അലാഉദ്ദീന്‍ ഖല്‍ജിയുടെ സാമ്പത്തിക പരിഷ്‌കരണം മഹത്തരമായിരുന്നു. താന്‍ വാരിക്കൂട്ടിയ സമ്പത്ത് അദ്ദേഹം രാജ്യാഭിവൃദ്ധിക്ക് വേണ്ടി ഉപയോഗപ്പെടുത്തി. മാത്രമല്ല, രാജ്യത്ത് വസ്തുക്കളുടെ വില കുറക്കുകയും ധൂര്‍ത്തും ദുര്‍വ്യയവും നിയന്ത്രിക്കുകയും ചെയ്തു. ഒരു വമ്പന്‍ സൈന്യത്തെ സുല്‍താന്‍ തീറ്റിപ്പോറ്റിയിരുന്നു. സൈനികച്ചെലവ് കുറക്കുന്നതിന്റെ ഭാഗം കൂടിയായിരുന്നു വിപണി നിയന്ത്രണം. മംഗോളിയന്‍ ആക്രമണമുണ്ടായപ്പോള്‍ ഡല്‍ഹിയിലേക്ക് ചരക്കുകള്‍ കൊണ്ടുവന്നിരുന്ന റോഡുകള്‍ അവര്‍ ഉപരോധിച്ചിരുന്നു. അന്നാണ് ആവശ്യത്തിനുള്ള വിഭവങ്ങള്‍ കണക്കിനപ്പുറം ശേഖരിച്ചു വെയ്ക്കണമെന്ന് സുല്‍താന് ബോധ്യപ്പെട്ടത്. അങ്ങനെ അവശ്യ സാധനങ്ങള്‍ സൂക്ഷിക്കാനും അവയുടെ ദുര്‍വ്യയം ഇല്ലാതാക്കാനും സുല്‍താന്‍ നിര്‍ദേശങ്ങള്‍ കൊണ്ടുവന്നു. അന്ന് സ്വര്‍ണത്തങ്ക, വെള്ളിത്തങ്ക, ജീതല്‍ (ചെമ്പ്) എന്നീ നാണയങ്ങളും മിസ്ഖാല്‍, തോല, റാത്തി തുടങ്ങിയ തൂക്കങ്ങളും സേര്‍ എന്ന അളവുമാണ് ഉണ്ടായിരുന്നത്. സുല്‍താന്‍ ആദ്യം ധാന്യങ്ങളുടെ വില നിശ്ചയിക്കുകയും ദല്‍ഹിയില്‍ തന്നെ സര്‍ക്കാര്‍ ചെലവില്‍ ധാന്യ അറകള്‍ സ്ഥാപിക്കുകയും ചെയ്തു. ധാന്യ കച്ചവടക്കാര്‍ രണ്ടു തരമാണ്. ഒന്ന്, റീട്ടെയില്‍ കടക്കാര്‍. രണ്ട്, കാരവന്‍സറിയ അഥവാ ചുമന്ന് കൊണ്ട് വില്‍പന നടത്തുന്നവര്‍. ഇവരില്‍ രണ്ടാം വിഭാഗമാണ് ലാഭം കൊയ്തിരുന്നത്. അവര്‍ക്ക് ഇഷ്ടമുള്ള വില വാങ്ങാമായിരുന്നു. എന്നാല്‍ ധാന്യങ്ങളുടെ വില കുറക്കുകയും നിയമങ്ങള്‍ കര്‍ശനമാക്കുകയും ചെയ്തപ്പോള്‍ കടക്കാര്‍ക്ക് തീരെ ലാഭം കുറഞ്ഞു. വഴി വാണിഭക്കാരുടെ വരവും കുറഞ്ഞു. കര്‍ശന നിയന്ത്രണങ്ങള്‍ മൂലം അവര്‍ക്ക് വാണിഭം ഒക്കാതെ വന്നു. വഴി വാണിഭക്കാരെ നിലക്ക് നിറുത്താന്‍ വേണ്ടി അവര്‍ മാര്‍ക്കറ്റ് സൂപ്രണ്ടിന്റെ (ശഹ്‌ന) മുമ്പില്‍ റജിസ്റ്റര്‍ ചെയ്യണമെന്ന നിയമം കൊണ്ടുവന്നു. വഴി വാണിഭം നിറുത്തുന്നവര്‍ക്ക് ശിക്ഷയും നടപ്പാക്കി. അതുപോലെ ധാന്യ അറകളിലേക്ക് ധാന്യം എത്തിക്കുന്നവര്‍ അത് മുടക്കാതിരിക്കാനും നിയമം കര്‍ശനമാക്കി. മുഹല്ലകളിലും വിപണി നിയന്ത്രണം നടപ്പാക്കി. അവിടെയും ധാന്യ അറകള്‍ തുറന്നു. ധാന്യം ആവശ്യത്തിലധികം സൂക്ഷിക്കാന്‍ കര്‍ഷകരെ അനുവദിച്ചില്ല. ക്ഷാമമുണ്ടാവുമ്പോള്‍ റേഷന്‍ ഏര്‍പ്പെടുത്തിയിരുന്നു. ക്ഷാമ കാലത്ത് ഓരോ വീട്ടുകാരും ആവശ്യത്തിന് മാത്രമേ ധാന്യം വാങ്ങാവൂ എന്നും കല്‍പന വന്നു. കൂടുതല്‍ വാങ്ങാന്‍ ശ്രമിച്ചാല്‍ കനത്ത ശിക്ഷ തന്നെ ഫലം. ആര്‍ക്കും വഞ്ചന നടത്താന്‍ ധൈര്യമുണ്ടായില്ല. ഈ പരിഷ്‌കാരങ്ങളുടെ ഫലമായി ധൂര്‍ത്തും ദുര്‍വ്യയവും ഇല്ലാതായി. ക്ഷാമം കുറഞ്ഞു. മാര്‍ക്കറ്റ് നിയന്ത്രണത്തിന്റെ ചുമതല (ശഹ്‌ന) മാലിക് ഖാബൂലിനെ ഏല്‍പിച്ചു. അദ്ദേഹത്തിന് പട്ടാളത്തെയും നല്‍കി. സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള ഓഫീസറാണ് ബരീദേ മന്‍ദി. രഹസ്യാന്വേഷണ ചുമതലയുള്ള പോലീസ് മേധാവി മുന്‍ഹിയാന്‍.
ധാന്യ മാര്‍ക്കറ്റിന് പുറമെ വസ്ത്രച്ചന്ത, കുതിരച്ചന്ത, കാലിച്ചന്ത, ആയുധച്ചന്ത, അടിമച്ചന്ത, മധുര പലഹാര മാര്‍ക്കറ്റ് എന്നിവ വേറെ. ഓരോ ചന്തക്കും വെവ്വേറെ നിയന്ത്രണ ഉദ്യോഗസ്ഥന്‍മാരും (നാസിര്‍) പോലീസധികാരി(മുഹ്തസിബ്)യും. കനത്ത ശിക്ഷ ഭയന്ന് കരിഞ്ചന്ത, പൂഴ്ത്തി വയ്പ് എന്നിവ നടന്നിരുന്നില്ല. വില അധികം വാങ്ങുന്നുണ്ടോ, തൂക്കം കുറവുണ്ടോ എന്നൊക്കെ അറിയാന്‍ അടിമകളെ വിട്ട് സാധനങ്ങള്‍ വാങ്ങിക്കുമായിരുന്നു. പിടിക്കപ്പെട്ടാല്‍ കച്ചവടം പൂട്ടിയതുതന്നെ. വിപണി നിയന്ത്രണത്തിലൂടെ അലാഉദ്ദീന്‍ ജനങ്ങളുടെ പിന്തുണ തേടി. പണ്ഡിതന്‍മാരും സ്വൂഫികളും ഡല്‍ഹിയില്‍ താമസമാക്കി. എന്നാല്‍ ഈ നിയന്ത്രണം ഡല്‍ഹിയില്‍ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നാണ് സമകാല ചരിത്രകാരന്‍ സിയാഉദ്ദീന്‍ ബറനി പറയുന്നത്. ഉരുക്കു മുഷ്ടി കൊണ്ട് നിലനിര്‍ത്തിയ ഒരേര്‍പ്പാട് എന്നതില്‍ കവിഞ്ഞ് ഇതിന് ആയുസ്സുണ്ടായില്ല എന്നാണ് ചിലരുടെ വീക്ഷണം. വില തീരെ കുറച്ചത് കൊണ്ട് കച്ചവടക്കാര്‍ക്കും കൃഷിക്കാര്‍ക്കും ഉത്സാഹം കുറഞ്ഞുവെന്നും ഇത് സാമ്പത്തിക സ്ഥിരതയെ ബാധിച്ചുവെന്നും പറഞ്ഞവരുണ്ട്. വലിയൊരു പട്ടാളത്തിന്റെ ചെലവ് കുറക്കുന്നതിനുള്ള ഒരേര്‍പ്പാട് എന്ന നിലക്കാണ് സുല്‍താന്‍ വിപണി നിയന്ത്രണം കൊണ്ടുവന്നതെന്നും സാധാരണക്കാരെ ഉദ്ദേശിച്ചല്ലെന്നും വിമര്‍ശകരെഴുതിപ്പിടിപ്പിച്ചു. എന്തായാലും ഉപകാരമല്ലാതെ ഉപദ്രവങ്ങളൊന്നും സംഭവിച്ചില്ലെന്ന് പറയുന്നതാവും ശരി. സുല്‍താന്റെ മരണത്തോടെ വിപണി നിയന്ത്രണത്തിനും അറുതിയായി.
സുല്‍താന്റെ മതം
അലാഉദ്ദീന്‍ ഒരു സ്വാഭിമാനിയായിരുന്നു. ലോകത്തെ ഏറ്റവും വലിയ സാമ്രാജ്യം സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. ഈ മോഹത്തോടെ അദ്ദേഹം സ്വയം അലക്‌സാണ്ടര്‍ രണ്ടാമനെന്ന പേര് സ്വീകരിച്ചു. മതപരമായി മുസ്‌ലിമായിരുന്നെങ്കിലും അതിന്റെ അനുഷ്ഠാനങ്ങളിലൊന്നും താല്‍പര്യമുണ്ടായിരുന്നില്ല. മുഹമ്മദ് നബി(സ്വ)യെ വലിയൊരു സാമ്രാജ്യാധിപതിയായാണ് അദ്ദേഹം കണ്ടത്. തനിക്കും നബിയെ പോലെ ആവണമെന്നും നബിയെ സഹായിച്ചത് ഖലീഫമാരാണെന്നതിനാല്‍ തന്റെ മന്ത്രിമാര്‍-ആല്‍പ് ഖാന്‍, ഉലുഗ് ഖാന്‍, നുസ്‌റത് ഖാന്‍, സഫര്‍ ഖാന്‍-ഖലീഫമാര്‍ക്ക് തുല്യമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഭരണത്തില്‍ ശരീഅത്ത് നിയമങ്ങള്‍ പിന്തുടരുന്നതിന് താല്‍പര്യമില്ലെന്ന് ഖാസി മുഇസ്സുദ്ദീനുമായുള്ള സുല്‍താന്റെ സംഭാഷണം വ്യക്തമാക്കുന്നുണ്ട്. നിസ്‌കാരവും നോമ്പും നിര്‍വഹിച്ചില്ലെന്ന് മാത്രമല്ല, വെള്ളിയാഴ്ച പള്ളിയില്‍ പോകാത്ത ഏക സുല്‍താനും അലാഉദ്ദീന്‍ ഖല്‍ജി തന്നെ. യുദ്ധക്കൊതിയനും അത്യാഗ്രഹിയുമാണ് സുല്‍താനെന്ന് തന്റെ മുന്‍ഗാമിയും ഭാര്യാ പിതാവുമായ ജലാലുദ്ദീനോടും ബന്ധുക്കളോടും കാണിച്ച വഞ്ചന വ്യക്തമാക്കുന്നു. ക്രൂരനായിരുന്ന സുല്‍താന്‍ കൊല്ലാനും വിഷം കൊടുക്കാനും മടിച്ചില്ല. സ്വന്തക്കാരനായ ഉലുഗ്ഖാനെപ്പോലും സംശയത്തിന്റെ പേരില്‍ ചതിയില്‍ ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് കൊന്നു. ദല്‍ഹിയില്‍ താമസമാക്കിയിരുന്ന മുഗളന്‍മാരായ പുതുവിശ്വാസികളെ കൂട്ടത്തോടെ കൊന്നൊടുക്കി.
തനിക്കിഷ്ടപ്പെടാത്ത എത്രയോ പ്രഭുക്കളെ അദ്ദേഹം കശാപ്പു ചെയ്തു. സ്വൂഫികളെയോ മത പണ്ഡിതന്‍മാരെയോ തെല്ലും വകവച്ചില്ല. വിശ്രുതനായ ഹസ്രത് നിസാമുദ്ദീന്‍ ദഹ്‌ലവിയെപ്പോലും അപമാനിച്ചു. ഒന്നും വായിക്കുകയോ ഗുരുസന്നിധിയില്‍ ഇരിക്കുകയോ ചെയ്തിട്ടില്ല. ഭാര്യമാര്‍ പലരുമുണ്ടായിരുന്നുവെങ്കിലും ആരുടെയും സ്വാധീനത്തിന് വഴങ്ങിയില്ല. ആദ്യ ഭാര്യയെ ആദ്യ കാലത്ത് ഏറെ ഉപദ്രവിച്ചിരുന്നു. അവസാന കാലത്താണ് സുല്‍താന് കുറച്ചെങ്കിലും ദൈവഭയം ഉണ്ടായത്. അപ്പോള്‍ നിസാമുദ്ദീന്‍(റ)യോട് വലിയ സ്‌നേഹം തോന്നി. തെറ്റുകളൊക്കെ ഏറ്റുപറഞ്ഞു കൊണ്ടിരുന്നു. മറ്റു മതക്കാരോട് പ്രത്യേക വിരോധമൊന്നും പുലര്‍ത്തിയിരുന്നില്ല. പിടിച്ചടക്കിയ രാജ്യങ്ങളിലെ ഹിന്ദു രാജാക്കന്‍മാരെ ആദരവോടെയാണ് സ്വീകരിച്ചത്, പ്രത്യേകിച്ചും ദക്ഷിണേന്ത്യന്‍ രാജാക്കന്‍മാരെ. ഹിന്ദു ജന്‍മിമാര്‍ക്ക് അദ്ദേഹത്തിന്റെ റവന്യൂ പരിഷ്‌കാരങ്ങള്‍ വിനയായെങ്കിലും മധ്യ വര്‍ഗത്തിനും കര്‍ഷകനും ഭരണം ഗുണകരമായിരുന്നു. ചില ക്ഷേത്രങ്ങളൊക്കെ കവര്‍ന്നത് അവിടത്തെ കണക്കറ്റ സ്വര്‍ണവും രത്‌നങ്ങളും കൈയടക്കാനായിരുന്നു. മദ്യപാനം നിരോധിച്ച പോലെ വ്യഭിചാരവും സ്വവര്‍ഗ ഭോഗവും നിരോധിച്ചു. വ്യഭിചാരിണികള്‍ നിശ്ചിത കാലത്തിനകം വിവാഹിതരാവണമെന്ന് കല്‍പിച്ചു. വ്യഭിചാരം നിറുത്താത്തവരെ എറിഞ്ഞു കൊല്ലാന്‍ നിര്‍ദേശിച്ചു. മാരണ വിദ്യകളും മാജിക്കുകളും അനുവദിച്ചില്ല. സുല്‍താന്‍ വേട്ടയില്‍ മിടുക്കനായിരുന്നു. അതേസമയം പക്ഷികളോട് വലിയ സ്‌നേഹം കാണിച്ചു. കൊട്ടാരത്തില്‍ പലതരം പക്ഷികളെ വളര്‍ത്തിയിരുന്നു. പക്ഷികളെ പറപ്പിക്കുന്നത് ഒരു വിനോദമായിരുന്നു അദ്ദേഹത്തിന്.
നിര്‍മാണങ്ങള്‍
ഇന്ത്യയെ ഒരു മഹാസാമ്രാജ്യമാക്കിയ അലാഉദ്ദീന്‍ അതിന് പൗരസ്ത്യ ലോകത്തിന്റെ പ്രൗഢിയും മതിപ്പും നല്‍കാന്‍ തീരുമാനിച്ചു. അതിനായി നിരവധി രമ്യഹര്‍മങ്ങളും കമാനങ്ങളും നിര്‍മിച്ചു. സുല്‍താന്‍ ഇല്‍തുത്മിഷിന്റെ കുതബ് മിനാറും ഖുവ്വതുല്‍ ഇസ്‌ലാം പള്ളിയും ഒഴിച്ചു നിറുത്തിയാല്‍ കാര്യമായ കെട്ടിടങ്ങളൊന്നും ഡല്‍ഹിയില്‍ പണിതിരുന്നില്ല. വ്യക്തമായൊരു രൂപരേഖയിലൂടെ നിര്‍മാണത്തിന് വീണ്ടും മുതിര്‍ന്നത് അലാഉദ്ദീന്‍ ഖല്‍ജിയാണ്. അലാഉദ്ദീന്‍ വന്ന ശേഷം മരണം വരെ നിര്‍മാണങ്ങള്‍ തന്നെയായിരുന്നു. ഭരണത്തിലേറിയപ്പോള്‍ തന്നെ ജലക്ഷാമം പരിഹരിക്കാന്‍ വിശാലമായ കുളമുണ്ടാക്കി. ഹൗസേ ഖാസ്/ ഹൗസേ അലായ് എന്ന പേരില്‍. ഇല്‍തുത്മിഷിന്റെ കാലത്ത് ഉണ്ടാക്കിയിരുന്ന ഹൗസേ ഷംസി നന്നാക്കി ഉപയുക്തമാക്കി. ചുറ്റും വലിയ മതില്‍ കെട്ടി കുളങ്ങള്‍ സംരക്ഷിച്ചു. ജലാലുദ്ദീന്‍ ഖല്‍ജി ശഹ്‌റേ നാവു എന്ന പേരില്‍ ഒരു പട്ടണമുണ്ടാക്കിയിരുന്നു. അലാഉദ്ദീന്‍, സീറി എന്ന പേരില്‍ മറ്റൊരു പട്ടണം പണികഴിപ്പിച്ചു. മംഗോളിയരെ തോല്‍പിച്ചതിന്റെ സ്മാരകമായി ഡല്‍ഹിക്ക് പുറത്ത് യുദ്ധം നടന്ന സ്ഥലത്ത് ഖസ്‌റേ ഹസാര്‍ സിത്തീന്‍ എന്ന പേരില്‍ ഒരു കൊട്ടാരം പണിതു. നിരവധി തൂണുകളുള്ളത് കൊണ്ടാണ് ആ പേര് വന്നത്. സുല്‍താന്‍ പണിത മറ്റൊരു കൊട്ടാരമാണ് ലാല്‍ മഹല്‍. 1311-ല്‍ ഖുവ്വത്തുല്‍ ഇസ്‌ലാം കോംപ്‌ളക്‌സിന് ഒരു മഹാഗേറ്റ് പണിതു-അലായ് ദര്‍വാസ. സുന്ദരമായ ഈ കലാരൂപം തുര്‍ക്കുമാനികളായ ശില്‍പികളുടെ സഹായത്തോടെ നിര്‍മിച്ചതാണ്. ഇന്ത്യയിലെ ഏറ്റവും സുന്ദരമായ ആദ്യത്തെ മധ്യകാല സമുച്ചയവും ഇതാണ്. ഇതേ തുടര്‍ന്ന് സമുച്ചയത്തിലെ പള്ളി വലുതാക്കി. മുമ്പുണ്ടായിരുന്ന കൊത്തുപണികള്‍ തീരെ മനോഹരമായിരുന്നില്ല. പലതും ഇന്ത്യന്‍ കെട്ടിടങ്ങളുടെയും ജീര്‍ണിച്ച ജൈന ക്ഷേത്രങ്ങളുടെയും അവശിഷ്ടങ്ങള്‍ കൊണ്ടാണ് പണിതത്. ശില്‍പികള്‍ ഇന്ത്യക്കാര്‍ തന്നെ. അവര്‍ക്കാണെങ്കില്‍ പുതിയ ശില്‍പ വൈദഗ്ധ്യമൊന്നുമില്ല. അലാഉദ്ദീന്റെ കാലത്ത് അനതോലിയയിലെയും പേര്‍ഷ്യയിലെയും വിദഗ്ധര്‍ ഇന്ത്യയിലെത്താന്‍ തുടങ്ങി. സുല്‍താന്‍ പലയിടത്തും പള്ളികള്‍ പണിതു. മഥുര, ബ്രോച്ച്, പത്തന്‍ എന്നിവിടങ്ങളിലാണ് സുല്‍താന്റെ പ്രധാന പള്ളികള്‍. സുല്‍താന്റെ പിന്‍ഗാമി മുബാറക് ഷായുടെ കാലത്ത് ബയാനയില്‍ മനോഹരമായ ഒരു പള്ളി പണിതു. ചിറ്റോര്‍ പിടിച്ച ശേഷം അവിടെ സംഭേരി നദിയുടെ മേലെ പണിത പാലം അലാഉദ്ദീന്റെ മഹാ സംഭാവനയാണ്. അതിന് വര്‍ണകവാടങ്ങളും കൈവരികളുമുണ്ടായിരുന്നു. ഇന്നും അതിന്റെ അവശിഷ്ടങ്ങള്‍ കാണാം.
സംഗീതം
സംഗീതം ഖല്‍ജികളുടെ കാലത്ത് ഏറെ വികസിച്ചു. വിഖ്യാതനായ സംഗീതജ്ഞന്‍ അമീര്‍ ഖുസ്രു തന്നെയാണിതിന് കാരണക്കാരന്‍. ബാല്‍ബന്റെ കാലത്ത് തന്നെ ഖുസ്രു കൊട്ടാരത്തില്‍ സ്ഥാനം പിടിച്ചിരുന്നു. ജലാലുദ്ദീന്‍ ഖല്‍ജി സംഗീതത്തോട് വളരെ തല്‍പരനായിരുന്നു. മുഹമ്മദ് ഷാ ചങ്കിയും വനിതകളായ ഫുതൂഹാ, നുസ്‌റത് ഖാതൂന്‍, മെഹര്‍ അഫ്‌റോസ് എന്നിവരും ജലാലുദ്ദീന്റെ കൊട്ടാരത്തില്‍ തിളങ്ങി. പക്ഷികള്‍ ഇറങ്ങി വന്ന് ഇവരുടെ മധുര ഗീതം ആസ്വദിക്കുമായിരുന്നുവെന്നും പലരും പാട്ടില്‍ ലയിച്ച് അബോധാവസ്ഥയിലെത്തുമെന്നും ബറനി എഴുതുന്നു. അലാഉദ്ദീന്റെ കാലത്ത് മുഹമ്മദ് ഷാ, തുര്‍മദി ഖാതൂന്‍, ഖലീഫാ ഹുസൈന്‍, അഖ്‌ലാഖ് എന്നിവര്‍ സംഗീതത്തില്‍ വിളങ്ങി. വനിതകളായ സംഗീതജ്ഞരുടെ നേതൃത്വം തുര്‍മദി ഖാത്തൂനായിരുന്നു. ചങ്ക്, ചാഗ് നാന (സാരംഗി), ദഫ്, ദസ്തക്, ദംസര്‍ഫി, റബാബ്, ഷഹ്‌നായ്, തംബൂര്‍, സിതാര്‍ എന്നിവയാണ് മുഖ്യ സംഗീതോപകരണങ്ങള്‍. ഏഴ് കമ്പികള്‍ കൊണ്ടുണ്ടാക്കിയ (സാത് താര്‍/ സിതാര്‍) അമീര്‍ ഖുസ്രുവിന്റെ സംഭാവനയാണ്. ദക്കാനിലെ ശ്രീരംഗനാഥ് ക്ഷേത്രം പിടിച്ചപ്പോള്‍ അതിലെ സ്വര്‍ണ വിഗ്രഹം കൊട്ടാരത്തിലെത്തിച്ചിരുന്നു. അത് തിരിച്ചുകിട്ടാന്‍ ദക്ഷിണേന്ത്യയിലെ സംഗീതജ്ഞര്‍ ഒന്നടങ്കം കൊട്ടാരത്തില്‍ ചെന്ന് സംഗീതമാലപിക്കാന്‍ തുടങ്ങി. സംഗീതത്തിലാകൃഷ്ടനായ സുല്‍താന്‍ വിഗ്രഹം സന്തോഷപൂര്‍വം തിരിച്ചുകൊടുത്തു. ലോകത്തെ സംഗീതജ്ഞരെ പങ്കെടുപ്പിച്ചുള്ള വലിയ സംഗീത സദസ്സുകള്‍ സുല്‍താന്‍ സംഘടിപ്പിച്ചു. ദക്ഷിണേന്ത്യയിലെ പ്രശസ്തനായ ഗോപാല്‍ നായ്ക്കിനെ ഡല്‍ഹിയിലേക്ക് ക്ഷണിക്കുകയും സംഗീത സദസ്സ് സംഘടിപ്പിക്കുകയും ചെയ്തു. ഖുറാസാനില്‍ നിന്ന് വരെ സംഗീതജ്ഞര്‍ ക്ഷണിക്കപ്പെട്ടിരുന്നു.
അന്നത്തെ ഏറ്റവും പ്രശസ്തനായ സംഗീതജ്ഞന്‍ അമീര്‍ ഖുസ്രു തന്നെയായിരുന്നു. തൂതിയ ഹിന്ദ് (ഇന്ത്യയുടെ തത്ത) എന്നാണദ്ദേഹം അറിയപ്പെട്ടത്. അദ്ദേഹം പാട്ടെഴുത്തുകാരനും പാടുന്നവനും ഉപകരണ വിദഗ്ധനുമായിരുന്നു. പല രാഗങ്ങളും ഉപകരണങ്ങളും ഖുസ്രു കണ്ടുപിടിച്ചു. അയ്മന്‍ (യമന്‍), ഉശാഖ്, മുഅഫിഖ്, ഗനാം, മുജിര്‍, സാസ്‌കാരി, ഫര്‍ഗാന, സഡ്പര്‍ദാ, ഖയാല്‍, തരാനാ തുടങ്ങി ഒട്ടേറെ രാഗങ്ങളുടെ ജനയിതാവാണ് അദ്ദേഹം. സുല്‍താന്‍ മാത്രമല്ല, പ്രഭുക്കളും സംഗീതം പ്രോത്സാഹിപ്പിച്ചു. അമീര്‍ ഖുസ്രു ചരിത്രകാരനും ചിന്തകനുമായിരുന്നു. എല്ലാ വിഷയങ്ങളിലും അദ്ദേഹത്തിന്റെ രചനകളുണ്ട്. ഗസലുകളും മസ്‌നവികളും ഖസീദകളും വേറെ. ഹിന്ദുസ്ഥാനി ഭാഷ പേര്‍ഷ്യന്‍ ലിപിയിലെഴുതുന്ന സമ്പ്രദായം ആവിഷ്‌കരിച്ച ഖുസ്രു ഹിന്ദവീ എന്നാണ് ഈ സങ്കര ഭാഷയെ വിളിച്ചത്. ഹസന്‍ സിജ്‌സി, സദറുദ്ദീന്‍ അലി, ഫഖ്‌റുദ്ദീന്‍ ഖാവിസ്, ഹമീദുദ്ദീന്‍ രാജ തുടങ്ങി ഒട്ടേറെ കവികള്‍ അക്കാലത്ത് ജീവിച്ചു. പദ്യങ്ങള്‍ക്ക് പുറമെ ഗദ്യ കൃതികളും രചിക്കപ്പെട്ടു. സേനാപതി കൂടിയായ ഐനുല്‍ മുല്‍ക് മുള്‍ത്താനിയുടെ ഇന്‍ശാ യേ മഹ്‌റൂ നല്ലൊരു ഗദ്യ കൃതിയാണ്. സ്വൂഫികളുടെ സംഭാഷണങ്ങളും മറ്റും ഉള്‍പ്പെടുത്തിയ ഹസന്‍ സിജ്‌സിയുടെ ഫവാഇദുല്‍ ഫുവാദ് എന്ന കൃതി ബെസ്റ്റ് സെല്ലറായിരുന്നു. നിസാമുദ്ദീന്‍ ഔലിയയുടെ റാഹതുല്‍ ഖുലൂബ്, നാസിറുദ്ദീന്‍ ചിറാഗിന്റെ കൃതികള്‍ (അഫ്‌സലുല്‍ ഫവാഇദ്, മിഫ്താഹുല്‍ ആശിഖീന്‍, ഖൈറുല്‍ മജാലിസ് മുതലായവ) എന്നിവക്ക് നല്ല പ്രചാരമുണ്ടായിരുന്നു. സാരംഗധരയുടെ പൃഥ്വിരാജ് റാസ, ഹാമിര്‍ കാവ്യ, സാരംഗധര പദ്ധതി, ഭൂപതിയുടെ കാവ്യങ്ങള്‍ എന്നിവ അക്കാലത്തെ സംസ്‌കൃത സംഭാവനകളാണ്.
അന്ത്യകാലം
അലാഉദ്ദീന്‍ ഖല്‍ജിയുടെ അവസാനകാലം ദുരിതപൂര്‍ണമായിരുന്നു. ആകെ അവശനായ സന്ദര്‍ഭത്തിലാണ് മക്കളുടെ വിവാഹങ്ങളെക്കെ നടന്നത്. മകന്‍ ഖിസ്‌റ് ഖാന്‍ സുഖലോലുപനായിരുന്നു. ഭാര്യാ സഹോദരന്‍ ആല്‍പ് ഖാന്റെ മകളെയാണ് അവന്‍ കല്യാണം ചെയ്തതെങ്കിലും ഗുജറാത്തിലെ റാണയുടെ മകള്‍ ദേവല്‍ റാണി കൊട്ടാരത്തില്‍ താമസിച്ച കാലത്തുള്ള പ്രണയം കൂടൊഴിഞ്ഞില്ല. ഭാര്യയില്‍ നിന്നും ഖിസ്‌റ് അകന്നുനിന്നു. അവസാനം മാതാപിതാക്കള്‍ അവന്റെ ഇംഗിതത്തിന് വഴങ്ങി ഭാര്യയെ മൊഴി ചൊല്ലിച്ച് റാണിയെ വിവാഹം ചെയ്തുകൊടുത്തു. ആല്‍പ് ഖാനോട് സുല്‍താന് നല്ല അടുപ്പമായിരുന്നു. സിംഹാസനം കൊതിച്ച മാലിക് കാഫൂറിന് അത് തീരെ പിടിച്ചില്ല. രോഗശയ്യയിലായിരുന്ന സുല്‍താനെ കാഫൂര്‍ മുഖം കാണിച്ച് ആല്‍പ്ഖാനെ കുറിച്ച് സങ്കടം പറഞ്ഞു. സുല്‍താനുണ്ടോ അത് വിശ്വസിക്കുന്നു? ആല്‍പ് ഖാനെ വധിക്കണമെന്ന കാഫൂറിന്റെ ആവശ്യവും സുല്‍താന്‍ നിരാകരിച്ചു. സംഗതി നടക്കില്ലെന്ന് കണ്ടപ്പോള്‍ അന്ന് തന്നെ കാഫൂര്‍ ആല്‍പ് ഖാന്‍ കൊട്ടാരത്തിലേക്ക് വരും വഴി വെട്ടിക്കൊന്നു. സുല്‍താന്‍ മരണശയ്യയിലായിരിക്കുമ്പോള്‍ മകന്‍ ഖിസ്ര്‍ ഖാന് പിതാവിനോട് അലിവ് തോന്നുകയും പിതാവിനെ ശുശ്രൂഷിക്കുകയും രോഗം മാറിക്കിട്ടാന്‍ പ്രാര്‍ത്ഥന നടത്തുകയും ചെയ്തുവന്നു. രോഗം മാറിയാല്‍ ഹസ്തിനപൂരിലെ ഒരു ദര്‍ഗയിലേക്ക് കാല്‍നടയായി പോവുമെന്ന് പ്രതിജ്ഞ ചെയ്തിരുന്നു. അങ്ങനെ സുല്‍താന്റെ രോഗത്തിന് ശമനം വന്നപ്പോള്‍ മകന്‍ പ്രതിജ്ഞ പാലിച്ചു. മകനും പിതാവും തമ്മിലുള്ള ഈ സ്‌നേഹവും മാലിക് കാഫൂറിന് പിടിച്ചില്ല. അടിമയായി വന്ന ഈ നപുംസകത്തിന് സിംഹാസനത്തിലായിരുന്നു കണ്ണ്. പലതും പറഞ്ഞ് മകനെ കുറിച്ച് സുല്‍താനെ തെറ്റിദ്ധരിപ്പിച്ച് പിതാവില്‍ നിന്നകറ്റി. അവനെ ഗ്വാളിയറില്‍ വീട്ടുതടങ്കലിലാക്കി. ഉമ്മ മാലികാ ഖാത്തൂനും ദേവല്‍ റാണിയും ഖിസ്‌റിന്റെ കൂടെ പോയി. അധികാരമെല്ലാം കാഫൂര്‍ ഒന്നൊന്നായി കൈയിലാക്കി. സുല്‍താന്‍ മരിക്കാറായെന്നറിഞ്ഞതോടെ സാമ്രാജ്യം ഛിന്നഭിന്നമാവാന്‍ തുടങ്ങിയിരുന്നു. പലരും സ്വതന്ത്രരായി. കലാപങ്ങള്‍ അരങ്ങേറി. സുല്‍താന്‍ വേഗം മരിച്ചു കിട്ടാന്‍ മാലിക് കാഫൂര്‍ ഭക്ഷണത്തില്‍ കുറേശ്ശെയായി വിഷം ചേര്‍ത്തുനല്‍കി എന്നും കഥയുണ്ട്. 1316 ജനുവരി 16-ന് സുല്‍താന്‍ വിട പറഞ്ഞു.
മരണ ശേഷം ആറ് വയസ്സുകാരനായ പുത്രന്‍ ഉമര്‍ ഖല്‍ജിയെയാണ് മാലിക് കാഫൂര്‍ സുല്‍താനാക്കിയത്. ഈ കൊച്ചുപയ്യനെ കൊണ്ട് കുരങ്ങു കളിപ്പിക്കുകയായിരുന്നു ലക്ഷ്യം. കൂടാതെ ഈ കൊച്ചിന്റെ ഉമ്മയെ നപുംസകമാണെങ്കിലും കാഫൂര്‍ കല്യാണം കഴിച്ചു. ഈ ഉമ്മയും കാഫൂറും കൂടി സുല്‍താന്റെ മറ്റു ഭാര്യമാരിലുള്ള എല്ലാ മക്കളെയും പലവിധേന കൊലപ്പെടുത്തി. മുബാറക് ഷാ എന്ന മകന്‍ മാത്രം മറ്റുള്ളവരുടെ സഹായത്തോടെ വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടു. ഈ സഹായികള്‍ മാലിക് കാഫൂറിനെ തന്നെ വധിച്ചു മുബാറക് ഷാക്ക് അവസരമൊരുക്കി. ഭരണത്തിലുണ്ടായിരുന്ന അര്‍ധ സഹോദരന്‍ ഉമറിനെ കണ്ണ് ചൂഴ്ന്ന് കൊന്ന ശേഷം മുബാറക്, ഖുതുബുദ്ദീന്‍ എന്ന പേരില്‍ സുല്‍താനായി. പക്ഷേ അധികം താമസിയാതെ നാസിറുദ്ദീന്‍ ഖുസ്രൂ എന്ന പ്രഭു ഖുതുബുദ്ദീനെ ചതിയില്‍ വധിച്ച് (1320) ഭരണത്തിലേറി. അദ്ദേഹം ഖല്‍ജി വംശജനായിരുന്നില്ല. അതിന് പുറമേ അദ്ദേഹം മതത്തിന്റെ ശത്രുവാണ് തുടങ്ങിയ ആരോപണങ്ങളും പൊന്തിവന്നു. ഖല്‍ജികളുടെ ഇഷ്ടക്കാരനായ ഗിയാസുദ്ദീന്‍ തുഗ്ലക്ക് എന്ന പ്രഭു മെല്ലെമെല്ലെ ശക്തി സംഭരിച്ച് നാസിറുദ്ദീന്‍ ഷായോട് എതിരിട്ടു. അയാളെ യുദ്ധത്തില്‍ തോല്‍പിച്ച് കൊന്നു. അങ്ങനെ ഖല്‍ജി രാജവംശം അവസാനിക്കുകയും തുഗ്ലക്ക് എന്ന പുതിയ സുല്‍താന്‍വംശം സെപ്തംബര്‍ 1320ന് അധികാരത്തിലെത്തുകയും ചെയ്തു.