അല്ലാഹുവില്‍ വിശ്വസിക്കുകയും അവനെ അറിഞ്ഞു ജീവിക്കുകയും ഈ സന്ദേശം മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുകയും ചെയ്യുന്ന ദൗത്യമാണ് സംഘടനാ പ്രവര്‍ത്തകര്‍ ഏറ്റെടുത്തിട്ടുള്ളത്. ഭൂമിയിലെ ഏറ്റവും വലിയ ധര്‍മം ഈ പ്രബോധനമാണ്. സമൂഹത്തെ ധര്‍മസജ്ജരാക്കാനും നാടിനെ നേരെ നടത്താനും ഇതിലൂടെ മാത്രമേ കഴിയൂ.
ഇതിന് സമൂഹ മനസ്സുകളെ സ്പര്‍ശിക്കുകയും പരിസരങ്ങളെ വായിച്ചറിയുകയും ചെയ്യുന്ന ജീവിത രീതി പുലര്‍ത്തേണ്ടതുണ്ട്. ജീവിതത്തിലെ വലിയ ദൗത്യമാണത്. സഞ്ചരിച്ച വഴിയില്‍ വെല്ലുവിളികളും പ്രതിസന്ധികളും നാം ധാരാളം അനുഭവിച്ചു. ദുരനുഭവങ്ങള്‍ക്കും വിവിധ പരീക്ഷണങ്ങള്‍ക്കും വിധേയരായി. അനുഭവങ്ങളെ പാഠമാക്കി മുന്നേറ്റവഴിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവര്‍ക്കേ വിജയിക്കാനാവൂ.
പ്രകൃതി സൗന്ദര്യം നിറഞ്ഞ നാടാണ് കേരളം. കേരളത്തിന് ശോഭനമായ ചരിത്രവും സാംസ്കാരിക പാരമ്പര്യവുമുണ്ട്. ഇന്ന് പക്ഷേ, സ്ഥിതി മാറിക്കൊണ്ടിരിക്കുന്നു. കേരളത്തിന്‍റെ പൈതൃകവും സംസ്കാരവും രാഷ്ട്രീയവുമെല്ലാം തിരുത്തി വായിക്കപ്പെടുന്നു. കുറ്റകൃത്യങ്ങളും ജീര്‍ണതകളും സംസ്ഥാനത്തെ കീഴടക്കിയിരിക്കുകയാണ്. ദൈവത്തിന്‍റെ നാട്ടില്‍ പിശാച് അടക്കിവാഴുന്നു.
വിവേകം വികാരങ്ങള്‍ക്ക് വഴിമാറുന്നതാണ് നാം കാണുന്നത്. മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയുമെല്ലാം വേദികളില്‍ ഇത് നടക്കുന്നു. സംഘടനാ പക്ഷപാതത്തിന്‍റെ പേരില്‍ യാഥാര്‍ത്ഥ്യങ്ങളെയും നിഷേധിക്കുന്നതിനും ദുഷ്പ്രചാരണങ്ങള്‍ അഴിച്ചുവിടുന്നതിനും ഒട്ടും മടിയില്ലാത്ത സ്ഥിതി. പണ്ഡിതവേഷധാരികള്‍ തന്നെയും ഈ ശൈലി സ്വീകരിക്കുന്നത് ഇസ്ലാമിനെയും മുസ്‌ലിംകളെയും തെറ്റിദ്ധരിക്കാന്‍ കാരണമാകുകയാണ്.
സാമാന്യ ബുദ്ധി ഉപയോഗിച്ചു ശരിയും തെറ്റും നിര്‍ണയിക്കാനുള്ള പക്വതയാണ് ഓരോ പ്രവര്‍ത്തകനും കൈവരിക്കേണ്ടത്. ധാര്‍മികതക്കും മാനവിക മൂല്യങ്ങള്‍ക്കും വേണ്ടി എന്നും പോരാടിയ പ്രസ്ഥാനമാണിത്. എല്ലാ തലങ്ങളിലുമുള്ള ജനങ്ങളുടെയും ഹൃദയത്തെ സ്പര്‍ശിക്കുന്ന നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങളിലൂടെ ചരിത്രം തിരിച്ചുപിടിക്കാന്‍ നമുക്കാകണം. സംഘശക്തിയിലൂടെ ഇത് ഒരു മുന്നേറ്റമാക്കി മാറ്റുക.
ഈ മഹത്തായ ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പ്രവര്‍ത്തന പദ്ധതികളാണ് നാം ജനങ്ങളുടെ മുമ്പില്‍ സമര്‍പ്പിക്കുന്നത്. പ്രവര്‍ത്തകര്‍ തുറന്ന മനസ്സോടെ അതേറ്റെടുക്കുകയും നടപ്പിലാക്കുകയും വേണം. ഇസ്ലാം വിഭാവനം ചെയ്യുന്ന സുന്ദരാശയങ്ങളെ ജനങ്ങളിലെത്തിക്കാന്‍ ഇതിലൂടെ സാധിക്കും. അതാണ് നമ്മുടെ ജീവിത ദൗത്യം. അതിന്‍റെ സാക്ഷാത്കാരത്തിനായി ഒരുങ്ങുക.