chelakrmam-muthalaq-malayalam

ഇസ്‌ലാമിക വിഷയങ്ങളിൽ കേരളത്തിൽ ഇടക്കിടെ വലിയ ചർച്ചകളും വിവാദങ്ങളും ഉണ്ടാകാറുണ്ട്. സ്ത്രീകളുടെ സുന്നത്ത്കർമം, മുത്വലാഖ്, സിവിൽ കോഡ് തുടങ്ങിയ ഏതു കാര്യത്തിലും ഇതാണനുഭവം. മതവിജ്ഞാന രംഗത്ത് സജീവമാകുന്നതു കൊണ്ട് ഉസ്താദ്

ഇതിനെയൊക്കെ എങ്ങനെയാണ് നോക്കിക്കാണുന്നത് ?

വിശുദ്ധ ഇസ്‌ലാം സമഗ്രവും സർവകാലികവും സർവജനീനവും സർവലൗകികവുമാണ്. അതിന്റെ ഓരോ നിയമവും എക്കാലത്തും ശാസ്ത്രീയമായും മറ്റും സമർത്ഥിക്കാൻ സാധിക്കുന്നതും സമർത്ഥിക്കപ്പെട്ടതുമാണ്. അതിന്റെ തത്ത്വദർശനങ്ങൾ സ്വീകാര്യവും സർവതോന്മുഖവുമാണ്. എന്നാൽ  ഇത്തരം മതവിഷയങ്ങളിൽ അൽപജ്ഞാനികൾ ഇടപെടുന്നത് ഇസ്‌ലാമിനെ തെറ്റിദ്ധരിക്കാനുള്ള  വകയുണ്ടാക്കുന്നുവെന്നത് ഊന്നിപ്പറയേണ്ട വിഷയമായി ഞാൻ കരുതുന്നു.

ഇത്തരം വിഷയങ്ങൾ പൊതുസമൂഹത്തിൽ  ചർച്ച ചെയ്യേണ്ടതുണ്ടോ. മതത്തെ കുറിച്ചുള്ള തെറ്റിദ്ധാരണക്ക് അത് കാരണമാകില്ലേ?

ഇസ്‌ലാമിക വിഷയങ്ങളൊന്നും ചർച്ചക്കതീതമല്ല. എങ്കിലും ഇത്തരം മതപരമായ വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതും ചർച്ചചെയ്യേണ്ടതും മതത്തെ കുറിച്ച് ആഴത്തിൽ പഠനം നടത്തിയ പണ്ഡിതന്മാരാണ്. വർത്തമാന കാലത്ത് കേവലമതനാമധാരികൾ കയറി സംസാരിച്ച് കാര്യങ്ങൾ കൂടുതൽ വഷളാക്കുകയാണ് ചെയ്യുന്നത്. മുറിവൈദ്യൻ ആളെ കൊല്ലും എന്നു പറയുന്നതു പോലെ വിശുദ്ധ ഇസ്‌ലാമിനെ വികൃതമായി ചിത്രീകരിക്കാനാണ് ഇത്തരം ഉപരിപ്ലവ ചർച്ചകൾ സഹായിക്കുക. അവരിൽ നിന്ന് ബാഹ്യമായ അറിവിനെയും കേവല ഊഹാപോഹങ്ങളെയും അടിസ്ഥാനമാക്കിക്കൊണ്ടുള്ള ചർച്ചകൾ മാത്രമേ ഉടലെടുക്കൂ എന്നതാണ് വാസ്തവം. ഈ അടുത്ത് ഏറെ ചർച്ചകൾക്ക് വിധേയമായ വിഷയമാണല്ലോ ബഹുഭാര്യത്വം. അതു സംബന്ധമായി ഒരു മുഖ്യധാരാ വരികയിലൂടെ ഒരു മുസ്‌ലിം നാമധാരി എഴുതി വിട്ടത് വലിയ വങ്കത്തമായിരുന്നു. അതൊന്നും ഇസ്‌ലാമിന്റെ നയമായി പരിഗണിക്കാനാവില്ല.

തെറ്റിദ്ധാരണകൾക്ക് നിവാരണം നൽകേണ്ടത് പണ്ഡിത ദൗത്യമാണല്ലോ. സമകാല പണ്ഡിതസമൂഹം ഇത് എത്രത്തോളം നിർവഹിക്കുന്നുണ്ട്?

ഇസ്‌ലാമിന്റെ സുന്ദരമായ ആശയത്തെ വികലമാക്കുന്ന സമയത്ത് അതിനെതിരെ പ്രതികരിക്കേണ്ടതും സമുദായത്തെ ജാഗ്രത്താക്കേണ്ടതും പണ്ഡിതന്മാരുടെ ബാധ്യതയാണ്. സാധ്യമാകുന്ന അവസരങ്ങളിലെല്ലാം അവരതു നിർവഹിച്ച് കൊണ്ടിരിക്കുന്നു. ഇത്തരം പ്രശ്‌നങ്ങൾ ഉടലെടുത്ത സമയങ്ങളിൽ പല പ്രഭാഷണങ്ങളിലും എഴുത്തുകളിലുമെല്ലാം പണ്ഡിതന്മാർ കാലോചിതമായ രീതിയിൽ പ്രതികരിക്കാറുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പ്രസിദ്ധമായ ഷാബാനു കേസിലെ സമസ്തയുടെ ഇടപെടലുകൾ ഇതിന് ഒരു ഉദാഹരണം മാത്രം.

പക്ഷേ, ഇത്തരം വിഷയങ്ങൾ വരുമ്പോൾ വാർത്താ മാധ്യമങ്ങളും ചാനലുകളും വിഷയത്തെ കുറിച്ച് ഗഹനമായി പഠിച്ച പണ്ഡിതന്മാരെ കണ്ടെത്തുന്നതിന് പകരം ഏതെങ്കിലും അൽപജ്ഞാനികളായ ആളുകളെ സമീപിക്കുകയും അവരുമായി ചർച്ച നടത്തി കൂടുതൽ വഷളാക്കുകയും ചെയ്യുന്നത് നമ്മുടെ നാട്ടിൽ സർവ സാധാരണമായി കണ്ടുവരുന്നു.

മുത്വലാഖ്, സ്ത്രീ ചേലാകർമം പോലുള്ളവ നേരിട്ട് തന്നെ വനിതകളുമായി ബന്ധപ്പെട്ടതാണ്. ചിലർ പറയുന്നു ഇസ്‌ലാം സ്ത്രീയെ അടിച്ചമർത്തുന്നുവെന്ന്. എന്താണ് പ്രതികരണം?

അതെങ്ങനെ ശരിയാകും? ഇസ്‌ലാം സ്ത്രീക്ക് നേടിക്കൊടുത്ത പരിശുദ്ധിയും സ്ഥാനവും അവകാശങ്ങളുടെ മഹത്ത്വവുമറിയണമെങ്കിൽ വിശുദ്ധ ഖുർആനിന്റെ അവതരണക്കാലത്തു സ്ത്രീകൾക്കുണ്ടായിരുന്ന സ്ഥാനമാനങ്ങൾ  എന്തായിരുന്നുവെന്ന് മനസ്സിലാക്കണം. പിശാചിന്റെ പ്രതിരൂപമായാണ് അവർ സ്ത്രീയെ കണ്ടിരുന്നത്. ഭാര്യയെ വധിക്കാൻപോലും ഭർത്താവിന് സ്വാതന്ത്ര്യം നൽകുന്നതായിരുന്നു റോമൻ നിയമ വ്യവസ്ഥ എന്ന് ചരിത്രം പഠിക്കുന്നവർക്ക് മനസ്സിലാക്കാം. ഇനി ഇന്ത്യൻ സ്ത്രീത്വത്തെ എടുക്കുകയാണെങ്കിൽ ഭർത്താവ് മരണപ്പെട്ടാൽ അവന്റെ ചിതയിൽ ചാടി മരിക്കണമെന്നായിരുന്നു ഭാരതീയ സങ്കൽപം. പാപം കടന്നുവരാൻ കാരണക്കാരി പെണ്ണാണെന്നാണ് യഹൂദന്മാർ വിശ്വസിച്ചിരുന്നത്. അവർ അവളോട് പെരുമാറിയിരുന്നത് അതിക്രൂരമായിട്ടായിരുന്നു. യഹൂദമതത്തിന്റെ പിന്തുടർച്ചയായി വന്ന ക്രിസ്ത്യാനിസത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. സ്ത്രീകൾക്ക് ആത്മാവുണ്ടോ എന്നായിരുന്നു പതിനാറാം നൂറ്റാണ്ടിൽ പോലും പാതിരിമാരുടെ ചർച്ചാവിഷയം.

മുഹമ്മദ് നബി(സ്വ) സത്യപ്രബോധനവുമായി രംഗത്തുവരുന്നതിന്റെ മുമ്പ് അറേബ്യയിലെ സ്ഥിതി ഇതിലും മോശമായിരുന്നു. സ്ത്രീക്ക് ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടിരുന്നു ആ സമൂഹത്തിൽ. ഭാര്യ ജന്മം നൽകിയത് പെൺകുഞ്ഞിനാണെന്ന് അറിഞ്ഞാൽ കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടലായിരുന്നു അവരിൽ പലരുടെയും പതിവ്. ഇത്തരമൊരു സാമൂഹ്യ സാഹചര്യത്തിലാണ് ഖുർആനും മുഹമ്മദ് നബി(സ്വ)യും സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും അവകാശത്തിനും വേണ്ടി ശബ്ദിക്കുകയും അത് സ്ഥാപിച്ചെടുക്കുകയും ചെയ്തത് എന്ന കാര്യം അറിയാത്തതു കൊണ്ടാകാം വിമർശകർ അങ്ങനെ പറയുന്നത്.

 

നേരത്തെ സൂചിപ്പിച്ചതു പോലെ സ്ത്രീകളുടെ സുന്നത്ത്കർമം വിവാദങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതിനെ എങ്ങനെ വിലയിരുത്തുന്നു?

സ്ത്രീകളുടെ ചേലാകർമം പല രാജ്യങ്ങളിലും പല മതങ്ങളിലും നടക്കുന്ന ഒന്നാണ്. പണ്ടുകാലം മുതൽക്കേയുള്ള സമ്പ്രദായമായിട്ടാണ് പണ്ഡിതന്മാർ ഇതിനെ പരിചയപ്പെടുത്തുന്നത്. നമ്മുടെ കൊച്ചു കേരളത്തിലും മുൻകാലങ്ങളിൽ ഇത് ചെയ്തിരുന്നു. പ്രസവ ശുശ്രൂഷ ചെയ്യുന്ന സ്ത്രീകൾ ഗർഭിണി പ്രസവിച്ച ഉടനെത്തന്നെ പെൺകുഞ്ഞിന് ഈ കർമം ചെയ്യാറുണ്ടായിരുന്നുവെന്ന് പഴമക്കാരിൽ നിന്ന് കേട്ടിട്ടുണ്ട്. പുരുഷന്മാരുടേത് പരസ്യമാക്കലും സ്ത്രീകളുടേത് രഹസ്യമാക്കലുമാണ് സുന്നത്ത് എന്ന് കർമശാസ്ത്ര പണ്ഡിതന്മാർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പരസ്യമാക്കാറില്ല എന്ന് മാത്രം. കേരളക്കരയിലും ഇത് പണ്ട് അങ്ങനെത്തന്നെയായിരുന്നു. അന്നൊന്നും വിവാദമായിരുന്നുമില്ല.

സ്ത്രീകളുടെ ചേലാകർമത്തെ സംബന്ധിച്ച് രണ്ട് അഭിപ്രായങ്ങളാണ് പണ്ഡിതലോകത്ത് നിലനിൽക്കുന്നത്. നിർബന്ധമാണെന്നാണ് ഒരഭിപ്രായം. മറ്റൊരഭിപ്രായം പുരുഷന്മാരുടേത് നിർബന്ധവും സ്ത്രീകളുടേത് സുന്നത്തുമാണെന്നാണ്. രണ്ടാമത്തെ അഭിപ്രായമാണ് പല പണ്ഡിതന്മാരിൽ നിന്നും ഉദ്ധരിക്കുന്നതെന്ന് ഫത്ഹുൽ മുഈൻ എന്ന കർമശാസ്ത്ര ഗ്രന്ഥത്തിൽ വ്യക്തമായി നമുക്ക് കാണാവുന്നതാണ്.

ഇതിന് പ്രാമാണിക തെളിവുകളുണ്ടോ?

സ്ത്രീകളുടെ ചേലാകർമത്തിന് ഹദീസിൽ സൂചനകളുണ്ട്. കുളി നിർബന്ധമാകുന്ന കാര്യങ്ങൾ വിശദീകരിക്കുന്ന സ്ഥലത്ത് ഇബ്‌നുമാജ(റ) ഉദ്ധരിച്ച ഒരു ഹദീസിൽ കാണാം: ‘ചേലാകർമം ചെയ്യപ്പെട്ട രണ്ട് ഭാഗങ്ങൾ തമ്മിൽ കണ്ടുമുട്ടിയാൽ കുളി നിർബന്ധമാകും’. ചേലാകർമം ചെയ്യപ്പെട്ട രണ്ട് ഭാഗങ്ങൾ എന്നാണ് ഇവിടെ പ്രവാചകർ(സ്വ) പറഞ്ഞത്. പുരുഷ-സ്ത്രീ ലിംഗങ്ങളുടെ സംസർഗമാണുദ്ദേശ്യം. രണ്ടു വിഭാഗത്തിന്റെതും ഖിതാൻ ചെയ്യുമെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാമല്ലോ. അതുപോലെ ഇമാം ബുഖാരി(റ) തന്റെ സ്വഹീഹിൽ രേഖപ്പെടുത്തിയ ഒരു ഹദീസിൽ അഞ്ചു കാര്യങ്ങൾ പ്രവാചകന്മാരുടെ ചര്യയിൽ പെട്ടതാണ് എന്ന് കാണാം. ഇതിൽ ഒന്ന് ചേലാകർമം ചെയ്യുക, രണ്ട് ഗുഹ്യരോമം നീക്കുക, മൂന്ന് നഖം മുറിക്കുക, നാല് കക്ഷരോമം പറിക്കുക, അഞ്ച് മീശ വെട്ടുക എന്നിവയാണ്.

ഖതീബു ശിർബീനി(റ) മുഗ്‌നി അൽമുഹ്താജ് എന്ന കർമശാസ്ത്ര ഗ്രന്ഥത്തിൽ പറയുന്നു: പുരുഷന്മാരിൽ നിന്ന് ആദ്യമായി ചേലാകർമം ചെയ്തത് ഇബ്‌റാഹിം നബി(അ)യും സ്ത്രീകളിൽ നിന്ന് ആദ്യമായി ചേലാകർമം ചെയ്തത് ഹാജറ ബീവി(റ)യുമാണ്.’ വളരെ പണ്ടു മുതൽക്കുതന്നെ ഉണ്ടായിരുന്ന ഒരു സമ്പ്രദായമാണ് ചേലാകർമം എന്ന് ഇതെല്ലാം മനസ്സിലാക്കിത്തരുന്നു.

ഇതെങ്ങനെ ചെയ്യണമെന്നാണ് പണ്ഡിതർ പറയുന്നത്. സംക്ഷിപ്ത വിവരണം നൽകാമോ?

ഫത്ഹുൽ മുഈൻ എന്ന ഗ്രന്ഥത്തിലും മറ്റു കർമശാസ്ത്ര ഗ്രന്ഥങ്ങളിലും സ്ത്രീകളുടെ ചേലാകർമത്തെ കുറിച്ച് അപഗ്രഥിച്ചിട്ടുണ്ട്. പ്രസവിച്ചതിന്റെ ഏഴാം നാളിൽ ചെയ്യലാണ് സുന്നത്ത്. ഏഴാം നാളിൽ ചെയ്യുന്നില്ലെങ്കിൽ നാൽപത് ദിവസമാകുമ്പോൾ ചെയ്യുക. അന്നും ചെയ്തില്ലെങ്കിൽ ഏഴ് വയസ്സാകുന്ന സമയത്ത് ചെയ്യുക എന്ന് കർമശാസ്ത്ര പണ്ഡിതന്മാർ രേഖപ്പെടുത്തുന്നു. ഇസ്‌ലാം വളരെ ലളിതമായാണ് ഇത് പഠിപ്പിക്കുന്നത്. ക്രൂരം എന്നും അതിക്രൂരമെന്നും പറയാൻ പറ്റിയ സ്വഭാവമല്ല ഇതിനുള്ളത് എന്ന് വളരെ വ്യക്തമാണ്.

സ്ത്രീകളുടെ ചേലാകർമം നടത്തുന്നതു മൂലം അവർക്ക് കൂടുതൽ മുഖപ്രസന്നതയുണ്ടാവുകയും ഭർത്താവിനടുക്കൽ കൂടുതൽ വിഹിതം ലഭിക്കുകയും ചെയ്യുമെന്ന് പ്രവാചകർ(സ്വ) പറഞ്ഞതായി ഹാക്കിം മുസ്തദറക് എന്ന വിശ്വപ്രസിദ്ധ ഗ്രന്ഥത്തിൽ ഉദ്ധരിച്ച ഹദീസിൽ കാണാം. ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം നബി തിരുമേനിയാണല്ലോ ഏറ്റവും വലിയ ശാസ്ത്രജ്ഞനും പരിഷ്‌കർത്താവും. അതുകൊണ്ടു തന്നെ നബി(സ്വ) പറഞ്ഞ ഏതൊരു കാര്യത്തിലും മനുഷ്യന് ഒരുപാടു ഗുണങ്ങൾ ഉണ്ടാകുമെന്നതിൽ സംശയമില്ലതന്നെ.

മറ്റൊരു വിവാദ വിഷയമായ മുത്വലാഖിലേക്കു വരാം. മുത്വലാഖ് ഖുർആൻ വിരുദ്ധവും സ്ത്രീവിരുദ്ധവുമാണെന്നായിരുന്നല്ലോ കോടതി പരാമർശം. എങ്ങനെ വിലയിരുത്തുന്നു?

ഇസ്‌ലാം എന്താണ് പറയുന്നതെന്നു നോക്കാം. മുത്വലാഖ് എന്നതുകൊണ്ടുള്ള വിവക്ഷ മൂന്ന് ത്വലാഖും ഒരേ സമയം ഒരുമിച്ച് ചൊല്ലുക എന്നാണല്ലോ. ഇതിനെ കുറിച്ച് ഇമാം നവവി(റ) തന്റെ ശറഹു മുസ്‌ലിം 1/478-ൽ ഇങ്ങനെ പറയുന്നതായി കാണാം: ഒരാൾ ഭാര്യയോട് നീ മൂന്ന് ത്വലാഖും പോയവളാണെന്നു പറഞ്ഞാൽ ഇമാം ശാഫിഈ, ഇമാം മാലിക്, ഇമാം അബൂ ഹനീഫ, ഇമാം അഹ്മദ്(റ) തുടങ്ങിയവരും സലഫ്-ഖലഫിലെ ബഹുഭൂരിഭാഗം പണ്ഡിതന്മാരും പറയുന്നത് മൂന്ന് ത്വലാഖും സംഭവിക്കുമെന്നാണ്.

അതുപോലെ ഇബ്‌നു ഹജറുൽ ഹൈതമി(റ) തുഹ്ഫതുൽ മുഹ്താജ് 8/47,48-ൽ എഴുതി: ഒരാൾ ഭാര്യയോട് ഞാൻ നിന്നെ വിവാഹമോചനം നടത്തി എന്ന് പറയുകയും തുടർന്ന് രണ്ടോ മൂന്നോ ത്വലാഖ് ഉദ്ദേശിക്കുകയും ചെയ്താൽ അവൻ ഉദ്ദേശിച്ചത് സംഭവിക്കും. എന്നിട്ട് ഇബ്‌നു ഹജറുൽ ഹൈതമി(റ) ഇതിന് തെളിവായി ഹദീസ് ഉദ്ധരിക്കുന്നത് കാണാം-റുക്കാനത്ത്ബ്‌നു അബ്ദി യസീദ് എന്ന സ്വഹാബി തന്റെ ഭാര്യ സുഹൈമത്തിനെ ‘അൽബത്ത’ ത്വലാഖ് ചൊല്ലി(വിച്ഛേദിക്കുക, വേർപ്പെടുത്തുക എന്നാണ്  അൽബത്ത എന്നതിന്റെ അർത്ഥം. ഇത് ത്വലാഖിന്റെ പദമാണ്). ഈ വിവരം അദ്ദേഹം നബി(സ്വ)യെ അറിയിച്ചു-റുക്കാനത്ത്ബ്‌നു അബ്ദി യസീദ്(റ) പറഞ്ഞു: ‘അല്ലാഹുവാണ് സത്യം, ഞാനൊരു ത്വലാഖ് മാത്രമാണ് ഉദ്ദേശിച്ചത്.’ അപ്പോൾ റസൂലുല്ലാഹി(സ്വ) ചോദിച്ചു: ‘അല്ലാഹുവിൽ സത്യം, നീ ഒരു ത്വലാഖ് മാത്രമാണോ ഉദ്ദേശിച്ചത്?’ ഞാൻ ഒന്ന് മാത്രമാണ് ഉദ്ദേശിച്ചത് എന്ന് അദ്ദേഹം സത്യം ചെയ്തു പറഞ്ഞു. അപ്പോൾ റസൂൽ(സ്വ) ഭാര്യയെ തിരിച്ചു നൽകി.

റുക്കാനത്ത്ബ്‌നു അബ്ദി യസീദ്(റ) മൂന്ന് ത്വലാഖ് ഉദ്ദേശിച്ചിരുന്നുവെങ്കിൽ മൂന്നും പോകുമെന്ന് ഇതിൽ നിന്നു വ്യക്തമാണ്. ഈ ആശയത്തിലുള്ള ഹദീസുകൾ വേറെയുമുണ്ട്. അപ്പോൾ ഒരു തവണയായാലോ പല തവണയായാലോ ഒരു സ്ത്രീയെ മൂന്ന് ത്വലാഖ് ചൊല്ലി എന്ന് സ്ഥിരപ്പെട്ടാൽ പിന്നീട് അവൾ അവന് അനുവദനീയമല്ല. നീ മുത്വലാഖ് ഉടയവളാണ് അല്ലെങ്കിൽ ‘അൽബത്ത’ ത്വലാഖ് ഉടയവളാണെന്ന് ഭാര്യയോട് പറയുന്നത് ഈ ഗണത്തിൽ പെട്ടതാണെന്ന് പണ്ഡിതന്മാർ പഠിപ്പിക്കുന്നു.

എന്നാൽ  വിശുദ്ധ ഇസ്‌ലാം നിർദേശിക്കുന്നത് നേരെ ത്വലാഖിലേക്ക് എടുത്തുചാടാനല്ല. സ്വാഭാവികമായും കൂട്ടുജീവിതത്തിൽ സംഭവിക്കുന്ന അപൂർവങ്ങളായ അസ്വാരസ്യങ്ങൾ ഓരോരുത്തരും അവസരത്തിനൊത്തുയർന്ന് വിവേകപൂർവം സഹനസമേതം പരിഹരിക്കാനാണ്. വിശുദ്ധ ഖുർആൻ പുരുഷനോട് പറയുന്നു: ആദ്യം നീ നല്ലപോലെ അവൾക്ക് ഉപദേശം നൽകണം. എന്നിട്ടും  മാറ്റം വരുന്നില്ലെങ്കിൽ അവളെ കിടപ്പറയിൽ വെടിയണം. അഥവാ ഒന്നിച്ച് കിടക്കുന്നത് മാറി കുറച്ച് ദിവസം തനിച്ച് കിടക്കണം. ഇത്തരത്തിൽ മനഃശാസ്ത്രപരമായ ഒരു രീതിയാണ് ഖുർആൻ നിർദേശിക്കുന്നത്. കാരണം ഭാര്യയുടെ മനസ്സിൽ ഭർത്താവിനോട് ഏതെങ്കിലും വിധത്തിലുള്ള സ്‌നേഹം അവശേഷിക്കുന്നുണ്ടെങ്കിൽ ഇത് അവളെ സംബന്ധിച്ചിടത്തോളം വലിയ പ്രയാസമായിരിക്കും. ഇനി ഇതുകൊണ്ടൊന്നും നന്നായിട്ടില്ലെങ്കിൽ മുറിവാകാത്ത രീതിയിൽ അവളെ ചെറിയ അടി അടിക്കുക. ഉപദേശവും കിടപ്പറയിൽ വെടിയലും ഫലിച്ചില്ലെന്നു കാണുമ്പോൾ അവളെ ഉണർത്താൻ വേണ്ടിയുള്ള അടിയായാണ് ഇസ്‌ലാം ഇതിനെ കാണുന്നത്. ഇനി ഇവയൊന്നും ഫലപ്രദമല്ലാതെ വരുമ്പോൾ മധ്യസ്ഥന്മാരിടപെട്ട് അനുരജ്ഞനമുണ്ടാക്കണം. വിശുദ്ധ ഖുർആൻ 4/35-ൽ പറയുന്നതായി കാണാം: ദമ്പതിമാർ ഭിന്നിച്ചു പോകുമെന്ന് നിങ്ങൾക്കാശങ്കയുണ്ടെങ്കിൽ അവന്റെ ബന്ധുക്കളിൽനിന്ന് ഒരു മധ്യസ്ഥനെയും അവളുടെ ബന്ധുക്കളിൽനിന്ന് ഒരു മധ്യസ്ഥനെയും നിങ്ങൾ നിയോഗിക്കുക.’ അവർക്കും യാതൊരു രഞ്ജിപ്പും ഉണ്ടാക്കാൻ സാധിക്കാതെ വന്നാൽ ഭാര്യയുടെയും ഭർത്താവിന്റെയും സമ്മതപ്രകാരം ഒരു ത്വലാഖ് മാത്രം ചൊല്ലുക എന്നാണ് ഇസ്‌ലാമിന്റെ നിർദേശം.

അപ്പോൾ മൂന്നും ചൊല്ലിയാൽ ഒന്നേ പോകൂ എന്ന വാദത്തെ കുറിച്ച്?

മൂന്നും ചൊല്ലിയാൽ ഒന്നേ പോകൂ എന്ന് ആദ്യമായി ഉന്നയിച്ചത് പുത്തനാശയക്കാരുടെ ഉത്ഭവകേന്ദ്രമായ ഇബ്‌നു തൈമിയ്യയാണെന്ന് ആധുനിക വഹാബികൾ തന്നെ ഇസ്‌ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാമുഖം എന്ന പുസ്തകത്തിൽ, ഇബ്‌നു തൈമിയ്യയെ കുറിച്ച് പരാമർശിക്കുന്ന ഭാഗത്ത് വ്യക്തമായി പറഞ്ഞതുകാണാം. അതുപോലെ യു.എ.ഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവും ചീഫ് ജസ്റ്റിസുമായിരുന്ന ശൈഖ് അഹ്മദ് ഇബ്‌നു അബ്ദിൽ അസീസ് ആലു മുബാറക് എഴുതിയ ലുസൂമു ത്വലാഖിസ്സാലിസി ഫീ കലിമത്തിൻ വഹീദത്തിൻ എന്ന ഗ്രന്ഥത്തിലും കാണാം. ഒരേ അവസരം മൂന്ന് ത്വലാഖ് ചൊല്ലിയാൽ ഒന്നേ പോകൂ എന്നത് അബദ്ധമാണെന്ന് പണ്ഡിതന്മാർ ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. ഈ അഭിപ്രായം മുബ്തദിഉകളായ ശിയാ വിഭാഗം കൊണ്ടുവന്നിട്ടുള്ള നൂതനാശയമാണ്. ആദ്യമായി ഇത് ഇളക്കിവിട്ടത് മൊറോക്കോവിൽ അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അബൂ ജാഫർ തുലൈത്തിലി എന്നയാളാണ്. ഹിജ്‌റ 459-ൽ മരണപ്പെട്ട ഇയാൾ മാലികി മദ്ഹബുകാരനാണെന്ന് അവകാശപ്പെടുകയുണ്ടായി. പക്ഷേ, ശിയാ വിഭാഗത്തിൽ പെട്ടയാളായിരുന്നു. ഈ ബിദ്അത്ത് പിന്നീട് എട്ടാം നൂറ്റാണ്ടിൽ പുനർജീവിപ്പിച്ചത് ഇബ്‌നു തൈമിയ്യയാണ്. അദ്ദേഹത്തെ തന്റെ സമകാലിക പണ്ഡിതന്മാരെല്ലാം നിരാകരിക്കുകയും എതിർക്കുകയും ചെയ്തിട്ടുണ്ട്

ശൈഖ് അഹ്മദ് തുടരുന്നതിങ്ങനെ: മൂന്ന് ത്വലാഖും ചൊല്ലിയാൽ ഒന്നേ പോകൂ എന്ന വാദം ബിദ്അത്തുകാരും ശിയാ വിഭാഗവും മാത്രമേ ഉന്നയിച്ചിട്ടുള്ളൂ. മുഹമ്മദ്ബ്‌നു അബ്ദുൽ വഹാബ് പോലും മുത്വലാഖ് ചൊല്ലിയാൽ ഒന്നേ പോകൂ എന്ന് ഒരുതവണ മാത്രമാണ് ഫത്‌വ കൊടുത്തിട്ടുള്ളത്. ആ ഫത്‌വയിൽ നിന്ന് പിന്നീടദ്ദേഹം മടങ്ങുകയും ചെയ്തിട്ടുണ്ട്. ഈ വസ്തുത മതി ഇബ്‌നു തൈമിയ്യയുടെ വാദം ദുർബലമാണെന്നതിന് തെളിവായിട്ട്.

മുത്വലാഖ് പലപ്പോഴും ചർച്ചയായിട്ടുണ്ടല്ലോ. എന്തായിരുന്നു സാഹചര്യം?

അതേ, മുത്വലാഖ് പ്രശ്‌നം ഇടക്കിടെ പൊക്കിക്കൊണ്ടുവരുന്നത് മൂന്ന് വിഭാഗക്കാരാണ്. ഒന്ന്, ഇബ്‌നു തൈമിയ്യയെ അന്ധമായി അനുകരിച്ച് മുസ്‌ലിം ബഹുഭൂരിപക്ഷത്തിന്റെ തീരുമാനത്തിന് വിരുദ്ധമായി ഒരേ സമയം മൂന്നു ത്വലാഖ് ചൊല്ലിയാൽ ഒന്നേ പോകൂ എന്ന വാദക്കാരായ മുജാഹിദ്, ജമാഅത്ത് തുടങ്ങിയ പുത്തനാശയക്കാർ. രണ്ട്, ഇസ്‌ലാമിക ശരീഅത്ത് പ്രാകൃതവും സ്ത്രീ വിരുദ്ധവുമാണെന്ന് വാദിക്കുന്ന ഫെമിനിസ്റ്റുകളെയും യുക്തിവാദികളെയും പോലുള്ളവർ. മൂന്ന്, ഏക സിവിൽകോഡ് വാദികളായ മുസ്‌ലിം വിരുദ്ധ വർഗീയവാദികൾ. ഈ ഏക സിവിൽകോഡ് വാദികൾ പലപ്പോഴും ശരീഅത്ത് പരിഷ്‌കരണത്തിന്റെ ആവശ്യകത മുസ്‌ലിം സമുദായത്തിൽ നിന്നു തന്നെ ഉയർന്നുവരുന്നുണ്ടെന്ന് വരുത്തിത്തീർക്കാൻ മുജാഹിദ്, ജമാഅത്ത് പോലോത്ത പുത്തൻവാദികളെ ഉപയോഗപ്പെടുത്തുന്നു എന്നതാണ് വാസ്തവം. എന്നാൽ ഇവർക്ക് ഇസ്‌ലാമിക ശരീഅത്തിനെ കുറിച്ച് ശരിയായ വിവരമില്ലെന്നതും മുസ്‌ലിം സമുദായത്തിൽ പറയത്തക്ക സ്വാധീനമില്ലെന്നതും പ്രതേകം പ്രസ്താവ്യമാണ്. അതുകൊണ്ടു തന്നെ അവരെ മുസ്‌ലിം സമുദായത്തിന്റെ പ്രതിനിധികളായോ അവരുടെ ശബ്ദം സമുദായത്തിന്റെ നിലപാടായോ പരിഗണിക്കാൻ പാടില്ല. മുസ്‌ലിം വിരുദ്ധരുടെ ആയുധമായിത്തീരുകയാണ് തങ്ങളെന്നുള്ള തിരിച്ചറിവുപോലും ബിദ്അത്തുകാർക്കുണ്ടാവാതിരിക്കുന്നതാണത്ഭുതം.

You May Also Like

സംഘടനാ പ്രവർത്തനം അമാനത്താണ്

സമസ്ത കേരള ജംഇത്തുൽ ഉലമയുടെ നാൽപത് പണ്ഡിതരടങ്ങുന്ന കേന്ദ്ര മുശാവറയിൽ ദീർഘ കാലമായി പ്രവർത്തിച്ചു വരികയാണല്ലോ…

● താജുശ്ശരീഅ എം അലിക്കുഞ്ഞി മുസ്‌ലിയാർ ഷിറിയ

തബ്‌ലീഗ് ജമാഅത്ത് മുബതദിഉകൾ തന്നെ

ഉസ്താദിന്റെ ഉപരി പഠനം ബാഖിയാത്തിലായിരുന്നല്ലോ. എന്നാണ് അവിടെ ചേരുന്നത്. അന്നത്തെ പ്രധാന ഉസ്താദുമാർ ആരായിരുന്നു? ദർസിന്…

● കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ
chelakarmam health-malayalam

ചേലാകർമത്തിന്റെ ആരോഗ്യഗുണങ്ങൾ

വ്യക്തിശുചിത്വത്തിനും ആരോഗ്യത്തിനും അതിയായ പ്രാധാന്യം നൽകുന്ന മതമാണ് ഇസ്‌ലാം. അതുകൊണ്ടു തന്നെയാണ് ഇന്ന് ആഗോളതലത്തിൽ സാർവത്രികമായ…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ