ചേളാരി വിഭാഗം വിദ്യാഭ്യാസ ബോർഡ് പ്രസിദ്ധീകരിക്കുന്ന അൽമുഅല്ലിം മാസിക 2015 നവംബർ ലക്കത്തിലെ ഒരു ചരിത്രകഥയുടെ സംഗ്രഹം ഇങ്ങനെ: ദീർഘമായ യാത്രക്കൊടുവിൽ അവർ ഒരു വീടിന് മുമ്പിലെത്തിപ്പെട്ടു. പ്രഥമദൃഷ്ട്യാ ഒരു മുസ്‌ലിം പ്രമാണിയുടെ വീടാണെന്ന് അവർക്ക് മനസ്സിലായി. ദീർഘമായ പ്രതിസന്ധിക്ക് അറുതി വരാൻ പോകുന്നുവെന്ന് ആ കുഞ്ഞു ഹൃദയങ്ങൾ പ്രത്യാശിച്ചു. തിരുനബി അനുയായികളിൽ പെട്ടയാളുകൾ എങ്ങനെ അവിടത്തെ പേരമക്കളെ ആട്ടിയോടിക്കാനാണ്.

അതിയായ സന്തോഷത്തോടെ ആ രണ്ട് കുഞ്ഞുങ്ങൾ വീട്ടു പടിക്കൽ ചെന്ന് വാതിൽ മുട്ടി. നിറഞ്ഞ കണ്ണുകളോടെ അവർ തങ്ങളുടെ പരിതാപകരമായ അവസ്ഥ വീട്ടുടമയുടെ മുമ്പിൽ വിവരിച്ചു:

‘കർബലയിലേക്ക് പുറപ്പെട്ട പ്രവാചക കുടുംബത്തോടൊപ്പം യാത്ര പുറപ്പെട്ടതായിരുന്നു ഞങ്ങൾ രണ്ട് പേരും. പക്ഷേ, വഴി തെറ്റിയ ഞങ്ങൾ കുടുംബക്കാരിൽ നിന്നും ഒറ്റപ്പെട്ട് അങ്ങനെ ഞങ്ങൾ രണ്ട് പേരും ഈ നാട്ടിലെത്തി. മൂന്ന് ദിവസമായി ഞങ്ങൾ ഭക്ഷണം കഴിച്ചിട്ട്, രാത്രികളായി ഞങ്ങൾ തല ചായ്ചിട്ടില്ല. ഞങ്ങളുടെ വന്ദ്യ പിതാമഹാനെയോർത്തെങ്കിലും ഞങ്ങളെ സഹായിക്കണം. ആ മുസ്‌ലിം പ്രമാണി, വലിയ സഹോദരൻ സംസാരം തുടർന്ന് കൊണ്ടിരിക്കെ ഇടപെട്ട് പറഞ്ഞു: ‘ഈ നാട്ടിൽ ധാരാളം പേർ നബി തങ്ങളുടെ പേര് പറഞ്ഞ് യാചകരായി നടക്കുന്നുണ്ട്. അതിനാൽ, നിങ്ങൾ നബി തങ്ങളുടെ പേരമക്കളാണെന്ന് തെളിയിക്കുന്ന വല്ല രേഖയും കൊണ്ട് വരാതെ ഞാൻ നിങ്ങളെ സ്വീകരിക്കാൻ ഒരുക്കമല്ല. നിങ്ങൾക്ക് മറ്റു വീടുകൾ തേടി പോകാം.’

ദുഃഖം നിറഞ്ഞ മനസ്സുമായി അവർ ആ വീട്ടു പടിക്കലിൽ നിന്നും പുറത്തേക്കിറങ്ങി. നിഷ്‌കളങ്കമായ അവർ വീണ്ടും യാത്ര തുടർന്നു.

രണ്ട് സഹോദരങ്ങളും പരസ്പരം സംസാരിച്ച് കൊണ്ടിരിക്കെ അവരുടെ ശബ്ദം തൊട്ടടുത്തുണ്ടായിരുന്ന വീട്ടുടമയുടെ ചെവിയിലെത്തി. ഇസ്‌ലാം മതത്തിൽ വിശ്വസിക്കുക പോലും ചെയ്യാത്ത അദ്ദേഹത്തിന് ഈ പിഞ്ചു കുഞ്ഞുങ്ങളുടെ മുഖ പ്രസന്നത നന്നായി ബോധിച്ചു!

വാത്സല്യം നിറഞ്ഞ കണ്ണുകളോടെ അദ്ദേഹം കുഞ്ഞുങ്ങളോട് പേരും നാടും വീടുമെല്ലാം അന്വേഷിച്ചു. ഈ പ്രാവശ്യം മറുപടി പറഞ്ഞത് ചെറിയ സഹോദരനായിരുന്നു:

‘ഞങ്ങൾ നബി തങ്ങളുടെ കുടുംബത്തിൽ പെട്ടവരാണ്. ഞങ്ങൾ തൊട്ട് മുമ്പിലുള്ള മുസ്‌ലിം പ്രമാണിയുടെ വീട്ടിലും പോയിരുന്നു. പക്ഷേ, അദ്ദേഹം ഞങ്ങളോട് കുടുംബ പരമ്പര ആവശ്യപ്പെടുകയാണുണ്ടായത്. ദിവസങ്ങളായി അനാഥരായി വഴി തെറ്റി നിൽക്കുന്ന ഞങ്ങൾ എങ്ങനെയാണ് അദ്ദേഹത്തിന് കുടുംബ പരമ്പര കാണിച്ചു കൊടുക്കുക? ഇക്കാരണത്താൽ അയാൾ ഞങ്ങളെ വീട്ടിൽ നിന്നും ആട്ടിയോടിച്ചു.

‘ഞങ്ങൾ അദ്ദേഹത്തോട് എല്ലാം വിവരിച്ചിരുന്നു. പക്ഷേ, അയാൾ വിശ്വസിക്കാൻ തയ്യാറായില്ല. നബി തങ്ങളുടെ കുടുംബമാണെന്നതിന് തെളിവ് കൊണ്ട് വരാനാണ് അദ്ദേഹം ഞങ്ങളോട് ആവശ്യപ്പെട്ടത്. അതിന് കഴിയില്ലെങ്കിൽ പിന്നെ ആഖിറത്തിൽ വെച്ച് തെളിയിച്ചോ, അവിടെ നബി തങ്ങളും ഉണ്ടാവുമല്ലോ. നിങ്ങൾ മറ്റ് വല്ല വീടും തേടി പുറപ്പെട്ടോളൂ എന്ന് പറഞ്ഞ് ഞങ്ങളെ ഇറക്കി വിടുകയാണദ്ദേഹം ചെയ്തത്.’ ജൂതൻ അവരെ സൽക്കരിച്ചു.

അന്ന് രാത്രി തിരുനബി തങ്ങളുടെ പേരമക്കൾ ഒരു ജൂതകുടംബത്തിൽ അതിഥികളായി കഴിഞ്ഞ് കൂടി! അതിഥികൾക്ക് നല്ല ഭക്ഷണവും വസ്ത്രവും നൽകാൻ അവർ പരമാവധി ശ്രമിച്ചു. ആ രാത്രി ഭീകരമായ ഒരു സ്വപ്നം കണ്ട് മുസ്‌ലിം പ്രമാണി ഞെട്ടിയുണർന്നു. അയാൾ ഭാര്യയോട് വിശദീകരിച്ചു:

ഖിയാമത്തിന്റെ ദിവസത്തിൽ എല്ലാവരെയും അല്ലാഹുതആല മഹ്ശറയിൽ ഒരുമിച്ച് കൂട്ടിയിരിക്കുന്നു. ഞാനും അവിടെ നിൽക്കുന്നു. പെട്ടെന്ന് എന്റെ ഇരുഭാഗത്ത് കൂടെയും ജനങ്ങൾ കൂട്ടം കൂട്ടമായി ഓടിപ്പോകുന്നത് ഞാൻ ശ്രദ്ധിച്ചു. അവരിൽ ഒരാളോട് ഞാൻ കാര്യമന്വേഷിച്ചു. അപ്പോഴാണ് സ്വർഗത്തിന്റെ വാതിൽ തുറക്കപ്പെട്ടിരിക്കുന്നുവെന്നും എല്ലാവരും അവിടേക്ക് വേഗത്തിൽ ഓടിയടുക്കുകയാണെന്നുമെന്നോട് അയാൾ പറഞ്ഞത്. ഉടനെ ഞാനും അവരുടെ കൂടെ ഓടി.

ഓടി ഓടി ഞാനും സ്വർഗത്തിന്റെ മുമ്പിലെത്തിപ്പെട്ടു. അവിടെ സ്വർഗത്തിന് കാവൽ നിൽക്കുന്ന മാലാഖയുണ്ട്. അദ്ദേഹം എല്ലാവരെയും പരിശോധിച്ച ശേഷം മാത്രമേ സ്വർഗത്തിലേക്ക് കയറ്റിവിടുന്നുള്ളൂ. ഞാനും പതിയെ അദ്ദേഹത്തിന്റെ മുമ്പിലെത്തി. ഞാൻ സ്വർഗത്തിലേക്ക് കടക്കാൻ കാലെടുത്തു വെച്ചതും അദ്ദേഹം എന്നെ തടഞ്ഞു വച്ചു. എന്നിട്ട് എവിടേക്കാണെന്ന് ചോദിച്ചു.

ഞാൻ പറഞ്ഞു: ‘സ്വർഗത്തിലേക്ക്, ഞാൻ മുസ്‌ലിമായി ജീവിച്ചിരുന്നയാളാണ്’

ഇതു കേട്ട് മാലാഖ എന്നോട് പറഞ്ഞു:

‘മുസ്‌ലിമായിരുന്നുവെന്നതിന് എന്ത് തെളിവാണ് നിങ്ങളുടെയടുത്തുള്ളത്. തെളിവ് കാണിക്കാതെ നിങ്ങൾക്ക് സ്വർഗത്തിലേക്ക് പ്രവേശനമില്ല. തെളിവുകൾ കൂടാതെ തിരുനബി തങ്ങളുടെ മക്കൾക്ക് നിന്റെ വീട്ടിൽ പ്രവേശനമില്ലെങ്കിൽ തെളിവ് കാണിക്കാതെ നിങ്ങൾക്ക് സ്വർഗത്തിലേക്കും പ്രവേശനമില്ല.’

ഈ സ്വപ്നം കണ്ട ശേഷം എനിക്ക് പേടിയാവുന്നുണ്ട്. ഇതേ രൂപത്തിൽ തന്നെയാവും ഞാൻ പറഞ്ഞയച്ച ആ രണ്ട് പിഞ്ചുമക്കൾ എന്നോട് നാളെ ഖിയാമത്ത് നാളിൽ പെരുമാറുക.’

അയാൾ ജൂതന്റെ വീട്ടിലെത്തി. കുട്ടികളെ ആദരിക്കാൻ വേണ്ടി പതിനായിരം സ്വർണത്തിന് പകരമായെങ്കിലും വിട്ടുകൊടുക്കാനാവശ്യപ്പെട്ടു.

ഇതു കേട്ട ജൂതൻ പറഞ്ഞു: ‘നിങ്ങൾ സ്വപ്നത്തിൽ കണ്ട സ്വർഗത്തിലെ ഉയർന്ന പദവിയും മറ്റും വെറും പതിനായിരം സ്വർണനാണയത്തിന് പകരം വിൽക്കാൻ ഞാൻ ഒരുക്കമല്ല. നിങ്ങളെ സ്വർഗത്തിന്റെ കാവൽക്കാരനായ മാലാഖ ആട്ടിയോടിക്കുമ്പോൾ ഞാൻ മധ്യഭാഗത്തെ വാതിലിലൂടെ കടന്ന് പോകുന്നുണ്ടായിരുന്നു. പക്ഷേ, എനിക്ക് അവിടെ മാലാഖയുടെ മുമ്പിൽ യാതൊരു തെളിവും സമർപ്പിക്കേണ്ടി വന്നിട്ടില്ല (പേ. 24-27).

ഈ കഥ എങ്ങോട്ടൊക്കെയോ വെടിവെക്കുന്നില്ലേ? നബി(സ്വ)യുമായി ബന്ധപ്പെട്ട ഒരു വസ്തുവിനെ അവഹേളിക്കുന്നതിന്റെയും സനദ് ചോദിച്ചും ഉള്ള സനദ് അപകീർത്തിപ്പെടുത്തിയും അഹങ്കാരം കാണിക്കുന്നവരുടെ പരലോകാവസ്ഥ വ്യക്തമാക്കുകയാണ് ഈ ചരിത്രം. ആഖിറത്തെ ഭയപ്പെടുന്നവർ ചിന്തിക്കട്ടെ.

You May Also Like

തിരുനബി(സ്വ)യുടെ വിയോഗം

ആഇശ(റ)യുടെ വീട്ടിലെത്തി മറ്റു ഭാര്യമാരും പെൺമക്കളും നബി(സ്വ)യെ പരിചരിച്ചു. സ്വഹാബിമാർ പലരും പള്ളിയിൽ തന്നെ തമ്പടിച്ചിരിക്കുകയാണ്.…

ഖുലഫാഉന്നബി(സ്വ)

പ്രവാചകരുടെ അനുയായികളും പിൽക്കാല ഭരണാധികാരികളുമായ നാലു സ്വഹാബി വര്യന്മാരാണ് ഖുലഫാഉന്നബി(സ്വ) അഥവാ നബിയുടെ പ്രതിനിധികൾ. അബൂബക്കർ(റ),…

സ്ത്രീ-പുരുഷ സമത്വം വാഗ്വാദങ്ങളിലെ അസമത്വങ്ങൾ

‘കെമിസ്ട്രി സാറാണ് പറഞ്ഞത് അടുക്കള ഒരു ലാബാണെന്ന്. പരീക്ഷിച്ച്, നിരീക്ഷിച്ച് നിന്നപ്പോഴാണ് കണ്ടത് വെളുപ്പിനുണർന്ന് പുകഞ്ഞു…