മദീനയില്‍ കൊടിയ ദാരിദ്രമുള്ള സന്ദര്‍ഭത്തിലാണ് ഉസ്മാന്(റ)ന്റെ കച്ചവട സംഘം വലിയ ലാഭവുമായെത്തുന്നത്. വൈകാതെ ചില്ലറ വ്യാപാരികള്‍ അവ വാങ്ങാനെത്തി. കച്ചവടക്കാരോട് ഉസ്മാന്(റ) പറഞ്ഞു: ‘എന്റെ പക്കല്‍ ഭക്ഷണ സാമഗ്രികളുണ്ട്. അത് വില തന്ന് വാങ്ങാന്‍ സന്നദ്ധതയുള്ളവര്‍ മുന്നോട്ടു വരിക.’ ഈ വാക്കുകളില്‍ ആത്മാര്‍ത്ഥത നിഴലിച്ചിരുന്നു. ആഗതരില്‍ ചിലര്‍ അദ്ദേഹത്തിനടുത്തെത്തി ഒരുക്കമാണെന്നറിയിച്ചു.
അദ്ദേഹം വീണ്ടും ചോദിച്ചു: ‘ഞാന്‍ ശാമില്‍ നിന്നു വാങ്ങിയതിനെക്കാള്‍ എത്ര തുക നിങ്ങള്‍ക്ക് ലാഭമായി തരാനാകും?’
അവര്‍:ڈ’അങ്ങ് വാങ്ങിയ വിലയില്‍ ഓരോ പത്തിനും പന്ത്രണ്ടെന്ന തോതില്‍ ഞങ്ങളെടുത്തുകൊള്ളാം.’
ഉസ്മാന്(റ)ന്റെ മുഖത്ത് തൃപ്തിയുടെ വെളിച്ചം തെളിഞ്ഞില്ല: ‘പന്ത്രണ്ട് പോരാ. കൂടുതല്‍ തരാന്‍ ആരെങ്കിലുമുണ്ടോ?’
‘എങ്കില്‍ പത്തിന് പതിനഞ്ച് എന്ന തോതില്‍ തരാം.’ ആഗതര്‍ വില ഏറ്റിപ്പറഞ്ഞു.
ഉസ്മാന്(റ) തൃപ്തനായില്ല. ‘പോരാ, കൂടുതല്‍ വില വേണം.’
‘അബൂ അംറേ, ഞങ്ങളല്ലാത്ത കച്ചവടക്കാരാരും ഇനി മദീനയിലില്ല. പിന്നെ ആരാണ് താങ്കള്‍ക്ക് ഇതില്‍ കൂടുതല്‍ വില തരിക?’ അവരുടെ ചോദ്യം.
അപ്പോള്‍ അദ്ദേഹം പ്രതികരിച്ചു: ‘അല്ലാഹു എനിക്ക് ഒരു ദിര്‍ഹമിന് പത്ത് എന്ന ഗണത്തില്‍ തരാമെന്നേറ്റിട്ടുണ്ട്.’ വജ്രത്തെക്കാള്‍ കാഠിന്യമുണ്ടായിരുന്നു ഉസ്മാന്(റ)ന്റെ വാക്കുകള്‍ക്ക്. അതു കേട്ട് അവരുടെ നെഞ്ചിന് കൂട് വിങ്ങി. കണ്ഠത്തില് കുരുങ്ങിയ വാക്കുകള്‍ പുറത്തുവന്നു: ‘ഇല്ല, ഉസ്മാന്. ഞങ്ങളെ കൊണ്ട് അത്രയും തരാന്‍ കഴിയില്ല.’
ഉസ്മാന്(റ) കൂടുതല്‍ വിനയാന്വിതനായി. ശിരസ്സ് മേല്പോട്ടുയര്ത്തി കണ്ഠമിടറി പറഞ്ഞു: ‘അല്ലാഹുവേ, നീ സാക്ഷി. ഞാനീ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ദരിദ്രര്‍ക്ക് ധര്‍മം ചെയ്തിരിക്കുന്നു. നീ വാഗ്ദാനം ചെയ്ത ഒന്നിന് പത്തെന്ന പ്രതിഫലം മാത്രം മതി എനിക്ക്’ (അര്രിഖത്തു വല്ബുക്കാഅ്, ഇബ്നു ഖുദാമ: 190).
ഒരു സ്വപ്നം കണ്ടുകൊണ്ടാണ് നബി പൗത്രന് ഹസന്(റ) ഞെട്ടിയുണര്‍ന്നത്. നബി(സ്വ) അര്‍ശില്‍ പിടിച്ചു നില്ക്കുന്നു. തിരുദൂതരുടെ ഇരു ചുമലില്‍ പിടിച്ച് പിന്നില്‍ അബൂബക്കര്‍(റ) നില്ക്കുന്നു. അദ്ദേഹത്തിന്റെ ചുമലില്‍ പിടിച്ച് ഉമര്‍(റ)വും അദ്ദേഹത്തിന്റെ ചുമലില്‍ പിടിച്ച് ഉസ്മാന്(റ)വും നില്ക്കുന്നു. നീലിമയാര്‍ന്ന ആകാശത്തുനിന്ന് രക്ത മഴ കുത്തിയൊഴുകുന്നു. പേടിച്ചു വിറച്ചാണ് ഹസന്(റ) ഞെട്ടിയുണര്‍ന്നത്. പിറ്റേന്ന് ആളുകള്ക്കൊപ്പമിരിക്കുമ്പോള് അദ്ദേഹം ഇതവരോട് വിവരിച്ചു. അപ്പോള്‍ ആന്തലോടെ ഒരാള്‍ തിരക്കി: ‘അലി(റ)യെ ആ കൂട്ടത്തില്‍ താങ്കള്‍ കണ്ടില്ലേ?’ ശീഈ പക്ഷക്കാരനായ ചോദ്യകര്‍ത്താവിനോട് അദ്ദേഹം പ്രതികരിച്ചു: ‘ഉപ്പാപ്പയുടെ ചുമല് പിടിച്ച് എന്റെ ഉപ്പ അലി(റ) നില്‍ക്കുന്നത് കാണാന്‍ എനിക്കിഷ്ടമില്ലാതിരിക്കുമോ. പക്ഷേ ഇതൊരു കിനാവല്ലേ.’
മറുപടിയില്‍ തൃപ്തനാകാതെ ക്രൂശിക്കാനൊരുങ്ങിയ ചോദ്യകര്‍ത്താവിനെ ഉഖ്ബത്തുബ്നു അംറ്(റ) നേരിട്ടു: ‘ഒരു സ്വപ്നം വിവരിച്ചതിന് താങ്കളെന്തിനാണ് ഇത്ര ഏറ്റുപിടിക്കുന്നത്? നബി(സ്വ) മറ്റാരെയും ചേര്‍ക്കാതെ ഉസ്മാന്(റ)വിന് മാത്രമായി പ്രാര്‍ത്ഥിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.’ ഉഖ്ബയുടെ മനോമുകുരത്തില്‍ നിരവധി ചിത്രങ്ങള്‍ മിന്നിമറഞ്ഞു. തിരുനബി(സ്വ)ക്കൊപ്പം ഒരു യുദ്ധക്കളത്തില്‍ നേരിട്ട വിസ്മയം പൂണ്ട ഓര്‍മകള്‍. വരള്‍ച്ചയുടെയും ഭക്ഷ്യക്ഷാമത്തിന്റെയും നാളുകള്‍. നിരാശയുടെ കാര്‍മേഘം മൂടിയ വിശ്വാസി മുഖങ്ങള്‍ റസൂലിനെ ഏറെ വേദനിപ്പിച്ചു. ‘ഇന്ന് സൂര്യാസ്തമയത്തിന് മുമ്പായി ആവശ്യമായ ഭക്ഷണം ഇവിടെ എത്തിച്ചേരും. എല്ലാവരും സമാധാനിക്കുക.’ നബി തങ്ങള്‍ ജനങ്ങള്‍ക്ക് പ്രതീക്ഷ നല്കി. നബിവചനം കേട്ടപാടെ ഉസ്മാന്(റ) സ്ഥലംവിട്ടു. ‘റസൂലിന്റെ പ്രതീക്ഷ വെറുതെയാക്കിക്കൂടാ. സഹായം ചെയ്യാന്‍ തനിക്ക് ആവതുണ്ടല്ലോ.’ അദ്ദേഹത്തിന്റെ മനസ്സ് മന്ത്രിച്ചു.
അങ്ങാടിയിലെത്തിയപ്പോള്‍ പതിനാലു വാഹനങ്ങള്‍ ഭക്ഷണ വിഭവങ്ങളുമായി ആവശ്യക്കാരെ കാത്തു കിടപ്പുണ്ടായിരുന്നു. അവ മുഴുവന്‍ മഹാന് വാങ്ങി. നേര് പകുതി സ്വന്തം വീട്ടിലേക്കു കൊണ്ടുപോയി. ബാക്കി ഏഴെണ്ണം നബിസന്നിധിയിലെത്തിച്ചു. ഉസ്മാന്(റ) കൊടുത്തയച്ച ഭക്ഷണച്ചുമടുകള് കണ്ട് ആനന്ദംകൊണ്ട അവിടുന്ന് തൃക്കരങ്ങള്‍ പൊക്കി പ്രാര്‍ത്ഥിച്ചു: ‘നാഥാ, ഉസ്മാനെ നീ സ്വീകരിക്കേണമേ, നിന്റെ അനുഗ്രഹം അദ്ദേഹത്തില്‍ വര്‍ഷിപ്പിക്കേണമേ’ (അര്‍രിയാളുന്നള്റ: 91).
മൂന്നാം ഖലീഫയായി ഉസ്മാന്(റ) അധികാരമേല്‍ക്കുമ്പോള്‍ മുസ്ലിംകളിലെ ഏറ്റവും വലിയ സമ്പന്നന് അദ്ദേഹമായിരുന്നു. മൃഗങ്ങളായിരുന്നു അദ്ദേഹത്തിന്റെ വലിയ വരുമാനം. പൗരന്മാരുടെ ദാരിദ്ര്യം അസഹ്യമാകുമ്പോള്‍ അവ മുഴുവന്‍ ജനക്ഷേമത്തിനായി ചെലവിടുമായിരുന്നു മഹാന്. യാത്രക്കാവശ്യമായ രണ്ട് ഒട്ടകങ്ങളെ മാത്രം ശേഷിപ്പിക്കും. സമാനതകളില്ലാത്ത ഉദാരതയാണ് ഖലീഫ മുസ്ലിം ലോകത്തിന് സമ്മാനിച്ചത്.