Children and Health

പ്പോഴും മലയാളികളുടെ മനസ്സ് ഞെട്ടലില്‍ നിന്നു മുക്തമായിട്ടില്ല. കോഴിക്കോട് കൂടത്തായിയിലെ കൊലപാതക പരമ്പരയെ കുറിച്ചുള്ള സ്തോഭജനക വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

ഭര്‍ത്താവിനെയും ഭര്‍തൃ മാതാപിതാക്കളെയും ഉള്‍പ്പെടെ ആറു പേരെ പതിനാല് വര്‍ഷത്തിനുള്ളില്‍ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ ജോളിയുടെ മനസ്സ് മനഃശാസ്ത്രജ്ഞരെയും കുറ്റകൃത്യ വിദഗ്ധരെയും അമ്പരപ്പിക്കുന്നൊരു കേസ് ഡയറിയായിരിക്കുന്നു.

ജോളിയിലെ കൊലപാതക മനസ്സ് ഒരു മനോവൈകല്യമോ വ്യക്തിവൈകല്യമോ ഏതു മാകട്ടെ, ആ വ്യക്തി വളര്‍ന്ന ചുറ്റുപാടും കുട്ടിക്കാലവുമെല്ലാം പരിശോധനാ വിധേയമാക്കി കൊണ്ടിരിക്കുകയാണ്.

ചെറുപ്രായത്തില്‍ കാണുന്ന പെരുമാറ്റ-മാനസിക പ്രശ്നങ്ങള്‍ തിരുത്തപ്പെടാതെ നില്‍ക്കുമ്പോള്‍ പില്‍ക്കാലത്ത് എന്ത് സംഭവിക്കുമെന്ന് ജോളിയെന്ന കഥാപാത്രം പറഞ്ഞു തരുന്നുണ്ട്.

ജോളിയുടെ പഠനകാലത്തെ അനുഭവങ്ങള്‍ അത്രയൊന്നും തെളിച്ചമുള്ളതല്ല. സഹപാഠികളില്‍ നിന്നു ലഭിക്കുന്ന വിവരമനുസരിച്ച് മോഷണവും പ്രണയബന്ധങ്ങളും അന്നുണ്ടായിരുന്നു. ജോളി തന്നെ വെളിപ്പെടുത്തിയ ഗുരുതരമായൊരു കാര്യമുണ്ട്. മരണങ്ങള്‍ കാണുന്നത് ലഹരിയാണെന്ന്. ചെറുപ്പം മുതല്‍ മരണ വാര്‍ത്തകള്‍ ആസ്വദിച്ച് വായിച്ചിരുന്നുവത്രെ. സിലിയുടെ മരണം നേരില്‍ കാണാന്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്നത് വൈകിച്ചെന്നും ജോളി തുറന്നുപറയുകയുണ്ടായി. സൈക്കോപാത്ത് എന്ന വൈകല്യത്തിനുടമ കൂടിയാവാം ഇവര്‍. കൊലപാതകം നടത്തിയതിന്‍റെ പേരില്‍ ഒരുതരത്തിലുള്ള സഹതാപമോ മന:സാക്ഷിക്കുത്തോ ഇല്ലാതിരിക്കുക, നിരന്തരമായ നുണകള്‍ പറയുക, കുറ്റബോധമില്ലാതിരിക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം സൈക്കോ പാത്തുകാരുടെ പ്രത്യേകതയാണ്.

ഏതൊരാളെയും നല്ല വ്യക്തിയാക്കി മാറ്റുന്നത് ചെറുപ്രായത്തില്‍ ലഭിക്കുന്ന അനുഭവങ്ങളും ശീലങ്ങളുമാണ്. കുട്ടികള്‍ക്ക് കൊടുക്കുന്ന അമിതമായ സ്വാതന്ത്ര്യവും ആഡംബര സൗഖ്യങ്ങളും വലുതാകുമ്പോള്‍ ചിലപ്പോള്‍  കുറ്റകൃത്യങ്ങളിലേക്കും സാമൂഹിക പ്രശ്നങ്ങളിലേക്കും എത്തിക്കാറുണ്ട്.

വിവാഹിതയായി പൊന്നാമറ്റം തറവാട്ടില്‍ വന്നുകയറിയപ്പോള്‍ മുതല്‍ അതുവരെയുള്ള സ്വന്തം ജീവിതത്തില്‍ കിട്ടാതെ പോയത് എന്തെല്ലാമാണെന്ന് ജോളി തിരിച്ചറിയുകയായിരുന്നു. വലിയ വീട്, കാറുകള്‍, വിദ്യാസമ്പന്നരായ ബന്ധുക്കള്‍, സമ്പത്തിന്‍റെ പ്രൗഢി, വീട്ടിലെ അധികാരങ്ങള്‍, ആദരവ്… അവയുമായി തന്നെ താരതമ്യം ചെയ്തപ്പോള്‍ വളര്‍ന്ന അപകര്‍ഷത്തിന്‍റെ ആഴങ്ങളില്‍ രൂഢമൂലമായ എല്ലാം വെട്ടിപ്പിടിക്കാനുള്ള തീവ്രമായ ആഗ്രഹമാണ് ജോളിയെ കൊണ്ട് കൊലപാതകങ്ങള്‍ ചെയ്യിച്ചത്. നിഗൂഢമായ വ്യക്തിത്വത്തിന്‍റെ ഉടമ കൂടിയായതുകൊണ്ട് തിരുത്തേണ്ടതെല്ലാം തിരുത്തിക്കൊടുക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ക്കു സാധിച്ചതുമില്ല. കാരണം സൈക്കോപാത്തുകള്‍ അതിബുദ്ധിമാന്മാരായി  പ്രവര്‍ത്തിക്കുന്നവരായിരിക്കും.

നമ്മുടെ മക്കള്‍ ജോളി പ്രകൃതക്കാരാ കാതിരിക്കാന്‍ ‘ജോളി’യായി ജീവിക്കുന്നതിന് തടയിടുകയേ നിര്‍വാഹമുള്ളൂ. ഒട്ടുമിക്ക കാര്യങ്ങളിലും മക്കളുടെ ഇഷ്ടത്തിനു വഴങ്ങിക്കൊടുക്കുന്നതാണ് നല്ല മാതാപിതാക്കളുടെ ലക്ഷണമെന്ന് പലരും വിശ്വസിക്കുന്നു. ഐക്യനാടുകളില്‍ നടത്തിയ ഒരു സര്‍വേയുടെ കാര്യമെടുക്കാം. 12-നും 17-നും ഇടയ്ക്കു പ്രായമുള്ള 750 കുട്ടികളെ ഉള്‍ക്കൊള്ളിച്ചുള്ളതായിരുന്നു ഈ സര്‍വേ. ‘സാധ്യമല്ല എന്ന് അച്ഛനമ്മമാര്‍ പറയുമ്പോള്‍ എന്തു ചെയ്യും’ എന്ന ചോദ്യത്തിന് ‘വാശിപിടിക്കും’ എന്നായിരുന്നു 60 ശതമാനത്തിന്‍റെയും മറുപടി. സാധാരണഗതിയില്‍ ആ സൂത്രം ഫലിക്കാറുണ്ടെന്ന് 55 ശതമാനവും അഭിപ്രായപ്പെട്ടു. മക്കളുടെ ഇഷ്ടത്തിനൊത്ത് പ്രവര്‍ത്തിക്കുന്നതാണ് അവരോടുള്ള സ്നേഹമെന്ന് ആ മാതാപിതാക്കള്‍ കരുതുന്നുണ്ടാവാം.

മക്കള്‍ക്ക് കിട്ടാവുന്നതില്‍ വച്ച് ഏറ്റവും മുന്തിയ സുഖസൗകര്യങ്ങള്‍ കൊടുത്താണ് ചിലര്‍ വളര്‍ത്തുക. താന്‍ അധ്വാനിക്കുന്നതുതന്നെ അവര്‍ക്കു വേണ്ടിയല്ലേ, പിന്നെന്തിനാണ് തടസ്സം നില്‍ക്കുന്നതെന്നായിരിക്കും ആ മാതാപിതാക്കളുടെ മനോഗതം. എന്നാല്‍, സുഖലോലുപതയില്‍ ‘സ്പൂണ്‍ ഫീഡിങ്’ നടത്തി മക്കളെ വളര്‍ത്തുന്നത് അത്ര നല്ലതല്ല.

ഈ ഭൂഖണ്ഡത്തിലെ ഏറ്റവും ധനികനായ വ്യക്തിയായി പലകുറി തിരഞ്ഞെടുക്കപ്പെട്ടയാളാണ് ബില്‍ഗേറ്റ്സ്. സാമ്പത്തിക വിഷയത്തില്‍ അദ്ദേഹത്തിന്‍റെ കാഴ്ചപ്പാട് ഇങ്ങനെയാണ്: ‘കുട്ടികളെ വളര്‍ത്തുകയും മികച്ച വിദ്യാഭ്യാസം നല്‍കുകയും വേണം. പക്ഷേ അവര്‍ക്ക് സ്വത്ത് നല്‍കാന്‍ പാടില്ല.’ ഇതാണ് ബില്‍ഗേറ്റ്സ് ദ മ്പതികള്‍ പറയുന്നത്. അവര്‍ സ്വന്തമായി സമ്പാദിക്കണം. അതിലൂടെ ജീവിക്കണം. സമ്പാദ്യത്തിന്‍റെയും അധ്വാനത്തിന്‍റെയും മൂല്യമറിയണം.

സാമ്പത്തിക ഭദ്രത കുട്ടികളില്‍ ഉണ്ടാക്കിയെടുക്കുകയും നല്ല പെരുമാറ്റ ശീലങ്ങള്‍ ചെറുപ്രായത്തില്‍തന്നെ വളര്‍ത്തുകയും മറ്റുള്ളവരോടുള്ള സ്നേഹവും സഹാനുഭൂതിയും പരസ്പര സഹായ സഹകരണങ്ങളും പരിശീലനത്തിലൂടെ രൂപപ്പെടുത്തുകയും ചെയ്താല്‍ നമ്മുടെ മക്കള്‍ നന്മയുടെ പൂക്കളായി മാറുന്നതാണ്. നമ്മുടെ കണ്‍വെട്ടത്തൊരു ജോളി വളരാതിരിക്കുകയും ചെയ്യും.

You May Also Like

മഴക്കാല രോഗങ്ങളും പ്രതിവിധികളും

മഴക്കാലം വന്നതോടെ വിവിധ തരം രോഗങ്ങളും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. നിസ്സാരമെന്ന് പറഞ്ഞു തള്ളാൻ പറ്റാത്ത വിധം…

● ഡോ. ഈസാ ഇസ്മാഈൽ

മദ്യം: ഇസ്ലാം സാധിച്ചത് പ്രായോഗിക നിരോധനം

മനുഷ്യന് അപായകരമായതൊന്നും ഇസ്ലാം അനുവദിക്കുന്നില്ല. മദ്യം അതില്‍ പ്രധാനമാണ്. അത് ഉപയോഗിക്കുന്നത് സംബന്ധിച്ച ഇസ്ലാമിന്റെ നിയമം…

സമൃദ്ധിയുടെ റമളാന്‍

പുണ്യങ്ങളുടെ സമൃദ്ധിക്കാലമായി വീണ്ടും വിശുദ്ധ റമളാന്‍ സമാഗതമാവുന്നു. മുഹമ്മദ് നബി(സ്വ)യുടെ സമുദായത്തിന് നാഥന്‍ നിശ്ചയിച്ച് നല്‍കിയതാണീ…

● അലവിക്കുട്ടി ഫൈസി എടക്കര