face to face to Yukthivadis- Malyalam

മുഹമ്മദ് നബി(സ്വ)യുടെ പ്രവാചകത്വത്തിലൂടെ അല്ലാഹു സമ്പൂര്‍ണമാക്കിയ മതമാണ് പരിശുദ്ധ ഇസ്ലാം. അതിന്‍റെ ആവിര്‍ഭാവകാലം മുതല്‍ ഇന്നുവരെ ധാരാളം പ്രസ്ഥാനങ്ങളും ആശയങ്ങളും വ്യക്തികളും അതിനെതിരായി തിരിഞ്ഞിട്ടുണ്ട്. നൂറ്റാണ്ടുകളോളം നിലനിന്ന പ്രസ്ഥാനങ്ങള്‍ മുതല്‍ വര്‍ഷങ്ങള്‍ പോലും തികക്കാത്ത പ്രസ്ഥാനങ്ങളുമുണ്ടായിട്ടുണ്ട്. അതെല്ലാം കാലയവനികക്കുള്ളില്‍ മറഞ്ഞുപോയി. പലതിന്‍റെയും പേരുകള്‍ പോലും ഇന്ന് അപ്രസക്തം.

ഇസ്ലാമിന് പുറത്തും അകത്തും വിവിധ അവാന്തര വിഭാഗങ്ങള്‍ കടന്നുവന്ന് സത്യമതത്തെ ആക്രമിക്കുമ്പോഴും യഥാര്‍ത്ഥ ഇസ്ലാമായ അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്ത് പ്രതിരോധിച്ചുനിന്നു. അതില്‍പെട്ട ഒന്നാണ് യുക്തിവാദം എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന നിരീശ്വരവാദം. ഇത് പുതുതായി കണ്ടുപിടിക്കപ്പെട്ട ഒന്നല്ല. നൂറ്റാണ്ടുകള്‍ക്കു മുമ്പേ ഉള്ളതാണ്. നിരീശ്വരവാദം ലോകത്തെ ഏറ്റവും വലിയ വിഡ്ഢിത്തമാണെന്ന് അതാതുകാലത്തെ പണ്ഡിതര്‍ തെളിയിക്കുകയുണ്ടായി. അതുകൊണ്ടുതന്നെ ഓരോ കാലത്തും പുതിയ യുക്തിവാദവുമായി വരുന്നവരുടെ ആശയങ്ങള്‍ക്ക് ദീര്‍ഘായുസ്സുണ്ടായില്ല. പുതുകാലത്ത് പഴയ നിരീശ്വരവാദത്തെ പൊടിതട്ടിയെടുത്ത് പുതിയ പാത്രത്തിലാക്കി വരുന്നവര്‍ ചരിത്രം വായിക്കുന്നത് നല്ലതാണ്.

നിരീശ്വരവാദം ഒരു കാലത്തും പിടിച്ചു നില്‍ക്കാന്‍ പറ്റിയ ഒരാദര്‍ശമല്ലെന്ന് മനസ്സിലാക്കിയതു കൊണ്ടായിരിക്കാം നിരീശ്വരവാദികള്‍ക്ക് ഡിങ്കനെന്ന നവദൈവത്തെ അവതരിപ്പിക്കേണ്ടി വന്നത്. ഇങ്ങനെയൊരു ദൈവത്തില്‍ വിശ്വസിച്ചതോടു കൂടി ഇതുവരെ കാത്തുസൂക്ഷിച്ച നിരീശ്വരവാദം ചില്ലുകൊട്ടാരം പോലെ പൊളിഞ്ഞുവീണു. പക്ഷേ പരിഹാസരൂപേണ അവതരിപ്പിച്ചതിനാല്‍ നിരീശ്വരവാദികളിലും ഈശ്വരവാദികളിലും പെടാതെ തങ്ങള്‍ എന്ത് വിഭാഗമാണെന്ന് പോലുമറിയാതെ നട്ടംതിരിഞ്ഞു കൊണ്ടിരിക്കുന്ന വല്ലാത്ത ഒരവസ്ഥയിലാണ് ആധുനിക നിരീശ്വരവാദികളില്‍ ഒരു വിഭാഗം.

പഴയ കാലത്തും പുതിയ കാലത്തുമുള്ള നിരീശ്വരവാദികള്‍ തമ്മില്‍ വലിയ മാറ്റങ്ങള്‍ കാണാന്‍ സാധിക്കും. പൂര്‍വകാല ഇമാമുമാരുടെ കാലത്ത് അവരോട് സംവദിച്ച നിരീശ്വരവാദികള്‍ അല്‍പമെങ്കിലും ചിന്തിക്കാന്‍ സമയം കണ്ടെത്തിയിരുന്നു എന്ന് മനസ്സിലാക്കാം. എന്നാല്‍, പുതിയകാല നിരീശ്വരവാദികള്‍ ആരോ പറഞ്ഞത് ഏറ്റുപാടുകയും പരിഹസിക്കുകയുമല്ലാതെ ചിന്തിക്കാന്‍ തയ്യാറാകുന്നില്ല.

ഇമാം അബൂഹനീഫ(റ) ഇസ്ലാമിന്‍റെ സുന്ദരമായ ആശയം നിരീശ്വരവാദികളുടെ മുന്നില്‍ സമര്‍പ്പിച്ച മഹാന്മാരില്‍ പ്രധാനിയാണ്. നിരീശ്വരവാദികളുമായുള്ള മഹാനവര്‍കളുടെ സംസാരത്തില്‍ നിന്ന് രണ്ട് സംഭവങ്ങള്‍ ഇവിടെ ഉദ്ധരിക്കാം. നിരീശ്വരവാദികളുടെ ബുദ്ധിയെ ബുദ്ധി കൊണ്ടു തന്നെ നേരിടുകയാണ് ഇമാം അബൂഹനീഫ(റ).

 

ഒന്ന്

ഇമാം അബൂഹനീഫ(റ)യോട് ഒരു നിരീശ്വരവാദി ചോദിച്ചു. ‘താങ്കള്‍ അല്ലാഹുവിനെ കണ്ടിട്ടുണ്ടോ?’

ഇമാം: ഒരു കണ്ണിനും എന്‍റെ റബ്ബിനെ കാണാന്‍ കഴിയില്ല. അത്രമേല്‍ എന്‍റെ റബ്ബ് പരിശുദ്ധനാണ്.

നിരീശ്വരവാദി: ‘എങ്കില്‍ റബ്ബിനെ താങ്കള്‍ തൊട്ടുനോക്കിയിട്ടുണ്ടോ? രുചിച്ചു നോക്കിയിട്ടുണ്ടോ?’ നിരീശ്വരവാദി ചോദ്യം ഓരോന്നായി തൊടുത്തുവിടാന്‍ തുടങ്ങി.

ഇമാം ശാന്തനായി പറഞ്ഞു: ‘എന്‍റെ റബ്ബിന് തുല്യമായി ഒന്നുമില്ല. അവന്‍ കേള്‍ക്കുന്നവനും കാണുന്നവനുമാണ്. അത്രമേല്‍ എന്‍റെ റബ്ബ് പരിശുദ്ധനാണ്’.

നിരീശ്വരവാദി: ‘താങ്കള്‍ താങ്കളുടെ റബ്ബിനെ കണ്ടിട്ടില്ല, തൊട്ടിട്ടുമില്ല, മണത്തറിഞ്ഞിട്ടുമില്ല. പിന്നെ എങ്ങനെയാണ് അല്ലാഹു ഉണ്ട് എന്ന് നിങ്ങള്‍ക്ക് പറയാന്‍ കഴിയുക?’

ഇമാം: ‘താങ്കള്‍ താങ്കളുടെ ബുദ്ധിയെ കണ്ടിട്ടുണ്ടോ?’

‘ഇല്ല’

‘ബുദ്ധിയെ കേട്ടിട്ടുണ്ടോ?’

‘ഇല്ല’

‘മണത്തു നോക്കിയിട്ടുണ്ടോ?’

‘ഇല്ല’

‘അപ്പോള്‍ നിങ്ങള്‍ക്ക് ബുദ്ധിയുണ്ടോ, അതല്ല താങ്കള്‍ ഭ്രാന്തനാണോ?’

നിരീശ്വരവാദി: ‘എനിക്ക് ബുദ്ധിയുണ്ട്’

ഇമാം: ‘എങ്കില്‍ അതുപോലെതന്നെ അല്ലാഹുവും ഉണ്ട്’

 

രണ്ട്

ഇമാം അബൂഹനീഫ(റ) തന്‍റെ ഉസ്താദായ ഹമ്മാദുബ്നു ബ്നു അബീസല്‍മാന്‍(റ)ന്‍റെ ദര്‍സില്‍ പഠിക്കുന്ന കാലത്ത് ഒരു സ്വപ്നം കണ്ടു. ഒരു വലിയ വൃക്ഷം, എങ്ങുനിന്നോ വന്ന ഒരു പന്നി അതിന്‍റെ വേര് കാര്‍ന്നുതിന്നുകൊണ്ടിരിക്കുകയാണ്. പെട്ടെന്ന് മരത്തിന്‍റെ ചെറിയൊരു കൊമ്പ് താഴ്ഭാഗത്തേക്ക് ചാഞ്ഞുവന്ന്  പന്നിയെ അതിശക്തമായി പ്രഹരിച്ചു. അടിയേറ്റ് ആര്‍ത്തട്ടഹസിച്ചുകൊണ്ട് അത് വളരെ ദൂരത്തേക്ക് തെറിച്ചുപോയി. പെട്ടെന്ന് ആ പന്നി ഒരു മനുഷ്യനായി രൂപം പ്രാപിച്ചു. എന്നിട്ട് മരത്തിന് താഴെ വന്ന് അല്ലാഹുവിന് ഇബാദത്തെടുക്കാന്‍ തുടങ്ങി. ഇതായിരുന്നു ഇമാം കണ്ട സ്വപ്നം.

നേരം പുലര്‍ന്നപ്പോള്‍ ഈ സ്വപ്നത്തിന്‍റെ വിശദീകരണം അറിയാനായി ഉസ്താദിന്‍റെ അടുക്കലേക്ക് ഇമാം പുറപ്പെട്ടു. എന്നാല്‍ ഗുരു ആകെ വിഷമിച്ച് മ്ലാനവദനനായി ഇരിക്കുന്നതാണ് കണ്ടത്. അപ്പോള്‍ ഇമാം അന്വേഷിച്ചു: ‘അങ്ങ് എന്താണ് വല്ലാതിരിക്കുന്നത്?!’

ഹമ്മാദ്(റ) പറഞ്ഞു: ഒരു സംഘം നിരീശ്വരവാദികള്‍ നമ്മുടെ രാജാവിന്‍റെ അടുക്കലേക്ക് വന്ന് അദ്ദേഹത്തെ വെല്ലുവിളിച്ചിരിക്കുന്നു. ‘ഇവിടെയുള്ള ഇസ്ലാമിക പണ്ഡിതന്മാരില്‍ ആരെങ്കിലുമൊരാളെ നിങ്ങള്‍ പറഞ്ഞയക്കുക. ഈ ലോകത്തിന് ഒരു ദൈവമുണ്ട് എന്ന് ഞങ്ങളുടെ മുന്നില്‍ അദ്ദേഹം തെളിയിക്കട്ടെ.’ അങ്ങനെ രാജാവ് എന്നെ അവരുടെ അടുക്കലേക്ക് വിളിപ്പിക്കുകയും അവരുമായി സംവാദം നടത്താന്‍ സമയവും സ്ഥലവും എല്ലാം തീരുമാനിക്കുകയും ചെയ്തിരിക്കുന്നു. പൊന്നുമോനേ, നമ്മള്‍ ഇതുവരെ കണ്ണുകള്‍കൊണ്ട് കാണുകയോ കൈകള്‍കൊണ്ട് സ്പര്‍ശിക്കുകയോ ചെയ്യാത്ത ഒരു കാര്യം അവരുടെ മുന്നില്‍ സ്ഥാപിക്കേണ്ടതുണ്ട്. പക്ഷേ, കാര്യം മനസ്സിലാകാതെ ജനങ്ങള്‍ നാശത്തില്‍ പെട്ടുപോകുന്നതിനെ ഞാന്‍ ഭയപ്പെടുകയും ചെയ്യുന്നു. അതാണ് എന്‍റെ ദുഃഖത്തിനു കാരണം.’

ഇതുകേട്ട് ശിഷ്യനായ അബൂഹനീഫ(റ) പറഞ്ഞു: ഇന്നലെ കണ്ട ഒരു സ്വപ്നത്തിന്‍റെ വിശദീകരണം അറിയാന്‍ വേണ്ടിയാണ് ഞാന്‍ ഇവിടേക്ക് വന്നത്. എന്നാല്‍, അങ്ങയുടെ വിഷമത്തിന്‍റെ കാരണം അറിഞ്ഞപ്പോള്‍ സ്വപ്നത്തിന്‍റെ വ്യാഖ്യാനം എനിക്കു മനസ്സിലായിരിക്കുന്നു. പിന്നെ അദ്ദേഹം വ്യാഖ്യാനിച്ചു: നിരീശ്വരവാദികളുടെ നേതാവാണ് ഞാന്‍ സ്വപ്നത്തില്‍ കണ്ട ആ പന്നി. ഉസ്താദാകുന്ന വന്‍മരത്തിന്‍റെ ഇല്‍മിന് ഭീഷണിയാവാന്‍ ശ്രമിക്കുകയാണ് മരത്തിന്‍റെ വേര് കാര്‍ന്നുതിന്നുന്ന പന്നി. താഴേക്ക് ചാഞ്ഞുവന്ന് അതിനെ ദൂരേക്ക് തെറിപ്പിച്ച മരക്കൊമ്പ് കൊച്ചു ശിഷ്യനായ ഞാനാണ്. ആ മൃഗം മനുഷ്യരൂപം പ്രാപിച്ച് മരച്ചുവട്ടില്‍ വന്ന് അല്ലാഹുവിന് ഇബാദത്ത് ചെയ്യുന്നതിന്‍റെ വ്യാഖ്യാനം, നിരീശ്വരവാദികളുടെ നേതാവ് സത്യത്തിലേക്ക് മടങ്ങി ഉസ്താദിന്‍റെ ശിഷ്യനായി തീരുമെന്നാണ്. അതുകൊണ്ട് അവരുമായി സംസാരിക്കുവാനും സംവാദം നടത്തുവാനും എന്നെ അനുവദിക്കൂ. ഞാന്‍ അവരോട് ജയിച്ചാല്‍ ഉസ്താദിന് വലിയ അഭിമാനമാണ്. ഇനി എന്നോട് അവര്‍ ജയിച്ചാല്‍ അത് കാര്യമാക്കാനില്ല. ഞാനൊരു ചെറിയ വിദ്യാര്‍ത്ഥിയല്ലേ?

അങ്ങനെ ഉസ്താദിന്‍റെ സമ്മതപ്രകാരം ശിഷ്യന്‍ അബൂഹനീഫ(റ) നിരീശ്വരവാദികളുമായുള്ള സംവാദത്തിനു പുറപ്പെട്ടു. അവിടെ കൂടിയ ജനങ്ങളോടായി ഇമാം പറഞ്ഞു: ‘ഇതുപോലെയുള്ള കൊച്ചു കൊച്ചു കാര്യങ്ങളില്‍ സംവാദം നടത്താന്‍ എന്‍റെ ഉസ്താദ് സമയം മുടക്കി വരേണ്ട ആവശ്യമില്ല. അതുകൊണ്ട് ശിഷ്യനായ എന്നെ സംവാദം നടത്താന്‍ പറഞ്ഞയച്ചിരിക്കുകയാണ്. അല്ലാഹുവിന്‍റെ സഹായംകൊണ്ട് നിങ്ങളുടെ ഏതു ചോദ്യങ്ങള്‍ക്കും വ്യക്തമായ ഉത്തരം നല്‍കാന്‍ എനിക്ക് കഴിയും.’

ഉടന്‍തന്നെ രാജസന്നിധിയില്‍ ഒരുമിച്ചുകൂടിയ നിരീശ്വരവാദികള്‍ അബൂഹനീഫയോട് ചോദ്യങ്ങള്‍ ഓരോന്നായി ചോദിക്കാന്‍ തുടങ്ങി.

‘നിങ്ങളുടെ റബ്ബ് ഏതു വര്‍ഷത്തിലാണ് ജനിച്ചത്?’

‘അല്ലാഹു പ്രസവിക്കപ്പെടുകയില്ല. പ്രസവിക്കപ്പെട്ടതായിരുന്നുവെങ്കില്‍ അവന് മാതാപിതാക്കളുണ്ടാകുമായിരുന്നു. അവന്‍റെ ഗ്രന്ഥം പറയുന്നു: ‘അല്ലാഹു പ്രസവിച്ചിട്ടില്ല, പ്രസവിക്കപ്പെട്ടിട്ടുമില്ല.’

‘എങ്കില്‍ ഏതു വര്‍ഷത്തിലാണ് നിങ്ങളുടെ റബ്ബ് ഉണ്ടായത്?’

‘കാലങ്ങള്‍ ഉണ്ടാകുന്നതിനു മുമ്പേ അല്ലാഹു ഉണ്ട്. അല്ലാഹു ഉണ്ടായതിനൊരു തുടക്കമില്ല.’

‘ഒന്നുകൂടി വിശദമാക്കൂ…’

‘വിശദീകരിക്കാം. മൂന്ന് എന്ന എണ്ണല്‍ സംഖ്യയുടെ മുമ്പ് എന്താണ്?

‘രണ്ട്’

‘രണ്ടിന് മുമ്പോ?’

‘ഒന്ന്’

‘ഒന്നിനു മുമ്പോ?’

‘ഒന്നിനു മുമ്പ് ഒന്നുമില്ല’

‘എണ്ണല്‍ സംഖ്യയിലെ ഒന്നിനു മുമ്പ് യാതൊന്നും തന്നെ ഇല്ലെങ്കില്‍ യഥാര്‍ത്ഥത്തില്‍ ഏകനായ അല്ലാഹുവിന് മുമ്പ് ഒന്നുമില്ല എന്ന് എന്തുകൊണ്ട് അംഗീകരിക്കാന്‍ കഴിയുന്നില്ല?’

‘നിങ്ങളുടെ റബ്ബ് ഏതു ഭാഗത്തേക്കാണ് തിരിഞ്ഞു നില്‍ക്കുന്നത്?’

‘ഇരുട്ടുള്ള മുറിയില്‍ പ്രകാശിക്കുന്ന ഒരു വിളക്ക് വച്ചാല്‍ ഏതു ഭാഗത്താണ് വെളിച്ചം ഉണ്ടാവുക?’

‘എല്ലാ ഭാഗത്തുമുണ്ടാകും’

‘കേവലം ഒരു സാങ്കേതിക ഉപകരണമായ വിളക്കിന്‍റെ അവസ്ഥ ഇങ്ങനെയാണെങ്കില്‍ ആകാശഭൂമികളുടെ ഒളിവായ അല്ലാഹുവിന്‍റെ പ്രകാശത്തിന്‍റെ അവസ്ഥ എങ്ങനെയായിരിക്കും!’

‘എങ്കില്‍ നിങ്ങള്‍ നിങ്ങളുടെ റബ്ബിന്‍റെ അസ്തിത്വത്തെ കുറിച്ച് പറയൂ… അത് ഖരാവസ്ഥയിലുള്ളതാണോ, അതല്ല ദ്രാവകാവസ്ഥയിലുള്ളതോ, അതോ വാതകാവസ്ഥയിലുള്ളതോ?’

‘നിങ്ങള്‍ മരണാസന്നനായ ഏതെങ്കിലും രോഗിയുടെ അടുത്തിരുന്നിട്ടുണ്ടോ?’

‘ഉവ്വ്’

‘ആ രോഗി നിങ്ങളോട് സംസാരിച്ചുകൊണ്ടിരുന്നു. എന്നാല്‍ മരണ ശേഷം ഒന്നുംതന്നെ മിണ്ടുന്നില്ല. ശരീരം ചലിച്ചു കൊണ്ടിരുന്നു, പിന്നീട് പൂര്‍ണമായും അനക്കമറ്റു. ഇത്തരമൊരു അവസ്ഥക്ക് നിങ്ങള്‍ സാക്ഷിയായിട്ടുണ്ടോ?’

‘അതേ’

‘എന്താണ് സംസാരം നിലച്ചുപോകാനും ചലനം നിന്നുപോകാനും കാരണം?’

‘അദ്ദേഹത്തിന്‍റെ ആത്മാവ് ശരീരത്തില്‍ നിന്നു വേര്‍പിരിഞ്ഞത് തന്നെ’

‘നിങ്ങള്‍ അടുത്തുണ്ടായിരിക്കെ അദ്ദേഹത്തിന്‍റെ ശരീരത്തില്‍ നിന്ന് ആത്മാവ് വേര്‍പ്പെട്ടുവെന്നോ?’

‘തീര്‍ച്ചയായും’

‘എങ്കില്‍ പറഞ്ഞുതരൂ… എന്താണ് ഈ ആത്മാവ്? അത് ഖരാവസ്ഥയിലുള്ളതാണോ, അതല്ല ദ്രാവകാവസ്ഥയിലുള്ളതോ, അതോ വാതകാവസ്ഥയിലുള്ളതോ?’

‘ഞങ്ങള്‍ക്ക് അതിനെ കുറിച്ച് ഒന്നുമറിയില്ല.’

‘നിങ്ങള്‍ നോക്കൂ… ആത്മാവ് എന്നത് അല്ലാഹുവിന്‍റെ സൃഷ്ടിയാണ്. അതിന്‍റെ സത്യാവസ്ഥ മനസ്സിലാക്കാന്‍ പോലും നിങ്ങള്‍ക്കാകുന്നില്ല. പിന്നെയെങ്ങനെയാണ് ആ ആത്മാവിനെയും സകല ചരാചരങ്ങളെയും സൃഷ്ടിച്ചു പരിപാലിക്കുന്ന അല്ലാഹുവിന്‍റെ അസ്തിത്വത്തെ ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു മനസ്സിലാക്കി തരിക? വല്ലാത്ത അത്ഭുതംതന്നെ!’

‘നിങ്ങളുടെ റബ്ബ് ഏത് സ്ഥലത്താണുള്ളത്?’

‘ഇപ്പോള്‍ കറന്നെടുത്ത ഒരു കപ്പ് പാല്‍ നിങ്ങളുടെ അടുക്കല്‍ കൊണ്ടുവന്നാല്‍ ആ പാലില്‍ വെണ്ണ ഉണ്ടോ ഇല്ലയോ? എന്താണ് നിങ്ങള്‍ പറയുക?’

‘ആ പാലില്‍ വെണ്ണ ഉണ്ട്’

‘എന്നാല്‍ പാലില്‍ ഏതു ഭാഗത്താണ് വെണ്ണയുള്ളത്?’

‘അതിന് ഒരു പ്രത്യേക സ്ഥലമില്ല. പാലിന്‍റെ ഓരോ ഭാഗത്തും വെണ്ണ അടങ്ങിയിട്ടുണ്ട്.’

‘അല്ലാഹുവിന്‍റെ ഒരു സൃഷ്ടി മാത്രമായ വെണ്ണയ്ക്ക് പാലില്‍ ഒരു പ്രത്യേക സ്ഥലമില്ലെങ്കില്‍ എല്ലാം പടച്ച സ്രഷ്ടാവിന്‍റെ അസ്ഥിത്വത്തിന് ഏതെങ്കിലുമൊരു സ്ഥലം അന്വേഷിക്കുകയോ? വല്ലാത്ത അത്ഭുതം തന്നെ!’

‘ഈ ലോകം പഠക്കുന്നതിനു മുമ്പ് എല്ലാ കാര്യങ്ങളും  കണക്കാക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ഇപ്പോള്‍ നിങ്ങളുടെ റബ്ബിന്‍റെ പണി എന്താണ്?’

‘ഒരു വിഭാഗത്തെ ഉയര്‍ത്തുകയും മറ്റൊരു വിഭാഗത്തെ താഴ്ത്തുകയും ചെയ്തു കൊണ്ടിരിക്കുന്നു’ (ഈ സംവാദത്തില്‍ നിരീശ്വരവാദികളായ നിങ്ങളെ താഴ്ത്തുകയും വിദ്യാര്‍ത്ഥിയായ എന്നെ ഉയര്‍ത്തുകയും ചെയ്യുന്നു എന്ന് ആശയം).

‘സ്വര്‍ഗത്തില്‍ പ്രവേശിച്ചാല്‍ പിന്നീട് അറ്റമില്ലാത്ത ജീവിതമാണ് എന്ന് നിങ്ങള്‍ പറയുന്നു. അതെങ്ങനെ സാധ്യമാകും? തുടക്കമുള്ളതിനെല്ലാം അറ്റവും ഉണ്ടാകുമല്ലോ?’

‘ഒന്നു മുതല്‍ തുടങ്ങുന്ന എണ്ണല്‍ സംഖ്യകളില്ലേ. അതിന്‍റെ തുടക്കമാണ് ഒന്ന്. എന്നാല്‍, അതിന്‍റെ അവസാനം പറഞ്ഞുതരാന്‍ കഴിയുമോ? ഇല്ല. അതിനവസാനമില്ല. അതുപോലെയാണ് സ്വര്‍ഗവാസികളും. തുടക്കം ഉണ്ടെങ്കിലും അവസാനമില്ല. കാലാകാലം സ്വര്‍ഗത്തില്‍ തന്നെയായിരിക്കും.’

‘സ്വര്‍ഗവാസികള്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചാല്‍ ഭക്ഷിക്കും. എന്നാല്‍, വിസര്‍ജിക്കുകയോ മൂത്രിക്കുകയോ ഇല്ല. ഇതെങ്ങനെ ഉള്‍ക്കൊള്ളാന്‍ പറ്റും?’

‘ഞാനും നിങ്ങളുമെല്ലാം ഉമ്മയുടെ വയറ്റില്‍ ഒമ്പത് മാസം താമസിച്ചവരാണ്. അവിടെ നിന്ന് നമുക്കാവശ്യമുള്ള ഭക്ഷണം കിട്ടുന്നു. പക്ഷേ, വിസര്‍ജിക്കുകയോ മൂത്രിക്കുകയോ ചെയ്യുന്നില്ലല്ലോ’

‘ഏതൊരു വസ്തുവും ചെലവഴിക്കും തോറും കുറയുകയാണ് ചെയ്യുക. എന്നാല്‍ സ്വര്‍ഗത്തിലെ അനുഗ്രഹങ്ങള്‍ ചെലവഴിക്കും തോറും വര്‍ധിക്കുമെന്നുണ്ടല്ലോ. അതെങ്ങനെയാണ് വിശ്വസിക്കാന്‍ സാധിക്കുക?’

‘ചെലവഴിക്കുംതോറും വര്‍ധിക്കുന്ന അനുഗ്രഹങ്ങള്‍ ഈ ലോകത്ത്തന്നെ ഉണ്ട്. അതാണ് ഇല്‍മ് (അറിവ്). അതുകൊണ്ടു തന്നെ ചെലവഴിക്കുംതോറും വര്‍ധിക്കുന്ന അനുഗ്രഹങ്ങള്‍ സ്വര്‍ഗത്തിലും പടക്കാന്‍ അല്ലാഹുവിന് സാധ്യമാണ്’.

‘ഞങ്ങള്‍ക്ക് മൂന്ന് ചോദ്യത്തിനു കൂടി ഉത്തരം നല്‍കണം.

നിങ്ങള്‍ക്കൊരു റബ്ബ് ഉണ്ടെങ്കില്‍ ഞങ്ങള്‍ക്ക് ഒന്ന് കാണിച്ചു തരുമോ?

ദോഷികളായ ആളുകളെ നാളെ നരകത്തിലിട്ട് ശിക്ഷിക്കുമ്പോള്‍ ശൈത്വാന്‍മാരെയും തീയിലിട്ട് ശിക്ഷിക്കുമല്ലോ. ശൈത്വാനാണെങ്കില്‍ തീകൊണ്ട് സൃഷ്ടിക്കപ്പെട്ടതാണെന്ന് നിങ്ങള്‍തന്നെ പറയുന്നു. തീ തീയിലിട്ടാല്‍ അതൊരു ശിക്ഷയാകുമോ?

എല്ലാ നന്മയും തിന്മയും മനുഷ്യരുടെ മേല്‍ നേരത്തേ കണക്കാക്കപ്പെട്ടതാണെന്നാണ് നിങ്ങള്‍ പറയുന്നത്. നന്മ ചെയ്യാന്‍ തീരുമാനമായവര്‍ എന്തായാലും നന്മ ചെയ്യും. തിന്മ ചെയ്യാനുള്ളവരോ തിന്മയും ചെയ്യും. പിന്നെയെന്തിനാണ് നാളെ പരലോകത്തുവച്ച് കൂലിയും ശിക്ഷയും കൊടുക്കുന്നത്?’

‘മറുപടി പറയാം, ആദ്യം ഒരു ഇഷ്ടിക കൊണ്ട് വരൂ’

ഒരാള്‍ ഇഷ്ടിക കൊണ്ടുവന്ന് ഇമാമിന്‍റെ കയ്യില്‍ കൊടുത്തു. പെട്ടെന്ന് ഇമാം  നിരീശ്വരവാദികളുടെ നേതാവിന്‍റെ തലക്ക് ഇഷ്ടികവച്ച് ഒരടി കൊടുത്തു. അയാള്‍ പേടിച്ചു രാജാവിന്‍റെ അടുക്കല്‍ അഭയം പ്രാപിച്ചു. ആളുകള്‍ ഇമാമിനെ പിടിച്ചുവച്ചു. അതുവരെ സമാധാനപൂര്‍വം സംവാദം നടത്തി അവസാനത്തില്‍ പ്രകോപനമുണ്ടാക്കിയെന്ന് ആക്ഷേപിച്ചു. അപ്പോള്‍ ഇമാം പറഞ്ഞു: ‘എന്നെ വിടൂ. ഞാനദ്ദേഹത്തെ അടിച്ചത് ആ മൂന്നു ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ്.’

അവര്‍ ഒന്നടങ്കം ചോദിച്ചു: ‘അതെങ്ങനെ അദ്ദേഹത്തിന്‍റെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയാകും?’

ഉടനെ ഇമാം താന്‍ അടിച്ച നിരീശ്വരവാദി നേതാവിനോട് ചോദിച്ചു: ‘നിങ്ങള്‍ക്ക് വേദനിച്ചോ?’

‘അതേ’

‘എങ്കില്‍ എവിടെയാണ് വേദനയുള്ളത്?’

‘ഇതാ ഈ മുറിവില്‍’

‘നിങ്ങളുടെ മുറിവിലുള്ള ആ വേദന എനിക്കൊന്ന് കാണിച്ചുതരൂ. എങ്കില്‍ ഞാന്‍ നിങ്ങള്‍ക്ക് അല്ലാഹുവിനെ കാണിച്ചുതരാം.

ഈ ഇഷ്ടിക മണ്ണുകൊണ്ട് ഉണ്ടാക്കിയതാണ്. നിങ്ങളും മണ്ണുകൊണ്ട് സൃഷ്ടിക്കപ്പെട്ടതാണ്. മണ്ണുകൊണ്ട് സൃഷ്ടിക്കപ്പെട്ട നിങ്ങളെ മണ്ണുകൊണ്ട് ഉണ്ടാക്കിയ ഇഷ്ടിക കൊണ്ട് അടിച്ചാല്‍ വേദനിക്കുകയില്ലല്ലോ.

ഈ അടി നിങ്ങള്‍ക്ക് നേരത്തെ കണക്കാക്കപ്പെട്ടതാണല്ലോ. ഞാനിത് എന്‍റെ ഇഷ്ടപ്രകാരം ചെയ്തതല്ലെങ്കില്‍ പിന്നെയെന്തിനാണ് നിങ്ങള്‍ ഞാന്‍ അടിച്ചു എന്ന് പരാതി പറഞ്ഞത്?’

അല്‍ഹംദുലില്ലാഹ്! അതോടെ നിരീശ്വരവാദികളുടെ നേതാവ് ഇസ്ലാം സ്വീകരിച്ചു. പക്ഷേ, കൂടെയുള്ളവര്‍ നിഷേധികളായി പിരിഞ്ഞുപോയി (കോടമ്പുഴ ബാവ ഉസ്താദിന്‍റെ അല്‍ഫു ഖിസ്സ്വതിന്‍ വഖിസ്സ്വ എന്ന ഗ്രന്ഥത്തില്‍ നിന്ന്).

നിരീശ്വരവാദികളുടെ ചോദ്യത്തിന് ഇമാം അബൂഹനീഫ(റ) യുക്തിയിലൂടെ നല്‍കിയ മറുപടി അവരുടെ ബൗദ്ധിക മണ്ഡലങ്ങളെ പൊളിച്ചെഴുതുകയായിരുന്നു. അതുവരെ അവര്‍ പടുത്തുയര്‍ത്തിയ ബൗദ്ധികലോകം സത്യാദര്‍ശത്തിനു മുന്നില്‍ തകര്‍ന്നു വീണപ്പോള്‍ ഇസ്ലാം മാത്രമാണ് ശരിയെന്ന് നേതാവ് മനസ്സിലാക്കി പരിശുദ്ധ ദീനിലേക്ക് സന്തോഷത്തോടെ കടന്നു വന്നു. ചരിത്രത്തില്‍ ഇത്തരം സംഭവങ്ങള്‍ ധാരാളം കാണാം.

You May Also Like
eid night - malayalam

പെരുന്നാള്‍ രാവിലെ അമൂല്യ സമ്മാനം

വിശുദ്ധ റമളാന്‍ വിടപറയുമ്പോള്‍ വിരഹ ദു:ഖം അടക്കിപ്പിടിച്ച്കൊണ്ട് ഒരു മാസത്തെ തീവ്ര പരിശ്രമങ്ങള്‍ക്കും ആരാധനകള്‍ക്കും പ്രതിഫലം…

● ശുകൂര്‍ സഖാഫി വെണ്ണക്കോട്
ekadaiva vishwasam - malayalam

ഏകദൈവ വിശ്വാസത്തിന്‍റെ ചരിത്രവഴി

ഏകദൈവ വിശ്വാസത്തിന് മനുഷ്യരാശിയോളം പഴക്കമുണ്ട്. അറിയപ്പെട്ട നാഗരികതകളുടെയും സംസ്കാരത്തിന്‍റെയും ചരിത്ര രേഖകളിലെല്ലാം വിശ്വാസത്തിന് അതിപ്രാധാന്യം കല്‍പിച്ചതായി…

● സ്വാലിഹ് ഇകെ കളരാന്തിരി
sunnath nihesdam - Malayalam

സുന്നത്ത് നിഷേധത്തിലെ ഒളിയജണ്ടകള്‍

സുന്നത്ത് എന്തിനാണ്, ഖുര്‍ആന്‍ പോരേ എന്ന ചോദ്യം ചില കേന്ദ്രങ്ങള്‍ ഉയര്‍ത്താറുണ്ട്. ഇസ്ലാമെന്ന ആദര്‍ശ ജീവിതവ്യവസ്ഥയെ…

● അലവിക്കുട്ടി ഫൈസി എടക്കര