വാനഭുവനങ്ങളുടെ സൃഷ്ടിപ്പിലും ദിനരാത്രങ്ങളുടെ വ്യതിയാനത്തിലും ചിന്താശീലര്‍ക്ക് ദൃഷ്ടാന്തമുണ്ടെന്നു പരിശുദ്ധഖുര്‍ആന്‍ (3/190). മനുഷ്യന്റെ ഭൗതികവാസം ശാശ്വതമല്ല. നാളേക്കു വേണ്ടിയുള്ള തയ്യാറെടുപ്പിനുമാത്രം അനുവദിച്ചതാണ് ഈ ഹ്രസ്വകാലത്തെ ജീവിതം. ഒടുവില്‍ എല്ലാവര്‍ക്കും മരണമെത്തുന്നു. ലോകത്തെ കീഴ്മേല്‍ മറിച്ച നിരവധി ശാസ്ത്ര കണ്ടത്തെലുകള്‍ നടത്തിയ മഹാപ്രതിഭകള്‍ക്കൊന്നും അവരുടെ മരണം തടയാനായില്ല. എന്തിനധികം, ഇന്ന് ജീവിച്ചിരിക്കുന്ന ഉന്നത ശാസ്ത്രവിശാരദന്‍, ഐന്‍സ്റ്റീന്റെ ആപേക്ഷികസിദ്ധാന്തത്തിനു തന്നെയും തിരുത്തുമായെത്തിയ സ്റ്റീഫന്‍ ഹോക്കിംഗിനു ഒരു വശത്തേക്കു തൂങ്ങിയ തന്റെ തല മറുവശത്തേക്കു തിരിച്ചു കിടത്താന്‍ പോലുമായിട്ടില്ല. എല്ലാം അല്ലാഹുവിന്റെ ഖുദ്റത്താല്‍ നടക്കുന്നു. അതിലേതാണ്ടൊരിടത്തിരിക്കുന്ന മര്‍ത്യന്‍ കഥയെന്തന്നറിയുന്നു.

മരണാനന്തരം ഖബര്‍വാസമാണ്. “നിങ്ങള്‍ ഖബര്‍ സന്ദര്‍ശിക്കുവോളം’ എന്നാണ് ഖുര്‍ആനിലെ ഒരു പ്രയോഗം. അതൊരു സന്ദര്‍ശനം മാത്രമാണെന്നും അവിടെ നിന്നു മടക്കം അനിവാര്യമാണെന്നുമാണിതിന്റെ സൂചന. പോവേണ്ടത് പരലോക ജീവിതത്തിലേക്കാണ്ചിലര്‍ സര്‍വാനുഗ്രഹങ്ങളുടെയും പറുദീസയിലേക്കും മറ്റുള്ളവര്‍ അവര്‍ണനീയ പീഡനങ്ങളുടെ നരകത്തിലേക്കും. രണ്ടിലേക്കുമെത്തിക്കുന്ന പാതയും രീതിയും വിശദീകരിച്ചു തന്ന് റബ്ബ് കാത്തിരിക്കുന്നു. സദ്-വിശ്വാസവും കര്‍മങ്ങളും പുലര്‍ത്തുന്നുവെങ്കില്‍ അവര്‍ക്ക് രക്ഷ. അല്ലെങ്കില്‍…

വീണ്ടുമൊരു പുതുവര്‍ഷപ്പുലരിയിലാണ് ലോകമുസ്‌ലിംകള്‍. ദിനങ്ങള്‍ തീരുന്നു. പൂവിരിയുന്നു. ഋതു ഭേദങ്ങള്‍ സംഭവിച്ചുകൊണ്ടേയിരിക്കുന്നു. മാറ്റിവെക്കുന്ന കലണ്ടറിനോട് കൂടെ നമ്മുടെയൊക്കെ ആയുസ്സില്‍ നിന്ന് ഒരു ദളംകൂടി കൊഴിയുന്നു. അതൊരു നിലക്കും തിരിച്ചുപിടിക്കാനാവില്ല. ശരീരത്തിനും മനസ്സിനും ക്ഷീണം പിടികൂടും മുമ്പ് നാഥനിലേക്കടുക്കാന്‍ ഇത് നമ്മെ പ്രചോദിപ്പിക്കണം. ഇലപൊഴിയും ശിശിരവും കിണര്‍ വരളും വേനലും സമൃദ്ധിനല്‍കും വസന്തവുമെല്ലാം നമ്മെ ഓര്‍മപ്പെടുത്തുന്നത് നഷ്ട പ്രതാപത്തെയാവണം, ഒരു ദിനം നാം എടുക്കപ്പെടേണ്ടവരാണെന്ന മഹാസത്യത്തെയാവണം. എങ്കില്‍ നമുക്ക് വിജയികളാവാം.

ലോകം കണ്ട പെരും പോക്കിരികളൊന്നും ചിരഞ്ജീവികളായില്ല. ഞാനാണ് അത്യുന്നതനായ തമ്പുരാനെന്നു വീമ്പുപറഞ്ഞ ഫറോവ മുതല്‍ ആധുനിക കാലത്തെ നിരവധി ഭീകരന്‍മാരൊക്കെയും എല്ലാം ത്യജിച്ച് നാടുനീങ്ങി. ലോകാരംഭംമുതലുള്ള ഇത്തരം ഉത്ഥാനപതനങ്ങള്‍ നേരിട്ടു വീക്ഷിക്കുകയും വിനീതരായ ദൈവദാസരുടെ പരമാര്‍ത്ഥിക വിജയം കണ്ടാസ്വദിക്കുകയും ചെയ്ത കാലത്തെ ആണയിട്ടു നാഥന്‍ പറയുന്നതും സദ്വൃത്തര്‍ക്കൊഴികെയുള്ള പരാജയത്തെയാണ്. പുതുവര്‍ഷത്തിന്റെ തിരുമുഖപ്പില്‍ നിന്ന് നമുക്ക് ആത്മാര്‍ത്ഥമായാലോചിക്കാം ദീനിനു വേണ്ടി എന്തുചെയ്തു? നാളേക്കു വേണ്ടി എന്തൊക്കെ തയ്യാറാക്കിയിട്ടുണ്ട്? അവയില്‍ ഇനി വരുത്തേണ്ട മാറ്റങ്ങള്‍? കാലചക്രം ഇനിയും കറങ്ങും. ഈദും റബീഉം മുഹര്‍റവും വീണ്ടും വരും; അപ്പോള്‍ ആരൊക്കെ എന്തൊക്കെയെന്നാര്‍ക്കറിയാം! സഫലമോ ഈ യാത്ര…?

You May Also Like

വല്‍ അസ്ര്‍: കാലം സാക്ഷി

പരമദയാലുവും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ കാലം സാക്ഷി. മനുഷ്യന്‍ തീര്‍ച്ചയായും മഹാ നഷ്ടത്തിലാകുന്നു. സത്യം വിശ്വസിക്കുകയും…

ഇമാം ജലാലുദ്ദീനില്‍ മഹല്ലി(റ): ജനസേവകനായ ജ്ഞാനി

ദര്‍സ് സംവിധാനത്തിലെ പ്രധാന ഫിഖ്ഹ്, ഉസ്വൂലുല്‍ ഫിഖ്ഹ്, തഫ്സീര്‍ വിഭാഗത്തിലെ വിവിധ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് ഇമാം…

കഥപറയുന്ന മുഹര്റം

അല്ലാഹുവിന്റെ മാസമെന്നറിയപ്പെടുന്ന മുഹര്‍റം ഹിജ്റ കലണ്ടറിലെ പ്രഥമ മാസവും യുദ്ധം നിഷിദ്ധമായ നാലു മാസങ്ങളിലൊന്നുമാണ്. അല്ലാഹു…