#reject_CAA

ഫ്ഗാനിസ്താന്‍, പാക്കിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയവരില്‍ മുസ്ലിംകളല്ലാത്തവര്‍ക്ക് പൗരത്വം അനുവദിക്കാനുള്ള നിയമ ഭേദഗതി പ്രാബല്യത്തിലായിരിക്കുന്നു. പൗരത്വത്തിന് മതം അടിസ്ഥാനമാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അത് രാജ്യത്തെ വര്‍ഗീയമായി വിഭജിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി വലിയ പ്രതിഷേധമുയര്‍ത്തുന്നു കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍. നിയമ ഭേദഗതിക്കെതിരെ അസമുള്‍പ്പെടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ജനം തെരുവിലിറങ്ങി. പ്രതിഷേധങ്ങളെ നേരിടാന്‍ കഴിയാവുന്ന നടപടികളൊക്കെ സ്വീകരിക്കുന്നുണ്ട് നരേന്ദ്ര മോദി സര്‍ക്കാര്‍. ആശയ വിനിമയ സംവിധാനങ്ങള്‍ വിച്ഛേദിച്ചും പട്ടാളത്തെ രംഗത്തിറക്കിയും പ്രതിഷേധങ്ങളും അതേക്കുറിച്ചുള്ള റിപ്പോര്‍ട്ടിംഗും രാജ്യവിരുദ്ധ മനോഭാവം ഉല്‍പാദിപ്പിക്കുന്നതായി കണക്കാക്കുമെന്ന് മുന്നറിയിപ്പു നല്‍കിയുമൊക്കെ.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉയരുന്ന പ്രതിഷേധം, പൗരത്വമനുവദിക്കുന്നതിന് മതം ആധാരമാക്കിയതിനോടുള്ളതല്ല. അനധികൃത കുടിയേറ്റക്കാരായി എത്തിയവരില്‍ വലിയൊരു വിഭാഗത്തിന് പൗരത്വം അനുവദിക്കുന്നത്, സ്വന്തം സംസ്കാരത്തെ, ജീവിത രീതികളെ, തൊഴിലവസരങ്ങളെയൊക്കെ ബാധിക്കുമെന്ന ആശങ്കയിലുയര്‍ന്ന പ്രതിഷേധമാണ്. നാഗാലാന്‍ഡ്, മിസോറാം, മേഘാലയ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളെയും അസമിലെ ഗോത്ര മേഖലയെയും നിയമത്തിന്‍റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും അതൊന്നും തങ്ങളുടെ സംസ്കാരത്തെ സംരക്ഷിച്ചുകൊണ്ടുള്ള അതിജീവനത്തിന് പര്യാപ്തമാകില്ലെന്ന് അവര്‍ ഭയക്കുന്നു. 1955-ലെ പൗരത്വ നിയമം ഭേദഗതി ചെയ്യാനുള്ള ശ്രമം ഒന്നാം നരേന്ദ്ര മോദി സര്‍ക്കാറിന്‍റെ കാലത്തുതന്നെ തുടങ്ങിയതാണ്. അന്ന് ലോക്സഭയില്‍ അവതരിപ്പിച്ച് പാസ്സാക്കിയ ബില്ല്, രാജ്യസഭയില്‍ അവതരിപ്പിക്കാതിരുന്നതിന്‍റെ കാരണങ്ങളിലൊന്ന് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുയര്‍ന്ന പ്രതിഷേധമായിരുന്നു. ഇപ്പോള്‍ നിയമ ഭേദഗതി പ്രാബല്യത്തിലായതോടെ ഉയര്‍ന്ന പ്രതിഷേധം സംഘപരിവാരത്തിന്‍റെയും ബിജെപിയുടെയും രാഷ്ട്രീയ അജണ്ടയെ ഒരു പരിധിവരെ പ്രതിരോധത്തിലാക്കുന്നുണ്ട്.

നിയമമെന്ന നിലക്ക് മാത്രം പരിഗണിക്കുമ്പോള്‍ രാജ്യത്തെ പൗരന്‍മാരായ, ജനസംഖ്യയില്‍ 19 ശതമാനം വരുന്ന മുസ്ലിംകളെ അത് തല്‍കാലം വലിയ തോതില്‍ ബാധിക്കില്ല. പൗരത്വപ്പട്ടികയുടെ നിര്‍മാണം അന്തിമഘട്ടത്തിലെത്തി നില്‍ക്കുന്ന അസമിലാണ് നിയമ ഭേദഗതിയുടെ ആഘാതം ആദ്യമുണ്ടാവുക. നിലവില്‍ പത്തൊമ്പത് ലക്ഷത്തിലേറെപ്പേര്‍ അവിടെ പട്ടികക്ക് പുറത്താണ്. അപ്പീലുകള്‍ പരിഗണിച്ച് പട്ടിക തയ്യാറാകുമ്പോള്‍ പത്ത് ലക്ഷം പേരെങ്കിലും പൗരത്വമില്ലാത്തവരായി മാറും. അവരില്‍ മുസ്ലിംകളല്ലാത്തവര്‍ക്ക് പൗരത്വം അനുവദിക്കാന്‍ നിയമഭേദഗതിയിലൂടെ സാധിക്കും. അങ്ങനെ പൗരത്വം ലഭിക്കുന്നവര്‍ ബിജെപിയുടെ വോട്ട് ബാങ്കായി മാറാനുള്ള സാധ്യത ഏറെയാണ്. അതിലൂടെ അസമില്‍ നേടിയെടുത്ത രാഷ്ട്രീയ സ്വാധീനം കൂടുതല്‍ ഉറപ്പിക്കാമെന്നായിരുന്നു സംഘപരിവാരത്തിന്‍റെ പ്രതീക്ഷ. എന്നാല്‍ അസം ജനത, പ്രത്യേകിച്ച് യുവാക്കളും വിദ്യാര്‍ത്ഥികളും നിയമഭേദഗതിക്കെതിരെ രംഗത്തുവന്നത് ആ പ്രതീക്ഷക്ക് മങ്ങലേല്‍പ്പിക്കുകയാണ്. ഇതര വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപിയുടെ വളര്‍ച്ചയെയും ഇത് ബാധിച്ചേക്കാം.

പശ്ചിമ ബംഗാളാണ് നിയമ ഭേദഗതിയുടെ പ്രതിഫലനം ഉടനുണ്ടാകാനിടയുള്ള മറ്റൊരിടം. പൗരത്വപ്പട്ടികയുടെ നിര്‍മാണം ദേശവ്യാപകമായി നടപ്പാക്കുന്നതിന് മുമ്പ് തന്നെ ബംഗാളിലെ അനധികൃത കുടിയേറ്റക്കാരില്‍ മുസ്ലിംകളല്ലാത്തവര്‍ക്ക് പൗരത്വം നല്‍കാന്‍ നിയമ ഭേദഗതി വഴി സാധിക്കും. അത് അവിടെ ചില പ്രദേശങ്ങളിലെയെങ്കിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ ബിജെപിക്ക് അനുകൂലമാക്കാന്‍ സാധ്യതയുണ്ട്. പൗരത്വപ്പട്ടിക തയ്യാറാക്കുകയും ദശകങ്ങളായി ഈ ദേശത്തിന്‍റെ ഭാഗമായ മുസ്ലിംകളില്‍ വലിയൊരളവ് പുറംതള്ളപ്പെടുന്ന സാഹചര്യമുണ്ടാവുകയും ചെയ്താല്‍ അതൊരുപക്ഷേ ബംഗാളിന്‍റെ രാഷ്ട്രീയത്തെ പൂര്‍ണമായി മാറ്റിയെഴുതുന്നതായി മാറും. ഇതേ പ്രക്രിയ, 1947-ലെ വിഭജനത്തിന്‍റെ ആഘാതമനുഭവിച്ച മറ്റ് സംസ്ഥാനങ്ങളിലുമുണ്ടാകാം. അതായത് പൗരത്വ നിയമത്തില്‍ ഇപ്പോള്‍ വരുത്തിയ നിയമ ഭേദഗതിയും പൗരത്വപ്പട്ടിക രാജ്യത്താകെ നടപ്പാക്കുമെന്ന പ്രഖ്യാപനവും ചേര്‍ക്കുമ്പോള്‍ അതിനൊരു രാഷ്ട്രീയ അജണ്ടയുണ്ടെന്ന് ചുരുക്കം. മതനിരപേക്ഷ, ജനാധിപത്യ രാഷ്ട്രമെന്ന ഭരണഘടനാ നിര്‍വചനവുമായി ചേര്‍ന്നുപോകുന്നതല്ല ആ അജണ്ട.

പൗരത്വത്തിന് ഒരിടത്തെങ്കിലും മതം ഒരു മാനണ്ഡമായി മാറുമ്പോള്‍, പുറംതള്ളപ്പെടേണ്ടത് മുസ്ലിംകളെയാണ് എന്ന് ഔദ്യോഗികമായി തന്നെ പ്രഖ്യാപിക്കുമ്പോള്‍ വെറുപ്പിന്‍റെ രാഷ്ട്രീയം വ്യാപിപ്പിക്കുകയാണ് സംഘപരിവാരവും അതിനെ പിന്തുണക്കുന്ന ഭരണകൂടവും ചെയ്യുന്നത്. അഫ്ഗാനിസ്താന്‍, പാക്കിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ ഇസ്ലാമിക ഭരണക്രമമുള്ള, മുസ്ലിംകള്‍ ഭൂരിപക്ഷമുള്ളവയാണ്. ഇന്ത്യയെ അഭയകേന്ദ്രമായി കാണുന്ന മുസ്ലിംകള്‍ അവിടെയുണ്ടാകാനുള്ള സാധ്യത കുറവ്, അഭയകേന്ദ്രമായി കണ്ട് അടുത്തകാലത്ത് ഇവിടേക്ക് കുടിയേറിയ മുസ്ലിംകള്‍ ഏറെയുണ്ടാകാന്‍ വഴിയുമില്ല. അപ്പോള്‍ പിന്നെ പുറംതള്ളാനുദ്ദേശിക്കുന്നത് ബംഗ്ലാദേശിന്‍റെ സൃഷ്ടിയിലേക്ക് നയിച്ച ഇന്ത്യ-പാക് യുദ്ധത്തിന് മുമ്പോ അതിന് തൊട്ടുടനെയോ ഇന്ത്യയിലെത്തിയ മുസ്ലിംകളെയും അവരുടെ പിന്‍മുറക്കാരെയുമാണ്. ചിലപ്പോള്‍ വിഭജന സമയത്ത് ഇന്ത്യാ രാജ്യത്ത് തുടരാന്‍ തീരുമാനിച്ചവരുടെ പിന്‍മുറക്കാരെയുമാകാം. പൗരന്‍മാരാണോ അല്ലയോ എന്ന് നിശ്ചയിക്കുക തീവ്ര ഹിന്ദുത്വ വാദികളാല്‍ നിയന്ത്രിക്കപ്പെടുന്ന ഭരണകൂടവും അവരുടെ ഉദ്യോഗസ്ഥരുമാണെങ്കില്‍ അത്തരം പുറംതള്ളലുകള്‍ക്കുള്ള സാധ്യത ചെറുതല്ല തന്നെ. അത് പക്ഷേ സമയമെടുക്കുന്ന പ്രക്രിയയാണ്.

അപ്പോള്‍ പിന്നെ മുസ്ലിംകളല്ലാത്തവര്‍ക്ക് പൗരത്വമെന്ന നിയമഭേദഗതിയിലൂടെ ഇപ്പോഴുണ്ടാക്കാനുദ്ദേശിക്കുന്ന ആഘാതം എന്തായിരിക്കും? മുസ്ലിംകളെ എവിടെ നിന്ന് പുറംതള്ളാനാണ് നിയമ ഭേദഗതി കൊണ്ടുവരുന്നതിലൂടെ ഉദ്ദേശിക്കുന്നത്? രാജ്യത്തെ ഭൂരിപക്ഷ മതവിഭാഗക്കാരുടെ മനസ്സില്‍ നിന്ന് എന്നതാണ് ഉത്തരം. അതിലൂടെ ന്യൂനപക്ഷങ്ങളെ സ്വയം പുറത്തുപോകാന്‍ പ്രേരിപ്പിക്കുക, അല്ലെങ്കില്‍ ആത്യന്തികമായി രാജ്യത്തിന് പുറംതള്ളുക. രാഷ്ട്രീയ സ്വയം സേവക് സംഘ് ഔദ്യോഗികമായി രൂപം കൊള്ളുന്നതിന് മുമ്പ് തന്നെ മുസ്ലിംകളെ പുറംതള്ളുക എന്ന ആശയം വിഡി സവര്‍ക്കര്‍ അവതരിപ്പിച്ചിരുന്നു. അതങ്ങനെ നേര്‍ക്കുനേര്‍ പറഞ്ഞില്ല എന്നേയുള്ളൂ. മതത്തെ അടിസ്ഥാനപ്പെടുത്തി പരസ്പരവിരുദ്ധങ്ങളായ രണ്ട് രാഷ്ട്രങ്ങളാണ് നിലനില്‍ക്കുന്നതെന്നും അവക്ക് പരസ്പരം ഉള്‍ക്കൊള്ളാനാകില്ലെന്നുമുള്ള ഹിന്ദുത്വ പ്രത്യയശാസ്ത്രം അവതരിപ്പിക്കുമ്പോള്‍ സവര്‍ക്കര്‍ ഉദ്ദേശിച്ചത് അതുതന്നെയാണ്. ആര്‍എസ്എസ് രൂപവത്കരിക്കപ്പെട്ടതിന് ശേഷം ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയും ചെയ്തു. മുസ്ലിം വിരുദ്ധത പ്രചരിപ്പിച്ച് ഭൂരിപക്ഷ വര്‍ഗീയത വളര്‍ത്തുകയും അതിലൂടെ ഹിന്ദുക്കളുടെ ഏകീകരണം സാധ്യമാക്കുകയുമായിരുന്നു പദ്ധതി. വിഭജനത്തിന്‍റെ പൂര്‍ണ ഉത്തരവാദികള്‍ എന്ന മുദ്ര മുസ്ലിംകള്‍ക്ക് ചാര്‍ത്തിക്കൊടുത്തത്, ബാബരി മസ്ജിദിനുള്ളില്‍ വിഗ്രഹങ്ങള്‍ സ്ഥാപിച്ച് രാമക്ഷേത്രം തകര്‍ത്ത് പള്ളി നിര്‍മിച്ചുവെന്ന വ്യാജം ആവര്‍ത്തിച്ച് സത്യമാക്കാന്‍ ശ്രമിച്ചത്, വര്‍ഗീയ കലാപങ്ങള്‍ ആസൂത്രിതമായി സൃഷ്ടിച്ചത്, മുസ്ലിം സമുദായത്തിന് മേല്‍ ഭീകരവാദ മുദ്ര ചാര്‍ത്തിക്കൊടുത്തത് അങ്ങനെ പല വിധത്തില്‍ ഭൂരിപക്ഷ വര്‍ഗീയതയെ വളര്‍ത്താന്‍ അവര്‍ ശ്രമിച്ചു.

ഇതില്‍ ഒരു പരിധിവരെ അവര്‍ വിജയിച്ചു. സ്വയംകൃതാനര്‍ത്ഥങ്ങള്‍ കൊണ്ട് കോണ്‍ഗ്രസ് ദുര്‍ബലമാവുകയും അധികാരം മാത്രം ലക്ഷ്യമിട്ട് സോഷ്യലിസ്റ്റ് ചേരി പരസ്പരം തല്ലി ക്ഷീണിക്കുകയും ചെയ്തതോടെ വര്‍ഗീയ ശക്തികള്‍ അധികാരമുറപ്പിച്ചു. അതിനെ വെല്ലുവിളിക്കാനോ അവരുയര്‍ത്തിക്കാട്ടുന്ന ഊതിവീര്‍പ്പിച്ച നേതൃബിംബങ്ങളോട് മത്സരിക്കാന്‍ പാകത്തിലുള്ള വ്യാജ നിര്‍മിതികളെ സൃഷ്ടിക്കാനുള്ള കാപട്യം കാണിക്കാനോ മതനിരപേക്ഷ ചേരിക്ക് സാധിക്കാതിരിക്കെ ഹിന്ദു രാഷ്ട്ര സ്ഥാപനമെന്ന ലക്ഷ്യത്തിലേക്ക് നീങ്ങാനുള്ള സമയമായെന്ന ചിന്ത സംഘപരിവാരത്തില്‍ ബലപ്പെട്ടു. അതുകൊണ്ടാണ് 2014-19 കാലത്ത് അറച്ചുനിന്ന പലതിനും ഇപ്പോഴവര്‍ മുന്‍കൈ എടുക്കുന്നത്. അക്കാലം അവതരിപ്പിച്ച ശേഷം പിന്‍വലിഞ്ഞ പൗരത്വ നിയമ ഭേദഗതി ഇപ്പോള്‍ പ്രാബല്യത്തിലാക്കുന്നത്.

ജമ്മു കശ്മീരിന്‍റെ പ്രത്യേക അവകാശങ്ങള്‍ എടുത്തുകളഞ്ഞത്, മുസ്ലിംകള്‍ക്ക് (കശ്മീരികള്‍ക്കല്ല) ഉണ്ടായിരുന്ന പ്രത്യേക അവകാശങ്ങള്‍ ഞങ്ങള്‍ ഇല്ലാതാക്കിയെന്ന് ഭൂരിപക്ഷ സമുദായത്തെ ബോധ്യപ്പെടുത്താനായിരുന്നു. എന്തുകൊണ്ട് ആ അവകാശങ്ങള്‍? അതിലൂടെ ജമ്മു കശ്മീര്‍ എങ്ങനെയാണ് ഇന്ത്യന്‍ യൂണിയന്‍റെ അവിഭാജ്യ ഘടകമായി നിലനിന്നിരുന്നത്? തുടങ്ങിയ വസ്തുതാപരമായ ചോദ്യങ്ങളൊന്നും ഭൂരിപക്ഷ വൈകാരികതയെ ഏശുകയില്ലെന്ന ഉറപ്പ് സംഘപരിവാരത്തിനുണ്ടായിരുന്നു. സമാനമായ വിധത്തില്‍ ഭൂരിപക്ഷ സമുദായത്തിന്‍റെ വൈകാരിക പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയാണ് പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഫലിക്കുന്നത്, പൗരത്വപ്പട്ടിക ദേശവ്യാപകമാക്കാനുള്ള ശ്രമത്തിലും. ഈ ബില്ലിന്‍റെ അവതരണ വേളയിലും പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും നടന്ന ചര്‍ച്ചകള്‍ക്ക് മറുപടി പറയുന്ന വേളയിലും ആഭ്യന്തര മന്ത്രി അമിത് ഷാ ചില സൂചനകള്‍ നല്‍കിയിരുന്നു. ആനുകൂല്യങ്ങള്‍ അനുവദിക്കുമ്പോള്‍ മതത്തിന്‍റെ അടിസ്ഥാനത്തില്‍ വേര്‍തിരിവുണ്ടാകുന്ന ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യതക്കുള്ള അവകാശത്തിന്‍റെ ലംഘനമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിയപ്പോള്‍, മതത്തിന്‍റെ അടിസ്ഥാനത്തില്‍ തന്നെ ന്യൂനപക്ഷ വിഭാഗങ്ങള്‍ അവകാശാധികാരങ്ങള്‍ അനുഭവിക്കുന്നുണ്ട് എന്ന് ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസത്തിലും സിവില്‍ നിയമങ്ങളുടെ കാര്യത്തിലും ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന പ്രത്യേക അവകാശങ്ങളെയാണ് അദ്ദേഹം സൂചിപ്പിച്ചത് എന്ന് നിസ്സംശയം പറയാം. അതായത് തീവ്ര ഹിന്ദുത്വ അജണ്ടയിലൂന്നുന്ന ഭരണകൂടത്തിന്‍റെ അടുത്ത ലക്ഷ്യം ഈ അവകാശങ്ങളെ ഇല്ലാതാക്കലാണ്. അതും ഭൂരിപക്ഷ വര്‍ഗീയതയെ കൂടുതല്‍ ജ്വലിപ്പിക്കുന്നതാകുമെന്നതില്‍ തര്‍ക്കം വേണ്ട.

ആ നിലയ്ക്ക് ഇപ്പോഴത്തെ നടപടികള്‍ ഹിന്ദു രാഷ്ട്ര സ്ഥാപനത്തിലേക്കുള്ള നിയമപരമായ ആദ്യ ചുവടുവെപ്പാണെന്ന് തന്നെ കരുതണം. വംശഹത്യാ ശ്രമത്തിലൂടെ, വ്യാജ ഏറ്റുമുട്ടലുകളിലൂടെ, ആള്‍ക്കൂട്ട ആക്രമണങ്ങളിലൂടെ ഭയത്തിന്‍റെ അന്തരീക്ഷം സൃഷ്ടിച്ചവര്‍, നിയമത്തിന്‍റെ വഴിയിലൂടെ ആ ഭയം അധികരിപ്പിക്കാന്‍ ശ്രമിക്കുക കൂടിയാണ്. ജനങ്ങളുടെ പ്രതിഷേധത്തെ അടിച്ചമര്‍ത്താനും പ്രതിഷേധങ്ങളുടെ ശബ്ദം പുറംലോകത്തെ അറിയിക്കുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കാനും ശ്രമിക്കുന്നതിന്‍റെ ലക്ഷ്യവും മറ്റൊന്നല്ല. അത്, ഹിന്ദു രാഷ്ട്ര സ്ഥാപനത്തിലേക്കുള്ള വഴി എളുപ്പമാക്കുമെന്ന മൗഢ്യമാണ് അവരെ നയിക്കുന്നത്. അവിടെയാണ് ഒരു പരിധിവരെ പ്രതിലോമകരമാണെങ്കിലും അസമിലും മറ്റ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലുമുയരുന്ന പ്രതിഷേധം പ്രസക്തമാകുന്നത്. രാജ്യത്തിന്‍റെ ഇതര ഭാഗങ്ങളില്‍ മുമ്പില്ലാത്ത വിധത്തില്‍ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ വിവേചനത്തിനെതിരെ രംഗത്തുവരുന്നത് പ്രധാനമാകുന്നത്.

അതിലും പ്രധാനം, വൈകിയാണെങ്കിലും പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും ശക്തമായ പ്രതിഷേധമുയര്‍ത്താന്‍ പ്രതിപക്ഷത്തിന് സാധിച്ചുവെന്നതാണ്. അംഗബലത്തില്‍ വിജയിക്കാനായെങ്കിലും നിയമനിര്‍മാണത്തിലെ വിവേചനവും അത് രാജ്യത്തിന്‍റെ മതനിരപേക്ഷ സ്വഭാവത്തിലുണ്ടാക്കാനിടയുള്ള അപകടകരമായ മാറ്റവും ജനങ്ങള്‍ക്ക് മുമ്പാകെ അവതരിപ്പിക്കാന്‍ പ്രതിപക്ഷ പ്രതിനിധികള്‍ക്കായി. യുഎപിഎ ഭേദഗതി ചെയ്തപ്പോഴും കശ്മീരിന്‍റെ പ്രത്യേക പദവി ഇല്ലാതാക്കിയപ്പോഴും യോജിച്ചൊരു നിലപാടെടുക്കാന്‍ സാധിക്കാതിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടി പൗരത്വ നിയമ ഭേദഗതിയുടെ കാര്യത്തില്‍ യോജിച്ചുനിന്നു. പ്രായോഗിക രാഷ്ട്രീയത്തില്‍ പരസ്പരം എതിര്‍ക്കുന്ന കക്ഷികള്‍  വിഷയാധിഷ്ഠിതമായി യോജിച്ചുനില്‍ക്കാനുള്ള സന്നദ്ധത പ്രകടിപ്പിക്കുന്നു. അതില്‍ തുടര്‍ച്ചയുണ്ടാകുമെന്ന പ്രതീതി ജനിപ്പിക്കപ്പെട്ടിരിക്കുന്നു.

സാങ്കേതികമായി സാധിക്കില്ലെങ്കിലും, ഭേദഗതി ചെയ്ത നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച് കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ സര്‍ക്കാറുകള്‍ രാഷ്ട്രീയമായ ഇച്ഛാശക്തി പ്രകടിപ്പിക്കുന്നു. 2014-ല്‍ അധികാരത്തിലേറിയതിന് ശേഷം നരേന്ദ്ര മോദി സര്‍ക്കാര്‍ അഭിമുഖീകരിക്കുന്ന വലിയ പ്രതിഷേധത്തിന് വഴിമരുന്നിട്ടത് പാര്‍ലമെന്‍റിനുള്ളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കാണിച്ച വീറാണ്. കേരളം പോലെയുള്ള സംസ്ഥാനങ്ങളെ സംബന്ധിച്ച് പൗരത്വ നിയമ ഭേദഗതിയോ പൗരത്വപ്പട്ടികയുടെ നിര്‍മാണമോ വലിയ ഭീഷണിയേയല്ല. ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് മുസ്ലിംകളെ ലക്ഷ്യമിട്ട്, ഭൂരിപക്ഷ വര്‍ഗീയതയെ ആളിക്കത്തിച്ച്, അതുവഴി രാജ്യത്തിന്‍റെ മതനിരപേക്ഷ സ്വഭാവത്തെ ഇല്ലാതാക്കാനുള്ള ശ്രമത്തെ, എതിര്‍ക്കേണ്ടതുണ്ടെന്ന രാഷ്ട്രീയ ബോധ്യമാണ് ഇവിടങ്ങളിലുയരുന്ന പ്രതിഷേധത്തിന്‍റെ കാതല്‍. അതു തന്നെയാണ് ഭാവിയെ സംബന്ധിച്ച് ശുഭോദര്‍ക്കമായുള്ളതും.

You May Also Like

‘തര്‍ജുമാനുല്‍ ഖുര്‍ആന്‍’

റസൂലിന്‍റെ വഫാതിനു ശേഷം ഞാനൊരിക്കല്‍ ഒരു അന്‍സ്വാരി യുവാവിനോട് പറഞ്ഞു: സുഹൃത്തേ, ഇന്ന് ധാരാളം സ്വഹാബിമാര്‍…

● ടിടിഎ ഫൈസി പൊഴുതന
Karamath

കറാമത്ത്, ഇസ്തിദ്റാജ്

പ്രവാചകത്വവാദമില്ലാതെ വലിയ്യിന്‍റെ ഭാഗത്തു നിന്ന് പ്രകടമാകുന്ന അസാധാരണ സംഭവങ്ങളാണ് കറാമത്ത് (ശര്‍ഹുല്‍ അഖാഇദ്). ബഹുമാനം, ആദരവ്…

● അബ്ദുല്‍ അസീസ് സഖാഫി വാളക്കുളം
Muvathwa Hadeeth

മുവത്വ: രണ്ടാം നൂറ്റാണ്ടിന്‍റെ ഇതിഹാസ രചന

തിരുസുന്നത്തിന്‍റെ പ്രകാശനമാണ് ഹദീസുകള്‍ നിര്‍വഹിക്കുന്നത്. നബി(സ്വ)യുടെ വാക്ക്, പ്രവൃത്തി, മൗനാനുവാദം ഒന്നൊഴിയാതെ കൈമാറ്റം ചെയ്യുന്നത് ഹദീസുകളിലൂടെയാണ്.…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്