തി. സർക്കാർ സർവീസിന്റെ ഭാഗമായി പ്രവർത്തിക്കുന്നവർ നിർവഹിക്കേണ്ട വ്യത്യസ്ത ചുമതലകളുടെ ഭാഗമായുള്ള നടപടി മാത്രമെന്ന് മുഖ്യമന്ത്രിയുടെ വിശദീകരണമുണ്ടായെങ്കിലും ജനം തൃപ്തരായില്ല. ആ വിശദീകരണത്തിന് നയപരമായി സാധുതയില്ലെന്ന് സംവാദത്തിൽ തുറന്നുകാട്ടപ്പെട്ടു.

സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെഎം ബശീറിനെ അർധരാത്രിയിൽ മദ്യപിച്ച് കാറോടിച്ചുവന്ന് ഇടിച്ചുവീഴ്ത്തി കൊലപ്പെടുത്തിയ കേസിലാണ് ശ്രീറാം വെങ്കിട്ടരാമൻ എന്ന ഐഎഎസ് ഓഫീസർ വിചാരണ നേരിടുന്നത്. വാഹാനാപകടം എന്നതിനേക്കാൾ ആദ്യഘട്ടം മുതൽ സംഭവത്തിൽനിന്നു രക്ഷപ്പെടാനായി നടത്തിയ പ്രവൃത്തികളാണ് ആ ഉദ്യോഗസ്ഥന്റെ വിശ്വാസ്യതയും മാന്യതയും പൊതുസമൂഹത്തിനു മുന്നിൽ കളങ്കപ്പെടുത്തിയത്. വാഹനമോടിച്ച് പൊതുമുതൽ നാശം വരുത്തിയെന്ന കേസിൽ ചുമത്തപ്പെട്ട പിഴയൊടുക്കാൻ പോലും സന്നദ്ധമാകാതെ നിയമത്തോട് നിഷേധാത്മക സമീപനം പുലർത്തുന്നവർ ഈ സമരസംവാദത്തിൽ വിചാരണ ചെയ്യപ്പെട്ടു.
കേരളീയരുടെ നീതിബോധത്തെയും പ്രബുദ്ധതയെയും വെല്ലുവിളിക്കാനും പരിഹസിക്കാനും ശ്രമിച്ച ഉദ്യോഗസ്ഥൻ എന്ന ദുർവിലാസമാണ് വെങ്കിട്ടരാമന് സ്വന്തം ചെയ്തികളിലൂടെ വന്നുചേർന്നത്. അത്തരമൊരു ബ്യൂറോക്രാറ്റിക് പ്രൊഫൈലിനെയാണ് സർക്കാർ സർവീസിലുള്ളവരുടെ റുറ്റീൻ എന്ന ന്യായത്തിൽ ജില്ല മജിസ്‌ട്രേറ്റ് അധികാരവും ആദരവുമുള്ള കലക്ടർ പദവിയിൽ ഇരുത്താൻ സർക്കാർ തീരുമാനിച്ചത്. ഈ നീക്കത്തോടുള്ള രാഷ്ട്രീയവും മാനുഷികവും നിയമപരവുമായ പ്രതിഷേധമാണ് സമരമായും സംവാദമായും രൂപപ്പെട്ടത്. അതേ കാരണം തന്നെയാണ് തീരുമാനം തിരുത്താൻ സർക്കാറിനെ പ്രേരിപ്പിച്ചതും.
സൂഫീവര്യൻ വടകര മുഹമ്മദ് ഹാജിയുടെ മകനാണ് അന്തരിച്ച കെഎം ബശീർ. മർകസ് പൂർവിദ്യാർഥി, എസ്എസ്എഫ്എസ്‌വൈഎസ് പ്രവർത്തകൻ, എപി ഉസ്താദ്, ഖലീൽ തങ്ങൾ ഉൾപ്പെടെയുള്ള പ്രാസ്ഥാനിക നേതാക്കളുമായി വളരെ അടുപ്പം പുലർത്തിപ്പോന്ന സൗമ്യനായ ചെറുപ്പക്കാരൻ, ഇതെല്ലാമായിരുന്നു ബശീർ. സിറാജ് പത്രത്തിലെ സ്റ്റാർ കറസ്‌പോണ്ടന്റായിരുന്നു അദ്ദേഹം. താരതമ്യേന ചെറിയ പ്രായത്തിൽ തലസ്ഥാന ബ്യൂറോയിൽ ജോലിക്കെത്തുകയും വൈകാതെ ബ്യൂറോ തലവന്റെ ചുമതലയിൽ നിയമസഭയും കാബിനറ്റ് ബ്രീഫിങും ഉൾപ്പെടെ ജേണലിസ്റ്റ് കരിയറിലെ നല്ല അവസരങ്ങളിലൂടെ സഞ്ചരിക്കുന്നതിനൊപ്പം രാഷ്ട്രീയ, ഭരണ നേതൃത്വങ്ങളോടും അടുപ്പം സൂക്ഷിച്ചു. ബശീറിന്റെ മരണം അദ്ദേഹത്തെ അറിയുന്നവർക്ക് ആഘാതമായിരുന്നു. പ്രത്യേകിച്ച് കേരള മുസ്‌ലിം ജമാഅത്ത് നേതൃത്വം നൽകുന്ന സുന്നി പ്രസ്ഥാനത്തിന് അത് വലിയ വേദനയുണ്ടാക്കി.
അതിലുപരി ബശീർ അപകടത്തിൽപെടാനിടയാക്കിയ സംഭവത്തിലെ പ്രതിയായ ഉദ്യോഗസ്ഥന്റെ നിയമലംഘനങ്ങളും അദ്ദേഹത്തെ സംരക്ഷിക്കാനായി പോലീസ്, മെഡിക്കൽ, ഭരണ തലങ്ങളിൽ നിന്നുണ്ടായ നീക്കങ്ങളും കേരളത്തിൽ പ്രതിഷേധ പ്രക്ഷുബ്ധത സൃഷ്ടിച്ചു. തെറ്റുകൾ തിരുത്തി കുറ്റവാളിയെ രക്ഷപ്പെടാൻ അനുവദിക്കാത്തവിധം കേസ് മുന്നോട്ടുകൊണ്ടുപോകുമെന്ന മുഖ്യമന്ത്രിയുടെയും സർക്കാറിന്റെയും ഉറപ്പുകളിൽ വിശ്വസിച്ചും എന്നാൽ കേസിന്റെ നാൾവഴികൾ നിരീക്ഷിച്ചുമാണ് പ്രസ്ഥാനം മുന്നോട്ടുപോയത്.
ആരോഗ്യവകുപ്പിൽ ജോ.സെക്രട്ടറിയായി സ്ഥാനക്കയറ്റം നൽകി അദ്ദേഹത്തെ സർവീസിൽ തിരിച്ചെടുത്തപ്പോഴും പ്രധാന തിരഞ്ഞെടുപ്പു ചുമതലയിൽ നിയോഗിച്ചപ്പോഴുമെല്ലാം പ്രസ്ഥാനം ഇടപെടുകയും വിയോജിപ്പ് അറിയിക്കുകയും പരാതി നൽകുകയും ചെയ്തു. ഒടുവിൽ ജില്ല കലക്ടർ പോലൊരു സുപ്രധാന ചുമതലയിൽ സ്വാഭാവികതയെന്ന ലാഘവത്തോടെ പ്രതിഷ്ഠിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെയുണ്ടായ പ്രസ്ഥാനത്തിന്റെ രോഷാഗ്‌നിയാണ് പ്രക്ഷോഭമായി രൂപം പ്രാപിച്ചത്.
കെഎം ബശീർ എന്ന വ്യക്തിക്കോ കുടുംബത്തിനോ ലഭിക്കേണ്ട നീതി എന്നതിനപ്പുറം പ്രിവിലേജുകളുടെ ബലത്തിൽ രാജ്യത്തെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതാവകാശങ്ങളെയും പരിരക്ഷയെയും വെല്ലുവിളിക്കുന്ന ഭരണകൂട വ്യായാമങ്ങൾക്കെതിരായ രാഷ്ട്രീയ സമരമായാണ് പ്രസ്ഥാനം ഈ സന്ദർഭത്തെ സമീപിച്ചത്. വിയോജിക്കുക, സമരം ചെയ്യുക പോലുള്ള ഉയർന്ന ജനാധിപത്യ ബോധ്യങ്ങളാണ് പ്രസ്ഥാനത്തെ സമരോത്സുകരാക്കി സെക്രട്ടേറിയറ്റിലേക്കും കലക്ടറേറ്റുകളിലേക്കും ജനസാഗരമായി നിറയാൻ പ്രേരിപ്പിച്ചത്.
ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ അഹന്തയാൽ തെരുവിൽ ഇടിച്ചുവീഴ്ത്തപ്പെടുന്ന സാധാരണ മനുഷ്യരുടെ പ്രതീകമാണിന്ന് കെഎംബി. അതുകൊണ്ടുതന്നെ ബശീർ സംഭവത്തെ മുൻനിർത്തിയുള്ള സമരങ്ങൾ കേരള ജനതയുടെ നീതിക്കും സുരക്ഷിതത്വത്തിനും വേണ്ടിയുള്ളതാണ്. കേരളീയ സമൂഹം ഈയൊരു ഉറച്ച ബോധ്യം ബശീർ കേസിലുടനീളം പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷേ, അപ്പോഴും കെഎം ബശീർ ഒരുപാടധികം പ്രസ്ഥാനത്തിന്റേതാണ്. അതുകൊണ്ടുതന്നെ പൊതുസമൂഹത്തോട് ചേർന്നുനിൽക്കുമ്പോഴും അവരുടെ സമരൈക്യങ്ങളെ വിലമതിക്കുമ്പോഴും ബശീർ പ്രശ്‌നത്തിലെ നീതിക്കുവേണ്ടി ഊക്കോടെ പൊരുതുക ഓരോ എസ്‌വൈഎസുകാരന്റെയും എസ്എസ്എഫുകാരന്റെയും ആത്മാഭിമാനത്തിന്റെ നിലപാടായിരുന്നു. അതിനെയാണ്, ആ വൈകാരികവും മാനവികവുമായ സന്ദർഭത്തെയാണ് ഒരു കൂട്ടർ വർഗീയസമരം എന്നു വിശേഷിപ്പിച്ച് രംഗം കലക്കാൻ ശ്രമിച്ചത്. മതനിരപേക്ഷത എന്ന സൗന്ദര്യം പുലരുന്നതുപോലും മതവിശ്വാസികൾ അവരുടെ സ്വത്വങ്ങളോടെ ബഹുസ്വര സമൂഹത്തിൽ ചേർന്നു നിൽക്കുമ്പോഴാണ്.
സാമൂഹിക വ്യവഹാരങ്ങളുടെ സർവ സ്വാതന്ത്ര്യങ്ങളും അനുഭവിച്ചുകൊണ്ടുതന്നെ പാരസ്പര്യത്തിലേർപ്പെടുന്നതാണ് മതനിരപേക്ഷത. മതസമൂഹം എന്ന ദൃശ്യതയെ മറച്ചുപിടിച്ച് ഏക കോഡിലേക്ക് ലയിക്കുന്നതാണ് മതനിരപേക്ഷത എന്നു തെറ്റിദ്ധരിച്ചവരോ തെറ്റിദ്ധരിപ്പിക്കാൻ പറ്റുമെന്നു വിശ്വസിച്ചവരോ ആണ് മുസ്‌ലിം ജമാഅത്ത് നേതൃത്വത്തിലുള്ള പ്രക്ഷോഭത്തിൽ വർഗീയക്കറ പുരട്ടാൻ ശ്രമിച്ചത്.
പക്ഷേ, പ്രസ്ഥാനത്തിന് ഈ ജനാധിപത്യ, രാഷ്ട്രീയ, സാമൂഹിക സന്ദർഭങ്ങളിലൊന്നും ഇടർച്ചകളില്ല. പ്രത്യക്ഷ സമരങ്ങൾക്കൊപ്പം ആഭ്യന്തര വിദ്യാഭ്യാസങ്ങളിലൂടെയും സംവാദങ്ങളിലൂടെയും സമൂഹത്തിൽ കൂടുതൽ കൂടുതൽ ഉണ്ടായിവരേണ്ട നീതിബോധവും ജനാധിപത്യ മര്യാദകളും രാഷ്ട്രീയ ശരികളും പഠിപ്പിക്കാനും ബോധവൽകരിക്കാനും സാധിച്ചിട്ടുണ്ട്. വരുംകാലങ്ങളിലും സാമൂഹിക നന്മക്കു വേണ്ടിയും ജനവിരുദ്ധതകൾക്കെതിരെയും സേവനങ്ങൾകൊണ്ടും നന്മകൾ കൊണ്ടും സമരങ്ങളായിരിക്കുക എന്ന കൂടുതൽ ഉറച്ച ബോധ്യങ്ങളിലേക്കാണ് പ്രസ്ഥാനം ഈ പ്രക്ഷോഭത്തിലൂടെ ചുവടുവെച്ചത്. ആ ധീരമായ പ്രവാഹത്തിനു മുന്നിലാണ് രാഷ്ട്രീയാധികാരം മാന്യതയുടെ തിരുത്ത് എഴുതിയത്.

 

അലി അക്ബർ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഊമ’ക്കത്തും സമസ്തയുടെ രാഷ്ട്രീയവും

സയ്യിദ് അബ്ദുറഹ്‌മാൻ അൽബുഖാരിയുടെ നേതൃത്വത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പുന:സംഘടിപ്പിക്കാനുണ്ടായ കാരണം, മഹത്തായ ഈ…

● 'റഹ്‌മത്തുല്ലാഹ് സഖാഫി എളമരം
Sunni aikyam

സമസ്ത ഭിന്നിക്കേണ്ടത് ആരുടെ താൽപര്യമായിരുന്നു?

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തന്റെ നാട്ടിലെ മുസ്‌ലിം ലീഗിന്റെ പരാജയത്തിന് പരിശ്രമിച്ചു എന്ന ഒറ്റക്കാരണത്താൽ അബ്ദുറഹ്‌മാൻ…

● എംവി അബ്ദുറഊഫ് പുളിയംപറമ്പ്

മലക്കുകളുടെ നേതാക്കൾ

ധാർമിക ഉത്തരവാദിത്വമുള്ള സൃഷ്ടികൾ മൂന്നു വിഭാഗങ്ങളാണ്. മലക്കുകൾ, മനുഷ്യർ, ജിന്നുകൾ. അവരിൽ മലക്കുകളെ കുറിച്ച് പറയാം.…

● സുലൈമാൻ മദനി ചുണ്ടേൽ