Abuse of Narcotic

മയം രാവിലെ എട്ടു മണി. ഉദിച്ചുയരുന്ന സൂര്യകിരണത്തിനു നന്നേ ചൂട് കുറവ്. ദില്ലിയിലെ ഊടുവഴികളില്‍ തിരക്കേറിവരുന്നു. വഴിവക്കില്‍ തുറന്നുവച്ചിട്ടുള്ള ഹോട്ടലുകള്‍ ഏറെ. കൂട്ടത്തില്‍ വലുത് ദര്‍ബാര്‍ ഹോട്ടലാണ്. തന്തൂരിയും മാംസക്കറിയും യഥേഷ്ടം ചെലവാകുന്നു. പന്തല്‍ പോലെ പരന്നുകിടക്കുന്ന ഹോട്ടലിന്‍റെ മുന്‍ഭാഗത്ത് ഇരുപത് പേരെങ്കിലും വായില്‍ വെള്ളമൂറി ഇരുപ്പുറപ്പിച്ചിട്ടുണ്ട്. ചുവന്ന് തുടുത്ത കണ്‍തടങ്ങള്‍, വിളറി മഞ്ഞളിച്ച മുഖങ്ങള്‍. പാറിപ്പറന്ന് ജട കുത്തിയ തലമുടി. നെഞ്ചുന്തിയ അസ്ഥിക്കൂടങ്ങളെ വലയം ചെയ്ത് കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍. പത്ത് മുതല്‍ ഇരുപത്തിയാറ് വരെ പ്രായമുള്ള മനുഷ്യ കോലങ്ങള്‍. ലഹരിയുടെ നീരാളിപ്പിടുത്തത്തില്‍ പെട്ടവര്‍. പേപ്പട്ടിയെപ്പോലെ അവര്‍ നാവ് നീട്ടി വിറക്കുന്നു. ദയാദാക്ഷിണ്യം കൊണ്ട് വല്ലപ്പോഴും കിട്ടുന്ന റൊട്ടിക്കഷ്ണങ്ങളില്‍ ജീവിതം തീര്‍ക്കുന്നവര്‍. ഭക്ഷണം കഴിച്ചിറങ്ങുന്നവര്‍ വാങ്ങിക്കൊടുക്കുന്ന അപ്പക്കഷ്ണങ്ങള്‍ കാത്ത് കഴിയുകയാണവര്‍. ശരീരത്തിലെ ലഹരിയുടെ അംശം കുറയുമ്പോള്‍ കൂടുതല്‍ പ്രശ്നക്കാരാകും. എന്തോ ദ്രാവകം ടവ്വലിലാക്കി ശ്വസിക്കാന്‍ കൊടുക്കുന്ന ഒരു ദാദ ഇവര്‍ക്കിടയിലുണ്ട്. അത് മണക്കുന്നതോടെ താല്‍ക്കാലിക ശാന്തത കൈവരുന്നു. ഭ്രാന്തന്മാരെ പോലെ ഇടക്കിടെ ബഹളം വെക്കുന്ന അവര്‍ ഭ്രാന്തിളകിയ രോഗികളല്ല. കഞ്ചാവ്, അവീന്‍, ബ്രൗണ്‍ഷുഗര്‍ തുടങ്ങിയ ലഹരി പദാര്‍ത്ഥങ്ങളുടെ അടിമകളായ വിഭ്രാന്തിക്കാരാണ്. ആ ദുരന്ത മുഖങ്ങള്‍ നേര്‍ക്കാഴ്ചയായപ്പോള്‍ ഒത്തിരി ആശ്വാസം തോന്നിയത് നമ്മുടെ കേരള മണ്ണില്‍ ഇങ്ങനെയില്ലല്ലോ എന്നാലോചിച്ചായിരുന്നു.

പക്ഷേ കേരളം ഇപ്പോള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ കടത്തിവെട്ടുകയാണ്. പത്ര-ദൃശ്യ മാധ്യമങ്ങളില്‍ വാര്‍ത്തയായി വരുന്ന പോലീസ് റിപ്പോര്‍ട്ടുകള്‍ മാത്രം നോക്കിയാല്‍ കോടിക്കണക്കിന് രൂപയുടെ ലഹരി വസ്തുക്കളാണ് സംസ്ഥാനത്ത് നിന്ന് പിടികൂടുന്നത്. പിടിക്കപ്പെടുന്നവരില്‍ വലിയൊരുപക്ഷം മലയാളികളാണെന്നത് ശ്രദ്ധേയമാണ്. അതിഥി തൊഴിലാളികള്‍ താരതമ്യേന കുറവും. ക്വിന്‍റല്‍ കണക്കിന് കഞ്ചാവാണ് പിടികൂടുന്നത്. ജീവിതത്തിന്‍റെ തുടിക്കുന്ന പ്രായത്തില്‍ കഞ്ചാവില്‍ ഉരുകിത്തീരുന്ന ബാല്യ-യൗവനങ്ങള്‍. അതാണ് കേരളത്തിന്‍റെ സ്ഥിതി.ട്രെയിനിലും ചരക്കു ലോറികളിലും മറ്റുമായി അതിര്‍ത്തി കടന്നുവരുന്ന ലഹരി ഉപഭോക്താക്കള്‍ക്കിടയില്‍ ‘മരുന്ന്’ എന്ന ഓമനപ്പേരിലാണറിയപ്പെടുന്നത്. ഒന്നോ രണ്ടോ തവണ ഉപയോഗിച്ച് ശീലിച്ചവര്‍ക്ക് കൂടുതല്‍ ഉപയോഗിക്കാന്‍ ആര്‍ത്തിയാകുന്നു. പടിപടിയായി അയാള്‍ ഇതിനടിമയാകുന്നു.

ലഹരിയുടെ വഴികള്‍

തൃശൂര്‍ ജില്ലയിലെ ഒരു ഹൈസ്കൂളില്‍നിന്ന് ഈ ജൂലൈ മാസം ഒരു വാര്‍ത്ത വന്നു. മൂന്ന് പെണ്‍കുട്ടികള്‍ സിഗരറ്റ് വലിക്കുന്നത് കാണാനിടയായ അധ്യാപകര്‍ വിശദമായി ചോദ്യം ചെയ്തു. അപ്പോള്‍ കഞ്ചാവാണ് വലിച്ചതെന്നുറപ്പായി. ചൈല്‍ഡ് ലൈനിലും പോലീസ് സ്റ്റേഷനിലും വിവരമറിയിച്ചു. പോലീസിനോട് വിദ്യാര്‍ത്ഥിനികള്‍ കാര്യം തുറന്ന് പറഞ്ഞു. വലിച്ചത് കഞ്ചാവാണെന്നും ഇടക്കിടെ വലിക്കാറുണ്ടെന്നും സമ്മതിച്ചു. ഫെയ്സ് ബുക്ക് വഴി പരിചയപ്പെട്ട സുഹൃത്തുക്കളാണ് സാധനം എത്തിച്ച് തരുന്നതെന്നും കുട്ടികള്‍ വെളിപ്പെടുത്തി. രാവിലെ വാങ്ങിയതിന്‍റെ കാശ് തരാനെന്ന പേരില്‍ പെണ്‍കുട്ടികളെ കൊണ്ട് ഫോണ്‍ വിളിപ്പിച്ച് വിതരണക്കാരനെ വരുത്തിച്ച് പോലീസ് കയ്യോടെ പിടികൂടി. പരിസരത്തുള്ള ഇരുപത്തി മൂന്ന് വയസ്സ് തികയാത്ത യുവാക്കളായിരുന്നു ‘മരുന്ന്’ വില്‍പനക്കാര്‍.

ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന റാശിദ് (പേര് കൃത്യമല്ല) കഞ്ചാവിനടിമയായ കഥ രക്ഷിതാക്കള്‍ ഏറെ ശ്രദ്ധിക്കേണ്ടതാണ്. പഠനത്തില്‍ ഏറെ മിടുക്കനായിരുന്ന കുട്ടി ക്രമേണ വിമുഖനായി മാറി. ഇടക്കിടെ കണ്ണില്‍ സുറുമയിടല്‍ തുടങ്ങി. അന്വേഷിച്ചപ്പോള്‍ കണ്ണിന് കുളിര് കിട്ടാനാണെന്നായിരുന്നു മറുപടി. മണിക്കൂറുകളോളം ചലനമറ്റവിധം കിടക്കാന്‍ തുടങ്ങി. വിശദമായ ചോദ്യം ചെയ്യലില്‍ കഞ്ചാവ് ഗ്യാങ്ങില്‍ പെട്ടെന്നുറപ്പായി. സ്കൂളില്‍ നിന്ന് വീട്ടിലേക്കുള്ള വഴിക്ക് നടത്തം ഒഴിവാക്കാന്‍ പുറത്തിറങ്ങി ലിഫ്റ്റിന് കൈ കാണിച്ച കുട്ടിയെ ഒരു നാള്‍ ഒരു ടൂവീലറുകാരന്‍ കയറ്റി കൊണ്ടുവന്ന് വീട്ടിലിറക്കിക്കൊടുത്തു. വലിയ സന്തോഷത്തോടെ ഇരുവരും പിരിഞ്ഞു. കുട്ടിക്ക് ലിഫ്റ്റും കഞ്ചാവ് കാരന് ഭാവി ഇരയും. തുടര്‍ന്നുള്ള ഒന്നിടവിട്ട ദിവസങ്ങളില്‍ ബൈക്കുമായി കക്ഷി കൃത്യസമയത്തുതന്നെ സ്കൂള്‍പടിയിലെത്തി. ഒരു ദിവസം കുട്ടിയെ കയറ്റിയ വണ്ടി നേരെ പോയത് ഹോട്ടലിലേക്ക്. അവന് ഇഷ്ടമുള്ള ഭക്ഷണം വാങ്ങിക്കൊടുത്തു. സ്നേഹം മുറുകി. ഫോണ്‍ നമ്പര്‍ കൈമാറി. പിന്നീടൊരുനാള്‍ കുട്ടിയെകൊണ്ട് സാദാ സിഗരറ്റ് വലിപ്പിച്ചു. ഒന്നുരണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ചെറിയ അളവില്‍ കഞ്ചാവ് ചേര്‍ത്ത സിഗരറ്റ് നല്‍കി. അന്ന് അവന് ചെറിയ മനംപിരട്ടലും മറ്റും തോന്നി. പിന്നീടത് മാറി. പിന്നിട്ട നാളുകള്‍ അവന്‍ കഞ്ചാവുകാരനായി. ഇപ്പോള്‍ രണ്ട് കൊല്ലംകൊണ്ട് ഒരു ഭ്രാന്തനെ പോലെയായി. കലാലയ പരിസരങ്ങളില്‍ ലിഫ്റ്റ് കൊടുക്കാനായി കറങ്ങുന്ന ഒരു വാഹനത്തിലും മക്കളെ കയറാന്‍ അനുവദിക്കരുത്. സ്കൂള്‍ പരിസരങ്ങളില്‍ ലഹരി ചേര്‍ത്ത മിഠായി, സ്റ്റിക്കര്‍ തുടങ്ങിയവ സുലഭമായി വിദ്യാര്‍ത്ഥികള്‍ക്ക് വിറ്റഴിക്കുന്നുണ്ടത്രെ. എട്ടിലും ഒമ്പതിലുമൊക്കെ പഠിക്കുന്ന കുട്ടികളെയാണ് കൂടുതല്‍ ഇരകളാക്കി മാറ്റുന്നത്. ഈയിടെ കേരളത്തിലെ ഒരു മതപഠന കേന്ദ്രത്തില്‍ സമന്വയ പഠന സെഷനിലേക്ക് പുതുതായി അഡ്മിഷന്‍ നല്‍കിയ മുപ്പത് കുട്ടികളില്‍ ഒരു കുട്ടിക്ക് വല്ലാത്തൊരു വിഭ്രാന്തി. ചിലപ്പോള്‍ എക്സ്ട്രാ ഉന്മേഷം, മറ്റു ചിലപ്പോള്‍ അഗാധ ഗര്‍ത്തത്തില്‍ വീണതുപോലെ! മറ്റു കുട്ടികള്‍ നിരീക്ഷിച്ചപ്പോള്‍ കുട്ടിയുടെ പെട്ടിയില്‍ നിന്ന് ‘മരുന്ന്’ കണ്ടെത്താനായി. രക്ഷിതാവിനെ വിളിച്ച് വിവരം പറഞ്ഞു തിരിച്ചയച്ചു. രക്ഷിതാവിനാകട്ടെ മകനെ കുറിച്ചൊരു മുന്‍ധാരണയുണ്ടായിരുന്നു. എങ്ങനെയെങ്കിലും നന്നാകട്ടെയെന്നു കരുതിയാണ് കലാലയത്തില്‍ ചേര്‍ത്തിയത്.

ബീഡി, സിഗരറ്റ്, വെറ്റില മുറുക്കാന്‍ തുടങ്ങിയവയൊക്കെ പരസ്യമായി ഏത് പെട്ടിക്കടയിലും വില്‍ക്കാം, വാങ്ങാം. പക്ഷേ കഞ്ചാവ് പോലുള്ള ലഹരി ഉല്‍പന്നങ്ങള്‍ പറ്റില്ലല്ലോ. കേരളത്തിലെത്തുന്ന ടണ്‍കണക്കിന് കഞ്ചാവ് ആവശ്യക്കാരില്‍ സുരക്ഷിതമായി എത്തിക്കാന്‍ വേണ്ടിയാണ് വിദ്യാര്‍ത്ഥികളെ ഇരകളാക്കി മാറ്റുന്നത്. രണ്ടാംഘട്ടം അവരെ കാരിയര്‍മാരും കച്ചവടക്കാരുമാക്കുന്നു. വലിച്ചുശീലിച്ച ഒന്നാം ഘട്ടക്കാരന്‍ തന്‍റെ കൂട്ടുകാര്‍, സഹപാഠികള്‍ പോലുള്ളവരെ എങ്ങനെയെങ്കിലും ഇതില്‍ പെടുത്താന്‍ ശ്രമിക്കുന്നു. വലയില്‍ വീഴുന്നവനെ ഉള്‍പ്പെടുത്തി സൗഹൃദവൃത്തം വികസിപ്പിക്കുന്നു. ഒന്നോ രണ്ടോ പേരെ കിട്ടിയാല്‍ പിന്നെ അവര്‍ക്ക് കൂടി ആവശ്യം വരുന്ന സാധനം വാങ്ങാന്‍ ശ്രമിക്കുന്നു. ക്രമേണ ഇവനായി അവരുടെ പരിശീലകന്‍. ഇവ്വിധം നെറ്റ്വര്‍ക്കായി പ്രവര്‍ത്തിച്ചും പ്രചരിപ്പിച്ചുമാണ് ബിസിനസ് തഴച്ചുവളരുന്നത്. കാരിയര്‍മാരാക്കി വളര്‍ത്തിക്കൊണ്ട് നടക്കുന്ന കുട്ടികളില്‍ നിന്ന് രഹസ്യം ചോരുമെന്ന് കണ്ടാല്‍ ജീവന്‍ അപായപ്പെടുത്താന്‍ പോലും മടിക്കാത്തവരാണ് വന്‍കിട ലഹരി ഏജന്‍റുകള്‍. കോഴിക്കോട് ഫറോക്ക് ഭാഗത്തെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ശമീര്‍ (പേര് കൃത്യമല്ല) ഇവ്വിധം ബലിയാടായതാണ്. നല്ല ഭക്തരായി ജീവിക്കുന്ന മാതാപിതാക്കളുടെ ഇളയ സന്താനം. കഞ്ചാവ് ലോബിയുടെ കൈകളില്‍പെട്ട കുട്ടി അതില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ക്രമേണ സ്കൂളിലെത്താതായി. ഉപ്പയുടെ പോക്കറ്റില്‍ നിന്ന് കാശ് മോഷ്ടിച്ചാണ് വലിക്കാന്‍ തുടങ്ങിയത്. പിന്നെ ആവശ്യക്കാര്‍ക്ക് സാധനം എത്തിച്ചുകൊടുക്കുന്ന കാരിയറായി. ഇടപാടില്‍ സാമ്പത്തിക തര്‍ക്കം വന്ന് വഴക്കായപ്പോള്‍ രഹസ്യം പുറത്താകുമെന്ന് ഭയന്ന് മേലാളന്മാര്‍ ഒരു ദിവസം അവനെയും കൂട്ടി വിരുന്നുപോയി. കുന്നംകുളത്തിനടുത്ത് പണിതീരാത്ത ഒരു വീട്ടില്‍ കെട്ടിത്തൂക്കിയ മൃതശരീരമാണ് ആ പാവം മാതാപിതാക്കള്‍ക്ക് ദിവസങ്ങള്‍ക്ക് ശേഷം കിട്ടിയത്.

അന്യസംസ്ഥാന തൊഴിലാളികളുടെ കേരളത്തിലേക്കുള്ള ഒഴുക്ക് വര്‍ധിച്ചതോടെയാണ് സംസ്ഥാനം മയക്കുമരുന്നിന്‍റെ വലിയ വിപണന കേന്ദ്രമായി അധഃപതിക്കാന്‍ തുടങ്ങിയത്. ഇതര സംസ്ഥാനങ്ങളിലെ മെഡിക്കല്‍-എഞ്ചിനീയറിംഗ് കോളേജുകളില്‍ പഠിക്കാന്‍പോയി ലഹരിയില്‍പെട്ട് ജീവിതം തുലഞ്ഞ യുവാക്കള്‍ എത്രയുണ്ടെന്നറിയണമെങ്കില്‍ കേരളത്തിലെ ഏതാനും റിഹാബിലിറ്റേഷന്‍ സെന്‍ററുകളില്‍ കയറിയിറങ്ങിയാല്‍ മതി. ചങ്ങലയിലും അല്ലാതെയും കിടന്ന് വിഭ്രാന്തി കാണിക്കുന്ന അനേകം പേരുണ്ടവിടെ. ലക്ഷങ്ങള്‍ ഫീസിനത്തില്‍ ചെലവഴിച്ച് ഹോസ്റ്റലും ഭക്ഷണവുമൊക്കെ സജ്ജീകരിച്ച് പഠിക്കാന്‍വിട്ട സന്തതികള്‍ പ്രവാസികളായ മാതാപിതാക്കളെ കണ്ണീരിലും തീരാദുഖ:ത്തിലുമാക്കിയ നേര്‍ക്കാഴ്ചകള്‍ സാധാരണമാകുകയാണ്.

ആസക്തിയിലായവരെ ചികിത്സിച്ച് പരിചരിക്കുന്ന ഏതാനും പുനരധിവാസ കേന്ദ്രങ്ങള്‍ കേരളത്തിലുണ്ട്. ലഹരി നിര്‍ബന്ധമായിത്തീരുന്ന അവസ്ഥയിലെത്തിയവര്‍ക്കാണിത്. കിട്ടാതെയായാല്‍ ആകെ അസ്വസ്ഥത, കോട്ടുവായിടല്‍, വിറയല്‍, കൈകാല്‍ കഴപ്പ്, കോച്ചു വലി, പേശി കുടയല്‍, ഓക്കാനം, ഛര്‍ദി, തൂക്കക്കുറവ്… ലഹരിമുക്ത ചികിത്സയില്‍ കാര്യമായി ഉപയോഗിക്കുന്നത് വിഷാംശദൂരീകരണ പ്രക്രിയയാണ് (Detoxification). അത് തുടങ്ങുന്നതോടെ രോഗി കൂടുതല്‍ പരാക്രമം കാണിക്കും. ചിലര്‍ അക്രമാസക്തരായേക്കും. അപ്പോള്‍ ഇഞ്ചക്ഷന്‍ നല്‍കി മയക്കിക്കിടത്തും. ഒരു കാരണവശാലും രോഗിയെ പുറത്തുവിടുകയില്ല (Withdrawal Symptoms). പിന്‍മാറ്റ അസ്വസ്ഥതകള്‍ നിയന്ത്രിക്കാനാണ് ചികിത്സ. അതുകൊണ്ടു മാത്രമായില്ല, മനശ്ശാസ്ത്ര ചികിത്സയും കൗണ്‍സലിംഗും സമൂഹത്തിന്‍റെ താങ്ങും അധ്യാത്മിക പരിശീലനവുമൊക്കെ നല്‍കി രോഗിയെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പുനരധിവസിപ്പിക്കണം. അതില്ലാതെ പത്തോ ഇരുപതോ ദിവസത്തെ ചികിത്സ കഴിഞ്ഞിറങ്ങി പഴയ കൂട്ടുകാരും സമൂഹത്തിന്‍റെയും കുടുംബത്തിന്‍റെയും ഒറ്റപ്പെടുത്തലും ബഹിഷ്കരണവും തുടരുകയാണെങ്കില്‍ ഒരു കാലത്തും പിടിച്ചാല്‍ കിട്ടാത്ത ലഹരിക്കാരനായി രോഗി വീണ്ടും അധ:പതിക്കും.

 

എങ്ങനെ കണ്ടുപിടിക്കാം?

  1. രാത്രി അധികം താമസിച്ചു വീട്ടില്‍ വരിക. വന്നാല്‍ ആരും കാണാതെയും അത്താഴം കഴിക്കാതെയും കിടക്കുക. കുടുംബാംഗങ്ങള്‍ കണ്ടുപിടിച്ചേക്കാം എന്നു കരുതിയായിരിക്കും ഇത്.
  2. പുതിയതരം കൂട്ടുകാര്‍, അവര്‍ സ്വന്തം പേരുവിവരങ്ങള്‍ വെളിപ്പെടുത്തില്ല. കൂടെക്കൂടെ ഫോണ്‍ വിളിക്കുക. പക്ഷേ, ആരാണെന്നു പറയില്ല. വീട്ടിലെ മറ്റു വല്ലവരുമാണ് ഫോണ്‍ എടുക്കുന്നതെങ്കില്‍ ഒന്നും മിണ്ടാതെ ഫോണ്‍ കട്ടാക്കും.
  3. പണം കൂടുതലായി ആവശ്യപ്പെടുക. പോക്കറ്റ്മണി, വട്ടച്ചെലവ്, കാര്യമൊന്നും പറയാത്ത ചെലവ്…
  4. പെട്ടെന്നു വികാരാവേശം, അരിശം, അസ്വസ്ഥത, ചീത്തപറച്ചില്‍ അക്രമാസക്തി എന്നിവ.
  5. ക്ഷീണം, അസ്വസ്ഥത, ഉറക്കം തൂങ്ങല്‍, കണ്‍പോളകള്‍ക്കു തൂക്കം, വിളറിയ മുഖഭാവം, കണ്ണുകള്‍ക്കു താഴെ ഇരുണ്ട വൃത്ത അടയാളം- അവ ശ്രദ്ധിക്കുക.
  6. കണ്ണട ധരിച്ചുതുടങ്ങും. ചുവന്ന കണ്ണു മറക്കാമല്ലോ.
  7. സമൂഹത്തില്‍ നിന്നു പിന്‍വലിയുന്ന പ്രവണത- ഏകാന്തതയും വിഷാദവും. സംഭാഷണം ഇഷ്ടമില്ല. വീട്ടിലുള്ളവരോടു കാര്യമായി ഒന്നും പറയില്ല. പലതും രഹസ്യമായിരിക്കും. മറ്റുള്ളവരോടു വിരസമായി മാത്രം പെരുമാറും.
  8. വിശപ്പില്ലായ്മ. തൂക്കം വല്ലാതെ കുറയും.
  9. ഇടക്കിടെ ഛര്‍ദി.
  10. പെണ്‍കുട്ടികളില്‍ ആര്‍ത്തവത്തകരാറുകളുണ്ടാകാം.
  11. വിലക്ഷണമായ പെരുമാറ്റം, അവ്യക്തമായ സംസാരം, ഇടറിയ സ്വരം, പതറിയ വാക്കുകള്‍. മദ്യപരുടെ സംസാരം പോലെ ഒന്നും തിരിയില്ല.
  12. ഉറക്കം തൂങ്ങി, നിരുന്മേഷവാനായി, ഏകാകിയായി കുത്തിയിരിക്കുകയോ ചുരുണ്ടുകൂടിക്കിടക്കുകയോ ചെയ്യും.
  13. മുഖത്തെ പ്രസന്നതയും കണ്ണുകളുടെ തിളക്കവും ചുണ്ടിലെ പുഞ്ചിരിയും നഷ്ടപ്പെട്ട് വിഷാദവും വിഭ്രാന്തിയും ആശങ്കയും പ്രകടം.
  14. വേച്ചും വീണും ആടിയാടിയുള്ള നടപ്പ്.
  15. ക്രൂരതയും ആക്രമണസ്വഭാവവും കാട്ടിയേക്കും.
  16. കണ്ണുമിഴിച്ചുള്ള നോട്ടം, കണ്ണുകള്‍ വെട്ടുകയും നേരെയല്ലാതാവുകയും. ഹെറോയിന്‍ ആശ്രിതനില്‍ കണ്‍പോളകള്‍ കട്ടികൂടിയ മട്ടില്‍ തൂങ്ങിക്കിടക്കും.
  17. ഇടക്കിടെ വയറിളക്കം, നെഞ്ചിടിപ്പ്, കിതപ്പ്, അതിവേഗത്തിലുള്ള ശ്വാസോച്ഛ്വാസം എന്നിവ.
  18. ചിലപ്പോഴൊക്കെ വീട്ടില്‍ വരാതിരിക്കുകയും മാറിനില്‍ക്കുകയും ചെയ്യുക.
  19. സ്വന്തം മുറിയിലും മേശക്കകത്തും അലമാരയിലും പെട്ടിയിലുമൊക്കെ പുകക്കാനും വലിക്കാനും കുത്തിവെക്കാനും വേണ്ട ഉപകരണങ്ങളും അതിന്‍റെ അവശിഷ്ടങ്ങളും. പാക്കറ്റുകള്‍, കുപ്പികള്‍, വലിച്ചതിന്‍റെ കുറ്റികള്‍, സ്പൂണ്‍, തീപ്പെട്ടി, മെഴുകുതിരി, കുത്തിവെക്കാനുള്ള സിറിഞ്ച്, സൂചികള്‍ എന്നിവയില്‍ ചിലതെങ്കിലും കണ്ടെത്താം.
  20. അസ്വാസ്ഥ്യങ്ങള്‍, തുടരെ ജലദോഷം, ചുമ, വയറിളക്കം, ഛര്‍ദി, വേദനകള്‍. രോഗമാണെന്നു മാതാപിതാക്കള്‍ കരുതും. കിട്ടേണ്ടതു താമസിച്ചു പോകുന്നതിലുള്ള പ്രതിഷേധമത്രെ ഇത്.
  21. രോഗപ്രതിരോധശക്തി തീരെ കുറയുന്നു. പലപ്പോഴും പത്തിലേറെ അസുഖങ്ങള്‍.
  22. എകാഗ്രതയില്ലായ്മ. ഒന്നിനും ഉള്‍പ്രേരണയില്ല. വല്ലതും ചെയ്താല്‍ തന്നെ പരപ്രേരണയാല്‍. പഠനത്തില്‍ പിന്നാക്കം. കളിയില്‍ പോലും താല്‍പര്യമില്ല.
  23. അടുത്ത കാര്യങ്ങളെപ്പറ്റിയുള്ള ഓര്‍മ (Short Term Memory) നഷ്ടപ്പെടുന്നു.
  24. സ്കൂളിലും കോളേജിലും ക്രമമായ ഹാജരില്ല. പലപ്പോഴും ഒളിച്ചുപോകും. പഠനം നിറുത്തിയാലോ എന്നാകും ചിന്ത.
  25. മധുരവും മിഠായിയും ഏറെ ഇഷ്ടമായിരിക്കും.
  26. ഉറക്കക്കുറവ്, രാത്രി ഇടവിട്ട് ഉറക്കം, ഇടക്കിടെ ചുമ.
  27. കഴുത്തില്‍ ലഹരിക്കാരുടെ y ആകൃതിയിലുള്ള ലോക്കറ്റോടു കൂടിയ മാല ധരിക്കുക.
  28. കുളിമുറിയില്‍ ഏറെനേരം ചെലവഴിക്കുക. പുകക്കാനോ വലിക്കാനോ കുത്തിവെക്കാനോ ആയിരിക്കും.
  29. അതിരാവിലെ വീട്ടില്‍ നിന്നിറങ്ങിപ്പോവുക. ലഹരി വസ്തു അന്വേഷിച്ചുള്ള പരക്കംപാച്ചിലാകും.
  30. വേഷത്തില്‍ തീരെ ശ്രദ്ധയില്ല. കീറിപ്പറിഞ്ഞതോ മുഷിഞ്ഞതോ ആയ വസ്ത്രങ്ങള്‍, വെട്ടിക്കുകയോ ചീകുകയോ വൃത്തിയായി സൂക്ഷിക്കുകയോ ചെയ്യാത്ത പാറിപ്പറന്ന മുടി, പല ദിവസവും കുളിക്കാതെ എവിടെയും കിടന്നു വൃത്തികെട്ട നടപ്പുരീതി.
  31. സ്വന്തം ഉപയോഗവസ്തുക്കളും വീട്ടുസാധനങ്ങളും കാണാതാവുക. പൈസയില്ലാതാകുമ്പോള്‍ എടുത്തു വില്‍ക്കുന്നതാകും.
  32. തുടരെ നുണ പറയും, വാദിക്കും, സ്വയം നീതീകരിക്കും.
  33. വസ്ത്രങ്ങളില്‍ സിഗററ്റുകൊണ്ടു കുത്തിയ പാടോ തുളയോ.
  34. കൈവിരലുകളിലും (പെരുവിരല്‍, ചൂണ്ടുവിരല്‍) ചുറ്റിലും പൊള്ളിയ പാടുകള്‍.
  35. ദേഹത്തു തൊലി പൊട്ടി ചൊറിച്ചില്‍.
  36. ശരീരത്തില്‍ കുത്തിവെപ്പിന്‍റെ പാടുകള്‍. പ്രത്യേകിച്ച് ഉദരത്തിലും കൈകളിലും. അതു മറയ്ക്കാന്‍ സദാ ഷര്‍ട്ടിന്‍റെ കൈ കുഴവരെ നീട്ടിയിട്ടേക്കാം.

 

പുനരധിവാസം

ലഹരിയില്‍ പെട്ടുപോയവരെ വീണ്ടെടുക്കാനുള്ള ശ്രമമാണ് രക്ഷിതാക്കളും ഗുരുനാഥന്മാരും ചെയ്യേണ്ടത്. ആരും ജന്മനാ കുറ്റവാളിയല്ല, സാഹചര്യമാണ് അവനെ നശിപ്പിച്ചത്. അതിനാല്‍ ലഹരിക്കാരെ ഒറ്റയടിക്കു വീട്ടില്‍ നിന്ന് പുറത്താക്കുകയോ സമൂഹത്തില്‍ നിന്ന് അകറ്റുകയോ ചെയ്യാതെ നിരന്തരം കൗണ്‍സലിംഗ് നടത്തുക. മാനസികവും ശാരീരികവുമായ പരിശീലനങ്ങള്‍ നല്‍കാന്‍ കൗണ്‍സലിംഗിനു കഴിയും. ആവശ്യമെങ്കില്‍ റിമോവല്‍ ട്രീറ്റ്മെന്‍റ് നല്‍കുക. കുറ്റകൃത്യത്തില്‍ പെടാനുള്ള അവസരങ്ങള്‍ ഇല്ലാതാക്കുകയാണ് ഏറ്റവും പ്രധാനം. ജീവിതം ഹോമിക്കപ്പെട്ട തനിക്കൊരു പുതുജീവന്‍ മാതാപിതാക്കള്‍ നല്‍കുമെന്ന പ്രത്യാശ ഉണ്ടാക്കിയെടുക്കണം. വാട്സാപ്പ്, മൊബൈല്‍ സൗഹൃദ കൂട്ടായ്മകളില്‍ നിന്നകറ്റണം. വീടും പരിസരവും പഴയ കൂട്ടാളികളാരുമില്ലാത്ത അകലത്തില്‍ മാറ്റിപ്പാര്‍പ്പിക്കണം.

You May Also Like
teen in narcotics- Malayalam

ലഹരിയിൽ മയങ്ങുന്ന യുവത്വം: കണക്കുകൾ ദുരന്തം പറയുന്നു

മദ്യ ദുരന്തങ്ങളുടെയും അതുമൂലമുണ്ടാകുന്ന മരണങ്ങളുടെയും കണക്കുകൾ പത്രവാർത്തകളിലൂടെ ദിനവും നമ്മുടെ മുമ്പിലെത്തുന്നു. അതുകണ്ട് നമ്മിൽ പലരും…

● യാസർ അറഫാത്ത് നൂറാനി
narcotics-malayalam

മതത്തെയും മഥിക്കുന്ന ലഹരി

ബുദ്ധി നൽകി അല്ലാഹു ആദരിച്ച ജീവിയാണ് മനുഷ്യൻ. മറ്റ് ജീവികളിൽ നിന്ന് അവനെ വേറിട്ട് നിറുത്തുന്നതും…

● അബ്ദുറഹ്മാൻ ദാരിമി സീഫോർത്ത്
Imam Swavi (R)

ഇമാം സ്വാവി(റ)യുടെ ജ്ഞാനാന്വേഷണ ജീവിതം

അല്ലാമാ ഇമാം അഹ്മദുസ്സ്വാവി(റ) ‘സ്വാവി’ എന്ന ചുരുക്കപ്പേരില്‍ നമുക്ക് സുപരിചിതനായ പണ്ഡിതശ്രേഷ്ഠനാണ്. അബുല്‍ അബ്ബാസ് അഹ്മദുസ്സ്വാവീ…

● അലവിക്കുട്ടി ഫൈസി എടക്കര