shaikh Rifaee R- malayalam

ശൈഖ് രിഫാഈ(റ) കുട്ടിപ്രായത്തിൽ സന്ദർശിച്ചിരുന്ന ഗുരുവര്യൻമാരിൽ പ്രധാനിയാണ് ശൈഖ് അബ്ദുൽമാലികിൽ ഖർനൂബി(റ). ഇടക്കിടെ അദ്ദേഹത്തിന്റെ പർണശാലയിൽ ചെല്ലുമായിരുന്നു മഹാൻ. ഒരിക്കൽ തന്നെ ഉപദേശിക്കാനപേക്ഷിച്ചപ്പോൾ ആത്മജ്ഞാനത്തിന്റെയും ആത്മസംസ്‌കരണത്തിന്റെയും ആശയപ്രപഞ്ച സമാഹാരമാണൊഴികിയത്. രിഫാഈ(റ)ന്റെ ജീവിതത്തെ ക്രമപ്പെടുത്തുന്നതിൽ ചെറുതല്ലാത്ത സ്വാധീനം ആ ഉപദേശത്തിനുണ്ട്. രണ്ട് ഘട്ടത്തിലായി നൽകിയ ഉപദേശങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം: ‘ഇലാഹീ സാമീപ്യം തേടുന്നവൻ മാർഗം തെറ്റി സഞ്ചരിച്ചാൽ ലക്ഷ്യത്തിലെത്തില്ല. അവസരങ്ങളുപയോഗപ്പെടുത്താതെ ഒഴിഞ്ഞുമാറുന്നവന് വിജയിക്കാനുമാവില്ല. ഓരോ ശ്വാസവും ആയുസ്സ് കുറക്കുന്നുവെന്ന് തിരിച്ചറിയാത്തവന്റെ സമയമത്രയും നഷ്ടത്തിലാവും. ഒരു നിമിഷവും നഷ്ടപ്പെടുത്തരുത്.’ ആദ്യഘട്ടത്തിൽ നൽകിയ ഉപദേശമിതായിരുന്നു.

ശൈഖവർകൾ പറയുന്നു: ഒരു വർഷക്കാലം ഞാനിത് സ്വയം ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. അനുചിതമായ വല്ല വിചാരവും വരുമ്പോൾ ഞാനീ വചനം ഓർക്കും. അടുത്ത വർഷം സന്ദർശിച്ച് തിരിച്ചുപോരാനൊരുങ്ങിയപ്പോൾ ശൈഖ് വീണ്ടും ഉപദേശം തേടി. അപ്പോൾ ഗുരു പറഞ്ഞു: ‘അഹ്മദേ, ബുദ്ധിമാൻമാർക്ക് വിവരമില്ലായ്മ മഹാമോശമാണ്. ചികിത്സകർതന്നെ രോഗിയാവുന്നതും മോശം തന്നെ. സ്‌നേഹിതർ തമ്മിലുള്ള പിണക്കവും മഹാമോശം.’

പണ്ഡിതർ വിശദീകരിച്ചു: ബുദ്ധിയെന്ന അനുഗ്രഹം വിജ്ഞാനം നേടാനാണ് ഉപയോഗിക്കേണ്ടത്. എന്നിരിക്കെ ബുദ്ധിമാൻ വിഡ്ഢിയായിക്കഴിയുന്നത് ശരിയല്ല. പരമാവധി പഠിച്ചറിയണം. അതനുവർത്തിക്കണം. അപരന്റെ രോഗങ്ങൾക്ക് ചികിത്സ നൽകുന്ന വൈദ്യൻ സ്വന്തം രോഗം മറക്കുന്നത് പോലെയാണ് മറ്റുള്ളവരെ ഉപദേശിച്ച് സ്വജീവിതം നന്നാക്കാത്തവർ. അല്ലാഹുവിനെ പ്രേമിക്കുന്നു എന്ന് പറയുന്നവൻ നാഥന്റെ ഇഷ്ടം വകവെക്കാതെ ധിക്കരിച്ച് ജീവിക്കുന്നതെത്ര മോശമാണ്.’ ഒരു വർഷക്കാലം ഈ വചനങ്ങളും ശൈഖവർകൾ ആവർത്തിച്ചുകൊണ്ടിരുന്നു.

മൂന്നാമത് സന്ദർശിച്ച് തിരിച്ചുപോരാനൊരുങ്ങിയപ്പോൾ ശൈഖവർകൾ ഗുരുവിനോട് തേടി: ‘ഗുരോ, ഉപദേശിച്ചാലും.’ അപ്പോൾ ഗുരു: ‘അഹ്മദ്, ഇനി താങ്കൾ മടങ്ങിവരേണ്ട. എന്റെ ഖബറ് സന്ദർശിക്കാൻ വന്നാൽ മതി. എന്നിലേക്കോ അല്ലാഹുവിന്റെ മറ്റേതെങ്കിലും സൃഷ്ടികളിലേക്കോ ആവശ്യമില്ലാത്തവിധം താങ്കൾ ഉയർന്നിരിക്കുന്നു. താങ്കളിൽനിന്നു രൂപപ്പെടേണ്ട ശൃംഖല പൂർത്തീകരിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു. അത് ഞാനെന്റെ കൺമുമ്പിൽ കാണുന്നു. അതിനിയൊന്നും ബാക്കിവെക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നില്ല. ഞാനാകണ്ണുകൊണ്ട് സൃഷ്ടിജാലങ്ങളെ നിരീക്ഷിച്ചു. പിതാക്കളുടെ മുതുകുകളിലുള്ളവരടക്കം ചെറിയവരും വലിയവരുമായ ആരെയും ദൃഷ്ടിയിൽ പെടാതിരുന്നിട്ടില്ല. എല്ലാവരും അവരവരുടെ മാർഗദർശനം കൊണ്ട് അനേകരെ നേർവഴിയിലാക്കി കടന്നുപോയി. ഇനി താങ്കൾ മാത്രമാണുള്ളത്. അന്ത്യനാൾ വരെ താങ്കളുടെ ശൃംഖല മാർഗദർശകരായി പരിലസിക്കും.’

ശൈഖവർകൾ പറയുന്നു: ‘അനന്തരം അദ്ദേഹം എന്നെ ഗുരുവാക്കി ബൈഅത്ത് ചെയ്തു. ഇനി ഞാൻ അങ്ങോട്ട് വരേണ്ടതില്ലെന്നും മരണാനന്തരം സന്ദർശിക്കണമെന്നും ഉപാധിവച്ച് പിരിഞ്ഞു.’ ശൈഖ് അൽഹുമാം ഖാസിം ബിൻ മുഹമ്മദ്ബ്‌നുൽഹാജ്(റ) ഉമ്മുൽ ബറാഹീൽ ഫീ തസ്വ്ഹീഹിൽ യഖീൻ ബിഇശാറാതിസ്സ്വാലിഹീൻ എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയത് ഖിലാദതുൽ ജവാഹിറിൽ ഉദ്ധരിച്ചതിന്റെ സംഗ്രഹമാണിത്.

 

സർവാംഗീകാരം

ഗുരുനാഥന്മാരെല്ലാം തങ്ങളുടെ ശിഷ്യന്റെ മഹത്ത്വം ഗ്രഹിച്ചതുപോലെയാണ് രിഫാഈ ശൈഖിനെ പരിഗണിച്ചതും പരിചരിച്ചതും. അമ്മാവനായ മൻസ്വൂറിൽ ബത്വാഇഹി(ഖ.സി.)ന്റെ നിയന്ത്രണത്തിലും നിരീക്ഷണത്തിലുമാണെല്ലാം നടന്നത്. അദ്ദേഹമാകട്ടെ അക്കാലത്തെ ആത്മീയ നായകസ്ഥാനത്തുള്ളവരായിരുന്നുതാനും. തെളിഞ്ഞ മനസ്സിനുടമകളായ ജ്ഞാനസാഗരങ്ങളായിരുന്നു അവരെല്ലാം. അതിനാൽതന്നെ ശിഷ്യന്റെ ഉയർച്ചയെ സസന്തോഷം നോക്കിക്കാണുകയായിരുന്നു അവരെല്ലാം.

ബുദ്ധികൂർമതയും പൈതൃക ഗുണവും സാഹചര്യപ്പൊരുത്തവും ഒന്നിച്ച് ചേർന്നപ്പോൾ ശൈഖ് രിഫാഈ(റ) അൽകബീർ എന്ന വിശേഷണത്തോടെ മഹാഗുരുവായി പ്രോജ്ജ്വലിച്ചു. ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതൻ ഇമാം റാഫിഈ(റ) എഴുതുന്നു: ശരീഅത്ത് ജ്ഞാനത്തിലും ഫിഖ്ഹിലും മറ്റു വിജ്ഞാന ശാഖകളിലെയുമെല്ലാം നേതൃത്വം ശൈഖിനായി. അക്കാലത്തെ ശൈഖവർകളുടെ അനുകൂലികളും പ്രതികൂലികളുമടക്കം എല്ലാവരും ഇതംഗീകരിച്ചു. മഹത്ത്വവും ശ്രേഷ്ഠഗുണങ്ങളും ഖുതുബ്, ഗൗസ് എന്നീ പദവികൾ നേടിക്കൊടുത്തു. ശാമും ഹിജാസുമടക്കമുള്ള നാടുകളിലും പ്രസിദ്ധി വ്യാപകമായി. ആത്മീയ പ്രയാണത്തിൽ ശൈഖവർകളോടൊപ്പമെത്താനായിട്ടില്ല തങ്ങൾക്കെന്ന് സമകാലിക സ്വൂഫികളും ജ്ഞാനികളുമെല്ലാം മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്തു. ഗുരുനാഥനും സംരക്ഷകനുമായ മൻസ്വൂർ(റ) തന്നെ പറയുകയുണ്ടായി: ഞാനെന്റെ അനുയായികളെയും എന്നെത്തന്നെയും അഹ്മദി(റ)നോട് തുലനം ചെയ്തുനോക്കി. അപ്പോൾ അദ്ദേഹം ഞങ്ങളെയെല്ലാം മുൻകടന്നതായി കണ്ടു (സവാദുൽ ഐനയ്‌നി).

ശൈഖ് മുഹ്‌യിദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി(റ)യുടെ പ്രധാന ഗുരുവര്യരായ ഹമ്മാദ്(റ-ശൈഖ് ഹമ്മാദ് അദ്ദുബ്ബാസിൽ ബഗ്ദാദി) തുടങ്ങിയ പ്രമുഖർ ശൈഖവർകളുടെ ശിഷ്യരിൽ പ്രധാനികളാണ്.

സുപ്രസിദ്ധ ശാഫിഈ കർമശാസ്ത്ര പണ്ഡിതനും ഗ്രന്ഥകാരനുമായ ഇമാം അബൂശുജാഇ(റ)യെ ഇമാം റാഫിഈ(റ) ഉദ്ധരിക്കുന്നതിൽനിന്നും ശൈഖവർകളുടെ വ്യക്തിപ്രഭാവം വ്യക്തമായി മനസ്സിലാക്കാം: ഉന്നതശീർഷനായ പണ്ഡിതൻ, അഗാധജ്ഞാനത്തിനുടമ, ഹദീസ് നിപുണൻ, കർമശാസ്ത്ര വിശാരദൻ, ഖുർആൻ വ്യാഖ്യാതാവ്, പരമ്പര സമ്പൂർണമായ നിവേദനങ്ങളുള്ളയാൾ, ഉന്നതമായ അനുഭവങ്ങൾ നേടിയയാൾ, ഖുർആൻ പാരായണശാസ്ത്ര ജ്ഞാനി, ഖുർആൻ ഹാഫിള്, സത്യത്തിന്റെ പ്രമാണം, ജ്ഞാനകുതുകികൾ തേടിയെത്തുന്ന ഗുരുവര്യർ, മതകാര്യങ്ങളിൽ തികഞ്ഞ കണിശക്കാരൻ, വിശ്വാസികളോട് സൗമ്യൻ, ദുർമാർഗികൾക്കസഹ്യൻ, ലളിത-മൃദുല സ്വഭാവി, പ്രസന്നവദനൻ, ദീനദയാലു, ലോല മനസ്‌കൻ, ആകാര കോമളൻ, സദ്‌സ്വഭാവ സമ്പന്നൻ, മധുരഭാഷകൻ, സഹവാസികൾക്ക് നീരസമുണ്ടാക്കാത്ത കൂട്ടാളി, ഇബാദത്തിനല്ലാതെ കൂട്ടുകാരെ പിരിയാത്ത സഹൃദയൻ, വിഷമങ്ങളിൽ സഹനശാലി, അനിഷ്ടങ്ങളിൽ സഹിഷ്ണു, വാഗ്ദാനം കൃത്യമായി പാലിക്കുന്നയാൾ, ഉദാരശീലൻ, നിന്ദ്യതയില്ലാത്ത വിനയാന്വിതൻ, ഈർഷ്യതയെ കടിച്ചൊതുക്കുന്നയാൾ, കുശുമ്പില്ലാത്തയാൾ, സമകാലികരിലെ അത്യുന്നതനായ ഖുർആൻ-ഹദീസ് വിശാരദനും അതനുവർത്തിച്ച് ജീവിക്കുന്നവനും, മതവിജ്ഞാനീയങ്ങളിലെ മഹാസാഗരം, അല്ലാഹുവിന്റെ മാർഗത്തിലെ ഖഡ്ഗങ്ങൡലൊന്ന്, പിതാമഹൻ തിരുനബി(സ്വ)യുടെ സ്വഭാവ ഗുണങ്ങൾ പൈതൃകമായി ലഭിച്ച മഹാൻ (സവാദുൽ ഐനയ്‌നി).

സമകാലികരും അനുഭവസ്ഥരും വിശ്വാസയോഗ്യമായമാർഗേണ വിവരം ലഭിച്ചവരുമായ മഹാന്മാർ ശൈഖവർകളുടെ മഹത്ത്വവും സ്വഭാവവും ജീവിതവും വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. യോഗ്യതയും അനുമതിയും കൈവന്ന ശേഷം തന്റെ ജീവിതം കൂടുതൽ കർത്തവ്യങ്ങളുള്ളതാണെന്നു മനസ്സിലാക്കി ആത്മീയ-വൈജ്ഞാനിക സാമൂഹിക-ജീവകാരുണ്യ പ്രവർത്തനങ്ങൾകൊണ്ട് സമ്പന്നമാക്കി ശൈഖ്. അംഗീകാരത്തിന്റെ മൂടുപടത്തിനുള്ളിൽ ആത്മസംതൃപ്തനായി ചടഞ്ഞിരിക്കുകയായിരുന്നില്ല മറിച്ച് പഠനവും പരിചരണവും രചനയും ഉപദേശവും സേവനവുമായി സഞ്ചരിക്കുകയായിരുന്നു.

 

ആത്മീയ സാരഥ്യത്തിലേക്ക്

ബത്വാഇഹിലെ ആത്മീയ നായകനും ഗുരുവര്യരുമായിരുന്ന മൻസ്വൂർ അൽബത്വാഇഹീ(റ) രോഗബാധിതനായി. ആത്മീയ സമൂഹവും കുടുംബവും തങ്ങൾക്ക് മാർഗദർശിയായി നിൽക്കുന്ന ഒരു നായകനെ എന്നും സ്വീകരിച്ച് വന്നവരാണ്. പ്രവാചകത്വത്തിന്റെ പ്രഭാപ്രസരണവും അതിന്റെ ആദാന പ്രദാനങ്ങളും കണ്ണിമുറിയാതെ കൈമാറ്റം ചെയ്യപ്പെടുമ്പോഴാണ് അതിന്റെ ഗുണമേന്മ സുരക്ഷിതവും സുഭദ്രവുമായിത്തീരുക. ആത്മീയ സരണിയിൽ സനദിനും പരമ്പരക്കുമുള്ള പ്രാധാന്യം ചെറുതല്ല. ശൈഖ് മൻസൂർ അൽബത്വാഇഹി(റ) ശയ്യാവലംബിയായപ്പോൾ സ്വാഭാവികമായ ഒരാലോചന ശിഷ്യർക്കിടയിലുണ്ടായി. ഗുരുവിന്റെ രോഗശമനവും തിരിച്ചുവരവും പ്രതീക്ഷയില്ലാത്ത ഘട്ടത്തിൽ സമൂഹത്തിന്റെയും ദീനിന്റെയും കാര്യത്തിലുള്ള ഗുണവിചാരം മാത്രമായിരുന്നു അത്. ഗുരുവിന്റെ പിൻഗാമിയായി പ്രഖ്യാപിക്കപ്പെടുന്നത് ആരായിരിക്കുമെന്ന് അവർ പരസ്പരം ചോദിച്ചു. സാത്വികരും ജ്ഞാനികളുമായിരുന്ന അവരുടെ ദൃഷ്ടിയിലും യഥാർത്ഥത്തിലും അവരെല്ലാവരും അതിന് പ്രത്യക്ഷ യോഗ്യതകളൊത്തവരാണ്. അതിനാൽതന്നെ താനായിരിക്കും എന്നായിരുന്നു ഓരോരുത്തരുടെയും ഉള്ളം. ഹൃദയം തെളിഞ്ഞ ആത്മീയ പ്രഭാവം സിദ്ധിച്ചവരായിരുന്നതിനാൽ പരസ്പരം മറച്ചുവെക്കുകയോ രഹസ്യ കരുനീക്കങ്ങൾ നടത്തുകയോ ചെയ്യുന്ന അവസ്ഥയിലായിരുന്നില്ല അവരാരും. ആ നിഷ്‌കളങ്കതകൊണ്ടാണ് അഭിപ്രായങ്ങൾ പുറമെ പറഞ്ഞതുതന്നെ.

ഈ സംസാരത്തിലൊന്നും ഇടപെടാതെ പൊതുവെ ശാന്തനായിക്കഴിഞ്ഞിരുന്ന ഒരു ശിഷ്യനുണ്ടായിരുന്നു അവിടെ. ഈ ചർച്ച നടക്കുമ്പോഴും കാൽമുട്ടിൽ തല വച്ച് നമ്രശിരസ്‌കനായി ഇരിക്കുകയായിരുന്നു അദ്ദേഹം. ചർച്ച ചൂടുപിടിക്കുകയും ഓരോരുത്തരും തങ്ങളുടെ പ്രതീക്ഷകൾ പ്രഖ്യാപിക്കുകയും ചെയ്യുന്നതു കേട്ടപ്പോൾ അദ്ദേഹം തലയുയർത്തി. എന്നിട്ട് പറഞ്ഞു: ‘നിങ്ങൾ കുറെയായല്ലോ സംസാരം തുടങ്ങിയിട്ട്. എന്നാൽ ആരായിരിക്കും ഗുരുവിന്റെ പിൻഗാമി എന്ന് ഞാൻ പറയാം.’ ഇതുകേട്ട അവരെല്ലാം പ്രോത്സാഹിപ്പിച്ചു: ‘നമ്മുടെ ഗുരുവിനു ശേഷം പിൻഗാമിയായി വരുക സയ്യിദ് അഹ്മദ് രിഫാഈ അൽകബീർ ആയിരിക്കും.’ പക്ഷേ അദ്ദേഹത്തിന്റെ വാക്ക് അത്ര കാര്യമാക്കാതെ അവർ ചിരിച്ചുതള്ളി. ചിലർ അതിനു തെളിവ് ചോദിച്ചു. ഇത് ശൈഖ് മൻസ്വൂർ എന്നോട് പറഞ്ഞതാണെന്ന് അദ്ദേഹം മറുപടിയും നൽകി.

അപ്പോൾ അവർ പറഞ്ഞു: ‘എങ്കിൽ നമുക്ക് ഗുരുവിന്റെയടുത്തു ചെല്ലാം. എന്നിട്ടു തീരുമാനിക്കാം സത്യം.’ അദ്ദേഹം തുടർന്നു: ‘ഞാനിത് വെറുതെ പറഞ്ഞതല്ല. ആകാശഭൂമികളിലെ എല്ലായിടങ്ങളിലും ഞാൻ നിരീക്ഷണം നടത്തി നോക്കി. അപ്പോഴെനിക്ക് മനസ്സിലാക്കാനായ കാര്യമിതാണ്. പറവകൾ കാത്തിരിക്കുന്നതും അനുഗ്രഹങ്ങൾ പെയ്തിറങ്ങുന്നതുമെല്ലാം ഉമ്മുഉബൈദ എന്ന പ്രദേശത്തിൻ മേലാണ്. അത് കണ്ടപ്പോൾ, ഉത്തരവാദിത്വം അദ്ദേഹത്തെ ഏൽപിക്കപ്പെട്ടിരിക്കുന്നുവെന്ന് എനിക്കു ബോധ്യമായി. അധികാരത്തിന്റെ കടിഞ്ഞാൺ അദ്ദേഹത്തിന്റെ കയ്യിലാണ്.’

അവരെല്ലാം ഉടനെ ഗുരുസന്നിധിയിലെത്തി. സലാം പറഞ്ഞ് അകത്തേക്ക് പ്രവേശിച്ചു. അദ്ദേഹമപ്പോൾ ബോധരഹിതനായി കിടക്കുകയായിരുന്നു. അവർ ഗുരുവിന്റെ ചുറ്റുമിരുന്നു. അൽപം കഴിഞ്ഞപ്പോൾ ബോധം തെളിഞ്ഞു. അവർ നടന്ന കാര്യങ്ങളെല്ലാം മഹാനെ കേൾപ്പിച്ചു. അനന്തരം ഗുരു ചോദിച്ചു: ‘മർയമിന്റെ പുത്രനായ ശിഷ്യനെന്താണ് പറഞ്ഞത്?’ അവർ: ‘സയ്യിദ് അഹ്മദുൽ കബീറാ(റ)ണ് പ്രതിനിധിയെന്ന്.’ ഗുരു അത് ശരിവച്ചു. പക്ഷികളുടെ കേന്ദ്രീകരണവും അനുഗ്രഹങ്ങൾ പെയ്തിറങ്ങുന്നതുമായിരുന്നു ഗുരുവും പറഞ്ഞ തെളിവ് (ഖിലാദതുൽ ജവാഹിർ).

അഹ്മദ് രിഫാഇക്കാണ് മൻസ്വൂർ(റ)ന് ശേഷം പർണശാലയുടെ നേതൃത്വമെന്ന് ശൈഖ് മൻസ്വൂറി(റ)ന്റെ ഭാര്യയുമറിഞ്ഞു. അവർക്ക് അഹ്മദ് എന്ന് പേരായ ഒരു മകനുണ്ട്. അതിനാൽതന്നെ പിൻഗാമി തന്റെ മകനായിരിക്കുമെന്ന ധാരണ സ്ത്രീസഹജമായി അവർ പുലർത്തി. എന്നാൽ മൻസ്വൂർ(റ)ന് തന്റെ ഖലീഫയാകാൻ അർഹത അഹ്മദുൽ കബീർ രിഫാഈ(റ)വിനാണെന്ന് നല്ല ബോധ്യവും നിശ്ചയവുമുണ്ടായിരുന്നു. ശൈഖ് നൂറുദ്ദീനിൽ ഹമദാനി(റ)യെ ഉദ്ധരിച്ച് അബുൽഹുദാ അസ്സ്വയ്യാദീ(റ) രേഖപ്പെടുത്തി: ശൈഖ് മൻസൂർ(റ) മരണശയ്യയിലായിരിക്കെ ഭാര്യ പറഞ്ഞു: ‘നിങ്ങളുടെ പിൻഗാമിയായി നമ്മുടെ മകനെ വസ്വിയ്യത്ത് ചെയ്യുക.’ അപ്പോൾ ശൈഖിന്റെ പ്രതികരണം: ‘അല്ല, എന്റെ സഹോരീപുത്രനായ അഹ്മദാണ് പിൻഗാമി. അവർ വീണ്ടും വീണ്ടും മകനുവേണ്ടിത്തന്നെ സംസാരിച്ചപ്പോൾ ശൈഖ് മൻസ്വൂർ(റ) രണ്ട് അഹ്മദുമാരെയും വിളിച്ചുവരുത്തി. എന്നിട്ട് രണ്ടു പേരോടും പുല്ല് പറിച്ചുകൊണ്ടുവരാൻ നിർദേശിച്ചു. ഇരുവരും അതിനായി ഗുരുവിന്റെ സമീപത്തുനിന്നു പോയെങ്കിലും മകനായ അഹ്മദ് മാത്രമേ പുല്ല് ശേഖരിച്ചുകൊണ്ടുവന്നുള്ളൂ. സഹോദരീപുത്രനായ അഹ്മദ്(റ) വെറും കയ്യോടെ വന്നപ്പോൾ അദ്ദേഹത്തോട് ഗുരു ചോദിച്ചു: ‘നീ എന്തേ ഒന്നും കൊണ്ടുവരാതിരുന്നത്?’ രിഫാഈ(റ) പ്രതികരിച്ചു: ‘ഞാൻ പുല്ല് പറിക്കാൻ ശ്രമിച്ചെങ്കിലും അവയെല്ലാം അല്ലാഹുവിന് തസ്ബീഹ് ചൊല്ലുകയായിരുന്നു. അതുകൊണ്ടെനിക്ക് പറിക്കാൻ തോന്നിയില്ല.’ അതു കേട്ടപ്പോൾ ശൈഖ് മൻസ്വൂർ(റ) ഭാര്യയോട് പറഞ്ഞു: നീ പല പ്രാവശ്യം മകനെ പറഞ്ഞെങ്കിലും അത് സ്വീകരിക്കാനെനിക്ക് നിർവാഹമില്ലായിരുന്നു. കാരണം പിൻഗാമി അഹ്മദ് കബീർ രിഫാഈ(റ) ആകണമെന്ന് എന്നോട് നിർദേശിക്കപ്പെട്ടിട്ടുണ്ട് (ഖിലാദതുൽ ജവാഹിർ).

തങ്ങൾ നിർവഹിച്ച ആത്മീയ സാരഥ്യത്തിന്റെതന്നെ തുടർച്ചയാണ് സാത്വികരാഗ്രഹിക്കുക. അതിലവർ സ്വാർത്ഥമായോ പക്ഷപാതപരമായോ പെരുമാറുകയില്ല. രണ്ട്അഹ്ദുമാരിൽ സ്വന്തം മകനേക്കാൾ തന്റെ ദൗത്യത്തുടർച്ചക്ക് യോഗ്യതയുള്ളത് രിഫാഇക്കാണെന്ന് മഹാൻ ഉറപ്പിച്ചു. മരണത്തിന് തൊട്ടുമുമ്പ് മൻസ്വൂർ(റ) രിഫാഈ(റ)യെ വിളിച്ച് പറഞ്ഞു: ‘അഹ്മദ്, താങ്കൾ ഉമ്മുഉബൈദയിലേക്ക് പോകണം. അടുത്തവരെയൊക്കെ കാണണം. അതിന് നിനക്ക് കൽപന വന്നിട്ടുണ്ട്. എല്ലാവരും നിന്റെ നേതൃത്വം അംഗീകരിച്ചിട്ടുണ്ട്.’

 

മോഹിച്ചതല്ല, നിയോഗമാണ്

ആത്മീയ രംഗത്ത് കിടമത്സരങ്ങളുണ്ടാവില്ല. അർഹതയുടെ പേരിൽ നിയമിക്കപ്പെട്ടാൽ തനിക്ക് ബാധ്യതയാണെന്ന നിലയിലുള്ള നിർവഹണം മാത്രമാണ് നടക്കുക. അതാണ് ശരിയായ നിലപാടും. സയ്യിദ് അഹ്മദുൽ കബീർ രിഫാഈ(റ)യെ സംബന്ധിച്ചിടത്തോളം താൻ വളർന്ന സാഹചര്യവും ലഭിച്ച പരിചരണവും നേതൃപദവി മോഹം അംഗീകരിക്കുന്നതേയല്ല. പക്ഷേ നിയോഗം നിർവഹിക്കപ്പെടേണ്ടതാണല്ലോ എന്ന ചിന്ത അദ്ദേഹത്തെ അസ്വസ്ഥനാക്കിയെന്ന് ചരിത്രം. ആത്മീയലോകത്ത് അംഗീകാരവും സ്വീകാര്യതയും ആർജിച്ചുവെന്നറിഞ്ഞിട്ടും വിനയത്തിന്റെ പ്രതീകമായ ശൈഖവർകൾക്ക് സമാധാനമുണ്ടായിരുന്നില്ല.

വൈകാതെ ശൈഖ് മൻസ്വൂർ(റ) വഫാതായി. മഹാന്റെ വിയോഗം ശൈഖ് രിഫാഈ(റ)യെ വല്ലാതെ ദുഃഖിപ്പിച്ചു. പിതാവിന്റെ വഫാത്തിനുശേഷം 21 വർഷക്കാലം തനിക്ക് തണലായിരുന്നത് അമ്മാവനും ഗുരുവുമായ ശൈഖ് മൻസ്വൂർ(റ) ആയിരുന്നതിനാൽതന്നെ പിതൃനഷ്ടത്തിനു സമാനമായ ദു:ഖം അദ്ദേഹമനുഭവിച്ചു. ഗുരുവെന്ന നിലയിൽ ലഭിച്ചിരുന്ന ആത്മീയ പരിചരണം നഷ്ടപ്പെട്ടത് ദു:ഖം തീവ്രമാക്കി. ഗുരുവിന്റെ മരണവാർത്ത കേട്ട അദ്ദേഹം നിയന്ത്രിക്കാനാവാതെ താഴെവീണു കരഞ്ഞു. ജനാസയിൽ പങ്കെടുക്കാനെത്തിയ ജനത്തിരക്കിൽ ചവിട്ടേറ്റ് അവശനായി. ശൈഖ് മൻസ്വൂർ(റ)വിന്റെ മകനായ അഹ്മദ്(റ)വാണ് ഒട്ടൊക്കെ സമാശ്വസിപ്പിച്ചത്. അദ്ദേഹം പറഞ്ഞു: ‘നിങ്ങളെന്തിന് വിഷമിക്കണം? അങ്ങയെ ഉന്നതമായ പദവിയിൽ നിശ്ചയിച്ചല്ലേ ഉപ്പ വഫാത്തായത്.’ സാന്ത്വന വചനങ്ങൾ തുടർന്നപ്പോൾ ശൈഖ് രിഫാഈ(റ) പറഞ്ഞു: ഞാനൊരുവിധ ഉത്തരവാദിത്വവുമില്ലാത്ത അടിമമാത്രമായിരുന്നുവെങ്കിൽ എന്നാഗ്രഹിച്ചുപോകുന്നു (ഖിലാദതുൽ ജവാഹിർ).

ഗുരുവര്യൻമാരും സമകാലിക സാത്വികരും അംഗീകാരവും ആദരവും നൽകി ആത്മീയതയുടെ ഉന്നത പദവിയിൽ ശൈഖ് അഹ്മദുൽ കബീർ രിഫാഈ(റ)യെ അവരോധിച്ചു. അദ്ദേഹത്തിന്റെ പരിചരണ സൗഭാഗ്യം ലഭിച്ച് ആത്മീയപ്രഭ പരത്തിയ രിഫാഈ മുരീദുകൾ ചരിത്രത്തിൽ നിറഞ്ഞു. ശാഫിഈ മദ്ഹബിലെ പ്രഗത്ഭ പണ്ഡിത മഹത്തുക്കൾ പലരും രിഫാഈ സരണിയിൽ സഞ്ചരിച്ചവരാണ്. ശൈഖിന്റെ ചരിത്രരചന നിർവഹിച്ചവരിൽ ധാരാളം ശാഫിഈ പ്രമുഖരെ കാണാം. രിഫാഈ(റ)യും ശാഫിഈ മദ്ഹബാണ് സ്വീകരിച്ചിരുന്നത്.

രിഫാഈ ത്വരീഖത്തിന്റെ കൈവഴികൾ പലതും ലോകത്ത് പ്രചാരത്തിലുണ്ട്. ആത്മീയ സാധനയുടെയും ജനസേവനത്തിന്റെയും ജീവകാരുണ്യത്തിന്റെയും മഹിതമായ പാരമ്പര്യത്തെ മുറുകെ പിടിക്കുന്നവരാണ് യഥാർത്ഥ രിഫാഈ സരണിക്കാർ. ശൈഖിന്റെ ഉപദേശ നിർദേശങ്ങളും ത്വരീഖത്തിന്റെ അനുഷ്ഠാനവിധികളും മഹാന്മാരായ ശിഷ്യന്മാർ ക്രോഡീകരിച്ചിട്ടുണ്ട്. വർത്തമാനകാലത്തിന്റെ സ്പന്ദനങ്ങൾപോലും നമുക്കവയിൽകാണാം. ആത്മീയ ലോകത്തെ വിളക്കുമാടമായ ശൈഖവർകൾ ഹിജ്‌റ 578-ൽ ജമാദുൽ ഊലാ 11-ന് വഫാത്തായി. 66 വയസ്സിലായിരുന്നു അന്ന്. ജന്മനാടായ ഉമ്മുഉബൈദയിൽ മാതൃപിതാവ് ഇമാം യഹ്‌യന്നജ്ജാരി(റ)യുടെ സവിധത്തിൽ അന്ത്യവിശ്രമം കൊള്ളുന്നു. ലോകത്തെ പ്രശസ്തവും പ്രധാനവുമായ ഒരു തീർത്ഥാടന കേന്ദ്രമാണത്.

 

അവലംബം

  1. സവാദുൽ ഐനയ്‌നി ഫീ മനാഖിബിൽ ഗൗസി അബിൽ അലമൈനി-ഇമാം റാഫിഈ(റ).
  2. അൽമറാഖിബുൽ യഫാഇയ്യ ഫിൽ മനാഖിബിർരിഫാഇയ്യ-ശൈഖ് ഫാദി അലമുദ്ദീൻ.
  3. തൻവീറുൽ അബ്‌സ്വാർ-സയ്യിദ് അബുൽഹുദാ അഫൻദി അസ്സയ്യദീ(റ).
  4. അൽമആരിഫുൽ മുഹമ്മദിയ്യ ഫിൽ വളാഇഫിൽ അഹ്മദിയ്യ-സയ്യിദ് ഇസ്സുദ്ദീൻ അഹ്മദ് അർറിഫാഇൗ(റ).
  5. ത്വബഖാതുൽ കുബ്‌റ-ഇമാം ശഅ്‌റാനി.
  6. റൗളതുന്നാളിരീൻ വ ഖുലാസ്വതുമനാഖിബിസ്സ്വാലിഹീൻ-ശൈഖ് അഹ്മദ് മുഹമ്മദ് അൽവിത്‌രി(റ).
  7. ഇജാബതുദ്ദാഈ ഫീ മനാഖിബിൽ ഖുത്ബിർരിഫാഈ(റ)-സയ്യിദ് അബ്ദുൽ ഖാസിമിൽ ബർസൻജി.
You May Also Like
teen in narcotics- Malayalam

ലഹരിയിൽ മയങ്ങുന്ന യുവത്വം: കണക്കുകൾ ദുരന്തം പറയുന്നു

മദ്യ ദുരന്തങ്ങളുടെയും അതുമൂലമുണ്ടാകുന്ന മരണങ്ങളുടെയും കണക്കുകൾ പത്രവാർത്തകളിലൂടെ ദിനവും നമ്മുടെ മുമ്പിലെത്തുന്നു. അതുകണ്ട് നമ്മിൽ പലരും…

● യാസർ അറഫാത്ത് നൂറാനി
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…