തഫ്‌സീറു ജാമിഇൽ ബയാൻ ഖുർആൻ വ്യാഖ്യാനങ്ങളിൽ അതിശയകരമായ രചനയാണ്.

ജ്ഞാനസാഗരമായ ഇമാം ഖുർത്വുബി(മരണം ഹി: 671)യുടെ പ്രസിദ്ധ രചന. അവതരണ പാശ്ചാത്തലം, പാരായണ രീതികൾ, പദാന്ത്യ സ്വരഭേദങ്ങൾ, അപരിചിതമായ പദ വിശദീകരിണം എന്നിവയെല്ലാം തഫ്‌സീറുൽ ഖുർത്വുബിയുടെ പ്രത്യേകതകളാണ്.  ഭാഷാ നിയമങ്ങൾ വിശദീകരിക്കാൻ അറബിക്കവിതകൾ ധാരാളമായി ഉദ്ധരിക്കുന്നു. മുഅ്തസില, ഖദ്‌രിയ്യ, റാഫിളിയ്യ എന്നിവർക്ക് ഉചിതമായ മറുപടി നൽകുന്ന രചനാരീതി പണ്ഡിത ലോകത്ത് പ്രശംസിക്കപ്പെട്ടു. ഫിഖ്ഹീ വീക്ഷണങ്ങൾ കൂടുതലായി വിശദീകരിക്കുന്നത് ഖുർത്വുബിയുടെ മേന്മയായി കരുതപ്പെടുന്നു. മുൻഗാമികളുടെ അഭിപ്രായങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നതിൽ ഇമാം ഖുർത്വുബി ശ്രദ്ധപതിപ്പിച്ചിട്ടുണ്ട്. 

 

തഫ്‌സീറുൽ കശ്ശാഫ്

 ഇമാം സമഖ്ശരി(467-538)യുടെ രചനയാണ് ഇത്. ഭാഷാപരമായി തഫ്‌സീറുകളിൽ പ്രസിദ്ധവും ഇതുതന്നെ. അൽകശ്ശാഫ് അൻ ഹഖാഇഖിത്തൻസീൽ വ ഉയൂനുൽ അഖാവീൽ ഫീ വുജൂഹിത്തഅ്‌വീൽഎന്നാണ് പൂർണനാമം. അറബി സാഹിത്യത്തിനും അലങ്കാരശാസ്ത്രത്തിനും ഊന്നൽ നൽകുന്ന ഈ തഫ്‌സീർ രചനക്ക് ഹിജ്‌റ 526-ൽ സമാരംഭം കുറിച്ചു. 528 റബീഉൽ ആഖിർ 23-ന് തിങ്കളാഴ്ച പൂർത്തിയായി. മക്കയിൽ വച്ചാണ് ഗ്രന്ഥ പൂർത്തീകരണം.

രചനക്ക് ആധാരമായ ചില കാരണങ്ങൾ പണ്ഡിതർ വിശദീകരിച്ചതു കാണാം.

          1. മുഅ്തസിലികൾ ഖുർആനിക സൂക്തങ്ങളുടെ അർത്ഥമന്വേഷിച്ച് അദ്ദേഹത്തെ സമീപിച്ചു.  മുൻകാല ഖുർആൻ വ്യാഖ്യാതാക്കളിൽ നിന്ന് വിഭിന്നമായി സാഹിതീയ രൂപത്തിലുളള അദ്ദേഹത്തിന്റെ മറുപടിയിൽ അനുരക്തരായ അവർ പുത്തൻരൂപത്തിലുളള ഖുർആൻ വ്യാഖ്യാന രചനക്ക് അദ്ദേഹത്തെ നിർബന്ധിച്ചു.

          2. മക്കാ യാത്രയിലെ വിജ്ഞാനദാഹികൾക്ക് അദ്ദേഹത്തിൽ നിന്ന് ലഭിച്ച ഖുർആൻ വ്യാഖ്യാനങ്ങളിലുള്ള സംതൃപ്തി പ്രേരണയായപ്പോൾ രചിച്ചു.

          3. മക്കയിൽ വച്ച് പണ്ഡിതശ്രേഷ്ഠനായ ഇമാം അബുൽ ഹസൻ അലിയ്യുബിൻ ഈസ ബിൻ ഹംസ ഇബ്‌നുൽ വഹാബ് ആവശ്യപ്പെട്ടതു പ്രകാരം രചിച്ചു.

ഇമാം ബുദ്ധിക്ക് വലിയ പ്രാധാന്യം നൽകിയിരുന്നു. ഇതു കാരണം ഇജ്മാഅ്, ഖിയാസ് എന്നിവ പലയിടത്തും അവഗണിക്കപ്പെട്ടു. മുഅ്തസിലി ആശയങ്ങൾ പലയിടത്തും കൊണ്ടുവന്ന അദ്ദേഹം ആമുഖം തുടങ്ങുന്നത്തന്നെ ഖുർആൻ സൃഷ്ടിച്ച അല്ലാഹുവിന് സർവസ്തുതിയുംഎന്ന രൂപത്തിലാണ്. സൂറത്തിന്റെ പേര്, ആയത്തുകളുടെ എണ്ണം, മക്കിയാണോ മദനിയ്യാണോ എന്നിവ വ്യക്തമാക്കിയാണ് ഓരോ സൂറത്തും തുടങ്ങുന്നത്. അറബി ഭാഷ, വ്യാകരണം, അലങ്കാരശാസ്ത്രം തുടങ്ങിയവഴി രചന വികസിക്കുന്നു.

സൂക്തങ്ങളുടെ ബാഹ്യാർത്ഥം മുഅ്തസിലി ആശയങ്ങളോട് യോജിക്കുന്നതാണെങ്കിൽ വ്യക്തമായ വിധിയുള്ളതായും യോജിക്കുന്നില്ലെങ്കിൽ വ്യംഗ്യമായ വിധിയുള്ളതായും പ്രഖ്യാപിക്കും. ഇതു കാരണം മുഅ്തസിലീ ആശയം കശ്ശാഫിൽ പരന്നുകിടക്കുന്നതായി കാണാം. നീതി (അദ്‌ല്), ദൈവത്തിന്റെ ഏകത്വം (വഹ്ദത്ത്), ഭീഷണിപ്പെടുത്തലും വാഗ്ദാനം ചെയ്യലും (അൽ വഅ്ദു വ വഈദ്), സ്വർഗനരകങ്ങൾക്കിടയിലെ സ്ഥാനം (അൽമൻസിലത്തു ബൈനൽ മൻസിലത്തൈനി), നന്മ-തിന്മകൾകൊണ്ട് കൽപ്പിക്കലും വിരോധിക്കലും (അൽഅംറു ബിൽ മഅ്‌റൂഫി വന്നഹ്‌യു അനിൽ മുൻകർ) തുടങ്ങിയ വിഷയങ്ങളിൽ മുഅ്തസിലീ ആശയങ്ങൾ വ്യക്തമായി കാണാം. ഇതിനെയെല്ലാം അടിസ്ഥാനമായി ഹദീസുകളെ വളച്ചൊടിക്കുകയും ഭാഷ, സാഹിത്യം, പാരായണരീതികൾ എന്നിവയെ യാഥാർത്ഥ്യത്തിൽനിന്ന് തിരിച്ചുകളയുകയും ചെയ്യുന്നു.

വ്യത്യസ്ത പാരായണ രീതികൾ പ്രതിപാദിക്കുകയും അർത്ഥസഹിതം ചർച്ച നടത്തുകയും ചെയ്യുന്നത് പ്രത്യേകതയായി പറയാം. എന്നാൽ ചിലയിടങ്ങളിൽ മുതവാതിറായ പാരായണരീതിപോലും അവഗണിക്കുന്നതും കാണാം. ബാഹ്യാർത്ഥം മുഅ്തസിലീ ആശയത്തെ സ്പർശിക്കാത്ത ആയത്തുകളെ ഖുർആൻ, ഹദീസ്, സ്വഹാബികൾ, താബിഉകൾ തുടങ്ങിയവരുടെ വാക്കുകൾകൊണ്ട് വിശദീകരിക്കും.

ഇസ്‌റാഈലിയ്യാത്ത് കടന്നുകൂടിയ ഈ തഫ്‌സീറിൽ ബലഹീനവും നിർമിതവുമായ നബിവചനങ്ങളും അടങ്ങിയിട്ടുണ്ട്. എങ്കിലും ഇത്തരം വചനങ്ങൾ ബലഹീനതയെ ദ്യോതിപ്പിക്കുന്ന രൂപത്തിലാണ് അവതരിപ്പിക്കാറുള്ളത്. അറബിസാഹിത്യ മേഖലയുടെ ഉത്തുംഗത കീഴടക്കിയെങ്കിലും മുഅ്തസിലീ ആശയം നിറഞ്ഞതിനാൽ തഫ്‌സീറുൽ കശ്ശാഫ് വിശ്വാസ സരണിയിൽ സ്വീകാര്യയോഗ്യമല്ല. ഇമാം സ്വുയൂത്വി(റ) പറയുന്നു: സ്വീകാര്യയോഗ്യമല്ലാത്ത ഖുർആൻ വ്യാഖ്യാനമാണ് കശ്ശാഫ്. നിരർത്ഥകമായ തന്റെ ആശയത്തെ സ്ഥിതീകരിക്കാൻ സൂക്തങ്ങളുടെ യഥാർത്ഥ രീതികളെ മാറ്റുകയും പ്രവാചകർ(സ്വ)യെയും സ്വഹാബാക്കളെയും അനാദരിക്കുകയും ചെയ്ത രചനയാണത്‘ (അത്തഹ്ദീർ).

കശ്ശാഫിനെ വിശകലനം ചെയ്ത് അനേകം ഗ്രന്ഥങ്ങളും പഠനങ്ങളും പ്രസിദ്ധീകൃതമായിട്ടുണ്ട്. ഇമാം നസഫി(റ)യുടെ മദാരികുത്തൻസീൽ വ ഹഖാഇഖുത്തഅ്‌വീൽ, ഇമാം ബൈളാവി(റ)യുടെ അൻവാറുത്തൻസീൽ വ അസ്‌റാറുത്തഅ്‌വീൽ തുടങ്ങിയവ കശ്ശാഫിന്റെ സംഗ്രഹങ്ങളാണ്. ഹാശിയത്തുത്ത്വീബി അലൽകശ്ശാഫ്, ഹാശിയത്തുത്തഫ്ത്താസാനി അലാ തഫ്‌സീരിൽ കശ്ശാഫ് തുടങ്ങിയവ കശ്ശാഫിന്റെ വിശദീകരണ കൃതികളും അൽഇൻതിസ്വാഫ് മിനൽകശ്ശാഫ്, അൽഇൻസ്വാഫ് എന്നിവ കശ്ശാഫിനെ വിശകലന വിധേയമാക്കിയ രചനകളിൽ പ്രധാപ്പെട്ടതുമാണ്.

സമഖ്ശരി ഇമാം മുഅ്തസിലി വാദത്തിൽനിന്ന് പിന്മാറിയെന്നാണ് ഒരു വിഭാഗം പണ്ഡിതന്മാർ വാദിക്കുന്നത്. സമഖ്ശരി ഇഅ്തിസാലീ വാദത്തിൽനിന്ന് മടങ്ങിയെന്ന് ഉസ്താദുമാരിൽനിന്ന് നിരന്തരമായി കേട്ടിട്ടുണ്ടെന്ന് ഇമാം സുയൂത്വീ(റ) തുഹ്ഫതുൽ അദീബിൽ പറയുന്നു.  പൊന്നാനി ജുമാമസ്ജിദിലെ വിളക്കിന്റെ സമീപത്തുള്ള തൂണിൽ ഇമാം സമഖ്ശരി തൗബ ചെയ്തിട്ടുണ്ടെന്ന് കുറിക്കുന്ന മശാരിഖുൽ അൻവാറിലെ ബൈത്ത് രേഖപ്പെടുത്തിയതായി കാണാം.

   ഇമാം ഗസ്സാലി(റ)വും സമഖ്ശരി(റ)വും തമ്മിൽ മൂന്ന് തവണ സംവാദം നടന്നു. ആദ്യ തവണ പൊതുജനങ്ങൾക്കിടയിൽ വച്ചായിരുന്നു. രണ്ടാമത് ആലിമീങ്ങൾക്കിടയിലായിരുന്നു. മൂന്നാമത് ഖവാസ്സുൽ ഖവാസ്സി(പണ്ഡിതരിലെ അതിപ്രമുഖർ)ന്റെ ഇടയിലായിരുന്നു മൂന്നിലും ഇമാം ഗസ്സാലി(റ) ജയിച്ചതോടെ ഇമാം സമഖ്ശരി(റ) ഇഅ്തിസാലിന്റെ വാദത്തിൽനിന്നും പൂർണമായും പിന്മാറി.

 

തഫ്‌സീറുൽ ബൈളാവി

ഇമാം ബൈളാവി(റ-മരണം:585)വാണ് രചയിതാവ്.

ഇമാം ഖാസി മുഫസ്സിർ നാസിറുദ്ദീൻ അബുസ്സഈദ് അല്ലെങ്കിൽ അബുൽ ഖൈർ അബ്ദുല്ലാഹി ബിൻ അബിൽ ഖാസിം ഉമർ ബിൻ അബിൽ ഹസൻ അലി അൽബൈളാവി എന്നാണ് പൂർണ നാമം. തന്റെ കാലത്ത് വിരചിതമായ തഫ്‌സീറുകൾ പഠിക്കുകയും ഭാഷ, കർമശാസ്ത്രം, ചരിത്രം, ഗോളശാസ്ത്രം, ഫിലോസഫി, അടിസ്ഥാന ശാസ്ത്രം തുടങ്ങിയവ തഫ്‌സീറിൽ കൊണ്ടുവരാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. അഹ്‌ലുസ്സുന്നയുടെ ആശയപ്രചാരണവും മസ്തിഷ്‌ക പ്രക്ഷാളനം സംഭവിച്ച പുത്തൻവാദികളുടെ വിഘടിതാശയങ്ങളുടെ നിഷ്‌കാസനവുമാണ് ഈ തഫ്‌സീറിൽ സംഗ്രഹിക്കപ്പെട്ടിരിക്കുന്നത്.

വൈജാത്യങ്ങളായ പാരായണ രീതികൾ ശ്രദ്ധിക്കാറുണ്ടെങ്കിലും ഒറ്റപ്പെട്ട ഹദീസുകൾ (ശാദ്ദ്) അതിലുൾപ്പെടുത്തിയിട്ടുണ്ട്. സന്ദർഭോചിതമായി കർമശാസ്ത്രവും വ്യാകരണശാസ്ത്രവും ഉപയോഗിക്കുന്നതിൽ ഇമാം ബൈളാവി വിജയിച്ചിട്ടുണ്ട്. ഖുർആൻ വ്യാഖ്യാന ലോകത്ത് ബൈളാവിയുടെ പ്രാധ്യാനം പരിഗണിച്ചാണ് എണ്ണമറ്റ വ്യാഖ്യാനങ്ങൾ പണ്ഡിതലോകം മുൻകൈയെടുത്ത് സമർപ്പിച്ചത്. ഹാജി ഖലീഫ കശ്ഫുള്ളുനൂനിൽ ബൈളാവിയുടെ നാൽപതിലേറെ വിശദീകരണങ്ങൾ എണ്ണുന്നുണ്ട്. നൂറ്റി ഇരുപതിലേറെ ഉണ്ടെന്ന് പറഞ്ഞവരുമുണ്ട്. ഹാശിയത്തുൽ ഖൂനവി, ഹാശിയത്തുൽ കാസറൂനി, ഹാശിയ്യത്തു മുഹ്‌യുദ്ദീൻ ശൈഖ്‌സാദ തുടങ്ങിയവ ഇതിൽ പ്രധാനം.

തഫ്‌സീറുൽ ബൈളാവി ഇമാം സമഖ്ശരിയുടെ കശ്ശാഫിന്റെ സംഗ്രഹമാണോയെന്നതിൽ ചില പണ്ഡിതന്മാർക്ക് ഭിന്നാഭിപ്രായങ്ങളുണ്ട്. ത്വബഖാതുൽ കുബ്‌റായിൽ ബൈളാവി മുഖ്തസ്വറാണെന്നും നവാഹിദുൽ അബ്കാറിൽ സുയൂത്വീ ഇമാം സയ്യിദുൽ മുഖ്തസ്വറാണെന്നും അഭിപ്രായപ്പെടുന്നു.  എന്നാൽ കശ്ഫുള്ളുനൂനിൽ പലരും ക്രോഡീകരിച്ചതാണെന്ന അഭിപ്രായമാണ് രേഖപ്പെടുത്തുന്നത്.

                                         (തുടരും)

You May Also Like

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

കുടുംബ ബന്ധത്തിന്റെ വില; വിലാപവും

സാമൂഹിക വ്യവസ്ഥയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത സ്ഥാപനമാണ് കുടുംബം. സുസജ്ജവും ആരോഗ്യപൂർണവുമായ കുടുംബങ്ങളാണ് സമൂഹത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുന്നത്.…

● കെഎംഎ റഊഫ് രണ്ടത്താണി

ദാനധര്‍മ്മം; മുസ്‌ലിമിനറെ മുഖമുദ്ര

മാനവതയുടെ മതമായ ഇസ്‌ലാമിന്‍റെ സാമ്പത്തിക ദര്‍ശനങ്ങള്‍ സമൂഹത്തിന്‍റെയാകമാനമുള്ള സാമ്പത്തിക ഭദ്രത ലക്ഷ്യം വെച്ചുള്ളതാണ്. ലോകം കണ്ടതില്‍…