Ancient Mosque Culture in Kerala

പ്രവാചകരുടെ കാലത്തുതന്നെ ഇസ്ലാം മലബാര്‍ തീരത്തെത്തിയിട്ടുണ്ട്. കേരളത്തിലെ ഇസ്ലാമിക സംസ്കൃതിയും മുസ്ലിംകളുടെ ധൈഷണിക പ്രഭാവവും തൊള്ളായിരങ്ങളുടെ തുടക്കത്തില്‍ ഉഗ്രന്‍ സ്ഫോടനത്തിലൂടെ പൊട്ടിത്തെറിച്ചുണ്ടായതല്ല. സാമ്പ്രദായിക ബുദ്ധിജീവികളുടെയും ജ്ഞാനികളുടെയും സഹസ്ര വര്‍ഷം നീണ്ട തീവ്രപ്രയത്നത്തിന്‍റെ പ്രഫുല്ല ഫലങ്ങളാണവ. മാപ്പിള മുസ്ലിംകളുടെ ഇത:പര്യന്തമുള്ള മുന്നേറ്റ ചരിത്രം പരതുമ്പോള്‍ പാരമ്പര്യ പണ്ഡിതരില്‍ മാത്രം അത് പരിമിതപ്പെടുന്നതു കാണാം.

മുന്‍ഗാമികള്‍ നടന്നുതീര്‍ത്ത നാള്‍വഴികളും പിന്നിട്ട നാഴികക്കല്ലുകളും എത്ര ശോഭനമായിരുന്നു. അതിലേറെ സാഹസികവും പ്രസ്തുത കാഴ്ചകളുടെ ഹ്രസ്വചിത്രങ്ങള്‍ സമാഹരിക്കാനുള്ള ശ്രമമാണ് തുടര്‍ന്നുവരുന്നത്.

ഒരു സമൂഹത്തിന്‍റെ പ്രൗഢ സംസ്കാരത്തെ തകര്‍ക്കാന്‍ അവരുടെ ചരിത്രത്തെയും വിഷ്കാരങ്ങളെയും അതിരടയാളങ്ങളെയും നശിപ്പിച്ചു കൊണ്ടാണ് ശത്രുക്കള്‍ തുടക്കം കുറിക്കുക. മാപ്പിള മുസ്ലിംകളുടെ ചരിത്രത്തിന്‍റെയും ചിഹ്നങ്ങളുടെയും വേരറുക്കാന്‍ ശ്രമിക്കുന്ന സലഫികളും ചരിത്രത്തെ വിഷം കലര്‍ത്തി അവതരിപ്പിക്കുന്ന ഫാസിസ്റ്റുകളും അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. മലബാറിന്‍റെ മണ്ണിന് മതസൗഹൃദത്തിന്‍റെ ഒരുപിടി നല്ല ഓര്‍മകള്‍ പങ്കുവെക്കാനുണ്ട്. ഹൈന്ദവരും മുസ്ലിംകളും പരസ്പരം സഹകരിച്ചും സഹായിച്ചും ജീവിച്ചു വന്ന മതമൈത്രിയുടെ മഹനീയ സന്ദേശം ആവര്‍ത്തിച്ചു വായിക്കേണ്ടതിന്‍റെ ആവശ്യകത കൂടിക്കൂടി വരികയാണ്.

പുരാതന പള്ളികള്‍, ഓത്തുപള്ളികള്‍, ദര്‍സുകള്‍, മദ്റസകള്‍, ഖാളിമാര്‍, ചരിത്ര ദേശങ്ങള്‍ തുടങ്ങി മാപ്പിള മുസ്ലിംകളുടെ പൈതൃകമുദ്രകള്‍ ശരിയായി വിലയിരുത്തുമ്പോഴേ കേരള മുസ്ലിം ചരിത്രം പൂര്‍ണമാവുകയുള്ളൂ.

മുസ്ലിം സ്വത്വപ്രകാശനത്തിന്‍റെ സുപ്രധാന സാംസ്കാരിക മുദ്രയാണ് പള്ളി. ഒരു നാട്ടിലെ മുസ്ലിം സാന്നിധ്യവും അവരുടെ സാംസ്കാരികവും സാമ്പത്തികവുമായ നിലവാരവും മതപ്രതിപത്തിയും അവിടത്തെ പള്ളി അടയാളപ്പെടുത്തും. പരിപാലിക്കാന്‍ മതിയായ സാമുദായിക പ്രതിനിധ്യമുള്ളിടത്തേ പള്ളികള്‍ പണിയാറുള്ളൂ. ഇസ്ലാം മത പ്രചാരണത്തിലും മുസ്ലിംകളുടെ വളര്‍ച്ചയിലും പള്ളികള്‍ വഹിച്ച പങ്ക് സുവിദിതവും അദ്വിതീയവുമാണ്.

പ്രവാചകര്‍(സ്വ)യുടെ കാലം മുതലേ മുസ്ലിംകളുടെ സാംസ്കാരികവും വൈജ്ഞാനികവും രാഷ്ട്രീയവുമായ സിരാകേന്ദ്രങ്ങളായിരുന്നു പള്ളികള്‍. മക്കയിലെ പ്രബോധന കാലമാണ് ഇതിന് ഏക അപവാദം. ഒരു പൊതുഇടം സ്ഥാപിക്കാന്‍ പാകപ്പെടാത്ത പരിസ്ഥിതിയായിരുന്നു അന്ന് മക്കയിലെന്നതു കൊണ്ടായിരുന്നു ഇത്. മക്കയില്‍ നിന്ന് പലായനം നടത്തി മദീനയിലെത്തിയ ശേഷമുള്ള പ്രഥമ ദൗത്യം പള്ളി നിര്‍മാണമായിരുന്നു. പ്രവാചകരുടെ ഒട്ടകം മുട്ടുകുത്തിയ സ്ഥലത്താണ് പള്ളി പണിതത്. പ്രസ്തുത പള്ളി ലോകത്തിന്‍റെ തന്നെ സഞ്ചാരഗതി മാറ്റിയതു ചരിത്രം. സമാനതകളില്ലാത്ത വിപ്ലവത്തിന്‍റെ ചാലക ശക്തിയായി പ്രവാചക പള്ളി നിലകൊണ്ടു.

കേരളത്തിലെ മുസ്ലിം ചരിത്രവും ഇതില്‍ നിന്നു ഭിന്നമല്ല. എതിര്‍ക്കാന്‍ ശത്രുക്കള്‍ ഇല്ലാതിരുന്നതും സ്വീകരിക്കാന്‍ തക്ക സാമൂഹ്യ സാഹചര്യം നിലനിന്നിരുന്നുവെന്നതും ശരിയാണ്. എങ്കിലും ഭരണകൂടങ്ങളുടെ പിന്‍ബലമോ സാമ്പത്തിക പിന്തുണയോ ഇല്ലാതെയാണ് ഇസ്ലാം കേരളത്തില്‍ വേരൂന്നിയതും വളര്‍ന്നു വികസിച്ചതും. കാര്യക്ഷമമായ ഭരണസംവിധാനങ്ങള്‍ ഇല്ലാതിരുന്ന കാലത്ത് മുസ്ലിംകളുടെ ഭരണ കേന്ദ്രവും കുടുംബക്കോടതിയും നിയമസഭയുമെല്ലാം പള്ളികളായിരുന്നു. പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള നാല്‍പത് പുരുഷന്മാരുള്ള നാട്ടില്‍ ഒരു ജുമുഅ സ്ഥാപിക്കേണ്ടത് മതദൃഷ്ട്യാ മുസ്ലിംകള്‍ക്കു നിര്‍ബന്ധമാണ്. സ്വാഭാവികമായും അതിനൊരു പള്ളി പണിയും. ജമാഅത്ത് നിസ്കാരം സാമൂഹ്യ ബാധ്യതയായതിനാല്‍ നാല്‍പത് പേര്‍ ഇല്ലാത്തിടത്തും ജുമാമസ്ജിദിലേക്ക് എത്തിപ്പെടാന്‍ പ്രയാസമുള്ളിടത്തും ചെറിയ നിസ്കാരപ്പള്ളികള്‍ നിര്‍മിച്ചു. ആള്‍ബലം വര്‍ധിക്കുമ്പോള്‍ ഇത്തരം നിസ്കാരപ്പള്ളികള്‍ ജുമാമസ്ജിദുകളാക്കി പരിവര്‍ത്തിപ്പിക്കും. അത് പോലെ, എല്ലാവരും ഒരു പള്ളിയില്‍ ഒരുമിച്ചുകൂടാന്‍ പറ്റിയ മാനസികവും വിശ്വാസപരവുമായ പശ്ചാത്തലം രൂപപ്പെട്ടില്ലെങ്കിലും പുതിയ പള്ളികളുയരും.

കേരളത്തിലെ ഒട്ടുമിക്ക വാര്‍ഡുകളിലും ഇന്ന് ജുമാമസ്ജിദുണ്ട്. മുസ്ലിം ജനസംഖ്യ കൂടുതലുള്ളിടത്ത് രണ്ടും മൂന്നും പള്ളികള്‍ വരെ കാണാം. നിസ്കാര പള്ളികള്‍ അതിന്‍റെ ഇരട്ടിവരും. ശരാശരി എഴുപത് മുസ്ലിം വീടുകള്‍ക്ക് ഒരു പള്ളിയെന്ന തോതില്‍ അത് വികസിച്ചിട്ടുണ്ട് (മാപ്പിള മുസ്ലിംകള്‍: 226 റോളണ്ട് ഇ മില്ലര്‍).

അതായത് 500 മുസ്ലിംകള്‍ക്ക് ഒരു പള്ളി. പള്ളി പരിപാലിക്കാന്‍ ഒരു കമ്മിറ്റി. അല്ലെങ്കില്‍ ഒരു മുതവല്ലി. വാങ്ക് വിളിക്കാന്‍ മുക്രി, നിസ്കാരത്തിന് നേതൃത്വം നല്‍കാന്‍ ഇമാം, ജുമുഅ നിര്‍വഹിക്കാന്‍ ഖത്വീബ്, മതാധ്യാപനത്തിന് മുദരിസ് (ഇമാമും ഖത്വീബും മുദരിസും ഒരാള്‍ തന്നെയാകാറുമുണ്ട്) വിധി പറയാന്‍ ഖാളി എന്നിങ്ങനെയാണ് പള്ളിയുടെ പരിപാലന സംവിധാനം.

 

പുരാതന പള്ളികള്‍

കേരളത്തിലെ പുരാതന പള്ളികളുടെ നിര്‍മാണ കാലവും ചരിത്രവും രേഖകളുടെ വെളിച്ചത്തില്‍ പൂര്‍ണമായി കണ്ടെത്തുക സാധ്യമല്ല. ഇരുളടഞ്ഞ ഏടുകളിലേക്ക് വെളിച്ചം വീശുന്നത് ഓര്‍മകളുടെ കൈമാറ്റങ്ങളാണ്. ഓലകളും പുല്ലുകളും മറ്റും ഉപയോഗിച്ച് പണിത പ്രാചീന പള്ളികളുടെ ചരിത്രം ലഭിക്കാന്‍ പരിമിതികളുണ്ട്. മരവും ഓടും ഉപയോഗിച്ചുള്ള പുനര്‍നിര്‍മാണങ്ങളില്‍ നിര്‍മാണ വര്‍ഷവും കാര്‍മികത്വം വഹിച്ചയാളുടെ പേരും മറ്റും കൊത്തിവച്ചിരുന്നു. കാലപ്പഴക്കം തീര്‍ത്ത ജീര്‍ണതകളും അസൗകര്യങ്ങളും കാരണം വീണ്ടും പുതുക്കിപ്പണിതപ്പോള്‍ പ്രസ്തുത രേഖകളും കൊത്തുവേലകളും അറിവില്ലായ്മയോ അശ്രദ്ധയോ നിമിത്തമായി കുറേ ഏറെ നാമാവശേഷമായി. പഴയ പ്രൗഢിയോടെ നിലനില്‍ക്കുന്ന പള്ളികള്‍ ഇന്നു വിരലിലെണ്ണാനേ കാണൂ.

സമീപകാലത്ത് പല പുരാതന പള്ളികളും നവീകരിച്ച് കോണ്‍ഗ്രീറ്റ് സൗധങ്ങളാക്കി മാറ്റിയിട്ടുണ്ട്. ഈ നവീകരണം കാലം ആവശ്യപ്പെട്ടതായിരിക്കാം. എങ്കിലും ഈ പൊളിച്ചു നീക്കലിനിടയില്‍ ചരിത്ര ഫലകങ്ങള്‍ സംരക്ഷിക്കാനോ പൂര്‍വ ചരിത്രം പകര്‍ത്തിയെടുത്ത് സൂക്ഷിക്കാനോ ഉള്ള ചരിത്രാവബോധം പല കമ്മിറ്റികള്‍ക്കുമുണ്ടായില്ലെന്നതു ഖേദകരമാണ്. പഴയ നിര്‍മാണ കലയുടെ ശില്‍പചാരുതയും വൈദഗ്ധ്യവും ഇന്ന് കേട്ടുകേള്‍വിയും ഓര്‍മകളുമായി. തല്ലിപ്പൊളി നടത്താതെ പഴമ നിലനിര്‍ത്തി വിപുലീകരിച്ച പള്ളികളും ഇല്ലാതില്ല. പോര്‍ച്ചുഗീസുകാര്‍ ചുട്ടെരിച്ച പള്ളികളും മുസ്ലിംകളുടെ സാംസ്കാരിക ചരിത്രത്തില്‍ കരിപുരണ്ടു കിടക്കുന്നു.

 

മനാറുകളില്ലാത്ത പള്ളികള്‍

കേരളത്തിലെ പ്രാചീന പള്ളികള്‍ തികച്ചും തദ്ദേശീയ മാതൃകയിലായിരുന്നു. ഇന്ത്യയുടെ ഇതര ഭാഗങ്ങളില്‍ പേര്‍ഷ്യന്‍ അല്ലെങ്കില്‍ മുഗള ശില്‍പ ശൈലിയിലാണ് മസ്ജിദുകള്‍ നിര്‍മിച്ചിരിക്കുന്നതെങ്കില്‍ കേരളത്തിലെ പള്ളികള്‍ സാമ്പ്രദായിക രൂപങ്ങളാണ് സ്വീകരിച്ചിരുന്നത്. മരപ്പണിക്കാരും കല്‍പ്പണിക്കാരും പൊതുവെ മുസ്ലിമേതര സമുദായാംഗങ്ങളായിരുന്നുവെന്നാണ് ഇതിനൊരു കാരണം. പള്ളികളും അമ്പലങ്ങളും അണിയിച്ചൊരുക്കിയിരുന്നത് ഒരേ തച്ചന്മാരും കല്‍പ്പണിക്കാരുമായിരിക്കും. അവരുടെ കരവിരുതില്‍ വിരിഞ്ഞ ശില്‍പ ഭംഗിയായിരുന്നു മുസ്ലിം പള്ളികള്‍ക്കുണ്ടായിരുന്നത്. അത് കൊണ്ടുതന്നെ പള്ളികള്‍ക്കും ക്ഷേത്രങ്ങള്‍ക്കും നിര്‍മാണത്തില്‍ ഏറെ സമാനതകളുണ്ടായി. മതസൗഹൃദത്തിന്‍റെ കേരളീയ മാതൃക കൂടിയായി ഇതിനെ കാണാം.

പുരതാന പള്ളികള്‍ക്ക് മിനാരങ്ങള്‍ കാണാതിരിക്കാന്‍ കാരണവും അതാണ്. പഴയ പല പള്ളികള്‍ക്കും നടുത്തളം കാണാം. ധാരാളം മരത്തടികള്‍ ഉപയോഗിച്ചു കൊണ്ടുള്ള മേല്‍ത്തട്ട്, കൊത്തുവേലകളും ചിത്രപ്പണികളും നിറഞ്ഞ മുഖപ്പുകള്‍, മര ഉരുപ്പടികളാല്‍ കമനീയമായ മിമ്പറുകളും മിഅ്റാബുകളും. എല്ലാ കൊണ്ടും മനോഹരമായിരുന്നു പള്ളികള്‍. പില്‍കാലത്ത് ഹൈന്ദവ ചിഹ്നങ്ങളായിത്തീര്‍ന്ന പലതും തച്ചന്മാര്‍ മോന്തായത്തില്‍ ഭംഗിയായി കൊത്തിവച്ചിട്ടുമുണ്ടാകും. ഈ നിര്‍മാണ സാജാത്യം ഇന്ന് തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നത് അതീവ ദു:ഖകരമാണ്. പാരമ്പര്യ മുസ്ലിംകള്‍ ഹൈന്ദവ സംസ്കാരം കടം കൊണ്ടുവെന്ന് മുസ്ലിം മതപരിഷ്കരണവാദികളും ഹൈന്ദവ ക്ഷേത്രങ്ങള്‍ മുസ്ലിംകള്‍ പള്ളികളാക്കി പരിവര്‍ത്തിപ്പിച്ചതാണെന്ന് വര്‍ഗീയവാദികളും പറയുന്നു.

പള്ളികള്‍ക്കും ക്ഷേത്രങ്ങള്‍ക്കുമിടയില്‍ കാണുന്ന രൂപസാദൃശ്യത്തെ പറ്റി ഡോ. എംജിഎസ് പറയുന്നു: ‘കേരളത്തിലെ പഴയ പല മുസ്ലിം പള്ളികളും തറവാടുകളും ഹൈന്ദവ ശില്‍പ ശൈലിയില്‍ തന്നെയുള്ളത് കൊണ്ട് ക്ഷേത്രം പൊളിച്ചു പണിതതിന്‍റെ തെളിവായി സാധാരണക്കാര്‍ തെറ്റിദ്ധരിക്കാറുണ്ട്. ഏതെങ്കിലും ചില കേസുകള്‍ ഇങ്ങനെയുണ്ടോ എന്നറിഞ്ഞു കൂടാ. എന്നാല്‍ പൊതുവേ കാര്യം മറിച്ചാണ്. ഹിന്ദുരാജാക്കന്മാരുടെ അനുവാദത്തോടെ ഹിന്ദു ശില്‍പികള്‍ പണിയുമ്പോള്‍ അവരുടെ പാരമ്പര്യം തന്നെ ഈ വ്യത്യാസങ്ങളോടെ പ്രതിഫലിക്കുമല്ലോ. ബൗദ്ധ, ക്രൈസ്തവ, ജൂത സമുദായങ്ങളെന്ന പോലെ മുസ്ലിം സമുദായവും പ്രാചീന കാലങ്ങളില്‍ ഭൂരിപക്ഷം ഹൈന്ദവ സമുദായത്തിന്‍റെ ആതിഥ്യ മാധുര്യം ആസ്വദിക്കുകയാണുണ്ടായത്. ഈ സാമുദായിക സൗഹൃദത്തിന്‍റെ സ്മാരകം കൂടിയാണ് മുച്ചുന്തിപ്പള്ളിയെന്ന് അവിടത്തെ ശിലാരേഖ തെളിയിക്കുന്നു’ (കേരള ചരിത്രത്തിന്‍റെ അടിസ്ഥാന ശിലകള്‍). ‘കോഴിക്കോട്ടെ മുസ്ലിംകളുടെ ചരിത്രം’ എന്ന പുസ്തകത്തില്‍ പരപ്പില്‍ മമ്മത് കോയ ഉദ്ധരിച്ചതാണിത്.

അകം പള്ളി, മുന്‍ വശത്ത് മിഹ്റാബ്, ഇടതും വലതും ചരു എന്നു വിളിക്കുന്ന ഇടനാഴി, കിഴക്കുവശം പൂമുഖം, അനുബന്ധമായി ജലസംഭരണി, മുമ്പില്‍ മുറ്റം, ചുറ്റും പള്ളിക്കാട് ഇങ്ങനെയാണ് പുരാതന പള്ളികളുടെ ഏകദേശ ചിത്രം. വിദേശ നാടുകളുമായുള്ള സമ്പര്‍ക്കം വര്‍ധിച്ചതും എഞ്ചിനീയറിംഗില്‍ വന്ന മാറ്റങ്ങളും നിമിത്തം പുനര്‍നിര്‍മാണ വേളയില്‍ പഴയ മാതൃകകള്‍ അന്യമായി. സാര്‍സനിക (ഇന്തോ-ഇസ്ലാമിക്) ശില്‍പശൈലിക്ക് കൂടുതല്‍ പ്രചാരം ലഭിച്ചു. മിനാരങ്ങളും താഴികക്കുടങ്ങളും അങ്ങനെയാണ് പള്ളിയുടെ അടയാളമായി കടന്നുവന്നത്.

 

നവോത്ഥാനത്തിന്‍റെ പ്രഭവ കേന്ദ്രങ്ങള്‍

കേരളത്തിലെ പ്രഥമ പള്ളിക്ക് കാര്‍മികത്വം വഹിച്ചത് മാലികുബ്നു ദീനാറാണെന്നോ, അല്ലെങ്കില്‍ അദ്ദേഹം വരുന്നതിന് മുമ്പ് ഇവിടെ പള്ളികളുണ്ടായിരുന്നില്ലെന്നോ ഖണ്ഡിതമായി പറയാന്‍ തക്ക രേഖകളില്ല. എന്നാല്‍ കേരളത്തിലെ ഇസ്ലാം മത നവോത്ഥാന നായകരില്‍ പ്രഥമന്‍ മാലിക് ദീനാറായിരുന്നുവെന്നതില്‍ തര്‍ക്കവുമില്ല. വ്യവസ്ഥാപിതവും ശാസ്ത്രീയവുമായ രീതിയിലുള്ള പ്രബോധനത്തിന് കേരളത്തില്‍ തുടക്കമിട്ടത് അദ്ദേഹമാണ്. മതാനുയായികളെ വാര്‍ത്തെടുക്കാനും പള്ളികള്‍ പണിത് ആരാധനാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുമായിരുന്നു മാലിക് ദീനാറിന്‍റെയും സംഘത്തിന്‍റെയും പ്രയത്നങ്ങളത്രയും. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം(റ) എഴുതുന്നു: കൊടുങ്ങല്ലൂരിലെത്തിയ മാലിക്കുദ്ദീനാറിനും സംഘത്തിനും അവിടത്തെ ഭരണാധികാരി ഭൂമിയും തോട്ടങ്ങളും നല്‍കി. അവരവിടെ താമസമാക്കി. അവിടെ ഒരു പള്ളി പണിതു.

മാലികുബ്നു ദീനാര്‍ കൊടുങ്ങല്ലൂരില്‍ താമസമുറപ്പിച്ചു. തന്‍റെ സഹോദര പുത്രനായ മാലികുബ്നു ഹബീബിനെ മലബാറില്‍ പള്ളികള്‍ നിര്‍മിക്കാന്‍ ചുമതലപ്പെടുത്തി. തന്‍റെ സമ്പാദ്യങ്ങളെല്ലാമെടുത്ത് മാലിക്ബ്നു ഹബീബും ഭാര്യയും മക്കളില്‍ ചിലരും കൊല്ലത്തേക്ക് പുറപ്പെട്ടു. അവിടെ ഒരു പള്ളി പണിതു. ഭാര്യയെയും മക്കളെയും കൊല്ലത്തു താമസിപ്പിച്ച് ഏഴിമലയിലേക്കു പോയി. അവിടെ നിന്ന് പക്നൂര്‍, മാംഗ്ലൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ പോവുകയും അവിടങ്ങളിലെല്ലാം പള്ളികള്‍ പണികഴിപ്പിക്കുകയും ചെയ്തു. തിരിച്ച് ഏഴിമലയില്‍ വന്ന് മൂന്നുമാസം താമസിച്ചു. അവിടെ നിന്ന് ശ്രീ കണ്ഠപുരം, ധര്‍മടം, പന്തലായനി, ചാലിയം എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. അവിടങ്ങളില്ലെല്ലാം ഓരോ പള്ളി നിര്‍മിച്ചു. ചാലിയത്ത് അഞ്ചു മാസം താമസിച്ചു.

അനന്തരം കൊടുങ്ങല്ലൂരിലേക്കു പോയി. പിതൃവ്യനായ മാലികുബ്നു ദീനാറിന്‍റെ കൂടെയായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. താന്‍ പണി കഴിപ്പിച്ച എല്ലാ പള്ളികളിലും പോയി നിസ്കരിച്ചു. സത്യനിഷേധം നിറഞ്ഞ മണ്ണില്‍ ഇസ്ലാം മതം പ്രചരിപ്പിക്കുവാന്‍ കഴിഞ്ഞതില്‍ അല്ലാഹുവിനെ സ്തുതിച്ചും നന്ദി പ്രകാശിപ്പിച്ചും കൊടുങ്ങല്ലൂരിലേക്കു മടങ്ങി (തുഹ്ഫതുല്‍ മുജാഹിദീന്‍ 43-44, വിവര്‍ത്തനം: എപി മുഹമ്മദലി മുസ്ലിയാര്‍ നെല്ലിക്കുത്ത്).

മാലികുദ്ദീനാറിന്‍റെ ഈ മതകീയ മുന്നേറ്റത്തിന് ശേഷം പ്രസ്തുത ദീപം പ്രകാശിപ്പിച്ചു നിറുത്തിയവര്‍ കോഴിക്കോട് ഖാളിമാരായിരുന്നു. മൂന്നാം ഘട്ടം അരങ്ങേറുന്നത് മഖ്ദൂമുമാരുടെ രംഗപ്രവേശത്തോടെയും. ചാലിയത്തെയും കുറ്റിച്ചിറയിലെയും പൊന്നാനിയിലെയും പള്ളികള്‍ അക്കഥ പറയും. മഖ്ദൂമുമാരുടെ വൈജ്ഞാനിക സമുദ്ധാരണാനന്തരം മമ്പുറം തങ്ങളുടെ ആത്മീയ ജൈത്ര യാത്ര ആരംഭിച്ചു. മേല്‍ പറഞ്ഞ ചരിത്ര സഞ്ചാരങ്ങളിലെല്ലാം പള്ളികള്‍ കേന്ദ്രസ്ഥാനത്തു നില്‍ക്കുന്നു.

 

നാടുവാഴികളുടെ നിര്‍ലോഭത

കേരളത്തിലെ ഭൂമിക ഇസ്ലാമിനെ വരിക്കാന്‍ പരുവപ്പെട്ട മണ്ണായിരുന്നു. ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും മുസ്ലിം പ്രബോധകര്‍ കഠിനമായ എതിര്‍പ്പു നേരിട്ടപ്പോള്‍ കേരളത്തില്‍ അത്തരം തടസ്സങ്ങളില്ലായിരുന്നു. മാത്രമല്ല, പല നാടുവാഴികളും മുസ്ലിംകളെ പിന്തുണച്ചു. പള്ളി പണിയാന്‍ സഹായിച്ചു. വില്യം ലോഗണ്‍ എഴുതുന്നു: ‘മലയാളക്കരയില്‍ മുസ്ലിം പള്ളികള്‍ സ്ഥാപിച്ച ഒമ്പത് സ്ഥലങ്ങളും ഒന്നുകില്‍ കൊച്ചി രാജാധിപത്യങ്ങളുടെ (നാടുവാഴികളുടെയും) ആസ്ഥാനങ്ങളിലോ, അതല്ലെങ്കില്‍ വ്യാപാരപരമായി തന്ത്രപ്രധാനമായ കേന്ദ്രങ്ങളിലോ ആയിരുന്നുവെന്നത് ശ്രദ്ധേയമാണ്. കൊടുങ്ങല്ലൂര്‍, കോട്ടം, പഴയങ്ങാടി, ഒരുപക്ഷേ പന്തലായനി കൊല്ലവും വ്യാപാര പ്രാധാന്യം കൊണ്ടു മാത്രമല്ല, നാടുവാഴിയുടെ (രാജാവിന്‍റെ) ശക്തി കേന്ദ്രങ്ങളുമായുള്ള സാമീപ്യം കൊണ്ടും വേറിട്ടു നില്‍ക്കുന്നു (മലബാര്‍ മാന്വല്‍: 152).

കേരള മുസ്ലിംകളുടെ വളര്‍ച്ചയിലും പള്ളി നിര്‍മാണത്തിലും അമുസ്ലിം നാടുവാഴികളുടെ സഹായങ്ങളുണ്ടായിട്ടുണ്ട്. പള്ളി പണിയാന്‍ അനുമതി നല്‍കിയതും സാമ്പത്തിക സഹായം അനുവദിച്ചതും എടുത്തുപറയേണ്ടതാണ്. പെരുമാളിന്‍റെ എഴുത്തിന്‍റെ അടിസ്ഥാനത്തില്‍ കൊടുങ്ങല്ലൂരിലെ നാടുവാഴിയാണ് കേരളത്തിലെ പ്രഥമ പള്ളി പണിയാന്‍ സ്ഥലവും ഭൂസ്വത്തുക്കളും ദാനം നല്‍കിയത്.

ദക്ഷിണ കൊല്ലത്തെത്തിയ ഇബ്നു ഹബീബിനെയും കുടുംബത്തെയും ദക്ഷിണ കോലത്തിരി (തിരുവിതാംകൂര്‍) ആദര പൂര്‍വം സ്വീകരിക്കുകയും പള്ളി പണിയാന്‍ സൗകര്യമൊരുക്കുകയുമുണ്ടായി. മാടായിയില്‍ വടക്കന്‍ കോലത്തിരി (ചിറക്കല്‍ രാജ)യും സഹായിച്ചു (മലബാര്‍ മാന്വല്‍: 152).

കോഴിക്കോട് കുറ്റിച്ചിറയിലെ മുച്ചുന്തിപ്പള്ളിയിന്മേലുള്ള ശിലാരേഖയില്‍ കാണുന്ന എഴുത്തുകള്‍ സാമൂതിരി പള്ളികള്‍ക്കു ദാനം കൊടുത്തു പ്രോത്സാഹിപ്പിച്ചിരുന്നു എന്ന് തെളിയിക്കുന്നതാണ്. വട്ടെഴുത്തിലുള്ള ആ രേഖ ഏതാണ്ടിങ്ങനെ സംഗ്രഹിക്കാം: പുന്തൂറക്കോന്‍റെ കല്‍പനയാണിത്. സന്നിധിയിലുള്ളവര്‍ കല്‍പന നടപ്പാക്കണം. മുച്ചുന്തിപ്പള്ളിക്ക് ഒരു നാളി (ഒരു നാഴി) നിത്യച്ചെലവിനു കൊടുക്കണമെന്നു കല്‍പ്പിക്കുന്നു. കുന്ദമംഗലം പുളിക്കല്‍ നിന്നാണിതു കൊടുക്കാന്‍ കല്‍പിക്കുന്നത്. ഭാവിയിലും പന്ത്രണ്ടു പറ (പികെ മുഹമ്മദ് കുഞ്ഞി- മുസ്ലിംകളും കേരള സംസ്കാരവും, പേ. 97).

പൊന്നിനിയിലെ മിക്ക പള്ളികള്‍ക്കും അവിടുത്തെ നാടുവാഴിയായിരുന്ന തിരുമനശ്ശേരി തമ്പുരാന്‍ സ്വത്തും സാമ്പത്തിക സഹായവും നല്‍കിയിരുന്നു. ആ ഔദാര്യവും സഹായവും പിന്നീട് സാമൂതിരി നിലനിര്‍ത്തിപ്പോന്നു (ഡോ. ഹുസൈന്‍ രണ്ടത്താണി- മഖ്ദൂമും പൊന്നാനിയും: പേ. 99).

ഹിന്ദു ഭരണാധികാരികള്‍ പലയിടത്തും മുസ്ലിംകള്‍ക്ക് പള്ളി നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. മലപ്പുറം പള്ളി മലപ്പുറം നാടുവഴിയായ പാറനമ്പിയുടെ സംഭാവനയാണ്. പ്രദേശവാസികള്‍ ഒന്നടങ്കം മതം മാറുമ്പോള്‍ അവരുടെ ആരാധനാലയം പള്ളിയാക്കി മാറ്റാറുമുണ്ട്. വല്ലവിധേനയും അശുദ്ധമായ ക്ഷേത്രങ്ങളും പള്ളിക്കു വേണ്ടി നല്‍കാറുണ്ട് (ഡോ. ഹുസൈന്‍ രണ്ടത്താണി- മാപ്പിള മലബാര്‍ പേ. 168). മുസ്ലിംകള്‍ മതഭ്രാന്തന്മാരായിരുന്നുവെങ്കില്‍ ഇത്തരം സഹായങ്ങളൊന്നും ലഭിക്കുമായിരുന്നില്ല. സലഫീ ചിന്തകളില്ലാത്തതു കൊണ്ട് അവരുടെ സഹായം സ്വീകരിക്കുന്നതില്‍ അസാംഗത്യവും ഉണ്ടായില്ല.

അറക്കല്‍ രാജവംശവും ധാരാളം പള്ളികള്‍ നിര്‍മിച്ചിട്ടുണ്ട്. വടക്കേ മലബാറിലെ പല പ്രധാനപ്പെട്ട പള്ളികളും ഈ രാജവംശം സ്ഥാപിച്ചതാണ്… രാജധാനിക്കടുത്തുള്ള ഇസിങ്കപ്പള്ളി ഇവര്‍ നിര്‍മിച്ചതാണ്. ഈ പള്ളിയുടെയും മാട്ടൂല്‍ മാടായി പള്ളികളുടെയും മാനേജിംഗ് ട്രസ്റ്റി അറക്കല്‍ രാജാക്കന്മാരായിരുന്നു. കണ്ണൂരിലെ മുഹ്യദ്ദീന്‍ പള്ളി നിര്‍മിച്ചത് 1907-1911 ല്‍ ഭരിച്ച സുല്‍ത്താന്‍ ഇമ്പിച്ചിബീബി ആദി രാജയാണ്. മാടായി ധര്‍മടം പള്ളിയുടെ ഖതീബിനെ നിയമിക്കുന്നതും കണ്ണൂര്‍ മഹല്ലിലെ എല്ലാ സാമുദായിക കാര്യങ്ങളും നിയന്ത്രിക്കുന്നതും ഈ രാജാക്കന്മാരായിരുന്നു (പികെ മുഹമ്മദ് കുഞ്ഞി- മുസ്ലിംകളും കേരള സംസ്കാരവും: 97).

 

പള്ളികള്‍ ചുട്ടുകരിച്ചത്

ഏതൊരു മതസമൂഹത്തെയും മാനസികമായി തകര്‍ക്കാന്‍ ആദ്യം ചെയ്യുക അവരുടെ ആരാധനാലയങ്ങള്‍ തകര്‍ക്കലായിരിക്കും. ബാബരി മസ്ജിദ് വര്‍ഗീയവാദികള്‍ തച്ചുതകര്‍ത്തപ്പോള്‍ ഇന്ത്യന്‍ മുസ്ലിംകള്‍ക്കും മതേതരത്വത്തിനുമേറ്റ മുറിവ് ഉണങ്ങാതെ കിടക്കുകയാണല്ലോ. മലബാറിന്‍റെ ചരിത്രത്തിലും പള്ളികള്‍ തകര്‍ത്ത സംഭവങ്ങള്‍ ധാരാളമുണ്ട്. രാഷ്ട്രീയവും സാമ്പത്തികവുമായ ഘടകങ്ങള്‍ അതിന് പ്രേരകമായിട്ടുണ്ടാകാം. മാപ്പിളമാരുടെ പോരാട്ട വീര്യം ചോര്‍ത്താനും അവരെ പ്രകോപിപ്പിച്ച് പുറത്ത് ചാടിക്കാനും നാടുവാഴികളെ പ്രീണിപ്പിക്കാതെ പള്ളി പണിതതിന്‍റെ പേരിലും ഭരണാധികാരികളും ജന്മിമാരും പള്ളിക്കു നേരെ അക്രമങ്ങളഴിച്ചു വിട്ടിട്ടുണ്ട്.

1745-ല്‍ തിരൂരങ്ങാടിയെ മാപ്പിളമാര്‍ സാമൂതിരിക്കെതിരെ പള്ളി കേന്ദ്രമാക്കി സമരം സംഘടിപ്പിച്ച സംഭവമുണ്ട്. 1715-ല്‍ കൊണ്ടോട്ടിക്ക് സമീപം ഓമാനൂരില്‍ സാമൂതിരി കുടുംബത്തില്‍ പെട്ട ഒരു സ്ത്രീ മതം മാറി ഇസ്ലാം സ്വീകരിച്ചതില്‍ രോഷം പൂണ്ട് സാമൂതിരിയുടെ ആള്‍ക്കാര്‍ പന്നിയെ കൊന്ന് പള്ളിയിലിടുകയും വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കുകയുമുണ്ടായി. 1738-ല്‍ സാമൂതിരിയുടെ മാടമ്പിയായ പാറനമ്പി അയാള്‍ തന്നെ പണിതു കൊടുത്ത പള്ളി അഗ്നിക്കിരയാക്കി. 1841 നവം 19-ന് ഏറനാട് താലൂക്കിലെ മണ്ണൂരില്‍ പള്ളി നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ടായി. മാപ്പിളമാര്‍ വര്‍ഷങ്ങളായി കൈവശംവച്ച ഭൂമിയുടെ മുന്‍ ജന്മി തോട്ടശ്ശേരി തച്ചുപണിക്കര്‍ അവിടെ പള്ളി നിര്‍മിച്ചതിനെതിരെ കോടതിയില്‍ കള്ളപ്പരാതി നല്‍കി. അതൊരു കലാപമായി മാറി. 1857 ആഗസ്റ്റ് 22-ന് കൊളത്തൂരിലും സമാനരീതിയില്‍ കലാപമുണ്ടായി (മാപ്പിള മലബാര്‍ പേ. 151-155).

പോര്‍ച്ചുഗീസുകാരാണ് പള്ളികള്‍ക്കു നേരെ അതിരൂക്ഷമായ ആക്രമണമഴിച്ചു വിട്ടത്. ക്രിസ്തുമതം അടിച്ചേല്‍പ്പിക്കലായിരുന്നു അവരുടെ ലക്ഷ്യം. 1507-ല്‍ കോഴിക്കോട് ട്രിസ്റ്റവോ ഡ കുഞ്ഞയും ആള്‍ക്കാരും പ്രകടനമായി മുസ്ലിം പള്ളിയില്‍ പോവുകയും അത് പ്രധാന പള്ളിയായതു കൊണ്ട് നമ്മുടെ വിജയ മാതാവിന്‍റെ പള്ളിയെന്ന് പേരിടുകയും സംഭവം റോളണ്ട് ഇ മില്ലര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മുസ്ലിം പള്ളികളുടെ വരുമാനവും ഭൂമിയും ക്രിസ്ത്യന്‍ പള്ളികള്‍ക്കായി നീക്കിവെക്കുകയും ചെയ്തു (റോളണ്ട് ഇ മില്ലര്‍- മാപ്പിള മുസ്ലിംകള്‍, പേ. 83). ഹിജ്റ 915 (എഡി 1510) റമളാന്‍ 22-ന് പോര്‍ച്ചുഗീസുകാര്‍ യുദ്ധ സന്നാഹങ്ങളോടു കൂടി കോഴിക്കോട്ടെത്തി നാഖുദാ മിസ്ഖാല്‍ പണിയിപ്പിച്ച വലിയ പള്ളി (മിസ്ഖാല്‍ പള്ളി) അഗ്നിക്കിരയാക്കിയത് സൈനുദ്ദീന്‍ മഖ്ദൂം എഴുതിയിട്ടുണ്ട് (സൈനുദ്ദീന്‍ മഖ്ദൂം- തുഹ്ഫതുല്‍ മുജാഹിദീന്‍ പേ. 63).

പോര്‍ച്ചുഗീസുകാര്‍ ചാലിയം പള്ളി തകര്‍ത്ത സംഭവം തുഹ്ഫതുല്‍ മുജാഹിദീനില്‍ നിന്നു വായിക്കാം: ഹിജ്റ 938 റബീഉല്‍ ആഖിറിലാണ് സംഭവം. മലബാറില്‍ ഇസ്ലാം വന്നതിന്‍റെ ആദ്യഘട്ടത്തില്‍ നിര്‍മിച്ച പള്ളി ഉള്‍പ്പെടെ മൂന്നു പള്ളികള്‍ തകര്‍ത്ത് അതിന്‍റെ കല്ലും മരവും കോട്ട പണിയുവാന്‍ വിനിയോഗിച്ചു. കോട്ടയുടെ പണി നടക്കുന്നതിനിടയില്‍ ഒരു പോര്‍ച്ചുഗീസുകാരന്‍ വന്നു പള്ളിയുടെ ഒരു കല്ല് ഇളക്കിയെടുത്ത് കൊണ്ടുപോയി. ഇതിനെ പറ്റി പോര്‍ച്ചുഗീസ് നേതാവിനോട് മുസ്ലിംകള്‍ ആവലാതി പറഞ്ഞു. അങ്ങനെ അദേഹം ഒരുകൂട്ടം ജോലിക്കാരുമായി വന്ന് പൊളിച്ച സ്ഥലം കുമ്മായവും കല്ലും ഉപയോഗിച്ച് നന്നാക്കി കൊടുത്തു. ഇത് മുസ്ലിംകളെ വളരെ സന്തോഷിപ്പിക്കുന്നതായിരുന്നു. മുസ്ലിംകള്‍ നന്ദിയോടെ വീട്ടുലേക്ക് മടങ്ങി. രണ്ടാം ദിവസം പോര്‍ച്ചുഗീസുകാര്‍ വന്‍ സംഘമായി വന്ന് പള്ളി നിശ്ശേഷം തകര്‍ത്തു! ഒരു കല്ല് പോലും ബാക്കി വച്ചില്ല (തുഹ്ഫതുല്‍ മുജാഹിദീന്‍, വിവര്‍ത്തനം: എപി മുഹമ്മദലി മുസ്ലിയാര്‍ നെല്ലിക്കുത്ത്).

(തുടരും)

You May Also Like

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

കുടുംബ ബന്ധത്തിന്റെ വില; വിലാപവും

സാമൂഹിക വ്യവസ്ഥയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത സ്ഥാപനമാണ് കുടുംബം. സുസജ്ജവും ആരോഗ്യപൂർണവുമായ കുടുംബങ്ങളാണ് സമൂഹത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുന്നത്.…

● കെഎംഎ റഊഫ് രണ്ടത്താണി

ദാനധര്‍മ്മം; മുസ്‌ലിമിനറെ മുഖമുദ്ര

മാനവതയുടെ മതമായ ഇസ്‌ലാമിന്‍റെ സാമ്പത്തിക ദര്‍ശനങ്ങള്‍ സമൂഹത്തിന്‍റെയാകമാനമുള്ള സാമ്പത്തിക ഭദ്രത ലക്ഷ്യം വെച്ചുള്ളതാണ്. ലോകം കണ്ടതില്‍…