വിശുദ്ധ റമളാന്‍ വിടപറയുമ്പോള്‍ വിരഹ ദു:ഖം അടക്കിപ്പിടിച്ച്കൊണ്ട് ഒരു മാസത്തെ തീവ്ര പരിശ്രമങ്ങള്‍ക്കും ആരാധനകള്‍ക്കും പ്രതിഫലം കൊതിച്ച് പ്രാര്‍ത്ഥനാനിരതരായിരിക്കും വിശ്വാസികള്‍. ചെറിയ പെരുന്നാള്‍ സമാഗതമാകുന്നതില്‍ അവര്‍ സന്തോഷിക്കുകയും ചെയ്യും. കൂലിക്കാരനും ശമ്പളക്കാരനും വേതനം പ്രതീക്ഷിച്ചിരിക്കുമ്പോള്‍ നിറഞ്ഞ ആഹ്ലാദത്തിലായിരിക്കുമല്ലോ.
റമളാന്‍ അവസാന രാവും പെരുന്നാള്‍ രാവും ഏറെ പ്രാധാന്യമര്‍ഹിക്കുന്ന രാവുകളാണ്. പ്രത്യേക ആനുകൂല്യങ്ങള്‍ അവസാനിക്കുന്ന അനര്‍ഘ അവസരം. റമളാനിലെ ആദ്യരാത്രി മുതല്‍ അതുവരെ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ വര്‍ധിച്ച അളവില്‍ നല്‍കപ്പെടുന്ന അസുലഭ മുഹൂര്‍ത്തം. പ്രത്യേക പാപമോചനവും നരകമോചനവും സ്വര്‍ഗപ്രവേശവും മറ്റും ഔദാര്യമായി ലഭിക്കുന്ന വിശേഷപ്പെട്ട രാത്രികളാണവ.
പെരുന്നാള്‍ രാവ് ആഘോഷത്തിന്‍റെയും ആവേശത്തിന്‍റെയും രാവാണ്. ആരാധനയുടെയും ആത്മീയാനുരാഗത്തിന്‍റെയും രാത്രിയാണ്. പ്രാര്‍ത്ഥനയുടെയും തക്ബീറിന്‍റെയും അവസരമാണ്. ഒരു മാസക്കാലത്തെ ഇബാദത്തുകള്‍ സ്വീകരിക്കപ്പെടുന്നതിന്‍റെ അവസാന പ്രവര്‍ത്തനങ്ങളുടെ സമയവും. ഇമാം ത്വബ്റാനി(റ) ഉദ്ധരിക്കുന്ന ഒരു വചനം ഏറെ ശ്രദ്ധേയം. ആരെങ്കിലും രണ്ട് പെരുന്നാള്‍ രാവുകള്‍ ആരാധനകള്‍കൊണ്ട് സജീവമാക്കിയാല്‍ അവന്‍റെ ഹൃദയം നിര്‍ജീവമാവുകയില്ല (അല്‍മത്ജറുര്‍റാബിഅ്: 159).
അവസാന രാവിന്‍റെ മഹത്ത്വം
ഖദ്റിന്‍റെ രാത്രി കഴിഞ്ഞാല്‍ പിന്നെ അന്ത്യപത്തില്‍ ഏറ്റവും ശ്രേഷ്ഠമായ രാവാണ് അവസാനത്തെ രാവ്. ഇമാം ഇബ്നു ഖുസൈമ(റ)നെ പോലുള്ള മഹാപണ്ഡിതര്‍ പ്രസ്തുത രാവില്‍ ലൈലത്തുല്‍ ഖദ്ര്‍ പ്രതീക്ഷിക്കുന്നത് പുണ്യകരമാണെന്ന് പ്രത്യേകം അധ്യായം തന്നെ നല്‍കി വിശദീകരിക്കുന്നുണ്ട്.
ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്ന ദീര്‍ഘ ഹദീസിന്‍റെ സംക്ഷിപ്തം ഇങ്ങനെ: തിരുനബി(സ്വ) പറഞ്ഞു: പൂര്‍വ സമുദായങ്ങള്‍ക്കൊന്നുമില്ലാത്ത അഞ്ച് പ്രത്യേകതകള്‍ എനിക്ക് നല്‍കപ്പെട്ടു. ഒന്ന്, റമളാനിലെ പ്രഥമ രാവ് സമാഗതമായാല്‍ അല്ലാഹു അവര്‍ക്ക് കാരുണ്യം ചൊരിയുന്നു. ആരെയാണോ അവന്‍ കടാക്ഷിക്കുന്നത് അവര്‍ പിന്നീടൊരിക്കലും ശിക്ഷിക്കപ്പെടില്ല. രണ്ട്, നോമ്പുകാരന്‍റെ വായില്‍ നിന്നുള്ള വാസന അല്ലാഹുവിങ്കല്‍ കസ്തൂരിയെക്കാള്‍ മികച്ച സുഗന്ധമായിരിക്കും. മൂന്ന്, റമളാനിലെ എല്ലാ രാപകലുകളിലും നോമ്പുകാരുടെ പാപമോചനത്തിനായി മാലാഖമാര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും. നാല്, നോമ്പുകാര്‍ക്ക് വേണ്ടി അണിഞ്ഞൊരുങ്ങാന്‍ സ്വര്‍ഗത്തോട് അല്ലാഹു കല്‍പിക്കുന്നു. അഞ്ച്, റമളാനിലെ അവസാന രാവ് ആഗതമായാല്‍ പാപങ്ങളെല്ലാം അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുക്കുന്നു. ഇതു കേട്ടപ്പോള്‍ ഒരു സ്വഹാബി ചോദിച്ചു: വിധിനിര്‍ണയ രാവിലാണോ ഇത്? റസൂലിന്‍റെ മറുപടി: അല്ല, തൊഴിലാളികള്‍ ജോലിയില്‍ നിന്ന് വിരമിച്ച് തിരിച്ചുപോകുമ്പോള്‍ അവര്‍ക്ക് പ്രതിഫലം തികച്ച് കൊടുക്കുന്നത് കാണാറില്ലേ. അത് പോലെയാണ് നോമ്പുകാരന് റമളാന്‍ അവസാന രാവില്‍ പൊറുത്തുകൊടുക്കുമെന്ന് പറഞ്ഞത് (ബൈഹഖി, ശുഅബുല്‍ ഈമാന്‍: 3603, അഹ്മദ്: 2/292).
ഹസന്‍(റ)വില്‍ നിന്ന് നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെയും വന്നിട്ടുണ്ട്. റമളാനിലെ ഓരോ രാത്രിയിലും ആറ് ലക്ഷം കുറ്റവാളികള്‍ക്ക് നരകമോചനം നല്‍കുന്നു. അവസാന രാവില്‍ അതു വരെയുള്ള സര്‍വ രാത്രികളിലും മോചിപ്പിക്കപ്പെട്ടവരുടെ എണ്ണം നരകാവകാശികള്‍ക്ക് സ്വര്‍ഗത്തിലേക്ക് മോക്ഷം നല്‍കുന്ന രാത്രിയാണത്. സമ്പൂര്‍ണ പാപമോചനത്തിന്‍റെ സവിശേഷ രാവാണ് വ്രതമനുഷ്ഠിച്ച് വരണ്ടുണങ്ങിയ വിശ്വാസിയുടെ നാവിലും ഹൃദയത്തിലും പ്രതീക്ഷയുടെയും പ്രത്യാശയുടെയും തുഷാര വര്‍ഷം സാധ്യമാകുമെന്നാണ് ഈ ഹദീസിന്‍റെ പാഠം.
അവസാന രാവിന്‍റെ മഹത്ത്വം ശരിക്കും ഉള്‍ക്കൊള്ളുന്ന ഭക്തജനങ്ങള്‍ അതീവ ജാഗ്രതയോടെ തിരക്കിട്ട ആരാധനകളില്‍ മുഴുകിയിരിക്കും. വഴിപാട് നോമ്പുകാര്‍ അശ്രദ്ധയില്‍ ഈ രാവിന്‍റെ സുവര്‍ണാവസരം നഷ്ടപ്പെടുത്തുകയും ചെയ്യും. ‘ബുഷ്റാ ലിമന്‍ സ്വാമഹു ബി ഇഖ്ലാസ്വിന്‍ വ ഈമാന്‍’-ശരിയായ വിശ്വാസത്തോടെയും നിഷ്കളങ്കതയോടെയും നോമ്പനുഷ്ഠിച്ചവര്‍ക്കാണ് സര്‍വ സന്തോഷങ്ങളുമെന്ന് മലക്കുകള്‍ വിളിച്ചുപറയുന്ന പുണ്യരാവ് കൂടിയാണത്.
പെരുന്നാള്‍ രാവ്
പെരുന്നാളാഘോഷത്തിന്‍റെ രാവ് ആഹ്ലാദത്തിന്‍റെയും ആരാധനയുടെയും രാത്രിയാണ്. ആഭാസങ്ങളുടെ രാവല്ല. പെരുന്നാളിന് വേണ്ടി ഒരുക്കങ്ങള്‍ നടത്തുന്ന, സന്തോഷം പൂത്തുലയുന്ന, തക്ബീര്‍ ധ്വനികള്‍ മുഴക്കുന്ന രാവാണത്. കൂട്ടുകുടുംബങ്ങള്‍ ഒത്തൊരുമിക്കുകയും ഉറക്കൊഴിച്ച് സജീവമാക്കുകയുമാണ് നാം വേണ്ടത്. പടക്കം പൊട്ടിച്ചും മേക്കപ്പുകള്‍ വാരിത്തേച്ചും കറങ്ങിയടിച്ചും ആഭാസകരമായി ഈ പുണ്യരാവിന്‍റെ വിശുദ്ധി കളങ്കപ്പെടുത്തുന്നത് അക്ഷരാര്‍ത്ഥത്തില്‍ കുറ്റകരമാണ്. റമളാനില്‍ ആര്‍ജിച്ചെടുത്ത ആത്മചൈതന്യത്തെ നശിപ്പിക്കലാണത്.
അധിക പേര്‍ക്കും അമളി പറ്റുന്ന രാത്രിയാണ് പെരുന്നാള്‍ രാവ്. പെരുന്നാളിനോടടുത്ത സമയമായതിനാല്‍ ആഘോഷം പൊടിപൊടിക്കാന്‍ കോപ്പുകൂട്ടുന്നതില്‍ വ്യാപൃതരാവുന്നു. കരിമരുന്നു പ്രയോഗം, മ്യൂസിക്, ഡാന്‍സുകള്‍, സിനിമ-സീരിയലുകള്‍, അടിപൊളി ടൂറുകള്‍ അങ്ങനെ അനിസ്ലാമികമായ പലതും. ഇതൊന്നുമില്ലെങ്കിലും കേവല മൈലാഞ്ചിയിടലും പലഹാരമുണ്ടാക്കലും ഇറച്ചിക്കടയിലേക്ക് ഓടലും മാത്രമായി പെരുന്നാള്‍ രാവിനെ ചുരുക്കിക്കളയുന്നത് മഹാഅക്രമമാണ്.
തക്ബീറിന്‍റെ രാവ്
പെരുന്നാള്‍ രാവ് തക്ബീറിനാലും പ്രാര്‍ത്ഥനകളാലും മുഖരിതമാകണം. വിശുദ്ധ റമളാനിന്‍റെയും വ്രതാചരണത്തിന്‍റെയും മഹത്ത്വവും പ്രസക്തിയും വ്യക്തമാക്കുന്ന അല്‍ബഖറയിലെ 185-ാം സൂക്തത്തിന്‍റെ അവസാനത്തില്‍ തക്ബീര്‍ ചൊല്ലി അല്ലാഹുവിന് നന്ദി പ്രകാശിപ്പിക്കാന്‍ നിര്‍ദേശിക്കുന്നുണ്ട്. ഇമാം ശാഫിഈ(റ) വിവരിക്കുന്നു: ‘വിശുദ്ധ റമളാന്‍ പൂര്‍ത്തീകരിക്കാനും അല്ലാഹുവിനെ അനുസരിക്കാനും നിങ്ങള്‍ക്ക് ലഭിച്ച അവസരത്തെ മാനിച്ച് റമളാന്‍റെ സമാപന സന്ദര്‍ഭത്തില്‍ നാഥന് തക്ബീര്‍ ചൊല്ലാനും അതുവഴി നിങ്ങള്‍ കൃതജ്ഞതയുള്ളവരായിത്തീരാനും വേണ്ടിയാണിത്.’ ഈദുല്‍ ഫിത്വര്‍ രാവിലെ തക്ബീറാണ് ഈ സൂക്തത്തിന്‍റെ സൂചനയെന്ന് വിശ്വവിഖ്യാത ഖുര്‍ആന്‍ പണ്ഡിതന്‍ ഇമാം റാസി(റ) വിശദീകരിക്കുന്നു.
പെരുന്നാള്‍ രാവിന്‍റെ തുടക്കം മുതല്‍ ഇമാം പെരുന്നാള്‍ നിസ്കാരത്തില്‍ പ്രവേശിക്കുന്നത് വരെ സദാസമയത്തും തക്ബീര്‍ സുന്നത്തുണ്ട്. വീടുകള്‍, മസ്ജിദുകള്‍, നടവഴികള്‍, അങ്ങാടികള്‍ തുടങ്ങി എവിടെ വച്ചും തക്ബീര്‍ മുഴക്കാം. സ്ത്രീകള്‍ക്കും സുന്നത്താണ്. പുരുഷന്മാര്‍ ഉച്ചത്തില്‍ ചൊല്ലുന്നതാണ് പുണ്യകരം (തുഹ്ഫ: 3/51).
പ്രസ്തുത രാവ് പകുതി പിന്നിട്ടാല്‍ പെരുന്നാള്‍ കുളി സുന്നത്തായി. പള്ളിയില്‍ പോകുന്നവര്‍ക്കും അല്ലാത്തവര്‍ക്കും കുളി സുന്നത്തുണ്ട്. കുളിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഈ സുന്നത്ത് വീണ്ടെടുക്കുന്നുവെന്ന നിയ്യത്തോടെ കുളി ഖളാഅ് വീട്ടല്‍ സുന്നത്താണ് (തുഹ്ഫതുല്‍ മുഹ്താജ്: 3/47, ബുഷ്റുല്‍ കരീം: 2/18). ഇബ്നു ഉമറി(റ)നെ പോലെയുള്ള പല സ്വഹാബികളും നേരം പുലരുന്നതിന് മുമ്പ് തന്നെ കുളിക്കുമായിരുന്നു (തുഹ്ഫ: 3/47).
ആരാധനാനിരതരാകേണ്ട പ്രത്യേക രാവാണ് പെരുന്നാള്‍ രാവ്. സുന്നത്ത് നിസ്കാരങ്ങളിലും ദിക്റുകളിലും പ്രാര്‍ത്ഥനകളിലും മുഴുകല്‍ സുന്നത്താണെന്ന് ഇമാം നവവി(റ) എഴുതി (ശര്‍ഹുല്‍ മുഹദ്ദബ്: 5/42). അബൂഉമാമ(റ)യില്‍ നിന്ന് നിവേദനം. തിരുനബി(സ്വ) പറഞ്ഞു: പെരുന്നാള്‍ രാവുകളില്‍ പ്രതിഫലേച്ഛയോടെ നിസ്കരിക്കുന്നവരുടെ ഹൃദയങ്ങള്‍ എല്ലാ ഹൃദയങ്ങളും മരിക്കുന്ന നാളില്‍ ജീവസ്സുറ്റതായി നിലനില്‍ക്കുന്നതാണ് (ഇബ്നുമാജ).
മുആദുബ്നു ജബല്‍(റ) ഉദ്ധരിക്കുന്ന ഹദീസില്‍ നബി(സ്വ) പറയുന്നു: അഞ്ച് രാവുകള്‍ സജീവമാക്കുന്നവര്‍ക്ക് സ്വര്‍ഗം സുനിശ്ചിതമാണ്. അതില്‍ നാലാമത്തേത് ചെറിയ പെരുന്നാള്‍ രാവത്രെ (ഇസ്ബഹാനി). ഇതേ ആശയം ഇമാം ശാഫിഈ(റ) അല്‍ഉമ്മിലും ഇമാം നവവി(റ) ശര്‍ഹുല്‍ മുഹദ്ദബിലും ഉദ്ധരിക്കുന്നുണ്ട്. ‘മദീന ശരീഫിലെ സാത്വികരായ പല പണ്ഡിതന്മാരും ശൈഖുമാരും രണ്ട് പെരുന്നാള്‍ രാവിലും മസ്ജിദുന്നബവിയില്‍ വന്ന് പ്രത്യേക പ്രാര്‍ത്ഥനകളിലും ദിക്റുകളിലും മുഴുകുന്നത് സാര്‍വത്രികമായിരുന്നു. രാത്രിയില്‍ നിന്ന് അല്‍പ സമയം മാത്രം അവശേഷിക്കുന്നത് വരെ അവര്‍ ആരാധനാനിരതരാകുമായിരുന്നു’ (ശര്‍ഹുല്‍ മുഹദ്ദബ്: 5/43).
ലൈലതുല്‍ ജാഇസ
പെരുന്നാള്‍ രാവിനെ സമ്മാന രാവ്-ലൈലതുല്‍ ജാഇസ എന്ന് നിരവധി ഹദീസ് ഗ്രന്ഥങ്ങളില്‍ വിശേഷിപ്പിച്ചതു കാണാം. ആകാശ ലോകത്ത് മലക്കുകള്‍ക്കിടയില്‍ അങ്ങനെയാണ് അറിയപ്പെടുന്നത്.
നിശ്ചിത ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് കരാര്‍ ചെയ്ത ഒരു നിര്‍മാണം ആ സമയത്തിനുള്ളില്‍ മനോഹരമായി പൂര്‍ത്തീകരിച്ച തൊഴിലാളിക്ക് നിശ്ചയിച്ച വേതനത്തിനപ്പുറം ഒരു നല്ല സമ്മാനം കൂടി നല്‍കുന്നത് സര്‍വസാധാരണമാണ്. എങ്കില്‍ അല്ലാഹു നിര്‍ദേശിച്ച പ്രകാരം ഒരു മാസക്കാലം അതികഠിനമായ ത്യാഗപരിശ്രമങ്ങള്‍ക്ക് സന്നദ്ധരായ അടിമകള്‍ക്ക് അല്ലാഹു കൂലി നല്‍കുന്ന സമയത്ത് സമ്മാനം കൂടി നല്‍കുന്നതില്‍ അസ്വാഭാവികതയൊന്നുമില്ല. അത്യുദാരനായ നാഥന്‍ നോമ്പനുഷ്ഠിച്ച ഇഷ്ടദാസന്മാര്‍ക്ക് പെരുന്നാള്‍ രാവില്‍ അവരെ സന്തോഷിപ്പിക്കുന്ന പ്രതിഫലവും പാപമോചനവും നരകമോചനവും സമ്മാനമായി നല്‍കുമെന്നാണ് നിരവധി ഹദീസുകളില്‍ നിന്ന് വ്യക്തമാകുന്നത് (ഇമാം ത്വബ്റാനി, അല്‍കബീര്‍).
അല്ലാഹു മലക്കുകളുമായി ഉന്നതങ്ങളില്‍ നടത്തുന്ന സംഭാഷണത്തിന്‍റെ സംക്ഷിപ്ത ഭാഗം എന്തുമാത്രം ശ്രദ്ധേയമാണ്! അവന്‍ ചോദിക്കുന്നു: ‘എന്‍റെ ഇഷ്ടദാസന്മാരായ മലക്കുകളേ, ഒരു കൂലിക്കാരന്‍ താനേറ്റെടുത്ത ജോലി ഭംഗിയായി നിര്‍വഹിച്ചുകഴിഞ്ഞാല്‍ അവനെന്താണ് അര്‍ഹിക്കുന്നത്?
മലക്കുകള്‍: ഞങ്ങളുടെ രക്ഷിതാവേ, സര്‍വജ്ഞനായ നിന്നോട് ഞങ്ങളെന്തു പറയാന്‍! ആ കൂലിക്കാരന് വാഗ്ദാനം ചെയ്തത് പൂര്‍ണമായി സമ്മാനിക്കുക.
അല്ലാഹു: എങ്കില്‍ നിങ്ങളെ സാക്ഷികളാക്കി ഞാന്‍ പ്രഖ്യാപിക്കുന്നു; അവര്‍ റമളാനിനെ ധന്യമാക്കി നോമ്പനുഷ്ഠിച്ചതിനും നിശാ നിസ്കാരം നിര്‍വഹിച്ചതിനുമെല്ലാം എന്‍റെ പൊരുത്തവും വിട്ടുവീഴ്ചയും ഞാനിതാ പ്രതിഫലമായി നല്‍കുന്നു.
തുടര്‍ന്ന് അല്ലാഹു ഇങ്ങനെ പറയും: ‘എന്‍റെ പ്രിയ ദാസന്മാരേ, നിങ്ങള്‍ക്കെന്നോട് തുറന്ന് ചോദിക്കാനുള്ള സുവര്‍ണാവസരമാണിത്. വേണ്ടത് ആവശ്യപ്പെടുക. എന്‍റെ പ്രതാപം തന്നെ സത്യം. നിങ്ങളാവശ്യപ്പെടുന്നതെന്തും നല്‍കാന്‍ ഞാനൊരുക്കമാണ്. നിങ്ങള്‍ക്ക് വേണ്ടത് പാരത്രിക വിഷയങ്ങളാണെങ്കില്‍ ഞാനത് നിവര്‍ത്തിച്ചു തരാം. ഭൗതിക പ്രശ്നങ്ങളാണോ, അതും ഞാന്‍ പരിഹരിച്ചു തരാം. ഞാനൊരിക്കലും നിങ്ങളെ പരാജയപ്പെടുത്തുകയില്ല. നിങ്ങളൊരിടത്തും പരിഹാസ്യരാവുകയുമില്ല. മതിയാവോളം നിങ്ങളെന്നെ സംതൃപ്തനാക്കി. സന്തോഷപൂര്‍വം പാപമുക്തരായി നിങ്ങള്‍ക്ക് പിരിഞ്ഞുപോകാം. ഞാന്‍ നിങ്ങളില്‍ സംപ്രീതനായിരിക്കുന്നു.’ ഈ പ്രഖ്യാപനത്തിന് സാക്ഷികളാകുന്ന മലക്കുകള്‍ വിശുദ്ധ റമളാനിന്‍റെ സമാപ്തിവേളയില്‍ അല്ലാഹു മുഹമ്മദീയ സമുദായത്തിന് സമ്മാനിച്ചതോര്‍ത്ത് അതിരറ്റു സന്തോഷിക്കുമെന്നും ഹദീസുകളില്‍ വിശദീകരിക്കുന്നുണ്ട് (ബൈഹഖി-അല്‍കബീര്‍).
എണ്ണിയാലൊടുങ്ങാത്ത മാലാഖമാര്‍ ഈ അസുലഭ മുഹൂര്‍ത്തത്തിന് സാക്ഷികളാണെന്നു വരുമ്പോള്‍ റമളാനിനെ ശരിക്കും ഉപയോഗപ്പെടുത്തുന്നവര്‍ക്ക് പെരുന്നാള്‍ രാവില്‍ ലഭിക്കാനിരിക്കുന്ന സമ്മാനം ഒരു മഹാസംഭവം തന്നെയാണ്. റമളാനില്‍ സത്യവിശ്വാസികള്‍ സഹിക്കുന്ന ത്യാഗപരിശ്രമങ്ങള്‍ നേരില്‍ ദര്‍ശിക്കാനും അവ കൃത്യമായി രേഖപ്പെടുത്താനും അവസരം ലഭിക്കുന്നത് എന്തുമാത്രം സന്തോഷദായകമാണ്. റമളാനിലെ ആരാധനകളുടെ ആനുകൂല്യം മാസം കഴിയുന്നതോടെ നഷ്ടപ്പെടുന്നതിന്‍റെ പേരില്‍ ഏഴാകാശവും ഭൂമിയും മാലാഖമാരും വിതുമ്പിക്കരയുമെന്നും മറ്റും ഹദീസിലുണ്ട്.