കുഞ്ഞിളം നാളിൽതന്നെ മാതാപിതാക്കളിൽ നിന്നു മക്കയും മദീനയും മനസ്സിൽ പതിഞ്ഞിട്ടുണ്ട്. വീട്ടുചുമരിൽ തൂക്കിയിട്ടിരുന്ന പുണ്യസ്ഥലങ്ങളുടെ ചിത്രങ്ങൾ മക്കയെയും മദീനയെയും ഒന്നുകൂടി മനസ്സിലാക്കിയെടുക്കുന്നതിലേക്ക് വഴിതെളിച്ചു. ‘നമ്മുടെ നബിയുടെ പേരെന്ത്’ എന്ന് തുടങ്ങുന്ന നാലുവരി പാട്ടിലൂടെയാണ് ആദ്യമായി പ്രവാചകർ(സ്വ)യെ പഠിക്കുന്നത്. കൂടുതൽ പഠിച്ചപ്പോൾ മക്ക സഊദി അറേബ്യയിലാണെന്നും മസ്ജിദുൽ ഹറാമും കഅ്ബയും അവിടെയാണെന്നും മനസ്സിലാക്കാനായി.
മുതിർന്നപ്പോൾ, താരീഖു മആലിമിൽ മദീനതി ഖദീമൻ വഹദീസൻ, വഫാഉൽ വഫ ബി അഖ്ബാരി ദാരിൽ മുസ്തഫ, അഖ്ബാറു മക്ക, താരീഖുൽ മദീനത്തിൽ മുനവ്വറ എന്നീ ഗ്രന്ഥങ്ങൾ മക്കയെയും മദീനയെയും കൂടുതൽ അറിയാൻ സഹായിച്ചു. ആദ്യം സൂചിപ്പിച്ച ഗ്രന്ഥമാണ് എന്നിൽ കൂടുതൽ സ്വാധീനം ചെലുത്തിയത്. വിശുദ്ധ ഭൂമിയിലെ ചരിത്രമാണ് ഈ ഗ്രന്ഥത്തിൽ പറയുന്നത്. ഭരണക്രമത്തിൽ മുസ്ലിം ലോകത്തിന് നഷ്ടമായ പൈതൃകങ്ങളെ കുറിച്ച് ഈ ഗ്രന്ഥം വാചാലമാവുന്നുണ്ട്.
മക്കയെയും മദീനയെയും കുറിച്ച് പഠിച്ചപ്പോൾ അവിടെ ചെന്നണയാൻ ആഗ്രഹമായി. 1979-ൽ ചില പരിശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. കപ്പൽ വഴി യാത്ര പുറപ്പെടാനാണ് അന്ന് ശ്രമിച്ചത്. ഹജ്ജ് യാത്രക്കായി കപ്പലിന് 2830 രൂപ കെട്ടിയെങ്കിലും നറുക്കെടുപ്പിൽ അവസരം ലഭിച്ചില്ല. വിമാനം വഴി യാത്ര ചെയ്യുന്നത് അന്ന് വ്യാപകമായിട്ടുമില്ല. കപ്പലിനായാലും വിമാനത്തിനായാലും മുംബൈയിൽ പോയിട്ട് വേണം യാത്ര തിരിക്കാൻ.
1989-ലാണ് വിശുദ്ധ ഭൂമിയിലേക്കുള്ള യാത്ര യാഥാർത്ഥ്യമാവുന്നത്. അൽഹംദുലില്ലാഹ്, ആഗ്രഹിച്ചത് പോലെ സ്വന്തം ചെലവിലായിരുന്നു യാത്ര. 1980 കഴിഞ്ഞപ്പോഴേക്കും കപ്പൽ സർവീസ് നിറുത്തി വച്ചിരുന്നു. പൂർവികരുടെ കപ്പൽ യാത്ര ത്യാഗപൂർണവും ജീവാർപ്പണതുല്യവുമായിരുന്നു. അന്ന് ഹജ്ജിന് പുറപ്പെടുന്നവർ മരണത്തെ മുന്നിൽ കണ്ട പ്രതീതിയോടെയാണ് യാത്ര തിരിച്ചിരുന്നത്. ഏകദേശം ഒരു വർഷം മുമ്പ് തന്നെ അവർ യാത്രക്കു വേണ്ടി തയ്യാറാകും. സ്വശരീരത്തെ യാത്രക്കു സജ്ജമാക്കി കടങ്ങളെല്ലാം കൊടുത്ത് വീട്ടിയും സുഹൃത്തുക്കളെയും ബന്ധുക്കളെയും കണ്ട് ക്ഷമാപണം നടത്തിയും നിസ്കാരവും നോമ്പും നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ വീട്ടിയും കുടുംബക്കാരോട് വസ്വിയ്യത്ത് ഏൽപ്പിച്ചുമാണ് യാത്രക്ക് തയ്യാറായിരുന്നത്. ജന്മനാടായ പൊന്മളയുടെ അതിര് വിട്ട് കടക്കുന്നതു വരെ നാട്ടുകാർ എന്നെ അനുഗമിച്ചിരുന്നു. ഗ്രാമാതിർത്തിയിൽ വച്ച് വാങ്ക് വിളിച്ചാണ് എനിക്കു യാത്രയയപ്പു നൽകി.
ജിദ്ദ എയർപോർട്ടിലാണ് വിമാനമിറങ്ങിയത്. ജിദ്ദയിൽ കച്ചവടം ചെയ്യുന്ന ബന്ധുക്കൾ വാഹനവുമായി എയർപോർട്ടിലെത്തി. മറ്റു കാര്യങ്ങളിലേർപ്പെടുന്നതിനു മുമ്പേ വിശുദ്ധ മക്കയിലേക്ക് പുറപ്പെട്ടു. കണ്ണിൽ തെളിയുന്ന വിധം അടുത്തെത്തിയിട്ടും കഅ്ബയിലേക്ക് നോക്കിയില്ല. അതിന് കുറേ മര്യാദകൾ പാലിക്കാനുണ്ടല്ലോ. വിശുദ്ധ ഹറമിലേക്കു പ്രവേശിക്കുന്നതിനു മുമ്പ് വൃത്തിയായി കുളിച്ചു. കഅ്ബാലയത്തിലേക്കു പ്രവേശിക്കുമ്പോൾ ചെയ്യേണ്ട സുന്നത്തുകളെല്ലാം നിർവഹിച്ചു. കഅ്ബയെ നേരിൽ കാണാവുന്ന വിധമായപ്പോൾ പുണ്യഗേഹത്തിലേക്ക് ഞാൻ നോക്കി. ആശ്ചര്യവും പറഞ്ഞറിയിക്കാനാവാത്ത സന്തോഷവുമായിരുന്നു മനം നിറയെ! എവിടെയാണ് ഞാൻ ഇപ്പോൾ നിൽക്കുന്നത്! വീട്ടിലെ ചുമരിൽ തൂക്കിയ ചിത്രം നോക്കി ഹൃദയത്തിൽ പതിഞ്ഞ കഅ്ബയിതാ കൺമുന്നിൽ. ഏറെ കാലം മനസ്സിൽ തലോലിച്ചുനടന്ന പുണ്യഗേഹം. പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്ന പ്രധാന സ്ഥലങ്ങളിൽ ഒന്ന്. ലോക മുസൽമാൻ അഞ്ച് വഖ്ത് നിസ്കാരത്തിലും തിരിയുന്ന പുണ്യഗേഹം. ഹൃദയം വിങ്ങിപ്പൊട്ടി. കണ്ണീരൊഴുകി തുടങ്ങി. സന്തോഷക്കരച്ചിൽ!
ഖുർആൻ പാരായണത്തിലും പ്രാർത്ഥനയിലും മുഴുകി കഅ്ബയെ പ്രദക്ഷിണം വെക്കുന്ന സത്യവിശ്വാസികൾ. റബീഉൽ അവ്വൽ കഴിഞ്ഞ ഉടനെയായതിനാൽ വലിയ തിരക്കില്ലായിരുന്നു. ഹജറുൽ അസ്വദ് ചുംബിക്കാൻ നല്ല അവസരം ലഭിച്ചു. പിന്നീടുള്ള യാത്രയിലൊന്നും അങ്ങനെ ലഭിച്ചിട്ടില്ല. ആദ്യ യാത്രയിലെ ആദ്യ ത്വവാഫിനു മുമ്പേ ചുംബിച്ച പ്രകാരം ഹജ്റുൽ അസ്വദിനെ പിന്നീടൊരിക്കലും ചുംബിക്കാനായിട്ടുമില്ല. ഫാതിഹയും ദുആയും നിർവഹിച്ച് റുക്നുൽ അസ്വദിൽ അൽപം തെറ്റി ക്രമപ്രകാരം ത്വവാഫ് ആരംഭിച്ചു. പ്രത്യേകം ശ്രേഷ്ഠതയുള്ള സ്ഥലങ്ങളിൽ വച്ചെല്ലാം ദുആയിരുന്നു, നിസ്കരിച്ചു ആത്മ നിർവൃതിയടഞ്ഞു.
ആദ്യ ഹജ്ജ് നിർവഹിക്കുന്നതിന് മുമ്പ് രണ്ടു പ്രാവശ്യമാണ് പുണ്യഭൂമിയിൽ പോയത്. രണ്ടും ഉംറക്കായിരുന്നു. നിർബന്ധമായ ഹജ്ജ് കർമത്തിനു മുമ്പുള്ള ഈ സന്ദർശനങ്ങൾ ഹജ്ജ് കർമങ്ങൾക്ക് ആവേശം പകർന്നു. കാരണം ഉംറക്ക് പോയപ്പോൾ ഹജ്ജ് നിർവഹണത്തിനാവശ്യമായൊരു പ്രാക്റ്റിക്കൽ സമീപനം കൂടി സ്വീകരിച്ചിരുന്നു. ഹജജിലേക്കുള്ളൊരു പഠനവും പരിശീലനവുമാണ് ആദ്യ രണ്ട് ഉംറകളിലൂടെയും നേടിയെടുത്തത്.
ഖൽബിലെ മദീന
അഞ്ച് ദിവസം മക്കയിൽ താമസിച്ച് ഒരു വ്യാഴാഴ്ച്ച ദിവസം മദീനയിലേക്ക് തിരിച്ചു. മനസ്സിൽ കൊണ്ടുനടന്ന മദീനയെ ആദ്യമായി കാണാൻ പോവുകയാണ്. തിരുപാദസ്പർശം കൊണ്ടനുഗ്രഹീതമായ ഭൂമി. ആബാലവൃദ്ധം മുസ്ലിം ഹൃദയങ്ങളിൽ കുളിർമ ചൊരിഞ്ഞ സ്വർഗഭൂമിക. തിരുനബി(സ്വ)യാണ് മദീനക്ക് പകിട്ട് നൽകുന്നത്. പുലർച്ചെ മൂന്ന് മണിയാവുമ്പോഴേക്കും മദീനയിലെത്തി. മദീനയിലേക്ക് പ്രവേശിക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥനകൾ ഉരുവിട്ട് ആ മണ്ണിലേക്ക് പ്രവേശിച്ചു. ആനന്ദത്തിന്റെ നിമിഷം! ഇരുമ്പിലെ തുരുമ്പ് കളയുന്നത് പോലെ മദീന മനുഷ്യന്റെ നല്ലതും ചീത്തതും വേർതിരിക്കും. അന്ന് രാത്രി സമയത്ത് റൗളാശരീഫ് അടക്കുമായിരുന്നു. പുലർച്ചെ മൂന്ന് മണിക്കാണ് പിന്നെ തുറക്കുക. മൂന്ന് മണിക്ക് തന്നെ റൗളാശരീഫിൽ കടക്കണമെന്ന ലക്ഷ്യത്തോടെയാണ് ഞങ്ങൾ യാത്ര തിരിച്ചിരിക്കുന്നത്. കൊതിച്ചതുപോലെ മൂന്ന് മണിക്ക് റൗളാശരീഫിൽ പ്രവേശിച്ചു. ഒമ്പത് മണി വരെ ഖബ്റുശ്ശരീഫിലേക്ക് അടുക്കാതെ റൗളയിൽ കഴിച്ചു കൂട്ടി. നിസ്കാരത്തിലും ദുആയിലും ഖിറാഅത്തിലുമായി സമയം ചെലവഴിച്ചു. ഒടുവിൽ മുത്ത് നബി(സ്വ) വിശ്രമിക്കുന്ന ഖബ്റുശ്ശരീഫിനടുത്തേക്ക് നീങ്ങി. ലോക ഗുരുവിനോട് സലാം പറഞ്ഞു; സൃഷ്ടികളിൽ ഉത്തമരായ വന്ദ്യ ഗുരുവിനു മുമ്പിൽ ഒരു പാപിയുടെ സലാം. തിരുദൂതർ സലാം മടക്കിയെങ്കിൽ രക്ഷപ്പെട്ടു. രക്ഷക്കു വേണ്ടിയുള്ള പ്രാർത്ഥനയാണല്ലോ സലാം.
‘എന്റെ ഖബ്റിന്റെയും മിമ്പറിന്റെയും ഇടയിലുള്ള സ്ഥലം സ്വർഗത്തിലെ പൂന്തോപ്പാണ്’ എന്നാണല്ലോ ഹബീബ്(സ്വ) പഠിപ്പിക്കുന്നത്. പവിത്രതയാർന്ന സ്ഥലം. പത്ത് വർഷക്കാലം തിരുനബിയുടെ പാദസ്പർശനംകൊണ്ട് പുളകിതമായ മണ്ണ്. പ്രവാചക ജീവിതത്തിൽ മദീനയിലെ ആ പത്ത് വർഷക്കാലത്തേക്കാൾ പവിത്രമായ മറ്റൊന്നുണ്ടോ? ഇമാം ഗസ്സാലി(റ) റൗളാ ശരീഫിന് പവിത്രത ലഭിക്കാനുള്ള മാനദണ്ഡമായി പറഞ്ഞത് തിരുനബി(സ്വ)യുടെ പാദസ്പർശം കൂടുതൽ ഈ സ്ഥലത്തിന് ലഭിച്ചു എന്നാണ്. റസൂൽ(സ്വ)യുടെ ഖബ്ർ നിൽക്കുന്ന സ്ഥലം അവിടുത്തെ വീടു കൂടിയായിരുന്നല്ലോ. ആ വീട്ടിൽ നിന്ന് നിസ്കാരത്തിന് നേതൃത്വം കൊടുക്കാൻ പള്ളിയിലേക്ക് കൂടുതൽ സഞ്ചരിച്ചത് ഈ റൗളാ ശരീഫിലൂടെയായിരുന്നു. അറിവ്കൊണ്ടും പ്രൗഢികൊണ്ടും സമ്പന്ന ജീവിതം നയിച്ച ഇമാം മാലിക്(റ) കുതിരപ്പുറത്തല്ലാതെ എവിടെയും യാത്ര ചെയ്യാറില്ല. പക്ഷേ മദീനയുടെ മണൽ പരപ്പിൽ മഹാൻ കുതിരപ്പുറത്ത് സഞ്ചരിച്ചിട്ടേയില്ല. ചുട്ടു പൊള്ളുന്ന മണലിലൂടെ ചെരിപ്പ് പോലും ധരിക്കാതെ നടന്നു; തിരുനബി നടന്ന മണ്ണിനോടുള്ള ബഹുമാന സൂചകമായി.
മദീനയിലെ ആതിഥേയർ
സർവം ത്യാജിച്ച് പെറ്റുവീണ നാട്ടിൽനിന്ന് പലായനത്തിന് തയ്യാറായ തിരുനബി(സ്വ)യെയും അനുചരരെയും തുറന്ന മനസ്സോടെ സ്വീകരിച്ച മദീനാ നിവാസികളിൽ ഇന്നും ആ സഹകരണ മനസ്കതയും സൽകാര പ്രിയവും കാണാനാവും. വിശുദ്ധ നാളുകളിലെല്ലാം ജനങ്ങളെ സൽകരിക്കാൻ മത്സരിക്കുകയാണവർ. റമളാനിൽ ഈ കാഴ്ച നല്ല രീതിയിൽ കാണാനാകും. ആളുകളെ ക്ഷണിക്കാൻവേണ്ടി രാവിലെ മുതൽതന്നെ അറബി സഹോദരന്മാർ കുട്ടികളെ പറഞ്ഞയക്കും. റബീഉൽ അവ്വലിന്റെ സുന്ദര മുഹൂർത്തത്തിൽ മൗലിദ് സദസ്സുകളിലേക്ക് വിദേശികളെ പ്രത്യേകം ക്ഷണിക്കുന്ന മുഹിബ്ബീങ്ങളെയും കാണാം. മസ്ജിദുന്നബവിയോടു ചേർന്ന കെട്ടിടത്തിൽ പലവട്ടം മൗലിദ് സദസ്സുകളിൽ പങ്കെടുക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. മർഹൂം ഉമർ അബ്ദുല്ല കാമിലിയുടെ സാന്നിധ്യം ഈ മജ്ലിസിനെ വ്യതിരിക്തമാക്കുമായിരുന്നു. മൂന്ന് മണിക്കൂറിലേറെ സമയം നീണ്ടുനിൽക്കുന്ന മൗലിദുകൾ അദ്ദേഹവും സംഘവും ആലപിക്കും. മൗലിദാഘോഷത്തെ കണ്ണടച്ച് ആക്ഷേപിക്കുന്ന ബിദഇകൾക്ക് മുമ്പിൽ വലിയൊരു ചോദ്യചിഹ്നമാണിത്.
മദീനയെയും മദീനാ നിവാസികളെയും അതിരറ്റ് സ്നേഹിച്ച ഇമാം മാലിക്(റ) അഹ്ലുൽ മദീനയുടെ അമൽ (മദീനാ നിവാസികളുടെ കർമം) ശറഇൽ തെളിവാണെന്ന് പറയുന്നത് മദീനയോടുള്ള അദമ്യമായ ഇശ്ഖ് മൂലമായിരിക്കാം.
അന്ന് മദീനാ സന്ദർശനത്തിന് ശേഷം ബഖീഇലേക്ക് തിരിച്ചു. പ്രമുഖരായ സ്വഹാബിമാരും ഉമ്മഹാത്തുൽ മുഅ്മിനീ(നബിപത്നിമാർ)ങ്ങളും അന്തിയുറങ്ങുന്ന സ്ഥലം. അധിക നേരം അവിടെ ചെലവിടാൻ നിയമപാലകർ അനുവദിച്ചില്ല. ശേഷം ഉഹ്ദിലേക്ക് പോയി. ബദ്ർ മറ്റൊരു ഭാഗത്തായതിനാൽ അവിടം സന്ദർശിക്കുന്നത് പിന്തിപ്പിച്ചു.
ശേഷം മക്കയിലേക്ക്തന്നെ മടങ്ങി. പൗരാണിക ജിദ്ദയിൽ ഇമാം ഗസ്സാലി(റ) വന്നൊരു പള്ളിയും അവിടെ അനേകം കിതാബുകളുമുണ്ടെന്ന് സഹയാത്രികനായ എടരിക്കോട് ക്ലാരി സ്വദേശി പറഞ്ഞപ്പോൾ അവിടെ സന്ദർശിച്ചു. പുരാതന നിർമിതികൾ ഇന്നും ജിദ്ദയെ ശോഭനമാക്കുന്നു. അഞ്ചും ആറും നിലയുള്ള പഴയ കെട്ടിടങ്ങൾ. ചിലത് ചെരിഞ്ഞാണ് സ്ഥിതി ചെയ്യുന്നത്. അതിനടുത്താണ് ഇന്ത്യക്കാരൻ നിർമിച്ച ഗസ്സാലി പള്ളി. ഇമാം സുഹ്റവർദി(റ)യുടെ അവാരിഫുൽ മആരിഫിൽ ഇമാം ഗസ്സാലി(റ)ഈ പള്ളിയിൽ വന്നിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
വീണ്ടും മദീനയിലേക്ക് തന്നെ മടങ്ങി. പുണ്യ ഭൂമിയോട് വിട ചോദിക്കാനിരിക്കുകയാണ്. ഹബീബിനോട് സലാം പറഞ്ഞ് മടങ്ങണമെന്ന ലക്ഷ്യത്തോടെയാണ് മദീനയിലേക്ക് രണ്ടാമതും തിരച്ചത്. മദീനയിലേക്കുള്ള വഴിയിലാണ് ബദ്ർ സന്ദർശിക്കുന്നത്. ഇന്ന് മക്കയിൽ നിന്ന് മദീനയിലേക്ക് പോകുന്ന വിശ്വാസികൾക്ക് ബദ്ർ കാണാനാകില്ല. ബദ്ർ വഴിയല്ല മദീനയിലേക്കുള്ള റോഡ് തയ്യാറാക്കിയിട്ടുള്ളത്.
രാവിലെ പത്തു മണിയോടടുത്ത സമയത്താണ് ബദ്റിലെത്തുന്നത്. സത്യവും അസത്യവും പോരടിച്ച ആ ഭൂമിയിൽ പ്രവേശിക്കാനായി. ആ സമയത്ത് ഗെയ്റ്റിങ്ങൽ ഒരു പാറാവുകാരൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങൾ കുറച്ച് പണം സ്വരൂപിച്ച് അയാൾക്കു നൽകി. അടച്ചിട്ട ബദ്റിന്റെ അഴികൾ അദ്ദേഹം ഞങ്ങൾക്കു തുറന്നുതന്നു. അൽഹംദുലില്ലാഹ്! സുഖമായി സന്ദർശിക്കാനും സിയാറത്ത് ചെയ്യുവാനും കഴിഞ്ഞു. ഇന്ന് വിശ്വാസികൾക്ക് ബദ്ർ ശുഹദാക്കളുടെ അടുക്കൽ നിൽക്കാൻ പോലും കഴിയില്ല. ബദർ മഖാമിന് ചുറ്റും വളരെ വ്യാപ്തിയിൽ വിലങ്ങ് കെട്ടിയിട്ടുണ്ട്. ഇന്നവിടെയെത്തുന്ന വിശ്വാസികളെ അങ്ങോട്ടു പോവാനോ അവിടെ നിൽക്കാനോ ‘മുത്വവ്വമാർ’ അനുവദിക്കില്ല. അവിടെ ഒന്നുമില്ല എന്നതാണ് അവരുടെ ഭാഷ്യം.
പക്ഷേ, ഉഹ്ദ് മഖാം ഇന്ന് വിശ്വാസികൾക്ക് ദർശിക്കാനാകും. ആദ്യ സന്ദർശനത്തിൽ അനുഭവപ്പെട്ടത് പോലെയുള്ള പ്രയാസം ഇന്നില്ല. അന്ന് ഉഹ്ദിന് ചുറ്റും വലിയൊരു മതിലുണ്ടായിരുന്നു. ഇത് മൂലം ഉഹ്ദ് മഖാം യഥേഷ്ടം കാണാൻ കഴിയുമായിരുന്നില്ല. ഇപ്പോൾ മതിൽകെട്ട് കാണാൻ കഴിയുന്ന വിധം ഉയരം കുറച്ചിട്ടുണ്ട്. അബ്ദുല്ല രാജാവിന്റെ പരിഷ്കരണ പ്രവർത്തനങ്ങളാണ് ഇതിന് വഴി തെളിയിച്ചത്. മദീനാ ശരീഫിലും പ്രോത്സാഹജനകമായ മാറ്റങ്ങൾ വരുത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
പുണ്യ ഭൂമികളിൽവച്ച് നാഥനോട് ചോദിച്ചതിൽ കൂടുതലും അവൻ തന്നിട്ടുണ്ട്. മുടങ്ങാതെ ദർസുണ്ടാകണമെന്നായിരുന്നു പ്രധാനമായും പ്രാർത്ഥനയിൽ ഉൾപ്പെടുത്തിയിരുന്നത്. ലോകത്തിന്റെ നാനാതുറകളിൽ അന്തിയുറങ്ങുന്ന മഹാന്മാരുടെ അടുക്കൽ പോകണമെന്നതതായിരുന്നു മറ്റൊരാഗ്രഹം. ആ ദുആകളുടെയെല്ലാം ഫലമായായിരിക്കണം തുർക്കി, ഉസ്ബക്കിസ്ഥാൻ, മൊറോക്കോ, ഈജിപ്ത്, ഇറാഖ്, ജോർദാൻ, ഫലസ്തീൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലെ മഹത്തുക്കളുടെ മസാറുകൾ സന്ദർശിക്കാൻ ഭാഗ്യം ലഭിച്ചു.
മദീനയും മക്കയും വലിയ അനുഭൂതിയാണ് വിശ്വാസികൾക്ക് സമ്മാനിക്കുന്നത്. അവിടെനിന്ന് മടങ്ങിപ്പോരാൻ മനസ്സ് വരില്ല. വിശ്വാസിയെ അവന്റെ ഈമാനാണ് അങ്ങോട്ട് ആകർഷിപ്പിക്കുന്നത്. റസൂൽ(സ്വ) സഹവസിച്ച വിശുദ്ധ ഭൂമികളിലെത്തി ഒരുപാട് തവണ ഹജ്ജും ഉംറയും ചെയ്യാൻ നാഥൻ നമുക്കേവർക്കും തൗഫീഖ് നൽകട്ടെ.
തയ്യാറാക്കിയത്: കെ.എം.എ റഊഫ്