natural calamity-malayalam

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു. മണ്ണും മലയും പുഴകളും തുടങ്ങി പ്രകൃതിയുടെ പ്രതീകങ്ങളെല്ലാം സ്വാർത്ഥമായ ലാഭേച്ഛക്കു വേണ്ടി നശിപ്പിച്ചുകൊണ്ട് മനുഷ്യൻ ആധുനികത ആഘോഷിച്ചപ്പോൾ പ്രളയം, ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്, ഉരുൾ പൊട്ടൽ, കടൽക്ഷോഭം, ഭൂചലനം, കാട്ടുതീ, വരൾച്ച തുടങ്ങി പലതരം ദുരന്തങ്ങളാണ് ഇപ്പോൾ  നാം അനുഭവിച്ചു കൊണ്ടിരിക്കുന്നത്. ജീവഹാനി, വീടു നഷ്ടം, ജോലി നഷ്ടം, അനാഥത്വം, ദാരിദ്ര്യം തുടങ്ങിയ കൊടിയ ദുരന്തങ്ങളാണ് ഓരോ പ്രകൃതി ക്ഷോഭവും സമൂഹത്തിൽ ബാക്കി വെക്കുന്നത്.

ഓരോ ദുരന്തത്തിലും  മനുഷ്യവാസ കേന്ദ്രങ്ങളിൽ നിന്നും  കടലോര പ്രദേശങ്ങളിൽ നിന്നും  വിലാപങ്ങളും രോദനങ്ങളും നാം കേൾക്കുന്നു. മനുഷ്യൻ കെട്ടിപ്പൊക്കുന്ന  അംബരചുംബികളെല്ലാം നിമിഷാർധത്തിൽ  നിലംപൊത്തുന്നു. ആളും അർത്ഥവും നഷ്ടപ്പെട്ട കണ്ണുകളിൽ ദൈന്യതയുടെ നിഴലാട്ടം മായാതെ ശേഷിക്കുന്നു.  മനുഷ്യമക്കളുടെ ഹൃദയഭേദകമായ എത്രയെത്ര കാഴ്ചകൾ! വീടുകൾ നഷ്ടപ്പെട്ട പലരും ആകാശം മേൽക്കൂരയാക്കി അന്തിയുറങ്ങുന്നു. ഉടുതുണിക്ക് മറു തുണിയില്ലാതെ നിസ്സഹായരായ സഹജീവികളുടെ കരളലിയിക്കുന്ന ദുരിതക്കാഴ്ചകൾ ഏതൊരു ശിലാ ഹൃദയന്റേയും മനസ്സലിയിക്കുന്നതാണ്. സമ്പത്ത് നഷ്ടപ്പെട്ടവർ, ഒറ്റപ്പെട്ടവർ, കാണാതായവർ, ഭക്ഷണവും വെള്ളവും ലഭിക്കാതെ വലഞ്ഞവർ എന്നിങ്ങനെ ദുരിത ബാധിതരുടെ നിര പലപ്പോഴും നീണ്ടതായിരിക്കും.

പ്രകൃതി വിഭവങ്ങൾ എല്ലാവർക്കുമുള്ളതാണെന്ന മനുഷ്യന്റെ അവബോധക്കുറവാണ് ദുരന്തങ്ങളുടെ മുഖ്യ കാരണം. കൂടുതൽ ചൂഷണം ചെയ്താൽ ലാഭം കൂടുമെന്ന ആർത്തി മൂലം അവൻ  ചൂഷണത്തിന്റെ അളവു കൂട്ടുകയും  ബാക്കി വരുന്ന  മാലിന്യങ്ങൾ പ്രകൃതിയിലേക്കു തന്നെ വലിച്ചെറിയുകയും ചെയ്യുമ്പോഴാണ് പ്രകൃതി വിഭവങ്ങളുടെ കലവറയായിരുന്ന ഇടങ്ങൾ  ദുരന്തത്തിന്റെ നേർ ചിത്രങ്ങളായി മാറുക.

മനുഷ്യന്റെ അമിത ചൂഷണങ്ങൾക്കു നേരെ പ്രകൃതി നടത്തുന്ന തിരിച്ചടികൾ ഇപ്പോൾ നിരന്തരം  കണ്ടുകൊണ്ടിരിക്കുകയാണ്. പാറമടകളും തണ്ണീർ തടങ്ങളും വയലുകളും ഇല്ലാതാക്കുന്നതിനു നമുക്ക് യാതൊരു നിയന്ത്രണവുമില്ല. നിലങ്ങളും തണ്ണീർ തടങ്ങളും നശിച്ചപ്പോൾ ഭൂഗർഭത്തിലേക്കെത്തുന്ന ജലത്തിന്റെ അളവാണ് കുറഞ്ഞത്. മനുഷ്യന്റെ അത്യാർത്തിയും സ്വാർത്ഥതയും ദീർഘവീക്ഷണമില്ലായ്മയും മൂലം പ്രകൃതിയോടും പ്രകൃതി വിഭവങ്ങളോടുമുള്ള അതിക്രമങ്ങൾ അനവരതം തുടർന്നു കൊണ്ടിരിക്കുകയാണ്.  പ്രപഞ്ചത്തിലെ ജീവന്റെ നിലനിൽപ്പിന് ഏറ്റവും അനുയോജ്യമായ ഓക്‌സിജൻ പോലും പ്രകൃതിയിൽ നിന്ന് നഷ്ടപ്പെടുന്നതിനെ ക്കുറിച്ചുള്ള  ഏറ്റവും കൗതുകകരവും ആശങ്കാജനകവുമായ വാർത്തകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

ഓരോ വർഷവും പ്രകൃതി ദുരന്തങ്ങൾ രണ്ടരക്കോടിയിലേറെ ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നുവെന്നും അയ്യായിരം കോടി ഡോളറിന്റെ നഷ്ടമുണ്ടാക്കുന്നുവെന്നുമാണ് ലോകബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.  സമ്പന്നവും വികസ്വരവുമടക്കം 117 രാജ്യങ്ങളിൽ യു.എൻ നടത്തിയ പഠനത്തിൽ ഒരു വർഷം പ്രകൃതി ക്ഷോഭങ്ങളിൽ നിന്നുള്ള നഷ്ടം 327 ദശലക്ഷം ഡോളർ വരുമെന്നാണ് കണക്കാക്കിയത്. അതേസമയം മരുന്നും വിദ്യാഭ്യാസവുമടക്കം ചെലവേറുന്ന കാര്യങ്ങൾ കൂടി ചേർത്താൽ ഇത് പ്രതിവർഷം 520 കോടി ഡോളറാകുമത്രെ.

ലോകത്തിലെ  മറ്റിടങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ 85 ശതമാനം സ്ഥലങ്ങളും  വിവിധ തരത്തിലുള്ള പ്രകൃതി ദുരന്ത സാധ്യതാ പ്രദേശങ്ങളാണ്. ബംഗാൾ ഉൾക്കടലും അറബിക്കടലും സുനാമി, കൊടുങ്കാറ്റ,് കടൽക്ഷോഭം എന്നിവ വഴി പ്രകൃതി ദുരന്തങ്ങൾ ഒരുക്കുന്നു. ഹിമാലയ സംസ്ഥാനങ്ങളിലുണ്ടാവാറുള്ള ഭൂചലനവും ആകസ്മിക പ്രളയവും വർഷം തോറും വർധിച്ചുവരികയാണ്.  ഓരോ ദുരന്തവും നിരവധി പേരുടെ ജീവൻ നഷ്ടപ്പെടുത്തുകയും മനുഷ്യന്റെ ആയുഷ്‌കാല സമ്പാദ്യം നശിപ്പിക്കുകയും  ജീവസന്ധാരണത്തിനുള്ള വഴി മുട്ടിക്കുകയും  ചെയ്യുന്നു.

ഭൂമിയിലും സമുദ്രങ്ങളിലും മനുഷ്യൻ വരുത്തിയിട്ടുള്ള മാറ്റങ്ങളാണ് പ്രകൃതി വിപത്തുകളുടെ ആവൃത്തിയും തീവ്രതയും   വർധിക്കുന്നതിനിടയാക്കുന്നതെന്നും അങ്ങനെ അവ നമ്മുടെ ഗ്രഹത്തെ അപകട മേഖലയാക്കി മാറ്റുന്നുവെന്നും ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നു. ഭാവി തലമുറയുടെ മാത്രമല്ല, ഭൂമിയുടെ തന്നെ നിലനിൽപ്പിനു ഭീഷണിയായിത്തീരുന്ന പ്രകൃതിക്കു നേരെയുള്ള ഇത്തരം കടന്നുകയറ്റങ്ങൾക്ക് അറുതി വരുത്താൻ മുന്നിട്ടിറങ്ങേണ്ട സമയം അതിക്രമിച്ചിട്ടുണ്ടെന്നാണ് അവർ അഭിപ്രായപ്പെടുന്നത്. വികസനങ്ങളും പരിഷ്‌കരണങ്ങളും ദീർഘ വീക്ഷണത്തോടെയും ഭാവി തലമുറയെ കൂടി മുന്നിൽ കണ്ടുകൊണ്ടുമാവാൻ ഓരോരുത്തരും ശ്രദ്ധ പുലർത്തണമെന്നാണ് ശാസ്ത്ര ലോകത്തിനു പറയാനുള്ളത്.

മനുഷ്യന്റെ അഹങ്കാരത്തിന്റെ പ്രതീകമായി മാറുന്ന ഭീമൻ കോൺക്രീറ്റ് കെട്ടിട നിർമാണങ്ങൾക്കു വേണ്ടി ഒരു ഭാഗത്ത് ജൈവവൈവിധ്യങ്ങളെ നശിപ്പിക്കുമ്പോൾ മറു ഭാഗത്ത് ഭൂമിയിലെ ഓക്‌സിജന്റെ ഉൽപാദകരായ മരങ്ങളും ചെടികളും വെട്ടിനിരത്തുകയും  ഭൂമിയുടെ സന്തുലനാവസ്ഥ നിലനിർത്തുന്ന പർവതങ്ങൾ തകർത്ത് തരിപ്പണമാക്കുകയുമാണ്.  ഭൂമിയിലെ അമൂല്യ വിഭവമായ ജലത്തിന്റെ അമിതോപയോഗവും ചൂഷണവും വർധിച്ചുകൊണ്ടിരിക്കുന്നതും പ്രകൃതിയുടെ നട്ടെല്ലൊടിക്കുന്ന കാര്യമാണ്.

ഭൂമിയുടെ നിഖില മേഖലകളിലും നാശം വിതക്കുന്ന പ്ലാസ്റ്റിക്കാണ് പ്രകൃതി മലിനീകരണത്തിന്റെയും അതുവഴിയുള്ള നാശത്തിന്റെയും പ്രധാന  ഹേതു. സമുദ്രത്തേയും ജലജീവികളുടെ ആവാസ വ്യവസ്ഥയേയുമാണ് പ്ലാസ്റ്റിക് ഏറ്റവും കൂടുതൽ കാർന്നു തിന്നുന്നത്. വർഷം തോറും കടലിലെത്തുന്നതു 800 കോടി ടൺ പ്ലാസ്റ്റിക് മാലിന്യമാണ്. പ്രതിവർഷം  ഒരു ലക്ഷം കടൽ സസ്തനികളും ദശലക്ഷക്കണക്കിനു മത്സ്യങ്ങളും കടൽ പക്ഷികളും പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ തിന്നോ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ കുടുങ്ങിയോ ചാകുന്നുണ്ടെന്നാണ് കണക്ക്.  സമുദ്രത്തിന്റെ ഓരോ ചതുരശ്ര മൈലിലും ശരാശരി 46000 പ്ലാസ്റ്റിക് കഷ്ണങ്ങൾ ഒഴുകി നടക്കുന്നുണ്ടെന്നും മത്സ്യസമ്പത്തിൽ മൂന്നിൽ രണ്ടു ഭാഗവും കടൽ പക്ഷികളിൽ 80 ശതമാനവും പ്ലാസ്റ്റിക് വയറ്റിലാക്കുന്നുണ്ടെന്നും കണക്കുകൾ പറയുന്നു.

പ്രകൃതി സംരക്ഷണത്തിന് അടിയന്തരമായി ചില തീരുമാനങ്ങൾ നാം കൈകൊള്ളേണ്ടതുണ്ട്. ഒരിക്കലും  പ്ലാസ്റ്റിക് കൂടുകൾ ഉപയോഗിക്കില്ലെന്നു തീരുമാനിക്കുക,  പ്ലാസ്റ്റിക് കുപ്പികൾക്കു പകരം സ്റ്റെയിൻലെസ് സ്റ്റീലിന്റെയോ ചില്ലിന്റെയോ കുപ്പികൾ ഉപയോഗിക്കുക, മാലിന്യങ്ങളെ ജൈവ മാലിന്യങ്ങൾ, അജൈവ മാലിന്യങ്ങൾ എന്നിങ്ങനെ  തരംതിരിച്ച് സംസ്‌കരിക്കുക  തുടങ്ങിയവയെല്ലാം  പ്രകൃതി സംരക്ഷണത്തിന്റെ പ്രധാന ഭാഗങ്ങളാണ്. ഭൂമിയുടെ നിലനിൽപ്പിന്  അനിവാര്യമായ തണ്ണീർത്തടങ്ങളുടെയും  മറ്റും സംരക്ഷണവും മനുഷ്യർ ജീവിത ഭാഗമാക്കേണ്ടതാണ്. വികസനം എല്ലാ രാജ്യങ്ങളുടേയും പുരോഗതിക്ക് അനിവാര്യമാണെങ്കിലും പ്രകൃതിയെയും ആവാസവ്യവസ്ഥയെയും തകർത്തു കൊണ്ടുള്ളതാകുമ്പോൾ ആ വികസനം കൊണ്ട് ആർക്കും ഗുണമില്ലാതാവുകയാണ് ചെയ്യുന്നത്. അതു കൊണ്ട് തന്നെ പരിസ്ഥിതി സൗഹൃദപരമായ വികസനത്തിന് സർക്കാറും ജനങ്ങളും പ്രധാന്യം കൊടുക്കുക തന്നെ വേണം.

ആഗോള താപനം, മലിനീകരണം, വരൾച്ച, വന നശീകരണം, പ്രകൃതിക്ഷോഭം, പരിസ്ഥിതിയുമായി ബന്ധപ്പെട്ട മറ്റു പ്രശ്‌നങ്ങൾ എന്നിവയെ കുറിച്ച് പ്രാദേശിക ഗ്രാമസഭകൾ  മുതൽ അന്താരാഷ്ട്ര ഉച്ചകോടികളിൽ വരെ മുഖ്യ ചർച്ചയായി കടന്നുവരുന്നുണ്ടെങ്കിലും ആത്മാർത്ഥമായ ഇടപെടലുകൾ നടത്തുന്നതിലും ത്വരിത ഗതിയിലുള്ള പരിഹാര നടപടികൾ സ്വീകരിക്കുന്നതിലും പിറകോട്ടു തന്നെയാണ്. പല വ്യവസായവത്കൃത രാജ്യങ്ങളും അന്തരീക്ഷത്തിലേക്കു കൂടുതൽ ഹരിത ഗൃഹ വാതകങ്ങൾ  നിയന്ത്രണമില്ലാതെ  പുറംതള്ളിക്കൊണ്ടിരിക്കുന്നു. ഈ വാതകങ്ങളുടെ അളവു കുറക്കാനുള്ള ശ്രമങ്ങൾ നീട്ടിവെക്കുന്നത് രോഗ ബാധയുണ്ടാകുമ്പോൾ  മരുന്നു കഴിക്കാതിരിക്കുന്നതു പോലെയാണെന്നാണ് ശാസ്ത്രജ്ഞന്മാരുടെ നിഗമനം. അതിനു  പിന്നീട് വലിയ വില കൊടുക്കേണ്ടി വരുമെന്നുറപ്പാണ്.

പ്രകൃതി പ്രതിഭാസങ്ങളെപ്പറ്റിയുള്ള ശാസ്ത്രീയമായ അറിവ് ദുരന്തങ്ങൾ വരുത്തുന്ന നശീകരണ പ്രവർത്തനങ്ങൾ ലഘൂകരിക്കാനും സഹായകമാണ്. ഹാർവി, ഇർമ എന്നീ ഉഗ്രരൂപികളായ രണ്ടു കൊടുങ്കാറ്റുകൾ കുറച്ചു മുമ്പ് അമേരിക്കയിൽ ആഞ്ഞു വീശിയപ്പോൾ അർത്ഥനാശം ഏറെയുണ്ടായെങ്കിലും ആൾ നാശം അധികമുണ്ടാകാതിരുന്നത് ഇത്തരത്തിലുള്ള സമയോചിതമായ ഇടപെടൽ മൂലമാണ്. കുട്ടികളുൾപ്പെടെ അമേരിക്കയിലെ ജനങ്ങൾ അവിടെയുണ്ടാകാനിടയുള്ള ദുരന്തങ്ങളെ പറ്റി ബോധവാന്മാരാണത്രെ. ദുരന്തം വരുമ്പോൾ എന്തു ചെയ്യണമെന്ന കൃത്യമായ പരിശീലനവും അവർ നേടിയിട്ടുണ്ട്. ഇതേ തീവ്രതയുള്ള കാറ്റുകൾ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലാണുണ്ടായതെങ്കിൽ പതിനായിരങ്ങളുടെ  മരണങ്ങൾ സംഭവിക്കുമായിരുന്നുവെന്നാണ് അവർ പറയുന്നത്.

പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട അധര വ്യായാമങ്ങൾക്കു പകരം നിർമാണാത്മകമായ പ്രവർത്തനങ്ങളാണ് ജനങ്ങൾ കാഴ്ച വെക്കേണ്ടത്. എല്ലാ പ്രശ്‌നവും സർക്കാർ പരിഹരിക്കട്ടെ എന്ന ഉദാസീന സമീപനവും പറ്റില്ല. പരിസ്ഥിതി സംരക്ഷണ കാര്യത്തിൽ വ്യക്തികൾക്ക് ഏറെ ചെയ്യാനാവും. ജനശ്രദ്ധ കിട്ടാനുള്ള ഒരു പോംവഴിയായാണ് ചിലരെങ്കിലും  പരിസ്ഥിതിവാദികളാവുന്നതെന്നതു സത്യമാണ്. കുന്നിടിച്ചു നിലം നികത്തി വീടു വെച്ചവർ പോലും പ്രകൃതി സംരക്ഷണത്തിനായി ഇറങ്ങിത്തിരിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.  മണൽ വാരി പുഴകളെ കൊന്നവർ തന്നെ  പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്യരുതെന്നു പറയുന്നതിന്റെ യുക്തിയും ഇതു തന്നെയണ്.

മനുഷ്യനും പ്രകൃതിയും തമ്മിലുണ്ടായിരുന്ന ഊഷ്മളമായ ബന്ധം തീർത്തും നഷ്ടപ്പെട്ടതിന്റെ പ്രത്യാഘാതങ്ങളാണ് പല വിധത്തിലായി പുതിയ ലോകം അനുഭവിച്ചു കൊണ്ടിരിക്കുന്നത്. ആദിമ ജനതയെ സംബന്ധിച്ചിടത്തോളം പച്ചപ്പ് ജീവന്റെ ഭാഗമായിരുന്നു. നീതി പൂർവമായി അതിനെ വിനിയോഗിക്കുന്നതിലും വരുംതലമുറക്കായി സംരക്ഷിച്ചു പോരുന്നതിലും അവർ കാണിച്ച പ്രകൃതിബോധം മൂലമാണ് ഒരു ഹരിത ഭൂമിയിൽ ജീവിക്കാൻ നമുക്ക് ഭാഗ്യം ലഭിച്ചത്. ജീവിതത്തിന്റെ  ഭാഗമായി പരിസ്ഥിതിയെ കാണാൻ അവർക്കു സാധിച്ചിരുന്നു. കാലക്രമേണ ഏറെ കൊട്ടിഘോഷിക്കപ്പെട്ട വ്യാവസായിക വിപ്ലവവും അതിലൂടെ വളർന്നുവന്ന സാമ്രാജത്വ ശക്തികളും ശാസ്ത്ര രംഗത്തെ പുരോഗതിയെ ചൂഷണോപാധി മാത്രമായി കണ്ടപ്പോഴാണ് പരിസ്ഥിതിക്കു പരിതസ്ഥിതി വന്നത്.

പരിസ്ഥിതി ദിനത്തിൽ മാത്രം കാണിക്കുന്ന പ്രകൃതി സ്‌നേഹത്തിനപ്പുറം ഇതൊരു ജീവൽ പ്രശ്‌നമായി കാണാൻ നമുക്കാവണം. നാം പലപ്പോഴായി നട്ടുപിടിപ്പിച്ച മരങ്ങളെല്ലാം ശരിയായ വിധം വളർന്നിരുന്നെങ്കിൽ ആമസോണിനേക്കാളും വലിയ കാടായി നമ്മുടെ നാടുകൾ മാറുമായിരുന്നുവെന്നത് വസ്തുതയാണ്.  ഇനിയും നാം വേണ്ട വിധം ജാഗ്രത കാണിച്ചില്ലെങ്കിൽ അധിക കാലം ഈ ഭൂമിയിൽ മനുഷ്യന് ജീവിക്കാനാവില്ലെന്നത് തീർച്ച. അതിനാൽ മനുഷ്യനെ പ്രകൃതിയുമായി എന്തുവിലകൊടുത്തും ഇണക്കിചേർക്കേണ്ട ഉത്തരവാദിത്തം നമുക്ക് തന്നെയാണ്. കൂടാതെ, ദുരന്ത സാധ്യതകൾ കണക്കിലെടുത്തുള്ള കെട്ടിട നിർമാണം, ദുരന്തമൊഴിവാക്കാൻ സാധിക്കുന്ന പരിസ്ഥിതി സംരക്ഷണം, സുനാമി തടയുവാൻ തീരങ്ങളിൽ ജൈവവേലി നിർമാണം, ഉരുൾപൊട്ടൽ തടയാൻ വേണ്ടിയുള്ള വനവൽക്കരണം, പ്രളയം നിയന്ത്രിക്കാനുള്ള  വാട്ടർ മാനേജ്‌മെന്റ,് ദുരന്ത സ്ഥലത്തെ മറ്റു പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള ആശയ വിനിമയ സംവിധാനങ്ങൾ,  കെട്ടിട നിർമാണത്തിലെ പിശകുകൾ തിരുത്തൽ, പേമാരിയും പ്രളയവും പ്രതിരോധിക്കുവാനുള്ള നടപടികൾ തുടങ്ങി പുതിയ സാഹചര്യത്തിൽ അനിവാര്യമായ കാര്യങ്ങളെങ്കിലും ചെയ്യാൻ ഉത്തരവാദിത്തപ്പെട്ടവർ മുൻകയ്യെടുക്കുക തന്നെ വേണം. അല്ലാത്ത പക്ഷം മനുഷ്യൻ ഇന്നുവരെ നേടിയ ശാസ്ത്ര നേട്ടങ്ങൾക്കൊന്നും പ്രതിരോധിക്കാനാകാത്ത വിധത്തിൽ കടുത്ത ദുരന്തങ്ങൾ ഇനിയും മനുഷ്യ സമൂഹത്തെ തേടിവരും.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

HAJARUL ASWAD

ഹജറുൽ അസ്‌വദിന്റെ ചരിത്രം

വിശ്വാസ ദാർഢ്യത്തിന്റെയും അചഞ്ചല ധീരതയുടെയും പാവന സ്മരണകൾ തുടിച്ച് നിൽക്കുന്ന വിശുദ്ധ ഭൂമിയിലേക്ക് ലബ്ബൈക്കിന്റെ മന്ത്രങ്ങൾ…

● അബ്ദുൽ ഹസീബ് കൂരാട്