ഇസ്‌റാഈല്യരുടെ കാലത്തെ ഭരണാധികാരി ഫറോവയെ സംബന്ധിച്ചുള്ള വൈരുദ്ധ്യാരോപണത്തിന്റെ നിജസ്ഥിതി പരിശോധിക്കാം:
അല്ലാഹു പറയുന്നു: ‘അതിനാല്‍ അവനെയും അവന്റെ സൈന്യങ്ങളെയും നാം പിടികൂടി കടലില്‍ എറിഞ്ഞുകളഞ്ഞു. അപ്പോള്‍ ആ അക്രമികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കുക’ (അല്‍ഖസ്വസ്വ് 28/40).
മറ്റൊരായത്തില്‍ ഖുര്‍ആന്‍ പറയുന്നു: ‘അപ്പോള്‍ ഇസ്‌റാഈല്യരെ നാട്ടില്‍നിന്നു വിരട്ടിയോടിക്കാനാണ് അവനുദ്ദേശിച്ചത്. അതിനാല്‍ അവനെയും അവന്റെ കൂടെയുള്ളവരെയും മുഴുവന്‍ നാം മുക്കിനശിപ്പിച്ചു’ (ഇസ്‌റാഅ് 17/103).
മറ്റൊരായത്തില്‍ പറയുന്നു: ‘അങ്ങനെ അവര്‍ നമ്മെ പ്രകോപിപ്പിച്ചപ്പോള്‍ നാം അവരെ ശിക്ഷിച്ചു. അവരെ മുഴുവന്‍ നാം മുക്കിനശിപ്പിച്ചു (സുഖ്‌റുഫ് 43/55).
മറ്റൊരായത്ത്: ‘എന്നാല്‍ നിനക്കുശേഷം വരുന്നവര്‍ക്ക് നീ ഒരു ദൃഷ്ടാന്തമാകുന്നതിനുവേണ്ടി ഇന്നു നിന്റെ ശരീരത്തെ നാം രക്ഷപ്പെടുത്തുന്നു. നിശ്ചയം മനുഷ്യരില്‍ അധികപേരും നമ്മുടെ ദൃഷ്ടാന്തങ്ങളെപ്പറ്റി അശ്രദ്ധരാകുന്നു’ (യൂനുസ് 10/92).
ഫറോവയെ മുങ്ങിമരണത്തില്‍ നിന്ന് രക്ഷപ്പെടുത്തി എന്ന് തെറ്റായ അര്‍ത്ഥം നല്‍കി, ഈ വചനം ആദ്യം പറഞ്ഞ മൂന്ന് വചനങ്ങളോട് വൈരുദ്ധ്യമാണെന്നാണ് വിമര്‍ശകരാരോപിക്കാറുള്ളത്. (ഉദ്ധരണം: ഖുര്‍ആന്‍ തെറ്റുകള്‍ക്കതീതമാണോ? പേ. 300-301).
മറുപടി
ഈ ആരോപണം ബാലിശവും നിരര്‍ത്ഥകവുമാണ്. കാരണം ഈ വചനത്തിനര്‍ത്ഥം മുങ്ങിമരണത്തില്‍ നിന്ന് ഫറോവയെ അല്ലാഹു രക്ഷപ്പെടുത്തി എന്നല്ല. അങ്ങനെ വിശുദ്ധ ഖുര്‍ആനില്‍ ഒരിടത്തും പറഞ്ഞിട്ടില്ല. ഇതേ അധ്യായത്തിലെ 90-91 സൂക്തങ്ങളില്‍ പറയുന്നതിങ്ങനെയാണ്: ‘ഒടുവില്‍ മുങ്ങിമരിക്കാറായപ്പോള്‍ അവന്‍ പറഞ്ഞു; ഇസ്‌റാഈല്‍ സന്തതികള്‍ ഏതൊരു ദൈവത്തില്‍ വിശ്വസിച്ചിരിക്കുന്നുവോ അവനല്ലാതെ യാതൊരു ദൈവവുമില്ലെന്ന് ഞാന്‍ വിശ്വസിച്ചിരിക്കുന്നു. ഞാന്‍ അവന് കീഴ്‌പ്പെട്ടവരുടെ കൂട്ടത്തിലാകുന്നു. അപ്പോള്‍ നാഥന്‍ അവനോടു പറഞ്ഞു: മുമ്പ് ധിക്കരിക്കുകയും കുഴപ്പക്കാരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്തിട്ട് ഇപ്പോഴാണോ നീ വിശ്വസിക്കുന്നത്?’
നിന്റെ കാലശേഷം വരുന്നവര്‍ക്ക് നീയൊരു ദൃഷ്ടാന്തമാകാന്‍ ആത്മാവില്ലാത്ത നിന്റെ ഭൗതിക ശരീരത്തെ നശിക്കാതെ നാം രക്ഷപ്പെടുത്തിയെടുക്കുമെന്നാണ് ഇവിടെ അല്ലാഹു പറയുന്നത്. ലോകര്‍ക്കാകമാനം ഒരു ദൃഷ്ടാന്തമായി ഫറോവയുടെ മൃതശരീരം ജീര്‍ണിക്കാതെ രക്ഷപ്പെടുത്തുമെന്ന ഈ പ്രവചനം അക്ഷരാര്‍ത്ഥത്തില്‍ പുലര്‍ന്നിരിക്കുന്നു. അവന്റെ ജഡം യാതൊരുവിധ മരുന്നുകളും പ്രയോഗിക്കാതെ തന്നെ ഈജിപ്തിലെ പുരാവസ്തു കേന്ദ്രത്തില്‍ ആര്‍ക്കും ചെന്നുകാണാവുന്ന രൂപത്തില്‍ പ്രദര്‍ശിപ്പിക്കുന്നു. ഈ വസ്തുത ഖുര്‍ആന്‍ വിമര്‍ശകര്‍ മനസ്സിരുത്തി ചിന്തിക്കേണ്ടതാണ്. ചുരുക്കത്തില്‍, ഇലാഹീ വചനമായ ഖുര്‍ആന്‍ അമാനുഷികവും നിത്യാത്ഭുതവുമാണ്. അതില്‍ വൈരുദ്ധ്യമോ അസത്യമോ ആശയക്കുഴപ്പങ്ങളോ ഉണ്ടാവുകയില്ല. അത്തരം ആരോപണങ്ങള്‍ വിമര്‍ശകരുടെ പകല്‍ക്കിനാവു മാത്രമാണ്.
ഫറോവയുടെ നിര്‍ദേശം
ഇസ്‌റാഈല്യര്‍ക്ക് ജനിക്കുന്ന ആണ്‍കുട്ടികളെ വധിച്ചുകളയാന്‍ ഫറോവ നിര്‍ദേശിച്ചതുമായി ബന്ധപ്പെട്ട് അബ്ദുല്ല അബ്ദുല്‍ ഫാദി എഴുതുന്നു:
ചോദ്യം 43: സൂറ അല്‍അഅ്‌റാഫ് 7/127 കാണുക:
‘ഫിര്‍ഔന്‍ സമുദായത്തിലെ നേതാക്കള്‍ ചോദിച്ചു: ഭൂമിയില്‍ നാശമുണ്ടാക്കുകയും നിന്റെയും നിന്റെ ദൈവങ്ങളെയും ഉപേക്ഷിക്കുകയും ചെയ്യേണ്ടതിന് മൂസായെയും അവന്റെ ജനതയെയും നീ വിടുകയാണോ? അവന്‍ പറഞ്ഞു: നിശ്ചയമായും അവരുടെ ആണ്‍മക്കളെ നാം കൊന്നുകളയും. അവരു ടെ സ്ത്രീകളെ അവശേഷിപ്പിക്കുകയും ചെയ്യും. നാമെന്തിന് പേടിക്കണം? നാം അവരുടെ മേല്‍ ആധിപത്യം വഹിക്കുന്നുണ്ടല്ലോ.’
സൂറ അല്‍ഖസ്വസ് 28: 4-7ലും നാം ഇങ്ങനെ വായിക്കുന്നു:
‘ഫിര്‍ഔന്‍ ഭൂമിയില്‍ ഔന്നത്യം കാണിച്ചു. അവിടത്തെ നിവാസികളെ അവന്‍ ഭിന്നിപ്പിച്ച് വിവിധ കക്ഷികളാക്കി. അതില്‍ ഒരു വിഭാഗത്തെ അവന്‍ മര്‍ദിച്ചുകൊണ്ടിരുന്നു. അവരുടെ ആണ്‍സന്താനങ്ങളെ അവന്‍ അറുകൊല നടത്തുകയും സ്ത്രീകളെ ജീവ നോടെ വിടുകയും ചെയ്തിരുന്നു. അവന്‍ നാശകാരികളില്‍ പെട്ടവനായിരുന്നു. നാമാകട്ടെ ഭൂമിയില്‍ മര്‍ദിക്കപ്പെടുന്നവരോട് ഔദാര്യം കാണിക്കണമെന്നും അവരെ നേതാക്കളും അനന്തരാവകാശികളുമാക്കണമെന്നുമാണ് ഉദ്ദേശിക്കുന്നത്. ഭൂമിയില്‍ അവര്‍ക്ക് സ്വാധീനം വര്‍ധിപ്പിച്ചുകൊടുക്കണമെന്നും എന്നിട്ട് ഫിര്‍ഔനും ഹാമാനും അവരുടെ സൈന്യങ്ങള്‍ക്കും ആ മര്‍ദിക്കപ്പെടുന്ന ജനതയില്‍നിന്ന് ഭയപ്പെട്ടിരുന്നതെന്തോ അതവര്‍ക്ക് അനുഭവത്തില്‍ കാണിച്ചുകൊടുക്കണമെന്നും നാം ഉദ്ദേശിക്കുന്നു. ആ കുട്ടിക്ക് മു ല കൊടുക്കുക. പിന്നീട് ആ കുട്ടിയുടെ കാര്യത്തില്‍ നിനക്ക് ഭയം തോന്നി എങ്കില്‍ അതിനെ ഒരു പെട്ടിയിലാക്കി നദിയില്‍ ഇട്ടുകൊള്ളുക. നീ ഭയപ്പെടേണ്ട. ദുഃഖിക്കുകയും വേണ്ട. ആ കുട്ടിയെ നിനക്കു നാം മടക്കിത്തരികയും അതിനെ നാം ദൈവദൂതനായി നിയമിക്കുകയും ചെയ്യും എന്ന് മൂസായുടെ മാതാവിന് നാം സന്ദേശം നല്‍കി.’
സൂറ അല്‍അഅ്‌റാഫ് 7: 127-ല്‍ ഈജിപ്തുകാര്‍ മൂസായുടെ പെരുമാറ്റത്തെക്കുറിച്ച് ആവലാതിപ്പെട്ടതായി കാണുന്നു. അതിനാല്‍ ഫറോവാ ഇസ്‌റാഈലികളായ എല്ലാ ആണ്‍കുട്ടികളെയും കൊല്ലാനും പെണ്‍കുട്ടികളെ വെറുതെ വിടാനും കല്‍പന നല്‍കി. ഇതുപോലെ സൂറ അല്‍ഖസ്വസ് 28: 4-7ല്‍ പറയുന്നു: ഫറോവ ആണ്‍കുട്ടികളെയെല്ലാം കശാപ്പുചെയ്യാനും പെണ്‍കുട്ടികളെയെല്ലാം വെറുതെ വിടാനും കല്‍പന നല്‍കി എന്ന്. ഇതാവട്ടെ മൂസ ജനിക്കുന്നതിന് മുമ്പാണുതാനും. ബൈബിള്‍ പറയുന്നത് കാണുക: ‘മൂസ ജനിച്ച ഉടനെ അവന്റെ അമ്മ അവനെ ഒരു പാപ്പിറസ് പെട്ടിയിലാക്കി നൈല്‍ നദിയില്‍ പാപ്പിറസ് ചെടികള്‍ക്കിടയില്‍ വച്ചു. പിന്നെ ഫറോവായുടെ മകള്‍ അവനെ കണ്ടെടുത്തു.’ രണ്ടു ഖുര്‍ആന്‍ സൂക്തങ്ങളും തമ്മില്‍ പ്രകടമായ വ്യത്യാസം ഇവിടെ കാണുന്നു എന്നത് വളരെ വ്യക്തമാണ്. (ഖുര്‍ആന്‍ തെറ്റുകള്‍ക്കതീതമാണോ?, പേജ്: 54-55).
മറുപടി
രണ്ടു ഖുര്‍ആന്‍ സൂക്തങ്ങളും തമ്മില്‍ യാതൊരു വൈരുദ്ധ്യവുമില്ല. വിമര്‍ശകന്‍ മനസ്സിലാക്കിയതിലാണ് അബദ്ധം സംഭവിച്ചിരിക്കുന്നത്. സൂറത്തുല്‍ ഖസ്വസ്വില്‍ പറയുന്നത് മൂസാനബി(അ)യുടെ ജനനത്തിനു മുമ്പുള്ള സംഭവവും സൂറത്തുല്‍ അഅ്‌റാഫില്‍ പറയുന്നത് മൂസാനബി(അ) പ്രവാചകനായതിനു ശേഷമുള്ള സംഭവവുമാണ്. സൂറത്തുല്‍ അഅ്‌റാഫില്‍ പറയുന്നതിന് വിമര്‍ശകന്‍ നല്‍കിയ അര്‍ത്ഥം തന്നെ ഇങ്ങനെയാണല്ലോ.
‘ഫിര്‍ഔന്‍ സമുദായത്തിലെ നേതാക്കള്‍ ചോദിച്ചു: ഭൂമിയില്‍ നാശമുണ്ടാക്കുകയും നിന്റെയും നിന്റെ ദൈവങ്ങളെയും ഉപേക്ഷിക്കുകയും ചെയ്യേണ്ടതിന് മൂസായെയും അവന്റെ ജനതയെയും നീ വിടുകയാണോ? അവന്‍ പറഞ്ഞു: നിശ്ചയമായും അവരുടെ ആണ്‍മക്കളെ നാം കൊന്നുകളയും. അവരു ടെ സ്ത്രീകളെ അവശേഷിപ്പിക്കുകയും ചെയ്യും. നാമെന്തിന് പേടിക്കണം? നാം അവരുടെ മേല്‍ ആധിപത്യം വഹിക്കുന്നുണ്ടല്ലോ.’
ഭൂമിയില്‍ നാശമുണ്ടാക്കുകയും നിന്റെയും നിന്റെ ദൈവങ്ങളെയും ഉപേക്ഷിക്കുകയും ചെയ്യേണ്ടതിന് മൂസായെയും അവന്റെ ജനതയെയും നീ വിടുകയാണോ? എന്ന് ഫറോവയോട് നേതാക്കന്മാര്‍ ചോദിക്കണമെങ്കില്‍ മൂസ(അ) ജനിച്ച് പ്രവാചകനായി അനുയായികള്‍ ഉണ്ടാകണമല്ലോ. അതിനുള്ള മറുപടിയാണ് ഫറോവ ഇപ്രകാരം നല്‍കിയത്:
‘നിശ്ചയമായും അവരുടെ ആണ്‍മക്കളെ നാം കൊന്നുകളയും. അവരുടെ സ്ത്രീകളെ അവശേഷിപ്പിക്കുകയും ചെയ്യും. നാമെന്തിന് പേടിക്കണം? നാം അവരുടെ മേല്‍ ആധിപത്യം വഹിക്കുന്നുണ്ടല്ലോ.’
ഇങ്ങനെ ഫറോവ പറഞ്ഞത് മൂസാനബി(അ) കാരണം തന്റെ ആധിപത്യമോ സ്വാധീനമോ നഷ്ടപ്പെട്ടിട്ടില്ലെന്ന് അനുയായികളെ ബോധ്യപ്പെടുത്താനാണ്. മൂസാ(അ) ജനിക്കുന്നതിനു മുമ്പുണ്ടായിരുന്ന തന്റെ സ്വാധീനവും ആധിപത്യവും ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും ഒരു ആണ്‍കുട്ടിയിലൂടെ തന്റെ ആധിപത്യം നഷ്ടമാകുമെന്ന് ജ്യോത്സ്യന്മാര്‍ പ്രവചിച്ച കുട്ടി മൂസയാണെന്ന് ധരിക്കാതിരിക്കാനുമാണ് അവന്‍ അപ്രകാരം പ്രഖ്യാപിച്ചത്. ഇമാം ബൈളാവി(റ)യുടെ വിശദീകരണം കാണുക: ‘നിശ്ചയമായും അവരുടെ ആണ്‍മക്കളെ നാം കൊന്നുകളയും. അവരുടെ സ്ത്രീകളെ അവശേഷിപ്പിക്കുകയും ചെയ്യും. മുമ്പ് നാം ചെയ്തിരുന്നതുപോലെ. മുമ്പുണ്ടായിരുന്ന ആധിപത്യവും സ്വാധീനവും നമുക്ക് ഇപ്പോഴും നിലനില്‍ക്കുമെന്നും ഇസ്‌റാഈല്യരില്‍ പിറക്കുന്ന ഒരാണ്‍കുട്ടിയിലൂടെ നമ്മുടെ അധികാരം നഷ്ടമാകുമെന്ന് ജ്യോത്സ്യന്മാരും നക്ഷത്രജ്ഞരും പ്രവചിച്ച കുട്ടി മൂസയാണെന്ന് ആരും ധരിക്കേണ്ടതില്ലെന്നും ബോധ്യപ്പെടുത്താനാണ് ഫറോവ അങ്ങനെ പറഞ്ഞത് (ബൈളാവി 2/304).
അതേസമയം സൂറത്തുല്‍ ഖസ്വസ്വ് 4-7 വചനങ്ങളില്‍ പറയുന്നത് മൂസാനബി(അ) ജനിക്കുന്നതിനു മുമ്പുള്ള സംഭവവുമാണ്. ഇമാം ബൈളാവി(റ) എഴുതി: ‘അവരുടെ ആണ്‍സന്താനങ്ങളെ അവന്‍ അറുകൊല നടത്തുകയും സ്ത്രീകളെ ജീവനോടെ വിടുകയും ചെയ്തിരുന്നു.’ ഇതിനു ഹേതുകം ഇസ്‌റാഈല്യരില്‍ ജനിക്കുന്ന ഒരുകുട്ടി കാരണമായി നിന്റെ അധികാരം നഷ്ടപ്പെടുമെന്ന് ഒരു ജ്യോത്സ്യന്‍ ഫറോവയോട് പറഞ്ഞിരുന്നതാണ്. എന്നാല്‍ ഫറോവയുടെ അങ്ങേയറ്റത്തെ വിഡ്ഢിത്തത്തിന്റെ ഭാഗമായിവേണം ഈ കൊലയെ കാണാന്‍. കാരണം ജ്യോത്സ്യന്‍ പറഞ്ഞത് സത്യമാണെങ്കില്‍ വധം കൊണ്ട് അതില്ലാതെയാവില്ല. അത് കളവാണെങ്കില്‍ വധിക്കാന്‍ ന്യായവുമില്ല (ബൈളാവി 4/448).
ചുരുക്കത്തില്‍ ഇസ്‌റാഈല്യര്‍ക്ക് ജനിക്കുന്ന ആണ്‍കുഞ്ഞുങ്ങളെയെല്ലാം വധിക്കാന്‍ രണ്ടുതവണ ഫറോവ ഉത്തരവിട്ടതായി ഖുര്‍ആന്‍ പറയുന്നു. ഒന്ന് മൂസാനബി(അ)യുടെ ജനനകാലത്തും രണ്ടാമത്തേത് മൂസാ(അ) പ്രവാചകനായതിനു ശേഷവും. മൂസാനബി(അ)യെ വിശ്വസിച്ചവരുടെ ആണ്‍മക്കളെ വധിക്കാനായിരുന്നു രണ്ടാമത്തെ കല്‍പന. വിശുദ്ധ ഖുര്‍ആന്റെ ആശയങ്ങളും സാഹചര്യങ്ങളും സന്ദര്‍ഭങ്ങളും മനസ്സിലാക്കാതെ ഖുര്‍ആനെ വിമര്‍ശിക്കുന്നത് തനിവിവരക്കേടാണെന്നേ പറയാനുള്ളൂ.
ആകാശമോ ഭൂമിയോ ആദ്യം?
ആകാശ-ഭൂമികളുടെ സൃഷ്ടിപ്പ് സംബന്ധിച്ചും ഖുര്‍ആന്‍ വിരുദ്ധ പ്രസ്താവന നടത്തുന്നുണ്ടെന്ന് ഇസ്‌ലാം വിമര്‍ശകനായ അബ്ദുല്‍ ഫാദി എഴുതുകയുണ്ടായി. ഇതു കാണുക:
‘പ്രവാചകരേ, ഇവരോട് പറയുക. രണ്ടുനാളുകളിലായി ഭൂമിയെ സൃഷ്ടിച്ചതേതൊരു ദൈവമാണോ അവനെ നിഷേധിക്കുകയും ഇതരന്മാരെ അവന് തുല്യരായി കല്‍പിക്കുകയുമാണോ നിങ്ങള്‍? അവനാകട്ടെ സര്‍വലോകങ്ങളുടെയും നാഥനാകുന്നു. അവന്‍ അതിന് മീതെനിന്ന് പര്‍വതങ്ങളുറപ്പിച്ചു. അതില്‍ അനുഗ്രഹങ്ങള്‍ നിക്ഷേപിച്ചു. ചോദിക്കുന്നവര്‍ക്കൊക്കെയും അവരവരുടെ ആവശ്യത്തിനും താല്‍പര്യത്തിനും അനുസൃതമായ ആഹാരവിഭവങ്ങള്‍ അതിനകത്ത് ഒരുക്കിവെക്കുകയും ചെയ്തു. ഈ ജോലികളെല്ലാം നാലു നാളുകളിലായി നടന്നു. പിന്നെ അവന്‍ ആകാശത്തിന് നേരെ തിരിഞ്ഞു. ആ ഘട്ടത്തില്‍ അത് കേവലം ധൂമമായിരുന്നു. ആകാശത്തോടും ഭൂമിയോടും അവന്‍ പറഞ്ഞു. രണ്ടും ഉണ്ടായി വരുവീന്‍; നിങ്ങള്‍ ഇച്ഛിച്ചാലും ഇല്ലെങ്കിലും. അവ പറഞ്ഞു: ഞങ്ങളിതാ ആജ്ഞാനുവര്‍ത്തികളായി വന്നിരിക്കുന്നു. അപ്പോള്‍ അവന്‍ രണ്ടു നാളുകളിലായി സപ്തവാനങ്ങളുണ്ടാക്കുകയും ഓരോ വാനത്തിനും അതിന്റെ നിയമങ്ങള്‍ ബോധനം നല്‍കുകയും ചെയ്തു. അടുത്ത ആകാശത്തെ നാം ദീപാലംകൃതമാക്കി. തികച്ചും സുരക്ഷിതവുമാക്കി. ഇതൊക്കെയും സര്‍വജ്ഞനായ ഒരു പരമശക്തന്റെ സംവിധാനമാകുന്നു’ (സൂറ ഫുസ്വിലത്ത് 41: 9-12). ഈ ഭാഗങ്ങളില്‍ ആകാശത്തെ ആദ്യം പടച്ചു എന്നാണത്രെ. ഇതിനു വൈരുദ്ധ്യമെന്നവിധം അബ്ദുല്‍ ഫാദി ഉദ്ധരിക്കുന്നു:
‘നിങ്ങളുടെ സൃഷ്ടിയാണോ കൂടുതല്‍ പ്രയാസകരം? അതല്ല ആകാശത്തിന്റേയോ? അതിനെ നിര്‍മിച്ച് അതിന്റെ മേല്‍പ്പുര നന്നായി ഉയര്‍ത്തി. എന്നിട്ട് സന്തുലിതമായി സ്ഥാപിച്ചു. അതിന്റെ രാവിനെ അവന്‍ മൂടി. പകലിനെ വെളിപ്പെടുത്തുകയും ചെയ്തു. ഭൂമിയോ, അനന്തരം അതിനെ അവന്‍ പരത്തി. അതിനകത്തുനിന്ന് അതിലെ ജലത്തെയും സസ്യങ്ങളെയും പുറപ്പെടുവിച്ചു’ (സൂറ അന്നാസിആത്ത് 79: 27-32).
(ഉദ്ധരണം: ഖുര്‍ആന്‍ തെറ്റുകള്‍ക്കതീതമോ? പേ. 302). ഇതില്‍ പറയുന്നത് ആദ്യം പടച്ചത് ഭൂമിയാണെന്നും!
മറുപടി
പ്രസ്തുത വചനങ്ങള്‍ തമ്മില്‍ യാതൊരു വൈരുദ്ധ്യവുമില്ല. കാരണം ഒന്നുകില്‍ ഭൂമിയുടെ സൃഷ്ടിപ്പ് ഒരു വീക്ഷണപ്രകാരം മുന്തിയതും മറ്റൊരു വീക്ഷണപ്രകാരം പിന്തിയതും ആകാമല്ലോ. 79: 30-ന്റെ വിശദീകരണത്തില്‍ ഇമാം റാസി(റ) എഴുതുന്നു: നിശ്ചയം അല്ലാഹു ആദ്യമായി ഭൂമിയെ സൃഷ്ടിച്ചു. രണ്ടാമതായി ആകാശം സൃഷ്ടിച്ചു. പിന്നീട് മൂന്നാമതായി ഭൂമിയെ വികസിപ്പിച്ചെടുത്തു (റാസി 16/342).
അല്‍ബഖറ 2/29-ന്റെ വിശദീകരണത്തില്‍ അദ്ദേഹം എഴുതുന്നു: ഭൂമിയുടെ സൃഷ്ടിപ്പ് ആകാശത്തിന്റെ സൃഷ്ടിപ്പിനു മുമ്പാകാം. എങ്കിലും ഭൂമിയെ വികസിപ്പിച്ചെടുത്തത് ആകാശം സൃഷ്ടിച്ചതിനു ശേഷവുമാകാം (റാസി 1/ 434).
ഇമാം റാസി(റ) തുടരുന്നു: പിന്നെ എന്നര്‍ത്ഥം കാണിക്കുന്ന ‘സുമ്മ’ സംഭവങ്ങളുടെ കാലക്രമത്തെ കാണിക്കാനുള്ളതല്ല. പ്രത്യുത അനുഗ്രഹങ്ങള്‍ എണ്ണിപ്പറയുമ്പോള്‍ പ്രയോഗിക്കാറുള്ളതാണ്. ഉദാഹരണത്തിന് ഒരാള്‍ മറ്റൊരാളോട് ഇപ്രകാരം പറയാറുണ്ട്: ‘വലിയ അനുഗ്രഹങ്ങള്‍ നിനക്കു ഞാന്‍ ചെയ്തു തന്നില്ലയോ? പിന്നെ നിന്റെ സ്ഥാനം ഞാന്‍ ഉയര്‍ത്തിയില്ലയോ? പിന്നെ പ്രതിയോഗികളെ നിന്നെ തൊട്ട് ഞാന്‍ തട്ടിമാറ്റിയില്ലയോ?’ അവന്‍ പിന്തിച്ചു പറഞ്ഞ ചിലത് യഥാര്‍ത്ഥത്തില്‍ മുന്തിയതാവാം. അതുപോലുള്ളൊരു പ്രയോഗമാണ് ഇവിടെയുള്ളതും (റാസി 1/434). അതായത് 79/27-32ല്‍ ഭൂമിയെ അടിസ്ഥാന പരമായി സൃഷ്ടിച്ചു എന്നല്ല പറയുന്നത്. മറിച്ച് വികസിപ്പിച്ചു, സംവിധാനങ്ങളൊരുക്കി എന്നൊക്കെയാണ്. അത് ആകാശം പടച്ചതിനു ശേഷവുമാകാമല്ലോ.
ഖുര്‍ആനിനെ സംബന്ധിച്ച പരാമര്‍ശം
വിമര്‍ശകരുടെ മറ്റൊരു ആരോപണം ശ്രദ്ധിക്കാം. വിശുദ്ധ ഖുര്‍ആന്‍ സുവ്യക്തമായ അറബി ഭാഷയിലാണെന്ന് നഹ്ല്‍ 16: 103-ല്‍ പറയുന്നു:
‘ഇത് വ്യക്തമായ അറബിഭാഷയാകുന്നു.’ ഇതിനു വിപരീതമായി അല്ലാഹുവിനു മാത്രമേ ഖുര്‍ആനിന്റെ വ്യാഖ്യാനം അറിയൂ എന്ന് ആലുഇംറാന്‍ 3: 7-ല്‍ പറയുന്നു:
‘അതിന്റെ സാക്ഷാല്‍ വ്യാഖ്യാനം അല്ലാഹുവിനു മാത്രമേ അറിയുകയുള്ളൂ.’ ഈ രണ്ട് വചനങ്ങള്‍ തമ്മില്‍ വൈരുദ്ധ്യമില്ലേ?
മറുപടി
ഒരിക്കലും വൈരുദ്ധ്യമില്ല. കാരണം രണ്ട് വചനങ്ങളിലും ചര്‍ച്ചചെയ്യുന്നത് ഒരേ വിഷയത്തെക്കുറിച്ചല്ല. 16: 103-ല്‍ മക്കാമുശ്‌രിക്കുകളുടെ ആരോപണത്തിനുള്ള മറുപടിയാണ് അല്ലാഹു പറയുന്നത്. ഒരനറബി പറഞ്ഞുകൊടുക്കുന്ന കാര്യങ്ങളാണ് മുഹമ്മദ് പറയുന്നതെന്നായിരുന്നു അവരുടെ ആരോപണം. അതിനുമുമ്പുള്ള പരാമര്‍ശം കാണുക:
‘ഒരു മനുഷ്യന്‍ തന്നെയാണ് നബിക്ക് പഠിപ്പിച്ചുകൊടുക്കുന്നതെന്ന് അവര്‍ പറയുന്നുണ്ടെന്ന് തീര്‍ച്ചയായും നമുക്കറിയാം. അവര്‍ ദുസ്സൂചന നടത്തിക്കൊണ്ടിരിക്കുന്നത് ഏതൊരാളെപ്പറ്റിയാണോ അയാളുടെ ഭാഷ അനറബിയാകുന്നു. ഖുര്‍ആനാകട്ടെ വ്യക്തമായ അറബി ഭാഷയുമാകുന്നു.’
വിശുദ്ധ ഖുര്‍ആനിന്റെ ഈ ഖണ്ഡനത്തെ രണ്ടു രൂപത്തില്‍ വിശദീകരിക്കാം:
1-നിങ്ങള്‍ ആരോപിക്കുന്ന വ്യക്തിയില്‍ നിന്ന് മുഹമ്മദ് നബി(സ്വ) കേട്ടത് അനറബിയാണ്. നബിക്കോ നിങ്ങള്‍ക്കോ അതു മനസ്സിലാവുകയില്ല. ഖുര്‍ആനാകട്ടെ വ്യക്തമായ അറബി ഭാഷയിലാണ്. വ്യക്തമായ അറബിഭാഷയില്‍ ആര്‍ക്കും മനസ്സിലാക്കാവുന്ന സരളമായ ശൈലിയിലാണ് ഖുര്‍ആന്‍ കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. അതിനാല്‍ ഖുര്‍ആ ന്‍ ഒരനറബിയില്‍ നിന്ന് കേട്ട് പ്രവാചകര്‍ പാരായണം ചെയ്യുകയാണെന്ന് നിങ്ങള്‍ എങ്ങനെ പറയും?
2-ഇനി ആശയം മുഹമ്മദ് നബി(സ്വ) അനറബിയില്‍ നിന്ന് കേട്ടതാണെന്ന് നാം സമ്മതിച്ചാല്‍ തന്നെ അതിനുള്ള വാചകം അയാളില്‍ നിന്ന് കേട്ടിട്ടില്ലല്ലോ. കാരണം അയാള്‍ അനറബിയും ഖുര്‍ആന്‍ അറബിയുമാണല്ലോ. ഖുര്‍ആന്‍ ആശയപരമായി അമാനുഷികമാണെന്ന പോലെ വാചകപരമായും അമാനുഷികമാണ്. ഇതിനു പുറമെ ഖുര്‍ആനില്‍ പരാമര്‍ശിക്കുന്ന നിരവധി വിജ്ഞാനങ്ങള്‍ ആ വിജ്ഞാനശാഖകളില്‍ നൈപുണ്യം നേടിയ ഒരു ഗുരുവിന്റെ കൂടെ സുദീര്‍ഘമായ കാലം കഴിച്ചുകൂട്ടിയാലല്ലാതെ പഠിക്കാന്‍ സാധ്യമല്ല. എന്നിരിക്കെ അങ്ങാടിയില്‍ ജോലിചെയ്യുന്ന ഒരടിമയില്‍ നിന്ന് അങ്ങാടിയില്‍ പോകുന്ന സമയത്തു മാത്രം അര്‍ത്ഥമറിയാത്ത ചില അനറബി പദങ്ങള്‍ കേട്ട് അതെല്ലാം നബി(സ്വ) പഠിച്ചുവെന്ന് പറയുന്നതെങ്ങനെ? ഇതുപോലുള്ള താഴ്ന്ന ആരോപണങ്ങള്‍ ഉന്നയിക്കുന്നത് അവരുടെ അശക്തതയെയാണ് കാണിക്കുന്നത് (ബൈളാവി 3/382).
വിശുദ്ധ ഖുര്‍ആനില്‍ മുഹ്കമ്, മുതശാബിഹ് എന്നിങ്ങനെ രണ്ടുതരം വചനങ്ങളുണ്ടെന്ന് പഠിപ്പിക്കുന്നുണ്ട്. അല്ലാഹു പറയുന്നു:
‘(നബിയേ) താങ്കള്‍ക്ക് വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിരിക്കുന്നത് അവനാണ്. അതില്‍ സുവ്യക്തവും ഖണ്ഡിതവുമായ വചനങ്ങളുണ്ട്. അവയത്രെ വേദഗ്രന്ഥത്തിന്റെ മൗലികഭാഗം. ആശയത്തില്‍ സാദൃശ്യമുള്ള ചില വചനങ്ങളുമുണ്ട്. എന്നാല്‍ മനസ്സുകളില്‍ വക്രതയുള്ളവര്‍ കുഴപ്പമുണ്ടാക്കാനുദ്ദേശിച്ചുകൊണ്ടും ദുര്‍വ്യാഖ്യാനം നടത്താനാഗ്രഹിച്ചുകൊണ്ടും ആശയത്തില്‍ സാദൃശ്യമുള്ള വചനങ്ങളെ പിന്തുടരുന്നു. അതിന്റെ സാക്ഷാല്‍ വ്യാഖ്യാനം അല്ലാഹുവിന് മാത്ര മേ അറിയുകയുള്ളൂ. അറിവില്‍ അടിയുറച്ചവര്‍ പറയും: ‘ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു. എല്ലാം ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു.’ ബുദ്ധിശാലികള്‍ മാത്രമേ ആലോചിച്ച് മനസ്സിലാക്കുകയുള്ളൂ’ (ആലു ഇംറാന്‍ 3: 7).
ഈ സൂക്തത്തില്‍ രണ്ടുതരം വചനങ്ങളെയാണ് അല്ലാഹു പരിചയപ്പെടുത്തുന്നത്. മതത്തിന്റെ മൗലിക സിദ്ധാന്തങ്ങളും ആദര്‍ശ വിശ്വാസങ്ങളും ആരാധനാ കര്‍മങ്ങളും സദാചാര നിയമങ്ങളും വിധിവിലക്കുകളുമെല്ലാം വിവരിക്കുന്നത് മുഹ്കമാത് എന്നു വിളിക്കുന്ന വചനങ്ങളിലാണ്. സുവ്യക്തമായ ഭാഷയിലും അര്‍ത്ഥനിര്‍ണയത്തില്‍ യാതൊരുവിധ സംശയത്തിനും പഴുതില്ലാത്തതും ദുര്‍വ്യാഖ്യാനം ചെയ്യാന്‍ സാധ്യത നന്നേ കുറവായിട്ടുള്ളതുമായ വാക്യങ്ങളാണിവ. വിശുദ്ധ ഖുര്‍ആന്റെ അമാനുഷികതയും അന്ത്യപ്രവാചകരുടെ സത്യസന്ധതയും വ്യക്തമാക്കാനുതകുന്ന വചനങ്ങളും മുഹ്കം തന്നെയാണ്. ഒരു സത്യാന്വേഷിയുടെ ആത്മസംതൃപ്തിക്കും മാര്‍ഗദര്‍ശനത്തിനും ആവശ്യമായ കാര്യങ്ങളെല്ലാം വ്യക്തവും സുതാര്യവും സംശയരഹിതവുമായി ഇത്തരം സൂക്തങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്.
എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി മുതശാബിഹ് എന്നൊരു വകുപ്പുകൂടി ഖുര്‍ആന്‍ പ്രതിപാദിക്കുന്നുണ്ട്. ഇതിന്റെ അര്‍ത്ഥതലങ്ങള്‍ ഖണ്ഡിതമായി അറിയുന്നവന്‍ അല്ലാഹു മാത്രമാണ്. ഇന്ദ്രിയാതീതമായ കാര്യങ്ങള്‍ വിശദീകരിക്കാന്‍ മനുഷ്യര്‍ക്കു സ്വയം സാധ്യമല്ല. കാരണം അവരുടെ ഭാഷ അതിനു അപര്യാപ്തമാണ്. എന്നാല്‍ വിശുദ്ധ ഖുര്‍ആ ന്‍ ഇത്തരം കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത് മനുഷ്യഭാഷയില്‍ സാധാരണ ഉപയോഗിച്ചുവരാറുള്ള പദപ്രയോഗങ്ങളിലൂടെ തന്നെയാണ്. ഇത്തരം പദങ്ങള്‍ ബാഹ്യാര്‍ത്ഥത്തില്‍ വിലയിരുത്തി ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന വക്രമനസ്സുള്ളവരെ വിമര്‍ശിക്കുകയാണ് ഖുര്‍ആനിവിടെ ചെയ്യുന്നത്. ഇത്തരം വചനങ്ങളുടെ ഖണ്ഡിതമായ ആശയങ്ങള്‍ അല്ലാഹുവിനു മാത്രമേ അറിയൂ എന്നാണ് ഈ സൂക്തത്തില്‍ അവന്‍ പറയുന്നത്. അതിനാല്‍ ഈ വചനത്തില്‍ പ റയുന്ന ആശയം, സുവ്യക്തമായ അറബിഭാഷയിലാണ് ഖുര്‍ആനെന്ന് പറയുന്ന വചനവുമായി യാതൊരുവിധ വൈരുദ്ധ്യവും പുലര്‍ത്തുന്നില്ല. കാരണം ഇത്തരം വചനങ്ങളും സുവ്യക്തമായ അറബിയില്‍ തന്നെയാണുള്ളത്. അവക്ക് നല്‍കാവുന്ന ചില അര്‍ത്ഥങ്ങള്‍ പണ്ഡിതന്മാര്‍ വിവരിച്ചിട്ടുമുണ്ട്. എന്നാല്‍ അവയുടെ ഖണ്ഡിതമായ ലക്ഷ്യം എന്താണെന്ന് തീരുമാനിക്കാന്‍ മനുഷ്യര്‍ക്കാവില്ല. അത് അല്ലാഹുവിനു മാത്രമേ സാധ്യമാകൂ. അതുകൊണ്ട് ഖുര്‍ആന്‍ വ്യക്തമായ അറബി ഭാഷയിലാണെന്നതിന് ഇത് എതിരല്ല. ഭാഷയുടെ പ്രശ്‌നമല്ല, മറിച്ച് ഇവ ഉള്‍ക്കൊണ്ട ആശയത്തിന്റെ തീവ്രതയാണത്.
(തുടരും)