ദൈവത്തിന്റെ നാട് എന്നു വിശേഷിപ്പിക്കാറുള്ള കേരളത്തിലെ സാമുദായിക-രാഷ്ട്രീയ സാഹചര്യങ്ങൾ കൂടുതൽ ആശങ്കപ്പെടുത്തുകയാണ്. ഗോമാതാവിന്റെയും ഗോമാംസത്തിന്റെയും പേരിൽ ഇന്ത്യാ രാജ്യത്ത് അസഹിഷ്ണുതകൾ കത്തിപ്പടരുകയുണ്ടായി. പച്ചമനുഷ്യരെ തല്ലിക്കൊല്ലുന്നതിലും തീകൊളുത്തി കൊല ചെയ്യുന്നതിലും അത് എത്തിച്ചേർന്നു. പശുവിന്റെ പേരിൽ നടക്കുന്ന വിവാദങ്ങളും സംഘർഷങ്ങളും രാജ്യത്തിന്റെ മതേതര പാരമ്പര്യത്തെ തകർക്കുന്നതാണ്.

മത, സാമുദായിക സൗഹാർദത്തിൽ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയായ കേരളത്തിന്റെ ചിത്രവും മാറുകയാണോ? നിരപരാധികളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി സാഹസത്തിന് തയ്യാറായ കോഴിക്കോട്ടെ നൗഷാദിന്റെ അനാഥ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക സഹായത്തിൽ പോലും വർഗീയത കണ്ടു ബഹളം വെച്ചവർ ഈ നാട്ടിലും ഉണ്ടായി. വർഗീയ വിഷം ചീറ്റുന്ന പ്രസ്താവനകളും പ്രസംഗങ്ങളും നടത്തി അവർ കൂടുതൽ അരാജകത്വം സൃഷ്ടിക്കുകയാണ്.

പാർലിമെന്ററി വ്യാമോഹത്തിൽ നിന്ന് പൊങ്ങിവരുന്ന രാഷ്ട്രീയാജണ്ടകളായി ഇതിനെ വ്യാഖ്യാനിക്കാമെങ്കിലും വർഗീയ വിദ്വേഷം ഇളക്കിവിട്ടു സമുദായങ്ങളെ തമ്മിലടിപ്പിച്ചു ലാഭം കൊയ്‌തെടുക്കാനുള്ള ഗൂഢതന്ത്രങ്ങൾ നാടിന് ഗുണമായിരിക്കില്ല. സമൂഹത്തിന്റെ മാനവിക പൈതൃകത്തെയും മതേതര പാരമ്പര്യത്തെയും അവഗണിച്ച് തീവ്രവർഗീയത ഏതു ഭാഗത്തുനിന്ന് ഉടലെടുത്താലും അതിനെ തള്ളിക്കളയാൻ നമുക്കാകണം.

രാഷ്ട്രപിതാവ് ഗാന്ധിജിയെ വെടിവെച്ചുകൊന്ന രാജ്യദ്രോഹിക്ക് സ്മാരകം പണിയുന്നിടത്തോളം ഇന്ത്യാ രാജ്യത്തിന്റെ രാഷ്ട്രീയ സംസ്‌കാരം ജീർണിച്ചുപോകുന്നത് ആശങ്കാജനകമാണ്. ഈ ഫാഷിസത്തിനെതിരെ രാഷ്ട്രീയ കേരളം ഉണരണം. രാജ്യത്ത് സമാധാനവും മതേതരത്വവും ആഗ്രഹിക്കുന്ന എല്ലാവർക്കും ഇതിനു ബാധ്യതകളുണ്ട്. ഇടതുപക്ഷ-വലതുപക്ഷ വ്യത്യാസമില്ലാതെ രാഷ്ട്രീയ പാർട്ടികൾക്കും സമുദായ നേതാക്കൾക്കും ഇവിടെ ഉത്തരവാദിത്വം വളരെ വലുതാണ്. കേവലം വോട്ടുബാങ്കുകളിൽ കണ്ണുവെക്കുന്നതിനു പകരം സമാധാന ജീവിതത്തിനും മതേതര രാഷ്ട്രീയ സംസ്‌കാരത്തിനും മുഖ്യ പരിഗണന നൽകണം. സമുദായ സംഘടനകളും എല്ലാ മതവിഭാഗങ്ങളും ഒന്നിച്ച് അധർമത്തിനെതിരെ പ്രതികരിക്കേണ്ടതുണ്ട്. ഉത്തരവാദപ്പെട്ട പ്രസ്ഥാനമെന്ന നിലക്ക് എസ്‌വൈഎസും സംഘകുടുംബവും എക്കാലത്തും വർഗീയതക്കും തീവ്രവാദത്തിനും എതിരായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനതീതമായ മതേതര കൂട്ടായ്മക്കുവേണ്ടി പ്രവർത്തിക്കാൻ ഈ സംഘടന പ്രതിജ്ഞാബദ്ധമാണ്. അതിന്റെ അനിവാര്യതയും പ്രായോഗികതയും വിലയിരുത്തി നാടിന്റെ നന്മയിൽ നമുക്ക് ഒരുമിച്ച് മുന്നേറാം.

You May Also Like

ഹൃദയ ശുദ്ധിയാണ് പ്രധാനം

ഉൽകൃഷ്ട ജീവിയാണ് മനുഷ്യൻ. മനുഷ്യന്റെ ഉൽകൃഷ്ടത അവനെ അറിവ് കൊണ്ട് അല്ലാഹു അനുഗ്രഹിച്ചു എന്നതാണ്. അറിവുകളിൽ…

മുഹ്‌യിദ്ദീൻ ശൈഖിന്റെ ആദർശം

ശൈഖ് ജീലാനി(റ)യുടെ ആദർശം മുസ്‌ലിം സമൂഹം പരമ്പരാഗതമായി സ്വീകരിച്ചു വന്നിരുന്ന നടപടി ക്രമങ്ങൾ തന്നെയാണ്. അഹ്‌ലുസ്സുന്നയുടെ…

ആരാണ് ആ പ്രവാചകൻ?

പ്രവാചകശ്രേഷ്ഠർ മുഹമ്മദ് നബി(സ്വ)യെക്കുറിച്ച് ബൈബിൾ പുസ്തകങ്ങളിൽ ഇപ്പോഴും പ്രവചനങ്ങൾ നിലനിൽക്കുന്നുണ്ട്. പുതിയ നിയമത്തിലെ അത്തരമൊന്നാണ് യോഹന്നാന്റെ…