1969-ലെ ഗാന്ധി ജന്മശതാബ്ദി ആഘോഷോദ്ഘാടനത്തിന് കേന്ദ്ര സർക്കാർ സാഘോഷം കൊണ്ടുവന്ന അതിർത്തി ഗാന്ധി ഖാൻ അബ്ദുൽ ഗഫാർഖാന്റെ വർഗീയതക്കെതിരായ ഉപവാസവും തുടർന്നുള്ള വിവാദങ്ങളുമാണ് മുൻ ലക്കത്തിൽ പരാമർശിച്ചത്. പുരസ്‌കാരം നൽകി അദ്ദേഹത്തെ സംപ്രീതനാക്കാൻ ശ്രമിച്ചെങ്കിലും കോൺഗ്രസ് ഭരണകൂടത്തിനും നേതാക്കൾക്കും ഗുജറാത്തിൽ അക്കാലത്തു നടന്ന മുസ്‌ലിം വംശഹത്യയിൽ സർക്കാറിന്റെ ദുരൂഹമായ നിസ്സംഗതക്കെതിരെയും അദ്ദേഹം പ്രസ്താവനകൾ പുറപ്പെടുവിച്ചുകൊണ്ടിരുന്നു. കോൺഗ്രസ് നേതാക്കൾക്ക് ചെറിയ തലവേദനയല്ല അവ സൃഷ്ടിച്ചത്. ഇതുസംബന്ധിച്ചാണ് ഒക്‌ടോബർ 24 ലക്കത്തിലെ മുഖലേഖനം. ഖാൻ ഗഫാർഖാൻ ഇന്ത്യയിൽ എന്നു ശീർഷകം. കെവി സൂപ്പിയാണു ലേഖകൻ. അതിൽ നിന്ന്:
അങ്ങ് അഫ്ഗാനിസ്താനിലൊരിടത്ത് വിശ്രമിച്ച് കൊണ്ടിരിക്കുന്ന അബ്ദുൽ ഗഫാർഖാനെ നെടുനാളത്തെ തീവ്ര ശ്രമത്തിന്റെ ഫലമായി ഇന്ന് ഇന്ത്യയിൽ കൊണ്ടുവരാൻ നമുക്ക് കഴിഞ്ഞിരിക്കുന്നു. ഭാഗ്യം! മഹാഭാഗ്യം! അതിർത്തി ഗാന്ധിയാണെങ്കിൽ കൂടി നാം അദ്ദേഹത്തിന്റെ ഗാന്ധിസത്തെ ഏതെങ്കിലുമൊരു അതിർത്തിയിൽ ഒതുക്കിനിർത്താൻ തയ്യാറായില്ല. അതിന്റെ ഫലമാണല്ലോ ലോകസമാധാനത്തിനുള്ള ജവഹർലാൽ നെഹ്‌റു അവാർഡ് അദ്ദേഹത്തിന് നൽകാൻ നാം തീരുമാനിച്ചതും.
ഗാന്ധി ജന്മശതാബ്ദി ദിനത്തിന്റെ തലേന്നാൾ ബൈറൂത്ത് വഴി ബോംബെയിലെ സാന്താക്രൂസ് വിമാനത്താവളത്തിൽ, ഇന്ത്യയുടെ അന്തരീക്ഷത്തിൽ വർഗീയതയുടെ കാർമേഘങ്ങൾ ശക്തിമത്തായി അടിഞ്ഞുകൂടിക്കൊണ്ടിരുന്നു വെങ്കിലും അദ്ദേഹത്തിന്റെ വിമാനത്തിന് ഇറങ്ങാൻ വിഷമമൊന്നുമുണ്ടായിരുന്നില്ല. അദ്ദേഹത്തെ ഒരുനോക്ക് കാണാനും ഹാർദ്രമായി സ്വാഗതം ചെയ്യാനുമായി ജനലക്ഷങ്ങൾ തടിച്ചുകൂടി. ജനലക്ഷങ്ങൾ നൽകുന്ന സ്‌നേഹാദരങ്ങൾ ദർശിച്ച ആ വലിയ മനുഷ്യൻ അഹങ്കാരിയായില്ല. വികാരഭരിതനുമായില്ല. ‘ഈ സ്‌നേഹം നിങ്ങൾ നിങ്ങളുടെ ഇടയിൽ പരസ്പരം പ്രദർശിപ്പിക്കുക’ അതായിരുന്നു ആ മനുഷ്യ സ്‌നേഹിയുടെ ഒന്നാമത്തെ വാക്ക്.
എന്തെന്തു പ്രതീക്ഷകളോടെയായിരുന്നു അദ്ദേഹത്തെ ഇവിടേക്കു വരുത്തിയിരുന്നതെന്നോ! വിധി വൈപരീത്യമെന്ന് പറയട്ടെ, നാം അതിയായി ആശിച്ചു കൊണ്ടിരുന്ന ഒരു പ്രസ്താവനയും അദ്ദേഹത്തിന്റെ നാക്കിൽ നിന്ന് പുറത്തുവന്നില്ല. നമ്മുടെ മുഴുവൻ പ്രതീക്ഷകളെയും തകിടം മറിച്ചുകൊണ്ടുള്ള പ്രസ്താവനകൾ ദിനം പ്രതി അദ്ദേഹത്തിൽ നിന്ന് പുറത്തുവന്നുകൊണ്ടേയിരിക്കുകയും ചെയ്യുന്നു. ഇളിഭ്യരായ നമ്മുടെ നേതാക്കൾ പരസ്പരം മുഖത്തുനോക്കി പകച്ചിരിക്കുകയാണിപ്പോൾ.
ഗാന്ധിജിയുടെ ജന്മനാട്ടിൽ അത്യുഗ്രവും സംഘടിതവുമായ നിലയിൽ രൂപം പ്രാപിച്ചു കഴിഞ്ഞ അക്രമപ്രവർത്തനങ്ങൾ ആ ഗാന്ധിഭക്തന്റെ ഹൃദയത്തെ ഉലച്ചുകളഞ്ഞിരിക്കുന്നു. ഇവിടുത്തെ മണ്ണിൽ നിന്നു കൊണ്ടുതന്നെ സത്യാഗ്രഹവും ഉപവാസവും നടത്തണമെന്ന് തീരുമാനിച്ചുകൊണ്ടാണ് ഞാൻ വന്നതെന്ന് അദ്ദേഹം തുറന്നു പറയുകയും ചെയ്തു. ഒക്‌ടോബർ 3-ന് കാലത്ത് 7 മണിമുതൽ മൂന്നു ദിവസത്തെ ഉപവാസം ന്യൂഡൽഹിയിൽ അദ്ദേഹത്തിന്റെ താമസ സ്ഥലത്ത് തന്നെ ആരംഭിക്കുകയും ചെയ്തു.’
ഖാന്റെ പ്രസ്താവന ലേഖകൻ പരാമർശിക്കുന്നു: താൻ ഇന്ത്യയിൽ വന്നതിനു ശേഷം അധികാരവും പ്രതാപവും നേടാൻ ഉത്കണ്ഠാകുലരായിരിക്കുന്ന സ്വാർത്ഥികളായ നേതാക്കളെ മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ… പുതുതായി സ്വാതന്ത്ര്യം നേടിയ രാഷ്ട്രങ്ങൾ ദ്രുതഗതിയിൽ വികസിച്ചുകൊണ്ടിരിക്കുമ്പോൾ ഇന്ത്യയും പാകിസ്താനും പിന്നാക്കം പോയിക്കൊണ്ടിരിക്കുന്നതെന്തുകൊണ്ടാണെന്നു സമർത്ഥിക്കാനും അദ്ദേഹം മറന്നില്ല. ഇന്ത്യയിലെ നേതാക്കൾക്ക് ധാരാളം പ്രസംഗിക്കുക, അൽപം മാത്രം പ്രവർത്തിക്കുക എന്ന സ്വഭാവമാണുള്ളത് എന്ന് ഗാന്ധി ശതാബ്ദി ദിനത്തിൽ രാംലീലാ ഗ്രൗണ്ടിൽ ചേർന്ന യോഗത്തിൽ അദ്ദേഹം ആക്ഷേപിച്ചു.
ഒടുവിലിതാ പുറത്തുവന്ന ഒരു പ്രസ്താവന-കാശ്മീരിലെ ജനങ്ങൾക്ക് ഇന്ത്യ നൽകിയ വാഗ്ദാനം പാലിക്കുകയാണെങ്കിൽ അങ്ങനെയൊരു പ്രശ്‌നമേ അവശേഷിക്കുകയില്ല എന്ന് ഇന്ത്യൻ പ്രസ്‌ക്ലബ്ബ് നൽകിയ സ്വീകരണത്തിൽ സംബന്ധിച്ചുകൊണ്ട് അദ്ദേഹം പ്രസ്താവിച്ചിരിക്കുന്നു. മഹാത്മാ ഗാന്ധിയുടെ അന്ത്യാഭിലാഷം മാനിച്ചുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പിരിച്ചുവിടേണ്ടത് ആവശ്യമാണെന്നും! (ചന്ദ്രിക 13.10.69).
ലേഖനം തുടരുന്നു: അതിർത്തി ഗാന്ധിയെ സ്വീകരിക്കാനുള്ള സമിതിയുടെ അധ്യക്ഷനായ ശ്രീ ജയപ്രകാശ് നാരായണൻ 80 ലക്ഷം രൂപ സമ്മാനമായി അതിർത്തി ഗാന്ധിക്ക് സമിതി നൽകുന്നതാണെന്ന് മുമ്പേ പ്രഖ്യാപിച്ചിരുന്നു. ആ സംഖ്യ മുഴുവൻ ശേഖരിക്കുകയും ചെയ്തു.
ഇങ്ങനെയൊക്കെ ആ മഹാനായ നേതാവിനെ പ്രീതിപ്പെടുത്താൻ ‘നാം’ യത്‌നിച്ചിട്ടും അദ്ദേഹത്തിൽ നിന്നുണ്ടായ പ്രതികരണം വിപരീതമാണെന്ന് വന്നാൽ അതെന്തുമാത്രം നിരാശാജനകമല്ല? ഈ നിരാശയിൽ നിന്ന് ജന്മമെടുത്തതാണ് ജയപ്രകാശ് നാരായണന്റെ (മുസ്‌ലിം വിരുദ്ധമായ-ലേഖ.) പുതിയ പ്രസ്താവന. അതിൽ ആരും കുണ്ഠിതപ്പെടേണ്ടതില്ല.
ഇദ്ദേഹത്തിന്റെ ഇന്ത്യാ സന്ദർശനം ഈ രാജ്യത്തെ നേതാക്കന്മാരെ ഇരുത്തി ചിന്തിപ്പിക്കാൻ പര്യാപ്തമായെങ്കിൽ നാം ധന്യരായി. ന്യൂനപക്ഷം രക്ഷ പ്രാപിച്ചു-കുറിപ്പ് അവസാനിക്കുകയാണ്.
(തുടരും)