പാടത്തെ ചെളിയിൽ നിന്നു കേറി കുളിച്ചു വായ്പ വാങ്ങിയ പാന്റ്‌സും ഷർട്ടുമിട്ടാണ് തലക്കടത്തൂർ മുട്ടാണിക്കാട്ടിൽ മൂസയുടെ മൂന്നാമത്തെ മകൻ അബ്ദുൽ ഹമീദ് എന്ന ബാവ ഖത്വറിലേക്കു വിമാനം കയറിയത്. വാച്ച്‌മേക്കർ വിസയിൽ ദോഹയിലിറങ്ങിയ ആ ഇരുപതുകാരന്റെ നിയോഗം പക്ഷേ, കേടായ വാച്ചുകളുടെ സമയം ശരിപ്പെടുത്താനായിരുന്നില്ല. അഞ്ചര ലക്ഷം റിയാൽ മാത്രം മൂലധനമുണ്ടായിരുന്ന ലാറി മണി എക്‌സേഞ്ചിനെ 60 മില്യൻ വിറ്റുവരവും ഖത്വറിൽ മാത്രം നാലു ബ്രാഞ്ചുകളുമുള്ള ആഗോള പ്രശസ്തമായ വിദേശ കറൻസി വിനിമയ ശൃംഖല കെട്ടിപ്പടുക്കാനായിരുന്നു. മുന്നിലെ മേശപ്പുറത്ത് കിടന്ന വാച്ചുകളുടെ സമയം തെറ്റിയത് ബാവയുടെ ശരിയായ സമയത്തായി. നാലു പതിറ്റാണ്ടിനടുത്ത പണക്കിലുക്കമുള്ള പ്രവാസ ജീവിതത്തിന് പൂർണ വിരാമമിട്ടു തലക്കടത്തൂരിൽ വിശ്രമരഹിത പ്രാസ്ഥാനിക ജീവിതം നയിക്കുന്ന ബാവ ഹാജി അക്കഥ സുന്നിവോയ്‌സിനോട് പങ്കുവെക്കുന്നു:
1975 ജൂലൈ ആദ്യവാരം. മൂത്താപ്പയുടെ മകളുടെ ഭർത്താവ് മൊയ്തീൻ ഖത്വറിലേക്ക് ഒരു വാച്ച് മേക്കർ വിസയുണ്ടെന്ന് പറഞ്ഞു വീട്ടിൽ വന്നു. ജ്യേഷ്ഠൻ വീരാൻകുട്ടിക്ക് വേണ്ടിയാണ് അളിയൻ വിസ കൊണ്ടുവന്നത്. ഉപ്പ ഹൊറൈസൺ എന്ന വാച്ച് കട നടത്തുന്നതിനാൽ അവന് പണി അറിയാമായിരുന്നു. പക്ഷേ, ജ്യേഷ്ഠൻ പോകുന്നില്ലെന്നു പറഞ്ഞപ്പോൾ നറുക്ക് എനിക്കായി. എനിക്കാണെങ്കിൽ പണി അറിയുകയുമില്ല. നീ പോകുമെങ്കിൽ കുറച്ചു ദിവസം കൊണ്ട് പണി പഠിപ്പിച്ചുതരാമെന്നായി ഇക്കാക്ക. കുടുംബ തൊഴിലായതിനാൽ അതിനോടൊരു വാസനയുമുണ്ടാകുമല്ലോ. ഞാൻ വേഗം പണി പഠിച്ചു. ഒപ്പം കൃഷിയുമായി ദിവസങ്ങൾ പോയി.
[the_ad_placement id=”articles”]ഒരു നാൾ വൈകീട്ട് അളിയൻ വന്ന്, ‘ഇന്നു രാത്രി കയറണം, വിസ റെഡിയാണ്’ എന്നു പറഞ്ഞു. തലക്കടത്തൂരിലെ ബ്രദേഴ്‌സ് ട്രാവൽസ് ബസിൽ ബോംബെയിലെത്താനാണു നിർദേശം. അപ്പോൾ ഞാൻ പറഞ്ഞു: പോകാൻ ഞാൻ തയ്യാറാണ്. പക്ഷേ, എനിക്കു പാന്റ്‌സില്ല, ഇടാനാണെങ്കിൽ നല്ലൊരു ഷർട്ടുമില്ല.’ പാന്റ്‌സും ഷർട്ടും ഞാൻ തരാമെന്ന് നാട്ടുകാരനായ ചേക്കു ഹാജി പറഞ്ഞു. അങ്ങനെ ചേക്കുഹാജിയുടെ ഡ്രസ് ധരിച്ചാണ് തിരൂരിൽ നിന്നു ബോംബെയിലേക്കു ബസ് കയറിയത്. ഉപ്പ 400 രൂപ ചെലവിനായി തന്നു. ചേക്കുഹാജിയെ കാണുമ്പോൾ മക്കൾക്ക് ഞാനീ പാന്റ്‌സ് വായ്പാ കഥ പറഞ്ഞു കൊടുക്കാറുണ്ട്.
വിസയും ടിക്കറ്റും കാത്ത് ബോംബെയിൽ 20 ദിവസത്തിലധികം തങ്ങേണ്ടിവന്നു. കപ്പലിൽ ചെല്ലാനായിരുന്നു ആദ്യം ആവശ്യപ്പെട്ടത്. കാറ്റും കോളും ശക്തമായ സമയമായതിനാൽ ബോംബെയിലെ റൂമിലുണ്ടായിരുന്നവർ അപകട മുന്നറിയിപ്പ് തന്നതു കാരണം ഞാനതു വിസമ്മതിച്ചു. കപ്പലിലാണെങ്കിൽ ഞാൻ വരുന്നില്ല, നാട്ടിലേക്കു തന്നെ മടങ്ങുകയാണെന്ന് അളിയനെ അറിയിച്ചു. അപ്പോൾ കമ്പനി പ്ലെയിൻ ടിക്കറ്റ് അയച്ചുതന്നു. അതിനായാണ് മൂന്നാഴ്ചയിലധികം കാത്തിരുന്നത്.
അന്നത്തെ ബോംബെ ഇന്നു മുംബൈ ആണ്. ഇന്ത്യയുടെ വ്യവസായ തലസ്ഥാനം. കരിപ്പൂരിൽ ആകാശയാനം പറന്നിറങ്ങും മുമ്പ് മലബാറിന്റെ ഗൾഫ് സ്വപ്നങ്ങൾക്ക് ചിറകു വിരിച്ചത് ബോംബെയിലെ അന്താരാഷ്ട്ര വിമാനത്താവളമാണ്. ഇവിടെ നിന്നു കടൽ കടന്ന് ജീവിതം കരക്കടുപ്പിച്ചവരാണ് ആദ്യകാല കേരള പ്രവാസികളിൽ വലിയൊരു ശതമാനവും. മലബാറിലെ വിവിധ ചെറു പട്ടണങ്ങളിൽ നിന്ന് ഇവിടേക്ക് ദിനം പ്രതി സർവീസ് നടത്തിയിരുന്ന ബസുകൾ അനവധി. അന്ന് വിമാനമിറങ്ങിയവരെയും വഹിച്ചാണ് അവ തിരിച്ചുപോവുക. കരിപ്പൂരിൽ നിന്ന് യന്ത്രപ്പക്ഷി പറന്നുയർന്ന ശേഷവും യാത്രാനിരക്കിലെ കുറവ് പരിഗണിച്ച് സാധു യാത്രികർ ആശ്രയിച്ചിരുന്നതു മുംബൈയെ തന്നെ. മലയാളി പ്രവാസികളുടെ ഈ ഇടത്താവളം ബാവഹാജിയുടെ ജീവിതത്തിലും നിർണായകമായി. എങ്ങനെയെന്നദ്ദേഹം പറയുന്നു:
ബോംബെയിലെ ആ 20 ദിവസങ്ങളാണ് മനസ്സിനെ പാകപ്പെടുത്തിയത്. വെല്ലുവിളികൾ നേരിടാനുള്ള ഊർജം അവിടെ നിന്നുകിട്ടി. അതാണ് പിൽക്കാല വിജയത്തിന്റെ തുടക്കമായത്. ഗൾഫിൽ നിന്നു നിത്യവും ധാരാളം മലയാളികൾ ബോംബെയിൽ വന്നിറങ്ങും. ഇന്ന് വരുന്നവരുടെ പക്കൽ അടുത്ത ദിവസങ്ങളിൽ വരുന്ന പരിചയക്കാരുടെയോ മറ്റോ ഫോട്ടോ ഉണ്ടാവും. ഫോട്ടോ ലഭിച്ച ട്രാവൽസിലെ ജീവനക്കാർ അടുത്ത ദിവസം വരുന്ന ഫോട്ടോയുടെ ഉടമകളെ കണ്ടെത്തും. അവർ കൊണ്ടുവന്ന വിദേശ വസ്തുക്കൾ അവിടെ വിറ്റ് കാശ് വാങ്ങിക്കൊടുക്കും. എന്നിട്ട് കേരളത്തിലേക്ക് ബസ് കയറ്റിവിടും. ഭാഷ അറിയാത്തതിനാൽ ഇതവർക്ക് വലിയൊരു സഹായമാണ്. ട്രാവൽസുകാരന് ചാകരയും. റൂമിൽ വെറുതെ ഇരിക്കുകയായിരുന്നല്ലോ. ഒന്നു രണ്ടു നാൾ അവരുടെ കൂടെ ഞാനും ഹെൽപറായി പോയി. സാധനം വിൽക്കാനും ബസിൽ കയറ്റിവിടാനും കൂടിക്കൊടുത്തു. എന്തു കേട്ടാലും ഹൃദയത്തിൽ പതിയുന്ന ആ പ്രായത്തിൽ ചില്ലറ ദിവസങ്ങൾ കൊണ്ട് ഹിന്ദി അത്യാവശ്യം സംസാരിക്കാമെന്നായി. ആ ഇനത്തിൽ ആയിരം രൂപയോളം എനിക്ക് കിട്ടുകയും ചെയ്തു. അതിൽ നിന്ന് 400 രൂപ ഉപ്പാക്ക് അയച്ചുകൊടുത്തു.
75 ആഗസ്ത് 22-നാണ് ബോംബെയിൽ നിന്നു വിമാനം കയറുന്നത്. ബോംബെ-ഖത്വർ പ്ലെയിൻ ആഴ്ചയിൽ ഒരിക്കലേയുള്ളൂ. അതിനാൽ ഗൾഫ് എയറിൽ ബഹ്‌റൈനിലേക്കു കയറി. അവിടെ നിന്ന് ഹെലികോപ്റ്ററിൽ ഖത്വറിലേക്കും. പന്ത്രണ്ട് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.
നിയമങ്ങൾ ഇന്നത്തെ പോലെ കർശനമായിരുന്നില്ല. അതിനാൽ പിറ്റേന്നു തന്നെ ഷോപ്പിൽ കയറി. ദോഹയിലെ ബിസ്മില്ലാ മാർക്കറ്റിലായിരുന്നു ഷോപ്പ്. ഹോട്ടൽ നടത്തുന്ന അളിയന്റെയും കഫീൽ ലാറി തന്നെ. മുഹമ്മദ് ഹാജി നെദർ ലാറി എന്നാണു മുഴുവൻ പേര്. ഇറാൻ വംശജൻ. അമ്പതിനോടടുത്തു പ്രായം. ഗോത്രനാമമാണ് ലാറി. ഇറാനിലെ ലാറിസ്ഥാൻ പ്രദേശത്തുനിന്ന് അദ്ദേഹത്തിന്റെ പിതാവ് ഖത്വറിലേക്ക് കുടിയേറിയത് മുതൽ ലാറി വംശത്തിന്റെ ഒരു ശാഖ ഇവിടെ തളിർത്തു. തുടർന്ന് ലാറി കുടുംബത്തിൽ നിന്ന് അനേകം പേർ ഖത്വറിലേക്കും ചിലർ ബഹ്‌റൈനിലേക്കും കുടിയേറ്റം നടത്തി. ശിയാ വിശ്വാസികളാണ് പലരും.’
വാച്ചുകൾ സമയം അറിയാൻ മാത്രമുള്ളതല്ല. പ്രൗഢിയുടെ കൊടിക്കൂറ കൂടിയാണ്. മൊബൈൽ യുഗത്തിനു മുമ്പുള്ള കൊച്ചു ആർഭാടം. വൻ വില വരുന്ന സ്വിസ്‌മേഡ് വാച്ച് ശൃംഖലകൾ ബാവയുടെ മേശപ്പുറത്ത് വിസ്മയം തീർത്തു. റിപ്പയറിനു വരുന്നതും വാച്ചുകളിലെ അതികായർ. പലതും മുമ്പ് കണ്ടിട്ടേ ഇല്ലാത്തവ. എന്നാൽ തലക്കടത്തൂരിലെ ഹൊറൈസനിൽ നിന്നു വശത്താക്കിയ ഫോർമുലകളിൽ അവയെയെല്ലാം മെരുക്കിയെടുക്കാൻ അദ്ദേഹത്തിനായി.
‘പാകിസ്താൻ പൗരത്വം സ്വീകരിച്ച കൽപകഞ്ചേരി സ്വദേശി മൊയ്തീൻ ഹാജി വിരമിച്ച ഒഴിവിലേക്കാണ് ഞാൻ ചെല്ലുന്നത്. ടൈറ്റാൻ പോലുള്ള വിശ്രുത വാച്ച് കമ്പനികളുടെയും പാർക്കർ പേനകളുടെയും ഖത്വർ ഡീലർ ലാറിയാണ്. ലാറി ഷോപ്പിന്റെ മൂലയിലെ ബോക്‌സാണ് വാച്ച് റിപ്പയർ ‘സാമ്രാജ്യം.’ ഇപ്പുറത്തെ ക്യാബിനിൽ ലാറി നാണയ വിനിമയം ചെയ്യുന്നു. ജോലിക്കിടയിൽ അദ്ദേഹം വിനിമയം ചെയ്യുന്നത് ശ്രദ്ധിച്ചപ്പോൾ ചില ഇടപാടുകളിൽ അപാകം തോന്നി. കണക്ക് ചെറുപ്പത്തിലേ താൽപര്യമായിരുന്നു. നിലവിലുള്ള മൂല്യത്തേക്കാൾ തുക അദ്ദേഹം കൊടുക്കുന്നു. മനക്കണക്ക് കൂട്ടി നോക്കുമ്പോൾ അതിന് അത്രയും സംഖ്യ നൽകേണ്ടതില്ലെന്ന് ബോധ്യപ്പെട്ട് പലപ്പോഴും അദ്ദേഹത്തെ തിരുത്താൻ തുടങ്ങി. ഈയടുത്ത് മാത്രം വന്ന ഞാൻ പറയുന്നത് അദ്ദേഹം തള്ളിയില്ല എന്നത് എന്റെ ഭാഗ്യമായി.
മൂന്ന് മാസത്തോളം അങ്ങനെ പോയി. ഒരു നാൾ അദ്ദേഹം എന്നോട് പറഞ്ഞു: നീ ഇവിടെ ഇരിക്ക്. കറൻസി വിനിമയം ഇനി നീ നോക്കി നടത്തുക.
വാച്ച് റിപ്പയറും കറൻസി മാറ്റവും കൂടി നടത്താനാവില്ലെന്നറിയിച്ചപ്പോൾ ലാറി പറഞ്ഞു: വാച്ച് റിപ്പയർ റൂമിൽ കൊണ്ടുപോയി ചെയ്താൽ മതി. അതിന്റെ വരവും ചെലവുമൊക്കെ നീ തന്നെ എടുത്തോ.
ഇക്കാലമെല്ലാം അദ്ദേഹം എന്നെ നിരീക്ഷിക്കുകയും വിശ്വസ്തത പരിശോധിച്ച് ഉറപ്പുവരുത്തുകയുമായിരുന്നോ എന്നെനിക്കു തോന്നി. ഏതായാലും ഇത് വലിയൊരു വഴിത്തിരിവായി. എന്റെ വ്യക്തി ജീവിതത്തിലും കമ്പനിയുടെ ഭാവിയിലും.
സ്വന്തം ഉത്തരവാദിത്തം കൃത്യമായും മെച്ചപ്പെട്ട രീതിയിലും നിർവഹിക്കാനാണ് ആത്മാർത്ഥതയുള്ള ജീവനക്കാർ ശ്രമിക്കുക. തൊഴിലുടമക്ക് മെച്ചമുണ്ടാകുമ്പോഴേ ആനുപാതികമായി തൊഴിലാളിക്കും ഗുണം ലഭിക്കൂ. ലാറി തന്നിലർപ്പിച്ച വിശ്വസ്തത വിലമതിക്കാനും ബിസിനസ് പരിപോഷിപ്പിക്കാനും ബാവ ഉത്സുകനായി. അഞ്ചര ലക്ഷത്തിന്റെ വിറ്റുവരവിൽ നിന്ന് 60 മില്യൻ മൂലധനമുള്ള മഹാസ്ഥാപനമായി ലാറി മണി എക്‌സേഞ്ച് വളർത്തിയെടുത്തതിനു പിന്നിലെ മലയാളി സ്പർശം ഈ കടപ്പാടിന്റെ കണക്ക് കൂടി ഇഴചേർന്നതാണ്. ആ വളർച്ച ഇങ്ങനെ:
സഊദി, ഇറാൻ, യുഎഇ, യമൻ എന്നീ നാലു കറൻസികളേ ലാറി വിനിമയം ചെയ്തിരുന്നുള്ളൂ. അക്കാലത്ത് ഇന്ത്യൻ രൂപ മെച്ചപ്പെട്ട നിലവാരത്തിലാണ്. 100 ഇന്ത്യൻ രൂപക്ക് 67 ഖത്വർ റിയാൽ ലഭിക്കും. ഇന്ന് 100 രൂപക്ക് 6 റിയാലേ കിട്ടൂ എന്നോർക്കണം.
ഞാൻ ഏറ്റെടുത്ത ശേഷം കൂടുതൽ രാഷ്ട്രങ്ങളുടെ കറൻസികൾ വാങ്ങാനും വിൽക്കാനും തുടങ്ങി. ഉപഭോക്താക്കളും ആവശ്യവും വർധിച്ചപ്പോൾ ഖത്വറിൽ നിന്നു ലഭിക്കുന്ന നാണയങ്ങൾ മതിയാവാതായി. അങ്ങനെ ദുബൈയിൽ നിന്ന് കൂടുതൽ കറൻസികൾ കൊണ്ടുവരാൻ അനുമതി തേടി. ലാറിക്ക് സമ്മതമായിരുന്നു. ബിസിനസ് വളരുകയാണല്ലോ. ഞാൻ പറഞ്ഞതിനപ്പുറത്തേക്ക് മറ്റൊരഭിപ്രായമില്ലാത്ത വിധം എന്നിൽ അദ്ദേഹം വിശ്വാസമർപ്പിച്ചു. കടയടച്ച ശേഷം മിക്ക ദിവസവും രാത്രി 8.30-ന്റെ പ്ലെയിനിൽ ദുബൈയിൽ പോകും. ഇവിടന്ന് പണം അങ്ങോട്ടും ആവശ്യമുള്ള കറൻസികൾ ഇങ്ങോട്ടും കൊണ്ടുവരും. അവ പകലിൽ വിറ്റഴിച്ച് രാത്രി വീണ്ടും ദുബൈയിലേക്ക്.’
ശമ്പളത്തെക്കുറിച്ച് ചോദിച്ചാൽ ബാവഹാജിയുടെ ഉത്തരമിതാണ്:
അഞ്ചു വർഷമൊക്കെ ജോലി പരിചയമുള്ളവർക്ക് അക്കാലത്ത് 900 റിയാലാണ് ശരാശരി ശമ്പളം. എന്നാൽ എന്റേതു നിശ്ചയിച്ചിരുന്നില്ല. ആവശ്യത്തിനനുസരിച്ച് അഞ്ഞൂറും ആയിരവും വാങ്ങും. 23 മാസം കഴിഞ്ഞാണല്ലോ ആദ്യമായി നാട്ടിൽ പോകുന്നത്. അന്നു പോരുമ്പോൾ മാസത്തിന് 2500 റിയാൽ കണക്കാക്കി ശമ്പള ബാക്കി തന്നു ലാറി യാത്രയാക്കി. പിരിയുമ്പോൾ 10500 ആയിരുന്നു സാലറി.
മില്യൻ കണക്കിന് റിയാലുകളുടെ ഇടപാടാണല്ലോ. സാമ്പത്തിക പ്രതിസന്ധി നന്നായുണ്ടാകും. ചില ദിവസങ്ങളിൽ വിചാരിച്ചതുപോലെ വിറ്റുപോയിക്കൊള്ളണമെന്നില്ല. പക്ഷേ, ദുബൈ എക്‌സേഞ്ചുകളിൽ അന്നന്നു ബാധ്യത തീർക്കുകയും വേണം. സ്വന്തം നിലക്ക് കൈകാര്യം ചെയ്യേണ്ടതിനാൽ ടെൻഷൻ ചെറുതല്ല. ദുബൈയിൽ പോയി കറൻസി കൊണ്ടുവരുന്ന രീതി മാറ്റി പിൽക്കാലത്ത് പാർസൽ വരുത്താനാരംഭിച്ചു. അന്നത്തെ കറൻസി ചെലവാക്കി പിറ്റേന്ന് കാഷ് അവർക്ക് അയച്ചുകൊടുക്കുന്നതുവരെയുള്ള മാനസിക സമ്മർദം അനുഭവിച്ചുതന്നെ അറിയേണ്ടതാണ്.
ദുബൈക്കാർക്ക് നാളെ എങ്ങനെ ഫണ്ട് അയക്കുമെന്ന് ഒരു ധാരണയും ചിലപ്പോഴുണ്ടാകില്ല. അവർ വിളിച്ചു ചോദിക്കുമ്പോൾ അയച്ചില്ല എന്ന് എങ്ങനെ പറയും. എന്നുവെച്ച് അയച്ചെന്ന് പറയാനൊക്കുമോ? പരസ്പര വിശ്വാസത്തിന്റെ പേരിലുള്ള ക്രയവിക്രയങ്ങളാണ്. ഒരു തവണ പാളിപ്പോയാൽ അത് വീണ്ടെടുക്കാനാവില്ല. അത്തരം ഘട്ടങ്ങളിൽ ഞാൻ ചെയ്തിരുന്നത് പരമാവധി സ്വലാത്ത് വർധിപ്പിക്കുകയാണ്. ഈ നിയ്യത്തോടെ സ്വലാത്ത് ചൊല്ലിച്ചൊല്ലിയങ്ങ് ഉറങ്ങിപ്പോകും. പിറ്റേന്ന് എന്തെങ്കിലുമൊരു വഴിതെളിയും. എത്രയെത്ര അനുഭവങ്ങൾ സാക്ഷി. കാരണം ഈ ജോലികൊണ്ട് കുടുംബം പോറ്റുന്നതിനപ്പുറം ദീനിന്റെ കുറേ സംഗതികൾ നടക്കുന്നുണ്ടല്ലോ. അതിന്റെ ബറകത്താണ്.
ഞാൻ ഏറ്റെടുക്കുമ്പോൾ ഏതാണ്ട് ആറുലക്ഷം റിയാൽ മൂലധനമേ ലാറി എക്‌സേഞ്ചിനുള്ളൂ. എന്നാൽ പിരിയുമ്പോൾ 60 മില്യന്റെ ബിസിനസ്സായി അതു വളർന്നു. ഒന്നും എന്റെ കഴിവല്ല. വെറും ഏഴാം ക്ലാസ് വിദ്യാഭ്യാസമാണെനിക്കുള്ളത്. അല്ലാഹു ഒരു മറയിട്ടു തരുന്നതാണ്. അവന്റെ ഖുദ്‌റത് എന്നു പറയാം.
അങ്ങനെ ലാറി എക്‌സേഞ്ച് വടവൃക്ഷമായി വളർന്നു. മലയാളി സ്പർശമുള്ള പുരോയാനം. അൽഖോർ, വഖറ, ഇറാനി സൂക്ക്, സൽവാർ ഹോട്ടൽ എന്നിവിടങ്ങളിൽ പുതിയ ബ്രാഞ്ചുകൾ തുറന്നു. നൂറോളം സ്റ്റാഫുകൾ. ബാവഹാജി പറയുന്നവർക്ക് നെദർ ലാറി വിസ കൊടുത്തു. 65 മലയാളികളെ ഹാജി നിയമിച്ചു. ശേഷിച്ചവർ മറുനാട്ടുകാർ. ആ കുടുംബങ്ങൾ കരേറി. അന്താരാഷ്ട്ര പ്രശസ്തിയിലേക്ക് ലാറി ഉയർന്നു. ഒറ്റക്കു തുഴഞ്ഞ് സ്ഥാപനത്തെ പുരോഗതിയിലേക്ക് നയിച്ച ഹാജിക്ക് ശമ്പളത്തിനു പുറമെ നിശ്ചിത ലാഭവിഹിതവും കമ്പനി നൽകി. ജീവിതം പച്ചതൊട്ടു. നാട്ടിൽ സ്ഥലം വാങ്ങി, വീടുവെച്ചു. അത്യാവശ്യം ജീവിക്കാനുള്ള ചുറ്റുപാടൊക്കെയായി. ഇത്തരമൊരവസ്ഥയിൽ ഏതു പ്രവാസിയും ചെയ്യുക മരുക്കാട്ടിനോട് വിടയോതുകയാണ്. ബാവഹാജിയും അതു തന്നെ ആഗ്രഹിച്ചു. പിതാവിന്റെ രോഗം അതിനു നിമിത്തമൊരുക്കുകയും ചെയ്തതാണ്. പക്ഷേ, ഹാജിയുടെ പുറപ്പാട് ലാറിക്ക് അചിന്ത്യമായിരുന്നു. ഹൃദയസ്പർശിയായ ആ മുതലാളി-തൊഴിലാളി ബന്ധത്തിന്റെ അടരുകൾ:
ഉപ്പ അസുഖ ബാധിതനായപ്പോൾ നാട്ടിൽ പോരാൻ ആഗ്രഹിച്ചു. സ്ഥാപനം വിശ്വസിച്ചു ഏൽപ്പിക്കാനായി എളാപ്പയുടെ ജാമാതാവ് ഖാലിദ് ഹാജിയെ വരുത്തി. മൂന്നു മാസത്തോളം സംഗതികളൊക്കെ കാണിച്ചുകൊടുത്ത് ഉത്തരവാദിത്തം ഏൽപ്പിച്ചാണ് നാട്ടിലേക്കു പോന്നത്. നിനക്ക് വിശ്വസ്തനായ ആളെ ഏൽപ്പിക്കണമെന്ന നിബന്ധന മാത്രമേ ലാറിക്കുണ്ടായിരുന്നുള്ളൂ. ഖാലിദ് ഹാജി അതു നന്നായി നോക്കിനടത്തി. പിന്നെ ആറു മാസം ഞാനും ആറു മാസം അദ്ദേഹവുമായി മാറിമാറി നിന്നു. അതുകൊണ്ട് അവസാന കാലത്ത് ഉപ്പാക്ക് സേവനം ചെയ്യാൻ കഴിഞ്ഞു.
ലാറിയെ വിട്ടുപോരാനാവാത്ത വിധം മനസ്സടുപ്പിച്ച ഒരു സംഭവം അതിനിടെയുണ്ടായി. ഉപ്പാക്ക് രോഗം കൂടുതലാണെന്നും എന്നെ കാണമെന്ന് പറയുന്നുണ്ടെന്നും വീട്ടിൽ നിന്നു ഫോൺ വന്നു. ഇക്കാര്യം ലാറിയോട് പറയുമ്പോൾ എന്റെ കണ്ണു നിറഞ്ഞിരുന്നു. നാട്ടിൽ പോകണമെന്ന് പറഞ്ഞപ്പോൾ അദ്ദേഹം ഒന്നും മിണ്ടിയില്ല. പതിവുപോലെ അന്നും ദുബൈയിൽ പോയി കറൻസി കൊണ്ടുവന്നു. തിരിച്ചുവന്നപ്പോൾ അതുവാങ്ങിവെച്ച് നാട്ടിലേക്കുള്ള വിമാന ടിക്കറ്റും ഖുറൂജും (ഖത്വറിൽ നിന്ന് ലീവിൽ പോരുമ്പോഴും എക്‌സിറ്റ് വേണമെന്നാണ് നിയമം) കൈയിൽ തന്ന് നാളെത്തന്നെ പോയ്‌ക്കോ എന്നു പറഞ്ഞു. എന്റെ വിഷമമാവസ്ഥ കണ്ടറിഞ്ഞ് എല്ലാം സ്വന്തം നിലക്ക് ചെയ്തതു കണ്ടപ്പോൾ ഞാൻ സത്യത്തിൽ കരഞ്ഞുപോയി. അദ്ദേഹം ആശ്വസിപ്പിച്ചു യാത്രയാക്കി.
96-ൽ ഹൃദയസ്തംഭനം മൂലം ഖാലിദ് ഹാജി മരിച്ചപ്പോൾ ശരിക്കും പ്രയാസപ്പെട്ടു. ഒറ്റക്ക് സ്ഥാപനം മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്നു മനസ്സു പറഞ്ഞു. എല്ലാ കാലത്തും ഈ മരുഭൂമിയിൽ നീന്തണമെന്ന ചിന്ത എനിക്കുണ്ടായിരുന്നുമില്ല. ലാറിയോട് ഇക്കാര്യം പറഞ്ഞപ്പോൾ പ്രതീക്ഷിച്ചപോലെ തന്നെ അദ്ദേഹം സമ്മതിച്ചില്ല. പകരം ഒറ്റപ്പെടലിനു പരിഹാരമായി കുടുംബത്തെ കൊണ്ടുവന്ന് താമസിപ്പിക്കാൻ നിർദേശിച്ചു. അതിനു സൗകര്യവും ചെയ്തു. എന്റെ അഞ്ചു മക്കളിൽ മൂന്നുപേരും വിദ്യാഭ്യാസം ചെയ്തത് അവിടെയാണ്. അതിന്റെ ചെലവും അദ്ദേഹം വഹിച്ചു. അങ്ങനെ വർഷങ്ങൾ കടന്നുപോയി.
ഫാമിലിയെ കൊണ്ടുവന്നത് ലാറി കുടുംബവുമായി കൂടുതൽ അടുപ്പത്തിന് കാരണമായി. എന്നെ മകനെപ്പോലെ കാണുന്ന ലാറിയുടെ ഭാര്യ പറയും: നിനക്ക് ഇവിടുന്ന് പോയി നാട്ടിൽ ജീവിക്കാനാവില്ല ഹമീദേ. ഖത്വറിന്റെ പ്രകൃതിയോടാണ് നിനക്ക് കൂടുതൽ ഇണക്കം. കേരളത്തിൽ പോയാൽ നീ രോഗിയാവും.’
(തുടരും)