Sfudam- Khaleel thangal

ഴിഞ്ഞ വര്‍ഷം നവംബര്‍ 17-18 തിയ്യതികളില്‍ നടന്ന ഇന്‍റര്‍നാഷണല്‍ ഇന്‍റര്‍ഫെയ്ത്ത് കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. ന്യൂയോര്‍ക്ക് എയര്‍പോര്‍ട്ടില്‍ നിന്നു സമ്മേളന സ്ഥലത്തേക്കുള്ള യാത്രക്കിടെ ആരാധനാലയം വില്‍പ്പനക്ക് എന്ന ബോര്‍ഡ് ശ്രദ്ധയില്‍പെട്ടപ്പോള്‍ അത്ഭുതം തോന്നി. ചോദിച്ചപ്പോള്‍ കൂടെയുള്ളവര്‍ സംഗതി വിവരിച്ചു. ഒരു മില്യന്‍ ഡോളര്‍ കൊടുത്താല്‍ ആ ആരാധനാലയം സ്വന്തമാക്കാം. ആദ്യം അഞ്ചു മില്യന്‍ ഡോളറാണ്(ഏകദേശം മുപ്പത്തിയഞ്ച് കോടി ഇന്ത്യന്‍ രൂപ) ആരാധനാലയം നില്‍ക്കുന്ന ഭൂമിക്ക് മാത്രം വിലപറഞ്ഞിരുന്നത്. വാങ്ങാന്‍ ആരും വരാത്തതിനാല്‍ വില കുത്തനെ കുറച്ചു. ഇപ്പോള്‍ അതിന് ചോദിക്കുന്നത് ഒരു മില്യന്‍ ഡോളറാണ് (ഏഴു കോടിയോളം ഇന്ത്യന്‍ രൂപ). ആരാധനാലയം വില്‍പ്പനക്ക് വെക്കുകയോ? ഏഴു മില്യന്‍ പറഞ്ഞത് ഒരു മില്യനാക്കി കുറച്ചിട്ടും ആരുമത് വാങ്ങാത്തതെന്ത്? സംശയങ്ങളുടെ നൂലാമാലകള്‍ മനസ്സില്‍ പെരുകി. അവര്‍ പറഞ്ഞുതന്നു: യുഎസിലെ നിയമ പ്രകാരം ആരാധനാലയങ്ങള്‍ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല. അതൊരു ബിസിനസ് കോപ്ലക്സായോ മറ്റോ തരം മാറ്റാന്‍ അനുവദിക്കില്ല. എന്നാല്‍ ഒരു മതവിഭാഗത്തിന്‍റെ ആരാധനാലയം മറ്റേത് മതക്കാര്‍ക്കും വാങ്ങാനും അവരുടെ ആരാധനാലയമാക്കി മാറ്റാനും പറ്റും. ഇങ്ങനെ വില്‍പ്പനക്ക് വച്ച ചര്‍ച്ചുകളില്‍ പലതും ആ നാടുകളിലെ മുസ്ലിംകള്‍ വില കൊടുത്ത് വാങ്ങുകയും പള്ളിയായി വഖ്ഫ് നടത്തുകയും ചെയ്തിട്ടുണ്ടത്രെ.

അമേരിക്കയില്‍ ക്രൈസ്തവാരാധനാലയങ്ങള്‍ പൂട്ടിപോകാനുള്ള കാരണങ്ങള്‍ പലതാണ്. അതില്‍ പ്രധാനപ്പെട്ട ഒന്ന് ലൈംഗിക അതിക്രമമാണത്രെ. വൈവാഹിക ജീവിതം നിഷിദ്ധമാക്കപ്പെട്ട മതമേലാധികാരികളില്‍ നിന്ന് ലൈംഗികാതിക്രമം നേരിടേണ്ടി വന്ന ഇരകള്‍ കോടതിയെ സമീപിക്കുകയും നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്യും. കോടതി വിധിക്കുന്ന ഭീമമായ നഷ്ടപരിഹാരത്തുക തിരിച്ചടക്കാന്‍ സാധിക്കാതെ ആരാധനാലയങ്ങളുടെ മാനേജ്മെന്‍റ് സ്ഥലവും കെട്ടിടങ്ങളും വില്‍പ്പനക്ക് വെക്കേണ്ടി വരുന്നു. മറ്റൊന്ന്, വിശ്വാസികള്‍ കുറയുകയും യുക്തിവാദ-നിരീശ്വരവാദങ്ങളില്‍ ആകൃഷ്ടരായി ചര്‍ച്ചുകള്‍ ശൂന്യമാകുന്നുവെന്നതാണ്.

ഇസ്ലാമിന്‍റെ മഹിതമായ ആശയങ്ങളോട് എന്തെന്നില്ലാത്ത മതിപ്പാണ് ഇത്തരം അനുഭവങ്ങള്‍ നമുക്കുണ്ടാക്കുക. കാരണം, വിശപ്പും ദാഹവും പോലെ മനുഷ്യന്‍റെ അടിസ്ഥാന വികാരമാണ് ലൈംഗികതയും. അതിനെ പറ്റേ തടഞ്ഞു വെക്കുന്നത് ക്രൂരമാണ്. ഇവിടെയാണ് മതം മാനവികമാകേണ്ടതിന്‍റെ ആവശ്യകത ഉള്‍ക്കൊള്ളേണ്ടതും ഇസ്ലാമിന്‍റെ മാനവികതയെ കുറിച്ച് പഠിക്കേണ്ടതും.

ലോകത്ത് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നതും ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നതുമായ മതമേത്? കൂടുതല്‍ വായിക്കപ്പെടുന്ന വേദപുസ്തകമേത്?  ഈ ചോദ്യങ്ങളുടെ ഉത്തരങ്ങളെല്ലാം ഇസ്ലാമിലാണ് എത്തിനില്‍ക്കുന്നത്. 2017-ലെ പഠന പ്രകാരം ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന മതം ഇസ്ലാമാണ്. കാര്‍നഗി എന്‍ഡൗമന്‍റ് ഇന്‍ ഇന്‍റര്‍ നാഷണല്‍ പീസ് എന്ന നാമധേയത്തില്‍ വിശ്വപ്രസിദ്ധമായ, വാഷിംഗ്ടണ്‍ ഡീസിയിലും മോസ്ക്കോയിലും ബീജിങ്ങിലും ബ്രസല്‍സിലും ഇങ്ങ് ഡല്‍ഹിയിലും ലോക പ്രസിദ്ധമായ മറ്റനേകം നഗരങ്ങളിലും ആസ്ഥാനങ്ങളുള്ള, 1910-ല്‍ പ്രശസ്ത ചിന്തകന്‍ ആന്‍ഡ്ര്യൂ കാര്‍നഗി സ്ഥാപിച്ച ലോക ധൈഷണിക കൂട്ടായ്മയുടെ പഠനത്തിലും വളര്‍ച്ചാ നിരക്കില്‍ രണ്ടാം സ്ഥാനത്തുള്ള മതത്തെ കവച്ചുവച്ചുകൊണ്ടുള്ള ഇസ്ലാമിന്‍റെ വളര്‍ച്ചയില്‍ അത്ഭുതപ്പെടുന്നത് കാണാം. 1990-ല്‍ ലോകത്ത് 1.1 ബില്യന്‍(ഒരു ബില്യന്‍ നൂറു കോടി) ആയിരുന്നു മുസ്ലിംകളെങ്കില്‍ 2010-ലെത്തിയപ്പോള്‍ 1.6 ബില്യനായി ഉയര്‍ന്നു. നിലവില്‍ 180 കോടി മുസ്ലിംകളുണ്ട് ലോകത്ത്. ലോക ജനസംഖ്യയുടെ 24.1 ശതമാനം. പ്യൂ റിസെര്‍ച്ച് സെന്‍ററിന്‍റെ കണക്കു പ്രകാരം 2010 മുതല്‍ 2050 വരെയുള്ള മുസ്ലിം പോപ്പുലേഷന്‍റെ വളര്‍ച്ച മൂന്ന് മില്യനായിരിക്കുമത്രെ. 2100 ആകുമ്പോഴേക്ക് ലോകത്ത് ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള മതം ഇസ്ലാമായിരിക്കുമെന്നും പഠനം പറയുന്നു. പോപ്പുലേഷന്‍ റഫറന്‍സ് ബ്യൂറോയുടെ പഠനപ്രകാരം അമേരിക്കയിലും യൂറോപ്പിലും പ്രാദേശിക മതങ്ങളുടെ വളര്‍ച്ചാ നിരക്കിനെക്കാള്‍ കൂടുതലാണ് ഇസ്ലാമിന്‍റെ വളര്‍ച്ച.

ഇസ്ലാമിന്‍റെ ജൈവികതയാണ് അതിന്‍റെ വളര്‍ച്ചക്ക് കാരണം. മനുഷ്യ ജീവിതത്തെ ബാധിക്കുന്ന ഒന്നും ഇസ്ലാം കല്‍പ്പിക്കുന്നില്ല. ഇസ്ലാമിന്‍റെ വളര്‍ച്ചയിലേക്ക് സൂചിപ്പിക്കുന്ന വ്യക്തിപരമായ ഒരനുഭവം പങ്കുവെക്കട്ടെ: 1814-ല്‍ ജര്‍മനിയിലെ സ്റ്റുട്ട്ഗാര്‍ട്ടില്‍ ജനിക്കുകയും 1838-ല്‍ കേരളത്തിലേക്ക് മിഷണറി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വരികയും ചെയ്തയാളാണ് റെവ. ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട്. പ്രശസ്ത ജര്‍മന്‍ നോവലിസ്റ്റും നോബേല്‍ ജേതാവുമായ ഹെര്‍മന്‍ ഹെസ്സിന്‍റെ പ്രപിതാവുമാണ് അദ്ദേഹം. മലയാള വ്യാകരണം എന്ന പേരില്‍  മലയാള ഭാഷക്ക് ഒരു വ്യാകരണ കൃതി സമ്മാനിച്ച അദ്ദേഹം തലശ്ശേരി കേന്ദ്രീകരിച്ചായിരുന്നു മിഷ്ണറി പ്രവര്‍ത്തനം നടത്തിയിരുന്നത്. ബൈബിള്‍ മലയാളത്തിലേക്ക് മൊഴിമാറ്റിയതടക്കം പതിമൂന്നോളം മലയാള പുസ്തകങ്ങള്‍ ഗുണ്ടര്‍ട്ട് രചിച്ചിട്ടുണ്ട്. മലയാളത്തിലെ ആദ്യത്തെ പത്രവും അദ്ദേഹത്തിന്‍റെ സംഭാവനയാണ്. 1847-ല്‍ ആരംഭിച്ച രാജ്യസമാചാരം. 1859-ല്‍ രോഗം മൂലം ജര്‍മനിയിലേക്കു മടങ്ങിയ ഗുണ്ടര്‍ട്ട് 1893 ഏപ്രില്‍ 25-ന് അവിടെ വച്ച് മരണപ്പെട്ടു.

ഒരിക്കല്‍ ജര്‍മനിയില്‍ നിന്ന് എനിക്കൊരു ഇ-മെയില്‍ ലഭിച്ചു. സന്ദേശമയച്ചത് ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്‍റെ കൊച്ചുമകനാണ്. കേരളത്തില്‍ വലിയൊരളവോളം മതരംഗത്ത് നേതൃതലത്തിലുണ്ടായിരുന്നത് ബുഖാരി സാദാത്തുക്കളായിരുന്നു. അതിനാല്‍ ബുഖാരി സാദാത്തുക്കളെ കുറിച്ച് പഠിക്കാന്‍ താല്‍പര്യമുണ്ട്. നിലവില്‍ കേരളത്തിലെ ബുഖാരി സാദാത്തുക്കളെ സെര്‍ച്ചു ചെയ്തപ്പോള്‍ എന്‍റെ വിവരങ്ങളാണ് ലഭിച്ചതത്രെ. അതിന്‍റെ അടിസ്ഥാനത്തില്‍ കേരളത്തിലെ ബുഖാരി കുടുംബത്തിന്‍റെ ചരിത്രവും സംസ്കാരവും പഠിക്കാന്‍ ഞങ്ങളുടെ വീട്ടില്‍ താമസിക്കാന്‍ അവസരവും അപ്പോയ്മെന്‍റും ചോദിച്ചാണ് സന്ദേശമയച്ചത്.

ഞാന്‍ ആതിഥ്യമരുളികൊണ്ട് സന്ദേശമയച്ചു. അങ്ങനെ അദ്ദേഹം ഇവിടെയെത്തുകയും ഞങ്ങളോടൊപ്പം താമസിക്കുകയും ചെയ്തു. ഒരു വൈകുന്നേര ചര്‍ച്ചക്കിടയില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന എന്‍റെ മകന്‍ സയ്യിദ് അഹ്മദുല്‍ കബീര്‍ അദ്ദേഹത്തോട് ജര്‍മനിയില്‍ മഖ്ബറകളുണ്ടോ എന്ന് ചോദിച്ചു. അനവസരത്തിലുള്ള ആ ചോദ്യം അഭംഗിയായി എനിക്ക് തോന്നിയെങ്കിലും അദ്ദേഹം വളരെ ആവേശപൂര്‍വം മറുപടി നല്‍കി: ഞങ്ങളുടെ ചെറുപ്പ കാലങ്ങളിലൊന്നും ജര്‍മനിയില്‍ മുസ്ലിംകളില്ലായിരുന്നു. വിശ്വാസികളായ ആളുകള്‍ക്കു തന്നെ തുറന്നു പറയാന്‍ ഭയവുമായിരുന്നു. ഇന്നാ സ്ഥിതി മാറി. താന്‍ മുസ്ലിമാണെന്ന് ആളുകള്‍ ധൈര്യപൂര്‍വം പറയുന്നു. 2016-ലെ കണക്കു പ്രകാരം അഭയാര്‍ത്ഥികളായെത്തിയവരടക്കം ജര്‍മന്‍ ജനസംഖ്യയുടെ 5.4-5.7 ശതമാനം വരും മുസ്ലിംകള്‍. ഇസ്ലാം പ്രഖ്യാപിക്കാന്‍ അനുവാദമില്ലാത്തിടത്ത് ഇന്ന് തങ്ങളുടെ സ്വത്വബോധം തിരിച്ചുപിടിക്കാനും ആദര്‍ശം പ്രചരിപ്പിക്കാനും വിശ്വാസികള്‍ക്ക് സാധിക്കുന്നുവെന്നര്‍ത്ഥം. സമീപ ഭാവിയില്‍ തന്നെ ഇതിന്‍റെ വളര്‍ച്ച കൂടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വികസിത രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ആര്‍ക്കും ബോധ്യമാകുന്ന യാഥാര്‍ത്ഥ്യമാണിത്. അത്ഭുതകരമായ ഇസ്ലാമിന്‍റെ വളര്‍ച്ചക്ക് തടയിടാന്‍ തൊടുത്തുവിടുന്ന ആരോപണങ്ങള്‍ പലതാണ്. അതില്‍ പ്രധാനമാണ് തീവ്രവാദം. മനുഷ്യ-മനുഷ്യേതര ജീവന് തീവ്രവാദികളുടെ മതം ഒരു വിലയും കല്‍പിക്കുന്നില്ലല്ലോ. ഇസ്ലാം ജീവനെ കുറിച്ചും ജീവാപഹരണത്തെ  കുറിച്ചും എന്തു പറയുന്നു എന്ന് ലോകം പഠിക്കണം. വിശുദ്ധ ഖുര്‍ആനിലെ അഞ്ചാം അധ്യായം സൂറത്തുല്‍ മാഇദയുടെ 32-ാം സൂക്തം: ‘അന്യായമായി ഒരു ജീവന്‍ അപഹരിക്കപ്പെടുക എന്നത് മനുഷ്യ സമുദായത്തിന്‍റെ മുഴുവന്‍ ജീവന്‍ അപഹരിക്കുന്നതിന് സമാനമാണ്. അതേസമയം ഒരു ജീവന്‍ നിലനിര്‍ത്തുകയെന്നത് മനുഷ്യ കുലത്തിന്‍റെ മുഴുവന്‍ ജീവന്‍ നിലനിര്‍ത്തുന്നതിനും തുല്യമത്രെ’. സൂറത്തുല്‍ അന്‍ആമിന്‍റെ 151-ാം ആയത്തില്‍ അല്ലാഹു പറയുന്നു: ‘അല്ലാഹു പരിപാവനമാക്കിയ ജീവനെ അന്യായമായി വധിക്കരുത്’. അന്യായമായി ജീവന്‍ അപഹരിക്കുന്നത് അല്ലാഹുവിന്‍റെ പരമാധികാരത്തില്‍ കൈകടത്തലാണ്, കുറ്റകരവും.

സ്വന്തം ശരീരത്തെ അനാവശ്യമായി വേദനിപ്പിക്കുന്നതും ഇസ്ലാം വിലക്കി. നിരവധി പ്രവാചകാധ്യാപനങ്ങള്‍ ഇവ്വിഷയകമായി കാണാന്‍ സാധിക്കും. അബ്ദുല്ലാഹിബ്നു അംറി(റ)ല്‍ നിന്ന് ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്നു: ‘മനപ്പൂര്‍വം വല്ലവനും സ്വശരീരത്തെ ഹത്യ ചെയ്താല്‍ അവന് സ്വര്‍ഗത്തിന്‍റെ പരിമളം പോലും ആസ്വദിക്കാന്‍ സാധ്യമല്ല. അവന്‍റെയും സ്വര്‍ഗപരിമളത്തിന്‍റെയും ഇടയില്‍ നാല്‍പത് വര്‍ഷത്തെ വഴിദൂരമുണ്ടാകും.’ പിതൃസഹോദരന്‍ അബ്ബാസ്(റ)നോട് നടത്തിയ ഉപദേശം ഇങ്ങനെ: ‘ഏളാപ്പാ, നിങ്ങള്‍ ഒരിക്കലും മരണത്തെ ആഗ്രഹിക്കരുത്. കാരണം നിങ്ങള്‍ നന്മ ചെയ്യുന്നയാളാണെങ്കില്‍ നീട്ടിക്കിട്ടുന്ന ആയുസ്സ് നന്മയില്‍ വര്‍ധനവുണ്ടാക്കാന്‍ നിങ്ങളെ സഹായിക്കും. ഇനി ദോഷിയാണെങ്കില്‍ ദീര്‍ഘായുസ്സ് പാപങ്ങളില്‍ നിന്ന് ഖേദിച്ചുമടങ്ങാനുള്ള അവസരവും നല്‍കും’. ഇമാം മുസ്ലിം(റ) റിപ്പോര്‍ട്ട് ചെയ്യുന്ന മറ്റൊരു ഹദീസ്: വല്ലവരും ഇരുമ്പു കൊണ്ടോ വിഷം കഴിച്ചോ പര്‍വത ശിഖിരങ്ങളില്‍ നിന്ന് എടുത്തുചാടിയോ സ്വശരീരത്തെ നശിപ്പിച്ചാല്‍, എങ്ങനെയാണോ മരണം വരിച്ചത് ആ വിധത്തില്‍ നരകത്തില്‍ ശാശ്വതകാലം ശിക്ഷിക്കപ്പെടും.

സ്വശരീരത്തെ അന്യായമായി വേദനിപ്പിക്കുന്നതിനെ പോലും ഇത്രമേല്‍ പാതകമായി കാണുന്ന ഒരു മതത്തിന്‍റെ അനുയായിക്ക് എങ്ങനെയാണ് മറ്റൊരാളുടെ ശരീരത്തില്‍ അന്യായം പ്രവര്‍ത്തിക്കാനാവുക?

തിരുനബി(സ്വ) സ്വഹാബാക്കള്‍ക്ക് ഉപദേശം നല്‍കുകയാണ്: ദാഹിച്ചവശനായ അയാള്‍ തൊട്ടടുത്തു കണ്ട കിണറിലിറങ്ങി മതിവരുവോളം വെള്ളം കുടിച്ചു. കിണറില്‍ നിന്ന് തിരിച്ചു കയറിയപ്പോഴാണ് ഒരു നായ ദാഹം സൂചിപ്പിച്ചുകൊണ്ട് മണ്ണില്‍ മാന്തുകയും വിറളി പിടിക്കുകയും ചെയ്യുന്നത് അയാളുടെ ശ്രദ്ധയില്‍പെട്ടത്. അപ്പോള്‍ അയാളുടെ ചിന്ത തൊട്ടുമുമ്പത്തെ തന്‍റെ അവസ്ഥയെ കുറിച്ചായി. ഉടന്‍ അദ്ദേഹം കിണറ്റിലേക്കിറങ്ങി വെള്ളം കോരി നായയെ കുടിപ്പിച്ചു. ഇതു കാരണം അല്ലാഹു അദ്ദേഹത്തിനു പൊറുത്തു നല്‍കി. സ്വഹാബികള്‍ ചോദിച്ചു: നബിയേ, മൃഗങ്ങളുടെ വിഷയത്തില്‍ ഞങ്ങള്‍ക്ക് പ്രതിഫലമുണ്ടോ? പ്രവാചകരുടെ മറുപടി ഇപ്രകാരമായിരുന്നു: ‘പച്ച ഹൃദയമുള്ള എല്ലാത്തിനും പ്രതിഫലമുണ്ട്.’ അന്നപാനിയങ്ങള്‍ നല്‍കാതെ പൂച്ചയെ കെട്ടിയിട്ടതിന്‍റെ പേരില്‍ സ്ത്രീ നരകത്തില്‍ പ്രവേശിച്ചതും ബുഖാരി ഉദ്ധരിക്കുന്നുണ്ട്.

ഇസ്ലാമിന്‍റെ പേരില്‍ ചിലര്‍ ചെയ്തുകൂട്ടുന്ന പരാക്രമങ്ങളെ മതമെന്ന് തെറ്റിദ്ധരിക്കരുത്. അവര്‍ ദീന്‍ പഠിക്കാതെ വിശ്വാസത്തെ വക്രീകരിക്കാന്‍ കച്ചകെട്ടിയിറങ്ങിയതാണ്. ഈ ഭീകരവാദികളെ കുറിച്ച് നമുക്ക് രണ്ട് നിഗമനങ്ങളിലെത്താന്‍ സാധിക്കും. ഒന്ന്, അവര്‍ക്ക് ഇസ്ലാമിനെ കുറിച്ച് ഒന്നുമറിയില്ല. രണ്ടാമത്തേത്, ഇത്തരം സംഘടനകളെ ഇസ്ലാമിന്‍റെ മേല്‍ കരിവാരിത്തേക്കാന്‍ ശത്രുക്കള്‍ പടച്ചുണ്ടാക്കിയതാണ്. യഥാര്‍ത്ഥ ഇസ്ലാമിനെ അടുത്തറിയാന്‍ ഉദ്ദേശിക്കുന്നവര്‍ ആധികാരികമായി മതം പറയാന്‍ സാധിക്കുന്ന പണ്ഡിതരില്‍ നിന്നാണ് പഠിക്കേണ്ടത്. എങ്കില്‍ തീര്‍ച്ചയായും മാനവികതയുടെ സര്‍വതലസ്പര്‍ശിയായ ഇസ്ലാമിനെ ഗ്രഹിക്കാന്‍ അവര്‍ക്കു സാധിക്കും.

You May Also Like
Knowledge in Islam

ജ്ഞാനമാര്‍ഗം ഇസ്ലാമില്‍

മനുഷ്യന്‍റെ അമൂല്യ സമ്പത്താണ് ജ്ഞാനം. ഏക സത്യമതമായ ഇസ്ലാം ജ്ഞാനത്തിന് വലിയ പ്രാധാന്യമാണ് നല്‍കിയിട്ടുള്ളത്. ജ്ഞാനസമ്പൂര്‍ണരായ…

● ജുനൈദ് ഖലീല്‍ സഖാഫി
eid night - malayalam

വിട്ടുവീഴ്ച ചെയ്യാം

സൽസ്വഭാവങ്ങളിൽ പ്രധാനപ്പെട്ടതാണ് വിട്ടുവീഴ്ച ചെയ്യൽ. അമ്പിയാക്കൾക്കൊഴികെ ഏതു മനുഷ്യനും അനർത്ഥങ്ങൾ സംഭവിക്കൽ സ്വാഭാവികമാണ്. തെറ്റുകുറ്റങ്ങൾ മനുഷ്യസഹജമായതു…

● സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി

തിരുനബി(സ്വ)യാണ് വിശ്വാസികളുടെ മാതൃക

വിശ്വാസികളുടെ സർവമേഖലയിലുമുള്ള മാതൃക തിരുനബി(സ്വ)യാണ്. ജനനം മുതൽ മരണം വരെയും ശേഷവുമെല്ലാം ജീവിതമെങ്ങനെയാവണമെന്ന് അവിടന്ന് പഠിപ്പിച്ചിട്ടുണ്ട്.…

● സയ്യിദ് ഇബ്‌റാഹീം ഖലീൽ അൽബുഖാരി