ഭയപ്പെടരുത്, അല്ലാഹു ഒപ്പമുണ്ട്. തഖ്വയും(അല്ലാഹുവിലുള്ള ഭയഭക്തി) ക്ഷമയുമുണ്ടെങ്കില്‍ മറ്റു ഭയപ്പാടുകള്‍ക്ക് പ്രസക്തിയില്ല. ഈ രണ്ട് കാര്യങ്ങള്‍ക്കു മുമ്പില്‍ ലോകത്തുള്ള സകല പ്രയാസങ്ങളും ധൂളികളായി പരിണമിക്കും. വിശുദ്ധ ഖുര്‍ആന്റെ സുവിശേഷമാണത്.
ആരെങ്കിലും അല്ലാഹുവിനെ ഭയപ്പെട്ടാല്‍ അവന് അവന് മാര്‍ഗമൊരുക്കും, താനറിയാത്ത വഴിയിലൂടെ അവന് നല്‍കും. വല്ലവനും അല്ലാഹുവില്‍ ഭരമേല്‍പ്പിച്ചാല്‍ അവന് അല്ലാഹു മതി (സൂറത്തു ത്വലാഖ് 1-3). ഈ സൂക്തത്തിന്റെ പ്രത്യക്ഷാര്‍ത്ഥം വേഗം ഗ്രഹിക്കാം. എന്നാല്‍ അതിനപ്പുറം അനുഭവജ്ഞാനത്തിലൂടെ അതിന്റെ സാരം മനസ്സിലാക്കാന്‍ കഴിയണം. അല്ലാഹുവിനെ മനസ്സറിഞ്ഞ് വിളിച്ചാല്‍ അവന് ആ വിളി കേള്‍ക്കുമെന്നതില്‍ സംശയമരുത്.
1997 ജൂണ്‍ 2 തിങ്കള്‍ എന്റെ ജീവിതത്തില്‍ നിര്‍ണായകമായൊരു ദിവസമാണ്. കോണോംപാറ മസ്ജിദുന്നൂറില്‍ നിന്ന് മുതഅല്ലിമുകളെയും കൂട്ടി ഇറങ്ങേണ്ടിവന്ന ദിനം. സാമ്പത്തിക ഞെരുക്കം ഓര്‍ത്ത് ഏറെ ഭയപ്പെട്ട ദിവസവും അതുതന്നെ. റബ്ബേ, ഇനിയെന്ത് എന്ന ചോദ്യത്തിന് മുമ്പില്‍ മാര്‍ഗങ്ങളൊന്നും അപ്പോള്‍ തെളിഞ്ഞിരുന്നില്ല. വരുമാന മാര്‍ഗങ്ങളെല്ലാം കൊട്ടിയടക്കപ്പെട്ടു. സ്ഥിരമായി ലഭിച്ചിരുന്ന ശമ്പളം ഇനിയില്ല. ദര്‍സ് വിദ്യാര്‍ത്ഥികളുടെ ഭക്ഷണവും പ്രയാസത്തില്‍. റബ്ബിന്റെ മുമ്പില്‍ വേവലാതി പറയുകയല്ലാതെ മറ്റു മാര്‍ഗമൊന്നുമുണ്ടായിരുന്നില്ല. മനസ്സുരുകി പ്രാര്‍ത്ഥിച്ചു.
സങ്കടത്തോടെയാണ് അന്ന് വീട്ടിലേക്ക് പോയത്. വിഷമിച്ച് വീട്ടിലെത്തിയ ഉടന്‍ ചാലിയം കരീം ഹാജിയുടെ ഫോണ്‍. അദ്ദേഹത്തിന് വിഷയങ്ങളൊന്നും അറിയില്ലെന്ന് എനിക്കുറപ്പാണ്. പിന്നെന്തിനാണ് ഈ നേരത്ത് വിളിക്കുന്നതെന്ന് ആശ്ചര്യപ്പെട്ടു. ഫോണിലൂടെ അദ്ദേഹം ചോദിച്ചു: ‘തങ്ങള്‍ ഇപ്പം വീട്ടിലുണ്ടോ?’ ഉണ്ടെന്ന് മറുപടി നല്കി.
‘എങ്കില്‍ ഞാന്‍ അങ്ങോട്ട് വരാ’മെന്നു പറഞ്ഞ് അദ്ദേഹം ഫോണ്‍വച്ചു.
വൈകാതെ വീട്ടിലെത്തിയ അദ്ദേഹം ഇരുപതിനായിരം രൂപ തന്നുകൊണ്ട് പറഞ്ഞു: ‘തങ്ങളേ, ഞാന്‍ പുതിയൊരു സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ട്. നിങ്ങള്‍ പ്രത്യേകം ദുആ ചെയ്യണം.’
എന്റെ ജീവിതത്തില്‍ അതിന്റെ മുമ്പോ ശേഷമോ ചാലിയം കരീം ഹാജി വീട്ടില്‍ വന്ന് എനിക്ക് പൈസ തന്നിട്ടില്ല.
അതു കഴിഞ്ഞ് ഞാന്‍ നേരെ പോയത് തൃപ്പനച്ചി കോമുഹാജിയുടെ വീട്ടില്‍ നികാഹില്‍ പങ്കെടുക്കാനാണ്. അവിടെ നിന്ന് 5000 രൂപ കിട്ടി. അന്നെനിക്ക് 5000 രൂപയായിരുന്നു ശമ്പളം. ഓര്‍ത്തുനോക്കിയാല്‍ അഞ്ചു മാസത്തെ ശമ്പളമാണ് ഒറ്റ ദിവസംകൊണ്ട് നാഥന് പല മാര്‍ഗത്തിലായി എനിക്കു തന്നിരിക്കുന്നത്.
മനസ്സിരുത്തി അല്ലാഹുവിനെ വിളിച്ചാല്‍ അവന് ഉത്തരം നല്‍കുമെന്ന് പറയാനാണ് ഈ അനുഭവങ്ങള്‍ കുറിച്ചത്. ഇത് ബോധ്യപ്പെടാന്‍ എനിക്ക് മറ്റൊരു തെളിവും ആശ്രയിക്കേണ്ടതില്ലല്ലോ.
അവസരമൊത്തപ്പോള്‍ ഇക്കാര്യം മുഹ്യുസ്സുന്ന പൊന്മള ഉസ്താദിനോട് പങ്കുവെക്കുകയുണ്ടായി. അപ്പോള്‍ ഉസ്താദ് എന്നോട് പറഞ്ഞ ഒരനുഭവം കൂടി ഇവിടെ പങ്കുവെക്കാം. പൊന്മള ഉസ്താദ് ചെമ്മാട് നിന്ന് വിട്ടുപോരുന്ന സന്ദര്‍ഭം. വളരെ വിഷമം പിടിച്ച രംഗമായിരുന്നു അത്. മഞ്ചേരി ഹികമിയ്യയിലേക്കാണ് മാറുന്നത്. കൂട്ടികളുടെ ഭക്ഷണം, താമസം, മറ്റു ചെലവുകള്‍ എല്ലാം ആശങ്കയിലാണ്. മുമ്പുള്ള കടംതന്നെ കൊടുത്തുവീട്ടാനുണ്ട്. ഒരാശ്വാസത്തിനായി ഉസ്താദ് മമ്പുറം സിയാറത്തിന് പോവുകയാണ്. വഴിയില്‍ വച്ച് സീനത്ത് അബ്ദുറഹ്മാന് ഹാജി ഉസ്താദിന്റെ വാഹനത്തില്‍ കയറിയിട്ട് ചോദിച്ചു: ‘ഉസ്താദേ, എങ്ങോട്ടാണ് പോകുന്നത്? മുമ്പില്‍ വല്ല മാര്‍ഗവുമുണ്ടോ?’ ഉസ്താദ് പറഞ്ഞു: ‘അറിയില്ല ഹാജ്യാരേ, അവിടെ പഴയ കുട്ടികളുടെ ചെലവിനത്തില്‍ 75000ത്തോളം രൂപ കൊടുക്കാനുള്ളത് ഞാനിന്നലെ മറ്റൊരു സ്ഥലത്ത് നിന്ന് കടം വാങ്ങി കൊടുത്തിട്ടേയുള്ളൂ, അല്ലാഹു വല്ലമാര്‍ഗവും കാണിച്ചു തരാതിരിക്കില്ല.’
ഇതു കേട്ടപ്പോള്‍ അബ്ദുറഹ്മാന് ഹാജി പറഞ്ഞുവത്രെ: ‘ഉസ്താദേ, ഒരു മാസത്തെ ഫുള്‍ ചെലവ് ഞാന്‍ ഏറ്റിരിക്കുന്നു.’
‘അത് വലിയ സംഖ്യ വരും ഹാജ്യാരേ’ എന്നായി ഉസ്താദ്. അത് സാരമില്ലെന്ന് അദ്ദേഹവും. ഒരു മാസത്തേക്ക് കുട്ടികളുടെ ചെലവിനാവശ്യമായ തുക അന്ന് രാത്രി തന്നെ അബ്ദുറഹ്മാന് ഹാജി കൊണ്ടുവന്നു കൊടുത്തു.
ആ മാസം കഴിഞ്ഞതിന് ശേഷം ദര്‍സ് പൂട്ടാന്‍ 15 ദിവസം ബാക്കിയുണ്ടായിരുന്നു. അന്ന് അബ്ദറഹ്മാന് ഹാജി വന്ന് ഉസ്താദിനോട് പറയുകയുണ്ടായി: ‘ഇനിയൊരു 15 ദിവസം കൂടിയല്ലേയുള്ളൂ. അതിലേക്ക് ചെലവ് തരാന്‍ പറ്റിയ ഒരാളെ ഞാന്‍ കണ്ടെത്തിത്തരാം.’
ഈ അനുഭവം പറയുമ്പോള്‍ ഉസ്താദിന്റെ കണ്ണുകളില്‍ നിന്ന് കണ്ണുനീര് പൊഴിയുന്നുണ്ടായിരുന്നു. ഒരു വിഷയം പറയുന്നതിനിടക്ക് ഉസ്താദ് കരയുന്നത് ആദ്യമായി കാണുകയാണ് ഞാന്‍. വളരെ വിഷമിച്ച ഘട്ടങ്ങളില്‍ വിചാരിക്കാത്ത മാര്‍ഗത്തിലൂടെ നമ്മുടെ കാര്യങ്ങള്‍ അല്ലാഹു സാധിപ്പിച്ചുതരുമ്പോള് വിശ്വാസിക്കുണ്ടാകുന്ന സന്തോഷത്തിന്റെ അശ്രുവാണത്. ചരിത്രം മുഴുവന്‍ അങ്ങനെയാണ്. ആത്മാര്‍ത്ഥതയോടെയും തഖ്വയോട് കൂടിയും അല്ലാഹുവിന് മുമ്പില്‍ കൈമലര്‍ത്തി നോക്കൂ. നിരാശപ്പെടേണ്ടിവരില്ല.
മുകളില്‍ ഉദ്ധരിച്ച സൂക്തത്തിന്റെ വിശദീകരണങ്ങളില്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറയുന്ന ചില സംഭവങ്ങള്‍ ഇവിടെ ചേര്‍ത്തുവായിക്കുന്നത് നന്നാവും. സ്വഹാബിവര്യനായ ഔഫുബ്നു മാലികുല് അശ്ജഇ(റ)യുടെ മകന് സാലിം(റ)നെ ശത്രുക്കള്‍ തടവിലിട്ടു. അചഞ്ചലമായ ഇലാഹീ വിശ്വാസം മാത്രമായിരുന്നു ആ കുടുംബത്തിന്റെ സമ്പത്ത്. പട്ടിണിയിലും പരിവട്ടത്തിലും കഴിയുന്ന കുടുംബത്തിന് മകന് നഷ്ടപ്പെട്ടിരിക്കുകയാണ്. അദ്ദേഹം ആവലാതിയുമായി റസൂല്‍(സ്വ)യുടെ അടുക്കല്‍ ചെന്നു. അവിടുന്ന് അരുളി: ‘നിങ്ങള്‍ അല്ലാഹുവിനെ ഭയപ്പെടുകയും ക്ഷമിക്കുകയും ചെയ്യുക.’ അവിടുന്ന് തുടര്‍ന്നു: ‘ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹില്‍ അലിയ്യില്‍ അളീം എന്ന ദിക്ര് നിങ്ങളും ഭാര്യയും ചൊല്ലുക.’
സ്വഹാബി വിവരം ഭാര്യയോട് പറഞ്ഞപ്പോള്‍ പൂര്‍ണ സംതൃപ്തിയോടെ മഹതി അതേറ്റെടുക്കുകയും ദമ്പതികള്‍ ദിക്റില്‍ വ്യാപൃതരാവുകയും ചെയ്തു. ഇതിനിടക്ക് ബന്ധിയാക്കപ്പെട്ട മകന്റെ പാറാവുകാരുടെ ശ്രദ്ധയൊന്ന് തെറ്റി. അദ്ദേഹം രക്ഷപ്പെട്ടുവെന്നു മാത്രമല്ല, തന്നെ ബന്ധിയാക്കിയ സ്ഥലത്തുണ്ടായിരുന്ന ശത്രുക്കളുടെ നാലായിരം ആടുകളും 50 ഓളം ഒട്ടകങ്ങളുമായുമാണ് അവിടെ നിന്നു പുറത്തുകടന്നത്. ഈ സന്ദര്‍ഭത്തിലാണ് പ്രസ്തുത ആയത്തിറങ്ങിയത് എന്നാണ് ഭൂരിപക്ഷം വ്യാഖ്യാതാക്കളുടെയും പക്ഷം.
മലേഷ്യയില്‍ ചെന്നാല്‍ മിക്ക വീടുകളിലും വിശുദ്ധ ഖുര്‍ആനിലെ ഈ സൂക്തം എഴുതിവച്ചതായി കാണാം. അന്നാട്ടിലെ പണ്ഡിതരുടെ പ്രാര്‍ത്ഥനകളിലെല്ലാം ഈ സൂക്തം സ്ഥിരമായി കേള്‍ക്കാനുമാകും. അതിന്റെ മഹത്ത്വം ഉള്ക്കൊണ്ടാണവരത് പ്രാവര്‍ത്തികമാക്കുന്നത്. ചുരുക്കത്തില്‍, ജീവിതത്തില്‍ പ്രയാസങ്ങളുണ്ടാവും. ഇനി ഞാനെങ്ങനെ ജീവിക്കുമെന്ന തോന്നലുമുണ്ടാകും. അപ്പോഴൊന്നും പേടിക്കരുത്, കാരണം റബ്ബ് നമ്മുടെ കൂടെത്തന്നെയുണ്ട്.