കേരളീയ ഉലമാക്കൾക്കിടയിൽ നിരവധി സവിശേഷതകൾ കൊണ്ട് വ്യത്യസ്തനാണ് കോടമ്പുഴ ബാവ മുസ്‌ലിയാർ. വൈയക്തിക ജീവിതത്തെ എത്ര കൃത്യതയോടെയും സൂക്ഷ്മതയോടെയുമാണ് ഈ പണ്ഡിതൻ ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന് ബോധ്യപ്പെടാൻ അദ്ദേഹത്തിന്റെ റൂമിനകത്ത് പതിച്ച ‘കുറച്ചു സംസാരിക്കുക. സമയം വിലപ്പെട്ടതാണ്, നിങ്ങളുടേതും നമ്മുടേതും’ എന്ന അറിയിപ്പു മാത്രം മതി. ഉസ്താദിന്റെ ഓരോ നിമിഷത്തിനും വലിയ മൂല്യമുണ്ടെന്ന് ഇന്നു വരെ പുറത്തിറക്കിയ കനപ്പെട്ട ഗ്രന്ഥങ്ങളിലൂടെ അനുവാചകർക്ക് മനസ്സിലാക്കാൻ കഴിയും. ഇങ്ങനെ പിശുക്കിപ്പിശുക്കി സമയം ചെലവിട്ടതു കൊണ്ടാണ് കേരളത്തിൽ ഇത്തരമൊരു ഗ്രന്ഥകാരൻ സമുദായത്തിന് തിലകക്കുറിയായി ഉണ്ടായതെന്ന് മനസ്സിലാക്കുക. ഉസ്താദിന്റെ രചനകളെ അടിസ്ഥാനപ്പെടുത്തി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ വായിക്കാം.
- കേരളീയ ഉലമാക്കൾക്കിടയിൽ ഉസ്താദിനെ വ്യതിരിക്തനാക്കുന്ന ഒന്നാണ് ഉസ്താദിന്റെ രചനാ വൈഭവം. രചനാ രംഗത്ത് ഉസ്താദിനെ സ്വാധീനിച്ച ഘടകം?
ചോദ്യത്തിനു മറുപടി പറയും മുമ്പ്, അതിലെ രണ്ടു പരാമർശങ്ങളോടു വിയോജിക്കുന്നു. ഒന്ന്, ഞാൻ പണ്ഡിതന്മാരുടെ കൂട്ടത്തിൽ എണ്ണപ്പെടാവുന്ന ഒരാളല്ല, പണ്ഡിതന്മാരുടെ ഒരു എളിയ സേവകൻ മാത്രമാണ്. രണ്ട്, ഞാൻ പറയത്തക്ക രചനാ വൈഭവമുള്ളയാളല്ല. അല്ലാഹുവിന്റെ അനുഗ്രഹത്താൽ ചിലതൊക്കെ എഴുതുവാനും അതിനു പണ്ഡിതന്മാരുടെ അംഗീകാരം നേടുവാനും സാധിച്ചുവെന്നു മാത്രം.
ഇനി ചോദ്യത്തിനു മറുപടി പറയാം. പ്രേരണയും സമ്മർദവുമാണ് ഈ രംഗത്തേക്ക് കടന്നുവരുന്നതിനു സാഹചര്യം സൃഷ്ടിച്ചത്. അങ്ങനെ എഴുതിയ സൃഷ്ടികൾക്ക് സമൂഹത്തിൽ നിന്നും പണ്ഡിതന്മാരിൽ നിന്നും കിട്ടിയ അംഗീകാരം രചന തുടരുന്നതിനും അതിൽ പ്രതിപത്തി വർധിക്കുന്നതിനും കാരണമായി വർത്തിച്ചു.
- മറ്റു പ്രബോധന മാധ്യമങ്ങൾക്കിടയിൽ രചനക്കുള്ള പ്രാധാന്യമെന്താണ്? പ്രഭാഷണത്തേക്കാൾ എഴുത്തിന് സ്ഥാനമുണ്ടെന്ന് കരുതുന്നുണ്ടോ?
ക്ലാസ്സിനും പ്രസംഗത്തിനും പരിമിതികളുണ്ട്. അതിനു മുമ്പിൽ ശ്രോതാക്കൾ വേണം. നമ്മുടെ സൗകര്യവും ശ്രോതാക്കളുടെ സൗകര്യവും പരിഗണിക്കണം. എന്നാൽ തന്നെ അതു പരിമിതമായ ആളുകൾക്ക് പരിമിതമായ സമയത്തേക്ക് മാത്രമേ പ്രയോജനപ്പെടുകയുള്ളൂ. പക്ഷേ എഴുത്തിന് ഈ പരിമിതികളില്ല. അതു കാല ദേശ പരിധിയില്ലാതെ കൂടുതൽ പേർക്ക് പ്രയോജനപ്പെടും. മാത്രമല്ല, അതിനു ശാശ്വത സ്വഭാവമോ ദീർഘകാല സ്വഭാവമോ ഉണ്ടാവുകയും ചെയ്യും.
- ഉസ്താദിന്റെ ആദ്യ രചന ഏതാണ്? ഏതു വിഷയത്തിലായിരുന്നു അത്?
ചില പ്രാദേശിക സംഘടനകളുടെ ആവശ്യപ്രകാരം എഴുതിയ കൊച്ചുകൃതികളോ ലഘുലേഖകളോ ആണ് ആദ്യകാല രചനകൾ. ‘ഇസ്‌ലാമിക ദാമ്പത്യ വിജ്ഞാന സംഗ്രഹം, മഖ്ബറയിലെ ആചാരങ്ങൾ തെറ്റും ശരിയും,’നീ എങ്ങോട്ട്, മുന്നൂറു വർഷത്തെ ദീർഘ നിദ്ര, ‘ലോകഗുരു പോലുള്ളവ ആയിനത്തിൽ പെടുന്നു. പ്രാദേശിക സംഘടനകളുടെ ആവേശം ചായക്കോപ്പയിലെ കൊടുങ്കാറ്റും അവരുടെ പ്രസാധനം ജലകുമിളയുമായിരിക്കും. അതു കൊണ്ടു തന്നെ ഇവയ്‌ക്കൊന്നും പുനഃപ്രസാധനമുണ്ടായിരുന്നില്ല. ഫാറൂഖ് കോളേജ് എസ് എസ് എഫ് യൂണിറ്റ് പുറത്തിറക്കിയ ഒരു പ്രസിദ്ധീകരണത്തിലേക്ക് വന്ദ്യ സ്‌നേഹിതൻ ഒ.എം തരുവണ ആവശ്യപ്പെട്ടതനുസരിച്ച് എഴുതിയ കാരുണ്യത്തിന്റെ മതം എന്നതാണ് ഒന്നാമത്തെ ലേഖനം. അന്ത്യപ്രവാചകരുടെ പ്രവചനങ്ങൾ എന്ന കൃതിയാണ് പ്രസിദ്ധീകൃതമായതും നിലനിന്നതുമായ ഒന്നാമത്തെ ഗ്രന്ഥം. ഈ കൃതി ആദ്യമായി സ്വന്തമായും രണ്ടാമതായി പൊട്ടച്ചിറ അൻവരിയ്യ കോളേജിലെ വിദ്യാർത്ഥി സമാജവും പിന്നീട് എസ് വൈ എസ് സ്റ്റേറ്റ് കമ്മറ്റിയും പ്രസിദ്ധീകരിച്ചു. ഇപ്പോൾ ദാറുൽ മആരിഫ് പബ്ലിക്കേഷനാണ് ഇതു പ്രസിദ്ധീകരിക്കുന്നത്.
- ഉസ്താദിനെ രൂപപ്പെടുത്തുന്നതിൽ പഠനകാലത്തിന് നിസ്തുല പങ്കുണ്ടല്ലോ. പഠന കാലത്തെ കുറിച്ചുള്ള സ്മരണകൾ?
ആദ്യ പഠനം, മാവൂർ പാറമ്മൽ ജുമാമസ്ജിദിൽ വന്ദ്യപിതാവ് കളത്തിങ്ങൽ മുഹമ്മദ് മുസ്‌ലിയാരുടെ ദർസിലായിരുന്നു. മകൻ- ശിഷ്യൻ എന്ന പരിഗണന കൂടിയുള്ളത് കൊണ്ട് ആ അഞ്ചുവർഷക്കാലത്തെ ശിക്ഷണം ഭാവി ജീവിതത്തിലേക്കും ഉപരി പഠനത്തിലേക്കും വലിയ വെളിച്ചം നൽകി. 1960 മുതൽ 65 വരെയാണ് പിതാവിന്റെ ദർസിൽ പഠിച്ചത്. 1965 മുതൽ 71 വരെ വാഴക്കാട് ദാറുൽ ഉലൂമിലായിരുന്നു പഠനം. എന്നാൽ അസുഖം നിമിത്തം 67, 68 വർഷങ്ങളിൽ നാട്ടിൽ താമസിക്കേണ്ടി വന്നു. തദവസരത്തിൽ രണ്ടു വർഷം കോടമ്പുഴ ജുമാമസ്ജിദിൽ പെരുമുഖം മേടപ്പിൽ ബീരാൻകോയ മുസ്‌ലിയാരുടെ ദർസിൽ ചേർന്നു. 69 മുതൽ 71 വരെ വീണ്ടും വാഴക്കാട്ടു തന്നെ പഠനം തുടർന്നു. ദർസിലും കോളേജിലും മാറിമാറി പഠിക്കാനവസരം ലഭിച്ചതുകൊണ്ട് രണ്ടു സാഹചര്യങ്ങളും അനുഭവിച്ചറിയാൻ സാധിച്ചു. ഈ അനുഭവം പിന്നീട് അധ്യാപന സേവനത്തിലേക്കും സ്ഥാപന നടത്തിപ്പിലേക്കും വലിയ മുതൽകൂട്ടായിത്തീർന്നു.
- വൈജ്ഞാനികമായി നിരവധി സവിശേഷതകളുള്ള കലാലയമായിരുന്നല്ലോ ദാറുൽ ഉലൂം അറബിക് കോളേജ്. അവിടെ ചെലവഴിച്ച കാലഘട്ടത്തെ എങ്ങനെ ഓർക്കുന്നു? അന്നു ദാറുൽ ഉലൂം സ്വീകരിച്ചിരുന്ന പാഠ്യരീതികളെന്തൊക്കെയാണ്?
കേരളത്തിലെ പേരുകേട്ട മഹാപണ്ഡിതന്മാരും ഗുരുവര്യന്മാരും അധ്യയനവും അധ്യാപനവും നടത്തിയിട്ടുള്ള ഒരു മഹാസ്ഥാപനമാണ് വാഴക്കാട് ദാറുൽ ഉലൂം. അന്ന് കോളേജിന് മദ്രസ എന്നും പ്രിൻസിപ്പാളിന് സ്വദർ മുദരിസ് എന്നുമാണ് പറഞ്ഞിരുന്നത്. അതുകൊണ്ട് എന്റെ പഠനകാലത്ത് ഈ സ്ഥാപനം ദാറുൽ ഉലൂം മദ്രസ എന്ന പേരിലും പണ്ഡിത നായകനായിരുന്ന ഖാതിമതുൽ മുഹഖിഖീൻ കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാർ സ്വദർ മുദരിസ് എന്ന പേരിലുമായിരുന്നു അറിയപ്പെട്ടിരുന്നത്. കണ്ണിയത്ത് ഉസ്താദ് അടക്കം അഞ്ചു ഗുരുനാഥന്മാരായിരുന്നു അവിടെ അന്ന് അധ്യാപനം നടത്തിയിരുന്നത്. മുത്വവ്വൽ കോഴ്‌സ് വരെ പഠിക്കാനുള്ള എല്ലാ സൗകര്യവുമുണ്ടായിരുന്നു. എന്നാൽ ഇഷ്ടമുള്ള ഗുരുനാഥന്റെ സമീപം തനിക്കാവശ്യമുള്ള കിതാബ് പഠിക്കാമായിരുന്നു. പഠനത്തിന് കാല പരിധിയുണ്ടായിരുന്നുമില്ല. ഫൈനൽ വിദ്യാർത്ഥികളായിരുന്നു ശൈഖുനാ കണ്ണിയത്ത് ഉസ്താദിന്റെ ക്ലാസിൽ പഠിച്ചിരുന്നത്. ഒരുപക്ഷേ കേരളത്തിലെ അന്നത്തെ ഏറ്റവും വലിയ ഇസ്‌ലാമിക് ലൈബ്രറിയായിരുന്നു ദാറുൽ ഉലൂം കുതുബ് ഖാന എന്നു പറയാം. വിവിധ വിജ്ഞാന ശാഖകളിലുള്ള കിതാബുകളും അവയുടെ വ്യാഖ്യാന ഗ്രന്ഥങ്ങളും അവിടെ ലഭ്യമായിരുന്നു. കക്ഷിഭേദമന്യേ ഗ്രന്ഥ പാരായണത്തിനു വേണ്ടി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പല പണ്ഡിതന്മാരും അവിടെ വന്നു ദിവസങ്ങളോളം താമസിക്കാറുണ്ടായിരുന്നു. വാഴക്കാട് ദാറുൽ ഉലൂമിൽ പഠിച്ചാൽ ഒന്നും നേടിയില്ലെങ്കിലും കുറേ കിതാബുകളുടെ പേരുകളെങ്കിലും പരിചയിക്കാം എന്ന് ഒരു പണ്ഡിതൻ തന്റെ മകനോട് പറഞ്ഞത് ഞാനിപ്പോഴും ഓർക്കുന്നു.
കേരളത്തിന്റെ മിക്ക ഭാഗങ്ങളിലും ഏകാധ്യാപക സിസ്റ്റത്തിലുള്ള പള്ളി ദർസുകൾ നിലനിന്നിരുന്ന കാലത്ത് നിരവധി അധ്യാപകരുടെ സാന്നിധ്യവും വിദ്യാർത്ഥികളുടെ ആധിക്യവും കൊണ്ട് ധന്യമായ സ്ഥാപനമായിരുന്നു വാഴക്കാട് ദാറുൽ ഉലൂം. പ്രസംഗ പരിശീലനത്തിന് പ്രത്യേക വേദികളും എഴുത്ത് പരിശീലനത്തിന് പ്രബന്ധ രചന, കൈയെഴുത്ത് മാസിക എന്നിവയുമുണ്ടായിരുന്നു. ധാരാളം പണ്ഡിതന്മാരെയും പ്രസംഗകരെയും എഴുത്തുകാരെയും ആ മഹത് സ്ഥാപനം വാർത്തെടുത്തു. മികവുറ്റ പണ്ഡിതന്മാരുടെ തണലിൽ കഴിവുറ്റ വ്യക്തിത്വങ്ങൾക്കിടയിൽ കഴിഞ്ഞ അനുഭവം ഭാവി ജീവിതത്തിലേക്ക് ഒരു വിലപ്പെട്ട സമ്പത്ത് തന്നെയായിരുന്നു.
- ദാറുൽ ഉലൂമിൽ കണ്ണിയത്ത് ഉസ്താദായിരുന്നല്ലോ പ്രധാനാധ്യാപകൻ. അദ്ദേഹവുമായി അടുത്ത് ബന്ധപ്പെടാൻ സാധിച്ചിരുന്നോ?
പണ്ഡിത ലോകത്തെ മുടിചൂടാമന്നനായിരുന്ന കണ്ണിയത്ത് ഉസ്താദിന്റെ മഹനീയ സാന്നിധ്യമായിരുന്നു എന്നെ ദാറുൽ ഉലൂമിലേക്ക് ആകർഷിച്ചതു തന്നെ. പ്രവേശനത്തിന് എന്നെ ഇന്റർവ്യൂ നടത്തിയത് കണ്ണിയത്ത് ഉസ്താദായിരുന്നു. കോടമ്പുഴ എന്നായിരുന്നു ഉസ്താദ്’എന്നെ വിളിച്ചിരുന്നത്. ഉസ്താദ് പഠിപ്പിക്കുന്ന വിഷയങ്ങൾ അദ്ദേഹം തന്നെയാണ് പരീക്ഷ നടത്താറുള്ളത്. വാല്വേഷൻ വളരെ കൃത്യമായിരിക്കും. ഒരാൾ സഹായത്തിനുണ്ടായിരിക്കുമെന്ന് മാത്രം. പല വിഷയത്തിലും നൂറ് മാർക്ക് ലഭിച്ച അനുഭവമുണ്ട്. 1971-ൽ കേരളാ വഖ്ഫ് ബോർഡ് ഏറ്റവും കൂടുതൽ മാർക്കുള്ള ഫൈനൽ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് പ്രഖ്യാപിച്ചപ്പോൾ ദാറുൽ ഉലൂമിൽ കണ്ണിയത്ത് ഉസ്താദ് വിനീതന്റെ പേരാണ് നിർദേശിച്ചത്. സ്‌കോളർഷിപ്പ് ലഭിച്ചതിലുപരിയായി കണ്ണിയത്ത് ഉസ്താദിന്റെ തൃക്കരത്തിൽ നിന്ന് അത് ഏറ്റുവാങ്ങാൻ കഴിഞ്ഞുവെന്നതാണ് എന്നെ ഏറെ സന്തോഷിപ്പിച്ചത്. സനദും സർട്ടിഫിക്കറ്റും നൽകുന്ന സമ്പ്രദായമില്ലാതിരുന്ന ദാറുൽ ഉലൂമിൽ നിന്ന് ഉസ്താദിന്റെ നാമനിർദേശ പ്രകാരം അവിടുത്തെ തൃക്കൈ കൊണ്ട് ലഭിച്ച ആ ഉപഹാരം ഒരു സനദും ഇജാസത്തും ആയിരുന്നുവെന്ന് പറയാം.
വിദ്യാർത്ഥികളുടെ കഴിവുകൾ പരിപോഷിപ്പിക്കാൻ വേണ്ടത് ഉസ്താദ് ചെയ്യുമായിരുന്നു. ഫത്‌വആവശ്യപ്പെട്ട് ചോദ്യങ്ങൾ വന്നാൽ ഇഷ്ടപ്പെട്ട മുതിർന്ന വിദ്യാർത്ഥികളെ ഏൽപ്പിച്ച് ഫത്‌വ എഴുതാൻ കൽപ്പിക്കും. ഉത്തരം വായിച്ചു കേട്ട ശേഷം ശരിയെങ്കിൽ ഒപ്പുവെച്ച് ചോദ്യകർത്താക്കൾക്കു നൽകും. ഇങ്ങനെ പല ഫത്‌വകളും എഴുതാനും അവയ്ക്ക് അംഗീകാരം വാങ്ങാനും വിനീതനും അവസരമുണ്ടായിട്ടുണ്ട്. അല്ലാഹു മഹാനവർകളുടെയും മറ്റു ഉസ്താദുമാരുടെയും പദവികൾ ഉയർത്തിക്കൊടുക്കട്ടെ.
- ബാവ മുസ്‌ലിയാർ എന്നാണല്ലോ ഉസ്താദിനെ സുന്നീസമൂഹം വിളിക്കുന്നത്. മതരംഗത്ത് ഡിഗ്രിയെടുക്കാതിരിക്കാൻ വല്ല കാരണവും?
മുസ്‌ലിയാർ എന്ന പേരിനു വാസ്തവത്തിൽ എന്നെപ്പോലെയുള്ളവർ അർഹരല്ല. അതിനു രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, മുസ്‌ലിയാർ എന്നതിന്റെ മൂലരൂപം ‘മുസ്വല്ലിയാർ എന്നാണ്. നിസ്‌കാരക്കാരൻ എന്നാണ് അതിന്റെ അർത്ഥം. പണ്ഡിതൻ നിസ്‌കാരം വർധിച്ചവനായിരിക്കും, മുറ പോലെ നിസ്‌കരിക്കുന്ന നിസ്‌കാരക്കാരനുമായിരിക്കും. അതു കൊണ്ടാണ് പഴമക്കാർ പണ്ഡിതനെ ‘മുസ്‌ലിയാർ’ എന്നു വിളിച്ചുവന്നത്. രണ്ടാമതായി, ശംസുൽ ഉലമ ഖുത്ബി മുഹമ്മദ് മുസ്‌ലിയാർ, പതി അബ്ദുൽ ഖാദിർ മുസ്‌ലിയാർ, ഖാത്തിമതുൽ മുഹഖിഖീൻ കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാർ, പാങ്ങിൽ അഹ്മദ് കുട്ടി മുസ്‌ലിയാർ, കൈപറ്റ ബീരാൻ കുട്ടി മുസ്‌ലിയാർ ഇത്യാദി പർവത സമാനരായ മഹാപണ്ഡിതന്മാരുടെ ടൈറ്റ്‌ലാണ് ‘മുസ്‌ലിയാർ’ എന്നത്. ഈ രണ്ടു വീക്ഷണ പ്രകാരവും വിനീതനെപ്പോലെയുള്ളവർ ഈ പേരിന് അനർഹരാണ്. ആ പേരിൽ എന്തോ കാരണത്താൽ അറിയപ്പെട്ട സ്ഥിതിക്ക്, പണ്ഡിതന്മാരുടെ സേവകൻ എന്ന നിലക്ക് അതിൽ സംതൃപ്തി തോന്നുന്നു, ബറകത്ത് കാണുന്നു.
ബിരുദ ധാരിയായി അറിയപ്പെടാതിരുന്നതിനു രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, പഠനം പൂർത്തിയാക്കിയ സ്ഥാപനം വാഴക്കാട് ദാറുൽ ഉലൂമാണ്. പ്രിൻസിപ്പാളായ കണ്ണിയത്ത് ഉസ്താദോ കോളേജ് കമ്മിറ്റിയോ അവിടെ നിന്ന് പഠനം പൂർത്തിയാക്കി പോകുന്ന വിദ്യാർത്ഥികൾക്കു അക്കാലത്ത് ബിരുദമോ സർട്ടിഫിക്കറ്റോ കൊടുത്തിരുന്നില്ല. രണ്ടാമത്തെ കാരണം, ബിരുദം നേടുന്നതിനു വേണ്ടി മാത്രമായി മറ്റൊരു സ്ഥാപനം തേടി പോകുന്നതിൽ വലിയ താൽപര്യം ഉണ്ടായിരുന്നില്ല.
- ഇതിനകം, കനപ്പെട്ട നിരവധി അറബി ഗ്രന്ഥങ്ങളും മലയാള രചനകളും കേരളീയ സമൂഹത്തിനു സമർപ്പിക്കാൻ ഉസ്താദിനു സാധിച്ചിട്ടുണ്ട്. അറബി കിതാബുകൾ എന്നു മുതലാണ് പ്രസിദ്ധീകരിച്ചു തുടങ്ങിയത്?
പാഠഗ്രന്ഥങ്ങളുടെ രചനയാണ് ആദ്യം നടത്തിയത്. തൃശൂർ ജില്ലയിലെ വടക്കേകാട് ഐ. സി. എ കോളേജിനു വേണ്ടി’അൽ ഖിറാഅത്തുൽ ഇസ്‌ലാമിയ്യ(ഇസ്‌ലാമിക് റീഡർ) എന്ന പേരിൽ ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ അറബി ഭാഷയിൽ പാഠ്യഗ്രന്ഥങ്ങൾ തയ്യാർ ചെയ്യാൻ അവസരമുണ്ടായി. സ്ഥാപന ഭരണാധിപനായിരുന്ന ഇസ്‌ലാമിക് കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ് കുഞ്ഞുമോൻ ഹാജിയും അന്ന് സ്ഥാപനത്തിലെ ഇസ്‌ലാമിക് വകുപ്പിന്റെ തലവനായിരുന്ന പി.എം.കെ ഫൈളിയും കോടമ്പുഴ വന്ന് നിർബന്ധിച്ചതിനെ തുടർന്നാണ് പ്രസ്തുത ഗ്രന്ഥങ്ങളുടെ രചന നടത്തിയത്. 1989-90 കാലയളവിലായിരുന്നു ഇത്. പിന്നീട് 1990-ൽ സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് നിലവിൽ വന്നപ്പോൾ ആദ്യഘട്ടത്തിൽ ഏഴാം തരം വരെയും രണ്ടാം ഘട്ടത്തിൽ പത്താം തരം വരെയും മൂന്നാം ഘട്ടത്തിൽ പ്ലസ്ടു വരെയുമുള്ള ഗ്രന്ഥങ്ങൾ പണ്ഡിത നേതാക്കളുടെ ആജ്ഞപ്രകാരം തയ്യാർ ചെയ്യുകയുണ്ടായി. ഈ പാഠ്യഗ്രന്ഥങ്ങളിൽ പ്രധാനപ്പെട്ടത് ഖുലാസത്തുൽ ഫിഖ്ഹിൽ ഇസ്‌ലാമി, അൽ ഖിലാഫത്തുർറാശിദ, അൽ ഖിലാഫത്തുൽ ഉമവിയ്യ, താരീഖുൽ ആലമിൽ ഇസ്‌ലാമി എന്നിവയാണ്. എന്നാൽ മദ്രസ പഠനത്തിന് കുട്ടികൾക്ക് സമയക്കുറവ് അനുഭവപ്പെട്ട് തുടങ്ങിയപ്പോൾ പഠനാവശ്യാർത്ഥം അവ സംക്ഷേപിച്ചു കൊണ്ടുള്ള ലളിത കൃതികൾ ഏർപ്പെടുത്തുകയും ഇവ മൂന്നും ദഅ്‌വാ കോളേജുകൾ മുതലായ സ്ഥാപനങ്ങളുടെ പാഠ്യപദ്ധതിയിലേക്കു മാറ്റുകയുമുണ്ടായി. പിന്നീടുള്ള വർഷങ്ങളിൽ നിരന്തരം നടത്തിയ രചനയുടെ ഫലമായി പല ഗ്രന്ഥങ്ങളും പുറത്തിറക്കുവാൻ സാധിച്ചു. തൈസീറുൽ ജലാലൈനി, അബുൽ ബശർ, സീറത്തു സയ്യിദിൽ ബശർ, രിസ്ഖുൽ അസ്ഫിയാഅ്, അൽ അജ്‌സാദുൽ അജീബ, അൽ അംസിലത്തു റാഇഅ,’അൽഫു ഖിസ്സ മുതലായവ അവയിൽ പ്രധാനപ്പെട്ടവയാണ്.
- ഉസ്താദിന്റെ രചനകളിലും പ്രസംഗങ്ങളിലും മൗലിക ഭാവവും തന്മയത്വവും കാണാനാകുന്നു. വിഷയങ്ങളെ ഇഴകീറി ചർച്ച ചെയ്യുന്ന രീതിക്ക് ഉസ്താദിന് എന്താണു പ്രചോദനം?
വിഷയങ്ങളെ ഗഹനമായി അപഗ്രഥിക്കുന്ന രചനകളോടാണ് കൂടുതൽ താൽപര്യം. അങ്ങനെയുള്ളവയാണ് വായനക്കും പഠനത്തിനും തിരഞ്ഞെടുക്കാറുള്ളത്. തനിക്ക് ഇഷ്ടപ്പെടുന്നത് മറ്റുള്ളവർക്കും ഇഷ്ടപ്പെടണമെന്നാണല്ലോ പ്രവാചകാധ്യാപനം. അതുകൊണ്ട് സ്വന്തമായ രചനയിലും ഈ രീതി സ്വീകരിക്കാൻ മിക്കപ്പോഴും ശ്രമിച്ചിട്ടുണ്ട്.
- ഇതുവരെ നടത്തിയ രചനകളിൽ ഏറ്റവും മികച്ചതെന്ന് ഉസ്താദ് പരിഗണിക്കുന്ന രചനകൾ ഏതായിരിക്കും?
വായനക്കാരെ ഏറെ ആകർഷിച്ചു എന്നതിന്റെ അടിസ്ഥാനത്തിൽ മികച്ചതെന്നു പറയാവുന്ന മലയാള കൃതി ‘ജനിതക ശാസ്ത്രത്തിന്റെ ഇന്ദ്രജാല’വും അറബി ഗ്രന്ഥം ‘സയ്യിദുൽ ബശർ’ എന്ന ഗ്രന്ഥവുമാണ്. എന്നാൽ ഏറ്റവും പ്രചാരം ലഭിച്ചത് ‘നിസ്‌കാരം വിഷമഘട്ടങ്ങളിൽ”എന്ന മലയാള പുസ്തകത്തിനും ‘ഖുലാസ്വതുൽ ഫിഖ്ഹിൽ ഇസ്‌ലാമി’ എന്ന അറബി ഗ്രന്ഥത്തിനുമാണ്.
- ശാഫിഈ മദ്ഹബിലെ കർമശാസ്ത്ര മസ്അലകളെ ഹ്രസ്വമാക്കിയവതരിപ്പിക്കുന്ന ഖുലാസ്വത്തുൽ ഫിഖ്ഹിൽ ഇസ്‌ലാമിയുടെ രചനാ രീതി ശ്രദ്ധേയമാണ്. ആ രചനക്കു പിന്നിൽ പ്രത്യേകമായ വല്ല ലക്ഷ്യങ്ങളുമുണ്ടായിരുന്നോ? ഖുലാസ്വയുടെ രചന പൂർത്തിയാക്കാൻ ഏതാണ്ട് എത്ര ഗ്രന്ഥങ്ങൾ മുത്വാലഅ ചെയ്തിട്ടുണ്ടാകും? ഇനിയത് പരിഷ്‌കരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ?
ഫത്ഹുൽ മുഈൻ തൊട്ട് തുഹ്ഫത്തുൽ മുഹ്താജ് വരെയുള്ള നമ്മുടെ ശാഫിഈ മദ്ഹബിലെ പാഠ്യഗ്രന്ഥങ്ങളെല്ലാം മത്‌നും ശർഹും (മൂലവും വ്യാഖ്യാനവും) പ്രബലാഭിപ്രായവും എതിരഭിപ്രായവും ഉൾകൊള്ളുന്ന രീതിയാണ് രചനയിൽ സ്വീകരിച്ചിട്ടുള്ളത്. പഠനത്തിനും കർമത്തിനും ഒറ്റനോട്ടത്തിൽ ഗ്രഹിക്കാനും ഉതകുന്ന ലളിതമായൊരു കർമശാസ്ത്ര അറബി ഗ്രന്ഥം വേണമെന്ന ചിരകാലാഭിലാഷത്തിന്റെ സാക്ഷാത്കാരമാണ് ഖുലാസ്വതുൽ ഫിഖ്ഹിൽ ഇസ്‌ലാമി. കാഴ്ചക്കു വളരെ ചെറുതെങ്കിലും മറ്റു ഫിഖ്ഹ് ഗ്രന്ഥങ്ങൾ വായിച്ചു മനസ്സിലാക്കിയ ശേഷം ഖുലാസ്വ എടുത്തു നോക്കുമ്പോഴാണ് അതിന്റെ പിന്നിലെ പരിശ്രമത്തിന്റെ വലുപ്പം മനസ്സിലാവുക. നിലവിലുള്ള ആധികാരിക ശാഫിഈ ഫിഖ്ഹ് ഗ്രന്ഥങ്ങളും അവയുടെ പ്രശസ്ത വ്യാഖ്യാനങ്ങളും ഏറെക്കുറെ അവലംബിച്ചു കൊണ്ടാണ് ഖുലാസ്വ തയ്യാർ ചെയ്തിട്ടുള്ളത്. പല വിഷയങ്ങളും ഇനിയും ചേർക്കാനുണ്ടെങ്കിലും പ്രാഥമിക വിദ്യാർത്ഥികൾക്ക് ദുർവഹമാകുമെന്ന് കണ്ടതുകൊണ്ടാണ് അവ ചേർക്കാതെ വിട്ടുകളഞ്ഞത്.
- തിരുനബി(സ്വ)യെ കുറിച്ച് അനേകം രചനകളുണ്ടായിട്ടുണ്ട്. പക്ഷേ, കേരളീയ സാഹചര്യത്തിൽ പഠിതാക്കൾ കൂടുതൽ ആശ്രയിക്കുന്നത് ഉസ്താദിന്റെ രചനയായ ‘സയ്യിദുൽ ബശറാ’ണ്. ഈ ഗ്രന്ഥത്തെ അനുവാചക ലോകം എങ്ങനെ സ്വീകരിച്ചു?
അനുവാചകരുടെ അഭിപ്രായം അവരാണ്, ഗ്രന്ഥകർത്താവല്ല പറയേണ്ടത്. ചിലർ അഭിപ്രായങ്ങൾ നേരിട്ടു പറഞ്ഞിട്ടുണ്ട്. അതനുസരിച്ച് അവരെ സംബന്ധിച്ചിടത്തോളം വളരെ ആധികാരികവും ലളിതവും ഉപകാരപ്രദവുമാണെന്നാണ് മനസ്സിലാക്കാൻ സാധിച്ചത്. നീണ്ട സനദുകൾ കൊണ്ടോ വൈരുദ്ധ്യമുള്ള അഭിപ്രായം കൊണ്ടോ കന്നിക്കാർക്ക് ദുർഗ്രാഹ്യങ്ങളാണ് ബൃഹത്തായ ചരിത്ര ഗ്രന്ഥങ്ങൾ പലതും. പഠിതാക്കൾ ആശ്രയിച്ചിരുന്ന പലതും ബിദ്അത്തുകാരായ പണ്ഡിതന്മാരുടെതോ മോഡേണിസ്റ്റുകളുടെതോ ആയിരുന്നു താനും. അവയിലെ പല പരാമർശങ്ങളും നമ്മുടെ സുന്നീ വിശ്വാസത്തോട് പൊരുത്തപ്പെടാത്തതും ഫിഖ്ഹീ വീക്ഷണങ്ങളോട് ഇണങ്ങാത്തതുമാണ്. ഈ സാഹചര്യത്തിൽ ശാഫിഈ മദ്ഹബുകാരനായ ഒരു സുന്നീ പഠിതാവിന് പ്രാഥമിക പ്രവാചക ചരിത്ര പഠനത്തിന് വളരെ സഹായകമാണ് ‘സീറത്തുസയ്യിദിൽ ബശർ’ എന്ന് നിഷ്പക്ഷമായി വിലയിരുത്തുന്ന സഹൃദയർക്ക് മനസ്സിലാക്കാവുന്നതാണ്.
- ഉസ്താദിന്റെ കാർമികത്വത്തിൽ ദാറുൽ മആരിഫിൽ നടക്കുന്ന മഹ്‌ളറകളിൽ പുതിയ ഗ്രന്ഥങ്ങൾ പ്രകാശിതമാകാറുണ്ട്. കൃത്യവും ക്രമബന്ധവുമായ തയ്യാറെടുപ്പുകളോടെയാണ് ഓരോ ഗ്രന്ഥവും പൂർത്തീകരിച്ചിട്ടുള്ളത്. ഇതിന് ധാരാളം സമയം ആവശ്യമായി വരുമല്ലോ. ഉസ്താദിന്റെ ഒരു ദിവസം എങ്ങനെയെന്ന് വിശദീകരിക്കാമോ?
ദിനചര്യയിൽ അസാധാരണത്വമൊന്നുമില്ല. ഭക്ഷണം, ഉറക്കം, നിസ്‌കാരം, ഖുർആൻ പാരായണം ആദിയായവയുടെ സന്ദർഭമൊഴിച്ചു ശിഷ്ട സമയമെല്ലാം അധ്യാപനം, വായന, രചന എന്നീ കാര്യങ്ങൾക്കുപയോഗിക്കും. പ്രയോജനമില്ലാതെ സമയം കവരുന്ന സന്ദർശകരെ ഭയന്ന് ഇവിടെ ഒരു ബോർഡു വെച്ചിട്ടുണ്ട്; ”കുറച്ചു സംസാരിക്കുക. സമയം വിലപ്പെട്ടതാണ്, നിങ്ങളുടേതും നമ്മുടേതും.’
രാവിലെ ഒമ്പതു മുതൽ ഉച്ച വരെയും ചിലപ്പോൾ ഉച്ചയ്ക്കു ശേഷവും ദർസു നടത്തും. വൈകുന്നേര സമയവും രാത്രി ഒമ്പതിനും ഒരു മണിക്കുമിടക്കുള്ള സമയവുമാണ് രചനയ്ക്കുപയോഗിക്കാറുള്ളത്. രാത്രിയും രാവിലെയുമായി ഒരു ദിവസം മൂന്നു മണിക്കൂർ മാത്രം ഉറങ്ങുന്ന ശീലം കുറെകാലം നിലനിർത്തിപ്പോന്നു. പക്ഷേ, ഇപ്പോൾ രോഗങ്ങളുടെയും മരുന്നുകളുടെയും ഫലമായി ആ ശീലത്തിൽ വ്യത്യാസം വന്നിരിക്കുന്നു. ഉറക്കം നാലോ അഞ്ചോ മണിക്കൂറായി വർധിച്ചിട്ടുണ്ട്.
- പൂർവിക ഇമാമുമാരുടെയും പണ്ഡിതരുടെയും ആയിരക്കണക്കിനു വരുന്ന ഗ്രന്ഥശേഖരങ്ങൾ നിലവിലുണ്ട്. പലതും നഷ്ടപ്പെടുകയുമുണ്ടായി. ഇസ്‌ലാമിക ഗ്രന്ഥങ്ങളുടെ അനേകം വെബ് സൈറ്റുകളും ആപ്പുകളും ഇന്നു ലഭ്യമാണെങ്കിലും ഗ്രന്ഥങ്ങൾ പലതും മൗലികമായിട്ടല്ല കാണാനാകുന്നത്. മതപരിഷ്‌കരണ വാദികളുടെ കൈകടത്തലുകൾ പലതിലും നടന്നിട്ടുണ്ട്. ഇതിനൊരു പരിഹാരം ആവശ്യമല്ലേ?
തീർച്ചയായും പരിഹാരം കാണണം. ഉത്തരവാദപ്പെട്ട പലരുമായും ഇക്കാര്യത്തെക്കുറിച്ചു വിനീതൻ സംസാരിച്ചിട്ടുണ്ട്. പക്ഷേ പരിഹാര മാർഗത്തിലേക്ക് ആരും സജീവമായി പ്രവേശിച്ചതായി അറിയില്ല. മതപരിഷ്‌കരണ വാദികൾ തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്ന ധാരാളം ഗ്രന്ഥങ്ങൾ പുതുതായി പുറത്തിറക്കിക്കൊണ്ടിരിക്കുന്നു. അതിനു പുറമെ, പൂർവിക പണ്ഡിതന്മാരുടെ പ്രാചീന ഗ്രന്ഥങ്ങൾ ഇഷ്ടാനുസാരം മാറ്റത്തിരുത്തൽ വരുത്തി പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. മാത്രമല്ല, നമ്മുടെ ആധികാരിക പണ്ഡിതന്മാരുടെ നിത്യോപയോഗത്തിലുള്ള ഗ്രന്ഥങ്ങളധികവും ഇവരുടെ പരിഷ്‌കരണത്തോടെയോ അല്ലെങ്കിൽ ടിപ്പണിയിൽ വിയോജനക്കുറിപ്പുകളോടെയോ മാത്രമാണ് ഇന്ന് മാർക്കറ്റിൽ ലഭ്യമാകുന്നത്. സുന്നീ ലോകം ഈ കയ്യേറ്റത്തിനു മുന്നിൽ കൈയുംകെട്ടി നിൽക്കുന്നത് ഒരിക്കലും ക്ഷന്തവ്യമല്ല. പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങൾ, അവയുടെ മൂലങ്ങൾ കണ്ടെത്തി പുനഃപ്രസാധനം നടത്താനും അഹ്‌ലുസ്സുന്നയുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്ന പുതിയ ഗ്രന്ഥങ്ങൾ പുറത്തിറക്കാനും ആവശ്യമെങ്കിൽ എതിരാളികളുടെ ഗ്രന്ഥങ്ങൾ നമ്മുടെ വിയോജനക്കുറിപ്പുകളോടെ പ്രസിദ്ധപ്പെടുത്താനും നാം മുന്നോട്ട് വരണം. അവയെല്ലാം കാലോചിതമായ രീതിയിൽ ലോക മാർക്കറ്റുകളിൽ ലഭ്യമാക്കുന്നതിനു വേണ്ട തീവ്രയത്‌നം നടത്തണം.
- ഇസ്‌ലാമിലെ കർമശാസ്ത്രം സമഗ്രമാണല്ലോ. ട്രാൻസ്‌ജെൻഡറുകളെ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. അവരെ മൂന്നാം ലിംഗമായി പരിഗണിക്കപ്പെടുന്നു. അവരെ കുറിച്ചുള്ള കർമശാസ്ത്ര വീക്ഷണമെന്താണ്?
മൂന്നാം ലിംഗം എങ്ങനെ പിറവി കൊള്ളുന്നുവെന്നതിന്റെ ശാസ്ത്രീയ വിശദീകരണവും അവരോടുള്ള ഇസ്‌ലാമിക കർമശാസ്ത്രത്തിന്റെ വീക്ഷണങ്ങളും അവരെ സംബന്ധിച്ച വിധിവിലക്കുകളും ഏറെക്കുറെ, 2003-ൽ എഴുതി പ്രസിദ്ധീകരിച്ച ‘ജനിതക ശാസ്ത്രത്തിന്റെ ഇന്ദ്രജാലം’ എന്ന പുസ്തകത്തിലെ ദ്വി ലിംഗ മനുഷ്യനും ലിംഗമാറ്റ ശസ്ത്രക്രിയയും എന്ന അധ്യായത്തിൽ വിശദീകരിച്ചിട്ടുണ്ട്. അത് ഇവിടെ ആവർത്തിക്കാനുദ്ദേശിക്കുന്നില്ല.
- വൃക്ക രോഗികൾ വർധിച്ച കാലമാണിത്. തുടർജീവിതം ചോദ്യ ചിഹ്നമായ അവർക്ക് വൃക്ക മാറ്റിവെക്കലാണ് വൈദ്യശാസ്ത്രം കാണുന്ന പരിഹാരം. കർമശാസ്ത്ര നിയമമനുസരിച്ച് അവയവദാനം നിഷിദ്ധവും. അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറച്ചുണ്ണുന്നത് വിശ്വാസിക്ക് ഭൂഷണമല്ലെന്ന മാനവികതയുടെ മഹത്ത്വം പഠിപ്പിക്കുന്ന മതം, ജീവനു വേണ്ടി വിലപിക്കുന്നവന്റെ രോദനം തിരിച്ചറിയുന്നില്ലെന്ന വിമർശനം കേൾക്കുന്നു. അനിവാര്യ ഘട്ടങ്ങളിൽ അവയവദാനത്തിന് സാധ്യത കണ്ടെത്തിക്കൂടേ?
ഖുലാസ്വതുൽ ഫിഖ്ഹിൽ ഇസ്‌ലാമി എന്ന ഗ്രന്ഥത്തിൽ (പേജ്. 156-157) അവയവമാറ്റത്തെ ഏഴിനമായി തിരിച്ച് ഓരോന്നിന്റെയും വിധി പ്രത്യേകമായി കൊടുത്തിട്ടുണ്ട്. വൃക്ക മുതലായ അവയവം ജീവിച്ചിരിക്കുന്നവന്റെ ശരീരത്തിൽ നിന്നെടുക്കുന്നതിന്റെയും മൃതശരീരത്തിൽ നിന്നെടുക്കുന്നതിന്റെയും വിധികൾ പ്രത്യേകം പറഞ്ഞിട്ടുണ്ട്. മൃതശരീരത്തിൽ നിന്ന് ചില ഉപാധികളോടെ എടുക്കാമെന്നും ജീവിച്ചിരിക്കുന്നവന്റേത് അവൻ ജീവിക്കാനവകാശമുള്ളവനാണെങ്കിൽ എടുക്കാൻ പാടില്ലെന്നും അതിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്.
അയൽവാസി പട്ടിണി കിടക്കുമ്പോൾ അവനു ഭക്ഷണം നൽകാതെ വയറു നിറക്കരുതെന്ന് ഇസ്‌ലാം പറഞ്ഞിട്ടുണ്ടെന്നത് ശരിയാണ്. പക്ഷേ, തന്റെ അന്ത്യശ്വാസം നിലനിർത്താൻ ആവശ്യമായ ഭക്ഷണം അയൽവാസിക്കു വിശപ്പടക്കാൻ കൊടുത്ത് അവൻ മരണം വരിക്കണമെന്നോ സ്വന്തം ശരീരത്തിൽ നിന്ന് മാംസം മുറിച്ചെടുത്ത് അയൽവാസിക്കു തിന്നാൻ കൊടുക്കണമെന്നോ ഇസ്‌ലാം നിർബന്ധിച്ചിട്ടില്ല. മാത്രമല്ല ഒരാളുടെ ഉടമാവകാശത്തിൽ പെട്ട സാധനം മറ്റൊരാൾക്കു നൽകുന്നതിനാണ് ദാനം എന്നു പറയുന്നത്. തനിക്കു ഉടമാവകാശമില്ലാത്തതും താൽകാലികോപയോഗത്തിനായി ഒരാൾ വിശ്വസിച്ചേൽപ്പിച്ചതുമായ സാധനം അയാളുടെ അനുമതിയില്ലാതെ മറ്റൊരാൾക്കു നൽകുന്നതിനു ദാനം എന്നു പറയില്ല. അത് അതിക്രമവും അനീതിയുമാണ്. മനുഷ്യനു തന്റെ ശരീരത്തിലോ ആത്മാവിലോ യാതൊരുവിധ ഉടമാവകാശവുമില്ല. അതുകൊണ്ടു തന്നെ ആത്മഹത്യ ചെയ്യാനോ ശരീര നാശത്തിനോ ആരോഗ്യ ഭംഗത്തിനോ ഇടവരുത്തുന്ന വല്ല പ്രവർത്തനവും നടത്താനോ അനുവാദമില്ല.
- അറബി ഗ്രന്ഥരചനാ രംഗത്തേക്ക് യുവപണ്ഡിതരെ സജ്ജമാക്കും വിധം വല്ല പദ്ധതികളും ആവിഷ്‌ക്കരിച്ചുകൂടേ?
പ്രഭാഷണവും രചനയുമെല്ലാം പ്രബോധനമാണ്-വൈജ്ഞാനിക പ്രബോധനം. പ്രബോധനമെന്നത് ഒരു നിർമാണ പ്രവർത്തനമാണ്. അതിനു പദാർത്ഥവും ആയുധവും വേണം. ഭാഷാ സ്വാധീനവും അവതരണ നൈപുണ്യവുമാണ് അതിന്റെ ആയുധം. വിജ്ഞാനമാണ് അതിന്റെ പദാർത്ഥം. പദാർത്ഥമില്ലാതെ ആയുധം കൈവശമുണ്ടായാൽ മാത്രം പ്രവർത്തനം നടക്കില്ല. അപ്രകാരം തന്നെ, പദാർത്ഥം കൈവശമുണ്ട് ആയുധമില്ല, എന്നാലും പ്രവർത്തനം സുസാധ്യമല്ല. അതുകൊണ്ട് രചനാ രംഗത്തേക്ക് കടന്നുവരാനുദ്ദേശിക്കുന്നവൻ ആഴത്തിലുള്ള അറിവു സമ്പാദിക്കണം. പാഠ്യഗ്രന്ഥങ്ങളിൽ നിന്നും ഗുരുമുഖങ്ങളിൽ നിന്നും നേടുന്ന അറിവുകളടിസ്ഥാനമാക്കി നിരന്തരമായ വായനാശീലം വളർത്തിയെടുക്കണം. അങ്ങനെ മനസ്സിൽ നിറഞ്ഞൊഴുകുന്ന അറിവും അനുഭവവും പേനയിലൂടെ നിർഗമിക്കണം.
വിജ്ഞാന സമ്പാദനത്തോടൊപ്പം തന്നെ ഭാഷയിലും കഴിവ് നേടണം. ഈ രണ്ട് കഴിവും ഒന്നിച്ചു നേടാനുള്ള മാർഗമാണ് നിരന്തരമായ വായന. വായനയിലൂടെ നേടുന്ന വിവരവും ഭാഷാപരിജ്ഞാനവും കൈമുതലാക്കി രചനാ പരിശീലനം നടത്തണം. പ്രഭാഷണം, പ്രബന്ധം, ലേഖനം, കഥനം, ഗ്രന്ഥരചന ഇവയിലോരോന്നിനും പ്രത്യേക ശൈലിയും രീതിയുമുണ്ട്. അവ മനസ്സിലാക്കി എഴുതണം. പ്രബന്ധങ്ങളിലൂടെ ചർച്ചാ സഭകളിൽ വിഷയങ്ങളവതരിപ്പിച്ചും കൈയെഴുത്ത് മാസികകളിൽ ലേഖനങ്ങളും കഥകളുമെഴുതിയും രചനാ പരിചയം നേടിയ ശേഷമായിരിക്കണം ആനുകാലികങ്ങളിലേക്ക് കടന്നുവരുന്നത്. കന്നി രചനകളായ അസംസ്‌കൃത സൃഷ്ടികൾ വല്ല ആനുകാലികത്തിലും വിട്ട് സ്വന്തത്തിനും ആ പ്രസിദ്ധീകരണത്തിനും അപകീർത്തിയുണ്ടാക്കരുത്.
സാധാരണ ലേഖനങ്ങളോ കഥകളോ പുസ്തകങ്ങളോ എഴുതുന്ന ലാഘവത്തോടെ മതഗ്രന്ഥ രചനയെ കാണാവതല്ല. അതു വളരെ ഗുരുതരമായ കാര്യമാണ്. അതിനു ഉത്തരവാദപ്പെട്ട ഗുരുനാഥന്മാരുടെ ഇജാസത്തും പണ്ഡിതന്മാരുടെ സമ്മതവും വേണം. ഗുരുസമ്മതമോ പണ്ഡിതാംഗീകാരമോ ഇല്ലാതെ മത ഗ്രന്ഥരചനാ രംഗത്തേക്കു കടക്കാവുന്നതല്ല. ഇതു പാലിക്കാത്തവരുടെ രചനകളാണ് ഇന്ന് സമൂഹത്തിൽ വിനാശങ്ങൾ വിതച്ചുകൊണ്ടിരിക്കുന്നത്. അപ്രകാരം തന്നെ ഇന്ന് സാഹിത്യരംഗത്തും രചനാരംഗത്തും കണ്ടുവരുന്ന അക്ഷന്തവ്യമായ ഒരു ദുഃസ്വഭാവമാണ് ആശയചോരണവും സാഹിത്യ മോഷണവും. മറ്റു രചനകളിലെ ആശയങ്ങളോ ഉദ്ധരണങ്ങളോ എടുക്കേണ്ടിവന്നാൽ ശരിയായ അവലംബം കാണിച്ചിരിക്കണം.
ശരിയായ അവലംബം എന്നു പറയാൻ കാരണമുണ്ട്. ഒന്നാമതായി, അവലംബം അംഗീകൃതവും പ്രബലവുമായിരിക്കണം. രണ്ടാമതായി, ആ അവലംബം താൻ നേരിട്ടു കണ്ടതായിരിക്കണം. വല്ല പണ്ഡിതനും വിവിധ ഗ്രന്ഥങ്ങൾ റഫർ ചെയ്ത് തയ്യാറാക്കിയ ലേഖനമോ ഗ്രന്ഥമോ കോപ്പിയടിച്ച് അയാൾ കൊടുത്ത അവലംബങ്ങൾ അതേ വാള്യങ്ങളും പേജുകളും കൊടുത്ത് ഉദ്ധരിക്കുന്നതും ഉചിതമല്ല. അങ്ങനെ ചെയ്യേണ്ടി വരികയാണെങ്കിൽ ആ ലേഖനം അല്ലെങ്കിൽ ആ ഗ്രന്ഥം അവലംബമായി കാണിക്കണം. ഉദാഹരണത്തിന്, ഒരാൾ ബുഖാരി 111-ാം ഹദീസുദ്ധരിച്ചു തന്റെ ലേഖനത്തിൽ സമർത്ഥിച്ച ഒരു കാര്യം മറ്റൊരാൾ അതേ ലേഖനം അവലംബമാക്കി ഉദ്ധരിക്കുമ്പോൾ ബുഖാരി 111-ാം ഹദീസ് എന്ന് അവലംബം കാണിച്ചാൽ മതിയാവില്ല. ആ ലേഖനം അഥവാ അതു പ്രസിദ്ധീകരിച്ച ഗ്രന്ഥം കൂടി അവലംബമായി കാണിക്കണം. ഇങ്ങനെ എല്ലാ രംഗത്തും സംശുദ്ധി സൂക്ഷിക്കുന്നവരാകണം പ്രബോധകർ.