ആത്മീയ ലോകത്തെ മഹാഗുരുവാണ് ശൈഖ് രിഫാഈ(റ). ജ്ഞാനം, ഭക്തി, സ്വഭാവം, സഹജീവി സ്നേഹം, രചന, ശിഷ്യ സമ്പത്ത് തുടങ്ങിയവയിലെല്ലാം വേറിട്ടൊരു വ്യക്തിത്വം. ഹിജ്റ 500 മുഹര്‍റം മാസത്തില്‍ ഇറാഖിലാണ് ജനനം. അലി ബിന്‍ അഹ്മദ് ആണ് പിതാവ്. പ്രമുഖ ആത്മീയ ജ്ഞാനിയായ ശൈഖ് മന്‍സൂറി(റ)ന്‍റെ സഹോദരി ഉമ്മുല്‍ ഫള്ല്‍ ഫാത്വിമതുല്‍ അന്‍സ്വാരിയ്യയാണ് മാതാവ്. പിതാമഹന്‍ രിഫാഅത്തിലേക്ക് ചേര്‍ത്ത് രിഫാഈ എന്നറിയപ്പെട്ടു. അബുല്‍ അബ്ബാസ് എന്ന് പ്രസിദ്ധ നാമം. ശൈഖ് രിഫാഈ(റ) ഗര്‍ഭസ്ഥ ശിശുവായിരിക്കെ പിതാവ് മരണപ്പെട്ടതിനെ തുടര്‍ന്ന് അമ്മാവന്‍ ശൈഖ് മന്‍സൂറി(റ)ന്‍റെ സംരക്ഷണത്തിലാണ് വളര്‍ന്നത്.
പഠനം
ചെറുപ്രായത്തിലേ മതപഠനത്തോട് വലിയ താല്‍പര്യമായിരുന്നു ശൈഖ് രിഫാഈ(റ)വിന്. ഏഴാം വയസ്സില്‍ ശൈഖ് അബ്ദുസ്സമീഅ് അല്‍ഹര്‍ബൂനിയുടെ ശിക്ഷണത്തില്‍ ഖുര്‍ആന്‍ മന:പാഠമാക്കി. ശേഷം പ്രമുഖ കര്‍മശാസ്ത്ര വിശാരദനായ അബുല്‍ ഫള്ല്‍ അലി വാസ്വിതിയുടെ പാഠശാലയില്‍ ചേര്‍ന്നു. ശിഷ്യന്‍റെ അഭിരുചിയും താല്‍പര്യവും മനസ്സിലാക്കിയ അദ്ദേഹം കുട്ടിയുടെ വളര്‍ച്ചയില്‍ നന്നായി ശ്രദ്ധിച്ചു. മുഴുവിജ്ഞാന ശാഖകളിലും അതികായനായി വളരാന്‍ ശൈഖ് അബുല്‍ ഫള്ലിന്‍റെ പാഠശാല രിഫാഇക്ക് സഹായകമായി. കൂടാതെ ശൈഖ് അബ്ദുല്‍ മലിക് അല്‍ഹര്‍ബൂനിയില്‍ നിന്ന് ശാഫിഈ ഫിഖ്ഹിലെ ഇമാം അബൂ ഇസ്ഹാഖുശ്ശീറാസി(റ)യുടെ അത്തന്‍ബീഹ് പഠിക്കാനും കഴിഞ്ഞു. പ്രമുഖ പണ്ഡിതനായ ശൈഖ് അബൂബക്കര്‍ അല്‍വസ്വീത്വി, അമ്മാവന്‍ ശൈഖ് മന്‍സൂര്‍ എന്നിവരില്‍ നിന്നും ശൈഖ് രിഫാഈ(റ) വിദ്യ നേടിയിട്ടുണ്ട്.
പഠനം ഒരു തപസ്യയായിരുന്നു ശൈഖവര്‍കള്‍ക്ക്. ജ്ഞാനപ്രപഞ്ചമെല്ലാം കയ്യിലൊതുക്കണമെന്ന വെമ്പല്‍. സമയം തീരെ നഷ്ടപ്പെടുത്തിയില്ല. അവസരങ്ങള്‍ പാഴാക്കിയില്ല. ഇരുപതാം വയസ്സില്‍ തന്നെ ഉസ്താദ് അബുല്‍ ഫള്ലില്‍ നിന്ന് ഇജാസത്ത് സമ്പാദിച്ചു. ശരീഅത്ത്, ത്വരീഖത്ത് ജ്ഞാനങ്ങളില്‍ അതിനിപുണനായിത്തീര്‍ന്ന ശൈഖ് രിഫാഈ(റ) പണ്ഡിത ലോകത്ത് അബുല്‍ ഇല്‍മൈന്‍(രണ്ട് ജ്ഞാനങ്ങളുടെ പിതാവ്) എന്നാണ് അറിയപ്പെട്ടത്. കൂടാതെ ശൈഖ് ത്വറാഇഖ്, അശ്ശൈഖുല്‍ കബീര്‍, ഉസ്താദുല്‍ ജമാഅ തുടങ്ങിയ നാമങ്ങളിലും അദ്ദേഹം പ്രസിദ്ധനായെന്നു ചരിത്രം.
സ്വഭാവം, പ്രകൃതം
പ്രഭ ചൊരിയുന്ന വട്ടമുഖം, വിശാലമായ നെറ്റിത്തടം, കറുത്ത താടി, പുഞ്ചിരിക്കുന്ന അധരം ഇതായിരുന്നു രിഫാഈ ശൈഖിന്‍റെ പ്രകൃതം. വെളുത്ത ഖമീസ്, വെള്ള രോമത്താല്‍ നിര്‍മിക്കപ്പെട്ട ഷോക്സ്, വെള്ള മേല്‍തട്ടം, കറുത്ത തലപ്പാവ്, ചില സമയങ്ങളില്‍ വെളുത്ത തലപ്പാവ് ഇങ്ങനെയായിരുന്നു വേഷവിധാനം. സഹനം, ശാന്ത സ്വഭാവം, ദയ, വിനയം തുടങ്ങിയവ പെരുമാറ്റവും. എല്ലാവരെയും ‘സയ്യിദീ’ എന്നാണ് മഹാന്‍ അഭിസംബോധന ചെയ്യുക. സവിശേഷമായ ബഹുഗുണങ്ങള്‍ സമ്മേളിച്ച മഹാവ്യക്തിത്വമായിട്ടും ഒരാളെയും ശൈഖവര്‍കള്‍ നിസ്സാരമായി കണ്ടില്ല. ‘അല്ലാഹുമ്മ ലാ അയ്ശ ഇല്ലാ അയ്ശുല്‍ ആഖിറ'(അല്ലാഹുവേ, ആഖിറത്തിലെ ജീവിതമാണല്ലോ യഥാര്‍ത്ഥ ജീവിതം) എന്ന ആപ്ത വാക്യം ഇടക്കിടെ പറഞ്ഞുകൊണ്ടിരിക്കുമായിരുന്നു. അകവും പുറവും ഒരുപോലെ സംശുദ്ധമായ പ്രകൃതമായിരുന്നു ശൈഖിന്‍റേത്. തിരുചര്യ പൂര്‍ണമായും ഉള്‍കൊണ്ട ജീവിതം, മുഹമ്മദീയ സംസ്കാരം, ആത്മരഹസ്യങ്ങളുടെ ഉള്ളറകളിലേക്ക് കടന്നുചെന്ന് മനസ്സും ശരീരവും പ്രകാശിപ്പിക്കുന്ന ആരാധന, പ്രപഞ്ച പരിത്യാഗം, നിഷ്കപട മാനസം, സത്യസന്ധത തുടങ്ങിയവ സ്വഭാവ സവിശേഷതകളായി. ഇതെല്ലാം ശൈഖവര്‍കളെ വേറിട്ട് നിര്‍ത്തുന്ന ഘടകങ്ങളത്രെ.
കുടുംബം
ശൈഖ് മന്‍സൂറിന്‍റെ സഹോദരന്‍ അബൂബക്കര്‍ എന്നവരുടെ മകള്‍ ഖദീജയാണ് രിഫാഈ(റ)യുടെ ആദ്യ ഭാര്യ. ഫാത്വിമ, സൈനബ എന്നീ രണ്ട് പുത്രിമാര്‍ ഈ ബന്ധത്തില്‍ പിറന്നു. ഖദീജയുടെ വേര്‍പാടിന് ശേഷം മഹതിയുടെ സഹോദരി ആബിദയെ വിവാഹം ചെയ്തു. അതില്‍ സ്വാലിഹ് എന്നൊരു പുത്രന്‍ ജാതനായി. വിവാഹ പ്രായമെത്തുന്നതിന് മുമ്പ് തന്നെ ഈ കുട്ടി മരണപ്പെട്ടു. രണ്ട് പെണ്‍മക്കളെയും ശൈഖ് വിവാഹം ചെയ്ത് കൊടുത്തത് തന്‍റെ സഹോദരിയുടെ മക്കള്‍ക്കാണ്. അക്കാലത്തെ മഹാപണ്ഡിതന്‍മാരും ആത്മജ്ഞാനികളുമായിരുന്നു അവര്‍. ലോകമാകെ വ്യാപിച്ച് കിടക്കുന്ന രിഫാഈ സന്തതികള്‍ പിറന്നത് ഈ പരമ്പരയിലാണ്.
ആത്മലോകം
ത്വരീഖത്തിന്‍റെ അത്യുന്നത പദവിയിലാണ് ശൈഖ് ജീവിച്ചത്. ആരാധനകളിലും ഓരോ ചലന നിശ്ചലനത്തിലും സൂക്ഷ്മത പുലര്‍ത്തിയുള്ള ജീവിതമാണ് ത്വരീഖത്ത്. ശരീഅത്തിന്‍റെ പരിപൂര്‍ത്തിയാണത്. വിവിധ ആത്മീയ ഗുരുക്കളില്‍ നിന്ന് ത്വരീഖത്തും സ്ഥാന വസ്ത്രവും(ഖിര്‍ഖ) ശൈഖ് രിഫാഈ(റ) സമ്പാദിച്ചു. ശൈഖ് അലി വാസിത്വീ, അബൂബക്റുശ്ശിബ്ലി, ജുനൈദുല്‍ ബഗ്ദാദി, സരിയ്യുസ്സിഖത്വി, മഅ്റൂഫുല്‍ കര്‍ഖി, ഹബീബുല്‍ അജമി, ഹസന്‍ ബസ്വരി, അലി(റ) ഈ പരമ്പരയാണ് ശൈഖ് രിഫാഈ(റ)യുടെ ത്വരീഖത്തിന്‍റെ ഒരു പരമ്പര. ഇത് കൂടാതെ അമ്മാവന്‍ ശൈഖ് മന്‍സൂര്‍ മുതല്‍ അലി(റ)വരെയുള്ള മറ്റൊരു ഗുരുപരമ്പര കൂടി അദ്ദേഹത്തിനുണ്ട്.
ആത്മീയ ലോകത്തെയും ത്വരീഖത്തിനെയും നിരുത്തരവാദപരമായി സമീപിക്കുന്നവരെയൊക്കെ മഹാന്‍ ഖണ്ഡിച്ചു. കപട സൂഫികളുടെ പ്രസ്താവനകളെ തകര്‍ത്തു. ശൈഖ് രിഫാഈ(റ) പറഞ്ഞു: ‘ഞങ്ങള്‍ ആത്മജ്ഞാനികളും അവര്‍ ബാഹ്യജ്ഞാനികളും എന്ന് ചിലര്‍ പറയാറുണ്ട്. അത് ശരിയല്ല. ഇസ്ലാമിന് അകവും പുറവുമുണ്ട്. പുറം ഭാഗം നില്‍ക്കാനുള്ള പാത്രമാണ് അകം. അകമില്ലാതെ എങ്ങനെയാണ് പുറം ഉണ്ടാവുക? ശരീരമില്ലാതെ ഹൃദയത്തിന് നിലനില്‍പ്പുണ്ടോ?! ഹൃദയം ശരീരത്തിന്‍റെ വെളിച്ചമാണ്. ഹൃദയത്തിന്‍റെ സംസ്കരണമാണ് ആത്മജ്ഞാനം. ഹൃദയ സംസ്കരണമില്ലാതെ ബാഹ്യ കര്‍മങ്ങള്‍ ചെയ്യുന്നത് പൂര്‍ണതയല്ല. ഹൃദയ സംസ്കരണമുണ്ടായാല്‍ തെറ്റുകളിലേക്ക് തിരിയാന്‍ കഴിയുകയുമില്ല.’
തന്‍റെ പ്രസിദ്ധ രചനയായ അല്‍ബുര്‍ഹാനുല്‍ മുഅയ്യദില്‍ ശൈഖ് രിഫാഈ(റ) നല്‍കിയ തത്ത്വോപദേശങ്ങള്‍ ചിന്തോദ്ദീപകമാണ്. അദ്ദേഹം എഴുതി: ‘സഹവാസത്തിന് ചില രഹസ്യങ്ങളുണ്ട്. സഹവാസം മനുഷ്യനില്‍ പരിവര്‍ത്തനമുണ്ടാക്കും. എട്ട് വിഭാഗത്തോടൊപ്പം സഹവസിക്കുന്നവര്‍ക്ക് എട്ട് കാര്യങ്ങളില്‍ വര്‍ധനവുണ്ടാകും. ഭരണാധികാരികളോട് സഹവാസം വച്ചുപുലര്‍ത്തുന്നവര്‍ക്ക് അഹങ്കാരവും ഹൃദയകാഠിന്യവും അധികരിക്കും. ധനാഢ്യരോട് സഹവസിക്കുന്നവര്‍ക്ക് ഭൗതിക താല്‍പര്യമുണ്ടാകും, സാധുക്കളോട് ഇടപഴകുന്നവര്‍ക്ക് അല്ലാഹു തന്നത് കൊണ്ട് തൃപ്തിപ്പെടാന്‍ കഴിയും. കുട്ടികളോട് സഹവാസം പുലര്‍ത്തുന്നവര്‍ക്ക് കളിയിലും തമാശകളിലുമായിരിക്കും താല്‍പര്യം. സ്ത്രീകളോടുള്ള ഇടപെടല്‍ മനസ്സില്‍ വൈകാരികത മുളപ്പിക്കും. പണ്ഡിതന്‍മാരോടുള്ള സഹവാസം നിലനിര്‍ത്തിയാല്‍ ജ്ഞാനവും സൂക്ഷ്മതയും വര്‍ധിക്കും. തെമ്മാടികളോടൊപ്പം ചേര്‍ന്നാല്‍ ദുര്‍നടപ്പിലും തെറ്റുകളിലും അകപ്പെടും.’
മറ്റൊരിടത്ത് അദ്ദേഹം കുറിച്ചു: തിരുനബി(സ്വ)യെ പൂര്‍ണമായി അനുകരിക്കുന്നതിലാണ് വിജയം. തിരുമേനിയുടെ സംസാരം, ഉറക്കം, നിറുത്തം, ഇരുത്തം, ഭക്ഷണം കഴിക്കല്‍, വെള്ളം കുടിക്കല്‍ തുടങ്ങി എല്ലാറ്റിലും ആ അനുകരണമുണ്ടാകണം. തിരുനബി(സ്വ) വത്തക്ക(തണ്ണിമത്തന്‍) എങ്ങനെയാണ് ഭക്ഷിച്ചതെന്ന് അറിയപ്പെടാത്തത് കൊണ്ട് അത് തിന്നാതിരുന്ന മഹാന്‍മാരുണ്ട്. ഇതൊക്കെ ചെറിയ കാര്യമല്ലേ എന്ന് പറഞ്ഞ് ഒഴിവാകരുത്. ചെറിയ കാര്യങ്ങളില്‍ കാണിക്കുന്ന അശ്രദ്ധ വലിയ കാര്യങ്ങളിലേക്ക് നമ്മെ കൊണ്ടെത്തിക്കും’ (അല്‍ബുര്‍ഹാനുല്‍ മുഅയ്യദ് പേ. 144).
‘അല്ലാഹുവിനെ അന്വേഷിച്ചിറങ്ങിയവര്‍ ത്യാഗിയാകണം. ജീവിതത്തിലെ മധുരവും കയ്പ്പുനീരും ഒരുപോലെ സഹിക്കാന്‍ കരുത്തു നേടണം. ഭൗതികതയുടെ മധുരിമയിലും ദേഹേച്ഛയിലും തളര്‍ന്ന് പോകാതെ ജീവിക്കാന്‍ കഴിയണം. അല്ലാഹുവിനെ തേടി ഇറങ്ങിത്തിരിച്ച മൂസാ നബി(അ)യോട് രണ്ട് ചെരുപ്പുകള്‍ അഴിച്ച് വെക്കാന്‍ നാഥന്‍ നിര്‍ദേശിച്ചതിന്‍റെ താല്‍പര്യം അതാണ്. അല്ലാഹുവില്‍ പൂര്‍ണമായി വിലയം പ്രാപിച്ചാണ് സൂഫി ജീവിതം മുന്നോട്ട് കൊണ്ടുപോകേണ്ടത്. സൂഫി നിഷ്കപടനും നിസ്വാര്‍ത്ഥനുമാകണം. മുഴുസമയവും അല്ലാഹുവില്‍ സമര്‍പ്പിതനാകണം. കപടത അവനെ തീരെ പിടികൂടരുത്. കറാമത്തുകള്‍ പ്രകടമാകണമെന്ന് ഒരിക്കലും വലിയ്യ് ആഗ്രഹിക്കരുത്. കറാമത്തുകളെ മറച്ച് പിടിക്കുകയാണ് ചെയ്യേണ്ടത്. അല്ലാഹുവിന്‍റെ കവാടത്തില്‍ അച്ചടക്കത്തോടെ നില്‍ക്കുക. ഹൃദയം തിരുനബി(സ്വ)യിലേക്ക് തിരിച്ചായിരിക്കണം ആ നില്‍പ്പ്. നിന്‍റെ വഴികാട്ടിയായ ശൈഖിന്‍റെ സാന്നിധ്യത്തില്‍ അല്‍പ്പം മാത്രമേ സംസാരിക്കാവൂ. ശൈഖിനോട് ആദരവും ബഹുമാനവും പ്രകടിപ്പിക്കണം. എല്ലാ മനുഷ്യരോടും കരുണയും സഹനവും കാണിക്കണം. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ എല്ലാവരെയും ഒരുമിപ്പിക്കണം. പാവങ്ങള്‍ക്കും അഗതികള്‍ക്കും കടന്നുവരാനായി നിന്‍റെ വാതില്‍ എപ്പോഴും തുറന്ന് വെക്കണം. അകം ഇലാഹീ ചിന്തകൊണ്ട് നിറക്കണം. നിയ്യത്ത് പരിശുദ്ധമാകണം. അല്ലാഹുവിന്‍റെ തീരുമാനത്തില്‍ ക്ഷമിക്കണം’ (അല്‍ബുര്‍ഹാനുല്‍ മുഅയ്യദ് പേ. 128).
പ്രബോധനം
ശൈഖ് രിഫാഈ(റ)യുടേത് ജനമനസ്സിലേക്കിറങ്ങിയുള്ള പ്രബോധന പ്രവര്‍ത്തനമായിരുന്നു. അതിനാല്‍ ജ്ഞാന പ്രസരണവും സാന്ത്വന സ്പര്‍ശവുമാണ് മുഖ്യമായി മഹാന്‍ തിരഞ്ഞെടുത്തത്. ആ കാലത്തെ കര്‍മശാസ്ത്ര പണ്ഡിതന്‍മാരടക്കമുള്ള വലിയ സംഘം ശൈഖിന്‍റെ പര്‍ണശാലയിലെത്തുമായിരുന്നു. അവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കിയും വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനിച്ചുമായിരുന്നു അധ്യാപനം. നിരവധി പേര്‍ ഓരോ സദസ്സിലും പങ്കെടുത്തു. ജമാലുദ്ദീന്‍ അല്‍ഖത്വീബുല്‍ ഹദ്ദാദി(റ) പറഞ്ഞു: മഹത്ത്വത്തിന്‍റെ ഉയര്‍ന്ന പദവിയിലാണ് ശൈഖ് രിഫാഈ(റ). അദ്ദേഹം ദര്‍സ് നടത്താനായി ഇരുന്നാല്‍ ചുറ്റുഭാഗത്തും തടിച്ചുകൂടിയിരുന്നത് അക്കാലത്തെ അതികായരായ പണ്ഡിതന്‍മാരാണ്. വിവിധ വിഷയങ്ങളില്‍ നിപുണര്‍. അവര്‍ക്ക് മുന്നില്‍ ശൈഖ് സംസാരിച്ച് തുടങ്ങിയാല്‍ എല്ലാവര്‍ക്കും മതിയായത് അതിലുണ്ടാകും. നിഷേധികള്‍ക്ക് മറുപടിയുണ്ടാകും. സംശയാലുക്കള്‍ക്ക് വ്യക്തതയും. കൂടുതല്‍ തേടിയെത്തിയവര്‍ക്ക് ആവശ്യമായത് ലഭിക്കും. തിരുനബി(സ്വ)യുടെ സദസ്സില്‍ നിന്ന് സ്വഹാബത്ത് വാരിക്കോരിയെടുത്ത വിജ്ഞാനത്തെ അനുസ്മരിപ്പിക്കും വിധം ഓരോരുത്തര്‍ക്കും വേണ്ടതെല്ലാം ശൈഖ് രിഫാഈ(റ)യുടെ സദസ്സില്‍ നിന്ന് കിട്ടിയിരിക്കും.
സാന്ത്വനവും കാരുണ്യവും വാരിക്കോരി നല്‍കിയാണ് ശൈഖ് കടന്നുപോയത്. മനുഷ്യനും ഇതര ജീവികള്‍ക്കുമെല്ലാം ആ സ്നേഹ സ്പര്‍ശം നീണ്ടു. ചരിത്രത്തില്‍ വിസ്മയാവഹമായ ഏടുകളാണ് ശൈഖിന്‍റേത്. ഇമാം ശഅ്റാനി(റ) എഴുതി: നായ, പന്നി പോലുള്ളവയെ കണ്ടാല്‍ അദ്ദേഹം പറയും; സന്തോഷമായിരിക്കട്ടെ. ഇത് കേള്‍ക്കുമ്പോള്‍ അനുയായികള്‍ ചോദിക്കും: എന്താണ് താങ്കള്‍ അങ്ങനെ പറയുന്നത്? ശൈഖിന്‍റെ മറുപടി: എന്തിനെ കണ്ടാലും നല്ലത് പറയാനാണ് എന്നെ ഞാന്‍ പരിശീലിപ്പിക്കുന്നത്. ഈസാ നബി(അ)യുടെ സ്വഭാവം അതായിരുന്നു. ഈസാ നബി(അ)യും അനുയായികളും നടന്നുപോകുമ്പോള്‍ ഒരു നായയുടെ ശവം കണ്ടു. അനുയായികള്‍ മൂക്ക് പൊത്തി പറഞ്ഞു: വല്ലാത്ത നാറ്റം. ഇത് കേട്ട് ഈസാ(അ)ന്‍റെ പ്രതികരണം: ആ നായയുടെ പല്ലിന്‍റെ വെളുപ്പിനെ കുറിച്ച് നിങ്ങള്‍ക്കൊന്നും പറയാനില്ലേ?! (അല്‍ഉഹൂദുല്‍ മുഹമ്മദിയ്യ 198).
ശിഷ്യരില്‍ പ്രമുഖനായ യഅ്ഖൂബ് പറയുകയുണ്ടായി: ഞാനൊരിക്കല്‍ ശൈഖിന്‍റെ അടുത്തെത്തി. നല്ല തണുപ്പുള്ള ദിവസമാണ്. അദ്ദേഹം വുളൂഅ് ചെയ്യുന്നതിനിടയില്‍ കൈ അനക്കാതെ കുറേ നേരം നീട്ടിപ്പിടിച്ചത് കണ്ടു. അപ്പോള്‍ കൈ മുത്താനായി ഞാന്‍ ഉസ്താദിന്‍റെ അടുത്തേക്ക് ചെന്നു. ഉടനെ ശൈഖ് പറഞ്ഞു: യഅ്ഖൂബ്, നിങ്ങള്‍ ഈ സാധുജീവിയെ പ്രയാസപ്പെടുത്തുകയാണോ? ഞാന്‍ ചോദിച്ചു: എന്താണ് അങ്ങീ പറയുന്നത്? അദ്ദേഹം: ഒരു ചെള്ള് എന്‍റെ കയ്യിലിരുന്ന് അതിന്‍റെ ഭക്ഷണം കഴിക്കുകയായിരുന്നു. നിങ്ങളുടെ വരവ് കണ്ട് അത് ഓടിപ്പോയി (ത്വബഖാത്തുശ്ശാഫിഈ 6/25).
അല്ലാമാ ദഹബി എഴുതി: വിറകുകള്‍ ശേഖരിച്ച് വിധവകളുടെ വീടുകള്‍ തിരഞ്ഞു പിടിച്ച് എത്തിച്ച് കൊടുക്കുമായിരുന്നു മഹാന്‍ (സിയറു അഅ്ലാമിന്നുബല). രിഫാഈ(റ) നടന്നുപോകുമ്പോള്‍ ഒരു പക്ഷി വസ്ത്രത്തില്‍ വന്നിരുന്നു. ഉടന്‍ ശൈഖ് നിഴലുള്ള ഭാഗത്തേക്ക് മാറിനിന്നു. വിശ്രമം കഴിഞ്ഞ് പക്ഷി പറന്നുപോയ ശേഷമാണ് അദ്ദേഹം യാത്ര തുടര്‍ന്നത് (ത്വബഖാതുല്‍ കുബ്റ 1/143).
കുഷ്ഠ രോഗികള്‍, വൃദ്ധര്‍, അവശതയനുഭവിക്കുന്നവര്‍ തുടങ്ങിയവരോട് വലിയ താല്‍പര്യവും പരിഗണനയുമായിരുന്നു ശൈഖിന്. അവരുടെ വസ്ത്രം അലക്കിക്കൊടുത്തും തലയും താടിയും ചീകിക്കൊടുത്തും അവര്‍ക്ക് ഭക്ഷണം നല്‍കിയും അവരോടൊപ്പം ഭക്ഷണം കഴിച്ചും സഹവസിച്ചും ദുആ ചെയ്തുമായിരുന്നു മഹാന്‍ ജീവിച്ചത്. ഇവരോടൊപ്പം കഴിയുന്നത് കേവലം ഐച്ഛികമായല്ല, നിര്‍ബന്ധമായാണ് ഗണിച്ചിരുന്നത്. ഒരു രോഗിയെ കുറിച്ച് അറിഞ്ഞാല്‍ ആ പ്രദേശത്തെത്തി സാന്ത്വനങ്ങളുമായി കഴിഞ്ഞ് കൂടുന്ന ശൈഖ് ദിവസങ്ങള്‍ക്കു ശേഷമാണ് മടങ്ങുക. ഇമാം ശഅ്റാനി(റ) എഴുതി: ‘രിഫാഈ(റ) അന്ധന്‍മാരെ കാത്ത് വഴിയില്‍ നില്‍ക്കും. കൈ പിടിച്ച് അവരെ ലക്ഷ്യസ്ഥാനത്തെത്തിക്കും. വൃദ്ധരെ കണ്ടാല്‍ സഹായിക്കും. വൃദ്ധന്‍മാരെ ആദരിക്കുന്നവര്‍ക്ക് സ്വന്തം വാര്‍ധക്യ പ്രായത്തില്‍ ആദരവ് ലഭിക്കുമെന്ന തിരുവചനം ശൈഖ് ഉരുവിടുമായിരുന്നു.’ വെള്ളപ്പാണ്ട് രോഗികളെ ആലിംഗനം ചെയ്തും ശരീരമാകെ വൃണമായി വിഷമിക്കുന്നവര്‍ക്ക് താങ്ങും തണലുമായും അദ്ദേഹം വെട്ടിത്തെളിയിച്ച മാതൃകകള്‍ ചരിത്ര ഗ്രന്ഥങ്ങളില്‍ അനേകമുണ്ട്.
കറാമത്തുകള്‍
നിരവധി കറാമത്തുകള്‍ ശൈഖ് രിഫാഈ(റ)യില്‍ നിന്ന് പ്രകടമായിട്ടുണ്ട്. തിരുനബി(സ്വ)യുടെ വിശുദ്ധ കരം ഖബര്‍ ശരീഫില്‍ നിന്ന് നീട്ടിക്കൊടുത്ത സംഭവം ഏറെ പ്രസിദ്ധം. രിഫാഈ(റ) ഹജ്ജ് നിര്‍വഹിച്ച് മദീനയിലെത്തിയപ്പോഴാണ് പ്രസ്തുത സംഭവം നടക്കുന്നത്. ഒരു വ്യാഴാഴ്ച അസ്വറിന് ശേഷമായിരുന്നു അത്. ഒരു ലക്ഷത്തോളം വരുന്ന സംഘം മഹാനൊപ്പമുണ്ട്. പേര്‍ഷ്യ, ഹിജാസ്, യമന്‍, ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളിലെ സ്നേഹ ജനങ്ങളും ശൈഖിനെ ചുറ്റിപ്പറ്റി ജീവിക്കുന്ന സാധുക്കളും കൂട്ടത്തിലുണ്ട്. കൂടാതെ ഔലിയാക്കളില്‍ പ്രധാനികളായ ഒട്ടേറെ പേരുണ്ട്. ശൈഖ് അദിയ്യുബ്നു മുസാഫിര്‍, ശൈഖ് അഹ്മദുസ്സഅ്ഫറാനി, ശൈഖ് ഹയാത്ത്ബ്നു ഖൈസ്, ശൈഖ് ജീലാനി, ശൈഖ് അബ്ദുറസ്സാഖ് ബ്നു അഹ്മദ്(റ) തുടങ്ങിയവര്‍ അവരില്‍ പെടും. ശൈഖ് രിഫാഈ(റ) റൗളാ ശരീഫിനരികില്‍ വന്ന് സലാം പറഞ്ഞു. നബി(സ്വ) ഖബറിനുള്ളില്‍ നിന്ന് സലാം മടക്കി. അവിടെ കൂടിയവരെല്ലാം പ്രവാചകരുടെ ശബ്ദം കേട്ടു. നബിയോട് കൈ നീട്ടിത്തരാനപേക്ഷിച്ച് ശൈഖ് കവിത ചൊല്ലുന്നു. ‘ഫീ ഹാലതില്‍ ബുഅ്ദി…’ ഉടനെ തിരുകരം നീട്ടിക്കൊടുക്കുന്നു. ജനക്കൂട്ടം കാണുന്ന നിലയില്‍ രിഫാഈ(റ) വിശുദ്ധ കരം മുത്തുന്നു. തിരുകൈ പിടിച്ച് നില്‍ക്കുന്ന ശൈഖ് രിഫാഈ(റ)യോട് നബി(സ്വ) നിര്‍ദേശിച്ചു: ‘നിങ്ങള്‍ മദീനാ പള്ളിയിലെ മിമ്പറില്‍ കയറുക. കറുത്ത വസ്ത്രം ധരിക്കുക. ജനങ്ങളെ ഉപദേശിക്കുക. താങ്കളുടെ ഉപദേശം ആകാശ ഭൂമിയിലുള്ളവര്‍ക്കെല്ലാം ഉപകാരപ്രദമാണ്.’ മഹാന്‍റെ കൈ തോള്‍ ഭാഗം വരെ പ്രത്യേക പ്രകാശമുള്ള നിലയിലായിരുന്നു കാണപ്പെട്ടിരുന്നത്. മേല്‍ സംഭവത്തിന് ശേഷമാണ് ഇതെന്ന് ദൃക്സാക്ഷികള്‍ പലരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് (ഇമാം റാഫിഈ-സവാദുല്‍ അയ്നൈന്‍ ഫീ മനാഖിബി അബില്‍ ഇല്‍മൈന്‍ 15-17).
ഒരു ലക്ഷത്തിലേറെ വരുന്ന ജനക്കൂട്ടത്തിനിടയില്‍ ശൈഖ് രിഫാഈ(റ) ഇരിക്കുകയാണ്. മന്ത്രിമാരും പണ്ഡിതന്‍മാരും സാധാരണക്കാരുമെല്ലാം അക്കൂട്ടത്തിലുണ്ട്. ളുഹ്റ് നിസ്കാരത്തിന് ശേഷം ശൈഖ് പ്രസംഗമാരംഭിച്ചു. സദസ്സില്‍ നിന്ന് വിവിധ ചോദ്യങ്ങളുയര്‍ന്നു. ചിലരുടെ ചോദ്യം തഫ്സീറില്‍ നിന്ന്. മറ്റ് ചിലര്‍ ഹദീസില്‍ നിന്ന്. വേറെ ചിലര്‍ കര്‍മശാസ്ത്രത്തില്‍. മറ്റൊരു കൂട്ടര്‍ നിദാനശാസ്ത്രത്തില്‍. ഇരുന്നൂറോളം ചോദ്യങ്ങള്‍ ശൈഖിന് നേരെ വന്നു. എല്ലാറ്റിനും വ്യക്തമായ മറുപടി നല്‍കിയപ്പോള്‍ സദസ്സ് ഇളകി മറിഞ്ഞു. ആശ്ചര്യം, അത്ഭുതം ശൈഖിന്‍റെ ഹൃദയസ്പര്‍ശിയും സുദൃഢവുമായ പ്രസംഗം മുഖേനെ 8000 പേര്‍ ഇസ്ലാമിലെത്തി. അഞ്ചു പേര്‍ അവിടെ മരിച്ചു വീണു. 40000 പേര്‍ പശ്ചാത്തപിച്ച് മടങ്ങി (സവാദുല്‍ അയ്നൈന്‍ ഫീ മനാഖിബി അബില്‍ ഇല്‍മൈന്‍ 70).
ദിക്റുകള്‍ എഴുതിത്തരാന്‍ ആവശ്യപ്പെടുന്നവര്‍ക്ക് കടലാസെടുത്ത് എഴുതിക്കൊടുക്കും. മഷിയോ മറ്റോ പക്കലുണ്ടാകില്ല. എന്നാലും വെറും കൈ കൊണ്ട് എഴുതുന്നത് വ്യക്തമായി കടലാസില്‍ പതിയും (യൂസുഫുന്നബ്ഹാനി- ജാമിഉ കറാമാതില്‍ ഔലിയ 1/297). സദസ്സില്‍ ലക്ഷങ്ങളുണ്ടെങ്കിലും എല്ലാവര്‍ക്കും ഒരുപോലെ ശൈഖിന്‍റെ ശബ്ദം കേള്‍ക്കാന്‍ കഴിയുമായിരുന്നു (ഇബ്നു മുല്‍ഖീന്‍- ത്വബഖാതുല്‍ ഔലിയ, പേ. 69).
ശൈഖ് രിഫാഈ(റ)യില്‍ നിന്ന് പ്രകടമായ നിരവധി അത്ഭുത സിദ്ധികള്‍ ചരിത്ര ഗ്രന്ഥങ്ങള്‍ പ്രതിപാദിച്ചിട്ടുണ്ട്. ഇമാം സുയൂത്വി(റ)യുടെ അല്‍ഹാവി, ഇമാം ശഅ്റാനി(റ)യുടെ ത്വബഖാതുല്‍ കുബ്റാ, യൂസുഫുന്നബ്ഹാനി(റ)യുടെ ജാമിഉ കറാമാതില്‍ ഔലിയ, ഇബ്നു ഹജറുല്‍ ഹൈതമി(റ)യുടെ ഫതാവല്‍ ഹദീസിയ്യ, ഇബ്നു മുല്‍ഖീനിന്‍റെ ത്വബഖാതുല്‍ ഔലിയ പോലുള്ളവ ഉദാഹരണങ്ങള്‍. ശൈഖ് രിഫാഈ(റ)യുടെ ത്വരീഖത്തും സരണിയും അനുഗമിച്ച് വന്നവരിലും നിരവധി അത്ഭുത സിദ്ധികള്‍ പ്രകടമായതും പ്രസിദ്ധം. പാമ്പുകളോടൊപ്പം സഹവസിക്കുന്നവര്‍, സിംഹങ്ങള്‍ക്കൊപ്പം കഴിഞ്ഞവര്‍, കത്തിയാളുന്ന തീയില്‍ താമസിച്ചവര്‍ അക്കൂട്ടത്തിലുണ്ട് (അല്‍ബിദായതു വന്നിഹായ 12/328, ഇബ്നു ഖാളീ ശുഹ്ബ- ത്വബഖാതുശ്ശാഫിഈ 2/5).
രചനകള്‍
വിവിധ പ്രമേയങ്ങളിലായി നിരവധി രചനകള്‍ രിഫാഈ(റ)വിനുണ്ട്. പല അത്യപൂര്‍വ കൃതികളും താര്‍ത്താരീ ആക്രമണത്തില്‍ നഷ്ടപ്പെട്ടുപോയി. ‘ഹാലതു അഹ്ലില്‍ ഹഖീഖതി മഅല്ലാഹി’, ‘അസ്സ്വിറാതുല്‍ മുസ്തഖീം’. ഇമാം ശീറാസി(റ)യുടെ തഹ്ദീബിന് എഴുതിയ വ്യാഖ്യാനം ‘കിതാബുല്‍ ഹികം’ (ശാഫിഈ കര്‍മശാസ്ത്രം), അല്‍ബുര്‍ഹാനുല്‍ മുഅയ്യദ്, മആനീ ബിസ്മില്ലാഹിറഹ്മാനിറഹീം, തഫ്സീറു സൂറത്തില്‍ ഖദ്ര്‍, അല്‍ബഹ്ജ അന്നിളാമുല്‍ ഖാസ്സ്വ് ലി അഹ്ലില്‍ ഇഖ്തിബാസ്, അല്‍മജാലിസുല്‍ അഹ്മദിയ്യ, അത്താരീഖു ഇല്ലല്ലാഹി തുടങ്ങിയ രചനകള്‍ ഇന്നും നിലവിലുണ്ട്. കൂടാതെ തന്‍റെ ആത്മസരണിയില്‍ മുന്നോട്ടു പോകുന്ന മുരീദുമാര്‍ക്കായി ക്രോഡീകരിച്ച ഔറാദുകള്‍, വളാഇഫുകള്‍, ദുആകള്‍ തുടങ്ങിയവയും ശൈഖിന്‍റേതായുണ്ട്.
വഫാത്ത്
ആത്മലോകത്തെ ചക്രവര്‍ത്തിയായി ജീവിച്ച രിഫാഈ(റ) ഉദര സംബന്ധമായ രോഗം മൂലമാണ് വഫാതായത്. ഒരു മാസക്കാലം രോഗബാധിതനായി കഴിഞ്ഞു. ഹി: 576-ല്‍ ജുമാദുല്‍ ഊലാ പന്ത്രണ്ടിന് വ്യാഴാഴ്ച ആ പൊന്‍താരകം അസ്തമിച്ചു. 66 വയസ്സായിരുന്നു അന്നദ്ദേഹത്തിന്. ‘അശ്ഹദുഅന്‍ ലാഇലാഹ ഇല്ലല്ലാഹു വ അശ്ഹദു അന്ന മുഹമ്മദന്‍ അബ്ദുഹു വറസൂലുഹു…’ എന്നുച്ചരിച്ചായിരുന്നു അന്ത്യം. ഇറാഖിലെ ഉമ്മുഅബീദയിലാണ് ഖബര്‍ ശരീഫ്. പിതാമഹന്‍ യഹ്യന്നജ്ജാരി(റ)യുടെ ചാരത്ത്. ഇബ്നുല്‍ മുഹദ്ദബ് എഴുതി: ‘ഒരു ലക്ഷത്തി എണ്‍പതിനായിരം ശിഷ്യന്‍മാര്‍ ശൈഖ് രിഫാഈ(റ)യുടെ ജീവിതകാലത്ത് തന്നെയുണ്ട്.’ വഫാതിന് ശേഷം ലോകമൊട്ടുക്കും രിഫാഈ സരണി വളര്‍ന്ന് പന്തലിച്ചു. മുസ്ലിം രാജ്യങ്ങളില്‍ ശൈഖിന്‍റെ ശിഷ്യന്‍മാരോ സ്നേഹികളോ ഇല്ലാത്തയിടം കാണാനാകില്ല. അത്രക്ക് പ്രസിദ്ധി നേടി മഹാന്‍റെ ആത്മീയ സരണി.