Perikleetos - Malayalam

ന്തിമ പ്രവാചകനായ മുഹമ്മദ് നബി(സ്വ)യുടെ ആഗമനത്തെക്കുറിച്ച് മുൻകാല പ്രവാചകന്മാർ പ്രവചിക്കുകയും അവർക്ക് ദൈവികമായി നൽകപ്പെട്ട വേദഗ്രന്ഥത്തിൽ പരാമർശിക്കപ്പെടുകയും ചെയ്തതായി വിശുദ്ധ ഖുർആൻ ഉദ്‌ഘോഷിക്കുന്നുണ്ട്. മുഹമ്മദ് നബി(സ്വ)യുടെ വരവിനെക്കുറിച്ച് ഇസ്രാഈൽ സമുദായത്തിലേക്ക് നിയുക്തനായ ഈസാ നബി(അ) നടത്തിയ പ്രവചനത്തെ ഖുർആൻ രേഖപ്പെടുത്തുന്നതിങ്ങനെയാണ്: ‘മർയമിന്റെ പുത്രൻ ഈസാ പറഞ്ഞ സന്ദർഭം (ഓർക്കുക); ഇസ്രാഈൽ സന്തികളേ, തീർച്ചയായും ഞാൻ നിങ്ങളിലേക്കുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു. എന്റെ മുമ്പിലുള്ള തൗറാത്തിനെ ശരിവച്ച് കൊണ്ടും എന്റെ ശേഷം വരുന്ന അഹ്മദ് എന്ന് പേരുള്ള ഒരു ദൂതനെക്കുറിച്ച് സന്തോഷവാർത്ത അറിയിച്ച് കൊണ്ടും (ഞാൻ നിയുക്തനായിരിക്കുന്നു) (സൂറത്തുസ്വഫ്ഫ് 6).

യഥാർത്ഥ വേദഗ്രന്ഥമായ വിശുദ്ധ ഇഞ്ചീലിലെ ചില ദൈവിക വചനങ്ങൾ, പിൽക്കാലത്ത് പുരോഹിതന്മാർ നിർമിച്ച ആധുനിക ക്രൈസ്തവ വേദഗ്രന്ഥമായ ബൈബിൾ പുതിയ നിയമ സുവിശേഷങ്ങളിൽ അപൂർവം ഇടങ്ങളിൽ ഉൾക്കൊണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇതിൽ മുഹമ്മദ് നബി(സ്വ)യുടെ ആഗമനത്തെക്കുറിച്ചുള്ള സൂചനകൾ ദർശിക്കാനാവും.

തന്റെ ശേഷം വരുന്ന പ്രവാചകനെക്കുറിച്ച് യേശു പ്രവചിക്കുന്നതായി സുവിശേഷകനായ യോഹന്നാൻ രേഖപ്പെടുത്തിയതായി കാണാം. അതിപ്രകാരമാണ്: ‘എന്നാൽ ഞാൻ നിങ്ങളോട് സത്യം പറയുന്നു: ഞാൻ പോകുന്നത് നിങ്ങൾക്കു പ്രയോജനംതന്നെ; ഞാൻ പോകാതിരുന്നാൽ ആശ്വാസ പ്രദൻ നിങ്ങളുടെ അടുക്കൽ വരുകയില്ല; ഞാൻ പോയാൽ ഞാൻ അവനെ നിങ്ങളുടെ അടുത്തേക്ക് അയയ്ക്കും. അവൻ വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധികളെക്കുറിച്ചും ലോകത്തിനു ബോധ്യം വരുത്തും’ (യോഹന്നാൻ 16:7-8).

‘ഇനിയും വളരെ കാര്യങ്ങൾ നിങ്ങളോടു പറയുവാനുണ്ട്. എന്നാൽ നിങ്ങൾക്ക് അവ ഇപ്പോൾ വഹിക്കുവാൻ കഴിവില്ല. സത്യത്തിന്റെ ആത്മാവ് വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴി നടത്തും; അവൻ സ്വന്തമായി സംസാരിക്കാതെ താൻ കേൾക്കുന്നത് സംസാരിക്കുകയും വരുവാനുള്ളത് നിങ്ങൾക്കു വെളിപ്പെടുത്തിത്തരുകയും ചെയ്യും.

അവൻ എനിക്കുള്ളതിൽ നിന്ന് എടുത്ത് നിങ്ങൾക്കു വെളിപ്പെടുത്തിത്തരുന്നതുകൊണ്ട് അവൻ എന്നെ മഹത്വപ്പെടുത്തും’ (യോഹന്നാൻ 16:12-14).

‘എങ്കിലും പിതാവ് എന്റെ നാമത്തിൽ അയയ്ക്കുവാനിരിക്കുന്ന പരിശുദ്ധാത്മാവ് എന്ന ആശ്വാസ പ്രദൻ നിങ്ങൾക്കു സകലതും ഉപദേശിച്ചു തരുകയും ഞാൻ നിങ്ങളോട് പറഞ്ഞതൊക്കെയും നിങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യും’ (യോഹന്നാൻ 14: 26).

യോഹന്നാൻ രേഖപ്പെടുത്തിയ യേശുവിന്റെ പ്രവചനത്തിൽ വരാനിരിക്കുന്ന പ്രവാചകന്റെ വിശേഷണങ്ങൾ ഇപ്രകാരമാണ്:

  1. യേശുവിന്റെ കാലശേഷമാണ് വരിക.
  2. പാപത്തെയും നീതിയെയും ന്യായവിധിയെയും കുറിച്ച് ലോകത്തിനു ബോധ്യം വരുത്തും.
  3. സകല സത്യത്തിലും വഴിനടത്തും.
  4. സ്വന്തമായി ഒന്നും സംസാരിക്കുകയില്ല.
  5. യേശുവിനെ മഹത്ത്വപ്പെടുത്തും.
  6. എന്നും ജനങ്ങളോടൊപ്പമായിരിക്കും.
  7. വരാനിരിക്കുന്ന കാര്യങ്ങൾ പറയും.
  8. യേശു പറഞ്ഞ കാര്യങ്ങൾ ജനങ്ങളെ ഓർമപ്പെടുത്തും.

വസ്തുനിഷ്ഠമായി പരിശോധിച്ച് നോക്കിയാൽ ഉദ്ധൃത വിശേഷണങ്ങളെല്ലാം മുഹമ്മദ് നബി(സ്വ)യിൽ പൂർത്തീകരിച്ചതായി ഏതൊരാൾക്കും ബോധ്യപ്പെടും. പക്ഷേ ക്രൈസ്തവ മിഷണറിമാർ ഈ പ്രവചനങ്ങളെ പരിശുദ്ധാത്മാവിലേക്ക് തിരിച്ചുവിടാനുള്ള കുത്സിത ശ്രമങ്ങൾ നടത്തുകയാണ് ചെയ്യാറുള്ളത്. നമുക്ക് പരിശോധിച്ചു നോക്കാം:

  1. യേശുവിന്റെ കാലശേഷമാണ് വരിക.

യേശുവിന്റെ കാലശേഷം എഡി 571 ഏപ്രിൽ 23 റബീഉൽ അവ്വൽ പന്ത്രണ്ടിന് തിങ്കളാഴ്ച മക്കയിലെ ബൈതു അബീതാലിബിലായിരുന്നു മുഹമ്മദ് നബി(സ്വ) ജനിച്ചത്.

ജി. തേറയിൻ എന്ന ക്രൈസ്തവ മിഷണറി ഈ പ്രവചനം പരിശുദ്ധാത്മാവിനെക്കുറിച്ചാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നതിങ്ങനെ വായിക്കാം:

‘യേശു ഉയർത്തെഴുന്നേറ്റ് പോയ ശേഷമാണ് പരിശുദ്ധാത്മാവ് അഥവാ കാര്യസ്ഥൻ വരിക എന്നാണ് പറഞ്ഞിരിക്കുന്നത്. യേശു ഉയർത്തെഴുന്നേറ്റ് പോയ ശേഷം 50-ാം ദിവസം തന്നെ പരിശുദ്ധാത്മാവാകുന്ന കാര്യസ്ഥൻ വരികയും ചെയ്തു. അത് ഒരു പ്രവചന വൃത്തികൂടി ആയിരുന്നെന്നും അപ്പോ പ്രവൃത്തികളുടെ പുസ്തകത്തിലെ രണ്ടാം അധ്യായത്തിൽ പറഞ്ഞിട്ടുണ്ട്. അപ്പോൾ അത് മുഹമ്മദ് ആവുകയില്ലല്ലോ. മുഹമ്മദ് വന്നത് 7-ാം നൂറ്റാണ്ടിലാണല്ലോ (ബൈബിളിനെയും ക്രിസ്തീയ വിശ്വാസങ്ങളെയും സംബന്ധിച്ച ഇസ്‌ലാമിക ദർശനം ക്രിസ്തീയ വീക്ഷണത്തിൽ. ജി. തേറയിൽ പേജ്. 112,113).

ബൈബിൾ പുതിയ നിയമം ഒരാവർത്തി വായിച്ച ഒരാളും ഇത്തരമൊരു വിഡ്ഢിത്തം പറയുകയില്ല. കാരണം യേശുവിന്റെ പ്രവചനത്തിൽ പറഞ്ഞത് ‘ഞാൻ പോകാതിരുന്നാൽ ആശ്വാസ പ്രദൻ നിങ്ങളുടെ അടുക്കൽ വരുകയില്ല’ എന്നാണ്. ഇത് പ്രവചിക്കപ്പെട്ട വ്യക്തി യേശുവിന്റെ കാലത്തോ അതിനു മുമ്പോ വരില്ല എന്ന് വ്യക്തമാക്കുന്നു. എന്നാൽ പരിശുദ്ധാത്മാവാകട്ടെ യേശുവിന്റെ കാലത്തും അതിനു മുമ്പും ഉണ്ടായിരുന്നതായി സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

യഹോവയുടെ ദൂതൻ സെഖര്യാവിന് ജനിക്കാനിരിക്കുന്ന യോഹന്നാൻ എന്ന മകന്റെ മഹത്ത്വത്തെക്കുറിച്ച് പറയുന്നതിങ്ങനെ വായിക്കാം:

‘അവൻ ദൈവത്തിന്റെ സന്നിധിയിൽ വലിയവനായിരിക്കും. വീഞ്ഞും മദ്യവും കുടിക്കുകയില്ല. അമ്മയുടെ ഗർഭാശയത്തിൽ വച്ചുതന്നെ അവൻ പരിശുദ്ധാത്മാവിനാൽ നിറയും (ലൂക്കോസ് 1:15).

എലീശബെത്ത് പരിശുദ്ധാത്മാവിനാൽ നിറഞ്ഞു (ലൂക്കോസ് 1: 41).

‘അവന്റെ പിതാവായ സെഖര്യാവ് പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചത്’ (ലൂക്കോസ് 1:67).

യേശുക്രിസ്തുവിന്റെ ജനനം ഇപ്രകാരമായിരുന്നു. അവന്റെ അമ്മയായ മറിയ, യോസേഫിനു വിവാഹം നിശ്ചയിക്കപ്പെട്ടിരുന്നുവെങ്കിലും അവർ സഹവസിക്കുന്നതിനു മുമ്പ് പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി എന്നു കാണപ്പെട്ടു (മത്തായി 1:18).

യേശുവിന്റെ മുമ്പ് പരിശുദ്ധാത്മാവ് വന്നതാണ് ഇവയെങ്കിൽ യേശുവിന്റെ കാലത്തും അത് പ്രത്യക്ഷപ്പെട്ടിരുന്നു.

‘ജനമെല്ലാം സ്‌നാനമേൽക്കുമ്പോൾ യേശുവും സ്‌നാനമേറ്റു. അവൻ പ്രാർത്ഥിക്കുമ്പോൾ സ്വർഗം തുറന്നു. പരിശുദ്ധാത്മാവ് പ്രാവ് എന്നപോലെ അവന്റെ മേൽ ഇറങ്ങിവന്നു (ലൂക്കോസ് 3:21, 22).

യെരൂശലേമിൽ ശിമ്യോൻ എന്ന പേരുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു. ഈ മനുഷ്യൻ നീതിമാനും യിസ്രായേലിന്റെ ആശ്വാസത്തിനായി കാത്തിരിക്കുന്നവനുമായിരുന്നു. പരിശുദ്ധാത്മാവ് അവന്റെ മേൽ ഉണ്ടായിരുന്നു. കർത്താവിന്റെ ക്രിസ്തുവിനെ കാണുന്നതിനു മുമ്പ് മരണം കാണുകയില്ല എന്ന് പരിശുദ്ധാത്മാവിനാൽ അവന് അരുളപ്പാട് ലഭിച്ചിരുന്നു (ലൂക്കോസ് 2:25).

പ്രവചനം പരിശുദ്ധാത്മാവിനെക്കുറിച്ചല്ല എന്ന് വ്യക്തം. മുഹമ്മദ് നബി(സ്വ) ക്രിസ്തുവിന് ശേഷം 7-ാം നൂറ്റാണ്ടിലാണെന്ന് ജി. തേറയിൽ തന്നെ സമ്മതിച്ചതുമാണ്.

  1. പാപത്തെയും നീതിയെയും ന്യായവിധിയെയും കുറിച്ച് ലോകത്തിന് ബോധ്യം വരുത്തും.

ദൈവിക ഗ്രന്ഥമായ വിശുദ്ധ ഖുർആൻ ഉയർത്തിപ്പിടിച്ചു കൊണ്ട് പാപത്തെയും നീതിയെയും ന്യായവിധിയെയും കുറിച്ച് മുഹമ്മദ് നബി(സ്വ) ലോകത്തിന് ബോധ്യപ്പെടുത്തിയിട്ടുമുണ്ട്.

മദ്യം, ചൂതാട്ടം, കൊല, വ്യഭിചാരം, പലിശ എന്നിവയിലെല്ലാം ആനന്ദം കണ്ടെത്തിയ ജനങ്ങളോട് അവയെല്ലാം പാപമാണെന്ന് നബി(സ്വ) ഉറക്കെ പ്രഖ്യാപിച്ചു.

‘മദ്യപാനത്തെയും ചൂതാട്ടത്തെയും പറ്റി അവർ താങ്കളോട് ചോദിക്കുന്നു. നബിയേ പറയുക. അവ രണ്ടിലും ഗുരുതരമായ പാപമുണ്ട്’ (സൂറത്തുൽ ബഖറ 219).

സ്പർശനം മൂലം പിശാച് തള്ളിവീഴ്ത്തുന്നവൻ എഴുന്നേറ്റ് നിൽക്കുന്നതുപോലെയല്ലാതെ പലിശ തിന്നുന്നവർ എഴുന്നേറ്റു നിൽക്കുകയില്ല (സൂറത്തുൽ ബഖറ 275).

വ്യഭിചാരത്തെ നിങ്ങൾ സമീപിക്കരുത്. തീർച്ചയായും അത് ഹീനമായ കൃത്യം തന്നെയാണ്. വളരെ ചീത്തയായ വഴിയുമാണത് (സൂറത്തുൽ ഇസ്‌റാഅ് 32).

അല്ലാഹു വിലക്കിയ വ്യക്തിയെ അവകാശം കൂടാതെ നിങ്ങൾ വധിക്കരുത് (സൂറത്തുൽ ഇസ്‌റാഅ്. 33).

വിശ്വാസികൾ നീതിപാലിക്കണമെന്ന് വിശുദ്ധ ഖുർആൻ പ്രഖ്യാപിക്കുന്നു: സത്യവിശ്വാസികളേ, നിങ്ങൾ നീതിനിഷ്ഠ പാലിക്കുകയും അല്ലാഹുവിന് സാക്ഷി പറയുന്നവരാവുകയും ചെയ്യുക (സൂറത്തുന്നിസാഅ്. 135).

ന്യായവിധിയെ കുറിച്ച് ഖുർആൻ പരാമർശിക്കുന്നതിപ്രകാരം വായിക്കാം: ഓരോ വ്യക്തിയും താൻ ചെയ്ത നന്മയും തിന്മയും തന്റെ മുമ്പിൽ ഹാജരാക്കപ്പെട്ടതായി കാണുന്ന ദിവസത്തെക്കുറിച്ച് (ഓർക്കുക). തന്റെയും അതിന്റെ(തിന്മ)യും ഇടയിൽ വലിയ ദൂരമുണ്ടായിരുന്നെങ്കിൽ എന്ന് ഓരോ വ്യക്തിയും അന്ന് കൊതിച്ചുപോകും. തന്റെ ശിക്ഷയെപ്പറ്റി അല്ലാഹു നിങ്ങളെ താക്കീതു ചെയ്യുകയാണ്. അല്ലാഹു അടികളോട് വളരെ കൃപയുള്ളവനാണ് (സൂറത്തു ആലു ഇംറാൻ 30).

  1. സകല സത്യത്തിലും വഴിനടത്തും.

മനുഷ്യ ജീവിതത്തിൽ അവൻ പാലിക്കേണ്ട വിധിവിലക്കുകളെല്ലാം തന്റെ ജീവിതത്തിലൂടെ വരച്ചുകാട്ടിയ പ്രവാചകനാണ് മുഹമ്മദ് നബി(സ്വ). പ്രഭാതത്തിൽ ഉണർന്നതു മുതൽ രാത്രി ഉറങ്ങുന്നതു വരെ ചെയ്യേണ്ട നന്മകളെല്ലാം ജനങ്ങൾക്ക് പഠിപ്പിച്ചുകൊടുത്തു. പ്രഭാതകർമങ്ങൾ എങ്ങനെ ചെയ്യണമെന്നും ശൗചം എപ്രകാരം ചെയ്യണമെന്നും തുടങ്ങി ചെറുതും വലുതും സൂക്ഷ്മവുമായ കാര്യങ്ങൾ മുഴുവൻ തന്റെ അനുചരന്മാർക്ക് വിവരിച്ചുകൊടുത്തു. വീട്ടിൽ മദ്യത്തിന്റെ വീപ്പകൾ സംഭരിച്ച ജനങ്ങളെ സകല സത്യത്തിലും വഴിനടത്തി നന്മയുടെ വക്താക്കളാക്കി മാറ്റി.

  1. സ്വന്തമായി ഒന്നും സംസാരിക്കുകയില്ല.

മുഹമ്മദ് നബി(സ്വ) ദൈവിക സന്ദേശത്തിന്റെ അടിസ്ഥാനത്തിലല്ലാതെ സ്വന്തമായി ഒന്നും സംസാരിച്ചിട്ടില്ലെന്ന് വിശുദ്ധ ഖുർആൻ വിവരിക്കുന്നുണ്ട്.

‘അവിടുന്ന് തന്നിഷ്ടപ്രകാരം സംസാരിക്കുന്നില്ല. അത് ലഭ്യമായ ദിവ്യസന്ദേശം മാത്രമാകുന്നു (സൂറത്തുന്നജ്മ് 3,4).

  1. യേശുവിനെ മഹത്വപ്പെടുത്തും.

സുവിശേഷകന്മാർ യേശു ശപിക്കപ്പെട്ടവനായി യഹൂദ കരങ്ങളാൽ കുരിശിൽ തറച്ച് മരണപ്പെട്ടുവെന്ന് രേഖപ്പെടുത്തുന്നു (മത്തായി 27: 32-50, മാർക്കോസ് 15: 21-37, ലൂക്കോസ് 23: 26-46, യോഹന്നാൻ 19:17-30). കാരണം പഴയ നിയമം ആവർത്തന പുസ്തകത്തിൽ ഇപ്രകാരം വായിക്കാം: ‘എന്തെന്നാൽ തൂക്കിക്കൊല്ലപ്പെടുന്നവൻ ദൈവത്താൽ ശപിക്കപ്പെട്ടവനാകുന്നു (ആവർത്തനം 21: 23).

എന്നാൽ മുഹമ്മദ് നബി(സ്വ) ഈസാ (യേശു) നബി(അ)നെ യഹൂദർ കൊലപ്പെടുത്തുകയോ ക്രൂശിക്കുകയോ ചെയ്തില്ലെന്ന് പറഞ്ഞ് ദൈവശാപത്തിൽ നിന്നും രക്ഷപ്പെടുത്തി മഹത്ത്വവൽക്കരിക്കുകയാണുണ്ടായത്. വിശുദ്ധ ഖുർആൻ പറയുന്നു: ‘അല്ലാഹുവിന്റെ ദൂതനായ മർയമിന്റെ പുത്രൻ ഈസാ മസീഹി(അ)നെ തീർച്ചയായും ഞങ്ങൾ കൊന്നു എന്ന് അവർ വാദിച്ചതുകൊണ്ടും (നാം അവരെ ശപിച്ചു). വാസ്തവത്തിൽ അവർ അദ്ദേഹത്തെ കൊന്നിട്ടില്ല. ക്രൂശിച്ചിട്ടുമില്ല. അവർക്കു യാഥാർത്ഥ്യം തിരിച്ചറിയാൻ കഴിയാതെ പോയിരിക്കുകയാണ്. അദ്ദേഹത്തിന്റെ കാര്യത്തിൽ ഭിന്നാഭിപ്രായക്കാരായവർ തീർച്ചയായും അതിനെക്കുറിച്ചു സംശയത്തിൽ തന്നെയാണുള്ളത്. ഊഹത്തെ പിന്തുടരുകയല്ലാതെ അവർക്കതിനെക്കുറിച്ചു യാതൊരറിവുമില്ല. ഉറപ്പായും അവർ അദ്ദേഹത്തെ കൊന്നിട്ടില്ല (സൂറത്തുന്നിസാഅ് 157).

  1. എന്നും ജനങ്ങളോടൊപ്പമായിരിക്കും.

മുൻകാല പ്രവാചകന്മാരെല്ലാം പ്രത്യേക സമുദായത്തിലേക്കോ അല്ലെങ്കിൽ പ്രത്യേക കാലഘട്ടത്തിലേക്കോ അയക്കപ്പെട്ടവർ മാത്രമായിരുന്നു. എന്നാൽ അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ്വ) ലോകാവസാനം വരെയുള്ള എല്ലാ ജനങ്ങളിലേക്കും നിയുക്തരായ പ്രവാചകരാണ്. പ്രത്യേക കാലമോ, സമുദായമോ നിർണയിക്കപ്പെട്ടിട്ടില്ല. മാത്രമല്ല നബി(സ്വ)യുടെ ജനനം മുതൽ മരണം വരെയുള്ള എല്ലാ വാക്കുകളും പ്രവൃത്തികളും കൃത്യമായി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ എക്കാലത്തെയും ജനഹൃദയങ്ങളിൽ നബി(സ്വ) നിലകൊള്ളുന്നു.

  1. വരാനിരിക്കുന്ന കാര്യങ്ങൾ പറയും.

നബി(സ്വ) വരാനിരിക്കുന്ന ഒരുപാട് കാര്യങ്ങൾ പ്രവചിച്ചിട്ടുണ്ട്. പ്രവചനങ്ങൾ പലതും നബി തങ്ങളുടെ ജീവിത കാലത്ത് തന്നെ സംഭവിച്ചു. റോമക്കാരുടെ വിജയത്തെക്കുറിച്ചുള്ള പ്രവചനം (സൂറത്തുറൂം-2) ഒരു ഉദാഹരണം മാത്രം. ഇനി വരാനിരിക്കുന്ന അന്ത്യദിനത്തെക്കുറിച്ചും പ്രപഞ്ചത്തിന്റെ നാശത്തെക്കുറിച്ചുമെല്ലാം നബി(സ്വ) പറഞ്ഞിട്ടുണ്ട്.

  1. യേശു പറഞ്ഞ കാര്യങ്ങളെല്ലാം ജനങ്ങളെ ഓർമപ്പെടുത്തും.

ഏക സത്യദൈവത്തിലും അവൻ അയച്ച പ്രവാചകനിലും വിശ്വസിക്കുന്നവർക്കേ സ്വർഗത്തിലെ നിത്യജീവൻ കരസ്ഥമാവുകയുള്ളൂ എന്നായിരുന്നു യേശു ജനങ്ങളെ പഠിപ്പിച്ചിരുന്നത്.

ഏക സത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശു ക്രിസ്തുവിനെയും അറിയുന്നതു തന്നെ നിത്യജീവൻ ആകുന്നു (യോഹന്നാൻ 17: 23).

ഉദ്ധൃത വചനത്തിൽ താൻ ദൈവമല്ലായെന്നും ഏക സത്യദൈവം അയച്ച പ്രവാചകനാണെന്നും യേശു പറയുന്നു. ഏക സത്യദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്ന് തന്നെയാണ് യേശുജനങ്ങളെ പഠിപ്പിച്ചത്.

‘യേശു അവനോട്: സാത്താനേ, എന്നെ വിട്ട് പോകൂ. നിന്റെ ദൈവമായ യഹോവയെ നമസ്‌കരിച്ച് അവനെ മാത്രമേ ആരാധിക്കാവൂ എന്ന് എഴുതിയിരിക്കുന്നുവല്ലോ’ എന്ന് പറഞ്ഞു (മത്തായി 4:10).

‘എല്ലാറ്റിലും മുഖ്യകൽപന ഏത്?’ എന്ന് അവനോടു ചോദിച്ചു. അതിന് യേശു: ‘എല്ലാറ്റിലും മുഖ്യ കൽപന: യിസ്രായേലേ കേൾക്കുക; നമ്മുടെ ദൈവമായ കർത്താവ് ഏക കർത്താവ് ആകുന്നു (മാർക്കോസ് 12: 28,29) എന്ന് ഉത്തരം പറഞ്ഞു.

യേശു പഠിപ്പിച്ച ഇതേ ദർശനം തന്നെയായിരുന്നു. മുഹമ്മദ് നബി(സ്വ) ജനങ്ങളെ ഉണർത്തിയത്. ‘അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനില്ല. മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാകുന്നു’ എന്ന ആശയം ഉയർത്തിപ്പിടിച്ചായിരുന്നു അവിടുന്ന് ജനങ്ങളിലേക്കിറങ്ങിയത്. വിശുദ്ധ ഖുർആൻ ഇത് ഉറക്കെ പ്രഖ്യാപിക്കുന്നതായി കാണാം:

നബിയേ പറയുക, അവൻ അല്ലാഹു ഏകനാകുന്നു (സൂറത്തുൽ ഇഖ്‌ലാസ്വ് 1).

മുഹമ്മദ്(സ്വ) അല്ലാഹുവിന്റെ ദൂതരാണ് (സൂറത്തുൽ ഫത്ഹ് 29).

ഈസാ നബി(അ)ന്റെ കാലശേഷം അദ്ദേഹത്തെ ക്രിസ്ത്യാനികൾ ദൈവിക പദവിയിലേക്ക് ഉയർത്തിയപ്പോൾ ഈസാനബി(അ) അല്ലാഹുവിന്റെ ദൂതനാണെന്ന യേശുവിന്റെ അധ്യാപനം മുഹമ്മദ് നബി(സ്വ) ജനങ്ങളെ ഓർമപ്പെടുത്തുന്നതായും കാണാം: ‘വേദക്കാരേ, നിങ്ങൾ സ്വന്തം മതത്തിൽ അതിരുവിട്ടു പോകുകയോ അല്ലാഹുവിനെപ്പറ്റി സത്യമല്ലാത്തതെന്തെങ്കിലും പറയുകയോ ചെയ്യരുത്. മർയമിന്റെ പുത്രൻ മസീഹ് ഈസാ അല്ലാഹുവിന്റെ ദൂതനും മർയമിലേക്ക് അവൻ ഇട്ടുകൊടുത്ത തന്റെ വചനവും അവന്റെ പക്കൽനിന്നുള്ള ആത്മാവും ആകുന്നു. അതുകൊണ്ട് അല്ലാഹുവിലും അവന്റെ ദൂതരിലും നിങ്ങൾ വിശ്വസിക്കുക. ഇലാഹ് മൂന്നെണ്ണമാണെന്ന് നിങ്ങൾ പറയരുത്. (അത്തരം മൂഢ വിശ്വാസങ്ങളിൽ നിന്നും) നിങ്ങളുടെ നന്മക്കായി പിന്തിരിയുക. അല്ലാഹു ഏകനായ ഇലാഹ് ആകുന്നു. സന്താനങ്ങൾ ഉണ്ടാകുന്നതിൽ നിന്ന് അവൻ എത്ര പരിശുദ്ധൻ! ആകാശ-ഭൂമികളിലുള്ളതെല്ലാം അവനുള്ളതാണ്. സർവരെയും സംരക്ഷിക്കുന്നവനായി അല്ലാഹുതന്നെ മതി (സൂറത്തുന്നിസാഅ് 171).

വരാനിരിക്കുന്ന പ്രവാചകന് യേശു പറഞ്ഞ മുഴുവൻ വിശേഷണങ്ങളും മുഹമ്മദ് നബി(സ്വ)യിൽ പൂർത്തിയാകുന്നവെന്ന് ഇതെല്ലാം വ്യക്തമാക്കുന്നു.

യോഹന്നാന്റെ പ്രവചനത്തിൽ ആശ്വാസ പ്രദൻ, സത്യത്തിന്റെ ആത്മാവ് എന്നൊക്കെ പരിഭാഷപ്പെടുത്തിയിരിക്കുന്നത് പെരിക്‌ലീറ്റോസ് (ജലൃശഴഹ്യീേ)െ എന്ന ഗ്രീക്ക് പദമാണ്. ഇതിന് ഏറ്റവും പുകഴ്ത്തപ്പെട്ടവൻ, ഏറ്റവും സ്തുത്യർഹൻ, ഏറ്റവും പുകൾപെറ്റവൻ എന്നൊക്കെയാണർത്ഥം. ഈ പദത്തിന് തതുല്യമായ അറബി പദം ‘അഹ്മദ്’ എന്നതാണ്. അതാവട്ടെ മുഹമ്മദ് നബി(സ്വ)യുടെ മറ്റൊരു പേരാണ്. വിശുദ്ധ ഖുർആനിലെ സൂറത്തുസ്സ്വഫ്ഫിൽ ഈസാ നബി(അ) പ്രവചിച്ചതായി പറയുന്ന പേരും ‘അഹ്മദ്’ എന്നതാണ്. പ്രവചനം അക്ഷരാർത്ഥത്തിൽ മുഹമ്മദ് നബി(സ്വ)യിൽ പുലരുകയാണ്. പക്ഷേ ഖേദകരമെന്ന് പറയട്ടെ, ഇന്ന് കാണുന്ന ഗ്രീക്ക് ബൈബിളിലെല്ലാം തന്നെ പെരിക് ലീറ്റോസ് (ുലൃശഴഹ്യീേ)െ എന്ന പദത്തിനു പകരം പാരക് ലീറ്റോസ് (ുമൃമസഹലീേ)െ എന്നാണ് കാണുന്നത്. പ്രവചനം മുഹമ്മദ് നബി(സ്വ)യിൽ നിന്നും തിരിച്ച് വിടാനുള്ള തിരിമറിയുടെ ഭാഗമാണിത്.

You May Also Like

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

ആഇശ(റ) : നിരുപമ പാണ്ഡിത്യം

വനിതകളുടെ ഇസ്‌ലാമിലെ ഇടത്തെക്കുറിച്ചും വിദ്യാഭ്യാസത്തിനുള്ള അവകാശത്തെക്കുറിച്ചും വാദപ്രതിവാദങ്ങളുയരുമ്പോള്‍ ഉമ്മുല്‍ മുഅ്മിനീന്‍ ബീവി ആഇശ(റ)യുടെ ജീവിതവും വിജ്ഞാനവും…

ഖുര്ആന്‍: അവതരണം, ക്രോഡീകരണം

ഒന്നാം ആകാശത്തിലേക്ക് വിശുദ്ധ ഖുര്‍ആന്‍ ഒറ്റത്തവണയായി അവതരിപ്പിക്കപ്പെട്ടു. പിന്നീട് അല്ലാഹു അവയെ ഭാഗങ്ങളാക്കി ക്രമേണ നബി(സ്വ)ക്ക്…