maqbara-malayalam

മഹത്തുക്കളുടെ ചരിത്രം കുറ്റിയറ്റു പോകാൻ പാടില്ല. അവരുടെ ജനനം, ജീവിതം, സന്ദേശം, മരണം എല്ലാം കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട്. അതാണ് യഥാർത്ഥ ഇസ്‌ലാമിക ചരിത്രം. മഹാന്മാരുടെ ജീവിതം കേവലം ഐതിഹ്യമായിരുന്നു എന്ന് തോന്നാതിരിക്കാനെങ്കിലും അവരുടെ അന്ത്യവിശ്രമ കേന്ദ്രങ്ങൾ സംരക്ഷിക്കൽ അനിവാര്യമാണ്. ഇതാണ് ഇസ്‌ലാമിക പാരമ്പര്യം. അന്ത്യപ്രവാചകരടക്കമുള്ള നിരവധി അമ്പിയാക്കളുടെയും ഖുലഫാഉറാശിദുകളുടെയും ഔലിയാക്കളുടെയും മറ്റും ഖബറുകൾ ഇങ്ങനെ ലോകത്ത് സംരക്ഷിക്കപ്പെട്ടതു കാണാം.

ഇസ്‌ലാമിക ചരിത്ര പൈതൃകങ്ങളെ നശിപ്പിക്കൽ അജണ്ടയാക്കിയവരാണ് പാശ്ചാത്യരും സിയോണിസ്റ്റുകളുമായ മുസ്‌ലിം വിരുദ്ധർ. മതത്തെ തകർക്കാനുള്ള അടിസ്ഥാന പ്രവർത്തനമായാണതിനെ ഇവർ കാണുന്നത്. ഇത് നേരിട്ടു നടപ്പാക്കുന്നതിനു പകരം അവരുപയോഗിച്ച കോടാലിപ്പിടികൾ മാത്രമാണ് മുജാഹിദുകളടക്കമുള്ള മതനവീകരണവാദികളും അവരുടെ ഇന്നത്തെ ഭീകരമുഖമായ ഇസിലും.

മഖ്ബറകൾ ഇസ്‌ലാമിൽ

മരണത്തോടെ വിസ്മരിക്കേണ്ടവനല്ല മുസ്‌ലിമായ മനുഷ്യർ. അവരെക്കുറിച്ചുള്ള സ്മരണകളും അവരുടെ അന്ത്യവിശ്രമ കേന്ദ്രം സന്ദർശിക്കലും അവർക്കു വേണ്ടി പ്രാർത്ഥിക്കലും സ്വദഖകളർപ്പിക്കലും പ്രാമാണികവും നിലനിൽക്കേണ്ട പുണ്യാചാരങ്ങളുമാണ്.

‘അവർക്കു പിറകെ വരുന്നവർ, ഞങ്ങളുടെ നാഥാ ഞങ്ങൾക്കും വിശ്വാസികളായി മുൻകഴിഞ്ഞു പോയവർക്കും നീ മാപ്പു നൽകേണമേ, വിശ്വാസികളെ സംബന്ധിച്ച് ഞങ്ങളുടെ ഹൃദയത്തിൽ ഒരു വിദ്വേഷവും നീ വെച്ചേക്കരുതേ എന്നു പ്രാർത്ഥിച്ചുകൊണ്ടിരിക്കും’ (ഖുർആൻ 59/10).

സാധാരണക്കാരന്റെ ഖബറുകൾ തന്നെയും അടയാളപ്പെടുത്തി സംരക്ഷിക്കുന്നതാണ് ഇസ്‌ലാമിക പാരമ്പര്യം. ബന്ധുക്കൾ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തിപ്പോരുന്നത് എല്ലാ നാടുകളിലും നമുക്കു കാണാം. മഹാന്മാരുടെ ജാറങ്ങൾ സിയാറത്തിനു വരുന്നവർക്കായി പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതും പതിവാണ്. മദീന മുനവ്വറയിൽ തിരുനബി(സ്വ)യുടെ ഖബർ സന്ദർശിക്കുന്നവർക്കായി വിപുലമായ സൗകര്യങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്. മൂസാ നബി(അ)ന്റെ ഖബർ ബൈതുൽ മുഖദ്ദസിന്റെ ചാരത്ത് നിലകൊള്ളുന്നു. ഇസ്‌റാഇന്റെ രാത്രി നബി(സ്വ) അത് സിയാറത്ത് ചെയ്തതായി ഇമാം ബുഖാരി(അ) റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശാമിലെ ഹത്വീബ് എന്ന സ്ഥലത്ത് ശുഐബ്(അ)ന്റെ ഖബർ വലിയ ഖുബ്ബയോടെ നിലകൊള്ളുന്നതായും അവിടെ ജനങ്ങൾ നിരന്തരം സിയാറത്ത് ചെയ്യുന്നതായും ഇമാം നവവി(റ) തഹ്ദീബുൽ അസ്മാഇ വല്ലുഗാത് (1/146)ൽ രേഖപ്പെടുത്തുന്നു.

സലാല ടൗണിൽ നിന്നും ഏതാനും കിലോ മീറ്റർ അകലെയുള്ള മലമുകളിൽ അയ്യൂബ് നബി(അ)ന്റെ ഖബർ ഇന്നും പരിപാലിക്കപ്പെടുന്നതു കാണാം. ഇസ്‌ലാമിക നാഗരികതയും പൈതൃകങ്ങളും നിലനിന്നിരുന്ന ഏതു നാട്ടിൽ ചെന്നാലും പൂർവ സൂരികളുടെ മഖ്ബറകൾ അർഹിക്കുന്ന പ്രൗഢിയോടെ നിലനിർത്തിപ്പോന്നതാണനുഭവം. ഇന്നത്തെ അബൂബക്കർ അൽ ബഗ്ദാദിയുടെ സലഫി ഭീകരർക്ക് മാതൃക കാണിച്ച് ഒരു നൂറ്റാണ്ടു മുമ്പ് വഹാബി ശ്മശാന വിപ്ലവക്കാർ ഹിജാസിൽ പ്രവേശിക്കുന്നതു വരെ മക്കയിലും മദീനയിലുമെല്ലാം അനേകം മഹാന്മാരുടെ ഖബറുകൾ വലിയ ഖുബ്ബകളോടെ പണിതതും നിലനിന്നു പോന്നിരുന്നതും ആധികാരിക ചരിത്ര ഗ്രന്ഥങ്ങളിൽ വിശദീകരിച്ചിട്ടുണ്ടല്ലോ.

ജാറം നിർമിക്കൽ

ഖബറുകൾക്ക് മുകളിൽ എടുപ്പുകൾ, ഖുബ്ബകൾ തുടങ്ങിയവ ഉണ്ടാക്കുന്നതിനെ സംബന്ധിച്ച് ഇസ്‌ലാമിൽ വ്യക്തമായ നിയമങ്ങളുണ്ട്. ഇടിഞ്ഞു പോവുക, ഹിംസ്ര ജീവികൾ മാന്തുക പോലുള്ളവ ഭയപ്പെട്ടാൽ ആരുടെ ഖബറും കല്ലു കൊണ്ടോ മറ്റോ കെട്ടിപ്പടുക്കാവുന്നതാണ്. ഇങ്ങനെയുള്ള ആവശ്യമില്ലെങ്കിൽ വെറുതെ ഒരു പാഴ്‌ചെലവ് വരുത്തുന്നത് കറാഹത്താണ്. എന്നാൽ മുസ്‌ലിംകൾക്ക് മൊത്തം അവകാശപ്പെട്ട പൊതുശ്മശാനത്തിലാകുമ്പോൾ മറ്റുള്ളവരുടെ അവകാശം ഹനിക്കുന്ന വിധം ഖബറിനു മുകളിൽ കെട്ടിടമുണ്ടാക്കുന്നതും മറ്റും സാധാരണക്കാർക്ക് ഹറാമായിത്തീരും.

സുപ്രസിദ്ധരായ സ്വാലിഹീങ്ങളോ ഔലിയാക്കളോ ആണെങ്കിൽ അവരെ സിയാറത്തു ചെയ്തു ബറക്കത്തെടുക്കാൻ എല്ലാവർക്കും സൗകര്യമൊരുക്കുന്നതിനു വേണ്ടി അവരുടെ ഖബറുകൾ കെട്ടിയുയർത്തുകയും സന്ദർശനത്തിനു സൗകര്യം ഉണ്ടാക്കുകയും ചെയ്യാവുന്നതാണ്. ഇമാം റംലി(റ) പറയുന്നു: ഖബർ പരിപാലിക്കൽ ഹറാമാണെന്നു പറഞ്ഞത്, ഇബ്‌നു ഹംസ(റ) അഭിപ്രായപ്പെട്ടതു പോലെ മറമാടപ്പെട്ടയാൾ സ്വഹാബിയോ വലിയ്യാണെന്ന് പ്രസിദ്ധനോ അല്ലെങ്കിലാണ്. അതേസമയം അത്തരം മഹാന്മാരുടെ ഖബറുകൾ നീക്കം ചെയ്യാവതല്ല. അതു തകർന്നുപോയാൽ പോലും. അമ്പിയാക്കൾ, സ്വാലിഹുകൾ എന്നിവരുടെ ഖബറുകൾ പരിപാലിക്കാൻ വസ്വിയ്യത്ത് ചെയ്യൽ അനുവദനീയമാണെന്ന ചില പണ്ഡിതരുടെ വീക്ഷണം ഇതിനെ ശക്തിപ്പെടുത്തുന്നുമുണ്ട്. കാരണം ഈ ഖബർ നിലനിൽക്കുന്നതിൽ ബറകത്തെടുക്കലും സിയാറത്തിനെ സജീവമാക്കലുമുണ്ട് (നിഹായ 3/41).

ഇമാം നവവി(റ) എഴുതി: അമ്പിയാക്കൾ, ഉലമാക്കൾ, സ്വാലിഹുകൾ തുടങ്ങിയവരുടെ ഖബറുകൾ പരിപാലിക്കാൻ (സ്വത്ത്) വസ്വിയ്യത്ത് ചെയ്യൽ അനുവദനീയമാണ്. ഇതിൽ ബറകത്തെടുക്കലും സിയാറത്ത് സജീവമാക്കലുമുള്ളതു കൊണ്ടാണിത് (റൗള 6/908).

മുല്ലാ അലിയ്യുൽ ഖാരി(റ) രേഖപ്പെടുത്തുന്നു: സുപ്രസിദ്ധരായ ഉലമാക്കൾ, മശാഇഖുമാർ പോലുള്ളവരുടെ ഖബറിനു മുകളിൽ എടുപ്പുണ്ടാക്കാൻ സലഫുകൾ അനുവദിച്ചിട്ടുണ്ട്. ജനങ്ങൾക്ക് അവരെ സിയാറത്ത് ചെയ്യാനും തദവസരത്തിൽ വിശ്രമിക്കാനും വേണ്ടിയാണത് (മിർഖാത്ത് 2/372).

പൊതു മഖ്ബറയിലാണെങ്കിൽ മഹാന്മാരുടെ ഖബർ പൊളിച്ചു മാറ്റണമെന്ന ചിലരുടെ അഭിപ്രായത്തെ ഖണ്ഡിച്ചുകൊണ്ട് പ്രമുഖ ഹദീസ് പണ്ഡിതൻ ഇമാം ഹാകിം(റ) കുറിച്ചു: ആ അഭിപ്രായമനുസരിച്ചല്ല ഇസ്‌ലാമിക ലോകത്തിന്റെ പ്രവർത്തനം. കിഴക്കും പടിഞ്ഞാറുമുള്ള മുസ്‌ലിം പണ്ഡിതന്മാർ മഹാന്മാരുടെ ഖബറിനു മേൽ എടുപ്പുണ്ടാക്കുന്നതിനെ അംഗീകരിച്ചിട്ടുണ്ട്. സലഫുകളിൽ നിന്നും പിൻഗാമികൾ പിന്തുടർന്നു പോന്നതാണിത്. ഇമാം ബർസലി(റ) പറഞ്ഞത് ഇക്കാര്യം ഇജ്മാആണെന്നത്രെ (അൽ മുസ്തദ്‌റക് 1/370).

എന്നാൽ ശ്രദ്ധേയമായ കാര്യം പൊതുമഖ്ബറകളിൽ മഹാന്മാരുടെ ഖബറാണെങ്കിലും അതിന്മേൽ കെട്ടിടമുണ്ടാക്കരുതെന്ന് പറഞ്ഞവർ പോലും അത് ശിർക്കാണെന്നോ ശിർക്കിലേക്ക് വഴിവെക്കുന്നതാണെന്നോ അല്ല കാരണമായി പറഞ്ഞത്. പൊതുജനങ്ങളുടെ അവകാശം ഹനിച്ചേക്കുമെന്നതാണ്. കെട്ടിടം നിർമിച്ചാൽ അത്രയും സ്ഥലത്ത് മറ്റുള്ളവർക്കു ഖബർ നിർമിക്കാനാവില്ലല്ലോ എന്നു സാരം. കെട്ടിപ്പൊക്കിയാൽ ആ ഖബറിൽ പിന്നെ ഒരാളെ മറവു ചെയ്യാൻ പ്രയാസമാവുകയും ചെയ്യും.

എന്നാൽ ഖബറിനു മേലെ നാലു കല്ലുകൾ വെച്ചാൽ അത് അല്ലാഹുവിൽ പങ്കു ചേർക്കലാണെന്ന വാദം ശിർക്കോളജിസ്റ്റുകളായ മുജാഹിദുകൾക്കു മാത്രമേയുള്ളൂ. ഇസ്‌ലാമുമായി അതിനു ബന്ധമില്ല.  ഖബർ സംരക്ഷിക്കുക, സിയാറത്ത് സജീവമാക്കുക, ബറകത്തെടുക്കാൻ സൗകര്യം ചെയ്യുക പോലുള്ള ആവശ്യങ്ങൾക്കു വേണ്ടി ഖബറുകൾ കെട്ടിയുയർത്താമെന്നും അത് മുസ്‌ലിം ലോകത്തിന്റെ രീതിയാണെന്നും ചുരുക്കം. അതേസമയം മറ്റുള്ളവരുടെ അവകാശങ്ങൾ തടഞ്ഞും അനാവശ്യ പാഴ്‌ചെലവുകൾ വരുത്തിയും ഖബറുകൾ കെട്ടിപ്പൊക്കുകയുമരുത്. ഇതാണ് ഖബറുകൾ കെട്ടിപ്പൊക്കുന്നതിനെ നിരോധിച്ചു കൊണ്ടുള്ള ഹദീസിന്റെ സാരം.

സിയാറത്തും ബറകത്തും

മഹത്തുക്കളുടെ അന്ത്യവിശ്രമ കേന്ദ്രം ബറകത്തുള്ള താണെന്ന് വിശുദ്ധ ഖുർആൻ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ‘മസ്ജിദുൽ ഹറാമിൽ നിന്നും പരിസരം ബറകത്താക്കപ്പെട്ട മസ്ജിദുൽ അഖ്‌സ്വയിലേക്ക് തന്റെ ദാസനെ രാപ്രയാണം നടത്തിച്ച അല്ലാഹു എത്ര പരിശുദ്ധൻ’ (അൽ ഇസ്‌റാഅ് 1).

ഇവിടെ ബൈത്തുൽ മുഖദ്ദസിന്റെ പരിസരത്തുള്ള ബറകത്ത് എന്താണെന്നതിനെ കുറിച്ച് ഇമാം ഖുർതുബി(റ) എഴുതുന്നതു ശ്രദ്ധേയം: അത് അമ്പിയാക്കൾ, സ്വാലിഹുകൾ തുടങ്ങിയവരെ മറമാടപ്പെട്ടതു കൊണ്ടാണ്. അതുകൊണ്ടാണത് മുഖദ്ദസ് (പരിശുദ്ധം) ആയത് (ഖുർതുബി 9/212). ഉമർ(റ) തിരുനബി(സ്വ)യുടെ ചാരത്ത് അന്ത്യവിശ്രമം കൊള്ളാനുള്ള തന്റെ അവസാന ആഗ്രഹം പ്രകടിപ്പിച്ചതിനെ സംബന്ധിച്ച് ഇമാം ഹാഫിള് അസ്ഖലാനി(റ) പറയുന്നു: ഖബറിൽ കിടക്കുന്നതും സ്വാലിഹീങ്ങളുടെ ചാരത്താവാൻ ആഗ്രഹിക്കണമെന്ന് ഇതിൽ നിന്നും വ്യക്തമാകുന്നു. അവരുടെ ഖബറിൽ ഇറങ്ങുന്ന അനുഗ്രഹം ലഭിക്കാനും നല്ലവരായ സന്ദർശകരുടെ പ്രാർത്ഥന കരസ്ഥമാക്കാനുമാണിത് (ഫത്ഹുൽ ബാരി 3/258). ഇമാം ഗസ്സാലി കുറിക്കുന്നു: മഖ്ബറകൾ എല്ലാം സമമല്ല. അവ സന്ദർശിക്കുന്നതിന്റെ ബറകത്ത് അവിടെ അന്ത്യ വിശ്രമം കൊള്ളുന്നവരുടെ പദവിക്കനുസരിച്ച് വ്യത്യാസപ്പെടുന്നതാണ് (ഇഹ്‌യാ 1/244).

സ്വഹാബത്ത് മുതൽ മുഴുവൻ പണ്ഡിതൻമാരും വിശ്വസിച്ചുപോന്നതും പ്രഖ്യാപിച്ചതുമാണ് മഹാന്മാരുടെ അന്ത്യവിശ്രമ സ്ഥാനങ്ങൾ അല്ലാഹുവിന്റെ റഹ്മത്തും ബറകത്തും ഇറങ്ങുന്ന ഇടങ്ങളാണെന്നത്. ഇതിനെ നിഷേധിക്കുകയും മഖ്ബറകൾ അല്ലാഹുവിന്റെ ലഅ്‌നത്ത് ഇറങ്ങുന്ന സ്ഥലങ്ങളാണെന്ന് അധിക്ഷേപിക്കുകയും ചെയ്ത ബിദഇകൾ സത്യത്തെ തമസ്‌കരിക്കുകയും ഇസ്‌ലാമിന്റെ പൈതൃകങ്ങളെയും തിരുശേഷിപ്പുകളെയും നശിപ്പിക്കുകയുമാണ്. ഇതിനു പ്രമാണങ്ങളുടെ പിൻബലമില്ല. ഇബ്‌നു ഹജറുൽ ഹൈതമി(റ)യുടെ വാക്കുകൾ കൂടി ശ്രദ്ധിക്കുക: സിയാറത്തിന്റെ ലക്ഷ്യം മഹത്തുക്കളുടെ മഖ്ബറകൾ സന്ദർശനം കൊണ്ട് സജീവമാക്കി അവരെ ആദരിക്കലോടൊപ്പം അവരിൽ നിന്നും സന്ദർശകർക്ക് അഭൗതികമായ അനുഗ്രഹം ലഭിക്കുമെന്നതുമാണ്. അല്ലാഹുവിന്റെ റഹ്മത്തിനെ തൊട്ട് ബഹിഷ്‌കൃതരല്ലാതെ ഇതു നിഷേധിക്കുകയില്ല (തുഹ്ഫ 3/201).

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

ദാനധര്‍മ്മം; മുസ്‌ലിമിനറെ മുഖമുദ്ര

മാനവതയുടെ മതമായ ഇസ്‌ലാമിന്‍റെ സാമ്പത്തിക ദര്‍ശനങ്ങള്‍ സമൂഹത്തിന്‍റെയാകമാനമുള്ള സാമ്പത്തിക ഭദ്രത ലക്ഷ്യം വെച്ചുള്ളതാണ്. ലോകം കണ്ടതില്‍…