heaven and its doors

നുഷ്യ മനസ്സുകളില്‍ നിന്ന് ഇലാഹീ ചിന്ത കുടിയൊഴിഞ്ഞതാണ് ഇന്ന് നാം അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്കെല്ലാം കാരണം. സഞ്ചാര പാതകളിലൊക്കെയും ഇലാഹീ ചിന്ത വെളിച്ചം കാട്ടേണ്ടതിനുപകരം ഭൗതിക താല്‍പര്യത്തില്‍ ലയിച്ചിരിക്കുകയാണവന്‍. ദിക്റിന്‍റെ ആത്മീയ-ഭൗതിക ഗുണങ്ങളെ കുറിച്ചുള്ള അജ്ഞതയാണിതിന് കാരണം. അല്ലാഹു പറയുന്നു: ‘അല്ലാഹുവിന്‍റെ സ്മരണകൊണ്ട് മാത്രമേ സമാധാനം ലഭിക്കൂڈ (സൂറത്തുര്‍റഅ്ദ്). അല്ലാഹുവിനെ അവന്‍റെ സമുന്നതമായ നാമങ്ങളിലൂടെയും ഗുണവിശേഷണങ്ങളിലൂടെയും വാഴ്ത്താന്‍ ആത്മജ്ഞാനികള്‍ നമുക്ക് പഠിപ്പിച്ചു തന്നിട്ടുള്ള മഹത്തായ വചനങ്ങളാണ് ദിക്റുകള്‍. മഹത്ത്വപ്പെടുത്തുക, ഓര്‍മിക്കുക, ഉച്ചരിക്കുക, ഉണര്‍ത്തുക എന്നിങ്ങനെ വിവിധ അര്‍ത്ഥതലങ്ങള്‍ ദിക്റിനുണ്ട്.

ഖുര്‍ആന്‍ പാരായണവും സ്വലാത്ത് ചൊല്ലലും ദിക്റിന്‍റെ ഗണത്തില്‍ പെട്ട പ്രധാനപ്പെട്ട ഇബാദതുകളാണ്. ദിക്റു ചൊല്ലി, ജീവിതം ഏകനായ ഇലാഹിന് സമര്‍പ്പിച്ച് അനശ്വരമായ പരലോകത്തെ ഭാസുരമാക്കാനാണ് നാം ശ്രമിക്കേണ്ടത്. എന്നാല്‍ ദിക്റ് ചൊല്ലുന്നവര്‍ പഴഞ്ചന്മാരും യാഥാസ്ഥിതികരും വിവരദോഷികളുമാണെന്ന് വ്യതിയാന ചിന്തക്കാര്‍ വ്യാപകമായി പ്രചരിപ്പിക്കാറുണ്ട്. ആരാധനകളെ അന്യവല്‍ക്കരിച്ച് തെറ്റുകളെ പുണര്‍ന്നുകൊണ്ടുള്ള ജീവിതം വിശ്വാസിക്കന്യമാണ്. തെറ്റുകള്‍ മനസ്സിനെ തുരുമ്പു പിടിപ്പിക്കുന്നു. തുരുമ്പും ക്ലാവും നീക്കി മനസ്സിനെ ശുദ്ധീകരിക്കാനുള്ള മാര്‍ഗം ദിക്റാണെന്നും ദിക്ര്‍ ചൊല്ലി ഈമാനോടെ മരിക്കലാണ് വലിയ സൗഭാഗ്യമെന്നും ദീന്‍ പഠിപ്പിക്കുന്നു. ആത്മസംസ്കരണമാണ് ജീവിത വിജയത്തിന്‍റെ നിദാനമെന്ന് ചുരുക്കം.

ആത്മസംസ്കരണം കര്‍മ സംസ്കരണത്തിലേക്കും കര്‍മസംസ്കരണം ജീവിത വിശുദ്ധിയിലേക്കും നയിക്കും. എന്നാല്‍ ആത്മാവിന്‍റെ അസ്തിത്വം നിഷേധിക്കുകയും യുഗങ്ങളോളം പരിണാമത്തിനു വിധേയമായി വാല് നഷ്ടപ്പെട്ട ജീവിയാണ് മനുഷ്യനെന്ന് ധരിക്കുകയും ചെയ്യുമ്പോള്‍ ഇച്ഛകളുടെ പൂര്‍ത്തീകരണത്തിന് അവന്‍ ഏതു മാര്‍ഗവും അവലംബിക്കും. അതോടെ ജീവിത വിശുദ്ധി എന്നത് പഴഞ്ചനും പിന്തിരിപ്പനുമായ ആശയമായി കണക്കാക്കുകയും ഇലാഹീ സ്മരണ എന്ന അടിസ്ഥാന ഗുണം പറിച്ചുമാറ്റപ്പെടുകയും ചെയ്യും. മനുഷ്യന്‍ എന്ന നിലക്ക് താന്‍ നിലനില്‍ക്കാനുള്ള അടിസ്ഥാന ന്യായം പൂര്‍ണമായി ഇല്ലാതാകുന്നതോടെ പരാജിതരായി മനുഷ്യസമൂഹം മാറും. ഇസ്ലാമെന്ന പ്രത്യയ ശാസ്ത്രത്തില്‍ അലിഞ്ഞുചേര്‍ന്ന വിശ്വാസിയുടെ ഹൃദയവും മറ്റവയവങ്ങളും ഇലാഹീ സ്മരണയിലാഴ്ന്നിരിക്കും. മറ്റു ആരാധനകള്‍ പോലെ ആത്മീയതയുടെ കാതലായ ദിക്റിലും റസൂല്‍(സ്വ)യില്‍  നമുക്ക് ഉത്തമ മാതൃകയുണ്ട്. അവിടുന്ന് ചൊല്ലിത്തന്ന ദിക്റുകളാണ് ഏറ്റവും ഉത്തമം. ഓരോ സമയത്തും നിര്‍വഹിക്കേണ്ട ദിക്റുകള്‍ ഹദീസുകളില്‍ വന്നിട്ടുണ്ട്. റസൂലില്‍ നിന്ന് ലഭിച്ച ദിക്റുകള്‍ വര്‍ധിപ്പിക്കുന്നതില്‍ ശ്രദ്ധ വേണം. കാരണം അവക്ക് കൂടുതല്‍ പുണ്യമുണ്ട് (ഇആനതു ത്വാലിബീന്‍).

ദിക്റുകളെ വിരസതയോടെ സമീപിക്കുന്നവരുണ്ട്. വളരെ ലളിതവും എന്നാല്‍ പ്രധാനപ്പെട്ടതുമായ ദിക്റുകളെ പോലും അല്‍പജ്ഞാനം കാരണം ചിലര്‍ നിസ്സാരമായി കാണുന്നു. ഹദീസുകളില്‍ വന്ന ചില പ്രധാനപ്പെട്ട ദിക്റുകള്‍ ഹ്രസ്വമായി പരാമര്‍ശിക്കാം.

 

ലാഹൗല വലാഖുവ്വത ഇല്ലാബില്ലാഹ്

വളരെ ലളിതമായതും ഹദീസ് ഗ്രന്ഥങ്ങളില്‍ ധാരാളമായി പ്രതിപാദിക്കുന്നതുമായ ദിക്റാണിത്. ശരീരത്തിലെ 99 രോഗങ്ങള്‍ക്കുള്ള പ്രതിവിധിയായി റസൂല്‍ നിര്‍ദേശിച്ചു തന്നത് ഈ ദിക്റാണ്. സ്വര്‍ഗത്തിലെ നിധി എന്ന് വിശേഷണമുള്ള ഈ ദിക്ര്‍ ഒരാള്‍ പതിവാക്കിയാല്‍ ദാരിദ്ര്യവും മുഷിപ്പും ഇല്ലായ്മ ചെയ്യാനും ജീവിതത്തില്‍ ഐശ്വര്യവും അഭിവൃദ്ധിയും കൊണ്ടുവരാനും സാധിക്കുമെന്ന് മഹാന്മാര്‍ ഓര്‍മപ്പെടുത്തി.

 

ലാഇലാഹ ഇല്ലല്ലാഹ്

ദിക്റുകളുടെ കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഇത്. ഏകനായ അല്ലാഹുവിനെ മനസ്സില്‍ ധ്യാനിച്ച് തൗഹീദിന്‍റെ പരിപൂര്‍ണത ഉള്‍ക്കൊള്ളിച്ച് ജീവിതമഖിലത്തിലും വിജയം സമ്മാനിക്കാനും ദോഷങ്ങള്‍ പൊറുക്കാനും ഇത് പര്യാപ്തമത്രെ. മരണാസന്നനായ രോഗി ഈ ദിക്റ് ചൊല്ലിയാല്‍ അവനെ നരകം സ്പര്‍ശിക്കുകയില്ല. നബി(സ്വ) പറഞ്ഞു: ‘ഒരാള്‍ വന്‍ദോഷം വെടിയുകയും ഹൃദയ സാന്നിധ്യത്തോടെ ഈ ദിക്റ് ചൊല്ലുകയും ചെയ്താല്‍ അര്‍ശ് വരെ വിശാലമാക്കപ്പെട്ട ഏഴ് ആകാശങ്ങള്‍ അവനായി തുറക്കപ്പെടും.’

 

ബിസ്മി

ബിസ്മിയുടെ ആശയങ്ങളും അര്‍ത്ഥതലങ്ങളും വിശദീകരണാതീതമാണ്. തിരുനബി(സ്വ) പറയുന്നു: ‘ബിസ്മി ഇറക്കപ്പെട്ടപ്പോള്‍ ആകാശത്തുള്ള മലക്കുകള്‍ സന്തോഷിച്ചു, അര്‍ശ് പ്രകമ്പനം കൊണ്ടു, കാറ്റടങ്ങി, സമുദ്രം ഇളകിമറിഞ്ഞു, മൃഗങ്ങള്‍ കാത് കൂര്‍പ്പിച്ചു, പിശാചുക്കള്‍ ആട്ടിയോടിക്കപ്പെട്ടു.’ എല്ലാ സല്‍പ്രവര്‍ത്തനത്തിന്‍റെ തുടക്കത്തിലും ബിസ്മിചൊല്ലാന്‍ കല്‍പ്പനയുണ്ട്. റസൂല്‍(സ്വ) പറയുന്നു: ബിസ്മികൊണ്ട് തുടങ്ങാത്ത ഏതു നല്ല കാര്യത്തിലും ബറകതുണ്ടാകില്ല. ഹറാമായ പ്രവര്‍ത്തനങ്ങളുടെ തുടക്കത്തില്‍ ബിസ്മിചൊല്ലല്‍ കുറ്റകരവും കറാഹത്തായവയുടെ തുടക്കത്തില്‍ കാറഹത്തുമാണ്. സത്യവിശ്വാസി ബിസ്മി ചൊല്ലിയാല്‍ അവനോടൊപ്പം പര്‍വതങ്ങള്‍ തസ്ബീഹ് ചൊല്ലുകയും സ്വര്‍ഗമവന് സ്വഗതമോതുകയും ചെയ്യും. മാത്രമല്ല, അവന്‍റെ സ്വര്‍ഗപ്രവേശനത്തിനും നരകമോചനത്തിനും വേണ്ടി സ്വര്‍ഗം അല്ലാഹുവോട് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും.

 

തഹ്മീദ്

പരിപൂര്‍ണമായ രൂപത്തില്‍ യജമാനനായ അല്ലാഹുവിനെ സ്തുതിക്കുന്നത് അസാധ്യമാണ്. കാരണം അവന്‍ തന്ന നാവുപയോഗിച്ച് സ്തുതിക്കുമ്പോള്‍ വീണ്ടും സ്തുതിക്ക് ബാധ്യസ്ഥരാകുന്നു. അപ്പോള്‍ അവന്‍റെ വായുവും വെള്ളവും ഭക്ഷണവും മറ്റു സുഖസൗകര്യങ്ങളും ഉപയോഗിച്ച് ഈ ഭൂമിയില്‍ ജീവിക്കുന്ന ഒരടിമ നിര്‍ബന്ധമായി അനുവര്‍ത്തിക്കേണ്ടതാണ് ഹംദ്. കാരുണ്യവാനായ റബ്ബിന്‍റെ റഹ്മത്തില്‍ നിരാശരാകരുത്. അവന്‍ പ്രതിഫലം നല്‍കുമെന്ന പ്രതീക്ഷയാണ് നമ്മുടെ ജീവിതത്തെ പ്രചോദിപ്പിക്കുക. അതുകൊണ്ടാണ് ഏതൊരു കാര്യത്തിന് മുമ്പും ശേഷവും റസൂല്‍(സ്വ) ഹംദ് സുന്നത്താക്കിയത്. ഖിയാമത്ത് നാളില്‍ സ്വര്‍ഗത്തിലേക്ക് ആദ്യം ക്ഷണിക്കപ്പെടുന്നത് സുഖത്തിലും ദു:ഖത്തിലും അല്ലാഹുവിനെ സ്തുതിക്കുന്നവനാണ്.

 

തസ്ബീഹ്

ഉണങ്ങിയ ഇലകള്‍ മരത്തില്‍ നിന്ന് പൊഴിയുന്നതുപോലെ ദോഷങ്ങള്‍ പൂര്‍ണമായി പൊറുക്കപ്പെടാനും മീസാന്‍റെ ഭാരം വര്‍ധിക്കാനുമുതകുന്ന മന്ത്രമാണ് തസ്ബീഹ്. നബി(സ്വ) പറഞ്ഞു: ഒരാള്‍ പ്രഭാതത്തിലും പ്രദോഷത്തിലും തസ്ബീഹ് ചൊല്ലിയാല്‍ നൂറ് ഹജ്ജ് ചെയ്ത പ്രതിഫലം അല്ലാഹു അവന് രേഖപ്പെടുത്തും. നൂറ് തവണ ഒരു വിശ്വാസി നാഥനെ സ്തുതിച്ചാല്‍ അല്ലാഹുവിന്‍റെ മര്‍ഗത്തില്‍ നൂറ് കുതിരകളുമായി യുദ്ധം ചെയ്തവന്‍റെ പ്രതിഫലം ലഭിക്കും. നൂറ് തവണ തഹ്ലീല്‍ ചൊല്ലിയാല്‍ ഇസ്മാഈല്‍ സന്തതിയില്‍ പെട്ട നൂറ് അടിമകളെ മോചിപ്പിച്ചവനപ്പോലെയായി (തുര്‍മുദി).

നാവിനേറ്റവും ലളിതവും തുലാസില്‍ ഭാരമേറിയതും അല്ലാഹുവിന് ഇഷ്ടപ്പെട്ടതുമായ രണ്ട് ദിക്റുകളാണ് څസുബ്ഹാനല്ലാഹി വബിഹംദിഹി സുബ്ഹാനല്ലാഹില്‍ അളീംچ(ബുഖാരി). ഒരാള്‍ നൂറു പ്രാവശ്യം ഇത് ചൊല്ലിയാല്‍ സമുദ്രത്തിലെ നുരകള്‍ കണക്കെ ദോഷങ്ങള്‍ പൊറുക്കപ്പെടും. ചൊല്ലുന്നത് അല്‍പ്പമാണെങ്കിലും അത് പതിവാക്കുന്നതാണ് ഉത്തമമെന്നും പ്രയാസങ്ങള്‍ ഏറ്റെടുത്ത് ശരീരത്തെ ബുദ്ധിമുട്ടിക്കരുതെന്നും റസൂല്‍(സ്വ) കല്‍പ്പിച്ചു. ഈ ദിക്റുകള്‍ക്ക് പുറമെ നിത്യജീവിതത്തില്‍ നാം ശീലിക്കേണ്ട ദിക്റുകളും ഹദീസുകളില്‍ വന്നിട്ടുണ്ട്. അവ വളരെ കൃത്യതയോടെയും വ്യക്തതയോടെയും ഒരുമിച്ചുകൂട്ടി ഇമാം അബ്ദുല്ലാഹി ബ്നു അലവി അല്‍ഹദ്ദാദ്(റ) രചിച്ച ഹദ്ദാദ് റാത്തീബ് പതിവാക്കാന്‍ നാം നിര്‍ബന്ധബുദ്ധി കാണിക്കണം. നമ്മുടെ ആരാധനകളില്‍ വരുന്ന അപചയങ്ങള്‍ പരിഹരിക്കാനും ഹൃദയ സാന്നിധ്യം വീണ്ടെടുക്കാനും ഹദ്ദാദിനാകുമെന്ന യാഥാര്‍ത്ഥ്യം നാം വിസ്മരിക്കരുത്. അവയുടെ ശ്രേഷ്ഠതകളും മഹത്ത്വവും ഏറെയുണ്ട്. ഭക്ഷണം കഴിക്കുക, വസ്ത്രം ധരിക്കുക, പള്ളിയില്‍ പ്രവേശിക്കുക, പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കുക തുടങ്ങി നിത്യവും ചെയ്യുന്ന പ്രവര്‍ത്തികളോടനുബന്ധിച്ച് ദിക്റിനെ സന്നിവേശിപ്പിക്കാന്‍ നാം ശ്രമിക്കണം. ‘ജീവിതത്തിന്‍റെ നിയോഗ ലക്ഷ്യം വിസ്മരിച്ചവനാണ് ദിക്റുകള്‍ വര്‍ജിക്കുക. അവന്‍ ചേതനയറ്റ ശവമാണ്. ദൈവ സ്മരണയുള്ളവനാകട്ടെ, ചൈതന്യം മുറ്റിയവനും. അവന്‍ ആരാധനകളില്‍ ഉത്സാഹവും നന്മകളില്‍ ആവേശവും കാണിക്കുന്നു’ (ഹദീസ്).

You May Also Like

‘തര്‍ജുമാനുല്‍ ഖുര്‍ആന്‍’

റസൂലിന്‍റെ വഫാതിനു ശേഷം ഞാനൊരിക്കല്‍ ഒരു അന്‍സ്വാരി യുവാവിനോട് പറഞ്ഞു: സുഹൃത്തേ, ഇന്ന് ധാരാളം സ്വഹാബിമാര്‍…

● ടിടിഎ ഫൈസി പൊഴുതന
Karamath

കറാമത്ത്, ഇസ്തിദ്റാജ്

പ്രവാചകത്വവാദമില്ലാതെ വലിയ്യിന്‍റെ ഭാഗത്തു നിന്ന് പ്രകടമാകുന്ന അസാധാരണ സംഭവങ്ങളാണ് കറാമത്ത് (ശര്‍ഹുല്‍ അഖാഇദ്). ബഹുമാനം, ആദരവ്…

● അബ്ദുല്‍ അസീസ് സഖാഫി വാളക്കുളം
Muvathwa Hadeeth

മുവത്വ: രണ്ടാം നൂറ്റാണ്ടിന്‍റെ ഇതിഹാസ രചന

തിരുസുന്നത്തിന്‍റെ പ്രകാശനമാണ് ഹദീസുകള്‍ നിര്‍വഹിക്കുന്നത്. നബി(സ്വ)യുടെ വാക്ക്, പ്രവൃത്തി, മൗനാനുവാദം ഒന്നൊഴിയാതെ കൈമാറ്റം ചെയ്യുന്നത് ഹദീസുകളിലൂടെയാണ്.…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്