Importance of Prayer in Islam

ശ്രയങ്ങളില്ലാതെ ഒരാള്‍ക്കും ജീവിച്ചു മരിക്കാന്‍ സാധിക്കില്ല. പരാശ്രിതനാവുകയെന്നത് സൃഷ്ടിയുടെ പ്രത്യേകതയാണ്. നിരാശ്രയനാവുകയെന്നത് സ്രഷ്ടാവിന്‍റെ സവിശേഷതയായതു പോലെ. ആവശ്യപൂര്‍ത്തീകരണങ്ങള്‍ക്ക് വേണ്ടിയുള്ള ചോദ്യങ്ങളില്‍ ഏറ്റവും മഹത്തരമായത് സൃഷ്ടി തന്‍റെ സ്രഷ്ടാവിനോട് നടത്തുന്ന പ്രാര്‍ത്ഥനകളാണ്. അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട കാര്യവുമാണിത്.

പ്രാര്‍ത്ഥനയാണ് അനുഗ്രഹങ്ങളുടെ താക്കോലെന്ന് ഇമാം സുയൂത്വി(റ) ജാമിഉ സ്വഗീറില്‍ ഉദ്ധരിക്കുന്നത് കാണാം: അനുഗ്രഹം പൂട്ടികിടക്കുന്ന ഒന്നാണ്. പ്രാര്‍ത്ഥനയെന്ന താക്കോലുകൊണ്ടാണ് ആ പൂട്ട് തുറക്കുക. ഈ ഹദീസിന്‍റെ തുടര്‍ച്ച ഇങ്ങനെ: ‘നിസ്കാരത്തിന്‍റെ താക്കോല്‍ വുളൂഉം സ്വര്‍ഗത്തിന്‍റെ താക്കോല്‍ നിസ്കാരവുമാണ്.’ പൂട്ടിയ സ്വര്‍ഗ കവാടങ്ങള്‍ നിസ്കാരം കൊണ്ടേ തുറക്കാനാകൂ. നിസ്കാരം പ്രാര്‍ത്ഥനകളുടെ സമാഹാരവുമാണ്. പ്രാര്‍ത്ഥനകളുടെ മാതാവ് (ഉമ്മുദ്ദുആ) എന്ന പേരിലറിയപ്പെടുന്ന സൂറത്തുല്‍ ഫാതിഹ നിസ്കാരത്തിന്‍റെ മര്‍മമാണ്. ഇതെല്ലാം കൂട്ടി വായിക്കുമ്പോള്‍ നമുക്ക് ലഭിക്കുക ദുആ കാരുണ്യത്തിന്‍റെയും അനുഗ്രഹങ്ങളുടെയും സ്വര്‍ഗത്തിന്‍റെയും താക്കോലാണെന്നത്രെ. ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനക്ക് മാത്രമേ വിശ്വാസിയുടെ ജീവിതാഭിലാഷങ്ങളില്‍ പ്രധാനപ്പെട്ട സ്വര്‍ഗത്തിന്‍റെ കവാടങ്ങള്‍ തുറക്കാന്‍ സാധിക്കൂ.

ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചാല്‍ ഉത്തരം കിട്ടാതിരിക്കില്ല. എന്‍റെ ജീവിതത്തില്‍ നിന്നുതന്നെ നിരവധി ഉദാഹരണങ്ങള്‍ എടുത്തുകാണിക്കാന്‍ സാധിക്കും. നിങ്ങളില്‍ പലര്‍ക്കും അറിയുന്ന ഒരു ഉദാഹരണം തന്നെ പറയാം. 2018-ലെ റമളാന്‍ 27-ാം രാവിലെ പ്രാര്‍ത്ഥനാ സമ്മേളനം ജൂണ്‍ പതിനൊന്നിനായിരുന്നു. ആ ജൂണ്‍മാസം കേരളക്കാരാരും അത്ര പെട്ടെന്ന് മറക്കുമെന്ന് തോന്നുന്നില്ല. കാരണം, രാജ്യത്തെ തന്നെ ഭയത്തിലാഴ്ത്തിയ നിപ്പാ പനിയും മരണവും സൃഷ്ടിച്ച ഭീകരമായൊരന്തരീക്ഷം ഖനീഭവിച്ച സമയമായിരുന്നു അത്. ജനങ്ങള്‍ പുറത്തിറങ്ങാന്‍ പോലും പേടിച്ചു വീട്ടില്‍ കഴിയുന്ന സാഹചര്യം കോഴിക്കോട്ടും പരിസരങ്ങളിലും അനുഭവപ്പെടുകയുണ്ടായി.

നാലാളുകള്‍ കൂടുന്നിടത്തെല്ലാം ആരോഗ്യ വകുപ്പിന്‍റെ കര്‍ശന നിര്‍ദേശങ്ങള്‍. പല സ്ഥലങ്ങളിലും പൊതുപരിപാടികള്‍ മാറ്റിവെക്കാന്‍ നിര്‍ദേശം നല്‍കി. ഹൗളുകള്‍ മാറ്റി പൈപ്പില്‍ നിന്ന് വുളൂ എടുക്കാന്‍ വരെ നിര്‍ദേശം വന്നു. സമൂഹ നോമ്പുതുറകള്‍ വിലക്കി. വിപുലമായി കൊണ്ടാടാന്‍ തീരുമാനിക്കപ്പെട്ടിരുന്ന പല പ്രോഗ്രാമുകളും നടന്നില്ല. ആരോഗ്യ പ്രവര്‍ത്തകരും മന്ത്രിമാരും എന്നെ വിളിച്ചു പറഞ്ഞു: ‘തങ്ങളേ, നിങ്ങള്‍ ഞങ്ങളോട് നന്നായി സഹകരിക്കുന്നവരാണ്. കേരളത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥ അറിയാമല്ലോ? സ്വലാത്ത് നഗറിലേക്ക് പതിനായിരങ്ങള്‍ വരും. ആ കൂട്ടത്തില്‍ രോഗാണു ഉള്ള നാടുകളില്‍ നിന്ന് ഒരാള്‍ എത്തി രോഗം പടരാന്‍ കാരണമായാല്‍… പിന്നീടുള്ള തങ്ങളുടെ ജീവിത കാലം മുഴുവന്‍ അതൊരു ബ്ലാക്ക് മാര്‍ക്കായി നിലകൊള്ളും. അതുകൊണ്ട് ഇത്തവണ പരിപാടി നടത്തരുത്.’

അവരോട് ഞാന്‍ പ്രതികരിച്ചു: ‘ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ഒരു ഉത്തരവിനോടും ഞങ്ങള്‍ വിമുഖത കാണിക്കാറില്ല. ഇതിലും അതുപോലെ തന്നെയായിരിക്കും. സര്‍ക്കാര്‍ പറയുന്നത് പോലെ ചെയ്യാം.’

അങ്ങനെ ഫോണ്‍ വച്ചുവെങ്കിലും മനസ്സില്‍ ആധിയായിരുന്നു. വര്‍ഷങ്ങളായി ഒരു മുടക്കവുമില്ലാതെ തുടര്‍ന്നുപോരുന്നതാണ് പ്രാര്‍ത്ഥനാ സമ്മേളനം. അതിനെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എത്രയെത്ര വിശ്വാസികള്‍. സമ്മേളനം മുടങ്ങുന്നത് എല്ലാവരെ സംബന്ധിച്ചും വിഷമകരമാണ്.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിരന്തരം റബ്ബിനു മുമ്പില്‍ കൈമലര്‍ത്തി. മഅ്ദിനിലെ മുതഅല്ലിമുകളെ കൊണ്ടും ഹാഫിളീങ്ങളെ കൊണ്ടും യതീം കുട്ടികളെ കൊണ്ടും പ്രാര്‍ത്ഥിപ്പിച്ചു. അല്‍ഹംദുലില്ലാഹ്… പ്രാര്‍ത്ഥനക്ക് ഫലമുണ്ടായി. പത്തു പതിനേഴ് മരണങ്ങള്‍ നടന്നുവെങ്കിലും പിന്നീട് രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. ആശങ്കകള്‍ നീങ്ങുന്ന സാഹചര്യമുണ്ടായി. ജൂണ്‍ ഒമ്പതാം തിയ്യതിയിലെ പത്രങ്ങളില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നിരീക്ഷണ വാര്‍ഡില്‍ കഴിയുന്ന ഒമ്പതു പേര്‍ക്കും നിപ്പ സാംപിള്‍ പരിശോധനയില്‍ നെഗറ്റീവാണെന്ന് വാര്‍ത്തവന്നു. എല്ലായിടത്തും പരിശോധന ഫലം നെഗറ്റീവായതിനാല്‍ നിപ്പ ആദ്യം കണ്ടെത്തിയ പേരാമ്പ്രയിലടക്കം എല്ലായിടത്തും സ്കൂളുകള്‍ 12-ന് തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പൊതുപരിപാടികളുടെ നിയന്ത്രണം 11-ന് തീരും. ചുരുക്കത്തില്‍, വളരെ വിപുലമായും മാനസിക സംതൃപ്തിയോടെയും ആ വര്‍ഷവും പ്രാര്‍ത്ഥനാ സമ്മേളനം നടത്താന്‍ സാധിച്ചു.

ചോദിക്കേണ്ടതു പോലെ ചോദിച്ചാല്‍, മുമ്പില്‍ എത്ര വലിയ പ്രതിസന്ധിയുണ്ടെങ്കിലും അതെല്ലാം ഒഴിവാക്കി അല്ലാഹു നമ്മുടെ ചോദ്യത്തിന് ഉത്തരം നല്‍കുമെന്നതിനുള്ള തെളിവാണിത്. അതുകൊണ്ട് വിശ്വാസികളേ, തിരുപിറവികൊണ്ട് അനുഗൃഹീതമായ റബീഅ് മാസത്തില്‍ പ്രാര്‍ത്ഥനാ നിരതരാവുക. ആത്മാര്‍ത്ഥമായിട്ടാവണം കൈ മലര്‍ത്തുന്നതെന്നു മാത്രം.

You May Also Like
Life of Prophet Muhammed (S)

തിരുദൂതരുടെ പരിചാരകന്‍

ഇസ്ലാമിക ചരിത്രത്തില്‍ ചിരപ്രതിഷ്ഠ നേടിയ മഹിളാ രത്നങ്ങളില്‍ ഒരാളാണ് ഉമ്മു സുലൈം എന്നറിയപ്പെട്ട ഗുമൈസ്വാഅ്/റുമൈസ്വാഅ്(റ). ഖസ്റജ്…

● ടിടിഎ ഫൈസി പൊഴുതന
Kodampuzha Usthad

കോടമ്പുഴ ബാവ മുസ്ലിയാര്‍: രചനാ ലോകത്തെ അപൂര്‍വ വ്യക്തിത്വം

‘ഒറ്റ ഗ്രന്ഥകാരന്‍റെ രചനകള്‍ മാത്രമുള്ള ഒരു സ്റ്റാളോ? വ്യത്യസ്ത വിഷയങ്ങളില്‍ ഇത്ര മനോഹരമായി എഴുതുന്ന ഒരു…

● സൈനുദ്ദീന്‍ ശാമില്‍ ഇര്‍ഫാനി മാണൂര്‍
Al Fathawa

അല്‍ഫതാവാ-5: നജസുകൊണ്ട് ചികിത്സിക്കല്‍

നജസുകൊണ്ട് ചികിത്സിക്കല്‍ ഹറാമായ വസ്തുവില്‍ ചികിത്സയില്ലെന്നല്ലേ. അല്ലാഹു ശവത്തെയും രക്തത്തെയും പന്നി ഇറച്ചിയും ഹറാമാക്കിയതുമാണല്ലോ. അപ്പോള്‍…

● കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍