ഖലീഫ ഉമറുല്‍ ഫാറൂഖ്(റ)ന്റെ കാലത്ത് സിറിയ വലിയ വാണിജ്യകേന്ദ്രവും പരിഷ്കൃത നഗരവുമായിരുന്നു. ജനങ്ങളുടെ ജീവിത നിലവാരമാകട്ടെ വളരെ ഉയര്‍ന്ന നിലയിലുമായിരുന്നു. അങ്ങനെയുള്ള ഒരു നാട്ടിലെ ഗവര്‍ണറുടെ പത്നീപദം അലങ്കരിക്കുന്ന ഒരു പുതുമണവാട്ടിക്ക് മെച്ചപ്പെട്ട നിലയില്‍ ജീവിക്കാന്‍ മോഹമുദിച്ചതില് അസ്വാഭാവികതയില്ല. അവര്‍ തന്റെ പ്രിയതമനോട് ആവശ്യങ്ങളുടെ നീണ്ട പട്ടികതന്നെ നിരത്തി.
എനിക്ക് സുന്ദരമായ വസ്ത്രങ്ങളും മേത്തരം വീട്ടുപകരണങ്ങളും മറ്റു ജീവിത വിഭവങ്ങളും വേണം. അവശ്യ വസ്തുക്കളെല്ലാം വാങ്ങിയ ശേഷം ബാക്കിവരുന്ന സംഖ്യ സന്പാദിച്ചു വെക്കണമെന്നാണ് എന്റെ ആഗ്രഹം. പ്രിയതമയുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും കേട്ടു ഗവര്‍ണര്‍ പറഞ്ഞു:
പണം സന്പാദിക്കാന്‍ ലാഭകരമായ ഒരു നല്ല മാര്‍ഗം നമുക്ക് അവലംബിക്കാം. അമിത ലാഭമായിരിക്കും നമുക്കതുവഴി ലഭിക്കുക. നമ്മുടെ താല്ക്കാലികാവശ്യം കഴിച്ചു ബാക്കി പണം കച്ചവടത്തിനു പറ്റിയ ആരെയെങ്കിലും ഏല്പിക്കാം. നല്ല ലാഭം കിട്ടും.
കച്ചവടത്തില്‍ നഷ്ടം പറ്റിയാലോ?
അക്കാര്യം ഞാനേറ്റു
ഗവര്‍ണര്‍ അങ്ങാടിയിലിറങ്ങി. ലിസ്റ്റിലുള്ളവയില്‍ നിന്ന് വളരെ അത്യാവശ്യമുള്ള സാധനങ്ങള്‍ മാത്രം വാങ്ങി. ബാക്കിവന്ന പണം മുഴുവന്‍ ദരിദ്രര്‍ക്ക് ധര്‍മം ചെയ്തു. മാസങ്ങള്‍ പിന്നിട്ടു. ഒരു നാള് ഭാര്യ തങ്ങളുടെ കച്ചവട പുരോഗതിയെ പറ്റി മാരനോട് അന്വേഷിച്ചു.
കച്ചവടം ലാഭകരമായി തന്നെ പുരോഗമിക്കുന്നുണ്ട് ഗവര്‍ണര്‍ പറഞ്ഞു.
കുറച്ചുകാലം കഴിഞ്ഞപ്പോള്‍ കച്ചവട യാഥാര്‍ത്ഥ്യത്തെപ്പറ്റി ഗവര്‍ണറുടെ പത്നിക്ക് ആശങ്കയുദിച്ചു. പിന്നെ പിന്നെ അത് ഭൗതികലാഭം ലഭ്യമാവുന്ന കച്ചവടമല്ലെന്നു മനസ്സിലായതോടെ അവര്‍ കരയാന്‍ തുടങ്ങി. അടക്കാനാവാത്ത സങ്കടക്കരച്ചിലിനിടയില്‍ അവര്‍ വിതുന്പിപ്പറഞ്ഞു:
ഇപ്പോള്‍ എനിക്ക് എല്ലാം മനസ്സിലായി, അങ്ങ് എന്റെ ആവശ്യങ്ങള്‍ പോലും പരിഗണിക്കാതെയാണല്ലോ അവ മുഴുവനും അന്യര്‍ക്ക് കൊടുത്തത്
ഗവര്‍ണര്‍ ആദ്യമൊന്ന് പുഞ്ചിരിച്ചു, അര്‍ത്ഥഗര്‍ഭമായി. പിന്നീട് ഗൗരവസ്വരത്തില്‍ വിശദീകരിച്ചു:
പ്രിയേ, എന്റെ ചില കൂട്ടുകാര്‍ റബ്ബിലേക്ക് നേരത്തെതന്നെ യാത്രതിരിച്ചു. ഈ ലോകം മുഴുവനും ഈയുള്ളവന് ലഭിച്ചാലും അവരുടെ മാര്‍ഗത്തില്‍ നിന്നും സഞ്ചാരപാതയില്‍ നിന്നും മാറിനടക്കാനും ഒറ്റപ്പെട്ടു പോകാനും ഞാനിഷ്ടപ്പെടുന്നില്ല.
ഭാര്യ മറുത്തൊന്നും പറഞ്ഞില്ല. തന്റെ രക്ഷിതാവിന്റെയും ഭര്‍ത്താവിന്റെയും അഭീഷ്ടത്തിനൊത്ത് ജീവിക്കുക തന്നെ.
ഇത് സഈദുബ്നു ആമിര്‍(റ). തഖ്വയിലും ഐഹിക പരിത്യാഗത്തിലും മാതൃകയായ ജീവിതം. ആ വേഷവിധാനത്തില്‍ നിന്നുതന്നെ അതു വായിച്ചെടുക്കാം. ദാരിദ്ര്യം അടയാളപ്പെടുത്തിയ ശരീരം, പൊടിപടലങ്ങള്‍ പുരണ്ടവസ്ത്രം, കാറ്റിലാടുന്ന തലമുടി. ഒരു ഫഖീറിന് വേണ്ടതെല്ലാം മേളിച്ച ലളിതന്‍. അതേ സമയം കാര്യപ്രാപ്തനായ ഒരു ഭരണാധിപനും. അതായിരുന്നു സഈദുബ്നു ആമിര്‍(റ). വൈകിയാണദ്ദേഹം ഇസ്ലാമിലെത്തിയത്. ഹിജ്റ ആറാം വര്‍ഷം നടന്ന ഖൈബര്‍ യുദ്ധത്തിന് അല്പം മുന്‍പായിരുന്നു അത്.
ഭരണാധികാരികളെയും ഉദ്യോഗസ്ഥന്മാരെയും നിയമിക്കുന്നതില്‍ വളരെ കാര്‍ക്കശ്യം പുലര്‍ത്തിയിരുന്നു രണ്ടാം ഖലീഫ ഉമര്‍(റ). താന്‍ നിയമനം നല്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സംഭവിക്കുന്ന വീഴ്ചകളും തെറ്റുകളും തിരുത്താനും അതിന് മറുപടി പറയാനും ബാധ്യസ്ഥന്‍ താന്‍ തന്നെയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.
സിറിയയിലെ ഗവര്‍ണറെ തിരിച്ചു വിളിച്ചശേഷം തല്‍സ്ഥാനത്ത് തികച്ചും പ്രാപ്തനായ ഒരാളെ നിയമിക്കാന്‍ ഉമര്‍(റ) ആലോചിച്ചു. അതിനു തെരഞ്ഞെടുത്തത് സഈദ്(റ)യെയായിരുന്നു.
സഈദ്, താങ്കള്‍ ഹിമ്മസിലേക്ക് പോകണം. സിറിയയിലെ ഗവര്‍ണറായി താങ്കളെ നിയോഗിച്ചിരിക്കുന്നു
അമീറുല്‍ മുഅ്മിനീന്‍, എന്നെ ആ പരീക്ഷണത്തിന് വിധേയനാക്കരുത്. എനിക്കതില്‍ താല്പര്യമില്ല.
ഭരണാധികാരവും അമാനത്തുമെല്ലാം എന്റെ പിരടിയില്‍ മാത്രം അര്‍പ്പിച്ചു നിങ്ങളെല്ലാവരും രംഗം വിടുകയാണോ. താങ്കളില്‍ അര്‍പ്പിച്ച ഉത്തരവാദിത്വം ഞാന്‍ ഒഴിവാക്കിത്തരില്ല. സിറിയന്‍ ഗവര്‍ണര്‍ പദവി താങ്കള്‍ തന്നെ ഏറ്റെടുക്കണം.
ഗത്യന്തരമില്ലാതെ സഈദ്(റ) സമ്മതിച്ചു.
വളരെ ചെറുപ്പവും സുന്ദരിയുമായിരുന്നു സഈദ്(റ)ന്റെ സഹധര്‍മിണി. അവരുമൊത്ത് ഹിമ്മസിലേക്ക് പുറപ്പെട്ടു. ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുത്തു. ഖലീഫ അവര്‍ക്ക് മതിയായ ശമ്പളം നിശ്ചയിച്ചിരുന്നു. തന്റെ പ്രിയതമന് കൈവന്ന സൗഭാഗ്യത്തില്‍ ആഹ്ലാദചിത്തയായിരുന്നു ഭാര്യ. പരിഷ്കൃത നഗരമായിരുന്ന ഹിമ്മസില്‍ ആഢംബര പൂര്‍ണമായ ജീവിതമായിരുന്നു ജനങ്ങള്‍ നയിച്ചിരുന്നത്. ചെറുപ്പക്കാരിയായ പത്നിയും അതാഗ്രഹിച്ചു.
സഈദ്(റ) വലിയ ധര്‍മിഷ്ഠനായിരുന്നു. ഖജനാവില്‍ നിന്നും തനിക്ക് ലഭിച്ചിരുന്ന തുകയില്‍ അത്യാവശ്യം കഴിച്ചു ബാക്കിയെല്ലാം അവശര്‍ക്കായി വിനിയോഗിച്ചുപോന്നു.
ആ വരുമാനമുപയോഗിച്ച് വീട്ടുകാര്‍ക്ക് സുഭിക്ഷമായി ഒന്നു ജീവിച്ചുകൂടെ? ഒരിക്കല്‍ ഗവര്‍ണറോട് ആരോ ചോദിച്ചു.
പ്രപഞ്ചനാഥന്റെ പൊരുത്തവും സംതൃപ്തിയും കുടുംബത്തിനുവേണ്ടി വില്ക്കാന് ഞാന്‍ തയ്യാറല്ല.
ഈ നാട്ടില്‍, ഇക്കാലത്ത് വേഷത്തിലും ജീവിതരീതിയിലും കുറച്ചു മാറ്റമൊക്കെ അനിവാര്യമാണെന്ന് പലരും അദ്ദേഹത്തെ ഓര്‍മപ്പെടുത്തിക്കൊണ്ടിരുന്നു. പക്ഷേ, ലാളിത്യം കൈവിടാന്‍ മഹാന് തയ്യാറായില്ല. മുമ്പ് പത്നിയോട് പറഞ്ഞ മറുപടി തന്നെയായിരുന്നു അദ്ദേഹത്തിന് മറ്റുള്ളവരോടും പറയാനുണ്ടായിരുന്നത്.
സഈദ്(റ) അയവിറക്കുന്നു, തിരുദൂതര്‍(സ്വ) ഇങ്ങനെ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്: വിചാരണ നാളില്‍ ജനങ്ങളെ അല്ലാഹു സമ്മേളിപ്പിക്കും. പാവങ്ങളായ സത്യവിശ്വാസികള്‍ മാടപ്രാവുകളെ പോലെ പറന്നുവരും. അപ്പോള്‍ അവരോട് പറയപ്പെടും: നില്ക്കൂ, ഐഹിക ലോകത്തെ കണക്കുകളൊക്കെ ഒന്നുപറയൂ. അവര്‍ പറയും: കണക്കു പറയാന്‍ ഞങ്ങള്‍ക്ക് അവിടെ ഒന്നുമുണ്ടായിരുന്നില്ലല്ലോ. അപ്പോള്‍ അല്ലാഹു പറയും: എന്റെ ദാസന്മാര് പറഞ്ഞത് സത്യം, അങ്ങനെ അവര്‍ മറ്റുള്ളവര്‍ക്ക് മുന്‍പേ സ്വര്‍ഗത്തില്‍ പ്രവേശിക്കും.
സന്ദര്‍ശനാര്‍ത്ഥം ഹിമ്മസിലെത്തിയ ഖലീഫ ഉമര്‍(റ) പുതിയ ഗവര്‍ണറെ പറ്റി പൊതുജനങ്ങളോട് അഭിപ്രായമാരാഞ്ഞു. ഭരണീയര്‍ക്ക് ഗവര്‍ണറെക്കുറിച്ച് ചില പരാതികളുണ്ടായിരുന്നു:
വളരെ വൈകിയല്ലാതെ രാവിലെ അദ്ദേഹം വസതിയില്‍ നിന്ന് പുറത്തിറങ്ങാറില്ല. രാത്രി വസതിവിട്ട് പുറത്തുവരാറില്ല. മാസാന്തം രണ്ടുനാള്‍ പുറത്തിറങ്ങാറേയില്ല. ഗവര്‍ണര്‍ക്ക് ഇടക്കിടെ വരുന്ന ഒരു തരം അബോധാവസ്ഥ ജനങ്ങളില്‍ വിഷമം സൃഷ്ടിക്കുന്നു.
ഗവര്‍ണറെക്കുറിച്ചുള്ള ഈ പരാതികള്‍ കേട്ട് ഖലീഫ ചിന്താകുലനായി. ഉമര്‍(റ)ന്റെ ഇതുസംബന്ധമായ ചോദ്യത്തിന് സഈദ്(റ)യുടെ മറുപടി ഏറെ ശ്രദ്ധേയമായിരുന്നു:
അമീറുല്‍ മുഅ്മിനീന്‍, ജനങ്ങള്‍ എന്നെ പറ്റിപറഞ്ഞ പരാതികള്‍ സത്യമാണ്. പക്ഷേ, അതിന്റെ കാരണം പറയാന്‍ എനിക്ക് ലജ്ജതോന്നുന്നു. എങ്കിലും നിജസ്ഥിതി അറിയാന്‍ എല്ലാവര്ക്കും അവകാശമുണ്ടല്ലോ.
എന്റെ വീട്ടില്‍ വേലക്കാരില്ല. അതിനാല്‍ പണിയൊക്കെ ഞാന്‍ ചെയ്യണം. രാവിലെ മാവ് കുഴച്ച് റൊട്ടിയുണ്ടാക്കി വിശപ്പടക്കി ളുഹ്റ് നിസ്കാരാനന്തരമാണ് ഞാന്‍ പുറത്തിറങ്ങാറ്.
പകല്‍സമയം ജനങ്ങള്‍ക്കുവേണ്ടിയും രാത്രി സ്രഷ്ടാവിന് വേണ്ടിയും എന്ന നിലയില്‍ ഞാനെന്റെ സമയം വീതിച്ചിരിക്കുന്നു. രാത്രി മുഴുവന്‍ നിസ്കരിക്കുന്നത് കൊണ്ട് ഞാന്‍ അന്നേരം പുറത്തിറങ്ങാറില്ല.
മാസത്തില്‍ രണ്ടുതവണ ഞാന്‍ വസ്ത്രവും വീട്ടുപകരണങ്ങളും വൃത്തിയാക്കും. ഒരുജോഡി വസ്ത്രം മാത്രമേ എനിക്കുള്ളൂ. അതുകാരണം മാസത്തില്‍ രണ്ടു പ്രാവശ്യം ഞാന്‍ വേകുന്നേരം മാത്രമേ പുറത്തിറങ്ങാറുള്ളൂ.
ഖുബൈബ്(റ)നെ കുരിശിലേറ്റിയത് ഞാന്‍ കാണുകയുണ്ടായി. അന്ന് ഞാന്‍ മുസ്ലിമായിരുന്നില്ല. ഖുറൈശികള്‍ ഖുബൈബിന്റെ മാംസം കഷ്ണങ്ങളാക്കി കുരിശില്‍ തറച്ചു. അദ്ദേഹം കുരിശില്‍ നിന്ന് പറഞ്ഞ വാക്കുകള്‍ ഇന്നും ഞാന്‍ ഓര്‍ക്കുന്നു. അന്ന് അദ്ദേഹത്തെ സഹായിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. അതിനാല്‍ റബ്ബിന്റെ ശിക്ഷ എനിക്കുണ്ടാകുമോ എന്നോര്‍ത്ത് അതോര്മവരുമ്പോഴെല്ലാം ഒരുള്ക്കിടിലമുണ്ടാകുന്നു. അതാണ് ഇവര്‍ പറയുന്ന ബോധക്ഷയം.
ഗവര്‍ണര്‍ തന്റെ പരിതാവസ്ഥ വിവരിച്ചു കഴിഞ്ഞപ്പോള്‍ ഖലീഫ ഉമര്‍(റ) അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ചുംബനമര്‍പ്പിച്ചുകൊണ്ട് പറഞ്ഞു: യാ അല്ലാഹ്, ഈ ഉമറിന്റെ അഭിപ്രായം പിഴച്ചിട്ടില്ല.
ഹിജ്റ ഇരുപതാം വര്‍ഷത്തില്‍ മഹാനായ സഈദുബ്നു ആമിര്‍(റ) ഈ ലോകത്തോട് വിടപറഞ്ഞു.
(സുവറു മിന് ഹയാതി സ്വഹാബ)
ടിടിഎ ഫൈസി പൊഴുതന