Relief-Santhwanam- Malayalam

നുഷ്യന്‍ സാമൂഹ്യജീവിയാണ്. അന്യോന്യം സഹായിച്ചും സഹകരിച്ചും ജീവിക്കേണ്ടവര്‍. അല്ലാഹു പറയുന്നു: നന്മയുടെയും ഭക്തിയുടെയും മേല്‍ നിങ്ങള്‍ പരസ്പരം സഹായിക്കുവീന്‍, തിന്മയുടെയും ശത്രുതയുടെയും മേല്‍ നിങ്ങള്‍ സഹായിക്കരുത്’ (അല്‍മാഇദ).

പ്രതിസന്ധികളില്‍ ജനങ്ങള്‍ക്ക് താങ്ങും തണലുമാവുകയെന്നത് അധിക നന്മകളിലേക്കുള്ള മാര്‍ഗവും അല്ലാഹുവിലേക്ക് അടുക്കാനുള്ള കാരണവുമാണ്. ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാന്‍ അല്ലാഹു ചിലരെ തിരഞ്ഞെടുക്കുമെന്ന് തിരുനബി(സ്വ) പറഞ്ഞു: ജനങ്ങള്‍ക്ക് ഉപകാരം ചെയ്യുന്നതിന് വേണ്ടി പ്രത്യേകാനുഗ്രഹം ലഭിച്ച ചില ദാസന്മാരുണ്ട് അല്ലാഹുവിന്. ആ അനുഗ്രഹങ്ങള്‍ അവര്‍ വിനിയോഗിക്കുന്ന കാലത്തെല്ലാം അതില്‍ അവര്‍ക്ക് സ്ഥിരത ലഭിക്കും. അവരത് തടഞ്ഞ് വെക്കുന്നപക്ഷം അവരില്‍ നിന്ന് അതെടുത്ത് മാറ്റുകയും അര്‍ഹരിലേക്ക് എത്തിക്കുകയും ചെയ്യും. ഇത്തരം ജനസേവകരെ അല്ലാഹു ഏറെ പ്രിയംവെക്കുന്നു. ‘ജനങ്ങള്‍ക്ക് ഏറെ ഉപകാരം ചെയ്യുന്നവനാരോ, അവനാണ് അല്ലാഹു ഏറ്റവും ഇഷ്ടം വെക്കുന്നവന്‍.’

നബി(സ്വ) പറഞ്ഞു: ജനങ്ങളില്‍ ഏറ്റവും ഉത്തമന്‍ അവര്‍ക്ക് കൂടുതല്‍ ഉപകാരം ചെയ്യുന്നവനാണ്. ജനസേവകന് അല്ലാഹുവിന്‍റെ സഹായമുണ്ടാകും. റസൂല്‍(സ്വ) പറയുന്നു: ഒരാള്‍, തന്‍റെ സഹോദരനെ സഹായിക്കുന്ന കാലം അല്ലാഹു അവനെയും സഹായിക്കുന്നു.

അവിടുന്ന് കൂട്ടിച്ചേര്‍ത്തു: ഒരു സത്യവിശ്വാസിയില്‍ സന്തോഷമുളവാക്കുക, പ്രയാസങ്ങള്‍ ദൂരീകരിക്കുക, കടം വീട്ടിക്കൊടുക്കുക, വിശപ്പകറ്റുക ഇവകളെല്ലാം അല്ലാഹുവിന് ഏറെ പ്രിയമുള്ള കര്‍മങ്ങളാണ്. ഈ പള്ളിയില്‍ (മസ്ജിദുന്നബവി) ഒരു മാസം ഇഅ്തികാഫ് ഇരിക്കുന്നതിനേക്കാള്‍ എനിക്കേറ്റവും ഇഷ്ടം എന്‍റെ സഹോദരന്‍റെ ആവശ്യത്തിന് അവനോടൊപ്പം സഞ്ചരിക്കലാണ്.

ഒരാള്‍ തന്‍റെ സഹോദരന്‍റെ ആവശ്യത്തിനു വേണ്ടി നടന്ന്, ആ കാര്യം നേടിക്കൊടുത്താല്‍ സ്വിറാത് പാലത്തില്‍ അവന്‍റെ കാല്‍ അല്ലാഹു സ്ഥിരപ്പെടുത്തും (ത്വബ്റാനി).

പരലോക രക്ഷ

നബി(സ്വ) പറയുന്നു: ഒരു സത്യവിശ്വാസിയെ ഭൗതികലോക പ്രയാസങ്ങളിലൊന്നില്‍ നിന്ന് ഒരാള്‍ രക്ഷപ്പെടുത്തിയാല്‍ പാരത്രിക പ്രയാസങ്ങളിലൊന്നിനെ തൊട്ട് അല്ലാഹു അവനെ ഒഴിവാക്കും. പ്രയാസമനുഭവിക്കുന്നവനെ ഒരാള്‍ രക്ഷപ്പെടുത്തിയാല്‍ ഇരുലോകത്തും അവനെ അല്ലാഹു പ്രയാസപ്പെടുത്തില്ല.’

മുസ്ലിം സഹോദരന്മാരുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കുക എന്നതല്ലാതെ ഭൗതിക ലോകത്ത് ഒരു അനുഭൂതിയും അവശേഷിക്കുന്നില്ലെന്ന് താബിഈ പ്രമുഖന്‍ മുഹമ്മദ്ബ്നുല്‍ മുന്‍കദിര്‍(റ) പറയുകയുണ്ടായി. പ്രവാചകര്‍(സ്വ) വലിയ ജനസേവകനായിരുന്നു, പ്രവാചകത്വ ലബ്ധിക്ക് മുമ്പും ശേഷവും. അതുകൊണ്ടാണ് ഖദീജ ബീവി(റ) അവിടുത്തെ ഇങ്ങനെ സമാധാനിപ്പിച്ചത്: ‘സത്യം, അല്ലാഹു അങ്ങയെ ഉപേക്ഷിക്കുകയില്ല. കാരണം അങ്ങ് കുടുംബബന്ധം ചേര്‍ക്കുന്നവരും ആലംബഹീനര്‍ക്ക് താങ്ങും അഗതികള്‍ക്ക് ആശ്രയവും അതിഥികളെ സല്‍ക്കരിക്കുന്നവരും സത്യത്തെ സഹായിക്കുന്നവരുമാണല്ലോ.’

ഇമാം ബുഖാരി(റ)യുടെ ഗുരുനാഥന്‍ അബ്ദുല്ലാഹിബ്നു ഉസ്മാന്‍(റ)ന്‍റെ വാക്കുകള്‍ എത്ര ഹൃദ്യം: എന്നോട് ഒരാള്‍ ഒരാവശ്യം പറഞ്ഞാല്‍ ഞാനത് സ്വശരീരം കൊണ്ട് തന്നെ നിറവേറ്റികൊടുക്കും. അതു പൂര്‍ണമായില്ലെങ്കില്‍ എന്‍റെ ധനം അതിനുവേണ്ടി വിനിയോഗിക്കും. എന്നിട്ടും പൂര്‍ത്തിയായില്ലെങ്കില്‍ എന്‍റെ സഹോദരങ്ങളോട് ഞാന്‍ സഹായമാരായും. പിന്നെയും അപൂര്‍ണമായാല്‍ ഭരണാധിപനോട് അക്കാര്യത്തില്‍ സഹായം ചോദിക്കും.’

ഹസനുല്‍ ബസ്വരി(റ) പറഞ്ഞതിങ്ങനെ: ‘എന്‍റെ സഹോദരന്‍റെ ആവശ്യം നിര്‍വഹിക്കുന്നതാണ് രണ്ട് മാസം പള്ളിയില്‍ ഇഅ്തികാഫ് നിര്‍വഹിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം.’ ഇബാദത്തിന്‍റെ ഉച്ചിയിലെത്തിയ മനുഷ്യര്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ക്കുവേണ്ടി സഞ്ചരിക്കുന്നവരായിരിക്കുമെന്ന് ഹദീസ്.

 

അന്നദാനം

പട്ടിണി കഠിനമാണ്. വിശപ്പ് അസഹ്യവും. വിശക്കുന്നവന് ഭക്ഷണം നല്‍കുന്നത് സജ്ജനങ്ങളുടെ വിശേഷണമാണെന്ന് ഖുര്‍ആന്‍. തീര്‍ച്ചയായും പുണ്യവാന്മാര്‍ ആഹാരത്തോട് പ്രിയമുള്ളതോടൊപ്പം അഗതിക്കും അനാഥക്കും തടവുകാരനും അത് നല്‍കുകയും ചെയ്യും (ഇന്‍സാന്‍ 5-12).

ഖുര്‍ആന്‍ പറയുന്നു: ആ മലമ്പാത എന്താണെന്ന് നിങ്ങള്‍ക്കറിയുമോ? ഒരു അടിമയെ മോചിപ്പിക്കുക, അല്ലെങ്കില്‍ പട്ടിണിയുള്ള നാളില്‍ കുടുംബബന്ധമുള്ള അനാഥക്ക്, അല്ലെങ്കില്‍ കടുത്ത ദാരിദ്ര്യമുള്ള സാധുവിന് ഭക്ഷണം കൊടുക്കുക. പുറമെ, വിശ്വസിക്കുകയും ക്ഷമകൊണ്ടും കാരുണ്യംകൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്തവരുടെ കൂട്ടത്തില്‍ അവന്‍ ആയിത്തീരുകയും ചെയ്യുക. അങ്ങനെ ചെയ്യുന്നവനത്രെ സ്വര്‍ഗത്തിലെ ഉന്നത സ്ഥാനക്കാര്‍.

‘ജനങ്ങളേ, സലാമിനെ നിങ്ങള്‍ വ്യാപിപ്പിക്കുക, അന്നം ഊട്ടുക, ജനങ്ങളുറങ്ങുന്നേരം രാത്രിയില്‍ നിങ്ങള്‍ നിസ്കരിക്കുക, എന്നാല്‍ സമാധാനത്തോടെ നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്.’ ഭക്ഷണം നല്‍കുന്നവനാണ് നിങ്ങളില്‍ ഉത്തമന്‍ എന്നുകൂടി പ്രവാചകര്‍ പഠിപ്പിച്ചു.

 

അല്ലാഹുവിന്‍റെ സമീപനം

നബി(സ്വ) പറയുന്നു: നിശ്ചയം അല്ലാഹു അന്ത്യദിനത്തില്‍ പറയും; മനുഷ്യാ, നിന്നോട് ഞാന്‍ ഭക്ഷണം ചോദിച്ചിരുന്നു. പക്ഷേ, നീ എന്നെ ഭക്ഷിപ്പിച്ചില്ല. അപ്പോള്‍ അടിമ ചോദിക്കും: എന്‍റെ റബ്ബേ, നിന്നെ ഞാനെങ്ങനെ ഭക്ഷിപ്പിക്കും? നീ ലോക രക്ഷിതാവല്ലേ! അല്ലാഹു പറയും: നീ അറിഞ്ഞില്ല, എന്‍റെ ഇന്ന അടിമ നിന്നോട് ഭക്ഷണം ചോദിച്ചു. നീ നല്‍കിയില്ല. അവനെ നീ ഭക്ഷിപ്പിച്ചിരുന്നുവെങ്കില്‍ എന്‍റെയടുക്കല്‍ നിനക്കത് ലഭിക്കുമായിരുന്നുവെന്ന് നീ അറിഞ്ഞിട്ടില്ല (മുസ്ലിം).

നബി(സ്വ) പറയുകയുണ്ടായി: തന്‍റെ പരിധിയില്‍ വിശക്കുന്നവനുണ്ടെന്നറിഞ്ഞിട്ടും വയറ് നിറച്ചു (ഭക്ഷണം കഴിച്ച്) രാത്രി ഉറങ്ങിയാല്‍ അവന്‍ എന്നില്‍ വിശ്വസിച്ചവനല്ല.

പാവങ്ങളെ സഹായിച്ചും ദീനിനുവേണ്ടി കഠിനാധ്വാനം ചെയ്തും ആത്മാര്‍പ്പണം ചെയ്യുന്നവര്‍ക്ക് സ്വര്‍ഗത്തിലെ വ്യത്യസ്ത അനുഭവങ്ങള്‍ അല്ലാഹു നല്‍കുന്നതാണ്.

റസൂല്‍(സ്വ) പറയുന്നു: പുറത്ത് നിന്ന് അകവും അകത്തുനിന്ന് പുറവും കാണപ്പെടുന്ന റൂമുകളുണ്ട് സ്വര്‍ഗത്തില്‍. അപ്പോള്‍ ഒരു ഗ്രാമീണന്‍ എഴുന്നേറ്റ് ചോദിച്ചു: അതാര്‍ക്കുള്ളതാണ് റസൂലേ? പ്രവാചകരുടെ മറുപടി: സംസാരം ശുദ്ധമാക്കിയ, അന്നം നല്‍കുന്ന, വ്രതമനുഷ്ഠിക്കുന്ന, ജനങ്ങള്‍ ഉറങ്ങുമ്പോള്‍ നിസ്കരിക്കുന്നവനുള്ളതാണ് (അഹ്മദ്).

നബി(സ്വ) പറഞ്ഞു: വിശക്കുമ്പോള്‍ സത്യവിശ്വാസിക്ക് ഭക്ഷണം നല്‍കിയ മുഅ്മിനിന് സ്വര്‍ഗീയ ഫലങ്ങളില്‍നിന്ന് അല്ലാഹു ഭക്ഷിപ്പിക്കും. ദാഹിച്ചവനെ കുടിപ്പിച്ചാല്‍ സീല്‍ വച്ച പാനീയങ്ങള്‍ അവനെ കുടിപ്പിക്കും.

സാധുക്കള്‍ക്ക് ഭക്ഷണം നല്‍കിയില്ലായിരുന്നു എന്നാണ് നരകപ്രവേശനത്തിന് കാരണമായി നരകാവകാശികള്‍ വിലപിച്ച് പറയുക. ‘നിങ്ങളെ നരകത്തില്‍ പ്രവേശിപ്പിച്ചതെന്താണ്?’ അവര്‍ പറയും: ഞങ്ങള്‍ നിസ്കരിക്കുന്നവരായിരുന്നില്ല, സാധുക്കള്‍ക്ക് ഭക്ഷണം നല്‍കുന്നവരുമായിരുന്നില്ല.

നായക്ക് ഭക്ഷണം നല്‍കുന്നത് പോലും വലിയ പുണ്യമാണെന്ന് നബി(സ്വ) പറഞ്ഞു. ഇത് കാണുക: ദാഹം കാരണം നാവ് പുറത്തേക്കിട്ട് കിണറ്റിന് ചുറ്റും നടന്നുകൊണ്ടിരുന്ന നായയെ ദുര്‍വൃത്തയായ ഒരു സ്ത്രീ കാണാനിടയായി. അവള്‍ തന്‍റെ ഷൂ കൊണ്ട് കിണറ്റില്‍നിന്നും അതിന് വെള്ളം കൊരിക്കൊടുത്തു. ഈ പ്രവൃത്തി കാരണം അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുക്കുകയുണ്ടായി (ബുഖാരി).

വിശക്കുന്നവന് ഭക്ഷണം നല്‍കല്‍ പാപങ്ങള്‍ പൊറുപ്പിക്കുന്ന സുകൃതങ്ങളില്‍പ്പെട്ടതാണെന്ന് മഹാന്മാര്‍ പഠിപ്പിച്ചിട്ടുണ്ട്.

 

ഉമര്‍(റ)ന്‍റെ സേവന മാതൃക

ഭരണീയരുടെ അവസ്ഥകളന്വേഷിക്കാന്‍ ഉമര്‍(റ) പുറപ്പെട്ടു. തീപൂട്ടിയ അടുപ്പിനു മുന്നില്‍ വലിയൊരു പാത്രവുമായി ഒരു സ്ത്രീയും ചുറ്റും കരഞ്ഞുകൊണ്ടിരിക്കുന്ന കുട്ടികളെയും അദ്ദേഹം കാണാനിടയായി. പാത്രത്തിലാണെങ്കില്‍ നിറയെ വെള്ളം മാത്രം. വാതിലിനരികില്‍ ചെന്ന് ഉമര്‍(റ) ചോദിച്ചു: എന്തിനാണ് കുട്ടികള്‍ കരയുന്നത്? വിശപ്പ് കാരണമെന്ന് മറുപടി. എന്താണ് പാത്രത്തില്‍? അതില്‍ വെള്ളമാണ്. കുട്ടികള്‍ ഉറങ്ങിപ്പോകുന്നതുവരെ അതില്‍ ഭക്ഷണം പാകം ചെയ്യുകയാണെന്ന് അവര്‍ക്ക് തോന്നാന്‍ വേണ്ടി ഞാന്‍ ഇളക്കിക്കൊണ്ടിരിക്കും.

ഉമര്‍(റ) ഇതു കേട്ട് കരയുകയും ഒരു ചാക്കെടുത്ത് ഭക്ഷണ പദാര്‍ത്ഥങ്ങളും വസ്ത്രവും ദിര്‍ഹമുകളും നിറച്ച് സ്വയം ചുമന്ന് കൊണ്ടുവരുകയും ചെയ്തു. ഞാന്‍ ചുമക്കാമെന്ന് പറഞ്ഞ അസ്ലം(റ)നോട് ഞാനാണ് അന്ത്യദിനത്തില്‍ ചോദ്യം ചെയ്യപ്പെടുക, ഞാന്‍ തന്നെ ചുമക്കുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. ആ വീട്ടില്‍ ചെന്ന് അടുപ്പ് ഊതിക്കത്തിച്ച് അവര്‍ക്ക് ഭക്ഷണമുണ്ടാക്കി കുഞ്ഞുങ്ങളെ സന്തോഷിപ്പിച്ചാണ് മഹാന്‍ മടങ്ങിയത് (താരീഖ് ദിമശ്ഖ്).

 

രോഗീപരിചരണം

ഏറെ ശ്രേഷ്ഠമാണ് രോഗികള്‍ക്ക് വേണ്ടി നടത്തുന്ന സാന്ത്വന പ്രവര്‍ത്തനങ്ങള്‍. ചില ഹദീസുകള്‍ കാണുക. നബി(സ്വ) പറഞ്ഞു: രോഗിയുടെ ആവശ്യത്തിനുവേണ്ടി ഒരാള്‍ പരിശ്രമിച്ചു. അത് പൂര്‍ത്തീകരിച്ചാലും ഇല്ലെങ്കിലും ദോഷങ്ങളില്‍ നിന്ന് അവന്‍ പുറത്ത് കടക്കും. മാതാവ് അവനെ പ്രസവിച്ച ദിനം പോലെ.

ഒരാള്‍ രോഗിയെ സന്ദര്‍ശിച്ചാല്‍ ആകാശത്ത് നിന്ന് വിളിച്ചുപറയും: നീ സുകൃതം ചെയ്തവനായി. നിന്‍റെ സഞ്ചാരവും സുകൃതം തന്നെ. സ്വര്‍ഗത്തില്‍ ഒരു വീട് നിനക്കായി തയ്യാര്‍ ചെയ്തിരിക്കുന്നു.

പ്രഭാതത്തില്‍ മുസ്ലിമായ രോഗിയെ ഒരാള്‍ സന്ദര്‍ശിച്ചാല്‍ വൈകുന്നേരം വരെയും, വൈകുന്നേരം സന്ദര്‍ശിച്ചാല്‍ പ്രഭാതം വരെയും അവനുവേണ്ടി എഴുപതിനായിരം മലക്കുകള്‍ പൊറുക്കലിനെ തേടും. അവന് സ്വര്‍ഗത്തില്‍ ഇടം നല്‍കപ്പെടുകയും ചെയ്യും.

ഒരു സത്യവിശ്വാസി മറ്റൊരു വിശ്വാസിയെ രോഗസന്ദര്‍ശനം നടത്തി മടങ്ങുന്നതുവരെ അവന്‍ സ്വര്‍ഗീയ അനുഭവങ്ങളിലാണ് (മുസ്ലിം).

രോഗിയെ സന്ദര്‍ശിക്കുന്നവന്‍ അല്ലാഹുവിന്‍റെ കാരുണ്യത്തില്‍ പ്രവേശിച്ചു. അവന്‍റെ അടുക്കല്‍ ഇരുന്നാല്‍ ആ കാരുണ്യത്തില്‍ അവന്‍ സ്ഥിരപ്രതിഷ്ഠ നേടി.

 

ചില മാതൃകകള്‍

ശൈഖ് രിഫാഈ(റ) കാരുണ്യത്തിന്‍റെ പ്രതീകമായിരുന്നു. ഒരിക്കല്‍, കുഷ്ഠരോഗം പിടിപെട്ട നായയെ നാട്ടുകാര്‍ വെറുപ്പോടെ ആട്ടിയോടിക്കുന്നത് കണ്ടപ്പോള്‍ മഹാന്‍ അതിനെ വിജനമായ സ്ഥലത്ത് കൊണ്ടുപോവുകയും സംരക്ഷിക്കുകയും ചെയ്തു. അതിന് കൂടൊരുക്കി, ഭക്ഷണം നല്‍കി, മരുന്ന് പുരട്ടിക്കൊടുത്തു. നാല്‍പത് ദിവസം ഇങ്ങനെ പരിചരിച്ചു. അങ്ങനെ രോഗം ഭേദപ്പെട്ടപ്പോള്‍ നായയെ നാട്ടിലേക്ക് തിരികെ കൊണ്ടുവന്നു. ഒരാള്‍ ചോദിച്ചു: ഒരു നായയെയാണോ നിങ്ങള്‍ ഇത്രത്തോളം പരിഗണിക്കുന്നത്? മഹാന്‍ പറഞ്ഞു: വിചാരണനാളില്‍ അല്ലാഹു എന്നെ പിടികൂടുമോ എന്ന് ഞാന്‍ ഭയന്നു. ഈ നായയോട് നിനക്ക് കാരുണ്യമില്ലേ, ഇതുപോലെ നിന്നെയും ഞാന്‍ പരീക്ഷിക്കുമെന്ന് എന്ത് കൊണ്ട് പേടിച്ചില്ല എന്ന് ചോദിക്കുമെന്നും ഞാന്‍ ഭയന്നു. അത് കൊണ്ടാണ് ഞാനതിനെ സംരക്ഷിച്ചത്.’

ഉമര്‍(റ) മദീനയിലെ അന്ധയായൊരു വൃദ്ധയെ പരിചരിച്ചിരുന്നു. രാത്രി അവിടെ ചെന്ന് അവര്‍ക്ക് വേണ്ടത് ചെയ്തുകൊടുത്തുകൊണ്ടിരുന്നു. എന്നാല്‍ അല്‍പ ദിവസത്തിനു ശേഷം താന്‍ എത്തുന്നതിന് മുമ്പ് മറ്റൊരു വ്യക്തി അവരുടെ വീട്ടില്‍ ചെന്ന് കാര്യങ്ങളെല്ലാം ചെയ്തുകൊടുക്കുന്നതായി മഹാന്‍ മനസ്സിലാക്കി. ആളെ കണ്ടുപിടിക്കാന്‍ വേണ്ടി രഹസ്യമായി നിരീക്ഷിച്ചു. അത് അന്നത്തെ ഭരണാധികാരിയായിരുന്ന സ്വിദ്ദീഖ്(റ)വാണെന്ന് കണ്ടെത്തുകയുണ്ടായി. ആരും അറിയാതെ വൃദ്ധക്ക് സേവനം ചെയ്യുകയായിരുന്നു മഹാന്‍. ഉമര്‍(റ) ഭരണമേറ്റ ശേഷം ഈ ജോലി അദ്ദേഹം ചെയ്തുപോന്നു.

You May Also Like

അഭയമാണെന്റെ സ്നേഹ നബി

അല്ലാഹുവിന്റെ ഹബീബും ലോക സൃഷ്ടിപ്പിനു കാരണവുമായ തിരുനബി (സ്വ) മുഖേന കാര്യങ്ങള്‍ ഒരു തടസ്സവുമില്ലാതെ അല്ലാഹു…

മധുരം

കുഞ്ഞിനെ മുലപ്പാല്‍ കുടിപ്പിക്കാന്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ തന്നെ ഉമ്മമാര്‍ മാനസികമായും ശാരീരികമായും തയ്യാറാകണം. പ്രസവത്തിന്റെ ക്ഷീണത്തില്‍ നിന്നും…

താജുസ്സ്വൂഫിയ ശൈഖ് അബൂബക്റിശ്ശിബ്ലി(റ)

സുപ്രസിദ്ധ ആത്മീയ ഗുരുവും പണ്ഡിതനുമായിരുന്നു അബൂബക്റിശ്ശിബ്ലി(റ). ഹിജ്റ 247-ല്‍ ബഗ്ദാദിലെ സാംറാഇല്‍ ജനിച്ചു. പിതാവ് അബ്ബാസി…

● അലവിക്കുട്ടി ഫൈസി എടക്കര