Good Friends

കൂട്ടുചേരുകയെന്നത് പ്രകൃതിപരമായ താല്‍പര്യമാണ്. ഭൗതികവും ആത്മീയവുമായ ഒട്ടേറെ നേട്ടങ്ങള്‍ക്കത് വഴിതുറക്കും. നല്ലവരുമായാകണം സൗഹൃദമുണ്ടാക്കേണ്ടത്. ദുഷിച്ച കൂട്ടുകെട്ട് നമ്മെ സര്‍വനാശത്തില്‍ കൊണ്ടെത്തിക്കും. അതിനാല്‍ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോള്‍ ചില യോഗ്യതകള്‍ പരിഗണിക്കണം. തിരുനബി(സ്വ)യുടെ ഉപദേശം ഇങ്ങനെ: ‘ഏതൊരു വ്യക്തിയും തന്‍റെ കൂട്ടുകാരന്‍റെ സംസ്കാരത്തിലായിരിക്കും. അതിനാല്‍ ആരോടാണ് കൂട്ടുചേരുന്നത് എന്ന് നന്നായി ശ്രദ്ധിക്കുക.’

ആത്മമിത്രങ്ങളായി തിരഞ്ഞെടുക്കുന്നവര്‍ക്ക് അഞ്ചു നന്മകള്‍ ഉണ്ടായിരിക്കണമെന്ന് ഇമാം ഗസ്സാലി(റ) പറയുന്നു: ‘ബുദ്ധിയും സല്‍സ്വഭാവവുമാണ് ഒന്നും രണ്ടും. തെമ്മാടിയോ പുത്തന്‍വാദിയോ ഭൗതികതയോട് അത്യാര്‍ത്തിയുള്ളവനോ ആകാതിരിക്കുകയെന്നതാണ് മറ്റുള്ള യോഗ്യതകള്‍.’

ബുദ്ധിയാണ് യഥാര്‍ത്ഥ മൂലധനം. അതുണ്ടായാല്‍ ചിലപ്പോള്‍ എല്ലാം നേടിയെടുക്കാം. ബുദ്ധിയില്ലെങ്കില്‍ ഉള്ളതു മുഴുവന്‍ നഷ്ടപ്പെടാനാണ് സാധ്യത. നല്ല ബുദ്ധിയും തന്‍റേടവുമില്ലാത്തവരെ ഉറ്റ മിത്രമാക്കിയാല്‍ അതിന്‍റെ പര്യവസാനം പരാജയമായിരിക്കും. ഏറെ വൈകാതെ ആ ബന്ധം തകരുകയും സുഹൃത്തുക്കളോട് മൊത്തം നമുക്ക് വെറുപ്പുണ്ടാകുന്ന സ്ഥിതി സംജാതമാവുകയും ചെയ്യും.

ബുദ്ധിയില്ലാത്ത കൂട്ടുകാര്‍ ചിലപ്പോള്‍ നമ്മുടെ നന്മ ലക്ഷ്യം വെച്ചെടുക്കുന്ന നിലപാടുകളും തീരുമാനങ്ങളും നമുക്ക് നാശവും നഷ്ടവും വരുത്തിവെച്ചേക്കാം. ഒരനുഭവം പങ്കുവെക്കാം. വടകര ബസ് സ്റ്റാന്‍റ് പരിസരത്തുവച്ച് മലപ്പുറത്തുകാരായ രണ്ടു സുഹൃത്തുക്കള്‍ ഓടിച്ച കാര്‍ ഒരു ഓട്ടോറിക്ഷയുമായി ചെറുതായി ഉരസി. സംഭവമറിഞ്ഞ് മറ്റ് ഓട്ടോ ഡ്രൈവര്‍മാരെത്തി കാറ് വളഞ്ഞു. കാറിലുണ്ടായിരുന്ന ഒരാള്‍ വളരെ പക്വതയോടെ സംസാരിച്ച് പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ സഹയാത്രികനായ കൂട്ടുകാരന്‍ തട്ടിവിട്ടു: ഞങ്ങളോട് കൂടുതല്‍ കളിക്കാന്‍ നില്‍ക്കേണ്ട, ഞങ്ങള്‍ ….. മന്ത്രിയുടെ ബന്ധുക്കളാണ്.

നന്മ ഉദ്ദേശിച്ചാണിത് പറഞ്ഞതെങ്കിലും അതോടെ മന്ത്രിയുടെ എതിര്‍ പാര്‍ട്ടിക്കാരായ ചിലര്‍ ഇവരെ കൈവച്ചെന്നു മാത്രമല്ല, വലിയൊരു സംഖ്യ നഷ്ട പരിഹാരമായി പിടിച്ചുവാങ്ങിയാണ് വിട്ടയച്ചത്. സ്ഥലകാല സാഹചര്യങ്ങള്‍ പരിഗണിച്ചാണ് ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യേണ്ടതെന്നറിയാത്ത സുഹൃത്ത് കാരണമാണ് ഈ അപകടമെല്ലാം വന്നത്. സന്ദര്‍ഭത്തിനൊത്ത് കാര്യങ്ങള്‍ തിരിച്ചറിയാനുള്ള ബുദ്ധിയും വിവേകവുമില്ലെങ്കില്‍ എന്തു ചെയ്യും! അവിവേകിയായ സുഹൃത്ത് ശത്രുവിന്‍റെ ഫലം ചെയ്യുമെന്നാണല്ലോ ചൊല്ല്.

സല്‍സ്വഭാവങ്ങള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കാനും നുകര്‍ന്നെടുക്കാനും സാധിക്കും. നല്ല പെരുമാറ്റക്കാരായ കൂട്ടുകാരുമായുള്ള സമ്പര്‍ക്കത്തിലൂടെ നമ്മുടെ വ്യക്തിത്വ വികസനം സാധ്യമാകും. അതുകൊണ്ട് കൂട്ടുകാരന്‍ സല്‍സ്വഭാവിയാകണം. ഒരാളെ പൊതുവില്‍ വിലയിരുത്തുന്നത് അവന്‍റെ കൂട്ടുകാരെ നോക്കിയായിരിക്കും. ദുസ്വഭാവികളാണ് ചങ്ങാതിമാരെങ്കില്‍ ആ ഗണത്തില്‍ തന്നെയാകും ആളുകള്‍ അവനെയും ഉള്‍പ്പെടുത്തുക.

തെമ്മാടികളുമായി ഒരിക്കലും അടുത്ത സൗഹൃദം പാടില്ല. അത് അപകടം വരുത്തും. കുറഞ്ഞ ദിവസം കൊണ്ട് തന്നെ അവനിലെ ദുഷിപ്പുകള്‍ നമ്മിലേക്കു പകരും. ജയിലിലടച്ച ചില കുറ്റവാളികള്‍ പുറത്തിറങ്ങിയാല്‍ കൂടുതല്‍ കുറ്റവാസനയുള്ളവരായി വരുന്നതിന്‍റെ കാരണം കാരാഗൃഹവാസക്കാലത്ത് കൊടുംകുറ്റവാളികളുമായുള്ള സമ്പര്‍ക്കമായിരിക്കും. കാമ്പസുകളില്‍ വച്ചും ഹോസ്റ്റലുകളില്‍ വച്ചും ഗള്‍ഫ് നാടുകളില്‍ വച്ചും താമസ സ്ഥലത്തുവച്ചുമെല്ലാം ഇത്തരക്കാരെ കൂട്ടുകാരാക്കിയത് മൂലം വഴി തെറ്റിപ്പോയവര്‍ നിരവധി.

ബിദ്അത്ത് എന്നത് ആത്മീയത നശിപ്പിച്ച് മനസ്സില്‍ അഹങ്കാരവും പൊങ്ങച്ചവും സച്ചരിതരോട് അനാദരവും നിറക്കുന്ന മഹാമാരിയും പകര്‍ച്ച വ്യാധിയുമാണ്. മുബ്തദിഉകളുമായുള്ള സമ്പര്‍ക്കത്തിലൂടെ ആ മഹാരോഗം എളുപ്പത്തില്‍ നമ്മിലേക്കും പടരും. പുത്തന്‍വാദികളില്‍ വിവിധ തട്ടിലുള്ളവരുണ്ട്. പുതിയ ആശയത്തില്‍ വിശ്വസിക്കുകയും അതിലേക്ക് ജനങ്ങളെ ക്ഷണിക്കുകയും ചെയ്യുന്ന മുബ്തദിഉകളുമായി മതപരമായ ഒരു ബന്ധവും പാടില്ലെന്നത് ഇസ്ലാമിന്‍റെ നിലപാടാണ്. എന്നാല്‍ അറിവില്ലായ്മ മൂലം ബിദഇകളുടെ പള്ളിയില്‍ പോവുകയോ അവരുടെ ക്ലാസുകളിലും മറ്റും ചിലപ്പോഴെല്ലാം പങ്കെടുക്കുകയോ ചെയ്യുന്ന സാധാരണക്കാരെ പുത്തനാശയക്കാരനായി മുദ്രകുത്താതെ സത്യാദര്‍ശത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തണം. അതിനായി അയാളുമായി ബന്ധം സ്ഥാപിക്കുകയുമാകാം.

അതേസമയം വിശ്വാസികളെ കാഫിറും മുശ്രിക്കുമായി പ്രഖ്യാപിക്കുന്ന തീവ്രവാദികളായ ബിദ്അത്തുകാരെ പരിപൂര്‍ണമായും ബഹിഷ്കരിക്കുകയും അവരുമായുള്ള ബന്ധങ്ങള്‍ വിച്ഛേദിക്കുകയും വേണം. സമ്പത്തിനോടും സ്ഥാനമാനങ്ങളോടും ഭൗതികാഡംബരങ്ങളോടും അഭിനിവേശമുള്ളവരെ ആത്മമിത്രമായി സ്വീകരിക്കുന്നത് ദുരന്തമാണ്. രക്ഷപ്പെടാനാകാത്ത ചതിക്കുഴികളില്‍ ആപതിക്കലായിരിക്കും ഇതിന്‍റെ അന്ത്യഫലം.

(തുടരും)

You May Also Like
Sheeism- Malayalam article

ചുവന്ന ഭൂമിയിലെ ശീഈ അനാചാരം

വളരെ പവിത്രതകള്‍ നല്‍കി അല്ലാഹുവും തിരുനബി(സ്വ)യും ആദരിച്ച പുണ്യമാസമാണ് മുഹര്‍റം. വിശ്വാസികള്‍ ഏറെ പ്രാധാന്യം കല്‍പ്പിക്കുന്ന…

● കെടി മുത്വലിബ് സഖാഫി ഒളവട്ടൂര്‍
Islam & Current India-Fascism

ഇസ്ലാം സ്വീകരിക്കുന്നത് പാതകമാകുമ്പോള്‍ നമ്മുടെ മതസ്വാതന്ത്ര്യത്തിന്‍റെ അര്‍ത്ഥമെന്താണ്?

ആറു വര്‍ഷം മുമ്പാണ് സാമൂഹിക പ്രവര്‍ത്തകനും മുന്‍നക്സലൈറ്റുമായ ടിഎന്‍ ജോയി ഇസ്ലാം സ്വീകരിച്ച് നജ്മല്‍ ബാബുവായത്.…

● കമല്‍ സി നജ്മല്‍/ മുഹമ്മദ് അനസ് ആലങ്കോള്‍
Al fathava- Indian Grand Mufti

അല്‍ഫതാവാ-1: വാട്ടര്‍ ട്രീറ്റ്മെന്‍റും കര്‍മശാസ്ത്രവും

അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്‍റെ എതിരാളികളായ വിഭാഗങ്ങളില്‍ പലരും ഫത്വകള്‍ എന്ന പേരില്‍ പലതും എഴുതിപ്പിടിപ്പിക്കുകയും പ്രസ്താവനകള്‍…

● കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍