മരണം സുനിശ്ചിതമാണ്. ആത്മാവ് ശരീരവുമായി വേര്‍പിരിയുന്നതാണ് മരണം. അല്ലാഹു പറയുന്നു: ‘എതൊരു ശരീരവും മരണം രുചിക്കുന്നതാണ്. ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ ദിനം മാത്രമാണ് നിങ്ങളുടെ പ്രതിഫലങ്ങള്‍ നിങ്ങള്‍ക്ക് പൂര്‍ണമായും നല്‍കപ്പെടുന്നത് (ഖുര്‍ആന്‍ 3/185).
മരണസ്മരണ വര്‍ധിപ്പിക്കാന്‍ തിരുനബി(സ്വ) പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്. മരണത്തെ കൂടുതലായി ഓര്‍ക്കല്‍ വിശ്വാസികള്‍ക്ക് ശക്തമായ സുന്നത്താണ്. രോഗികള്‍ക്ക് അതിശക്തമായ സുന്നത്തും. മരണാസന്നനായ വ്യക്തിക്ക് ചില കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ ഇസ്ലാം പഠിപ്പിക്കുന്നുണ്ട്.
- മരണാസന്നനെ കിടത്തല്‍.
മൂന്ന് രൂപങ്ങളില്‍ ഇത്തരം രോഗികളെ കിട ത്താം. ഒന്ന്, തല വടക്കോട്ടും കാല് തെക്കോട്ടും മുഖം ഖിബ്ലയിലേക്കുമായി വലത് ഭാഗത്തിന്‍റെ മേല്‍ ചെരിച്ച് കിടത്തുക. രണ്ട്, തല തെക്കോട്ടും കാല് വടക്കോട്ടും മുഖം ഖിബ്ലയിലേക്കുമായി ഇടതുഭാഗത്തിന്മേല്‍ ചെരിച്ച് കിടത്തുക. മൂന്ന്, മേല്‍ പറഞ്ഞ രണ്ട് രൂപത്തിലും സാധിക്കാതെ വന്നാല്‍, കാല് ഖിബ്ലയുടെ ഭാഗത്തേക്കും തല എതിര്‍ ദിശയിലേക്കും മുഖം ഖിബ്ലയിലേക്കും ആകും വിധം മലര്‍ത്തിക്കിടത്തുക. മുഖം ഖിബ്ലയിലേക്കാകാന്‍ വേണ്ടി തലയുടെ അടിഭാഗത്ത് തലയിണയോ മറ്റോ വച്ച് അല്‍പം ഉയര്‍ത്തണം. സാധാരണ ജനങ്ങള്‍ ചെയ്തു വരുന്നത് ഈ രൂപത്തിലാണെന്ന് ഇമാം നവവി(റ) ശര്‍ഹുല്‍ മുഹദ്ദബില്‍ രേഖപ്പെടുത്തുന്നു.
- കലിമ ചൊല്ലിക്കൊടുക്കല്‍.
മരണം ആസന്നമായവര്‍ക്ക് കലിമ ചൊല്ലിക്കൊടുക്കല്‍ സുന്നത്താണ്. ‘മരണം ആസന്നമായവര്‍ക്ക് നിങ്ങള്‍ ലാഇലാഹ ഇല്ലല്ലാഹു ചൊല്ലിക്കൊടുക്കുക’ (മുസ്ലിം) എന്ന് ഹദീസില്‍ കാണാം. അവസാനം ഉച്ചരിക്കുന്ന വാക്ക് ലാ ഇലാഹ ഇല്ലല്ലാഹു എന്നാകാന്‍ വേണ്ടി രോഗിയെ ശഹാദത്ത് ഓര്‍മിപ്പിക്കണമെന്നാണ് ഹദീസിന്‍റെ താല്‍പര്യം. ഒരാളുടെ അവസാന വാക്ക് ലാഇലാഹ ഇല്ലല്ലാഹ് എന്നായവന്‍ സ്വര്‍ഗത്തില്‍ പ്രവേ ശിക്കുമെന്ന് ഹദീസ്. ഈ രൂപത്തില്‍ കിടത്തുന്നതിനോടൊപ്പമാണ് കലിമ ചൊല്ലിക്കൊടുക്കേണ്ടത്. അതിനു സാധ്യമല്ലെങ്കില്‍ കിടത്തുന്നതിന് മുമ്പ് ചൊല്ലി കൊടുക്കണം. എന്നിട്ടും ചൊല്ലുന്നില്ലങ്കില്‍ ‘നീ ചൊല്ലൂ’ എന്ന് പറഞ്ഞ് നിര്‍ബന്ധിക്കരുത്. മരണത്തിന്‍റെ അതിഭയാനക രംഗങ്ങളിലൂടെ കടന്നുപോകുന്ന വ്യക്തിയെ നിര്‍ബന്ധിക്കുന്നത് അനാവശ്യമായ വല്ലതും പറയാന്‍ നിമിത്തമായേക്കാം. ഒരു പ്രാവശ്യം ചൊല്ലിയതിനു ശേഷം മറ്റു വല്ലതും സംസാരിച്ചാല്‍ മാത്രം വീണ്ടും ചൊല്ലിക്കൊടുക്കുക. ആ സംസാരിച്ചത് ദിക്റാണെങ്കില്‍ പോലും വീണ്ടും ചെല്ലിക്കൊടുക്കണം. ശത്രുത മൂലമോ അനന്തരാവകാശം ലഭിക്കാനോ വേണ്ടി താന്‍ വേഗത്തില്‍ മരിക്കണമെന്നാഗ്രഹിക്കുന്നതു കൊണ്ടാണ് ചൊല്ലിക്കൊടുക്കുന്നതെന്ന തെറ്റിദ്ധാരണ വരാന്‍ സാധ്യതയുള്ളവര്‍ ചെയ്യരുത്.
- വെള്ളം കൊടുക്കല്‍.
ആത്മാവ് പുറപ്പെടുമ്പോള്‍ ശക്തമായ ദാഹം അനുഭവപ്പെടുന്നതിനാല്‍ മരണം ആസന്നനായ വ്യക്തിക്ക് ആവശ്യമെങ്കില്‍ വെള്ളം കൊടുക്കല്‍ നിര്‍ബന്ധവും അല്ലെങ്കില്‍ സുന്നത്തുമാണ്. മരണം ആസന്നനായ വ്യക്തിയുടെ മുന്നില്‍ പിശാച് പ്രത്യക്ഷപ്പെട്ട് ഞാനല്ലാതെ ആരാധ്യനില്ലെന്ന് പറഞ്ഞാല്‍ വെള്ളം തരാമെന്ന് പറയുമെന്ന് ഹദീസുകളില്‍ കാണാം.
- ഖുര്‍ആന്‍ പാരായണം.
മരണാസന്നന്‍റെ അരികില്‍ വച്ച് ഏറ്റവും ഉത്തമമായ ഖുര്‍ആന്‍ പാരായണം നിര്‍വഹിക്കാന്‍ നബി(സ്വ) കല്‍പിച്ചിട്ടുണ്ട്. യാസീന്‍, റഅ്ദ് സൂറത്തുകള്‍ ഓതല്‍ പ്രത്യേകം സുന്നത്താണ്. റഅ്ദ് പാരായണം ചെയ്യുന്നത് ആത്മാവ് പ്രയാസ രഹിതമായി പുറത്തുവരാന്‍ സഹായിക്കുമെന്ന് പണ്ഡിതന്മാര്‍ വിശദീകരിക്കുന്നു.
മരണാസന്നനു സമീപം യാസീന്‍ പാരായണം ചെയ്യുന്നതിന് ധാരാളം ശ്രേഷ്ഠതകളുണ്ട്. നബി(സ്വ) പറഞ്ഞു: ‘മൗതാ(മരണാസന്നനും മയ്യിത്തും)യുടെ സമീപം നിങ്ങള്‍ സൂറത്ത് യാസീന്‍ പാരായണം ചെയ്യുക.’ അന്ത്യനാളിലെ അവസ്ഥക ളും ഭയാനകമായ സംഭവങ്ങളും ഐഹിക ലോകത്തിന്‍റെ മാറ്റങ്ങളും സ്വര്‍ഗീയ അനുഗ്ര ഹങ്ങളും നരക ശിക്ഷയുമെല്ലാം പരാമര്‍ശിക്കുന്ന സൂറത്താണ് യാസീന്‍. മരണാസന്നന്‍റെ സമീപം യാസീന്‍ പാരായണം ചെയ്യുമ്പോള്‍ ഈമാനില്‍ ഉറച്ച് നില്‍ക്കാന്‍ നിര്‍ബന്ധിക്കുന്ന ആ അവസ്ഥകള്‍ അവന്‍ ഓര്‍മിക്കുമല്ലോ. യാസീന്‍ പാരായണം ചെയ്യപ്പെടുന്നതിലെ യുക്തി അതാണ്. ആത്മാവ് പുറപ്പെടുന്നത് സുഗമമാക്കുന്ന റഅ്ദ് പാരായണം ചെയ്യലും സുന്നത്താണ് (തുഹ്ഫ).
മരണാസന്നന്‍റെ സമീപം യാസീന്‍ ഉച്ച ത്തില്‍ പാരായണം ചെയ്യല്‍ സുന്നത്താണെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം (ശര്‍വാനി).
മരണാനന്തര ക്രിയകള്‍
മരണം ഉറപ്പിച്ചാല്‍ നിര്‍വഹിക്കേണ്ട പ്രധാന കര്‍മങ്ങള്‍ നോക്കാം.
- കണ്ണടച്ചു കൊടുക്കല്‍.
മരിച്ച ഉടനെ മയ്യിത്തിന്‍റെ ഇരു കണ്ണുകളും മൃദുവായി അടച്ചുകൊടുക്കണം. അബൂസലമ(റ) വഫാത്തായപ്പോള്‍ കണ്ണുകള്‍ രണ്ടും മേല്‍പ്പോട്ടുയര്‍ത്തിയ നിലയിലായിരുന്നു. തിരുനബി(സ്വ) അവ അടച്ചുകൊടുത്തുകൊണ്ട് പറഞ്ഞു: ‘ആത്മാവ് പിടിക്കപ്പെട്ടാല്‍ കണ്ണ് അതിനോട് തുടരും’. നബി(സ്വ)യുടെ ഈ വാക്കിന് രണ്ട് അര്‍ത്ഥതലങ്ങളുണ്ടെന്ന് പണ്ഡിതന്മാര്‍. ഒന്ന്, ആത്മാവ് പുറത്തുപോകുന്നതോടെ കാഴ്ച ശേഷി നഷ്ടപ്പെടുകയും കണ്ണുകള്‍ ആ നിലയില്‍ ഉറച്ച് പോവുകയും ചെയ്യും. അതിനാല്‍ കണ്ണുകള്‍ അടച്ചു കൊടുക്കണം. രണ്ട്, വേര്‍പിരിഞ്ഞ ആത്മാവ് എങ്ങോട്ട് പോകുന്നുവെന്ന് കണ്ണ് നോക്കും. അസംഭവ്യമായ ഒന്നായി ഇതിനെ കാണേണ്ടതില്ല (തുഹ്ഫ). മാത്രമല്ല, മയ്യിത്തിന്‍റെ മുഖഭാവം അഭംഗി യോടെ കാണാതിരിക്കാനും കണ്ണടക്കല്‍ അ ത്യാവശ്യമാണ്. മയ്യിത്തിനെ കുറിച്ച് തെറ്റായ ധാരണ ആളുകള്‍ക്കിടയില്‍ പ്രചരിക്കാന്‍ മുഖഭാവം മോശമാവല്‍ കാരണമാവും.
- മയ്യിത്തിന്‍റെ വായ തുറന്ന അവസ്ഥയിലാകാതിരിക്കാനും പ്രാണികളും മറ്റും അകത്തേക്ക് പ്രവേശിക്കാതിരിക്കാനും അല്‍പം വീതിയുള്ള തുണിക്കഷ്ണം കൊണ്ട് രണ്ട് താടിയെല്ലുകള്‍ തലയുടെ മുകളിലേക്ക് കെട്ടുക.
- വിരലുകളും സന്ധികളും ഉറച്ച് പോകാതിരിക്കാന്‍ മയമാക്കി കൊടുക്കുക. അല്ലാത്ത പക്ഷം കുളിപ്പിക്കുമ്പോഴും കഫന്‍ ചെയ്യുമ്പോഴും പ്രയാസം നേരിടും. മുഴം കൈ തോള്‍ കയ്യിലേക്കും, കാലുകള്‍ തുടയിലേക്കും, തുട വയറിലേക്കും മടക്കി നിവ ര്‍ത്തണം. ആവശ്യമെങ്കില്‍ എണ്ണയോ മറ്റോ ഉപയോ ഗിക്കാം. മരണം സംഭവിച്ചയുടനെ ശരീരോഷ്മാവ് അല്‍പ നേരം അവശേഷിക്കുന്നത് കൊണ്ട് ഉടനെ ചെയ്താല്‍ പ്രയാസരഹിതമായിരിക്കും.
- മരണം നടക്കുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി നേര്‍ത്തൊരു വസ്ത്രം കൊണ്ട് ശരീരം മുഴുവന്‍ മൂടുക. വസ്ത്രത്തിന്‍റെ രണ്ടറ്റങ്ങള്‍ കാലിന്‍റെയും തലയുടെയും അടിയിലേക്കാക്കാന്‍ ശ്രദ്ധിക്കണം. ഹജജിനോ ഉംറക്കോ ഇഹ്റാം ചെയ്ത പുരുഷന്‍റെ തലയും സ്ത്രീയുടെ മുഖവും മറക്കാന്‍ പാടില്ല. കാരണം അന്ത്യനാളില്‍ ഇഹ്റാമിന്‍റെ വേഷത്തില്‍ അവരെ യാത്രയാക്കപ്പെടുമെന്ന് ഹദീസില്‍ കാണാം.
- മയ്യിത്തിന്‍റെ വയറിന്‍റെ മുകളില്‍ ഭാരമുള്ള വല്ലതും വെക്കുക. മയ്യിത്തിനെ മൂടിയ തുണിയുടെ മീതെ വെക്കുന്നതാണ് അടിയില്‍ വെക്കുന്നതിനേക്കാള്‍ നല്ലത്. ഇരുമ്പിനാലുള്ള വസ്തുവാണ് ഉത്തമം. അത് ലഭ്യമല്ലെങ്കില്‍ അല്‍പം മണ്ണോ മറ്റോ വെക്കാം. വയറ് വീര്‍ക്കുന്നത് തടയാനാണിത്.
- മയ്യിത്തിനെ നിലത്ത് കിടത്താതിരിക്കുക. കട്ടിലിന്‍റെയോ മറ്റോ മുകളില്‍ വിരിപ്പില്ലാതെ കിടത്തുന്നതാണ് സുന്നത്തായ രൂപം. മരണ സമയത്ത് ധരിച്ചിരുന്ന വസ്ത്രം അഴിക്കുന്നത് ശരീരം ചൂടായി പകര്‍ച്ച വരാതിരിക്കാന്‍ സഹായിക്കും.
മയ്യിത്തിനെ കിടത്തേണ്ടതെങ്ങനെ?
മരണാസന്നനായ വ്യക്തിയെ കിടത്തേണ്ട അതേ രൂപത്തിലാണ് മയ്യിത്തിനെയും കിടത്തേണ്ടത്. മേല്‍ വിവരിച്ച കാര്യങ്ങളെല്ലാം നിര്‍വഹിക്കേണ്ടത് പരേതന്‍റെ അടുത്ത കുടുംബത്തില്‍ നിന്ന് മയ്യിത്തിനോട് കൂടുതല്‍ സ്നേഹവും വാത്സല്യവുമുള്ള സ്വവര്‍ഗത്തില്‍ പെട്ടവരാണ്. ഭാര്യ മരിച്ചാല്‍ ഭര്‍ത്താവും ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യയുമാണ് ഈ കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ ഏറ്റവും അനുയോജ്യര്‍. മരണം ഉറപ്പായാല്‍ അനന്തര കര്‍മങ്ങള്‍ വേഗത്തില്‍ ചെയ്യല്‍ സുന്നത്തും പിന്തിപ്പിക്കുന്ന പക്ഷം മയ്യിത്തിന് ദോഷകരമായ വല്ലതും ഭയപ്പെട്ടാല്‍ നിര്‍ബന്ധവുമാണ്. മരണത്തില്‍ സംശയം വന്നാല്‍ ഉറപ്പാകും വരെ അനന്തര നടപടികള്‍ നിര്‍ത്തണം. വാസന വ്യത്യാസപ്പെടല്‍ പോലുള്ള അടയാളങ്ങള്‍ കൊണ്ട് മരണം ഉറപ്പിക്കാം. കാല്‍പാദം തളരുക, മൂക്ക് ചായുക, ചെന്നി താഴുക തുടങ്ങി മരണത്തിന്‍റെ ലക്ഷണങ്ങളായി പറയപ്പെടുന്ന കാര്യങ്ങള്‍ മരണം ഉറപ്പിക്കാന്‍ ഉതകുന്നതല്ല.
മയ്യിത്ത് കുളിപ്പിക്കല്‍
മയ്യിത്തിന്‍റെ ശരീരത്തില്‍ നജസുണ്ടെങ്കില്‍ അത് നീക്കിയ ശേഷം ശരീരം മുഴുവന്‍ ഒരു പ്രാവശ്യം വെള്ളം നനഞ്ഞാല്‍ കുളിയുടെ ചുരുങ്ങിയ രൂപമായി. മയ്യിത്ത് കുളിപ്പിക്കല്‍ ശരിയാവാന്‍ നിയ്യത്ത് ആവശ്യമില്ല എന്നാണ് പ്രബലാഭിപ്രായം. എന്നാല്‍ നിയ്യത്ത് നിര്‍ ബന്ധമാണെന്ന അഭിപ്രായം മാനിച്ച് വെക്കല്‍ സുന്നത്തുണ്ട്. ‘മയ്യിത്തിനെ തൊട്ടുള്ള കുളിയെ ഞാന്‍ വീട്ടുന്നു എന്നോ മയ്യിത്ത് നിസ്കാരത്തെ ഞാന്‍ ഹലാലാക്കുന്നു എന്നോ ആണ് നിയ്യത്ത് ചെയ്യേണ്ടത്.
മയ്യിത്ത് കുളിയുടെ പൂര്‍ണ രൂപം പറയാം: മേല്‍പുരയും ചുറ്റും മറയുമുള്ള സ്ഥലത്താണ് മയ്യിത്ത് കുളിപ്പിക്കാനായി വെക്കേണ്ടത്. കുളിപ്പിക്കുന്നയാളും സഹായികളുമല്ലാതെ മറ്റാരും അങ്ങോട്ട് പ്രവേശിക്കരുത്. എന്നാല്‍ മയ്യിത്തിന്‍റെ രക്ഷിതാവിന് അങ്ങോട്ട് ചെല്ലാവുന്നതാണ്. നബി(സ്വ)യെ കുളിപ്പിച്ചത് അലി(റ), അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) എന്നിവരും വെള്ളം എടുത്തുകൊടുത്തത് ഉസാമ(റ)വുമായിരുന്നു. അബ്ബാസ്(റ) ആ സ്ഥലത്തേക്ക് പോയിവന്നു കൊണ്ടിരുന്നു.
ഉയരമുള്ള കട്ടിലിലോ മറ്റോ മയ്യിത്തിനെ കിടത്തണം. തലയില്‍ നിന്ന് വേഗം വെള്ളം ഒഴിഞ്ഞുപോകാന്‍ തല അല്‍പം ഉയര്‍ത്തി വെക്കണം. ശരീരത്തിനു ബലം നല്‍കുന്നത് തണുത്ത വെള്ളമായതിനാല്‍ അതുകൊണ്ടാണ് കുളിപ്പിക്കേണ്ടത്. ചൂട് വെള്ളം ശരീരത്തെ തളര്‍ത്തുകയാണ് ചെയ്യുക. എന്നാല്‍ ചൂട് വെള്ളം ഉപയോഗിക്കേണ്ട നിര്‍ബന്ധ സാഹചര്യം വന്നാല്‍ (ഉദാ: മയ്യിത്തിന്‍റെ ശരീരത്തില്‍ പറ്റിയ അഴുക്ക് നീക്കം ചെയ്യല്‍) അത് ഉപയോഗിക്കാം. ഇറ്റി വീഴുന്ന വെള്ളം പതിക്കാത്തവിധം വെള്ളപ്പാത്രം ഉയരത്തിലോ അകലെയോ വെക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
പിന്‍ഭാഗത്തേക്ക് ചെരിഞ്ഞ നിലയില്‍ വളരെ മയത്തോടു കൂടി മയ്യിത്തിനെ എണീപ്പി ച്ചിരുത്തണം. മയ്യിത്തിന്‍റെ തല ചായാതിരിക്കാന്‍ വലതു കൈ മയ്യിത്തിന്‍റെ ചുമലില്‍വച്ച് തള്ള വിരല്‍ പിരടിയിലെ കുഴിയില്‍ വെക്കണം. ശേഷം ഇടതു കൈ ഉപയോഗിച്ച് മയ്യിത്തിന്‍റെ വയറ്റിന്മേല്‍ പല പ്രാവശ്യം തടവണം. മുന്‍പിന്‍ ദ്വാരങ്ങളില്‍ വിസര്‍ജ്യം തടഞ്ഞുനില്‍ക്കുന്നുണ്ടെങ്കില്‍ അത് പുറത്തുവരാന്‍ ഇത് സഹായിക്കും. അല്ലെങ്കില്‍ കുളിപ്പിച്ച ശേഷം അവ പുറത്തുവരാന്‍ സാധ്യതയുണ്ട്.
നജസ് പുറത്തുവരുമ്പോള്‍ സഹായി വെള്ളം ഒഴിച്ചുകൊണ്ടിരിക്കണം. ദുര്‍ഗന്ധം അനുഭവപ്പെടാതിരിക്കാന്‍ ആദ്യാന്ത്യം സുഗന്ധം പുകയിപ്പിക്കണം. ശേഷം മയ്യിത്തിനെ മലര്‍ത്തി കിടത്തി ഇടതു കൈയില്‍ തുണി ചുറ്റിയോ ഗ്ലൗസ് ധരിച്ചോ ഗുഹ്യസ്ഥാനവും പരിസരവും വൃത്തിയാക്കി കൊടുക്കണം. മറയൊന്നും കൂടാതെ മയ്യിത്തിന്‍റെ ഔറത്ത് സ്പര്‍ശിക്കല്‍ ഹറാമാണ്. ശേഷം മയ്യിത്തിന്‍റെ ശരീരത്തിലുള്ള നജസോ അല്ലാ ത്തതോ ആയ മാലിന്യങ്ങള്‍ നീക്കം ചെയ്യണം. പിന്നെ ഇടതു കൈ വിരലില്‍ തുണിക്കഷ്ണമോ മറ്റോ ചുറ്റി ജീവിച്ചിരിക്കുന്നയാള്‍ മിസ്വാക്ക് ചെയ്യുന്നതു പോലെ വായ വൃത്തിയാക്കണം. ശേഷം ഇടതു കൈയ്യിന്‍റെ ചെറുവിരലില്‍ തുണി ചുറ്റി മൂക്കിന്‍റെ രണ്ട് ദ്വാരങ്ങളും വൃത്തിയാക്കുക.
പിന്നെ മയ്യിത്തിന് പൂര്‍ണമായ വുളൂ ചെയ്തു കൊടുക്കണം. വായില്‍ വെള്ളം കൊപ്ലിക്കു മ്പോഴും മൂക്കില്‍ കയറ്റി ചീറ്റുമ്പോഴും അകത്തേക്ക് വെള്ളം കയറാതിരിക്കാന്‍ തല ചെരിച്ചു പിടിക്കണം. ശേഷം തലയും താടിയും സോപ്പോ താളിയോ ഉപയോഗിച്ച് കഴുകണം. ജടകുത്തിയ മുടിയാണെങ്കില്‍ മുടിക്കുറ്റികളിലുള്ളവ നീക്കം ചെയ്യാന്‍ ചീര്‍പ്പുപയോഗിച്ച് തലമുടി ചീകി കൊടുക്കണം. താടിയുള്ള പുരുഷനാണെങ്കില്‍ താടിയേക്കാള്‍ ആദ്യം ചീകേണ്ടത് തലമുടിയാണ്. ചീകുമ്പോള്‍ മുടി പിഴുതുപോരുന്നത് തടയാനോ കുറക്കാനോ വേണ്ടി പല്ലുകള്‍ക്കിടയില്‍ വിശാ ലതയുള്ള ചീര്‍പ്പു കൊണ്ട് സൗമ്യമായി ചീകുക. മുടി പറിഞ്ഞുപോന്നിട്ടുണ്ടെങ്കില്‍ അവ കഫന്‍ പുടവയില്‍ വച്ച് മറവ് ചെയ്യേണ്ടതാണ്. ഇത്രയും കഴിഞ്ഞാല്‍ മയ്യിത്തിന്‍റെ വലതു ഭാഗവും ശേഷം ഇടതു ഭാഗവും കഴുകണം. പിരടിയില്‍ നിന്ന് തുടങ്ങി കാല്‍പാദം വരെയാണ് കഴുകേണ്ടത്. പിന്നീട് മയ്യിത്തിനെ ഇടതു ഭാഗത്തിന്‍റെ മേല്‍ ചെരിച്ച് കിടത്തി വലതു ഭാഗം പിരടി തൊട്ട് കാല്‍പാദം വരെ കഴുകണം. പിന്നീട് വലതു ഭാഗത്തിന്‍റെ മേല്‍ ചെരിച്ച് കിടത്തി ഇടതു ഭാഗവും അതുപോലെ കഴുകണം. ഇത്രയുമായാല്‍ ഒരു പ്രാവശ്യം പൂര്‍ത്തിയായി. ഇപ്രകാരം രണ്ടു പ്രാവശ്യം കൂടി കഴുകല്‍ സുന്നത്താണ്. മൂന്നിലും എല്ലാ ആദ്യത്തേതിലും അഴുക്ക് നീക്കാന്‍ താളിയോ സോപ്പോ ഉപയോഗിക്കല്‍ സുന്നത്തുണ്ട്. രണ്ടാമത്തെ കഴുകല്‍ കൊണ്ട് താളിയും സോപ്പും നീക്കണം. മൂന്നാം പ്രാവശ്യം തലയുടെ ഭാഗത്ത് നിന്ന് ശുദ്ധജലം ഒഴിക്കണം. മൂന്നില്‍ ഒരോന്നിലും രണ്ടു പ്രാവശ്യം കഴുകിയതിനു ശേഷം ശുദ്ധജലം ഒഴിക്കണം. അല്ലെങ്കില്‍ ആറു തവണ മേല്‍പറഞ്ഞ പ്രകാരം തുടരെ കഴുകിയ ശേഷം തുടരെ മൂന്നു പ്രാവശ്യം ശുദ്ധജലമൊഴിക്കുക. ശുദ്ധജലം ഒഴിക്കുമ്പോഴും പ്രസ്തുത രൂപത്തില്‍ ചെരിച്ച് കിടത്തല്‍ സുന്നത്താണ്.
മൂന്ന് പ്രാവശ്യം കൊണ്ട് ശുദ്ധിയായില്ലെങ്കില്‍ ശുദ്ധിയാകുന്നത് വരെ കഴുകണം. ഇരട്ട കൊണ്ടാണ് ശുദ്ധിയായതെങ്കില്‍ ഒന്നുകൂടി കഴുകി ഒറ്റയാക്കണം. മൂന്നു പ്രാവശ്യം ഉപയോഗിക്കുന്ന ശുദ്ധജലത്തില്‍ പകര്‍ച്ചവരാത്ത രൂപത്തില്‍ അല്‍പം കര്‍പ്പൂരം ചേര്‍ക്കല്‍ സുന്നത്താണ്. ശരീരത്തിനു ബലം നല്‍കാനും പ്രാണികളെ അകറ്റാനും അതുപകരിക്കും. അവസാന വട്ടത്തില്‍ കര്‍പ്പൂരം ഉപയോഗിക്കല്‍ ശക്തിയായ സുന്നത്തും ഉപേക്ഷിക്കല്‍ കറാഹത്തുമാണ്. കുളിപ്പിക്കുന്നതിനിടയിലും ശേഷവും സന്ധികള്‍ മയപ്പെടുത്തിക്കൊടുക്കണം. കുളി കഴിഞ്ഞാന്‍ കഫന്‍ പുടവ നനയാതിരിക്കാന്‍ നന്നായി തോര്‍ത്തണം. കുളിപ്പിക്കാന്‍ ഏറ്റവും ഉത്തമം കടല്‍ വെള്ളമാണ്.
പോസ്റ്റുമോര്‍ട്ടം നടത്തിയ മയ്യിത്താണെങ്കില്‍ കുളിപ്പിക്കലിനു പുറമെ തയമ്മുമും വേണ്ടിവരും. ശരീരത്തിലെ പുറം ഭാഗങ്ങളില്‍ ചിലത് അകത്താക്കി തുന്നുന്നതിനാല്‍ ആ ഭാഗത്ത് വെള്ളം എത്തില്ല എന്നതാണ് കാരണം.
മയ്യിത്തിന് അംഗശുദ്ധി വരുത്തുമ്പോഴും അതിനു ശേഷവും ചൊല്ലല്‍ സുന്നത്തുള്ള ദിക് റുകള്‍ കുളിപ്പിക്കുന്നവന്‍ ചൊല്ലണം. കുളി കഴിഞ്ഞ് കഫന്‍ ചെയ്യുന്നതിനു മുമ്പ് മയ്യിത്തില്‍ നിന്ന് വല്ല നജസും പുറത്തുവന്നാല്‍ കഴുകി വൃത്തിയാക്കല്‍ നിര്‍ബന്ധമാണ്. എന്നാല്‍ കുളി മടക്കേണ്ടതില്ല. കുളി കഴിഞ്ഞ ശേഷം മയ്യിത്തില്‍ നിന്ന് ഇന്ദ്രിയം പുറപ്പെട്ടാല്‍ അത് നീക്കലോ കുളിപ്പിക്കലോ വുളൂഅ് മാറ്റിയെടുത്തുകൊടുക്കലോ നിര്‍ബന്ധമില്ല. പുരുഷന്‍റെ മയ്യിത്ത് അന്യസ്ത്രീയോ സ്ത്രീയുടെ മയ്യിത്ത് അന്യപുരുഷനോ തൊട്ടാല്‍ മയ്യിത്തിന്‍റെ വുളൂഅ് മുറിയുകയില്ല. മയ്യിത്തില്‍ നിന്ന് ഒലിക്കുന്ന രക്തം കുളിയോടു കൂടി നില്‍ക്കുന്നില്ലെങ്കില്‍ പോലും കുളിയും അവന്‍റെ പേരിലുള്ള നിസ്കാരവും സാധുവാകുന്നതാണ്. ജീവിച്ചിരിക്കുന്ന നിത്യഅശുദ്ധിക്കാരനെ പോലെ വേണം ഇതിനെ കാണാന്‍. ഇതനുസരിച്ച് മൂത്രവാര്‍ച്ചക്കാരന്‍ ചെയ്യുന്നത് പോലെ കുളി കഴി ഞ്ഞയുടനെ രക്തം വരുന്ന ഭാഗം പഞ്ഞിവച്ച് കെട്ടി ഉടനെ നിസ്കരിക്കണം. നിസ്കാരവുമായി ബന്ധപ്പെട്ട ഗുണങ്ങള്‍ക്കല്ലാതെ നിസ്കാരം പിന്തിപ്പിച്ചാല്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ മടക്കേണ്ടി വരും. നിസ്കരിക്കുന്നവരുടെ വര്‍ധനവ് നിസ് കാരവുമായി ബന്ധപ്പെട്ട ഗുണങ്ങളില്‍പെട്ടതാണ്.
ഇഹ്റാം ചെയ്ത വ്യക്തിയെ കുളിപ്പിക്കുന്ന വെള്ളത്തില്‍ സുഗന്ധം ചേര്‍ക്കാനോ മുടി, നഖം എന്നിവ നീക്കാനോ പാടില്ല. അല്ലാത്തവരുടെ മുടി, നഖം എന്നിവ നീക്കല്‍ കറാഹത്താണ്. ഇദ്ദയിരിക്കുന്ന സ്ത്രീ മരണപ്പെട്ടാല്‍ അവളെ കുളിപ്പിക്കുന്ന വെള്ളത്തില്‍ സുഗന്ധം ചേര്‍ക്കാവുന്നതാണ്.
മയ്യിത്ത് കുളിപ്പിക്കേണ്ടതാര്?
ആണിനെ ആണും പെണ്ണിനെ പെണ്ണുമാണ് കുളിപ്പിക്കേണ്ടത്. എന്നാല്‍ ഭാര്യക്ക് ഭര്‍ത്താ വിനെയും ഭര്‍ത്താവിന് ഭാര്യയെയും കുളിപ്പി ക്കാവുന്നതാണ്. പെണ്ണിനെ കുളിപ്പിക്കാന്‍ അന്യപുരുഷനും ആണിനെ കുളിപ്പിക്കാന്‍ അന്യ സ്ത്രീയുമല്ലാതെ മറ്റാരുമില്ലാതെ വന്നാല്‍ ആ മയ്യിത്തിനെ കുളിപ്പിക്കേണ്ടതില്ലെന്നാണ് പ്രബലാഭിപ്രായം. ആ മയ്യിത്തിന് തയമ്മും ചെയ്തു കൊടുക്കുകയാണ് വേണ്ടത്. എന്നാല്‍ മയ്യിത്ത് കുട്ടിയാണെങ്കില്‍ ഇരുവിഭാഗത്തില്‍ പെട്ടവര്‍ക്കും കുളിപ്പിക്കാം. പുരുഷനെ കുളിപ്പിക്കാന്‍ ഏറ്റവും ബന്ധപ്പെട്ടത് ക്രമപ്രകാരം പിതാവ്, പിതാമഹന്‍, മകന്‍, മകന്‍റെ മകന്‍, സഹോദരന്‍, സഹോദര പുത്ര ന്‍ എന്നിവരാണ്. സ്ത്രീയെ കുളിപ്പിക്കാന്‍ ഏറ്റവും ബന്ധപ്പെട്ടത് ക്രമപ്രകാരം മകള്‍, മകളുടെ മകള്‍, സഹോദരി, സഹോദരീ പുത്രി എന്നിവരും.
കഫന്‍ ചെയ്യല്‍
ജീവിതകാലത്ത് ധരിക്കാവുന്ന വസ്ത്രം കൊണ്ടാണ് മരണ ശേഷം കഫന്‍ ചെയ്യേണ്ടത്. കഫന്‍ തുണി മുന്‍കൂട്ടി തയ്യാറാക്കിവെക്കല്‍ സുന്നത്തില്ലെങ്കിലും ഹലാലാണെന്ന് ഉറപ്പുള്ളതോ സ്വാലിഹീങ്ങളില്‍ നിന്ന് ലഭിച്ചതോ ആയ വസ്ത്രം സൂക്ഷിച്ചുവെക്കാവുന്നതാണ്.
കഫന്‍ തുണികള്‍ വലുപ്പത്തിലും മേന്മയിലും വ്യത്യാസമുള്ളവയാണെങ്കില്‍ മേന്മയും വലുപ്പവുമുള്ളത് ആദ്യം വിരിക്കണം. മൂന്നാം തുണി രണ്ടാമത്തേതിന്‍റെ മുകളിലും വിരിക്കണം. ഓരോ തുണിയും അതിന്‍റെ മുകളില്‍ മറ്റു തുണി വിരിക്കും മുമ്പ് കര്‍പ്പൂരമോ ഊദോ ഉപയോഗിച്ച് പുകയിപ്പിക്കലും പനനീരോ മറ്റു സുഗന്ധ ദ്രവ്യങ്ങളോ അവയില്‍ പൂശലും പ്രത്യേകം സുന്നത്താണ്. മയ്യിത്ത് ഇഹ്റാം ചെയ്തയാളാണെങ്കില്‍ ഇവിടെയും സുഗന്ധം പാടില്ല. മയ്യിത്തിനെ തുണിയില്‍ മലര്‍ത്തി കിടത്തി ഇരുചന്തികള്‍ക്കിടയില്‍ പഞ്ഞിവച്ച ശേഷം ഒരു തുണിക്കഷ്ണം കൊണ്ട് അവ നന്നായി കെട്ടണം. മയ്യിത്തില്‍ നിന്ന് വല്ലതും പുറപ്പെടുന്നത് തടയും വിധമായിരിക്കണം ഈ കെട്ട്.
കണ്ണ്, ചെവി, വായ, മൂക്കിന്‍റെ ദ്വാരങ്ങള്‍ തുട ങ്ങിയ തുറക്കപ്പെട്ട ദ്വാരങ്ങളിലും മൂക്ക്, നെറ്റിത്തടം, രണ്ട് മുട്ടുകാല്‍, മുന്‍കൈകളുടെ പള്ളകള്‍, കാല്‍വിരലുകള്‍ എന്നീ സുജൂദിന്‍റെ അവയവങ്ങളിലും പഞ്ഞി വെക്കണം. ശേഷം ഓരോ തുണിയും ഇരുഭാഗത്തു നിന്നും ചുറ്റണം. തുണികളുടെ രണ്ടറ്റങ്ങള്‍ തലഭാഗത്തും കാലുകളുടെ ഭാഗത്തും ചുരുട്ടിക്കെട്ടണം. കാലുകളുടെ ഭാഗത്തുള്ളതിനേക്കാള്‍ കൂടുതല്‍ നീളം തലഭാഗത്ത് വേണം. സ്ത്രീകളുടെ മാറിടം ചുമന്ന് പോകുമ്പോള്‍ പിടക്കാതിരിക്കാന്‍ തുണി ഉപയോഗിച്ച് പ്രത്യേകം കെട്ടണം. തലയുടെയും കാലുകളുടെയും ഭാഗത്തും നടുക്കുമായി മൂന്ന് കെട്ടുകളിടുകയും ഖബറിലേക്കിറക്കുമ്പോള്‍ അവ അഴിക്കുകയും വേണം. ഇഹ്റാമിലായി മരണപ്പെട്ടാല്‍ തുന്നപ്പെട്ട വസ്ത്രം ധരിപ്പിക്കുന്നതും പുരുഷന്‍റെ തലയും സ്ത്രീയുടെ മുഖവും മുന്‍കൈ കളും മറക്കുന്നതും സുഗന്ധം ഉപയോഗിക്കുന്നതും നിഷിദ്ധമാണ്.