ap-ek-malayalam

ശംസുല്‍ ഉലമ ഇ.കെ.അബൂബക്കര്‍ മുസ്‌ലിയാര്‍ മരണപ്പെടുന്നതിന്റെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തെ സന്ദര്‍ശിച്ച ഇ.കെ. വിഭാഗം സുന്നി നേതാവ് അബ്ദുറഹ്മാന്‍ കല്ലായി, ഇ.കെയുടെ മരണം കഴിഞ്ഞ അടുത്ത ദിവസം ചന്ദ്രികയില്‍ എഴുതി: ‘സമസ്തയുടെ പുനരേകീകരണം അദ്ദേഹത്തിന്റെ അന്ത്യാഭിലാഷമായിരുന്നു. ഇരുവിഭാഗത്തുമുള്ള പണ്ഡിതന്മാരോട് വിനീതമായി ഉണര്‍ത്തട്ടെ. ശൈഖുനാക്ക് നാം നിര്‍മിക്കുന്ന ഏറ്റവും ഉചിതമായ സ്മാരകം ഇരു സമസ്തകളുടേയും മാന്യമായ പുനരേകീകരണമാണ്. മൂന്നുനാള്‍ മുമ്പ് ഒരു ദിവസം ശൈഖുനായെ സന്ദര്‍ശിച്ചപ്പോള്‍ യോജിപ്പിനെക്കുറിച്ച് ദീര്‍ഘമായി അദ്ദേഹം സംസാരിച്ചിരുന്നു. അവിടുന്ന് സമ്മതിച്ചാല്‍ ശ്രമിച്ചുനോക്കാമെന്ന് ഈ വിനീതന്‍ അറിയിച്ചപ്പോള്‍, മാന്യമായ ഒരു യോജിപ്പ് നടക്കുന്നത് സമുദായത്തിന് ഗുണം ചെയ്യുമെന്നാണ് അദ്ദേഹം പ്രത്യുത്തരം നല്‍കിയത്. ഈ വിവരങ്ങളെല്ലാം അടുത്തദിവസം ഈ കുറിപ്പുകാരന്‍ പാണക്കാട്ടു പോയി സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരെ അറിയിച്ചു. സമസ്ത യോജിക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന, അതിന് വേണ്ടി കഠിനമായി പ്രയത്‌നിക്കുകയും ചെയ്യുന്ന പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബിനെയും ഇത് അറിയിച്ചിരുന്നു’ (ചന്ദ്രിക, 1996 ആഗസ്റ്റ് 30).

ഇരു സമസ്തകളുടെയും മാന്യമായ യോജിപ്പായിരുന്നു ഇ.കെ. ഉസ്താദിന്റെ അന്ത്യാഭിലാഷം.പിരിച്ചുവിടലോ മാപ്പപേക്ഷിച്ച് തിരിച്ചുവരലോ ആയിരുന്നില്ല. ഇതൊരന്ത്യാഭിലാഷമായി പ്രകടിപ്പിക്കുകയും ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്തിട്ടും, ആരാണ് സുന്നി ഐക്യത്തിന് തടസ്സം നില്‍ക്കുന്നത്? ശംസുല്‍ ഉലമയുടെ അന്ത്യാഭിലാഷം നടപ്പാക്കാന്‍ സമുദായ രാഷ്ട്രീയ നേതൃത്വത്തില്‍ നിന്ന് എന്തുകൊണ്ടാണ് ആത്മാര്‍ത്ഥമായ ഒരു ശ്രമം പോലും ഉണ്ടാവാതെ  പോയത്? സുന്നികള്‍ ഐക്യപ്പെടുന്നതില്‍ അനാവശ്യമായ ഒരുള്‍ഭയം ആരെങ്കിലും വച്ചുപുലര്‍ത്തുന്നുണ്ടോ? മുജാഹിദുകളില്‍ ആദര്‍ശപരമായ കാരണങ്ങളാല്‍ തന്നെ കടുത്ത ഭിന്നത ഉടലെടുത്തപ്പോള്‍ ഊണും ഉറക്കുമുപേക്ഷിച്ച് അവരെ പേരിലെങ്കിലും യോജിപ്പിക്കാന്‍ അധ്വാനിച്ചവര്‍ക്ക് എന്തേ സുന്നികളുടെ ഐക്യത്തില്‍ താല്‍പര്യമില്ലാതെ പോയത്?

സമുദായ രാഷ്ട്രീയ പ്രസ്ഥാനം എല്ലാ മതസംഘടനകളെയും ഒരുപോലെ കാണുകയും ഒരു പൊതുപ്ലാറ്റ്‌ഫോമായി നിലകൊള്ളുകയും ചെയ്യുന്നതിനെ ഇരുസമസ്തകളും അംഗീകരിക്കുമെന്നാണ് തോന്നുന്നത്. എന്നാല്‍ താക്കോല്‍ സ്ഥാനത്തിരുന്ന് സുന്നികളെ ഭിന്നിപ്പിക്കുവാനും സലഫിസം ഒളിച്ചുകടത്താനുമുള്ള ചരടുവലികളോടാണ് പ്രതിഷേധമുള്ളത്. ഒരു രാഷ്ട്രീയ സംഘശക്തി വെറുതെ തകര്‍ന്നുകാണണമെന്ന് ആഗ്രഹിക്കുന്നവര്‍ ആരുമുണ്ടാവില്ല.

സമുദായ രാഷ്ട്രീയ നേതൃത്വത്തെ പോലും കബളിപ്പിച്ചുകൊണ്ട് സുന്നീ പണ്ഡിതരെ തേജോവധം ചെയ്യാന്‍ തിരശ്ശീലക്കു പിന്നിലിരുന്ന് സലഫിസ്റ്റുകള്‍ ശ്രമിച്ചിട്ടുണ്ട്. മുസ്‌ലിം ലീഗ് ഔദ്യോഗികമായി പുറത്തിറക്കിയ സി.എച്ച്. മുഹമ്മദ് കോയ ജീവചരിത്രം എന്ന പുസ്തകത്തിന് മര്‍ഹൂം സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളോടാണ് അവതാരിക എഴുതി വാങ്ങിയത്. അതില്‍ തങ്ങള്‍ പറഞ്ഞു: ‘സി.എച്ചിന്റെ ജീവചരിത്രത്തെ ആധാരമാക്കി മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ ചരിത്രം അവതരിപ്പിക്കുന്ന ഒരു ഗ്രന്ഥം ആഹ്ലാദപൂര്‍വം ഞാനവതരിപ്പിക്കുന്നു. ഓരോ മലയാളിയുടെയും പാരായണത്തിനും പഠനത്തിനും ഈ ഗ്രന്ഥം വിധേയമാവട്ടെ എന്നു ഞാന്‍ പ്രത്യാശിക്കുന്നു.’

ആദ്യകാലത്ത് ലീഗിലൂടെ വഹാബികള്‍ സുന്നികള്‍ക്കെതിരെ കരുക്കള്‍ നീക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിനോട് ആഭിമുഖ്യം പുലര്‍ത്തിയ ആളായിരുന്നു ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍. ഇതിനെ വിമര്‍ശിച്ചുകൊണ്ട് വഹാബി സഹയാത്രികനായ നടേപറഞ്ഞ പുസ്തകത്തിന്റെ കര്‍ത്താവ് എം.സി.വടകര എഴുതി: ‘കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പു യോഗങ്ങളില്‍ ഖിറാഅത്തും ഫാതിഹയും ഓതാന്‍ തുടങ്ങി. കാശ് കൊടുത്താല്‍ വാലാട്ടുന്ന ആര്‍ത്തിമോഹികളായ ചില വാടക മൗലാനമാര്‍ നീളക്കുപ്പായങ്ങളുമായി കോണ്‍ഗ്രസ് സ്റ്റേജുകളില്‍ ഉപവിഷ്ഠരായി. ഒരു വാര്‍ഡിലെ തെരഞ്ഞെടുപ്പ് ഒരു രാഷ്ട്രത്തിലെ പൊതു തെരഞ്ഞെടുപ്പിനെക്കാള്‍ ജനശ്രദ്ധ പിടിച്ചുപറ്റി. കുറ്റിച്ചിറയില്‍ സുന്നി യുവജന സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നബിദിന യോഗം. നബിയുടെ മദ്ഹുകള്‍ വിവരിക്കാനും ഇന്നത്തെ രാഷ്ട്രീയ സ്ഥിതിയില്‍ മുസ്‌ലിംകളുടെ കടമ എന്തെന്നു വിവരിക്കാനുമായിരുന്നു യോഗം വിളിച്ചുകൂട്ടിയത്.

കോണ്‍ഗ്രസിനു വോട്ടു ചെയ്യലാണ് മുസ്‌ലിംകളുടെ കടമയെന്ന് യോഗത്തിലെ മുഖ്യപ്രാസംഗികനായ ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍ അറിയിച്ചു. അതിനാവശ്യമായ ആയത്തുകളും അദ്ദേഹം കൊണ്ടുവന്നിരുന്നു. പ്രസംഗം മൂത്ത് അദ്ദേഹം കാടു കയറി. അദ്ദേഹം പറഞ്ഞ മുഴുവന്‍ കാര്യങ്ങളും അച്ചടിക്കാന്‍ കൊള്ളാവുന്നവയായിരുന്നില്ലെങ്കിലും തമ്മില്‍ ഭേദപ്പെട്ട ഒരു വാചകമിതാ: ‘സീതിയുടെയും ഉപ്പിയുടെയും സി.എച്ച്. മുഫ്തിയുടെയും ബാഫഖീ നീളക്കുപ്പായത്തിന്റെയും മുസ്‌ലിം ജനാബത്താണ്, മുസ്‌ലിം ജമാഅത്തല്ല മുസ്‌ലിം ലീഗ്’ (സി.എച്ച്. മുഹമ്മദ് കോയ പേ: 297, 1985 ഫെബ്രുവരി).

ഇ.കെയെക്കുറിച്ച് അറിയുന്നവരാരും മഹാനവര്‍കള്‍ സയ്യിദന്മാരെക്കുറിച്ച് ഇത്തരത്തില്‍ പ്രയോഗിക്കുമെന്ന് വിശ്വസിക്കുകയില്ല. ഈ പുസ്തകം മര്‍ഹൂം സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ വായിച്ചു കേള്‍ക്കുകയെങ്കിലും ചെയ്തിരുന്നുവെങ്കില്‍ ഇതിന് അവതാരിക എഴുതിക്കൊടുക്കുമെന്ന് വിശ്വസിക്കാനും തരമില്ല. സമുന്നതരായ നേതാക്കളെ പോലും കബളിപ്പിച്ച് സുന്നീ പണ്ഡിതന്മാരെ ഇടിച്ചുതാഴ്ത്താനുള്ള ഗൂഢ ശ്രമമാണിവിടെ നടന്നത്. ഇത്തരം നീക്കങ്ങളെ തിരിച്ചറിഞ്ഞ് അതിനെ നേരിടാന്‍ മുന്നോട്ടുവന്നു എന്നതു മാത്രമാണ് കാന്തപുരം രാഷ്ട്രീയ പാര്‍ട്ടിയോട് ചെയ്ത തെറ്റ്. ഇതേ പുസ്തകത്തിന്റെ 38-ാം പേജില്‍ സി.എച്ചിനെ വാനോളം പുകഴ്ത്തിയതിനു ശേഷം അദ്ദേഹം ഒരു മുജാഹിദായിരുന്നുവെന്നു കൂടി ഗ്രന്ഥകാരന്‍ എഴുതിപിടിപ്പിച്ചതിന്റെ താല്‍പര്യം വ്യക്തമാണല്ലോ.

ഉണ്യാലില്‍ നേരത്തെ അക്രമം നടത്തി ഒളിവില്‍ പോയ ചിലര്‍ നബിദിന റാലിയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അവര്‍ ആക്രമിക്കപ്പെട്ടു. ഈ അക്രമം നബിദിന റാലിയില്‍ കൂടി ആയതിനാല്‍ ഇരട്ടക്കുറ്റമാണെന്ന് എല്ലാവരും തുറന്നു പറഞ്ഞപ്പോഴും ഇതും സുന്നികളെ തമ്മില്‍ തല്ലിക്കാനുള്ള ഒരായുധമായി സമുദായ രാഷ്ട്രീയത്തിന്റെ തലപ്പത്തുള്ളവര്‍ തന്നെ ഉപയോഗിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇരുവിഭാഗം സുന്നി നേതാക്കളും ഉണര്‍ന്നു പ്രവര്‍ത്തിച്ചതിനാല്‍ വന്‍ ദുരന്തമാണ് ഇല്ലാതെയായത്. ഇത്തരം തിരിച്ചറിവുകള്‍ സുന്നികളുടെ മാന്യമായ യോജിപ്പിന് വഴിതുറക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

സലഫിസം ഒളിച്ചുകടത്താനുള്ള ശ്രമത്തിന് രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അധികാരലബ്ധിയുടെ ആദ്യകാലത്തോളം പഴക്കമുണ്ട്. 1960-ല്‍ സീതി സാഹിബിന് സ്പീക്കര്‍ പദവി ലഭിച്ച ഘട്ടത്തിലാണ് കേരളാ മുസ്‌ലിം വഖ്ഫ് ബോര്‍ഡ് രൂപീകരിക്കുന്നത്. വഖ്ഫ് സ്വത്തുക്കള്‍ നൂറു ശതമാനവും സുന്നികളുടേതാണെങ്കിലും അന്നു രൂപീകൃതമായ വഖ്ഫു ബോര്‍ഡില്‍ മുഴുവന്‍ അംഗങ്ങളും വഹാബികളോ അവരുടെ സഹയാത്രികരോ ആയിരുന്നു. ഇതിനെതിരെ 24-12-1960ന് സയ്യിദ് ബാഫഖി തങ്ങളുടെ പാണ്ടിതശാലക്കു മുകളില്‍ വെച്ചു ചേര്‍ന്ന സമസ്ത മുശാവറ യോഗത്തില്‍ അവതരിപ്പിച്ച പ്രമേയം ഇങ്ങനെയായിരുന്നു: ‘കേരളാ ഗവണ്‍മെന്റ് രൂപീകരിച്ച കേരള സ്റ്റേറ്റ് മുസ്‌ലിം വഖ്ഫ് ബോര്‍ഡില്‍ സുന്നത്തു ജമാഅത്തില്‍ പെട്ട ഒരു പണ്ഡിതനെ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധം രേഖപ്പെടുത്തുകയും, ഒരു പണ്ഡിതനെ വഖ്ഫ് ബോര്‍ഡില്‍ ഉള്‍പ്പെടുത്താന്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെടുകയും ചെയ്യുന്നു’ (സമസ്ത 60-ാം വാര്‍ഷിക സോവനീര്‍, പേ: 58).

വഖ്ഫ് ബോര്‍ഡിന്റെ തലപ്പത്തിരുന്ന് കരുക്കള്‍ നീക്കിയാണ് മലബാറിന്റെ ആസ്ഥാനമായ കോഴിക്കോട് നഗരത്തില്‍ നിന്നുതന്നെ മുഹ്‌യിദ്ദീന്‍ പള്ളി, പട്ടാളപ്പള്ളി, ലിവാ മസ്ജിദ്, ശാദുലി പള്ളിയടക്കമുള്ള പള്ളികള്‍ വഹാബികളുടെ കൈകളിലെത്തിച്ചത്. മറ്റു നാടുകളില്‍ വേറെയും. ആദര്‍ശ കാര്യത്തില്‍ നപുംസക നിലപാടുകാരായ ചില രാഷ്ട്രീയക്കാര്‍ മധ്യസ്ഥരുടെ റോളില്‍ ഈ പള്ളി കൊള്ളക്ക് കൂട്ടുനിന്നിട്ടുമുണ്ടായിരുന്നു. ഇപ്പോഴും സുന്നികളെ ഭിന്നിപ്പിക്കുന്ന തരത്തിലാണ് വഹാബീ ആധിപത്യമുള്ള വഖ്ഫ് ബോര്‍ഡ് ഇടപെട്ടുകൊണ്ടിരിക്കുന്നതെന്നത് മറ്റൊരു കാര്യം.

ഇരു സുന്നി വിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നത്തിന് സമവായത്തിന്റെ വഴികള്‍ തേടി നാട്ടുകാരെ ഒന്നിപ്പിച്ചുനിര്‍ത്തുന്നതിനു പകരം ഏറ്റുമുട്ടാനുള്ള എല്ലാ അവസരങ്ങളും നല്‍കി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ 51 ശതമാനം പേര്‍ അനുകൂലിച്ച പാനല്‍ മഹല്ലിന്റെ സമ്പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കുമ്പോള്‍ 49 ശതമാനത്തിന്റെ പിന്തുണയുള്ളവര്‍ക്ക് മഹല്ലു ഭരണത്തില്‍ യാതൊരവകാശവുമുണ്ടാവുന്നില്ല. ഈ തെരഞ്ഞെടുപ്പു രീതി മഹല്ലു നിവാസികള്‍ക്കിടയില്‍ ഒരു കാലത്തും കലഹം വിട്ടുമാറാത്ത സാഹചര്യം സൃഷ്ടിക്കുന്നു. എന്നാല്‍ തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുമ്പോള്‍ തന്നെ ചില വഖ്ഫ് ബോര്‍ഡ് അംഗങ്ങളുടെ താല്‍പര്യങ്ങള്‍ വിജയിക്കുമെന്നുറപ്പുള്ള സ്ഥലത്തു മാത്രമാണ് ഇതു നടപ്പാക്കുന്നത്.

1967-ലെ സപ്തകക്ഷി മുന്നണി ഭരിക്കുന്ന കാലത്താണ് സ്‌കൂളില്‍ അറബി ഭാഷാ പഠനം ആരംഭിക്കുന്നത്. ഇതിനായുള്ള പുസ്തകങ്ങള്‍ തയ്യാറാക്കാനുള്ള കമ്മിറ്റിയും രാഷ്ട്രീയ സ്വാധീനമുപയോഗിച്ചു വഹാബികള്‍ പിടിച്ചടക്കി. ഇതിന്റെ ഫലമായി പതിറ്റാണ്ടുകളോളം വഹാബീ ആശയങ്ങള്‍ ഗവണ്‍മെന്റ് ചെലവില്‍ പഠിപ്പിക്കുന്ന സാഹചര്യമുണ്ടായി. നാലു ഖലീഫമാരെക്കാളും വലിയ മഹാനായി കെ.എം. മൗലവിയെ പരിചയപ്പെടുത്തി. തിരൂരങ്ങാടിയിലെ യതീംഖാന മുതല്‍ പുളിക്കലിലെ വഹാബീ സ്ഥാപനങ്ങള്‍ വരെ പാഠപുസ്തകത്തില്‍ സ്ഥലം പിടിച്ചു. അറബി പാഠപുസ്തകങ്ങളിലെ വഹാബീവല്‍ക്കരണത്തിനെതിരെ എസ്.എസ്.എഫ്. സമര രംഗത്തിറങ്ങിയപ്പോള്‍ രാഷ്ട്രീയക്കാരെ മറയാക്കി, ഇത് ആയിരക്കണക്കിനു വരുന്ന അറബി മുന്‍ഷിമാര്‍ക്കെതിരെയുള്ള സമരമാക്കി മാറ്റാന്‍ വരെ ശ്രമമുണ്ടായി. അവസാനം 1983-ലെ നായനാര്‍ ഗവണ്‍മെന്റ് ഭരണമേറ്റപ്പോഴാണ് ഈ മതവിരുദ്ധ ഭാഗങ്ങള്‍ തിരുത്തിയത്.സുന്നികള്‍ ഐക്യത്തെക്കുറിച്ച് ചിന്തിക്കുകയോ ചര്‍ച്ച നടത്തുകയോ ചെയ്താല്‍ ചന്ദ്രികയില്‍ ഒളിഞ്ഞിരിക്കുന്ന വഹാബികള്‍ വാര്‍ത്തകള്‍ ചമച്ച് തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്ന പതിവ് രീതിക്ക് ഇപ്പോഴും കാര്യമായ മാറ്റം വന്നിട്ടില്ല. ഏറ്റവുമൊടുവില്‍, നിരവധി ചെറുപ്പക്കാരാണ് ഐ.എസിലേക്ക് ചേരുന്നതിനായി കേരളത്തില്‍ നിന്നും നാടു വിട്ടത്. ഇവരെല്ലാം സലഫി ആശയക്കാരാണെന്ന് മീഡിയകള്‍ വെളിപ്പെടുത്തിയതുമാണ്. ഈ ഘട്ടത്തിലാണ് പരസ്പരം ശിര്‍ക്കാരോപിച്ചു തമ്മിലടിച്ചിരുന്ന വിവിധ ഗ്രൂപ്പുകളെ രാഷ്ട്രീയ വഹാബികള്‍ ഐക്യത്തിലേക്ക് നയിച്ചത്. തീവ്രവാദത്തിന്റെ നിഴലില്‍ നിന്നും രക്ഷപ്പെടാന്‍ സംഘബലം കാണിക്കുക മാത്രമേ വഴിയുള്ളൂ എന്ന ചിലരുടെ നിയമോപദേശമാണ് ആദര്‍ശം മറന്നും ഐക്യ വിളംബരം നടത്താന്‍ ഇവരെ പ്രേരിപ്പിച്ചത്. പുറമെ ഐക്യപ്പെട്ടെങ്കിലും പലതും ദഹിക്കാതെ കിടക്കുന്നതിനാല്‍ അണികള്‍ ഇതുള്‍ക്കൊള്ളാന്‍ തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ ഈ ഐക്യ നാടകം വേവാതെ കിടക്കുക തന്നെയാണിപ്പോഴും.

എന്നിട്ടും തങ്ങളുടെ ചാരിത്ര്യശുദ്ധി സ്വയം ഞെളിഞ്ഞുനിന്നു പറയാനാകാതെ വന്നപ്പോഴാണ് ചില രാഷ്ട്രീയ നേതാക്കളുടെ വീട്ടുപടിക്കല്‍ ക്യാമറകളുമായി ചെന്ന് ചില ‘നല്ല വര്‍ത്തമാനങ്ങള്‍’ പിടിച്ചെടുത്തത്. ഇപ്പോള്‍ ഇതു തെരുവില്‍ കേള്‍പ്പിച്ചു മാനം തിരിച്ചുപിടിക്കാന്‍ കഠിനാധ്വാനം നടത്തുകയാണ്. ഇരു സമസ്തകളുടെയും മാന്യമായ യോജിപ്പിന് തുരങ്കം വെക്കുന്ന ശക്തി ബിദഇകള്‍ തന്നെയാണെന്ന തിരിച്ചറിവുണ്ടായാല്‍ ഐക്യം എളുപ്പത്തില്‍ സാധിക്കും. സുന്നികള്‍ക്കിടയില്‍ ഐക്യമുണ്ടാവണമെന്നാഗ്രഹിക്കുന്നവര്‍ സമുദായ രാഷ്ട്രീയ പ്രസ്ഥാനത്തില്‍ നിരവധിയുണ്ടെങ്കിലും ഈ യോജിപ്പ് നടന്നാല്‍ കേരളത്തിലെ ഏറ്റവും വലിയ മുസ്‌ലിം കൂട്ടായ്മ സമസ്തയും കീഴ്ഘടകങ്ങളുമാവുമെന്നും അതു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതൃപദവിക്കു കോട്ടം വരുത്തുമെന്നും ചില വഹാബീ ചാണക്യന്മാര്‍ ഉപദേശിക്കുന്നതുകൊണ്ടാണ് സുന്നികളുടെ യോജിപ്പിനായി രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് ഒരാളും ആത്മാര്‍ത്ഥമായി മുന്‍കൈ എടുക്കാത്തതെന്ന വീക്ഷണം തെറ്റാണെന്നു പറയാന്‍ കഴിയുകയില്ല.

You May Also Like

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

muhyudheen mala- malayalam

മുഹ്‌യിദ്ദീന്‍ മാലയുടെ സാഹിത്യ ലാവണ്യം

  അറബി മലയാള സാഹിത്യത്തിലെ അറിയപ്പെട്ട ആദ്യത്തെ കാവ്യമാണ് മുഹ്‌യിദ്ദീന്‍ മാല. പ്രസിദ്ധ  കവിയും ഗ്രന്ഥകാരനുമായ…

● സൈനുദ്ദീന്‍ ശാമില്‍ ഇര്‍ഫാനി മാണൂര്‍
rifaee mala-malayalam

രിഫാഈ മാല: ആത്മജ്ഞാനത്തിന്റെ കീര്‍ത്തനഹാരം

മഹാനായ ശൈഖുല്‍ ആരിഫീന്‍ രിഫാഈ(റ – 512-578) ന്റെ പേരില്‍ രചിക്കപ്പെട്ട കാവ്യ കീര്‍ത്തനമാണ് രിഫാഈ…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്