AL-Fathiha

നിസ്കാരത്തിന്‍റേതു മാത്രമല്ല, വിശ്വാസിയുടെ ജീവിതത്തിന്‍റെ തന്നെ ആത്മാവാണ് സൂറത്തുല്‍ ഫാതിഹ. ഈ സൂറത്ത് പാരായണം ചെയ്യാതെ നിസ്കാരം സ്വഹീഹല്ലെന്നാണ് തിരുവരുള്‍. ഫാതിഹയുടെ ഓരോ പദത്തിന്‍റെയും അര്‍ത്ഥസാരങ്ങള്‍ അനവധിയാണ്. ഇലാഹീ വാക്യത്തിന്‍റെ ഘടന, വ്യാകരണ ഭാവങ്ങള്‍, സാഹിതീയ സൗകുമാര്യതകള്‍ എല്ലാം ചേര്‍ന്ന് അവാച്യമായ ഒരു ആത്മീയാനുഭൂതി ഫാതിഹ പ്രദാനം ചെയ്യുന്നുണ്ട്. ഫാതിഹയിലെ വളരെ പ്രാധാന്യമുള്ള ആശയമാണ് അല്ലാഹുവിന്‍റെ റഹ്മത്ത്. റഹ്മാന്‍, റഹീം എന്നീ രണ്ടു പദങ്ങളാണ് ഇവ്വിഷയകമായി സൂറത്തില്‍ പ്രയോഗിച്ചിട്ടുള്ളത്. അല്ലാഹുവിനെ അനുസരിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും കരുണ ചെയ്യുന്നവന്‍ എന്ന റഹ്മത്തിന്‍റെ മൂര്‍ത്തി ഭാവത്തെയാണ് റഹ്മാന്‍ എന്നതര്‍ത്ഥമാക്കുന്നത്. അല്ലാഹുവിന്‍റെ റഹ്മത്തിന്‍റെ തെളിവാണ് റബ്ബിനു മുമ്പിലുള്ള തന്‍റെ നിസ്കാരമെന്ന് വിശ്വാസി തിരിച്ചറിയുന്നു. അല്ലാഹു സൂക്ഷ്മ ജ്ഞാനിയാണ്. മറ്റെന്തിനേക്കാളും അടിമയോട് അവനടുത്ത് നില്‍ക്കുന്നു. അടിമയുടെ തെറ്റുകളും പോരായ്മകളുമെല്ലാമറിഞ്ഞിട്ടും അഗാധമായ സ്നേഹത്തിന്‍റെ കവാടം അവന്‍ കൊട്ടിയടച്ചില്ല. കരുണയുടെ വര്‍ഷത്തെ ദേഷ്യത്തിന്‍റെ വെയില്‍ കൊണ്ട് മറച്ചതുമില്ല. സമൂഹത്തിനു മുന്നില്‍ അടിമ അഭിമാനിയായി ജീവിക്കുന്നു. ഒരു തൊഴിലാളിയാണ് തന്‍റെ ഉടമയോട് ഇത്തരം തെറ്റുകള്‍ ചെയ്തതെങ്കില്‍ ഉടമയുടെ അടുത്ത് വരാന്‍ സാധിക്കുമായിരുന്നില്ല. ഇലാഹീ സ്നേഹം കൊണ്ട് ഹൃദയം നിറഞ്ഞൊലിച്ച് ബാഷ്പകണങ്ങളായി മിഴികളിലൂടെ ചാലിട്ടൊഴുകേണ്ട ഘട്ടമാണിത്.

നബി(സ്വ) പറഞ്ഞു: ഐഹിക ലോകത്തിന് കൊതുകിന്‍റെ ചിറകിന്‍റെ മൂല്യമെങ്കിലും അല്ലാഹു നല്‍കിയിരുന്നെങ്കില്‍ അവിശ്വാസിക്ക് ഒരു തുള്ളി വെള്ളം പോലും ലഭിക്കുമായിരുന്നില്ല. പുല്ലുവില പോലും ദുനിയാവിന് നാഥന്‍ നല്‍കിയിട്ടില്ല. മനുഷ്യന്‍റെ വിസര്‍ജ്യം ഈ നിസ്സാരത അവനെ ബോധ്യപ്പെടുത്താന്‍ അല്ലാഹു നിശ്ചയിച്ച സംവിധാനമത്രെ. ഭക്ഷ്യവിഭവങ്ങളുടെ അകക്കാമ്പ് ഭക്ഷിക്കുന്നവനാണ് മനുഷ്യന്‍. കാലികള്‍ വൈക്കോല്‍ ആഹരിക്കുന്നു. അകക്കാമ്പ് ഭക്ഷിച്ചിട്ടും അവന്‍റെ വിസര്‍ജ്യത്തിന് ഏറെ വൃത്തികെട്ട നാറ്റമാണ്. ഈ അസുഖകരമായ വാസനയെ നിത്യേന ബോധ്യപ്പെടുത്തുന്നതിലൂടെ ഇഹലോകത്തിന്‍റെ നിസ്സാരതയാണ് മനുഷ്യന്‍ ഗ്രഹിക്കേണ്ടത്. ഭൗതികമായി ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്നവരാണെങ്കിലും വിസര്‍ജനവും ശുചീകരണ പ്രക്രിയയും സ്വയം നിര്‍വഹിക്കേണ്ടി വരുന്ന രൂപത്തിലാണ് അല്ലാഹുവിന്‍റെ സംവിധാനം. ഐഹികം ഇത്ര നിസ്സാരമായതുകൊണ്ടാണ് കരുണയെ അല്ലാഹു വാരിവിതറിയത്.

എന്നാല്‍ പരലോകത്ത് നാറ്റമുള്ള വിസര്‍ജ്യമോ വിസര്‍ജനമോ ഇല്ല. മറിച്ച്, കഴിച്ച ഭക്ഷണങ്ങള്‍ മുഴുവനും സുഗന്ധമായി പരിമളം പരത്തുന്നു. ഉന്നതമായ സ്വര്‍ഗത്തിന്‍റെ സ്വഭാവമാണത്. പുതിയ ഭക്ഷണം കഴിക്കണമെന്നാഗ്രഹിക്കുമ്പോള്‍ നിലവിലുള്ളത് കസ്തൂരിയായി മാറുന്നു. അതിനാല്‍ സമ്പത്തോ മറ്റു സ്ഥാനമാനങ്ങളോ ലഭ്യമായതിന്‍റെ പേരില്‍ സന്തോഷിക്കാന്‍ പോലും അടിമകള്‍ക്കവകാശമില്ല. കാരണം ദുനിയാവ് അത്രയും മ്ലേച്ഛമാണ്. അല്ലാഹു എന്നെ സ്നേഹിച്ച് നല്‍കിയതാണെന്ന ചിന്തയും വ്യര്‍ത്ഥമാണ്. കാരണം, അവിശ്വാസികളും ഇത്തരം സുഖസമൃദ്ധികള്‍ വേണ്ടുവോളം അനുഭവിക്കുന്നുണ്ട്. ദുനിയാവിനെ ശവത്തോടും അത് തേടി നടക്കുന്നവനെ ശവംതീനിയായ നായയോടുമാണ് തിരുനബി(സ്വ) ഉപമിച്ചത്.

അടിമ എന്ന മേല്‍വിലാസത്തില്‍ വിശ്വാസി നന്നായി ആസ്വദിച്ച വിശേഷണമാണ് റഹ്മാന്‍. അതിനു ശേഷമാണ് റഹീമെന്ന വാക്യത്തിലേക്ക് വരുന്നത്. ദുനിയാവിലെ കര്‍മങ്ങള്‍ക്ക് കൃത്യമായി പ്രതിഫലം നല്‍കുന്നവനാണവന്‍. പരലോകത്താണ് വിചാരണ നടക്കുന്നത്. ചെറിയ വ്യത്യാസം പോലും രേഖപ്പെടുത്താന്‍ കഴിയുന്ന സംവിധാനമായ മീസാനി(തുലാസ്)ലാണ് കണക്കെടുപ്പ്. തുലാസില്‍ തിന്മയെക്കാള്‍ അണുമണിത്തൂക്കം നന്മ ഏറെയുണ്ടെങ്കില്‍ അല്ലാഹു അടിമയെ രക്ഷപ്പെടുത്തും. അത്രയും വലിയ കാരുണ്യവാനാണവന്‍. അടിമകളെ സംബന്ധിച്ച എല്ലാമറിയുന്ന അല്ലാഹുവിന് തുലാസിന്‍റെ ആവശ്യമില്ല. പക്ഷേ അടിമകളെ കാര്യങ്ങളല്ലാം ബോധ്യപ്പെടുത്തുന്ന നീതിമാനാണ് അല്ലാഹു. അതിനു വേണ്ടി തുലാസ് തയ്യാറാക്കിയതാണ്.

മനുഷ്യന്‍ പരാശ്രയിയാണ്. നിത്യേനയുള്ള സകല പ്രവര്‍ത്തനങ്ങളിലും അവര്‍ മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരുന്നു. ഇവിടെയാണ് നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുകയും നിന്നെ മാത്രം ആരാധിക്കുകയും ചെയ്യുന്നു എന്ന സൂക്തം സംവാദ വിധേയമാകുന്നത്. അടിമക്ക് ആരില്‍ നിന്ന് സഹായം ലഭിച്ചാലും അത് അല്ലാഹുവില്‍ നിന്നാണെന്ന തുറന്നുപറച്ചിലാണ് പ്രസ്തുത സൂക്തം. സര്‍വ സ്തുതികളും നിനക്കാണെന്ന സൂക്തത്തിന്‍റെ മറ്റൊരു വകഭേദമാണിത്. നബി(സ്വ) പറഞ്ഞു: നിങ്ങള്‍ സഹായം ചോദിക്കുമ്പോള്‍ അല്ലാഹുവിനോട് ചോദിക്കുക. നംറൂദ് ഇബ്റാഹീം നബി(അ)യെ തെറ്റുവില്ലില്‍ ബന്ധിച്ച് അഗ്നിയിലേക്ക് എറിയാനൊരുങ്ങുമ്പോള്‍ ജിബ്രീല്‍(അ) ചോദിച്ചു: എന്തെങ്കിലും സഹായം വേണോ? ഇബ്റാഹീം നബി(അ) മറുപടി നല്‍കി: ‘വേണ്ട, എന്‍റെ സ്ഥിതി അല്ലാഹുവിനറിയുമല്ലോ.’ ഉന്നത ശ്രേണിയിലെത്തിയവര്‍ അല്ലാഹുവിനോട് മാത്രമേ ചോദിക്കൂ.

ജനങ്ങള്‍ക്ക് നന്ദി ചെയ്യാത്തവന്‍ അല്ലാഹു വിന് നന്ദി ചെയ്തിട്ടില്ല (ഹദീസ്). ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന സഹായങ്ങള്‍ക്ക് നന്ദി പ്രകടിപ്പിക്കല്‍ അല്ലാഹുവിനുള്ള നന്ദി പ്രകടനമാണ്. കാരണം, അടിമക്ക് നന്ദി ചെയ്യാനുള്ള നാഥന്‍റെ കല്‍പനയെ ശിരസ്സാവഹിക്കുകയാണവന്‍. പുത്തന്‍വാദികള്‍ എറെ അപകടകരവും അപക്വവുമായ വീക്ഷണത്തിലേക്കാണ് ഈ സൂക്തവുമായി ബന്ധപ്പെട്ട് പോയിരിക്കുന്നത്. കര്‍മങ്ങളെ മനുഷ്യ കഴിവില്‍ പെട്ടത്, പെടാത്തത് എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുകയാണ് ബിദഇകള്‍. സുന്നികളെ മുശ്രിക്കുകളാക്കാനാണ് ഈ തരംതിരിവെങ്കിലും അവതരിപ്പിക്കപ്പെട്ട ആശയം വഴി അവരെത്തിച്ചേര്‍ന്നിരിക്കുന്നത് മുഅ്തസിലി സിദ്ധാന്തത്തിലേക്കാണ്. മനുഷ്യ പ്രവര്‍ത്തനങ്ങള്‍ അവന്‍തന്നെ സൃഷ്ടിക്കുന്നതാണ്; അല്ലാഹുവിന് ഒരു പങ്കുമില്ലെന്നതാണ് മുഅ്തസിലി വീക്ഷണം.

ഇതോടെ അല്ലാഹുവിന്‍റെ ഖല്‍ഖ്(സൃഷ്ടിക്കുക) എന്ന വിശേഷണത്തില്‍ ഇവര്‍ പങ്കുചേര്‍ത്തു. യഥാര്‍ത്ഥത്തില്‍ എല്ലാ കര്‍മങ്ങളും സൃഷ്ടിക്കുന്നവന്‍ അല്ലാഹുവാണ്. ഒരു വസ്തുവിനും സ്വന്തമായി കഴിവ് നല്‍കപ്പെട്ടിട്ടില്ല. മറിച്ച്, നിശ്ചിത ഘട്ടങ്ങളില്‍ അല്ലാഹു നല്‍കുകയാണ് ചെയ്യുന്നത്. ഫാതിഹ സുന്നത്ത് ജമാഅത്ത് സമര്‍ത്ഥിക്കാനുള്ളതാണ്. ഞങ്ങളെ നേര്‍മാര്‍ഗത്തിലാക്കണേ എന്നാണ് ഒറ്റക്കു നിസ്കരിക്കുന്നവനും പ്രാര്‍ത്ഥിക്കുന്നത്. സ്വന്തം അമലുകളുടെ വൈകല്യം ബോധിച്ച അടിമ നല്ലവരായ അടിമകളുടെ ഇബാദത്തുകളെ തവസ്സുലാക്കുകയാണിവിടെ. അല്ലാഹുവിനുള്ള ആരാധനയില്‍ മാധ്യമങ്ങളെ സ്വീകരിക്കാന്‍ അല്ലാഹു തന്നെ കല്‍പ്പിച്ചിട്ടുണ്ട്. അല്ലെങ്കിലെന്തിനാണ് അവനെ ആരാധിക്കാന്‍ കഅ്ബയും മഖാമു ഇബ്റാഹീമുമൊക്കെ? ചുരുക്കത്തില്‍ ബിസ്മിയിലാരംഭിച്ച് ഇഹ്ദിനയിലെത്തുമ്പോഴേക്കും മൂന്ന് തവസ്സുലാണ് വിശ്വാസികള്‍ നിര്‍വഹിക്കുന്നത്.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

ദാനധര്‍മ്മം; മുസ്‌ലിമിനറെ മുഖമുദ്ര

മാനവതയുടെ മതമായ ഇസ്‌ലാമിന്‍റെ സാമ്പത്തിക ദര്‍ശനങ്ങള്‍ സമൂഹത്തിന്‍റെയാകമാനമുള്ള സാമ്പത്തിക ഭദ്രത ലക്ഷ്യം വെച്ചുള്ളതാണ്. ലോകം കണ്ടതില്‍…