ഹജ്ജ് വിശ്വമാനവികതയുടെ മഹാവിളംബരം

വിശ്വമാനവികതയുടെ ഉജ്ജ്വല വിളംബരമാണ് ഹജ്ജ്. ലോക സമാധാനത്തിന്‍റെയും സമത്വത്തിന്‍റെയും മഹാസന്ദേശം. സകല മനുഷ്യര്‍ക്കും ജീവജാലങ്ങള്‍ക്കും പ്രകൃതിക്ക് തന്നെയും ഗുണകരമായ ഒട്ടേറെ നേട്ടങ്ങളും അഭിവൃദ്ധിയും സാധ്യമാകുന്ന ആഗോള മുസ്ലിം സംഗമം. ഹജ്ജിന്‍റെ ആത്മാവും ആരാധനകളും പ്രാര്‍ത്ഥനകളും വിശകലനം ചെയ്യുമ്പോള്‍ തെളിഞ്ഞുവരുന്ന ചില സുപ്രധാന സന്ദേശങ്ങളുണ്ട്. ലോക സമാധാനവും സമത്വവും ഐക്യവും പുനര്‍നിര്‍മിക്കുന്ന വിശാലമായ മാനവികതയുടെ ശ്രേഷ്ഠ കര്‍മമാണ് ഓരോ വര്‍ഷത്തെയും ഹജ്ജ്. കലുഷിതമായ ലോകക്രമത്തില്‍ വിശേഷിച്ചും.

ഏകതയുടെ പ്രതീകമാണ് പരിശുദ്ധ കഅ്ബ. അത് അല്ലാഹുവിന്‍റെ ഏകത്വം വിളംബരം ചെയ്യുന്നു, ഒപ്പം മാനവരാശിയുടെയും. അതിന്‍റെ ക്ഷണം മുഴുവന്‍ മനുഷ്യരെയുമാണ്. എല്ലാവിധ വിഭാഗീയതകള്‍ക്കും വേര്‍തിരിവുകള്‍ക്കും അതീതമായാണ് അത് നിലനില്‍ക്കുന്നത്. അതിന്‍റെ സ്ഥാനനിര്‍ണയം നടത്തിയത് സ്രഷ്ടാവായ അല്ലാഹുവത്രെ.

എക്കാലത്തെയും വിശ്വാസികളെ ഏകീകരിക്കുന്ന വിശുദ്ധ കര്‍മമാണ് ഹജ്ജ്. മറ്റു കര്‍മങ്ങളെ പോലെ അവരവരുടെ നാട്ടില്‍ വച്ച് നിര്‍വഹിക്കാവുന്നതല്ല അത്. കഅ്ബയുടെ ചാരത്തും പരിസരത്തും മാത്രം ചെയ്യാവുന്ന പ്രത്യേക അനുഷ്ഠാനമാണത്. ലോകത്തിന്‍റെ ഏത് കോണില്‍ താമസിക്കുന്നവനും മക്കയില്‍ വന്നു വേണം ഹജ്ജ് നിര്‍വഹിക്കാന്‍. നിശ്ചിത കാലത്തും സമയത്തും നിര്‍ദിഷ്ട നിയ്യത്തോടെയും വേഷവിധാനത്തോടെയും മാത്രം.

ഇതുവരെ അവര്‍ പല പേരുകളില്‍ അറിയപ്പെട്ടിരുന്നു. രാജാവ്, പ്രധാനമന്ത്രി, പ്രസിഡന്‍റ്, ഐഎഎസുകാരന്‍, ബിസിനസുകാരന്‍, കര്‍ഷകന്‍, കോടീശ്വരന്‍… പക്ഷേ, ഇപ്പോള്‍ മുതല്‍ അവരെല്ലാം ഹാജിമാരാണ്. എല്ലാവരുമൊന്ന്, മനസ്സൊന്ന്, ലക്ഷ്യമൊന്ന്, കര്‍മവും ധര്‍മവുമൊന്ന്. കഅ്ബക്ക് ചുറ്റും കറങ്ങുമ്പോള്‍ മുന്നില്‍ ശിപായി പിന്നില്‍ കലക്ടര്‍. മന്ത്രിയോട് തൊട്ടുരുമ്മി റിക്ഷ വലിക്കാരന്‍. ആര്‍ക്കും നാടും വീടും ദേശവും ഭാഷയുമില്ല. എല്ലാവരും മനുഷ്യര്‍. വിലാസങ്ങളൊന്നുമില്ലാത്ത തനിമനുഷ്യര്‍. കണ്ഠങ്ങളില്‍ ഒരേ മുദ്രാവാക്യവും മന്ത്രവും. എല്ലാവരും കുടിക്കുന്നത് ഒരേ പാനീയം-വിശുദ്ധ സംസം.

ഓരോരുത്തരും വന്‍സമൂഹത്തിന്‍റെ ഭാഗമായി മാറുകയാണവിടെ. എന്‍റേത് എന്ന താല്‍പര്യങ്ങളെല്ലാം അപ്രത്യക്ഷമാവുന്നു. എല്ലാവരും ഒരു മഹാപ്രവാഹത്തിലെ കണികകളാകുന്നു. എല്ലാവിധ സങ്കുചിതത്വങ്ങളില്‍ നിന്നും പക്ഷപാതിത്വങ്ങളില്‍ നിന്നും സമ്പൂര്‍ണ മോചനം ലഭിക്കുന്നു. ത്വവാഫിലും സഅ്യിലും അറഫയിലും മിനയിലും കല്ലേറിലുമെല്ലാം ഏകതാ മനോഭാവം ശരിക്കും പ്രകടമാകുന്നു.

 

അറഫാ സംഗമം

ഹജ്ജിന്‍റെ മര്‍മമായ അറഫാ സംഗമമാണ് കൂടുതല്‍ ചേതോഹരം. ശരിക്കും ഏകദിന നഗരമാണ് അറഫ. വര്‍ഷത്തിന്‍റെ മറ്റെല്ലാ ദിവസവും അവിടെ വിജനമാണ്. ദുല്‍ഹിജ്ജ ഒമ്പതിന് അതൊരു ലോകമായി മാറുന്നു. അല്ല, ലോകം അറഫയിലേക്ക് ചുരുങ്ങുന്നു. മുഴുവന്‍ ലോകത്തിന്‍റെയും പ്രതിനിധികളായ ഹാജിമാര്‍ അന്നവിടെ സമ്മേളിക്കുന്നു.

മുഴുവന്‍ മനസ്സുകളും പ്രപഞ്ചനാഥനിലേക്ക് പശ്ചാത്തപിച്ച് മടങ്ങുന്നു. എല്ലാ ചുണ്ടുകളും പാപമോചന പ്രാര്‍ത്ഥനകളില്‍ മുഴുകുകയാണ്. അസമത്വത്തിന്‍റെയോ അനാഥത്വത്തിന്‍റെയും അകല്‍ച്ചയുടെയോ നേരിയ അടയാളം പോലും അറഫയില്‍ ദൃശ്യമല്ല. ആരുടെയും അന്തര രംഗത്ത് അമര്‍ഷമോ അസൂയയോ അസഹിഷ്ണുതയോ അഹിത വികാരങ്ങളോ അശേഷമില്ല. അവിടെ അക്ഷരാര്‍ത്ഥത്തില്‍ മനുഷ്യരാശി ഒന്നാകുന്നു. ‘നിശ്ചയം നിങ്ങളുടെ ഈ സമുദായം ഒരൊറ്റ സമുദായമാകുന്നു. ഞാന്‍ നിങ്ങളുടെ നാഥനും. അതിനാല്‍ നിങ്ങളെനിക്ക് വഴിപ്പെടുക’ (അല്‍അമ്പിയാഅ്: 92).

ആഗോള ഇസ്ലാമിക സമൂഹത്തിന്‍റെ കൊച്ചുരൂപമാണ് അറഫ. ലോകമെങ്ങുമുള്ള വിശ്വാസി വ്യൂഹത്തിന്‍റെ ചേതോഹരമായ പരിച്ഛേദം. ഒരര്‍ത്ഥത്തില്‍ ലോകമുസ്ലിം പ്രതിനിധികള്‍ ഒത്തുചേരുന്ന അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനം. ഓരോ മുസ്ലിമിനും താന്‍ വിശാലമായ ഇസ്ലാമിക സമൂഹത്തിന്‍റെ ഭാഗമാണെന്ന തിരിച്ചറിവ് ലഭിക്കുന്ന പുണ്യകര്‍മം കൂടിയാണ് അറഫയില്‍ നില്‍ക്കല്‍. മാനവനെ ദേശ ഭാഷ വര്‍ഗ വര്‍ണ കുടുംബ ഗോത്ര വിഭാഗീയതകളില്‍ നിന്നെല്ലാം സ്വതന്ത്രമാക്കുന്ന പുണ്യകര്‍മം. അല്ലാഹുവിന്‍റെ ഏകത്വം പോലെ മനുഷ്യകത്തിന്‍റെ ഏകത്വവും അത് വിളംബരം ചെയ്യുന്നു.

തിരിച്ചറിവിന്‍റെയും പ്രത്യാശയുടെയും താഴ്വരയാണ് അറഫ. മുഴുവന്‍ ഹാജിമാരും ഒരേസമയം അവിടെ സംഗമിക്കുന്നു. സ്വന്തത്തിനും കുടുംബത്തിനും വേണ്ടി മാത്രമല്ല അവരുടെ ഒത്തുചേരലും പ്രാര്‍ത്ഥനയും, ഇസ്ലാമിക സമൂഹത്തിന് വേണ്ടിയും മാനവരാശിക്ക് വേണ്ടിയുമാണ്. വിശുദ്ധ ഇസ്ലാം വിഭാവനം ചെയ്യുന്ന ഏകലോകത്തിന്‍റെ ചെറുപതിപ്പ്.

അറഫയിലെ ഒത്തുചേരല്‍ വിശ്വാസികളെ വികാരഭരിതരാക്കും. ഭൂമിയുടെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെയുള്ള മുഴുവന്‍ തീര്‍ത്ഥാടകരും തങ്ങളെ വേര്‍തിരിക്കുന്ന സകല വിവേചന-വിശേഷണങ്ങളില്‍ നിന്നെല്ലാം വിമോചിതരായി വിനയാന്വിതരും നിര്‍മല ഹൃദയരുമായി സ്രഷ്ടാവിന്‍റെ മുമ്പില്‍ സമ്മേളിച്ചിരിക്കുകയാണ്. ജീവിതത്തില്‍ മുമ്പൊന്നുമില്ലാത്ത വിധം അവര്‍ ആത്മപരിശോധന നടത്തുന്നു. ഗതകാല ജീവിതത്തിലെ ഏടുകള്‍ മറിച്ചുനോക്കി സംഭവിച്ചുപോയ പാപങ്ങള്‍ ചികഞ്ഞെടുത്ത് അല്ലാഹുവിന്‍റെ മുമ്പില്‍ ഏറ്റുപറഞ്ഞു പാപമോചനം തേടുന്നു. പശ്ചാത്തപിച്ച് മടങ്ങുന്നു. അവിടെ തേങ്ങാത്ത ഹൃദയങ്ങളും വിതുമ്പാത്ത ചുണ്ടുകളും നനയാത്ത നയനങ്ങളും വളരെ വിരളമായിരിക്കും. അതുകൊണ്ടാകാം തിരുനബി(സ്വ) പറഞ്ഞത്: ‘അറഫാ ദിനത്തെ പോലെ പിശാച് നിന്ദ്യനും ഇളിഭ്യനും കോപാകുലനുമാകുന്ന മറ്റൊരു ദിവസമില്ല’.

അന്ത്യനാളിനെയും അന്ത്യയാത്രയെയും അനുസ്മരിപ്പിക്കുന്നതാണ് അറഫാ സംഗമം. ഇഹ്റാമിന്‍റെ രണ്ട് തുണ്ട് മുണ്ടിനോട് ഒന്നു കൂടി കൂട്ടിയാല്‍ മരണാനന്തര യാത്രക്ക് വേണ്ട കഫന്‍പുടവയായി. അറഫയില്‍ സമ്മേളിക്കുന്നത് അല്ലാഹുവിന്‍റെ സന്നിധിയില്‍ ഹാജറാക്കപ്പെടുന്നതിനെ ഓര്‍മിപ്പിക്കുന്നതിനാലായിരിക്കും വിശുദ്ധ ഖുര്‍ആനിലെ അല്‍ഹജ്ജ് അധ്യായത്തിന്‍റെ പ്രാരംഭം പുനരുത്ഥാന നാളിനെ പരാമര്‍ശിച്ചുകൊണ്ടായത്. അതിങ്ങനെ വായിക്കാം: ‘ജനങ്ങളേ, നിങ്ങളുടെ നാഥന്‍റെ കോപത്തെ സൂക്ഷിക്കുക. പുനരുത്ഥാന നാളിന്‍റെ പ്രകമ്പനം അതിഭയാനകം തന്നെ. നിങ്ങളത് കാണുന്ന നാളിലെ അവസ്ഥ ഇതായിരിക്കും. മുലയൂട്ടുന്നവരൊക്കെയും തങ്ങളുടെ മുല കുടിക്കുന്ന കുട്ടികളെ മറക്കുന്നു. ഗര്‍ഭിണികളെല്ലാം പ്രസവിച്ചുപോകും. ജനത്തെ ഉന്മാദരായി കാണും. എന്നാലവര്‍ ലഹരി ബാധിതരായിരിക്കില്ല. അല്ലാഹുവിന്‍റെ ശിക്ഷ എത്രയേറെ ഗുരുതരമായിരിക്കും (ഹജ്ജ് 12).

 

നിവേദനവുമായി പോകുന്നു

ഹാജിമാര്‍ അല്ലാഹുവിലേക്ക് നിവേദനവുമായി പോകുന്ന പ്രത്യേക ക്ഷണിതാക്കളാണ്. അല്ലാഹു അവന്‍റെ വിശുദ്ധ ഭവനത്തിലേക്ക് നേരിട്ട് വിളിച്ച് വരുത്തുന്ന അതിഥികള്‍. തിരുനബി(സ്വ) പറയുന്നു: ഹാജിമാരും ഉംറക്കാരും അല്ലാഹുവിന്‍റെ നിവേദക സംഘങ്ങളാകുന്നു. കഅ്ബാലയത്തിന്‍റെ സമഗ്രമായ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷം അല്ലാഹു ഖലീലുല്ലാഹി ഇബ്റാഹീം നബിയോട് ഹജ്ജിന് ജനങ്ങളെ ക്ഷണിക്കാന്‍ ആഹ്വാനം ചെയ്യുന്ന രംഗം ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. ‘താങ്കള്‍ ജനങ്ങളെ ഹജ്ജിന് വിളിക്കുക. എങ്കില്‍ നടന്നും മെലിഞ്ഞ വാഹനങ്ങളിലുമായി വിദൂര മേഖലകളില്‍ തന്നെല്ലാം അവര്‍ താങ്കളെ സമീപിക്കും’ (അല്‍ഹജ്ജ്: 27).

അന്ത്യനാള്‍ വരെ ഹജ്ജ് ചെയ്യുന്നവരെല്ലാം ക്ഷണം സ്വീകരിച്ച് ലബ്ബൈക… ചൊല്ലി വര്‍ഷാവര്‍ഷം ഹജ്ജിനെത്തുന്നു. അത്ഭുതകരമാം വിധം ആശയവിനിമയം നടത്തുന്നു. ഉമ്മ പ്രസവിച്ച കുഞ്ഞിന് തുല്യരും സമ്പൂര്‍ണ സംസ്കൃതരുമായി ഹജ്ജ് നിര്‍വഹിച്ച് തിരിച്ചെത്തുന്നു, അവാച്യമായ അനുഭൂതിയോടെ.

പ്രാര്‍ത്ഥനയുടെയും പ്രശ്ന പരിഹാരത്തിന്‍റെയും അവസാനത്തെ അത്താണിയായ ആത്മീയ കേന്ദ്രത്തിലേക്ക് ഓരോ ഹാജിയും തീര്‍ത്ഥാടകനായെത്തുന്നത് സ്വന്തം താല്‍പര്യ സംരക്ഷണത്തിന് വേണ്ടി മാത്രമല്ല, തന്‍റെ കുടുംബത്തിന്‍റെയും നാടിന്‍റെയും സമൂഹത്തിന്‍റെയും പ്രതിനിധിയായിട്ടാണ്. നീണ്ട ഒരുക്കത്തിന് ശേഷം കുടുംബങ്ങളും ജനപ്രതിനിധികളും നാട്ടുകാരൊന്നടങ്കം അവനെ യാത്രയയക്കുകയാണ്, സാമൂഹിക പ്രാധാന്യമുള്ള പ്രശ്ന പരിഹാരത്തിന് ആവശ്യപ്പെട്ടുകൊണ്ടുള്ള സുപ്രധാന ഫയലുകളുമായി. പലരും പലതും പ്രത്യേകം ഏല്‍പിക്കുന്നു. പ്രത്യുത്തരം പ്രതീക്ഷിക്കുന്ന പ്രധാന സ്ഥലങ്ങളില്‍ പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെടുന്നു.

സ്വന്തം ഭവനത്തിലേക്ക് താല്‍പര്യപൂര്‍വം ക്ഷണിച്ചു വരുത്തിയതിനാല്‍ പ്രശ്ന പരിഹാരത്തിന്‍റെ അര്‍ത്ഥനകള്‍ നിരസിക്കപ്പെടുകയില്ല. നടപടിക്രമം ശരിയല്ലെന്ന സാങ്കേതികത്വം പറഞ്ഞ് അപേക്ഷകള്‍ തള്ളിക്കളയാനുള്ള സാധ്യത വളരെ കുറവാണവിടെ. തിരുനബി(സ്വ) പറഞ്ഞു: ‘ഹാജിക്ക് അല്ലാഹു പൊറുത്തുകൊടുക്കും. ഹാജി ആവശ്യപ്പെടുന്നവര്‍ക്കും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. തന്‍റെ കുടുംബത്തിലെ നാന്നൂറ് പേര്‍ക്ക് വരെ ശിപാര്‍ശ ചെയ്യാന്‍ അവന് അനുമതി ലഭിക്കും (ഇബ്നു ഖുസയ്മ, ഇബ്നുമാജ, ത്വബ്റാനി).

 

ജനസമൂഹത്തിന് വേണ്ടിത്തന്നെ

ലോകത്തിലെ എക്കാലത്തെയും ഏറ്റവും ശ്രദ്ധേയമായ ഭവനമാണ് വിശുദ്ധ കഅ്ബ. നൂറ് കോടിയിലേറെ മനുഷ്യര്‍ നിത്യവും നിരന്തരം നിസ്കാരത്തിന് തിരിഞ്ഞുനില്‍ക്കുന്നത് അവിടേക്കാണ്. അന്ത്യശ്വാസം വലിക്കുമ്പോള്‍ മുഖം തിരിച്ചുവെക്കുന്നതും അങ്ങോട്ട് തന്നെ. നൂറ്റാണ്ടുകളിലൂടെ കടന്നുപോയ കോടാനുകോടി വിശ്വാസികള്‍ അന്ത്യവിശ്രമം കൊള്ളുന്നതും കഅ്ബയിലേക്ക് തിരിഞ്ഞ് മാത്രം. ജനവികാരങ്ങളുമായി ഇവ്വിധം കെട്ടുപിണഞ്ഞു കിടക്കുന്ന മറ്റൊരു കെട്ടിടവും, ഹജ്ജ് കര്‍മം പോലുള്ള മറ്റൊരു സാധനയും ലോകത്തില്ല. അല്ലാഹുവിന്‍റെ ഏകതയുടെ പ്രതീകവും ഏകദൈവാരാധകരുടെ പ്രാര്‍ത്ഥനയുടെ ദിശയും അതത്രെ.

മനുഷ്യരാശിക്ക് മുഴുവനുമായാണ് അതിന്‍റെ നിര്‍മാണമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ‘ഖിയാമന്‍ ലിന്നാസ്, മസാബതന്‍ ലിന്നാസി വഅംനാ’ ജനങ്ങളുടെ നിലനില്‍പ്പിന് അഭയം തേടാന്‍ വേണ്ടി, സുരക്ഷിതത്വം ലഭിക്കാന്‍ വേണ്ടി, ജനക്ഷേമത്തിന് വേണ്ടി ഇങ്ങനെ നിരവധി വ്യാഖ്യാനങ്ങള്‍ കാണാം. ജനങ്ങള്‍ക്ക് വേണ്ടി എന്നതിന് വിശാലമായ അര്‍ത്ഥമുണ്ട്. എക്കാലത്തെയും ജനങ്ങളുടെ ഖിബ്ലയും തീര്‍ത്ഥാടന കേന്ദ്രവുമാണത്.

ലോകജനതക്ക് സമ്മേളിക്കാന്‍, നിസ്കരിക്കാന്‍, ആരാധനാ കേന്ദ്രമാക്കാന്‍, ആവശ്യം പൂര്‍ത്തീകരിക്കാന്‍, തീര്‍ത്ഥാടനം നടത്താന്‍, പ്രാര്‍ത്ഥന നിര്‍വഹിക്കാന്‍, ആത്മീയ കേന്ദ്രമായി ഓടിച്ചെല്ലാന്‍, അങ്ങനെയങ്ങനെ… ലോകജനതയുടെ നിലനില്‍പ്പിനും അഭിവൃദ്ധിക്കും അനിവാര്യമാണ് ഈ വിശ്വദേവാലയവും അവിടെ അനവരതം നടന്നുകൊണ്ടിരിക്കുന്ന പുണ്യകര്‍മങ്ങളത്രയുമെന്ന് ചുരുക്കം.

അല്ലാഹു പറയുന്നു: ‘കഅ്ബയെ നാം ജനങ്ങളുടെ മടക്കസ്ഥലവും അഭയകേന്ദ്രവുമാക്കി’ (അല്‍ബഖറ: 125). മഹാപ്രവാഹം പോലെ ഇത്രയേറെ സന്ദര്‍ശകരെ സ്വീകരിക്കുന്ന രണ്ടാമതൊരു കേന്ദ്രമില്ല. മനുഷ്യകോടികളുടെ കണ്ണുനീര്‍ തുള്ളികളിറ്റി വീഴുന്ന വേറൊരിരടം ഭൂമിയിലുണ്ടാവില്ല, പശ്ചാത്താപ വിവശരായ വിശ്വാസികളുടെ തപ്ത നിശ്വാസങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന സ്ഥലവും.

കഅ്ബ പോലെത്തന്നെ ലാളിത്യത്തിന്‍റെ വിളംബരമാണ് അതിനെ കേന്ദ്രീകരിച്ചുള്ള പുണ്യ ഹജ്ജും. ധനികനെ ദരിദ്രനില്‍ നിന്ന് വേര്‍തിരിക്കുന്ന വകഭേദങ്ങളൊക്കെ ഹജ്ജില്‍ വകഞ്ഞുമാറ്റപ്പെടുന്നു. വിശുദ്ധ കഅ്ബ കേന്ദ്രീകരിച്ചുകൊണ്ട് നടക്കുന്ന മുഴുവന്‍ കര്‍മങ്ങളും ലോകജനതയുടെ സമാധാന ജീവിതത്തിനും സകലമാന നിലനില്‍പ്പിനും അനിവാര്യമാണ്. അതിന് ഭംഗം വരുന്ന സാഹചര്യമുണ്ടായാല്‍ ഗുരുതരമായ പ്രതിസന്ധികള്‍ ഉടലെടുക്കും. മുസ്ലിം ലോകത്ത് ഇന്ന് നിലനില്‍ക്കുന്ന അവസ്ഥകള്‍ക്ക് സാരമായ മാറ്റം സംഭവിക്കും.

You May Also Like
HAJARUL ASWAD

ഹജറുൽ അസ്‌വദിന്റെ ചരിത്രം

വിശ്വാസ ദാർഢ്യത്തിന്റെയും അചഞ്ചല ധീരതയുടെയും പാവന സ്മരണകൾ തുടിച്ച് നിൽക്കുന്ന വിശുദ്ധ ഭൂമിയിലേക്ക് ലബ്ബൈക്കിന്റെ മന്ത്രങ്ങൾ…

● അബ്ദുൽ ഹസീബ് കൂരാട്
hajara-sara-malayalam

തരുണികളിലെ താരങ്ങളായി ഹാജറും സാറയും

ത്യാഗത്തിന്റെ പ്രതീകമായ ഇബ്‌റാഹീം(അ)യുടെ പ്രിയതമയായിരുന്നു ബീവി സാറ(റ). അസൂയാർഹമായ സൗന്ദര്യത്തിന്റെ ഉടമയായ അവർ പ്രബോധന രംഗത്ത്…

● റഹ്മതുല്ലാഹ് സഖാഫി എളമരം

നബിസ്‌നേഹത്തില്‍ കുതിര്‍ന്ന കുടുംബം

മക്ക ഫത്ഹിന് മുഹമ്മദുര്‍റസൂല്‍(സ്വ) ജന്മനാട്ടിലേക്ക് തിരിച്ചുവന്നപ്പോള്‍ വാഹനപ്പുറത്ത് കൂടെയൊരു ചെറുപ്പക്കാരനുണ്ടായിരുന്നു. കറുത്ത് മൂക്ക് ചപ്പിയ വിരൂപിയായൊരാള്‍.…

● ടിടിഎ ഫൈസി പൊഴുതന