Islamic History in India- Malayalam

ദക്കാനിലെ നാല് രാജവംശങ്ങൾ ഡൽഹി സൽതനതിന്റെ കീഴിലായത് അലാഉദ്ദീൻ ഖൽജിയുടെ സേനാപതി മാലിക് കാഫൂർ നടത്തിയ പടയോട്ടത്തോടെയാണ്. ദേവഗിരി, ഹോയ്‌സാല, കാക്കട്ടിയ, മധുര എന്നീ രാജവംശങ്ങൾ ഖൽജികളുടെ കീഴിലെത്തിയതോടെ ഏതാണ്ട് ദക്കാൻ പൂർണമായും ഡൽഹി സൽതനതിന്റെ ഭാഗമായി. സുൽതാൻ മുഹമ്മദ് ബിൻ തുഗ്ലക്ക് രാജ്യത്തിന്റെ വിസ്തൃതി കണക്കിലെടുത്ത് ദക്കാനിലെ ദേവഗിരിയിൽ ദൗലതാബാദ് എന്നൊരു തലസ്ഥാനം സ്ഥാപിക്കുകയും പിന്നീട് ആ പദ്ധതി ഉപേക്ഷിക്കുകയും ചെയ്തതോടെ തുഗ്ലക്കുമാരുടെ പ്രസക്തിക്ക് മങ്ങലേൽക്കുകയുണ്ടായി. ദക്കാനിൽ സാദാ അമീറുമാർ എന്ന പ്രഭുക്കൾ മുഹമ്മദ് ബിൻ തുഗ്ലക്കിനെതിരെ അസ്വാസ്ഥ്യം പ്രകടിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ് അവിടത്തെ ശക്തനായിരുന്ന വൈസ്രോയ് ഖുതുലുഗ് ഖാനെ ഏതോ കാരണത്താൽ സുൽതാൻ മടക്കി വിളിച്ചത്. പകരം അയ്‌നുൽ മുൽകിനെ വൈസ്രോയിയാക്കിയതോടെ സാദാ അമീറുമാർ കലാപം ശക്തമാക്കുകയും ഡൽഹിയുടെ അധീശത്വത്തെ ചോദ്യം ചെയ്യാൻ തുടങ്ങുകയും ചെയ്തു. സുൽതാൻ ദക്കാനിലെ ഉദ്യോഗസ്ഥൻമാരെയും മാറ്റി. പുതിയ ഉദ്യോഗസ്ഥർ പലരും സാദാ പ്രഭുക്കളോട് കടുത്ത വൈരം പുലർത്തുന്നവരായിരുന്നു. ഈ ഉദ്യോഗസ്ഥരിൽ പ്രമുഖൻ അസീസ് ഖമ്മർ മാൾവയിൽ വച്ച് ഏതാനും സാദാ പ്രഭുക്കളെ കൂട്ടക്കൊല ചെയ്തതോടെ പ്രഭുക്കളും ജനങ്ങളും ഡൽഹിക്കെതിരെ അണിനിരന്നു. ഖമ്മറിനെ കൊന്ന് അവർ കുറേ സ്ഥലങ്ങൾ സ്വന്തമാക്കി. ഇത് കേട്ടപ്പോൾ സുൽതാൻ തന്നെ ഡൽഹിയിൽ നിന്ന് സൈന്യ സമേതം ദക്കാനിലെത്തി പ്രക്ഷോഭകരെ പരാജയപ്പെടുത്തി. പ്രഭുക്കളിൽ പ്രമുഖരായ നാസിറുദ്ദീൻ തഗൽച്ചി, ഇസ്മായിൽ മുഖ്, ഹസൻ ഗഞ്ചു എന്നിവരെ തന്റെ കേമ്പിലേക്ക് വിളിപ്പിച്ചു. അവിടേക്ക് പോകുന്നത് പന്തിയല്ലെന്ന് മനസ്സിലാക്കി അവർ സൈന്യ സമേതം ദൗലതാബാതിൽ ചെന്ന് അവിടത്തെ ഖജനാവ് സ്വന്തമാക്കി. മുഗൾ ഗവർണർ അയ്‌നുൽ മുൽകിനെ തോൽപിച്ച് ഇസ്മായിൽ മുഖിനെ, നാസിറുദ്ദീൻ ഇസ്മായിൽ ഷാ എന്ന പേരിൽ ദക്കാനിലെ സുൽതാനാക്കി.

പുതിയ സുൽതാൻ ഉദ്യോഗസ്ഥരെ നിയമിച്ചു. സാദാ പ്രഭുക്കൾക്ക് മുഖ്യ സ്ഥാനങ്ങൾ നൽകി. ഇവരിൽ നൂറുദ്ദീന് ഖാജാ ജഹാൻ പദവിയും ഹസൻ ഗഞ്ചുവിന് സഫർഖാൻ എന്ന ബഹുമതിയും നൽകി. പക്ഷേ മുഹമ്മദ് ബിൻ തുഗ്ലക്ക് നേരെ ദൗലതാബാദിലെത്തി ഇസ്മായിലിന്റെ സൈന്യത്തെ പരാജയപ്പെടുത്തി ഭരണം തിരിച്ചുപിടിച്ചു. അപ്പോഴേക്കും ഹസൻ ഗഞ്ചു സ്ഥലത്തെത്തി ദൗലതാബാദിൽ നിന്ന് വീണ്ടും ഡൽഹി സൈന്യത്തെ തുരത്തി. സുൽതാൻ ഇസ്മായിൽ സ്ഥാനത്യാഗം ചെയ്ത് ഭരണം ഹസൻ ഗഞ്ചുവിന് കൈമാറി. അദ്ദേഹം സിക്കന്ദർ സാനി അബുൽ മുസഫർ അലാഉദ്ദീൻ ഹസൻ ബഹ്മൻ ഷാ വലി ബഹ്മനി എന്ന പേരിൽ സുൽതാനായി. ബഹ്മൻ (അർട്ടാസിർക്‌സസ്) എന്ന പൂർവിക പേർഷ്യൻ രാജാവിന്റെ പിൻഗാമിയെന്നവകാശപ്പെട്ട് കൊണ്ടാണ് ഹസൻ ഗഞ്ചു ആ പേര് സ്വീകരിച്ചത്. ഗഞ്ചു എന്ന് നേരത്തേയുള്ള പേര് ഒരു സൂഫിയുടേതാണ്. ഹസൻ സുൽതാനാവുമെന്ന് ഈ സൂഫി പ്രവചിച്ചിരുന്നത്രെ.   1347 ആഗസ്റ്റ് 11-ന് ശൈഖ് സിറാജുദ്ദീൻ ജുനൈദി എന്ന പുണ്യപുരുഷൻ അദ്ദേഹത്തെ കിരീടമണിയിച്ചു.

 

ഹസൻ ഷാ ബഹ്മനി (1347-1358)

തെക്ക് രാമേശ്വരത്ത് നിന്ന് തുടങ്ങി ഗുജറാത്ത്, മാൾവ, ഗ്വാളിയർ എന്നിവ പിടിച്ചടക്കി ഡൾഹിയിലെ സിംഹാസനം സ്വന്തമാക്കണമെന്നായിരുന്നു സുൽതാന്റെ ആഗ്രഹം. അതിന് മുമ്പേ കലഹ പ്രിയരായ ദക്കാനിലെ ഗവർണർമാരെയും റാണമാരെയും റായിമാരെയും ഒതുക്കേണ്ടിയിരുന്നു. നിരന്തര യുദ്ധങ്ങൾ നടത്തി ഒരുവിധം ഭദ്രത നില നിറുത്തി. ദേബൽ, കൽഹാപൂർ, ഗോവ, തെലങ്കാന, മാൾവ, വാറങ്കൽ എന്നീ പ്രദേശങ്ങളൊക്കെ സ്വന്തമാക്കി. തലസ്ഥാനം ദൗലതാബാദിൽ നിന്ന് ഗുൽബർഗയിലേക്ക് മാറ്റി. ഈ പട്ടണത്തിന് അഹ്‌സനാബാദ് എന്ന പേരും നൽകി.

 

മുഹമ്മദ് ഷാ (1358-1375)

സുൽതാൻ ഹസൻ മരിച്ചപ്പോൾ മകൻ മുഹമ്മദ് ഷാ ഒന്നാമൻ പദവിയിലേറി. അദ്ദേഹത്തിന് ഈജിപ്തിലെ അബ്ബാസി ഖലീഫയുടെ അംഗീകാരം ലഭിച്ചതോടെ ഡൽഹി സുൽതാൻമാരുടെ പദവിയിലേക്കുയർന്നു. ഉമ്മ മക്കയിലേക്ക് ഹജ്ജിന് പോയ വേളയിലാണ് അബ്ബാസി സുൽതാനെ കണ്ട് കാര്യം സാധിച്ചത്. ഇതോടെ വെള്ളിയാഴ്ച ജുമാ പ്രസംഗത്തിൽ മുഹമ്മദ് ഷായുടെ പേര് പരാമർശിക്കാൻ തുടങ്ങി. തന്റെ പേരിൽ നാണയമടിച്ചു(സിക്ക). മുഹമ്മദ് ഷാക്ക് വിജയ നഗര സാമ്രാജ്യത്തെയും തെലങ്കാന നായ്ക്കുമാരെയും എതിരിടേണ്ടിവന്നു. എന്നാൽ നായ്ക്കുമാർക്ക് സുൽതാനെ ആക്രമിക്കാൻ ഡൽഹി സുൽതാൻമാർ സഹായം വാഗ്ദാനം ചെയ്യുകയുണ്ടായി. വിജയ നഗരത്തിന്റെ സഹായം ഇവർ പ്രതീക്ഷിച്ചെങ്കിലും കിട്ടിയില്ല. തെലങ്കാനയിലെ കാപായ നായക് ബഹ്മനി അധീശത്വം അംഗീകരിച്ച്‌കൊണ്ട് നീല രത്‌നത്താൽ നിർമിച്ച ഒരു സിംഹാസനം മുഹമ്മദ് ഷാക്ക് സമ്മാനിച്ചു. ഈ സിംഹാസനമാണ് എല്ലാ ബഹ്മനി സുൽതാൻമാരും ഉപയോഗിച്ചുപോന്നത്. കൗട്ടലം യുദ്ധത്തിൽ വച്ച് വിജയ നഗര സാമ്രാജ്യത്തെയും തോൽപിച്ച് മുഹമ്മദ് ഷാ വെന്നിക്കൊടി നാട്ടി. സുൽതാന്റെ മരണ ശേഷം പുത്രൻ അലാഉദ്ദീൻ മുജാഹിദ് ഭരണത്തിലേറി.

ബഹ്മനി സുൽതാൻമാർക്കെല്ലാം പ്രധാന ഭീഷണി വിജയനഗര സാമ്രാജ്യമായിരുന്നു. താജുദ്ദീൻ ഫിറോസിന്റെ കാലത്ത് വിജയനഗര രാജാവ് ഹരിഹര സുൽതാനെതിരെ യുദ്ധത്തിനുവന്നു. ഫിറോസും സജ്ജമായി. ഇരുസൈന്യവും വെള്ളപ്പൊക്കം മൂലം നദി കടക്കാനാവാതെ കുഴങ്ങി. ആയിടക്ക് സേനാപതി ഖാസി സിറാജും ഏതാനും പേരും ദർവേഷുകളുടെ വേഷത്തിൽ നദി കടന്ന് വിജയനഗര കൊട്ടാരത്തിലെ പാട്ടുകാരിയുടെ വീട്ടിലെത്തി. തങ്ങളും പാട്ടുകാരണെന്നും അവരുടെ കൂടെ കൊട്ടാരത്തിൽ പാട്ടു പാടാൻ അനുവാദം വാങ്ങിത്തരണമെന്നും പറഞ്ഞു. ഇവരുടെ പാട്ട് പാട്ടുകാരിക്കും ഇഷ്ടമായി. രാജാവ് യുദ്ധത്തിന് പോയതാണ്. മകനായിരുന്നു തലസ്ഥാനത്തിന്റെ ചുമതല. മദ്യ ലഹരിയിലായിരുന്ന അദ്ദേഹം ഇവരുടെ സംഗീതത്തിൽ ആകൃഷ്ടനായി മയങ്ങിയപ്പോൾ ഖാസി സിറാജ് അദ്ദേഹത്തെ കുത്തിക്കൊന്നു. അപ്പോഴേക്കും സുൽതാൻ ഫിറോസും കൂട്ടരും കൊട്ടാരത്തിലെത്തി. ഹരിഹര രാജാവിന് കീഴടങ്ങേണ്ടിവന്നു. വലിയൊരു തുക നഷ്ടപരഹാരം നൽകി സന്ധിയായി.

1398-ലാണല്ലോ തീമൂർ ഇന്ത്യ ആക്രമിക്കുന്നത്. തീമൂർ വരുന്ന വിവരമറിഞ്ഞ ഫിറോസ് ഉടനെ തന്റെ പ്രതിനിധികളെ സമ്മാനങ്ങളുമായി തീമൂറിന്റെ തലസ്ഥാനമായ സമർഖന്ദിലേക്കയച്ചു. ഇന്ത്യയിലേക്ക് വരുമ്പോൾ എല്ലാ സഹായവും ചെയ്യാമെന്നും തന്റെ രാജ്യത്തോട് സ്‌നേഹം കാണിക്കണമെന്നും ഫിറോസ് അഭ്യർത്ഥിച്ചു. പ്രതിനിധികളെ സത്കരിച്ച തീമൂർ, ബഹ്മനി സുൽതാൻമാരെ ഒരു വിധേനയും ദ്രോഹിക്കില്ലെന്ന് ഉറപ്പ് നൽകിയെന്ന് മാത്രമല്ല; സുൽതാൻ തന്റെ മകനെപ്പോലെയാണെന്നു കൂടി പറഞ്ഞു. 1406-ൽ വിജയനഗര ചക്രവർത്തിയായി വന്ന ദേവരായന് മുട്കലിലെ ഒരു സ്വർണപ്പണിക്കാരന്റെ മകളോട് തോന്നിയ പ്രേമം ബഹ്മനി വിജയനഗര ബന്ധങ്ങളിൽ മാറ്റങ്ങളുണ്ടാക്കി. പാർത്താൽ എന്ന കൊച്ചു സുന്ദരിക്ക് പാട്ടും നൃത്തവും നല്ല സംഭാഷണവും അറിയാമായിരുന്നു.ദേവരായൻ ഒരു ബ്രാഹ്മണനെ വിട്ട് എങ്ങനെയെങ്കിലും ഈ സുന്ദരിയെ കൊട്ടാരത്തിൽ എത്തിക്കാൻ ഏർപ്പാടുണ്ടാക്കി. പെൺകുട്ടി കൂട്ടാക്കാതിരുന്നപ്പോൾ ദേവരായൻ മുട്കൽ അടങ്ങുന്ന പ്രദേശത്ത് ആക്രമണം അഴിച്ചുവിട്ടു. ജനങ്ങൾ വീടുകൾ വിട്ട് കാട്ടിൽ അഭയം പ്രാപിച്ചു. ബഹ്മനി ജനറൽ ഫുവാദ്ഖാൻ വന്ന് ദേവരായനെ തോൽപിച്ച് നാട്ടുകാരെ തിരിച്ചുവിളിച്ചു. ഫിറോസ് നേരിട്ട് തന്നെ ദേവരായനെ പിന്തുടർന്നു. മിക്ക പ്രദേശങ്ങളും പിടച്ചടക്കി വിജയനഗരത്തിന്റെ തലസ്ഥാനം വരെ എത്തി. ഗത്യന്തരമില്ലാതെ ദേവരായൻ സന്ധിക്കപേക്ഷിച്ചു. കണക്കറ്റ ധനം നഷ്ടപരിഹാരം നൽകിയതിന് പുറമേ തന്റെ മകളെ സുൽതാന് വിവാഹം ചെയ്തുകൊടുക്കേണ്ടിയും വന്നു. ഒട്ടേറെ സ്ഥലങ്ങളും ദേവരായന് നഷ്ടമായി. ഇതായിരുന്നു പ്രേമം തലക്ക് പിടിച്ചപ്പോഴുണ്ടായ അനുഭവം. മകളുടെ കല്യാണം ദേവരായന്റെ കേമ്പിലാണ് നടന്നത്. കൊട്ടാരത്തിൽ നിന്ന് ഇരുപത് നാഴിക അകലെ. അത് കഴിഞ്ഞ് ഫിറോസിന് വിജയനഗര കൊട്ടാരത്തിൽ ഗംഭീര സ്വീകരണം ലഭിച്ചു. ദേവരായൻ മരുമകനെ സർവ ആഡംബരങ്ങളോടെയും സ്വീകരിച്ചു. പത്ത് നാഴികയോളം ദൂരത്തിൽ പരവതാനി വിരിച്ചിരുന്നുവത്രെ. എല്ലാ വൈരവും മറന്ന് ദേവരായനും മരുമകനും കൊട്ടാരത്തിൽ മൂന്ന് ദിവസം തങ്ങി. ദേവരായൻ പ്രേമിച്ച പാർത്താൽ എന്ന കൊച്ചുസുന്ദരിയെ കുറിച്ച് ഫിറോസും അറിഞ്ഞു. അവളെ ബഹ്മനി കൊട്ടാരത്തിൽ കൊണ്ടുവന്ന് സുമുഖനായ മകൻ ഹസൻഖാനെ കൊണ്ട് കല്യാണം കഴിപ്പിച്ച് മരുമകളാക്കി. ദേവരായൻ തൽക്കാലം തന്റെ നിരാശക്ക് അവധി കൊടുത്തു.

താജുദ്ദീൻ ഫിറോസ് ചുറ്റുമുള്ള പ്രദേശങ്ങൾ കീഴടക്കി രാജ്യം വിസ്തൃതമാക്കി. 1413ലാണ് ജീസു ദിറാസ് (ഗേസു ജമാലുദ്ദീൻ ഹുസൈൻ ചിശ്തി) എന്ന വിശുദ്ധൻ ഡൽഹിയിൽ നിന്ന് ദക്കാനിലെത്തിയത്. ഗുൽബർഗയിൽ കൊട്ടാരത്തിന് സമീപമാണ് അദ്ദേഹം താമസിച്ചത്. വിശുദ്ധന്റെ പർണശാലയിലേക്ക് ആളുകൾ ഒഴുകുന്നത് സുൽതാനിൽ അസൂയ ഉളവാക്കി. ഇതറിഞ്ഞ ജീസു ദിറാസ് അൽപം അകലേക്ക് താമസം മാറ്റി. ജനങ്ങൾ അങ്ങോട്ടും ഒഴുകി. സുൽതാന്റെ സഹോദരൻ അഹ്മദ്, ദിറാസിന്റെ ശിഷ്യത്വം സ്വീകരിച്ച് അദ്ദേഹത്തോടൊപ്പം കഴിയുകയും ചെയ്തു. അഹ്മദ് സുൽതാനാവുമെന്ന് ജീസു പ്രവചിച്ചുവെന്നറിഞ്ഞപ്പോൾ ഫിറോസിന് രോഷം വർധിച്ചു. കൊട്ടാരത്തിലെ ചിലരുടെ സഹായത്തോടെ അഹ്മദിനെ അന്ധനാക്കാനുള്ള നീക്കം നടത്തി. ഇതറിഞ്ഞ അഹ്മദ് കൊട്ടാരത്തിലുള്ള തന്റെ വിശ്വസ്ത സ്‌നേഹിതനും വ്യാപാരിയുമായ ഖലഫ് ഹുസൈൻ ബസ്‌രിയോടൊപ്പം തലസ്ഥാനം വിട്ടു. ഖലഫ് നല്ല സ്വാധീനമുള്ള വ്യക്തിയായതിനാൽ സൈന്യത്തിലൊരു വിഭാഗം അഹ്മദിനോടൊപ്പം ചേർന്നു. സുൽതാനുമായി നടന്ന യുദ്ധത്തിൽ അഹ്മദ് വിജയിച്ചു. അദ്ദേഹം തലസ്ഥാനത്തേക്ക് മാർച്ച് ചെയ്തു. ഫിറോസ് ഒരു എതിർപ്പിനും തയ്യാറാവാതെ സഹോദരനെ സ്വീകരിച്ച് രാജകീയ വാൾ നൽകി സിംഹാസനത്തിലിരുത്തി. 1422ലായിരുന്നു ഇത്. അഹ്മദിന്റെ സ്ഥാനപ്പേര് ശിഹാബുദ്ദീൻ അഹ്മദ്. ഒട്ടും വൈകാതെ അഹ്മദ് തലസ്ഥാനം ഗുൽബർഗയിൽ നിന്ന് ബീദാറിലേക്ക് മാറ്റി. ഇതോടെ ഗുൽബർഗ യുഗം അവസാനിച്ചു. ഫിറോസ് പണ്ഡിതനും സംഗീതജ്ഞനുമായിരുന്നു. ഖുർആൻ പകർത്തുന്നതിലും തൽപരൻ. ഗോളശാസ്ത്രത്തിൽ നിപുണൻ. ദൗലതാബാദിൽ അദ്ദേഹം വാന നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചു. അദ്ദേഹത്തിന്റെ അന്തഃപുരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള എഴുന്നൂറിലധികം സുന്ദരികൾ താമസിച്ചിരുന്നു. ഭീമാ നദിക്കരയിൽ ഫിറോസാബാദ് എന്നൊരു നഗരം അദ്ദേഹം പണിതു. സ്‌പെയിനിലെ കൊർദോവ പള്ളിയുടെ മാതൃകയിൽ ഗുൽബർഗയിൽ ഫിറോസ് പണിത പള്ളി ശിൽപകലാ രംഗത്ത് മികവ് പുലർത്തുന്നതായിരുന്നു.

 

ശിഹാബുദ്ദീൻ അഹ്മദ് (1422-1436)

ബീദാർ തലസ്ഥാനമാക്കിയ ആദ്യത്തെ സുൽതാനാണ് ശിഹാബുദ്ദീൻ അഹ്മദ്. ഗുൽബർഗയിലെ ഗൂഢാലോചനകളും തന്റെ ആത്മീയ ഗുരു ജീസു ദിറാസിന്റെ മരണവും സുരക്ഷിതമായ ഒരിടത്തേക്ക് തലസ്ഥാനം മാറ്റാൻ അദ്ദേഹത്തെ നിർബന്ധിതനാക്കി. അങ്ങനെ 1424-ൽ ബീദാർ അഥവാ മഹ്മൂദാബാദ് തലസ്ഥാനമാക്കി. വിജയനഗരത്തെ തോൽപിച്ച് കപ്പം പിരിച്ചെടുത്തു. തെലങ്കാനയിൽ ഗുൽബർഗ വരെയുള്ള പ്രദേശങ്ങൾ കൈക്കലാക്കി. മാൾവയിലേയും ഖാൻദേശിലേയും സുൽതാൻമാരെ തോൽപിച്ചു. ഖാൻദേശ് സുൽതാന്റെ പുത്രി അഗാ സൈനബിനെ മകൻ അലാഉദ്ദീന് വിവാഹം ചെയ്തു കൊടുത്തതോടെ ആ ഭാഗത്തെ പടയോട്ടങ്ങൾ മതിയാക്കി. ആക്രമണത്തിന് വന്ന ഗുജറാത്ത് സുൽതാനെ തോൽപിച്ചയച്ചു. ബോംബെയിലെ മാഹിം വരെയുള്ള പ്രദേശങ്ങൾ കൈയിലായെങ്കിലും സൈന്യത്തിലെ പടലപ്പിണക്കം കാരണം പിന്തിരിയേണ്ടിവന്നു. ഗുജറാത്തുമായി സന്ധി ചെയ്തു. 1436-ൽ മരിക്കും വരെ സുൽതാൻ കർമ നിരതനായിരുന്നു.

മകൻ അലാഉദ്ദീനെ അനന്തരാവകാശിയാക്കി നിശ്ചയിച്ച് രാജ്യത്തിന്റെ ഭാവി അദ്ദേഹം സുരക്ഷിതമാക്കി. ബീദാർ ലോകത്ത് അറിയപ്പെട്ടു. പേർഷ്യയിൽ നിന്നും അറേബ്യയിൽ നിന്നും പണ്ഡിതൻമാരും കവികളും സാഹിത്യകാരൻമാരും അവിടേക്ക് ഒഴുകി. ഇങ്ങനെ വിദേശത്ത് നിന്ന് വന്നവർ ആഫാഖികളെന്നും നാട്ടിൽ തന്നെയുള്ള കൊട്ടാര പണ്ഡിതൻമാർ ദഖ്‌നികളെന്നും അറിയപ്പെട്ടു. ഇവർ തമ്മിലുള്ള ഭിന്നിപ്പ് പിൽക്കാലത്ത് നാടിന് ദോഷകരമായി ഭവിച്ചു.

 

അലാഉദ്ദീൻ അഹ്മദ് രണ്ടാമൻ (1436-58)

അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന സംഭവം സംഗമേശ്വരിലെ റായിയുടെ പ്രദേശങ്ങൾ പിടിച്ചടക്കി മകളെ വിവാഹം ചെയ്തു എന്നതാണ്. ഈ സുന്ദരിയെ അദ്ദേഹം സെബാ ചെഹ്‌രാ എന്ന സ്ഥാനപ്പേര് നൽകി രാജ്ഞിയാക്കി. താമസിയാതെ ആദ്യ ഭാര്യ ഖാൻദേശ് സുൽതാന്റെ മകൾ അഗാ സൈനബുമായി സുൽതാൻ പിണങ്ങി. സൈനബ്, പിതാവ് നാസിർഖാനെ വിവരമറിയിച്ചു. അദ്ദേഹം ഒരു റായിയുടെ സഹായത്തോടെ ബഹ്മനി പ്രദേശങ്ങൾ കീഴടക്കി. ഈ പ്രദേശങ്ങളിലെ വെള്ളിയാഴ്ച പ്രസംഗങ്ങളിൽ തന്റെ പേര് ഉൾപ്പെടുത്താൻ ഉത്തരവിടുകയും ചെയ്തു. പണിപ്പെട്ടാണെങ്കിലും ആഫാഖി വിഭാഗത്തിന്റെ നേതാവ് ഖലഫ് ഹസന്റെ സഹായത്തോടെ കുറേ പ്രദേശങ്ങൾ സുൽതാൻ തിരിച്ചുപിടിച്ചു. അതോടെ ആഫാഖികൾ സുൽതാന്റെ ഇഷ്ടക്കാരായി. ഈ സമയം വിജയ നഗർ ചക്രവർത്തി ദേവരായ കുറേ മുസ്‌ലിംകളെ ഉൾപ്പെടുത്തി സൈന്യം വിപുലീകരിച്ചിരുന്നു. മുസ്‌ലിംകൾക്ക് വേണ്ടി ഒരു പള്ളിയും ദേവരായർ പണിതുകൊടുത്തു. തന്റെ സിംഹാസനത്തിന്റെ സമീപത്തായി ഒരു ഖുർആൻ പ്രതിയും ഭക്തി പൂർവം പ്രതിഷ്ഠിച്ചു. തുംഗഭദ്രാ നദി കടന്ന് ബഹ്മനി സുൽതാന്റെ കീഴിലുള്ള റെയ്ച്ചൂർ ദുവാബും സമീപ പ്രദേശങ്ങളും കീഴടക്കി. തലസ്ഥാനമായ ബീദാർ ഉപരോധിച്ചു. ജീവൻമരണ പേരാട്ടത്തിന് സുൽതാൻ അലാഉദ്ദീൻ തയ്യാറെടുത്തു. ഖലഫ് ഹസന്റെ നേതൃത്വത്തിലുള്ള മഹാസൈന്യം വിജയനഗരത്തെ തുരത്തി. പശ്ചിമ ഭാഗത്ത് കലാപം തലപൊക്കിയപ്പോൾ ഖലഫ് ഹസനും സൈന്യവും അങ്ങോട്ട് തിരിച്ചു. കലാപകാരികളെ അമർച്ച ചെയ്‌തെങ്കിലും വയറിളക്കം ബാധിച്ച് ഖലഫ് ഹസൻ കിടപ്പിലായി. ഈ തക്കം നോക്കി ശത്രുക്കൾ ബഹ്മനി സൈന്യത്തെ വളഞ്ഞ് തോൽപിച്ചു. സൈന്യം കാട്ടിലേക്കോടി. ആഫാഖികളുടെ പരാജയം കൊട്ടാരത്തിലെ ദഖ്‌നി വിഭാഗത്തിന് ആശ്വാസം നൽകി. തോൽവിക്ക് കാരണം ആഫാഖികളാണെന്ന് അവർ സുൽതാന് സന്ദേശമയച്ചു. മദ്യ ലഹരിയിലായിരുന്ന സുൽതാൻ മുൻപിൻ ആലോചിക്കാതെ ശേഷിച്ച ആഫാഖി സൈന്യത്തെ മുഴുവൻ കൊന്നൊടുക്കാൻ കൽപിച്ചു. ദഖ്‌നികൾക്ക് സന്തോഷമായി. കൂട്ടക്കൊലയിൽ നിന്ന് രക്ഷപ്പെട്ട ആഫാഖി ഭടൻ ഖാസിം ബെഗ് കൊട്ടാരത്തിലെത്തി സുൽതാനെ സത്യാവസ്ഥ ബോധിപ്പിച്ചു. തെറ്റ് മനസ്സിലാക്കിയ സുൽതാൻ ആഫാഖികളെ വിശ്വാസത്തിലെടുത്ത് ഖാസിം ബെഗിനെ മാലിക് തുജ്ജാർ പദവി നൽകി ആദരിച്ചു. അളിയൻ ജലാൽഖാനും മകനും കൂടി അധികാരം പിടിച്ചെടുക്കാൻ ശ്രമിച്ചത് സുൽതാന് വീണ്ടും തല വേദന സൃഷ്ടിച്ചു. ഈ സമയത്താണ് പേർഷ്യയിൽ നിന്ന് മഹ്മൂദ് ഗവാൻ എന്ന പടയാളി വരുന്നത്. അദ്ദേഹം ആഫാഖി വിഭാഗത്തിന്റെ നേതൃസ്ഥാനത്തെത്തി. ഗവാൻ, ജലാൽഖാനെ തോൽപിച്ച് അദ്ദേഹവുമായി അനുരഞ്ജനത്തിന് വേദിയൊരുക്കി. ഇതനുസരിച്ച് സുൽതാൻ അളിയൻ ജലാലുദ്ദീന് കുറേ പ്രദേശങ്ങൾ വിട്ടുകൊടുത്തു. സുൽതാൻ മരിച്ചപ്പോൾ ഭരണം മകൻ ഹുമയൂൺ (1458-1461) ഏറ്റെടുത്തു.

 

നിസാമുദ്ദീൻ അഹ്മദ് മൂന്നാമൻ (1461-1463)

ഹുമയൂൺ ഷാ മരിച്ചപ്പോൾ കൊച്ചു മകൻ അഹ്മദ,് നിസാമുദ്ദീൻ എന്ന പേരിൽ സുൽതാനായി. പ്രായം തികയാത്തതിനാൽ ഉമ്മ നർഗീസ് ബീഗം അധ്യക്ഷയായ സമിതിയാണ് ഭരണം നിർവഹിച്ചത്. സഹായിക്കാൻ പ്രധാനമന്ത്രി മഹ്മൂദ് ഗവാനും. ഈ സമയത്ത് ശത്രുക്കളായ സുൽതാൻമാരും റായിമാരും കൈകോർത്ത് കൊണ്ട് ബഹ്മനി സൈന്യത്തെ തോൽപിച്ചു. ഈ സഖ്യത്തിന് നേതൃത്വം കൊടുത്തത് മാൾവ സുൽതാൻ മഹ്മൂദ് ഖൽജിയാണ്. അപ്പോഴേക്കും നർഗീസ് ബീഗം ഗുജറാത്ത് സുൽതാന്റെ സഹായം തേടി. രണ്ട് സൈന്യവും കൂടി സഖ്യശക്തികളെ തോൽപിച്ചു. മാൾവ സുൽതാന് കനത്ത പരാജയം സഹിക്കേണ്ടി വന്നു. സുൽതാൻ നിസാമുദ്ദീൻ അഹ്മദ് കല്യാണ രാത്രിയിൽ മരണപ്പെടുകയായിരുന്നു. ഭരണം സഹോദരനായ മുഹമ്മദ് ഖാന് കൈ വന്നു. അദ്ദേഹം ശംസുദ്ദീൻ മുഹമ്മദ് ഷാ ലഷ്‌കരി മൂന്നാമൻ എന്ന പേരിൽ സുൽതാനായി.

 

ശംസുദ്ദീൻ മുഹമ്മദ് ഷാ ലഷ്‌കരി മൂന്നാമൻ

ശംസുദ്ദീൻ മുഹമ്മദ് ഷായുടെ കാലത്ത് മഹ്മൂദ് ഗവാൻ പ്രധാനമന്ത്രി സ്ഥാനം വഹിക്കുകയും അദ്ദേഹത്തിന് കീഴിൽ സാമ്രാജ്യം പ്രശസ്തി നേടുകയും ചെയ്തു. കൃഷ്ണ-ഗോദാവരി പ്രദേശങ്ങളും കൊങ്കൺ വരേയുള്ള പടിഞ്ഞാറൻ പ്രദേശവും വടക്കോട്ട് മാൾവ വരെയുള്ള നാടുകളും ബഹ്മനികൾക്കധീനമായി. വിജയനഗരത്തിന്റെ സഹായത്തോടെ ഒറീസയിലെ കപിലേഷറിനെ തോൽപിച്ചു. മഹ്മൂദ് ഗവാന്റെ നേതൃത്വത്തിൽ നടന്ന പടയോട്ടങ്ങളിലുണ്ടായ വിജയങ്ങൾ ഒരു വിഭാഗം പ്രഭുക്കളെ മഹ്മൂദ് ഗവാന്റെ ശത്രുക്കളാക്കി. അസൂയ മൂത്ത ദഖ്‌നി പ്രഭുക്കളും സഹായികളും കൂടി സുൽതാനെയും ഗവാനെയും അകറ്റാനുള്ള ഗൂഢോദ്ദേശ്യത്തോടെ ഒരു കത്ത് കെട്ടിപ്പടച്ചു. സുൽതാന്റെ സംരക്ഷകനെ മദ്യം കുടിപ്പിച്ച് കത്തിൽ സുൽതാന്റെ സീൽ പതിപ്പിച്ചു. കത്ത് ഒറീസ രാജാവിനുള്ളതായിരുന്നു. സുൽതാനറിയാതെ ഗവാൻ അദ്ദേഹത്തിന്റെ സീലുപയോഗിച്ചു കത്തുകളും മറ്റും അയക്കുന്നുണ്ടെന്ന വിവരം ശത്രുക്കൾ സുൽതാനെ അറിയിക്കുകയും തെളിവിനായി അവർ മെനഞ്ഞെടുത്ത കത്ത് ഹാജരാക്കുകയും ചെയ്തു. ഇക്കാലമത്രയും ബഹ്മനി രാജ്യത്തിന് വേണ്ടി ജീവൻ നൽകിയ എഴുപത്തിമൂന്നുകാരനായ ഗവാനെ സുൽതാൻ തന്റെ റൂമിലേക്ക് വിളിപ്പിച്ചു. ഒരു രാജ്യദ്രോഹിക്ക് എന്ത് ശിക്ഷയാണ് നൽകേണ്ടതെന്ന് സുൽതാൻ ഗവാനോട് ചോദിച്ചപ്പോൾ സംശയലേശമന്യേ അദ്ദേഹം പറഞ്ഞു, വധശിക്ഷ. ഉടനെ തന്റെ സീലു വച്ച കത്ത് സുൽതാൻ ഗവാന് കാണിച്ചുകൊടുത്തു. ഇതൊരു കടുത്ത വഞ്ചനയാണെന്ന് ആവർത്തിച്ചു പറഞ്ഞിട്ടും സുൽതാൻ കേൾക്കാൻ മനസ്സ് വച്ചില്ല. തന്റെ അടിമ ജൗഹറിനോട് ഗവാന്റെ തലയറുത്ത് കൊല്ലാൻ ഏർപ്പാടാക്കി സുൽതാൻ പോയി. ജൗഹറിന്റെ മുമ്പിൽ പ്രാർത്ഥനയോടെ ഗവാൻ തല കുനിച്ചുകൊടുത്തു. താൻ ചെയ്തത് അബദ്ധമായി എന്ന് സുൽതാന് താമസിയാതെ മനസ്സിലായി. അദ്ദേഹത്തിന് ദുഃഖം സഹിക്കാനായില്ല. ശാപമെന്നോണം നാല് ഭാഗത്തും കലാപം തുടങ്ങി. ഖാസിം ബരീദ്, ബഹാദൂർ ഖാൻ ഗീലാനി (ഗോവ), യൂസുഫ് ആദിൽ എന്നിവരുടെ കലാപം രാജ്യത്തിന്റെ നട്ടെല്ലൊടിച്ചു. പുതിയ പ്രധാനമന്ത്രി നിസാമുൽ മുൽകിന് രാജ്യത്തെ രക്ഷിക്കാനായില്ല. ഒരു വർഷം തികയും മുമ്പേ സുൽതാനും മരണപ്പെട്ടു.

ഷിഹാബുദ്ദീൻ മഹ്മൂദ് (1482- 1518), അഹ്മദ് ഷാ (1518-1520), അലാഉദ്ദീൻ ഷാ (1520-1523), വലിയുല്ലാ (1523-1528), കലീമുല്ലാ (1526- 1528) എന്നിവർ ശേഷം അധികാരത്തിലേറി.

കലീമുല്ലക്ക് ശേഷം ബഹ്മനി സാമ്രാജ്യം അസ്തമിക്കുകയായിരുന്നു. പിന്നീട് വലിയുല്ലയുടെ മന്ത്രിയായിരുന്ന ഇബ്‌റാഹിം ആദിൽ ഷായുടെ നേതൃത്വത്തിൽ ആദിൽ ഷാഹി ഭരണവംശം നിലവിൽ വന്നു. 179 വർഷത്തെ ബഹ്മനി ഭരണം അതോടെ അവസാനിച്ചു. ബീജാപൂർ ആസ്ഥാനമാക്കിയാണ് ആദിൽ ഷാഹി സുൽതാൻമാർ ഭരിച്ചത്. കൂടാതെ ബെറാറിലെ ഇമാദ് ഷാ രാജവംശം, അഹ്മദ് നഗറിലെ നിസാം ഷാഹി വംശം, ഗോൽകൊണ്ടയിലെ ഖുതുബ് ഷാഹി വംശം, ബീദാറിലെ ബരീദ് ഷാഹി വംശം എന്നിവയും ബഹ്മനി സൽതനതിന്റെ ചാരത്തിൽ നിന്ന് ഉയിർ കൊണ്ടവയാണ്.

ദക്ഷിണേന്ത്യയെ മധ്യപൂർവ പ്രദേശവുമായി ബന്ധിപ്പിക്കുന്നതിൽ ബഹ്മനി വംശം വലിയ പങ്കു വഹിച്ചു. നിരവധി അറബി പേർഷ്യൻ പണ്ഡിതൻമാരും സാഹിത്യകാരൻമാരും ശിൽപികളും കവികളും ദക്കാനിലേക്കൊഴുകി. അങ്ങനെ വന്നവർ നാട്ടിൽനിന്ന്തന്നെ വിവാഹം ചെയ്യുകവഴി ഒരു സങ്കര സമൂഹത്തിന് ജൻമം നൽകുകയുണ്ടായി. അങ്ങനെ പേർഷ്യൻ-അറബി-ഇന്ത്യൻ സംസ്‌കാരങ്ങളുടെ ലയനത്തിലൂന്നിയ ഒരു സാംസ്‌കാരിക പ്രഭാവം കൈവരികയും ചെയ്തു. ജാതി ചിന്തക്കും ആചാരങ്ങൾക്കും എതിരായ ഒരു സാഹചര്യം രൂപപ്പെടുകയും ഹൈന്ദവ സന്യാസിമാർ തന്നെ ഈ വക ഉച്ചനീചത്വങ്ങൾ നീക്കാൻ മുസ്‌ലിം പുണ്യവാളൻമാരോടൊപ്പം രംഗത്ത് വരികയുമുണ്ടായി.

മധ്യ പൂർവ ദേശവുമായുള്ള വ്യാപാരം പതിൻമടങ്ങ് വർധിച്ചതോടെ രാജ്യം സാമ്പത്തികമായി ഏറെ വികസിച്ചു. വിദേശ വസ്തുക്കൾ ഇന്ത്യയിലേക്കും ഇന്ത്യൻ ചരക്കുകൾ വിദേശത്തേക്കും ഒഴുകാൻ തുടങ്ങി. യുദ്ധം മൂത്തതോടെ പുതിയ യുദ്ധ വിദ്യകളും രാജ്യത്തെത്തി. കുതിര, വെടിമരുന്ന് കച്ചവടം സമൃദ്ധമായി. പുറമേ അടിമക്കച്ചവടവും. മധ്യേഷ്യയിൽ നിന്നും ആഫ്രിക്കയിൽ നിന്നുമുള്ള അടിമകൾ ഇന്ത്യയിലെത്തി. പലരും പട്ടാളക്കാരായും അംഗരക്ഷകരായും സേവനം ചെയ്തു.

ഡൽഹിയിലെ സുൽതാൻ ഭരണത്തിന്റെ രീതിയായിരുന്നു ബഹ്മനി ഭരണത്തിനും. സുൽതാനെ സഹായിക്കാൻ വകീലു സൽതനത് (പ്രധാനമന്ത്രി), നാസിർ (സെക്രട്ടറി),   അമീറേ ജൂംല (ധനമന്ത്രി), വസീറേ അശ്‌റഫ് (വിദേശം), കോത്‌വാൽ (പോലീസ്), വസീറേ കുൽ (ഓഡിറ്റർ), സദറേ ജഹാൻ (ജുഡീഷ്യറി) എന്നീ വകുപ്പുകളുണ്ടായിരുന്നു. ഭരണത്തിന്റെ ഭാഗമായി ദർബാറുകളും (മന്ത്രിമാർ, പ്രഭുക്കൾ, പണ്ഡിതൻമാർ, പ്രധാനികൾ എന്നിവരുടെ സഭ), ദിവാനുകളും (ദിവസവുമുള്ള മന്ത്രിസഭാ യോഗം) സംഘടിപ്പിച്ചിരുന്നു. മന്ത്രിമാരുടെ കീഴിൽ വിവിധ ഉദ്യോഗസ്ഥൻമാരുമുണ്ടായിരുന്നു. എല്ലാവരുടേയും മേലുള്ള അന്തിമ അധികാരം സുൽതാന്തന്നെ. അഹ്‌സനാബാദ്, ഗുൽബർഗ, ദൗലതാബാദ്, ബെറാർ, ബീദാർ എന്നിങ്ങനെ നാല് പ്രവിശ്യകളായി രാജ്യം വിഭജിച്ചു. പ്രവിശ്യയുടെ മേലധികാരി തറഫ്ദാർ. അത്‌റാഫ് എന്നാണ് പ്രവിശ്യകൾ അറിയപ്പെട്ടത്. ഭൂമിയുടെ ഫലപുഷ്ടി, ജലസേചന സൗകര്യം, മാർക്കറ്റുമായുള്ള അടുപ്പം എന്നിവ പരിഗണിച്ചാണ് ഭൂനികുതി ഏർപ്പെടുത്തിയത്. ഭൂമി അളന്ന് തിട്ടപ്പെട്ടുത്തിയിരുന്നു. ചപർഖാന എന്ന പേരിലുള്ള പോസ്‌റ്റോഫീസും, കത്തുകൾ വിതരണം നടത്തുന്നതിന് ഓരോ മൂന്ന് മൈലിലും ചൗക്കികളും (സ്‌റ്റേഷൻ) സ്ഥാപിച്ചു. സൈന്യത്തിന്റെ കമാന്റർ ഇൻ ചീഫാണ് അമീറുൽ ഉമറാ. അദ്ദേഹത്തിന്റെ കീഴിൽ വിവിധ ഉദ്യോഗസ്ഥൻമാർ. ഓരോരുത്തരുടേയും കീഴിലുള്ള പട്ടാളത്തിന്റെ എണ്ണം ക്ലിപ്തപ്പെടുത്തി. അമീറുൽ ഉമറക്ക് 1500 പട്ടാളക്കാർ. പ്രവിശ്യയിലെ സൈന്യത്തിന്റെ മേൽ നോട്ടം തറഫ്ദറിന. അദ്ദേഹം സരി ലഷ്‌കർ എന്നും അറിയപ്പെട്ടു. ലഷ്‌കർ എന്നാൽ സൈന്യം. തോക്കുകളുടേയും പീരങ്കികളുടേയും അധികാരി ആതിഷ് മീർ.

ദക്ഷിണേന്ത്യയിൽ പന്ത്രണ്ടാം നൂറ്റാണ്ട് തൊട്ടേ ശക്തമായ പരിഷ്‌കരണ പ്രസ്ഥാനങ്ങൾ നിലവിലുണ്ടായിരുന്നു. ശൈവിസം, വൈഷ്ണവിസം, ലിൻഗായത്തിസം, ഭക്തി പ്രസ്ഥാനം എന്നിങ്ങനെ. ഇവയുടെ പ്രവർത്തനം ബഹ്മനി കാലത്തും ശക്തമായി തന്നെ തുടർന്നു. ബഹ്മനി കാലത്ത് മുസ്‌ലിം സമൂഹം വർധിച്ചതോടെ ജാതി ചിന്തക്കെതിരായ നീക്കങ്ങൾ ശക്തിപ്പെട്ടെങ്കിലും ബ്രാഹ്മണർ അത് ശക്തിയായിത്തന്നെ നിലനിറുത്തിപ്പോന്നു. മുസ്‌ലിംകളെ അശുദ്ധൻമാരോ വിദേശികളോ ആയും താണ ജാതിക്കാരെ തൊട്ടുകൂടാത്തവരായും ഗണിച്ചു. ഇത്തരം ചിന്താഗതിക്കെതിരെയാണ് പരിഷ്‌കരണ പ്രസ്ഥാനങ്ങൾ കാര്യമായി മുന്നോട്ടു വന്നത്.

ബഹ്മനി കാലത്ത് സൂഫിസം ദക്ഷിണേന്ത്യയെ നന്നായി സ്വാധീനിച്ചു. പ്രസിദ്ധ സൂഫി ശൈഖ് ജീസു ദിറാസ് (ഗുൽബർഗ) ലിങ്കായത്ത് സന്യാസിയായിരുന്ന ചിൻ ബിശ്വേശ്വരന്റെ സ്‌നേഹിതനായിരുന്നു. അദ്ദേഹം നിർമിച്ച ക്ഷേത്രം ജീസു ദിറാസിന്റെ ഖബറിടത്തിന്റെ സമീപത്ത്തന്നെ സ്ഥിതി ചെയ്യുന്നു. സൂഫികളുടെ സാന്നിധ്യം സാംസ്‌കാരിക സമന്വയത്തിന് വഴിവച്ചു. ബ്രാഹ്മണർ വ്യത്യസ്ത ഉദ്യോഗങ്ങൾ വഹിച്ചിരുന്നു. സുൽതാൻ ഫിറോസ് ഷാ ബഹ്മനി വിജയനഗരത്തിലെ രാജകുമാരിയെ വേളി കഴിച്ചതോടെ മത സമന്വയം കൂടുതൽ പ്രകടമായി. പ്രാദേശിക ഭാഷ സമ്പന്നമാവുകയും നർത്തകികളെയും സംഗീതജ്ഞരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അദ്ദേഹം വേദങ്ങൾ പഠിക്കുകയും സ്വന്തമായി വ്യാഖ്യാനിക്കുകയും ചെയ്തിരുന്നുവത്രെ.

സാമ്പത്തികമായി ബഹ്മനി ഏറെ വികസിച്ചിരുന്നു. പ്രധാന വരുമാനം വ്യാപാരത്തിൽ നിന്ന്തന്നെ. ടെക്‌സ്‌റ്റൈൽ ഫാക്ടറികളും ഇരുമ്പു ഫാക്ടറികളും സ്ഥാപിച്ച് വ്യവസായത്തിൽ വലിയ മുന്നേറ്റമുണ്ടാക്കി. സിൽക്, സാരി, മഷോർ, ഹിംറൂ, ധോത്തി, ധോറിയ, മൽമൽ, വെൽവെറ്റ്, കമ്പിളി തുടങ്ങിയ തുണിത്തരങ്ങൾക്ക് ദക്ഷിണേന്ത്യ പേരു കേട്ടു. ബീദാറിൽ നിന്ന് പാത്രങ്ങളും വാറങ്കലിൽ നിന്ന് പരവതാനികളും ഒറീസയിൽ നിന്ന് ഇരുമ്പ് സാമഗ്രികളും വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്തു. ക്രൂസിബിൾ, വാളുകൾ, കത്തികൾ, അമ്പും വില്ലും എന്നിവയും നിർമിച്ചു. നാഗ്പൂരിലെ ഖനികളിൽ നിന്ന് ചെമ്പ് ഉൽപാദിപ്പിച്ചു. ദേബൾ, താന എന്നിവിടങ്ങളിൽ നിന്ന് ലെതർ ഉൽപന്നങ്ങൾ അറേബ്യയിലേക്കും പേർഷ്യയിലേക്കും കയറ്റുമതി ചെയ്തു. കപ്പൽ നിർമാണത്തിൽ പേർഷ്യയെയും യൂറോപ്പിനെയും ഇക്കാലത്ത് ദക്ഷിണേന്ത്യ പിന്നിലാക്കി. ഗോവ, ദേബൽ, മാഹിം, മസൂലിപട്ടം എന്നിവ പ്രധാന തുറമുഖങ്ങളായിരുന്നു. ബഹ്മനി നാണയങ്ങൾ ഡൽഹി സുൽതാൻമാരുടേതിനെ അപേക്ഷിച്ച് മനോഹരം.

കെട്ടിടങ്ങളും ഉദ്യാനങ്ങളും കൊണ്ട് ദക്ഷിണേന്ത്യയെ ആദ്യം മനോഹരമാക്കിയത് ബഹ്മനികളാണ്. ഹിന്ദു-മുസ്‌ലിം ശിൽപ വേലകളുടെ സമന്വയമായിരുന്നു ബഹ്മനി സ്മാരകങ്ങൾ. ഗുൽബർഗയിലെ പള്ളിയും ജീസു ദിറാസിന്റെ ഖബറിടവുമാണ് ആദ്യകാല കെട്ടിടങ്ങൾ. പേർഷ്യയിൽ നിന്നുള്ള ശിൽപികളാണ് ഇവയുടെ നിർമാണത്തിന് നേതൃത്വം നൽകിയത്.

ഭീമാ നദിയുടെ കരയിൽ നിർമിച്ച ഫിറോസ്ഷാബാദ് പട്ടണത്തിന്റെ ശേഷിപ്പുകൾ ഇപ്പോഴുമുണ്ട്. അഹ്മദ് ഷാ ബഹ്മനി ബീദാറിലേക്ക് തലസ്ഥാനം മാറ്റിയപ്പോൾ അറേബ്യ, തുർക്കി, പേർഷ്യ, റോം തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ശിൽപികളെ വരുത്തി കോട്ടകൾ, കൊട്ടാരങ്ങൾ, പള്ളികൾ, ഖബറിടങ്ങൾ, കമാനങ്ങൾ എന്നിവ നിർമിച്ച് ബീദാറിനെ ഒരു മുസ്‌ലിം സംസ്‌കാരിക കേന്ദ്രമാക്കി ബഹ്മനികൾ മാറ്റി. രങ്കൻ മഹൽ, ഗഗൻ മഹൽ, തുർകിഷ് മഹൽ, ചീനി മഹൽ, നാഗിനാ മഹൽ എന്നിവയാണ് പ്രധാന കൊട്ടാരങ്ങൾ. ഉദ്യാനങ്ങളും അരുവികളും കമാനങ്ങളും കൊണ്ട് അലംകൃതമായി ബീദാർ. പന്ത്രണ്ട് സുൽതാൻമാരുടെ ഖബറിടങ്ങൾ ഒരേ രൂപത്തിലാണ് നിർമിച്ചിട്ടുള്ളത്. ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നുമുള്ള പണ്ഡിതൻമാർ കൊട്ടാരത്തെ അലങ്കരിച്ചു. ഹിന്ദു പണ്ഡിതൻമാർ പേർഷ്യൻ പഠിച്ചപ്പോൾ സുൽതാൻമാരും വിദേശികളും സംസ്‌കൃതം പഠിക്കാൻ തിടുക്കം കൂട്ടി. ബദ്‌റുദ്ദീൻ, മൗലാനാ ഉംറാനി, സിയാ ഭായ്, അയ്‌നുൽ മുൽക്, അഹ്മദ് താനേശ്വരി തുടങ്ങിയവർ ബഹ്മനി കൊട്ടാരത്തെ അലങ്കരിച്ച പണ്ഡിതൻമാരാണ്. ഗുൽബർഗ, ഖന്ദഹാർ, എലിക്പൂർ, കൗൾ, ബീദാർ, ദൗലതാബാദ്, ദേബൽ എന്നിവിടങ്ങളിലെ സ്‌കൂളുകളിൽ നാനാജാതി മതസ്ഥരും പഠിച്ചുപോന്നു. മുഹമ്മദ് ഷാ രണ്ടാമൻ അനാഥർക്കായി അനാഥശാല സ്ഥാപിച്ചു. ബീദാറിൽ മുഹമ്മദ് ഷാ മൂന്നാമൻ സ്ഥാപിച്ച മദ്‌റസയിലേക്ക് വിദേശത്ത്‌നിന്ന് പോലും വിദ്യാർത്ഥികൾ വന്നു. മഹ്മൂദ് ഗവാനാണ് ഈ വക പ്രവർത്തനങ്ങൾക്കെല്ലാം നേതൃത്വം നൽകിയത്.

You May Also Like
teen in narcotics- Malayalam

ലഹരിയിൽ മയങ്ങുന്ന യുവത്വം: കണക്കുകൾ ദുരന്തം പറയുന്നു

മദ്യ ദുരന്തങ്ങളുടെയും അതുമൂലമുണ്ടാകുന്ന മരണങ്ങളുടെയും കണക്കുകൾ പത്രവാർത്തകളിലൂടെ ദിനവും നമ്മുടെ മുമ്പിലെത്തുന്നു. അതുകണ്ട് നമ്മിൽ പലരും…

● യാസർ അറഫാത്ത് നൂറാനി

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

ആഇശ(റ) : നിരുപമ പാണ്ഡിത്യം

വനിതകളുടെ ഇസ്‌ലാമിലെ ഇടത്തെക്കുറിച്ചും വിദ്യാഭ്യാസത്തിനുള്ള അവകാശത്തെക്കുറിച്ചും വാദപ്രതിവാദങ്ങളുയരുമ്പോള്‍ ഉമ്മുല്‍ മുഅ്മിനീന്‍ ബീവി ആഇശ(റ)യുടെ ജീവിതവും വിജ്ഞാനവും…